Tuesday, December 31, 2013

ബംഗാളിപ്പണിക്കാർ

അടുത്ത പറമ്പിൽ വലിയൊരു കെട്ടിടത്തിന്റെ പണി ആരംഭിച്ചു . പരിസരം മുഴുവൻ ഇനി പൊടിയിൽ മൂടും. ഇനിമുതൽ  പണിക്കാരുടെ ആരവം കുറച്ചുനാൾ നിലക്കാതെ ഉയരും!

കുറച്ചു ദിവസങ്ങള് മുമ്പ് രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞുവന്ന് ഉറങ്ങാൻ കിടന്ന ഒരു പകൽ .
തൊട്ടടുത്ത പറമ്പിൽ കെട്ടിടം പണിയുടെ തട്ടും മുട്ടും ഉയരുന്നത് കേട്ട് ഉണർന്നു . പണിക്കാരും യന്ത്രങ്ങളും  ഉയർത്തുന്ന ബഹളങ്ങൾ പിന്നെ കിടന്നുറങ്ങുവാൻ സമ്മതിച്ചില്ല . ബാൽക്കണിയിൽ ചെന്നുനിന്ന് അവിടെ പണി നടക്കുന്നത് നോക്കിക്കണ്ടു . ഒരുപാട് ജോലിക്കാർ ഉണ്ട് .  മിക്കവരും മലയാളികൾ അല്ല . മുഷിഞ്ഞ വസ്ത്രങ്ങളും അതിലേറെ വാടിയ മുഖങ്ങളുമായി ദൈവത്തിന്റെ നാട്ടിൽ   പണിക്കെത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ !
അതിലൊരു യുവാവിനെയും യുവതിയെയും കഴിഞ്ഞ ദിവസങ്ങളിലും ശ്രദ്ധിച്ചിരുന്നു . വെളുത്ത് മെലിഞ്ഞ യുവതി സാമാന്യം  സുന്ദരിയാണ്. മുഖം മുഴുവൻ പുരണ്ട പൊടിയടയാളങ്ങൾക്ക് അവളുടെ മുഖകാന്തിയെ ഒളിപ്പിക്കുവാൻ ഒട്ടും കഴിയുന്നില്ല . യുവാവ്  ആത്മവിശ്വാസം കുറവുള്ള ഒരു മുഖമാണ് അണിഞ്ഞിട്ടുള്ളത്.  അവർ ദമ്പതികൾ ആയിരിക്കും . യുവതി അസ്വസ്ഥയാണ് . കല്ലുകൾ ചുമക്കുമ്പൊഴും സിമന്റ് കുഴച്ച ചാന്തുചട്ടി കൈമാറുമ്പോഴും അവൾ എന്തിനോ വേദനിക്കുന്നുണ്ട്‌ . ചെറിയ ഇടവേളകളിൽ ആ യുവാവ് വന്ന് എന്തോ പറഞ്ഞ് സമാധാനിപ്പിക്കുവാൻ ശ്രമിക്കും . സൂപ്പർവൈസർ തിലകനെ ഞാനറിയും. അയാൾ അവരെ പലവട്ടം വഴക്ക് പറയുന്നുമുണ്ട് .
തിലകൻ ഇടയ്ക്കിടെ  എല്ലാ ഉത്തരേന്ത്യൻ പണിക്കാരെയും നല്ല മലയാളത്തിൽ ചീത്ത വിളിക്കും. അവർ അതുകേട്ട് ചിരിച്ചുകൊണ്ട് ജോലി തുടരും.
അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു -"സാറിന് ഇന്നും ജോലിക്കു പോണ്ടെ ?"
വേണ്ട എന്ന് തലയാട്ടിയപ്പോൾ അയാൾ തുടർന്നു -" കണ്ണുതെറ്റിയാൽ  ഒരെണ്ണവും പണി ചെയ്യില്ല സാറേ . പണി നടക്കണം എങ്കിൽ നിർത്താതെ ചീത്ത പറഞ്ഞു കൊണ്ടിരിക്കണം .."
"ഇവർ എവിടുത്തുകാരാണ് ? തിലകൻ പറയുന്നത് അവർക്ക് മനസ്സിലാകുമോ ?"
"ബംഗാളികൾ ആണ് മിക്കവരും . അവർക്ക് നമ്മുടെ ഭാഷ കേട്ടാൽ മനസ്സിലാകും സാറേ " എന്ന് പറഞ്ഞിട്ട് ഒന്ന് നടുനൂർത്ത ഒരുത്തനെ തിലകൻ മുട്ടൻ തെറി വിളിച്ചുകൊണ്ട് പിന്നാലെ ചെന്നു .
ഉച്ചയൂണുകഴിക്കുമ്പോൾ  പുറത്ത് വലിയ ബഹളം കേട്ടു . ബാൽക്കണിയിൽ ചെന്ന് നോക്കുമ്പോൾ ആ ബംഗാളി യുവാവിനെ ചിലർ മർദ്ദിക്കുന്നത് കണ്ടു. കൂട്ടത്തിൽ തിലകനെ കണ്ടില്ല . ഞാൻ ചുറ്റും നോക്കി . ആ യുവതിയെയും കണ്ടില്ല .

ഉച്ചകഴിഞ്ഞ് കുറച്ചു നേരം നന്നായി ഉറങ്ങാറുള്ളതാണ് . അതും കഴിയുന്നില്ല . ആ യുവതിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മനസ്സുമുഴുവൻ . ഇടയ്ക്കിടെ പുറത്തേക്കു നോക്കും . മർദ്ദനമേറ്റ അയാൾ ജോലി ചെയ്യുവാൻ ആവാതെ അവിടെ തളർന്നിരിക്കുന്നുണ്ടായിരുന്നു .
ദയനീയ ഭാവം പൂണ്ട് മതിലിൽ ചാരിയിരിക്കുന്ന ആ യുവാവിന്റെ മുഖം അന്ന് രാത്രി ജോലിക്ക് പോകുമ്പോഴും രാത്രി മുഴുവൻ ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സിൽ തങ്ങിക്കിടന്നു .
അടുത്തദിനം രാവിലെ പതിവ് ബഹളങ്ങൾ കേട്ട് ചെന്നു നോക്കുമ്പോൾ പണിക്കാരുടെ ഇടയിൽ ആ യുവാവും യുവതിയും ഉണ്ട് . അവൾ ഇന്നലെ കണ്ടതിലും വളരെ ക്ഷീണിച്ചിരുന്നു.

പകൽ മൂത്ത നേരത്ത് ഒരു നിലവിളി വീണ്ടും എന്നെ ഉണർത്തി . ആൾകൂട്ടം ആരെയോ ചുമന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഓടിച്ചെന്നപ്പോൾ അങ്കലാപ്പിൽ നിൽക്കുന്ന തിലകനെ കണ്ടു . ഇന്നലെ അടികൊണ്ട ആ ബംഗാളി യുവാവ് ഉയരത്തിൽ നിന്നും താഴെ വീണതാണ്  എന്ന് തിലകൻ പറഞ്ഞറിഞ്ഞു .ആ യുവതി കരഞ്ഞുകൊണ്ട് അവിടെ നിൽക്കുന്നു . 'ഭായീ..  ഭായീ..' എന്നു വിളിച്ച് അവൾ പലരോടും എന്തോ  യാചിക്കുന്നുണ്ട്.
"അപകടത്തിൽ  പെട്ട ആളുടെ ഭാര്യയാണോ അവൾ ?" ഞാൻ ചോദിച്ചു .
"ആർക്കറിയാം സാറേ .. ഇവിടെ വരുമ്പോൾ എല്ലാരും ഭാര്യേം ഭർത്താവുമൊക്കെ ആണെന്ന് പറയും . "
തിലകൻ അടുത്ത് ചെന്നപ്പോൾ അവൾ ഭീതിയോടെ അയാളെ നോക്കി തന്നിലേക്ക് ചുരുങ്ങുന്നുണ്ട് . പിന്നെ മെല്ലെ ചെന്ന് ഒരു സിമന്റ് ചട്ടിയെടുത്ത് നടന്ന് അകന്നു . എന്തോ അസ്വാഭാവികം ആയി എനിക്ക് തോന്നി. ഞാൻ തിലകനോട് വീണ്ടും അവളെ കുറിച്ച് തിരക്കി .
"എന്റെ സാറേ.. ഞാൻ എന്ത് ചെയ്യാനാ ? സൂപ്പർവൈസർ പണിയുടെ കൂടെ പിമ്പിന്റെ പണീം ചെയ്യണം എന്നതാ എന്റെ ഗതികേട് . മനസ്സ് ഉള്ളതുകൊണ്ട് ചെയ്യുന്നതല്ല . കോണ്ട്രാക്ടർക്ക് ചില പെണ്ണുങ്ങളെ കണ്ടാൽ പിന്നെ  ഭ്രാന്താണ് ...മനസ്സിലായില്ലേ ?"
എനിക്ക് എല്ലാം മനസ്സിലായി .

മലയാളികൾ സ്വന്തം നാട്ടിൽ ജോലിയെടുക്കാതെ വെളിനാട്ടിൽ ചെന്ന്  'ആടുജീവിതം' നയിക്കുന്നു . ഇവിടെ പണിക്ക് ഉത്തരേന്ത്യയിൽ നിന്നും ആൾ എത്തണം . അവരിൽ അല്പം കൊള്ളാവുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചിലർക്ക് ഇത്തരം പൂതികൾ തുടങ്ങും . ചോദിക്കുവാനും പറയുവാനും ആരുമില്ലാത്തവർ ആണല്ലോ അവർ !
മലയാളിയുടെ കപടമായ സംസ്കാരത്തെ നില നിർത്തുവാൻ അവർ ചുറ്റും ഉണ്ട് . റോഡുപണിയിൽ... ഹോട്ടലുകളിൽ .. വീട്ടുപണികളിൽ ... കൃഷിയിടങ്ങളിൽ ..എന്നുവേണ്ട കായിക അദ്ധ്വാനം ആവിശ്യമുള്ള എല്ലായിടങ്ങളിലും അവർ ഉണ്ട് .

ഇന്ന് രാവിലെ ഓഫീസിൽ നിന്നും വരുമ്പോൾ കനാലിന് അരികിൽ ഒരാൾകൂട്ടം . പോലീസിന്റെ വണ്ടിയും കിടപ്പുണ്ട് . കനാലിൽ ഒരു യുവതിയുടെ ദേഹം കിടക്കുന്നുണ്ടത്രെ !!
അത് ആ യുവതി ആയിരിക്കരുതേ എന്ന് ഞാൻ  പ്രാർത്ഥിച്ചത്  വെറുതെ ആയി .
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ വെളിയിൽ പണിക്കാരുടെ ബഹളം . യന്ത്രങ്ങളുടെ മുരളിച്ച.. ചിലപ്പോൾ ചില ഒറ്റപ്പെട്ട നിലവിളികളും ഉയരുന്നുണ്ട് .
 

----------------------------------------------------------------കണക്കൂർ

{എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും പുതുവത്സര ആശംസകൾ }


Saturday, November 30, 2013

വഴി - ഒരു ഷോർട്ട് പ്രൊഫൈൽ

--------------------------------------------------------
ഒറ്റക്കിരിക്കുന്നവർ ... അവരാണ് ഭാഗ്യവാന്മാർ
അവരെ ചോദ്യം ചെയ്യുവാൻ ആരുമുണ്ടാവില്ല.
അവരോട് ഉത്തരം പറയുവാനും  ആളില്ല.
------------------------------------------------------
വഴി.
വിണ്ടുകീറിയ വിധിയുടെ കുറ്റം സ്വയം ഏറ്റെടുത്ത് എന്നെ വിളിക്കുന്നു .
ഞാൻ ഇതാ ഇവിടെ , ഈ വിജനതയുടെ നടുവിൽ ഒരു നെടിയ ഭാഗ്യവാനായി കുടി കൊള്ളുകയാണ് . മൈൽകുറ്റിയിൽ എവിടേക്കോ ഉള്ള  ദൂരം അടയാളപ്പെടുത്തിയത് മാഞ്ഞുപോയിട്ടുണ്ട് .
വഴിയുടെ ഒരുവശത്തേക്ക് ചാഞ്ഞുകിടക്കുന്ന കുന്നിന്റെ മുകളിൽ ദൂരെ   ആകാശം കൈയെത്തിത്തൊടുന്നു... ദൂരേക്ക്‌ നീളുന്ന ഈ വഴിയരികിൽ അഹങ്കരിച്ചുനിന്ന ആ   മൈൽക്കുറ്റി ദൂരത്തിന്റെ പ്രണേതാവിനെ പോലെ തലയുയർത്തി അകലേക്ക്‌ നോക്കുന്നുണ്ട്. അതിന്മേൽ ഒരു കാക്ക വന്നിരിക്കും എന്ന  കുറേനേരം കൊണ്ടുള്ള  എന്റെ  തോന്നൽ വെറുതെയായി. അല്ലെങ്കിലും എന്റെ മിക്ക തോന്നലുകളും വിചിത്രവും സഫലം ആവാത്തവയും  തന്നെ . 
വഴി.
അത് അങ്ങനെ നീണ്ട് പോകുന്നു . പക്ഷെ അത് എന്റെ വഴിയല്ല. എന്റേതല്ലാത്ത വഴിയോട് എനിക്ക് ഒരടുപ്പവും ഇല്ല. നീലയും വെള്ളയും കള്ളികൾ ഉള്ള പാവാടയും ഉടുപ്പും  ധരിച്ച ഒരു പെണ്‍കുട്ടി ആ വഴിയിലൂടെ നടന്നുവരുന്ന കാഴ്ച ഇപ്പോൾ എന്റെ ഏകാന്തതയിലേക്ക് കടന്നെത്തുകയാണ് .
അവൾ എത്തുന്നത്‌ കാണുമ്പോൾ , ഒരുപക്ഷെ ഇതുവരെ പ്രണയിച്ച  ഏകാന്തതയെ   നഷ്ടപ്പെടുന്നതിൽ ഉള്ള വിഷമം  ഞാൻ അറിയുന്നു.
അവളുടെ കയ്യിൽ ഒരു സഞ്ചിയുണ്ട് . എന്നെ നോക്കി അവൾ മന്ദഹസിച്ചു .. 
(എന്റെ ഏകാന്തതയെ ഹനിച്ച പെണ്‍കുട്ടീ .. ഞാൻ തിരിച്ചു ചിരിക്കില്ല .)
അവൾ ആ സഞ്ചി എന്റെ പിന്നിലെ മൈൽ കുറ്റിയിൽ ചാരിവച്ചു .  അതിൽ എന്തായിരിക്കും എന്ന് വേണമെങ്കിൽ ഇനി ചിന്തിക്കാം .. അല്ലങ്കിൽ വേണ്ട . മുകളിൽ വരണ്ട ആകാശവും ചുറ്റും പാഴ്ചെടികൾ മാത്രമുള്ള നരച്ച ഭൂമിയും മാത്രം.  എനിക്ക് ചിന്തിക്കുവാൻ മറ്റൊന്നുമില്ല .. മറ്റൊന്നും വേണ്ട ..
------
Cut
------
വഴി .
അത് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ അകലേക്ക്‌ വിരൽ ചൂണ്ടുന്നു .
അവൾ ആ സഞ്ചി തുറന്ന് ഒരു ചെറിയ കുപ്പി എടുത്തു. എന്നെ നോക്കി ഒരിക്കൽക്കൂടി മന്ദഹസിച്ചു . എന്നിട്ട് പാഴ്ചെടികൾ ചവിട്ടി മെതിച്ച് കുന്നിന്റെ അങ്ങേയറ്റത്തേക്ക് മെല്ലെ  നടന്നുപോയി . അവൾ കാഴ്ചയിൽ നിന്നും എങ്ങോ മറഞ്ഞു . 
ആത്മഹത്യ ചെയ്യുവാൻ പോകുന്നവർ ഇങ്ങനെ മന്ദഹസിക്കുമോ ? അറിയില്ല.
------
Sorry
------
എനിക്ക് തിരിച്ചുകിട്ടിയ ഏകാന്തതയിൽ ഞാൻ സന്തോഷിച്ചു . അതും അതികസമയം ഉണ്ടായില്ല. വഴിയുടെ  അതിര് ഭേദിച്ച് ഒരാൾ അവിടേക്ക് വന്നെത്തി. കൃഷി ചെയ്തു തഴമ്പിച്ച കൈകാലുകൾ മൊരി പിടിച്ച് വികൃതം ആയിട്ടുണ്ട് . തൊട്ടുപിന്നാലെ ഒരു നായയും .
അയാൾ തരിശു ഭൂമിയുടെ ഏതോ തുണ്ടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു -
 "അവിടെയാണ് എന്റെ വീട് നിന്നിരുന്നത് "
ആ നായ എന്തോ ഓർമ്മ വന്നമട്ടിൽ അയാൾ വിരൽ ചൂണ്ടിയ ഇടം വരെ ഓടി .. എന്തിനോ വേണ്ടി പരതി . പിന്നെ തിരികെ വന്നു .
ആ ഭൂത്തുണ്ടിലേക്ക് കുറച്ചുസമയം നോക്കിനിന്ന്  അയാൾ  തേങ്ങി .
-----
Shit !
-----
എനിക്ക് വല്ലാത്ത ഈർഷ്യ തോന്നി .   ഞാൻ അയാളെ ആട്ടിയോടിച്ചു . ഒരു അവകാശം പോലെ നായ അയാൾക്ക് പിന്നാലെ ഓടിപ്പോയി .
വഴി ..
ഒരു എത്തും പിടിയും ഇല്ലാതെ നീണ്ട് നിവർന്നു കിടക്കുന്നു ..
വഴിയുടെ ആ സന്ധിയിലേക്ക് ഇപ്പോൾ ഒരു യുവതി കടന്നു വരുന്നുണ്ട്  .  വിളറിയ ദേഹം ഉലയുന്നു.   സെറസ് കൃഷി ദേവതയുടെ കണ്ണുകൾ  ആണവൾക്ക് .. അവളുടെ കയ്യിൽ വിതക്കാതെ സൂക്ഷിച്ച അല്പം വിത്തുകൾ . അതെ.   യവന പുരാണത്തിൽ നിന്നും ഇറങ്ങിവന്നവൾ ! ഉഴുതും വിതച്ചും കൊയ്തും നിലനിന്ന  സംസ്കാരത്തിന്റെ കാറ്റുവീശുവാൻ വന്നവൾ.
എനിക്ക് വയ്യ ! എന്റെ മുടിഞ്ഞ ഈ ഏകാന്തതയിൽ ഇവളെന്തിന് വന്നു ? തരിശ് പൂകിയ ഭൂമി വിരിച്ച പരവതാനിയിൽ ഇനി എന്തു ചെയ്യുവാൻ !
എന്റെ മകൾ ... അച്ഛൻ .. ഭാര്യ ... സമൂഹം ... നാട് ...
ഞാൻ മുഖം തിരിച്ചു.
വഴി.
അത് എന്നെയും കൊണ്ട് ഏതോ പാതാളത്തിലേക്ക്‌  നീണ്ടു പോകുന്നു ..

--------
Close
--------
കുടിയിറക്കപ്പെടുന്നവർക്ക് ...  വഴിയാധാരം ആയിപ്പോയവർക്ക് സമർപ്പണം .

---------------------കണക്കൂർ



Thursday, October 31, 2013

മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)


മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)
---------------------------------------------
ആശച്ചേച്ചിയെ വർഷങ്ങൾക്ക് ശേഷം അമ്പലത്തിന്റെ തെക്കേനടയുടെ വെളിയിൽ വച്ച് അടുത്ത്  കണ്ടു . ചിലപ്പോൾ ഇടയിലൊക്കെ നാട്ടിൽ വരുമ്പോൾ കണ്ടുകാണും . ശ്രദ്ധിച്ചിരിക്കില്ല ..  അവർ ഒത്തിരി മാറിയിട്ടുണ്ട് . മച്ചുമ്പുറത്തെ ഭഗവതിയിൽ നിന്നും ഉണങ്ങി  ഒരു വീട്ടമ്മയുടെ ആകാരത്തിലേക്ക് അവർ ചുരുങ്ങി .
" നീ  മദ്രാസീന്നും എന്നെത്തി ? "
" രണ്ടു ദെവസമായി " ഞാൻ പറഞ്ഞു .
അവർ ഇലക്കീറിൽ നിന്നും ചന്ദനം നുള്ളിയെടുത്ത് എന്റെ നെറ്റിയിൽ പതിച്ചു .അപ്പോൾ  അവരുടെ ഉള്ളങ്കൈ ഞാൻ മണത്തു .
" ചെക്കൻ വണ്ണം വച്ചു . പാണ്ടിനാട്ടിലെ  ചോറും സാമ്പാറും തോനെ കഴിക്കുന്നൊണ്ട് .. ല്ലേ ? "
ഞാൻ ചിരിച്ചു .
വെട്ടുവഴിയിലൂടെ നടക്കുമ്പോൾ  അവർ എന്തൊക്കെയോ  ചോദിച്ചു . പറഞ്ഞു . ഞാൻ മുക്കിയും മൂളിയും ഉത്തരം  നൽകി . എന്റെ മനസ്സ് പഴയ മച്ചുമ്പുറത്ത്   മേയുകയായിരുന്നു.
അവരുടെ വീട്ടിലേക്കുള്ള വഴി പിരിയുന്നിടത്ത് വച്ച് ആശച്ചേച്ചി ചോദിച്ചു -  " വീട്ടിൽ കേറീട്ടു പോന്നോ ? "
തറവാട്ടുവീടിന്  കാര്യമായ മാറ്റങ്ങൾ തോന്നിയില്ല . സുന്ദരിയമ്മ മാസങ്ങൾ മുമ്പ്  മരിച്ചുപോയി .
മുറ്റത്ത് ഒരു കുട്ടി കളിച്ചുകൊണ്ട് നിൽക്കുന്നു . അവരെ കണ്ടതും കുട്ടി ഓടിയടുത്തു .
" നീയിരിക്ക് . ചായ എടുക്കാം ."
അവർ അകത്തേക്ക് പോയി . ഞാൻ നടുമുറിയുടെ വാതിൽ വരെ ചെന്ന്  മച്ചുമ്പുറത്തേക്ക് നയിക്കുന്ന   ആ കോണിപ്പടികൾക്ക് വേണ്ടി പരതി . അത് കാണുന്നില്ല . പൊളിച്ചു കളഞ്ഞുവോ ? അതോ കാലത്തിനൊത്ത് മുന്നേറാനാവാതെ  പൊളിഞ്ഞു വീണതാകുമോ ?
പണ്ട് ആ കോണിപ്പടികൾ വഴിയാണ് ആ മച്ചുമ്പുറത്തെ മങ്ങിയ വെട്ടത്തിലേക്ക്   കയറിച്ചെന്നത് . ആശച്ചേച്ചിയാണ് ആ രഹസ്യം ഒരിക്കൽ പകർന്നുതന്നത് . ഒരു വേനലവധിയിൽ .
അവർ മുഴുനീളൻ പാവാടയിൽ നിന്നും ഹാഫ് സാരിയിലേക്ക് ചുവടുമാറിയത് ഏതാണ്ട് ആ കാലത്തായിരിക്കണം .
"മച്ചുമ്പുറത്ത് ഭഗവതിയോ ? " ഞാൻ അന്തം വിട്ടു .
" ചെമ്പരത്തി  പൂക്കടെ നെറം .. തറമുട്ടെ  മുടി .. പിന്നെ വലിയ മൊലകൾ . കഴുത്തിലൊക്കെ നെറയെ സ്വർണ്ണമാലകൾ...  പിന്നെ ...." അല്പം ഓർത്തുനിന്നിട്ട്  ആശച്ചേച്ചി തുടർന്നു - "കയ്യിൽ ഒരു ശൂലോം .."
ആ ശൂലം വേണ്ടായിരുന്നു എന്ന് തോന്നി .
ഒരു ഉച്ചനേരം അവിടെച്ചെന്നു . സുന്ദരിയമ്മ പറമ്പിന്റെ അങ്ങേക്കോണിൽ  ഓലക്കീറുകളുടെ ഇടയിൽ അലിഞ്ഞുനിൽക്കുന്നു .  വീടിന്റെ മുകളിൽ മച്ചിൽ നിന്ന് കിഴക്കോട്ട് ഉള്ള ഒരു തുറപ്പുണ്ട്. അതായിരിക്കും ഭഗവതിയുടെ വഴി !  അവിടെ രണ്ട് കാവൽ പ്രാവുകൾ ഇരുന്ന് കുറുകുന്നു .   വീട്ടിൽ  ആളനക്കം ഇല്ല .
രണ്ടുവട്ടം ഉറക്കെ വിളിച്ചു .
വളകിലുക്കം പോലെ എന്തോ കേട്ടു .
തുറന്ന വാതിലിൽ കൂടി നടന്ന്  നടുമുറിയുടെ പിന്നിലെ കോണിപ്പടിയുടെ ചുവട്ടിൽ എത്തി .
മച്ചുമ്പുറത്ത് എന്തോ  അനക്കം .
പലകപ്പടികൾ കയറി . ഒന്ന് ... രണ്ട് ... മൂന്ന് ...
കരി പിടിച്ച ചുവരുകൾ . ചിരട്ടയും കൊതുമ്പും നിരതെറ്റി കിടക്കുന്നുണ്ട് . പുകമണത്തെ വെല്ലുന്ന  എന്തോ രൂക്ഷഗന്ധം . മരപ്പട്ടികളുടെ വിസർജ്ജം ചിതറിയ പലകവിരിയിലൂടെ മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ആരൊ നിൽക്കുന്നു . നിറചിരിയുമായി മച്ചുമ്പുറത്ത് ഭഗവതി !
" നീ കയറി വരുമെന്ന് അറിയാമായിരുന്നു ." ഭഗവതി പറഞ്ഞു .
"എനിക്ക് പേടി വരുന്നു ചേച്ചീ ..."
 "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  മച്ചുമ്പുറത്ത് ഭഗവതിയാ ..."
ഞാൻ വിക്കി . "ഇങ്ങനെയുണ്ടോ ഭഗവതി ?"
"എടാ... ഭാഗവതീന്ന് വച്ചാൽ ശരിക്കും  എന്താ ? ഭഗം എന്നാൽ എന്താ ? മലയാളം അറിയുവോ പൊട്ടാ.."
പിന്നെ ആ അവധിക്കാലത്ത് പലവട്ടം സുന്ദരിയമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് വെട്ടിച്ച് ആ കോണിപ്പടികൾ കയറിച്ചെന്നു .
ഒരു ദിവസം പെട്ടന്ന്  ആശച്ചേച്ചിയുടെ ഭാവം മാറി. വീട്ടുപടിക്കൽ വച്ച് തടഞ്ഞുകൊണ്ട്‌  പറഞ്ഞു -
"ഇനി നീയിവിടെ വരണ്ട . മച്ചുമ്പുറത്ത് ഭഗവതി പടിയിറങ്ങി ."  എന്നിട്ട്  അവർ  വെട്ടിത്തിരിഞ്ഞ് നടന്നു .
എല്ലാം തുടങ്ങിവച്ചിട്ട്  ഇപ്പോൾ ... !
വിഷമം കടിച്ചിറക്കി .  പിന്നെ കാണുവാൻ ഇട വന്നില്ല . കോളേജ് തുറന്നു . പഠിത്തം ..പിന്നെ  ദൂരദേശത്ത് പഠിത്തം .. കാമ്പസ് തിരഞ്ഞെടുപ്പ് വഴി  ചുട്ടുപൊള്ളുന്ന ചെന്നെയിൽ ജോലിയുമായി .
അതിനിടെ ആശച്ചേച്ചി വിവാഹിതയായി എന്നറിഞ്ഞു . അതൊരു പരാജയം ആയി എന്നും .
പിന്നെ എന്താണ് കഥ ? അറിയില്ല .
ചുവരിൽ നിറം കാലത്തിനോട് തോറ്റ  മങ്ങിയ ചില ചിത്രങ്ങൾ .
അവർ ചായയും കൊണ്ട് വന്നു .
കുട്ടി അല്പം മാറിയിരുന്ന് എന്നെ വീക്ഷിക്കുന്നുണ്ട് . ഇടയിൽ തന്റെ കളിയിലേക്ക് കുറച്ചുനേരം മടങ്ങും .
" എല്ലാരും പലവഴിക്ക് പോയി . അവസാനം  അമ്മേം മരിച്ചു . ഇപ്പോ ഞാനും മോനും മാത്രം ഇവിടെ ..."
ഞാൻ എന്തോ ചോദിക്കുവാൻ ആഞ്ഞു . അവർ എന്തോ   പറയുവാനും തുടങ്ങിയതാണ്‌ .
അതിനകം മച്ചുമ്പുറത്ത് ഭഗവതി ഞങ്ങൾക്കിടയിൽ ഒരു സമസ്യ തീർത്തിരുന്നു  .
ഞാൻ എഴുനേറ്റു . ഇറങ്ങും മുൻപ് കുട്ടിയുടെ മുഖത്ത് ഒന്ന് മെല്ലെ തൊട്ടു .
പുറത്ത് ഇറങ്ങി നടക്കവേ ഒരു പിൻവിളി കേട്ടതുപോലെ തിരിഞ്ഞു നോക്കി .
മച്ചുമ്പുറത്തുനിന്ന്   കിഴക്കോട്ടുള്ള  തുറപ്പിൽ നിന്നും  ഒരു കടാക്ഷം ഒഴുകി വരുന്നുണ്ട്‌ .
ആ കടാക്ഷം ചെവിയിൽ  മന്ത്രിച്ചു  :-  "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  ഞാനാ... മച്ചുമ്പുറത്ത് ഭഗവതി ..."
ചിലപ്പോൾ അത് ഒരു തോന്നൽ ആയിരിക്കാം.
 എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു .

   ------------------------------------കണക്കൂർ  31 - 10 - 2013 

Monday, September 30, 2013

ജന്തു (കഥ)


നീലത്താമര വിരിഞ്ഞത് കാണാനാണ് ഞങ്ങൾ ഇവിടെ വന്നത് . അവൾക്ക് എന്റെ കൂടെ വരുവാൻ വല്ലാത്ത ആവേശമുണ്ടായിരുന്നു . ഇരുവരും ഈറകൾ വശങ്ങളിൽ വളർന്ന വഴിയിലൂടെ നടന്നു നീങ്ങവേ പെട്ടന്ന് എന്തോ കണ്ട് ഭയന്നമാതിരി ലേഖ നിലവിളിച്ചു .
"ഒരു വലിയ ജന്തു അവിടെ പതിയിരിപ്പുണ്ട് . " അല്പം അകലെ ,  താമരക്കുളത്തിനരികിൽ വലിയ കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ പടർന്ന കുറ്റിക്കാട് അവൾ ചൂണ്ടിക്കാണിച്ചു .
എനിക്കവളെ അറിയാം . എന്തിലും അവൾ അതിഭാവുകത്വം കാണും .
"എന്റെ തോന്നലോ ? ഹേയ് അല്ല . " അവൾ തറപ്പിച്ചുപറഞ്ഞു . എനിക്ക് എത്ര ശ്രമിച്ചിട്ടും ഒന്നും കാണുവാൻ കഴിഞ്ഞില്ല . കുറച്ചുകൂടി അടുത്തേക്ക് ചെല്ലുവാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു .
"വേണ്ട ... അത് ആക്രമിച്ചാലൊ ?"
"എന്നാൽ നമുക്ക് തിരികെപ്പോകാം " ഞാൻ അവളുടെ മെല്ലിച്ച കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു പറഞ്ഞു .
" വേണ്ട .. നമുക്ക് നോക്കാം . ഞാൻ കള്ളം പറഞ്ഞതല്ല എന്ന് നിന്നെ ബോധ്യമാക്കണമല്ലോ ? "
അല്പം കഴിഞ്ഞ് അവൾ പതുക്കെ ചോദിച്ചു - " അത് ഏതു ജീവിയായിരിക്കും ? "
"എനിക്കെന്തറിയാം ?"
നോട്ടം പിൻവലിച്ചിട്ട്‌ വല്ലാതെ ചരിഞ്ഞുനിന്ന ഒരു തെങ്ങിലേക്ക് അവൾ എന്നെ ആകർഷിച്ചു - " നമുക്ക് അല്പനേരം അവിടെ ഇരിക്കാം . "
ഞങ്ങൾ ഇരുന്നപ്പോൾ തെങ്ങ് സസന്തോഷം തലയിളക്കി .
"കൊറേ നാളായി വിപിനോട് പറയുന്നു , നിന്റെ വീട്ടില് വരണം എന്ന് . ഇപ്പോഴെങ്കിലും വരാമ്പറ്റിയത് നന്നായി . നീലത്താമര കാണാല്ലോ ? കോളേജിൽ വച്ച് നീ ഇതൊക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു " അവൾ മെല്ലെ മൊഴിഞ്ഞു .
"വിപിൻ എന്താടോ നമ്മുടെ കൂടെ വരാഞ്ഞത് ? അയാൾക്ക്‌ ഈ  കാഴ്ചകൾ ഒന്നും ഇഷ്ട്ടമല്ലേ ? "
അവൾ ചിരിച്ചു . ആ ചിരിയിൽ പുശ്ചം കലർന്നിരുന്നുവോ ? അതോ വിഷാദമോ ? എനിക്ക് ഒന്നും ഉറപ്പിക്കുവാൻ കഴിയുന്നില്ല .
"നീ ഇന്നലെ തുറന്നു വച്ചില്ലേ ഒരു സ്കോച്ച്  ? ഇനി അത് തീരാതെ അവൻ എങ്ങും ഇറങ്ങില്ല ." എന്ന് അവൾ .
ഇന്നലെ തുറന്നുവച്ച കുപ്പി യഥാർഥത്തിൽ രാത്രി തന്നെ  തീർന്നിരുന്നു , ഇന്ന് രാവിലെ മറ്റൊരെണ്ണം തുറന്നതാണ് എന്ന് ലേഖ അറിഞ്ഞിരുന്നില്ല .
"അവൻ ഇപ്പോൾ ഓഫായിട്ടുണ്ടാവും ..."
പിന്നെ കുറേനേരം  ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല . ഏതൊക്കെയോ ജലപ്പക്ഷികൾ നിലവിളിക്കുന്നു . അവൾ ആ ജീവിയുടെ കാര്യം മറന്നെന്ന് തോന്നി . നീലത്താമരയും .
തിരികെ നടക്കുമ്പോൾ ഞാൻ അനാവിശ്യമായി അവളുടെ മൃദുലമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു . ആ ജന്തുവും ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു .

------------------------(കണക്കൂർ)
 സൈകതം ബുക്സ്  പ്രസിദ്ധീകരിച്ച "ദൈവത്തിന്റെ എസ് എം എസ്"  എന്ന സമാഹാരത്തിൽ നിന്ന് ... ബുക്കിലേക്കുള്ള ലിങ്ക് :-
http://books.saikatham.com/?p=982

Saturday, August 31, 2013

വിമാനത്താവളം

ഞാനിവിടെയൊരു പഴയ നടവരമ്പിൽ
എന്റെ ഹൃദയം കുഴിച്ചിട്ട്
മീതെ ഒരു കല്ല്‌
അടയാളമായി വച്ചിരുന്നു .
ആരോ അതുപിഴുതെറിഞ്ഞു ...
ഇനിയിപ്പം ഓർത്തെടുക്കണം.
 - അതിനടുക്കൽ ഒരു പൂമരം ?
 - അതിലൊരു കിളിക്കൂട്‌ ?
 - അതുവഴിയൊരു കുളിർകാറ്റ് ?
 - അതുമല്ലെങ്കിൽ ഒരു കൈത്തോട് ?
ഇല്ല ഇനിയൊരടയാളം.
ഒരിക്കൽ ഞാൻ വഴിനടന്നയിടങ്ങളിൽ
വിമാനം പറന്നിറങ്ങുന്നു !



Tuesday, July 30, 2013

തട്ടേക്കാട്‌

കഥയും കവിതയും ഇല്ല .
എന്നാൽ ഒരു പഴയ അനുഭവം പങ്കുവെക്കട്ടെ .
കുറച്ചു വർഷങ്ങൾ മുമ്പാണ് .
ചില സുഹൃത്തുക്കൾ ചേർന്ന് തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ  പോകുവാൻ പദ്ധതി ഇട്ടു .
ഞാൻ കാർവാറിൽ നിന്നും തീവണ്ടിയിൽ എറണാകുളത്തെത്തി .
സുഹൃത്തുക്കൾ പത്തനംതിട്ടയിൽ നിന്നും കാറിൽ വരുന്നു .
ഞാൻ കോതമംഗലത്ത് ചെന്നു.
അവിടെനിന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ മുന്നിൽ എത്തി .
പക്ഷെ സുഹൃത്തുക്കൾ വൈകി .
ഉച്ച കഴിഞ്ഞു .
എനിക്കുള്ള ഭക്ഷണം അവരുടെ കാറിൽ വരുന്നതേയുള്ളൂ .
ഞാൻ വഴിയിൽ  നിന്നും ഒന്നും കഴിച്ചതുമില്ല .
നന്നായി വിശന്നു .
പക്ഷി സങ്കേതത്തിന്റെ മുന്നിൽ  രണ്ടു ചെറിയ കടകൾ കണ്ടു .
ചെറിയ മാടക്കട .
ഞാൻ ഒരു കടയിൽ ചെന്നു .
അവിടെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന് തിരക്കി
അവിടെ ഒരമ്മച്ചി ഉണ്ടായിരുന്നു .
ചോക്ലേറ്റുകൾ .. സിഗരട്ട് .. ബീഡി തുടങ്ങിയവ അവിടെ  ഉണ്ട് .
പിന്നെ നാരങ്ങ വെള്ളം .. സോഡാ ... കോള .
ഊണോന്നും കിട്ടില്ല  എന്നവർ അറിയിച്ചു .
എനിക്ക് എന്തെങ്കിലും  ഉച്ചഭക്ഷണം കിട്ടിയാൽ മതി എന്ന് ഞാൻ .
കപ്പയും മീനും മതിയോ എന്ന് അവർ .
കുശാൽ ...കപ്പ പുഴുങ്ങിയതും മത്തി വറ്റിച്ചതും .
എന്തൊരു രുചി !
കൂട്ടത്തിൽ ഒരു സോഡാനാരങ്ങായും കുടിച്ചു .
കഴിച്ചിട്ട്  കാശ് എത്ര എന്ന് ചോദിച്ചു .
"അഞ്ചു രൂപ "
"ആകെ അഞ്ചു രൂപ ?" ഞാൻ അമ്പരന്നു .
"സോഡാനാരങ്ങാ - അഞ്ചു രൂപ " ... എന്ന് അവർ
"അപ്പോൾ കപ്പയും മീനും ?"
"അത് എനിക്ക് കഴിക്കുവാൻ കൊണ്ടുവന്നതാണ് .
മോൻ വിശന്നിരിക്കുവല്ലേ .. അതുകൊണ്ട് കഴിക്കുവാൻ തന്നതാണ് ." അങ്ങിനെയും ചില മനുഷ്യര്‍ ലോകത്ത് ഉണ്ട് . കാണുവാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം.
കുറച്ചു കഴിഞ്ഞ് സുഹൃത്തുക്കൾ എത്തി .
അന്ന് ഞങ്ങൾ  മാക്കാച്ചിക്കാട എന്ന അപൂർവ്വ  പക്ഷിയേയും കണ്‍നിറയെ കണ്ടു എന്നത് മറ്റൊരു ഭാഗ്യം .

-----------------------സ്നേഹപൂർവ്വം കണക്കൂർ

Sunday, June 30, 2013

വ്യാജ ഏറ്റുമുട്ടലുകൾ

            കുറെ കാര്യങ്ങള്‍ പറയാനാണ് അവന്‍ വന്നത് . പക്ഷെ മുഖത്ത് നോക്കി വെറുതെ ഇരുന്നു. ഓള്‍ഡ്‌ മങ്ക് റം  ഗ്ലാസ്സില്‍ നിറഞ്ഞ് ഒഴിഞ്ഞു. ദൂരെ കാണുന്ന മലമുകളില്‍ ഒരു കോവിൽ  ഉണ്ട്. അവനെയും കൂട്ടി   കോവിൽ വരെ പോകാം എന്ന് കരുതി വിളിച്ചു . മഞ്ഞ വെളിച്ചം പരന്നു തുടങ്ങിയിരിക്കുന്നു.
ഇനി അവന്‍ ദൈവത്തെ കുറിച്ചു പറയും എന്ന് കരുതി. വിചാരവും തെറ്റി . പൂജാരി  നടയുടെ പുറത്ത് കുത്തിയിരിക്കുന്നു. അവന്‍ അയാളോട് പൂജ ചോദിച്ചു . അയാള്‍ അവനെ ഉറ്റു നോക്കി അകത്തേക്ക് പോയി. അയ്യാള്‍ക്ക് റം മണത്തു കാണും. കുറേ കാത്തിരുന്നിട്ടും അയാൾ തിരികെ വന്നില്ല . 
" ദൈവം ശിക്ഷിക്കപ്പെടില്ലേ ? " അവന്‍ ചോദിക്കുന്നു
ഞാന്‍ അത്രയ്ക്ക് ഓര്‍ത്തില്ല . ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ആഹാരം കഴിച്ചിട്ടില്ല . ആഹാരം ഒരു പ്രശ്നം ആയത് കുന്നു കയറിയത് കൊണ്ടാവാം .
" നമുക്ക്  കോവിലിന്റെ ഉള്ളിൽ കയറി നോക്കിയാലോ ? ദൈവം സത്യത്തിൽ എന്ത് ചെയ്യുന്നു എന്ന് കണ്ടറിയാം . "
 അവന് കുടിച്ചിട്ട് വര്‍ത്തമാനം പറയാം. കുന്നിനെ മെതിക്കാം. എനിക്ക് തിരികെ പോകണം .
ഒരു കുരങ്ങ് അവന്റെ തോൾ സഞ്ചി തട്ടിയെടുത്ത് മതിലിന് മുകളിൽ കയറി .
" ഓക്കേ , നീ അത്  കൊണ്ടുപൊക്കോ ......." അവൻ വിളിച്ചു പറഞ്ഞു .
"  നിന്റെ ബാഗ് ? "
" ഇനി അത് വേണ്ട . ഞാൻ പിടി കൊടുക്കുന്നു . "
ഞങ്ങൾ തിരികെ ഇറങ്ങി . അവൻ പോയി .
അടുത്ത ദിവസങ്ങളി  പത്രങ്ങളിൽ  ഞാൻ തിരഞ്ഞു . ഒരു ഏറ്റുമുട്ടലിന്റെ വാർത്ത‍ തേടി.

Friday, May 31, 2013

ഒറ്റപ്പെട്ടൊരാൾ

 " ഹല്ല... ആരൊക്കെയാ  ഈ  വന്നിരിക്കുന്നേ .." എന്ന് ചോദിച്ചുകൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങും  . ശരിക്കും ആരും വന്നിട്ടുണ്ടാവില്ല . ഒക്കെ ഞാൻ വെറുതെ പറയുന്നതാണ് . ഇടയിലൊക്കെ ഇതുപോലെ വെറുതെ ഓരോന്ന് പറയും . കിളികൾ അല്ലാതെ  ആകെക്കൂടെ ഇവിടെ വന്നിരുന്നത്  ഒരു കൊടിച്ചിപ്പട്ടി മാത്രമാണ്. അതിന് ഒരു നന്ദിയും ഇല്ല എന്ന് ഏതാണ്ട് ഉറപ്പായി . ഇപ്പോൾ അതും വരാറില്ല .

 ഓരോരുത്തരും ഇറങ്ങിപ്പോകുമ്പോൾ മനസ്സ് ഇടറുമായിരുന്നു . അവർ ഒന്നൊന്നായി  അകന്നുപോകുമ്പോൾ അവശേഷിച്ച  ശൂന്യത എന്നെ പരിഹസിച്ചു .  തമസ്കരിക്കപ്പെട്ട ഒരു ജീവിതം മിച്ചമായി കിട്ടി .
ചിലപ്പോൾ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു അടയാളം മതി ഭൂതകാലത്തിന്റെ കെട്ടിക്കിടക്കലുകൾ കുത്തിയൊലിച്ചുവരുവാൻ . ഗ്ലാനവിവശമായ എന്റെ വർത്തമാന കാലത്തിന് ആ കുത്തൊലിക്കൽ താങ്ങുവാൻ ശേഷിയില്ലല്ലോ ?

ഒരു ദിവസം പതിവ് തെറ്റിച്ചുകൊണ്ട് ഒരാൾ വീടിന്റെ മുന്നിൽ എത്തി . കാഴ്ചയിൽ ശരികേടിന്റെ  ലക്ഷണം . എങ്കിലും ആറ്റുനോറ്റിരുന്ന്   അങ്ങനെ ഒരാൾ വന്നതല്ലെ എന്ന് കരുതി അകത്തേക്ക് വിളിച്ചു .
" ഇവിടെ  ആരെക്കാണാനാ ? " ഞാൻ ചോദിച്ചു .
ഓഹ് .. എന്നെ കാണാൻ വന്നതത്രെ. ഇത്രകാലം ആരും എന്നെ കാണുവാൻ വന്നിട്ടില്ല . ഇപ്പോൾ ഒരാൾ !
" എന്തിനാ ? " ഞാൻ ആകാംക്ഷ ഒളിപ്പിച്ചില്ല .
" കൊല്ലാൻ ."
ങേഹ് ... കൊല്ലാനോ !  ഞാൻ എന്തുതെറ്റ് ചെയ്തു ?
എന്റെ ചോദ്യം കേൾക്കാൻ നിൽക്കാതെ അയാൾ ആയുധം എടുത്തു . മരിക്കുന്നതിന്‌ മുൻപെങ്കിലും ഈ വിധി എന്തിനെന്ന് അറിയുവാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായി .
 കൊല്ലുവാൻ മാത്രം ഇയാൾക്ക് എന്നോട് ശത്രുത എങ്ങിനെ ഉണ്ടായി ? അല്ലങ്കിൽ  ആരാണ് ഈയാളെ എന്നിലേക്ക് അയച്ചത് ? ഞാൻ എല്ലാത്തിലും നിന്ന് ഒഴിഞ്ഞ് ഒറ്റപ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയായിരുന്നു .
അയാളുടെ കൈവശമിരുന്ന  ആയുധം  ആർത്തിയോടെ നോക്കുന്നു . കൊലവിളിയുടെ അലകൾ   പൂമുഖത്ത് പ്രതിധ്വനി ഉയർത്തി .   അയാളുടെ കണ്ണുകളിൽ മരണത്തിന്റെ നിറം കലർന്ന്കണ്ടു .
എന്തിനെന്നറിയാതെ ജീവിച്ചതാണ് . ഇനി എന്തിനെന്നറിയാതെ മരിക്കുവാൻ വിധി ! 

 ഒരു ഘട്ടത്തിൽ അയാൾ ചോദിച്ചു :  "മരിക്കാൻ പേടിയുണ്ടോ ? "
ആ ചോദ്യം  എന്റെ ഭയത്തെ ലഘൂകരിച്ചു .
ഒറ്റപ്പെട്ട ഈ ജീവിതം മരണത്തിലും കൂടുതൽ പീഡാനുഭവം നൽകുന്നില്ലേ  എന്ന്  എന്റെ ഉള്ളിൽ ഇരുന്ന് ഒരാൾ വിളിച്ചുച്ചോദിച്ചു . ശരിതന്നെ . അപ്പോൾ ആയുധവുമായി എത്തിയ നിയുക്തൻ എന്നെ മോചിപ്പിക്കുവാൻ വന്നവൻ തന്നെ. മൂർച്ചയേറിയ  ആ  ആയുധം മോക്ഷകാരകവും .
എന്നിൽ പുഞ്ചിരി വിടർന്നു .
അല്ലെങ്കിലും ഒരു നേരിയ മറയുടെ അപ്പുറത്തുള്ള, അമൂർത്തമെന്നുകരുതപ്പെടുന്ന  മരണം ജീവിതത്തിനേക്കാൾ ഭാവ വിസ്മയ പൂരിതമാകാനെ തരമുള്ളൂ .
എവിടെനിന്നോ  ആ കൊടിച്ചിപ്പട്ടി അണച്ചുകൊണ്ട് നുരയൊലിപ്പിച്ച്  ഓടിയെത്തി .
ഒരുപറ്റം തീവിഴുങ്ങിപ്പക്ഷികളും .
നരകത്തിൽ ഇത്രയ്ക്ക് ഏകാന്തത ഉണ്ടാവില്ല ... അല്ലെ ?
 ---------------------------------------------a blog post from kanakkoor

Tuesday, April 30, 2013

ചുവരെഴുത്ത്


                മരപ്പലക അടിച്ചുതീർത്ത   കള്ളുഷാപ്പില്‍ കണ്ട വിചിത്രമായ ഒരു  ചുവരെഴുത്ത്   വല്ലാതെ മനസ്സിൽ കൊണ്ടു . അത് ഉള്ളിലൊരു  പുളച്ചിലായി . മിനുസമായ പലകയിൽ കുറച്ചിടത്ത്  വെള്ളനിറം പൂശിയിട്ട് അതിൽ  കറുത്ത ചായത്തിൽ തീർത്ത ചുവരെഴുത്ത് !
              നാഷണല്‍ ഹൈവേയിൽ നിന്നും  പടിഞ്ഞാറോട്ട്  നീളുന്ന ചെറിയ റോഡുവക്കിലുള്ള  പ്രഭാകരേട്ടന്റെ ഷാപ്പില്‍ ഇരുന്നാൽ   കടലിന്റെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു  . ഉപ്പുമണം കലര്‍ന്ന കാറ്റും ചിലപ്പോള്‍ ആ വഴി വന്നുപോകും . പണ്ടൊക്കെ മിക്ക ഞായറാഴ്ചകളിലും  അവിടെ ചേക്കേറി മണ്‍കുടത്തില്‍  പകര്‍ന്ന്‍ നല്‍കുന്ന മധുരക്കള്ള് കുടിച്ചു വയര്‍ നിറച്ച്‌  പിന്നെ അത് പിന്നാമ്പുറത്തെ  കൈത്തോട്ടിലേക്ക് മുള്ളിക്കളയുമായിരുന്നു . കുടമ്പുളിയിട്ട മീങ്കറിയും കപ്പയും ചെറുപ്പത്തിന്  നല്ല ചേര്‍ച്ചയുണ്ടായിരുന്നു  .  ബഞ്ചില്‍ താളമടിച്ചു പാടുന്ന സിനിമാ ഗാനങ്ങള്‍ക്ക് ഈണക്കൂടുതൽ  തോന്നിയിരുന്നു .   
             പിന്നെ ആ യാത്ര വല്ലപ്പോഴുമായി .  അവിടെ അനേകം കുടിയന്മാര്‍ കാലാകാലമായി  ഇരുന്നു തേഞ്ഞ ബെഞ്ചുകളെ  പോലെ  ഷാപ്പും പ്രഭാകരേട്ടനും   പഴയതായി . നാട്ടില്‍ പുതിയ ബാറുകളും ബിയര്‍ പാര്‍ലര്‍കളും  മുളച്ചു .  നാട്ടിലെങ്ങും നല്ല തെങ്ങിന്‍ കള്ള്  കിട്ടാതെയായി.   വട്ടു കലക്കിയതും തലവേദന പകരുന്ന   പാലക്കാടനും കള്ളുകുടിയുടെ  രസം കൊന്നു . കൂട്ടത്തില്‍ വിഷക്കള്ളിന്റെ ഞെട്ടിപ്പിക്കുന്ന  പത്രവാര്‍ത്തകള്‍ ! 
              ഒരു ദിവസം സുഹൃത്ത്‌ പറഞ്ഞു - "പ്രഭാകരേട്ടന്റെ  ഷാപ്പില്‍ നല്ല തെങ്ങിൻകള്ള്  കിട്ടാനൊണ്ട് . " അത് കേട്ടപ്പോള്‍ മധുരക്കള്ളിന്റെ പഴയരുചി നാക്കില്‍ എത്തി . ഷാപ്പില്‍   പഴയ പോലെ  തിരക്കില്ല . വക്ക്  ലേശം പൊട്ടിയ മങ്കുടത്തില്‍ നുരയുന്ന കള്ള്  മുന്നില്‍ വച്ചുകൊണ്ട്  ചോദ്യചിഹ്നത്തെ പോലെ നിലകൊണ്ട    പ്രഭാകരേട്ടന്‌  പ്രായത്തിന്റെ ക്ഷീണം . അയലക്കറിയില്‍ ഒരു അക്ഷരത്തെറ്റുപോലെ ചൂഴ്ന്ന് കിടക്കുന്ന കുടംപുളിയുടെ കഷണം . 
പുറകിലെ ചുവരില്‍ അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയത്  അപ്പോഴാണ്‌ കണ്ണിൽ പതിഞ്ഞത്  .  
              ' തുലഞ്ഞുപോട്ടെ... ' എന്ന  ഒരു വെറുംവാക്ക് മാത്രം ആയിരുന്നു അത് . എങ്കിലും    ഓരോവട്ടവും വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിമ്മിട്ടം  അനുഭവപ്പെട്ടു . ഇതൊന്നും അറിയാതെ കള്ള് പകർന്നു കഴിക്കുന്ന സുഹൃത്തിനോട്‌ ഞാൻ മെല്ലെ അത്  സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു -   
"അതിലെന്താ ഇത്രവലിയ  കാര്യം ? അത് എതോ പിരാന്താൻ കള്ള് തലയ്ക്കുപിടിച്ചപ്പോൾ വരച്ചതാവും . "
             എനിക്ക് അത് ബോധിച്ചില്ല . ഞാൻ പ്രഭാകരേട്ടനെ നോക്കി . അയാൾ റോഡിലേക്ക് തുറക്കുന്ന വാതിലിനരികിൽ ഒരാളുമായി എന്തിനോ തർക്കിച്ചു നിൽക്കുകയാണ് . 
                റോഡിന് എതിർവശത്തുള്ള തരിശുപാടങ്ങളിൽ വെറുതെ പരതുന്ന കൊറ്റികൾ . ആരോ കുറ്റിയിൽ കെട്ടിയിട്ട ഒരു ചെമ്പൻപശു അക്കരപ്പച്ചകളെ നോക്കി കൊതിയിറക്കുന്നു.  ഉഴാതെ, വിതയ്ക്കാതെ വിണ്ടുകിടന്ന പാടത്തിന് ഒത്തിരി വയസ്സ് ചെന്ന ഒരു മൂപ്പന്റെ മുഖം .
തിരികെ നടക്കവെ സുഹൃത്ത്‌ ചോദിച്ചു- " കള്ള്  കൊള്ളാരുന്നു...  അല്ലെ ?"
എനിക്ക് മറുപടി ഇല്ലായിരുന്നു .  വയൽ നികത്തിയ ഇടത്ത് പണിത പുത്തൻപുരയുടെ വെള്ളയടിച്ച മതിൽക്കെട്ടിൽ ഞാൻ ചെങ്കല്ല് കൊണ്ട് കോറിയിട്ടു-
 ' തുലഞ്ഞുപോട്ടെ... '
---------------------------------------a mini story by kanakkoor---------

Monday, March 25, 2013

മൂന്ന് ചില്ലുകഥകൾ

1.  മനസ്സ് ഒളിപ്പിക്കുന്ന ഇടം
ചിലർ  കണ്ണിലാണ് മനസ്സ് ഒളിപ്പിച്ചുവെക്കാറുള്ളത് എന്ന് പുത്തനങ്ങാടീല്  കബീർസ്റ്റുഡിയോ  നടത്തുന്ന അമ്മദ് അവളോട്‌ പറഞ്ഞു . മറ്റുചിലർ  ചിരിയിലെന്നും .
ക്യാമറയിൽ ഉറ്റുനോക്കി  നിൽക്കുകയായിരുന്നു അവൾ. ത്‌ലാമാസത്തിലെ  ഇടിക്കുമുന്നേ വരുന്ന കൊള്ളിയാൻ പോലെ കണ്ണിലേക്ക്  ഏതുനിമിഷവും കുത്തിക്കയറി വരാവുന്ന ഫ്ലാഷിനെ നേരിടുവാനുള്ള തയ്യാറിലായിരുന്നു നിന്നത് .
എന്നിട്ടും കണ്ണ് അടഞ്ഞുപോയി എന്ന് അവൾക്ക് തോന്നി .
എവിടെയാണ് തന്റെ മനസ്സ് ഇനി ഒളിപ്പിക്കുന്നത് !
കോണിയിറങ്ങി വരുമ്പോഴും അതായിരുന്നു അവളുടെ ചിന്ത .
അന്നുമുതൽ  അവൾ മുഖം മറച്ച് നടക്കുവാൻ തുടങ്ങി .

2. മൂന്നാർ

മഞ്ഞിന്റെ കരങ്ങൾ പുതപ്പിനടിയിലേക്ക്‌ നീണ്ടുചെന്ന്  അവളെ സ്പർശിച്ചു . അവൾ കണ്ണ് തുറന്ന് മഞ്ഞിനോട് പരിഭവിച്ചു .
അയാൾ  ഉണർന്നിട്ടില്ല .
ജാലകത്തിനരികിൽ ചെന്ന് അവൾ കുന്നിൻചരിവിലെ  തേയിലത്തോട്ടങ്ങളെ വെറുതെ നോക്കി . കതവ്  തുറന്നപ്പോൾ ഒരുപറ്റം മഞ്ഞിൻകിടാക്കൾ ആ മുറിയിലേക്ക് ഇരച്ചു കയറുവാൻ ശ്രമിച്ചു . അവൾ അവറ്റകളെ തള്ളിമാറ്റിക്കൊണ്ട് അവിടെ നിന്നും ദിനപ്പത്രം കുനിഞ്ഞെടുത്തിട്ട്  കതകടച്ചു .
പത്രത്തിന്റെ ഒന്നാംപേജിൽ പീഡനകേസിലെ പ്രതികളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു .
അവൾ അയാളുടെ മുഖം മെല്ലെ വെട്ടിയെടുത്ത് പത്രത്താളിൽ പതിച്ചു .

3. ഭാര്യക്ക്‌ ശിക്ഷ
പതിവില്ലാത്ത തിരക്കായിരുന്നു അന്ന് . വരി നീണ്ടുവന്ന് റോഡിൽ മുട്ടി . എങ്കിലും ആരും വഴക്കിട്ടില്ല . പരിഭവം പറഞ്ഞില്ല .
അതുകഴിഞ്ഞ് വീടെത്തിയപ്പോൾ അയാൾ  മുഷിഞ്ഞിരുന്നു . ഗ്ലാസ്സുമെടുത്തുകൊണ്ട്  ചായ്പ്പിലിരുന്ന്  ഭാര്യയെ വിളിച്ച് ഒരുമൊന്ത വെള്ളം ചോദിച്ചു .
മക്കൾക്ക്‌ വിളമ്പിക്കൊടുത്തിട്ട് വരാമെന്ന് പറഞ്ഞതിനാണത്രെ -: "ഞാനെന്താ വെള്ളത്തിന്‌ ക്യൂ നിക്കണൊ ശവമേ ..." എന്നലറിക്കൊണ്ട്  അയാൾ  ഭാര്യയെ തൊഴിച്ചത് .



എല്ലാ കഥാസ്നേഹികൾക്കും  ഈസ്റ്റെർ ആശംസകൾ 
സ്നേഹപൂർവ്വം കണക്കൂർ

Wednesday, February 27, 2013

മരിച്ചവര്‍ തിരികെ വരുന്നത്...


"അമ്പിയമ്മേ.... അമ്പിയമ്മേ.... എനിക്കൊരു കത പറഞ്ഞുതാ ...." മീനാക്ഷി കൊഞ്ചി . 
അമ്പിയമ്മ മുറുക്കാന്‍ ചെല്ലത്തില്‍ പൊയ്ലക്കഷണം  പരതുകയായിരുന്നു .  ഉമ്മറത്ത്‌ മണലില്‍ അരിക്കുന്ന  അമ്പലപ്രാവുകളെ വിട്ട് മീനാക്ഷി തിരിഞ്ഞതാണ് . 
അവര്‍  തലയാട്ടി .  
നടവഴിയരികില്‍ വെയില്‍ കോരിക്കുളിച്ചുനിന്ന മന്ദാരവും മൈലാഞ്ചിയും തലയിളക്കി . 
അടക്കയുടെ തോട് അവള്‍ കുഞ്ഞിക്കയ്യില്‍ എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു . പ്രാവുകള്‍ 'പട പട ' എന്ന് ശബ്ദമുണ്ടാക്കി പറന്നുപോയി. 
അമ്പിയമ്മ മീനാക്ഷിയെ അടുത്തിരുത്തി . " ഇന്ന്   ഏതു കഥ വേണം മീനുമോക്ക് ? "
"അമ്പലപ്രാവുകടെ കത മതി. "
അവര്‍ പറന്നുപോകുന്ന പ്രാവുകളെ നോക്കി. അവ തെങ്ങുകള്‍ക്ക്  വലംവച്ച്  വൈക്കോല്‍ കൂനയുടെ ചുവട്ടില്‍ തിരികെ  പറന്നിറങ്ങി . 
ഇണപ്രാവുകള്‍ ! അമ്പിയമ്മ   നെന്മണി കൊത്തിപ്പെറുക്കുന്ന ആ  പറവകളിലേക്ക്  കണ്ണയച്ചു .
അവര്‍   ഒരു കയ്യ് കൊണ്ട് കൊച്ചുമകളെ   ചേര്‍ത്ത് പിടിച്ചു .  എന്നിട്ട്  പറഞ്ഞു തുടങ്ങി :-
" മക്കളോട്  ഒത്തിരി സ്നേഹം ഉള്ളവര്‍ മരിച്ചാല്‍ അവര്‍ അമ്പലപ്രാവുകള്‍ ആയി തിരികെ ഭൂമിയില്‍ ജനിക്കുന്നു ..സ്നേഹം ഇല്ലാതെ തന്നിഷ്ടത്തിനു  ജീവിച്ചാല്‍ പിന്നീട് അവര്‍ കാക്കയായി പുനര്‍ജ്ജനിക്കും . "  
"കാക്കയായാല്‍  എന്താ കൊഴപ്പം ? " മീനാക്ഷി ചോദിച്ചു . മീനാക്ഷിക്ക്  പോടനേയും  കരീലക്കിളിയെയും പോലെ കാക്കകളേയും  ഇഷ്ടമാണ് .  അവള്‍ക്ക് ചുറ്റുമുള്ള  എല്ലാത്തിനേം ഇഷ്ടമാണ്  . 
അമ്പിയമ്മ തുടര്‍ന്നു :- " കാക്കകള്‍ പിന്നീട് സ്വന്തം മാത്രമല്ല ... കുയിലിന്റെ കുഞ്ഞിനേയും വളര്‍ത്തണം . അത് അവര്‍ക്കുള്ള ശിക്ഷയാണ് . അവ ചീത്ത സാധനങ്ങള്‍ കൊത്തിത്തിന്നില്ലേ .. ചുള്ളിക്കമ്പുകള്‍ കൊണ്ടു വെയിലും മഴേം കൊള്ളുന്ന വീടല്ലേ അവ വെക്കുന്നത് ....  അമ്പലപ്രാവുകളോ ? അവ സ്വന്തം കുഞ്ഞിന് പാലൂട്ടി വളര്‍ത്തും.   "
പ്രാവ് കുഞ്ഞിനു പാല്‍ നല്‍കുമോ ? അത് മീനുമോള്‍ക്ക് ഒരു പുതിയ അറിവായിരുന്നു .
" അമ്പല പ്രാവുകള്‍ എന്നും ഭഗവാനെ തൊഴുത്‌ ചുറ്റമ്പലത്തിന്റെ മച്ചുമ്പുറത്ത്    കഴിയുന്നു . ഇടയ്ക്ക് അവ ഇതുപോലെ പറന്നിറങ്ങും . തങ്ങള്‍ക്കു ഇഷ്ട്ടപെട്ടവരെ കാണാന്‍ ..."
അമ്പിയമ്മ വൈക്കോല്‍ കൂനയുടെ കീഴ്വട്ടത്തില്‍ പരതി  നടക്കുന്ന പ്രാവുകളെ നോക്കി . അതില്‍ ഒരു പ്രാവ് അവരെ നോക്കുന്നുണ്ട് .
നടവഴിയിലൂടെ പടിക്കെട്ടുകളോളം മെല്ലെ നടന്നുവന്ന അതിന്റെ കഴുത്തില്‍  നീലിമ തിളങ്ങുന്നു .
അമ്പിയമ്മ അതിനെ നോക്കി പറഞ്ഞു- " എടാ നീലാണ്ടാ.. ഇന്റെ മോളൂട്ടി സുഖമായി കഴീന്നുണ്ട് ..."
" അമ്പിയമ്മ ആരോടാ  വര്‍ത്താനം ചെയ്യണത് ? പ്രാവിനോടാ ? "
" ഉം. അത് മീനുമോളെ കാണാന്‍  വന്നതാ ... പാവം പ്രാവ് .. അല്ലെ ? "
അവള്‍ കൌതുകത്തോടെ ആ പ്രാവിനെ നോക്കി . പിന്നെ ഒരുപിടി അരി എടുക്കുവാന്‍ അകത്തേക്ക് ഓടി .
" നീലാണ്ടാ.. ഇപ്പം ഭാര്യേം കുട്ടികളും ഒക്കെ ആയി സുഖമല്ലേ ... പിന്നെ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത്  ? "
" ഞാന്‍ ന്റെ മോളെ വിളിവാന്‍ വന്നതാ ... " പ്രാവ് പറഞ്ഞുവോ ? അതോ അവര്‍ക്ക് തോന്നിയതോ !
 അമ്പിയമ്മ എഴുനേറ്റ് കൈ ആട്ടി . " പൊയ്ക്കോ .. നീ അവളെ അധികം സ്നേഹിക്കണ്ട.. "
ആ പ്രാവ് പറന്നു പൊങ്ങി . പുറകെ മറ്റു പ്രാവുകളും . അമ്പിയമ്മ മുറുക്കാന്‍ ചെല്ലവുമായി അകത്തേക്ക് നീങ്ങി .
ഒരു പിടി  അരിയുമായി വന്ന മീനാക്ഷി   അവിടെ ഒരു  പ്രാവിനേയും    കണ്ടില്ല  !
തൈത്തെങ്ങിന്റെ  കൈയില്‍ ഒരു കാക്ക ഇരിക്കുന്നുണ്ട്  . അവള്‍ കുഞ്ഞുകയ്യാല്‍  വിതറിയ അരിമണികള്‍ താഴേക്കു പറന്നിറങ്ങിയ കാക്ക സ്നേഹത്തോടെ കൊത്തിത്തിന്നു . ശേഷം  നാളെ വരാം എന്നുപറഞ്ഞിട്ട്  ആ കറുപ്പ് പറന്നുപോയി.
 കുഞ്ഞുമീനാക്ഷി സന്തോഷത്തോടെ കൈ വീശി . 

-------------------------------------kanakkoor ..............

Sunday, January 27, 2013

ബീച്ച് തെരുവിലെ ചിത്രകാരന്‍

         ബീച്ച്  തെരുവില്‍ ഇരുന്ന് വഴിപോക്കരെ മാറിമാറി നിരീക്ഷിക്കുകയായിരുന്നു ജോസഫ്‌ .  ഉച്ചനേരം  വരെ 'മുഖം' വരപ്പിച്ചെടുക്കാന്‍ രണ്ടുപേര്‍  മാത്രമാണ് അയാള്‍ക്ക്‌ മുന്നില്‍ എത്തിയത് . അതും രണ്ടു വെറും 'മുഞ്ഞി'കള്‍ .    ആത്മാവ് നഷ്ടപ്പെട്ട്   ശരീരവുമായി അലയുന്ന ഒരു മനുഷ്യന്‍ ആയിരുന്നു ആദ്യം വന്നിരുന്നത് . വരച്ചു കൊണ്ടിരിക്കെ പലവട്ടം രൂപാന്തരം വരുന്ന ഒരു മുഖമായിരുന്നു അത്. വളരെ കഷ്ടപ്പെട്ട് ജോസഫ്‌ ആ മുഖം കാന്‍വാസില്‍ ഉറപ്പിച്ചെടുത്തു . എങ്കിലും പണത്തിനു കണക്കുപറയാതെ അയാള്‍ കൂലി നല്‍കി . പിന്നീട്  വന്നത് മരവിച്ച മുഖമുള്ള ഒരു സ്ത്രീ ആയിരുന്നു . അവര്‍ ചിരിക്കുകയാണോ കരയുകയാണോ എന്ന് കണ്ടെത്തുക എളുപ്പമല്ല . എന്നിട്ടും ചിരിക്കുന്ന ഒരു മുഖം തീര്‍ത്തു കൊടുത്തപ്പോള്‍ അവര്‍ കൂലിക്ക് വഴക്കിട്ടു . 
                             കിട്ടിയ ഏതാനും ചെറിയ നോട്ടുകളില്‍  ചൗക്കിദാറിനുള്ള  പങ്കു കഴിഞ്ഞാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കുവാന്‍ കഷ്ടിച്ച്  തികയും. പിന്നെ ചുണ്ടില്‍  സിഗരറ്റ് കത്തിച്ചു പിടിപ്പിക്കാന്‍ വഴിയില്ല .
                              ഈയിടെയായി  സൌന്ദര്യമുള്ള മുഖങ്ങള്‍ തെരുവില്‍ വളരെ കുറവാണ് . ഒരു ഭംഗിയുള്ള മുഖം കടലാസില്‍ കോറിയിട്ടിട്ട്  നാളുകള്‍ ആയി. സുന്ദരനൊ സുന്ദരിയോ മുന്നില്‍ അനങ്ങാതെ ഇരിക്കുമ്പോള്‍ വരയ്ക്കുവാന്‍ ഒരു സുഖം ഉണ്ട് എന്ന് ജോസഫ്‌ ചിന്തിച്ചു. 
കറുകറുത്ത പെന്‍സിലുകള്‍ക്കും ബോര്‍ഡിനും ഇടയില്‍ ജോസഫ്‌ ഇരുന്ന്  ഉറക്കം തൂങ്ങി. പിന്നെ അയാള്‍ ഭക്ഷണം വെട്ടിക്കുറച്ച് ഒരു കവര്‍ സിഗരറ്റ്  വാങ്ങി .  
                         ബീച്ച്  തെരുവിലൂടെ ജനം ഇടതടവില്ലാതെ  നടന്നു പോകുന്നു .  ജോസഫ്‌ പരസ്യത്തിനായി തൂക്കിയ രണ്ടുമൂന്ന്  മുഖചിത്രങ്ങളില്‍ ഒന്ന് പാളി നോക്കിയിട്ട് ചിലര്‍  കടന്നുപോയി . പൊടുന്നനെ സുന്ദരിയായ ഒരു യുവതി കടന്നുപോകുന്നത്   അയാള്‍ ശ്രദ്ധിച്ചു . അവര്‍ അയാളെ വെറുതെ നോക്കിയപ്പോള്‍ "പടം വരക്കട്ടെ ? " എന്ന് ജോസഫ്‌ അല്പം ഉറക്കെ ചോദിച്ചു. 
അവള്‍ അവിടെ നിന്നിട്ട് അയാളെ  തറപ്പിച്ചു നോക്കി . അയാള്‍ വീണ്ടും ആശയോടെ ചോദ്യം ആവര്‍ത്തിച്ചു .
" പക്ഷെ നിങ്ങള്‍ക്ക്   കൂലി വേണ്ടെ ? അതിന്  എന്റെ പേഴ്സില്‍ പണമില്ല .... " അവള്‍ നിരാശയോടെ പറഞ്ഞു . 
ജോസഫ്‌ അവളെ നോക്കി . വിടര്‍ന്ന മുഖം . അല്പം ചുരുണ്ട മുടിയിഴകള്‍ . ഭംഗിയുള്ള ചുണ്ടുകള്‍  . പ്രകാശിക്കുന്ന കണ്ണുകളും . താന്‍ ഇത്രനാള്‍ കാത്തിരുന്ന ഒരു മുഖം ആണത് എന്നയാള്‍ക്ക് തോന്നി .  പക്ഷെ അവളുടെ കയ്യില്‍ പണമില്ല . 
ഒരു നിമിഷം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു - " സാരമില്ല . നിങ്ങള്‍ അല്പനേരം ഇരുന്നു തരിക. ഞാന്‍ നിങ്ങളോട്  പണം വാങ്ങുന്നില്ല ..." 
അവള്‍ അല്പം മടിച്ചിട്ട് അവിടെ കിടന്ന തടികൊണ്ടുള്ള പീഠത്തില്‍ ഇരുന്നു . അവളുടെ മുഖത്ത് ഒരു കാന്ത ശക്തി ഉണ്ടെന്ന് അയാള്‍ക്ക്‌ തോന്നി .
ജോസഫ്‌ ആ സുന്ദരിയുടെ പേര് ചോദിച്ചു .  അയാള്‍ ആ സുന്ദര മുഖം ഒപ്പിയെടുത്ത്  കടലാസില്‍ പതിച്ചു . പണം  വാങ്ങാതെ പണിയെടുക്കരുത്  എന്ന് അയാള്‍ മറന്നു പോയിരുന്നു !
അയാള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട് , പൂര്‍ത്തിയായ ആ മനോഹര ചിത്രവുമായി അവള്‍ നടന്നകന്നു . എന്തോ നഷ്ട്ടപെട്ട ഒരു വേദനയോടെ ജോസഫ്‌ അവള്‍ മറഞ്ഞ തെരുവിലേക്ക് നോക്കി നിന്നു .   പിന്നെ അയാള്‍ക്ക് വരയ്ക്കുവാന്‍ കഴിയുന്നില്ല . മനസ്സ് ഉറക്കുന്നില്ല .  കയ്യ് വഴങ്ങുന്നില്ല ... . ഒരു തെരുവ്തെണ്ടിയെ പോലെ അയാള്‍ അലഞ്ഞു . 
എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും . 
a mini story by- കണക്കൂര്‍