അച്ഛനാണ് ഷുക്കൂറിന്റെ കാര്യം ഫോണില്‍ പറഞ്ഞത്. അച്ഛന്റെ സുഹൃത്ത് സുലേമാന്‍ സേഠിന്റെ ഇളയമകന്‍. കുറച്ചുനാള്‍ മുമ്പ് ഷുക്കൂര്‍ നാടുവിട്ടു. ഏതാനും ദിവസങ്ങള്‍ സേഠിന്റെ സ്വന്തക്കാരും കൂട്ടുകാരും തിരച്ചില്‍ നടത്തി. കാര്യമില്ലാണ്ടായപ്പോള്‍ സേഠ് പോലീസില്‍ പരാതി നല്‍കി. അവര്‍ ഷുക്കൂര്‍ മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഹോട്ടലില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നു അയാള്‍. നാട്ടില്‍ വച്ചു പുതിയ സിം കാര്‍ഡ് എടുത്ത് നമ്പര്‍ കുടുംബത്ത് ആര്‍ക്കും കൊടുക്കാതെ മുങ്ങിയ ഷുക്കൂര്‍ അതില്‍നിന്ന് ഏതോ സുഹൃത്തിനെ വിളിച്ചു. അങ്ങനെയാണ് അയാളുടെ നമ്പര്‍ കിട്ടിയത്. സുലേമാന്‍ സേഠിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അച്ഛനു നമ്പര്‍ കൊടുത്ത് സഹായം തേടി. അങ്ങനെ ജോലി എന്റെ തലേലായി. അയാളെന്തിനാണ് നാടുവിട്ടതെന്ന് ഞാന്‍ അച്ഛനോടു ചോദിച്ചു.
''എല്ലിന്റെടേല്‍ ചോറു കേറുന്നതാണ്ടാ.. സുലേമാങ്കുട്ടി കൊറേ സമ്പാദിച്ചുകൂട്ടി. എന്നാല്‍ മക്കളൊന്നും ചൊവ്വല്ല.''
നാടുവിട്ടവനെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി അയയ്ക്കണം. അത്തരം ഒരു ദൗത്യം എനിക്ക് പരിചയമില്ല. ശ്രമിച്ചുനോക്കാമെന്നു തീരുമാനിച്ചു. പക്ഷെ വിളിക്കുമ്പോഴൊക്കെ നമ്പര്‍ സ്വിച്ച് ഓഫ്. ശ്രമിച്ചു മടുത്ത് ഒരു അവസാനശ്രമം നടത്തിയപ്പോള്‍ അയാളുടെ ഫോണില്‍ ബെല്ലടിച്ചു. ആള്‍ ഫോണെടുത്തു. നേരില്‍ കാണാമെന്ന് സമ്മതിച്ചു.
''ഗേറ്റുവേയിലെ തെരക്കില്‍ എങ്ങനെ ഷുക്കൂറിനെ തിരിച്ചറിയാന്‍ കഴിയും?'' ഫോണിലൂടെ ചോദിച്ചു.
''അത് കൊയ്പ്പമില്ല. അവിടെത്തി ഭായീനെ ഞാന്‍ കണ്ടുപിടിച്ചോളാം. അപ്പോ... ഓക്കെയല്ലേ ഭായീ... വൈകിട്ട് അഞ്ചുമണി.''
അഞ്ചുമണിയെന്ന് ഷുക്കൂര്‍ പറഞ്ഞെങ്കിലും നാലുമണിക്കു തന്നെ ഞാനവിടെത്തി. ഉച്ച കഴിഞ്ഞാല്‍ എലിഫെന്റ ഗുഹകളിലേക്കു ബോട്ടുകള്‍ പോകാറില്ല. എന്നാല്‍ മടങ്ങിവരുന്ന ബോട്ടുകളുടെ തിരക്കുണ്ട്. ഓളങ്ങളുടെ താളംതുള്ളലില്‍ ബുദ്ധിമുട്ടിയാണ് ബോട്ടുകള്‍ ചേര്‍ത്തടുപ്പിക്കുന്നത്. ചൂടിനെ വകവെക്കാതെ വിനോദസഞ്ചാരികള്‍ കമാനത്തെ വലംവെക്കുന്നു. ചിത്രം പകര്‍ത്തുന്നു. അവരുടെ മുഖങ്ങളില്‍ മീനവെയില്‍പ്പകര്‍ച്ച.
കടലിന്റെ തിള നോക്കി കുറേനേരം നിന്നു. ഇടയില്‍ ചുറ്റിനും കണ്ണുകള്‍ കൊണ്ട് പരതി. ഷുക്കൂര്‍ എപ്പോള്‍ വരും, എങ്ങനെ തിരിച്ചറിയും തുടങ്ങിയ അങ്കലാപ്പുകള്‍ ഉള്ളില്‍ തികട്ടി. അതിനിടെ, തിരകള്‍ പൊട്ടിച്ചിതറുന്ന ശബ്ദം ഇടവിട്ടു മുഴങ്ങി. വലിയൊരു ചെമ്പില്‍ തിളയ്ക്കുന്ന കടല്‍ കല്‍ക്കെട്ടുകളില്‍ തലതല്ലുന്നു. കല്‍ക്കെട്ടില്‍ ചാരി ഉറ്റുനോക്കിനില്‍ക്കെ ഒരാള്‍ വന്നെന്റെ തോളില്‍ തട്ടി. അയാള്‍ സൗമ്യമായി ചിരിച്ചു. ''ഭായീ.. ഞാന്‍ സുക്കൂറാണ്...''
''എന്നെ എങ്ങനെ മനസ്സിലായി?''
മറുപടിയായി അയാള്‍ ചിരിച്ചു. ഒരു ഫ്രീക്കന്‍ ചെറുപ്പക്കാരന്‍..! നിറങ്ങള്‍ തേച്ച് മുടി വികൃതമാക്കിയിട്ടുണ്ട്. എവിടെയെങ്കിലും ശാന്തമായ ഇടത്തിലേക്കു പോയിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വിസമ്മതിച്ചു. താന്‍ കണ്ട മുംബൈ നഗരത്തെ കുറിച്ച് അയാള്‍ പരസ്പര ബന്ധമില്ലാതെ കുറച്ചുനേരം സംസാരിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം അയാള്‍ കടലിലേക്ക് നോക്കിപ്പറഞ്ഞു- ''ഈ കടലു കണ്ടോ ഭായീ... ഈലെ ഒരു ലിറ്റര്‍ വെള്ളത്തിലെ ഉപ്പിന്റെ അംശമെത്ര?''
ഞാന്‍ ഷുക്കൂറിനെ അമ്പരപ്പോടെ നോക്കി. അങ്ങനെയൊരു കാര്യം എനിക്കിതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല. സ്‌കൂളില്‍ പഠിച്ചു കാണുമോ? കാണും. പക്ഷെ അതൊക്കെ പരീക്ഷകള്‍ കഴിഞ്ഞപ്പോള്‍ മറന്നുംകാണും. പരീക്ഷകള്‍ക്കു വേണ്ടി മാത്രമല്ലേ അന്നു പഠിച്ചതൊക്കെ..! ഷുക്കൂര്‍ ചോദ്യങ്ങള്‍ നിര്‍ത്തിയില്ല.
''ഈ കടലിന്റക്കരെ ഏതൊക്കെയാണ് രാജ്യങ്ങള്‍ എന്നറിയുമോ?''
''ഞാന്‍ പൊതുവില്‍ ഭൂമിശാസ്ത്രത്തില്‍ പിറകിലാണ്... ഇന്ത്യേടെ മുഴുവന്‍ അതിരുകള്‍ പോലും ശരിക്കും ഓര്‍മ്മയില്ല.''
''കഷ്ടം. ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ? എന്നാ കേട്ടോളൂ... അറബിക്കടലിന് ആറു രാജ്യങ്ങള് അതിരിടുന്നൊണ്ട്. ഇന്ത്യേം പാകിസ്ഥാനും കൂടാതെ ഇറാനും ഒമാനും യമനും പിന്നെ സൊമാലിയേം.'' അയാള്‍ ചുണ്ടുകോട്ടി ചിരിച്ചു. എന്റെ അറിവില്ലായ്മയെ പരിഹസിക്കാനായിരിക്കണം.
''ശരി. അതുപോട്ടെ. എനി അറബിക്കടലിന്റെ ഒരു കടംകഥ ചോയിക്കട്ടെ. ഏറ്റോം ഉള്ളില്‍ അറബിക്കടല്‍. അയിനുമേലെ വെള്ളിത്തകിട്. അയിനു മേലെ പൊന്നിന്തകിട്. തകിടിനു ചുറ്റും പൊന്തം പൊന്തം...''
''എന്താത്?'' ഞാന്‍ അയാളുടെ കണ്ണുകളില്‍ പടര്‍ന്ന ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ നിറഭേദങ്ങളെ ഭയത്തോടെ നോക്കി.
ഉത്തരം അയാള്‍ ഉറക്കെപ്പറഞ്ഞു- ''തേങ്ങ.''
''അതെയോ... എനിക്കറിയില്ലാരുന്നു. ശരി. ഷുക്കൂര്‍ ബോംബെ കണ്ടുകഴിഞ്ഞല്ലോ... നിങ്ങടെ ബാപ്പ നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതു കാത്തിരിക്കുന്നു. ഇന്നുതന്നെ നാട്ടിലേക്ക് ഒരു ടിക്കറ്റ് നോക്കട്ടെ?''
അയാള്‍ എന്നെ തുറിച്ചുനോക്കി.
''ഭായീ...'' അയാളുടെ ശബ്ദം ഏതോ തുരങ്കത്തില്‍ നിന്നു വരുന്നപോലെ തോന്നി. ''ഭായീ... നിങ്ങള്‍ ബാപ്പേനേം ബീട്ടുകാരേം കുറിച്ച് പറയുന്നു. എന്നാല്‍ ഞാന്‍ കടലിനേക്കുറിച്ച് ചിന്തിക്കുന്നു.''
അയാള്‍ കല്‍ക്കെട്ടില്‍ കയറിനിന്നു. പിന്നെ ആയമെടുത്ത് വെള്ളത്തിലേക്കു ചാടി. നടുങ്ങിനില്‍ക്കാനല്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ മുങ്ങിയും പൊങ്ങിയും നീന്തിയപ്പോള്‍ ചിലര്‍ സെല്‍ഫോണ്‍ ക്യാമറകള്‍ ഉയര്‍ത്തിപ്പിടിച്ചു. 'ഹേയ്... ക്യാ കര്‍രേ...'' ചിലര്‍ വിളിച്ചുകൂവി. കടല്‍വെള്ളം കുത്തിമറിയുന്നുണ്ട്. ഷുക്കൂര്‍ ഒരു പൊത്തന്‍കല്ലുപോലെ മുങ്ങി. അയാള്‍ പൊങ്ങിവരുന്നതു കാത്ത് അല്പനേരം നിന്ന ആളുകള്‍ ആ കാഴ്ച ഉപേക്ഷിച്ച് ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ കല്‍ത്തൂണുകളിലേക്ക് കണ്ണുകള്‍ മടക്കി. നടന്നതൊന്നും വിശ്വസിക്കാതെ കുറച്ചുനേരം കടലിലേക്ക് ഉറ്റുനോക്കി ഞാന്‍ അനക്കമറ്റു നിന്നു.
എന്റെ ഫോണ്‍ ശബ്ദിച്ചു. അച്ഛന്റെ വിളിയാണ്. ഷുക്കൂറിനെ കണ്ടോ എന്നാണ് ചോദ്യം. തിരക്കിനിടെ സംസാരം അവ്യക്തമായി.
അവിടെനിന്നു മാറി ഞാന്‍ അച്ഛനെ തിരികെ വിളിച്ചു- ''കാണാന്‍ കഴിഞ്ഞില്ല. വീണ്ടുമയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.'' പിന്നെ ഞാന്‍ നഗരത്തിന്റെ തിരക്കിലേക്ക് മുഖമൊളിപ്പിച്ചു.
===================