Wednesday, February 25, 2026

ബൗദി നോവലിന്റെ പണിപ്പുര

 അഭിമുഖം  വാഗ്ദേവത മാസിക - പൂനെ (Feb 2026)

ബൗദി നോവലിന്റെ പണിപ്പുര - ജ്യോതിലക്ഷ്മി നമ്പ്യാര്‍

(കണക്കൂരിന്റെ നോവലായ ബൗദി, വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ യൗവ്വനകാലത്തെ ചില ദിവസങ്ങളും അദ്ദേഹത്തിന്റെ ജേഷ്ഠപത്‌നി കാദംബരിയുമായുള്ള അടുപ്പവും കര്‍ണ്ണാടകത്തിലെ കാര്‍വാര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നതാണ്. പല പ്രത്യേകതകളുമുള്ള ഈ നോവലിന്റെ രചനയെ കുറിച്ച് കണക്കൂരുമായി ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍ വാഗ്‌ദേവതയ്ക്കു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.)



ജ്യോതിലക്ഷ്മി- അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിനു വെളിയില്‍ നിന്നുണ്ടായ സാഹിത്യ സൃഷ്ടികളില്‍ ഏറെ മികച്ച ഒന്നാണ് താങ്കളുടെ ബൗദി എന്ന നോവല്‍. ഒരു നോവല്‍ എന്ന രൂപത്തിലേക്ക് ബൗദി എന്ന ആശയം കടന്നുവന്നതെങ്ങനെയാണ്?

കണക്കൂര്‍- ബൗദി എന്ന നോവല്‍ കര്‍ണ്ണാടകത്തിന്റെ വടക്കുപടിഞ്ഞാറേയറ്റത്തുള്ള കാര്‍വാറില്‍ സംഭവിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടുകാലം അവിടെ ജീവിച്ചതാണ് ഞാന്‍. ഇന്ത്യ കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനും നോബല്‍ പുരസ്‌കാര ജേതാവുമായ രവീന്ദ്രനാഥടാഗോര്‍ അദ്ദേഹത്തിന്റെ യൗവനകാലത്ത് ഏതാനും മാസങ്ങള്‍ കാര്‍വാറില്‍ കഴിഞ്ഞിട്ടുണ്ട് എന്ന അറിവാണ് സത്യത്തില്‍ എന്നെ ആ ആശയത്തിലേക്ക് നയിച്ചത്. നോവല്‍ എന്ന വാക്കിന്റെയര്‍ത്ഥം പുതിയത് എന്നാണല്ലോ. പുതിയ ആവിഷ്‌കാരമാണ് നോവലില്‍ വരേണ്ടത്. എന്നാല്‍ ടാഗോറിനെ കുറിച്ച് ഇനി എഴുതാനും പറയാനും അറിയാനും ഒന്നുമില്ല എന്നതാണ് പൊതുധാരണ. പക്ഷേ, അദ്ദേഹത്തിന്റെ കാര്‍വാറിലെ ജീവിതം അധികമാരും പറയാത്തതാണ്. ചരിത്രരേഖകളും അധികമില്ല. ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ബൗദി എന്ന നോവല്‍ കെട്ടിയുയര്‍ത്തിയത്. സ്ഥലപരിചയവും കുറേ സഹായിച്ചു. കോവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠിക്കാനും എഴുതാനും സമയവും കിട്ടി.

ജ്യോതിലക്ഷ്മി- രവീന്ദ്രനാഥടാഗോറിന്റെ ജേഷ്ഠപത്‌നിയായ കാദംബരിയുമായി യുവാവായ രവിക്കുണ്ടായിരുന്ന ബന്ധത്തെ വളരെ സൂക്ഷ്മതയോടെയാണ് നോവലില്‍ കൈകാര്യം ചെയ്തത്. അത്തരത്തില്‍ എഴുതുവാന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നോ?

കണക്കൂര്‍- തീര്‍ച്ചയായും. ആ ബന്ധത്തെ പലതരത്തില്‍ പല എഴുത്തുകാര്‍ സമീപിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ, പ്രണയവും ധര്‍മസങ്കടങ്ങളും ആത്മത്യാഗവുമെല്ലാം ചേര്‍ന്ന ഒരു തലമാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തില്‍ സ്വരൂപിച്ചെടുക്കുന്നത് ശ്രമകരമായ പണിയായിരുന്നു. പ്രത്യേകിച്ചും, ലോകം മുഴുവന്‍ അറിയപ്പെട്ട അതിപ്രശസ്തി നേടിയ ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ യൗവ്വനകാലമാണെങ്കില്‍ക്കൂടി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. അവരുടെ ബന്ധത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കൃത്യമായ മീറ്ററില്‍ നിര്‍ത്താന്‍ നോവലില്‍ ഉടനീളം ശ്രദ്ധിച്ചിട്ടുണ്ട്.

ജ്യോതിലക്ഷ്മി- നോവലിലെ മൂന്നു ശ്രദ്ധേയരായ സ്ത്രീകഥാപാത്രങ്ങളില്‍ ഒരാളായ ജ്ഞാനദനന്ദിനിദേവി വളരെ ബോള്‍ഡും തികഞ്ഞ ആത്മവിശ്വാസം ഉള്ളവളുമാണ്. അതേസമയം കാദംബരിയുടെ മുമ്പില്‍ നന്ദിനിദേവി ചെറുതാകുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്. ഈ കഥാപാത്രത്തിനെ അത്തരത്തില്‍ ഉപയോഗിക്കാന്‍ എഴുത്തുകാരന് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നോ? ജ്ഞാനദനന്ദിനിദേവിയെ പ്രതിപാദിക്കുമ്പോള്‍ ഇന്നത്തെ സ്ത്രീസമൂഹത്തെ താങ്കള്‍ ണക്കിലെടുത്തിരുന്നുവോ?

കണക്കൂര്‍- ബ്രിട്ടീഷ് ഇന്ത്യയിലെ, ഇന്ത്യക്കാരനായ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സത്യേന്ദ്രനാഥ ടാഗോറിന്റെ പത്‌നി ജ്ഞാനദനന്ദിനിദേവി ഒരു ചരിത്രവനിതയാണ്. ഇന്നു സ്ത്രീകള്‍ സാരി ഉടുക്കുന്ന രീതിയുടെ ഉപജ്ഞാതാവ് എന്നു തുടങ്ങി പല കാര്യങ്ങളിലും അവരുടെ പേര് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത്തരം ഒരു വനിതാരത്‌നത്തെ നോവലില്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളൊക്കെ വേണമല്ലൊ..? അതേസമയം കഥയില്‍ ടാഗോറിന്റെ ബൗദിയായ കാദംബരിയുടെ സ്ഥാനത്തെ കൃത്യമായി നില നിര്‍ത്തുകയും വേണം. അത് ഏറെക്കുറെ സാധിച്ചു എന്നാണ് നോവല്‍ വായിച്ച പലരും അഭിപ്രായപ്പെട്ടത്. പലപ്പോഴും അവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രംഗങ്ങളും നോവലില്‍ കാണാം. ഇന്നത്തെ സ്ത്രീസമൂഹം വളരെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഒരു വ്യക്തി എന്ന നിലയില്‍ അവള്‍ തുല്യത നേടിക്കഴിഞ്ഞു. ആ നവോത്ഥാന പ്രക്രിയയുടെ തുടക്കങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയും.

ജ്യോതിലക്ഷ്മി- നോവലിലെ ഏറ്റവും മിഴിവുള്ള, ചാരുതയാര്‍ന്ന കഥാപാത്രമാണ് സാബത്ത് എന്ന വീട്ടുവേലക്കാരി. എഴുത്തുകാരന്റെ സ്വന്തം സൃഷ്ടി. പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീ അഷ്ടമൂര്‍ത്തി പറഞ്ഞതുപോലെ നോവലിനെ ഏറെ വ്യത്യസ്തമാക്കുന്നതും ചാരുത വര്‍ദ്ധിപ്പിക്കുന്നതും സാബത്ത് എന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ ഇടപെടല്‍ നോവലില്‍ ആദ്യാവസാനം ശക്തമായി നില്‍ക്കുന്നുണ്ട്. ടാഗോറിന്റെ കഥയ്ക്ക് സമാന്തരമായി സാബത്തിന്റെ ജീവിതവും സംഘര്‍ഷങ്ങളും മുന്നോട്ടു പോകുന്നുണ്ട്. എങ്ങനെയാണ് സാബത്ത് എന്ന പെണ്ണിനെ എഴുത്തില്‍ കൂടെക്കൂട്ടിയത്? ആ സൃഷ്ടി തികച്ചും ആകസ്മികമായിരുന്നോ?

കണക്കൂര്‍- നോവലിലെ ഏറെ ജൈവികമായ ഒരു തലമാണ് സാബത്തിന്റേത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിന് പഠനമെഴുതിയ നിരൂപകയും ഗുരുസ്ഥാനീയയുമായ ഡോക്ടര്‍ മിനി പ്രസാദ് 'സാബത്ത്' എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് എടുത്തു പറയുന്നുണ്ട്. രാസത്വരഗം (കാറ്റലിസ്റ്റ്) പോലെയാണ് ഈ കഥാപാത്രം നോവലില്‍ വര്‍ക്ക് ചെയ്യുന്നത്. കഥയെ അതിന്റെ സ്വാഭാവികമായ ഒഴുക്കിലൂടെ കൊണ്ടുപോകാന്‍ ഈ കഥാപാത്രം ഏറെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഇസ്ലാം പശ്ചാത്തലം പാത്രശക്തി വര്‍ദ്ധിപ്പിച്ചു. എഴുതുന്ന സമയത്ത് വലിയ കാര്യമൊന്നും തോന്നിയില്ല എങ്കിലും ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സാബത്താണ് നോവലിനെ ശരിക്കും ചലിപ്പിച്ചത് എന്ന് മനസ്സിലാകുന്നു. നാട്ടിലുള്ള സുഹൃത്ത് സുനിത ബഷീര്‍ ഈ കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ എഴുതിയിട്ടുണ്ട്. നോവല്‍ എങ്ങനെ ഫ്രെയിം ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ തികച്ചും യാദൃച്ഛികമായി മനസ്സില്‍ വന്നതാണ് അവള്‍. എഴുത്ത് പുരോഗമിച്ചപ്പോള്‍ സാബത്തിന് കൂടുതല്‍ മിഴിവ് വരികയും നോവലില്‍ അഭേദ്യമായ ഒരു സ്ഥാനം ആ കഥാപാത്രം സ്വയം കണ്ടെത്തുകയും ചെയ്തു. എന്റെ സുഹൃത്ത് ശ്രീ സുരേഷ്‌നായര്‍ പറഞ്ഞത്, നോവലിലൂടെ കടന്നുപോകുമ്പോള്‍ മറ്റെല്ലാ കഥാപാത്രങ്ങളെല്ലാം സാങ്കല്പികവും സാബത്ത് മാത്രം ശരിക്കും ജീവിച്ചിരുന്ന ഒരു പെണ്ണുമാണെന്ന് തോന്നും എന്നാണ്. സാബത്തനിന്റെയും അസ്‌റഫിന്റെയും പിന്‍തലമുറക്കാര്‍ ഇന്നും കാര്‍വാറില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ജ്യോതിലക്ഷ്മി- ബംഗാളിയിലെഴുതിയ കാവ്യശകലങ്ങള്‍ പുസ്തകത്തില്‍ പലയിടങ്ങളിലുമുണ്ട്. അദ്ദേഹം ആ വരികളെഴുതിയ കാലത്തെ തിട്ടപ്പെടുത്തി വേണമെല്ലോ അവ കണ്ടെത്താന്‍. അതെങ്ങനെയാണ് സാധ്യമായത്?

കണക്കൂര്‍- നോവലിലെ ടാഗോറിന് 22 - 23 വയസ്സാണുള്ളത്. അതുകൊണ്ട് ടാഗോറിന്റെ കവിതാശകലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആ സമയക്രമവും പാലിക്കണമായിരുന്നു. ഇതിന് ബംഗാളിയും മലയാളവും അറിയുന്ന ഗിരിധരന്‍ പോലെ ചിലരുടെ സഹായം സ്വീകരിച്ചിരുന്നു. കവിതകള്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ചത് സിവില്‍ എഞ്ചിനീയറും കവിയുമായിരുന്ന യു എസ് നാരായണനാണ്. അകാലത്തില്‍ നമ്മേ വിട്ടുപോയ അദ്ദേഹത്തെ സ്മരിക്കുന്നു. ബംഗാളി ഭാഷ മാത്രമല്ല, നോവലിന്റെ പശ്ചാത്തലം, കാലം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നു. 1883-84 ആണ് കാലം എന്ന് ഓര്‍ക്കണം. ഇതിലെ ഏറ്റവും രസകരവും അത്ഭുതവുമുള്ള സംഗതി, നോവല്‍ സംഭവിക്കുന്ന ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവ് ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കാര്‍വാറിലുണ്ട് എന്നതാണ്. അത് ഇന്നും ഉത്തര കന്നഡ ജില്ലയുടെ ജില്ലാമജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക ഭവനമാണ്.  

ജ്യോതിലക്ഷ്മി- നോവലിന് സുകുമാര്‍ അഴിക്കോട് തത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം കിട്ടി. രണ്ടാം പതിപ്പിറങ്ങി. കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പക്ഷേ, ഈ നോവല്‍ അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങളെന്താണ് എന്ന് വിശദമാക്കുമോ?

കണക്കൂര്‍- നോവലിന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ ഒരുപക്ഷേ, ബൗദി എന്ന നോവലിന് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടുണ്ടാവില്ല. അതിന്റെ കാരണം പലതുണ്ട്. ഒരു മറുനാടന്‍ മലയാളിയുടെ നോവല്‍, അത് എത്ര നല്ലതാണെങ്കിലും ശ്രദ്ധിക്കപ്പെടണമെന്നില്ല. പ്രധാനകാരണം, എഴുത്തുകാര്‍ സ്വയം നടത്തേണ്ട പരസ്യപ്രചരണങ്ങള്‍ക്ക് നമ്മള്‍ നില്‍ക്കുന്നില്ല എന്നതാണ്. പരമാവധി നമുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം എന്നുമാത്രം. ഇന്ന് ഒരു പുസ്തകം എഴുതിയാല്‍ മാത്രം പോര. അത് മാര്‍ക്കറ്റ് ചെയ്യേണ്ട ഉത്തരവാദിത്വവും എഴുത്തുകാരന്റേതാണ്. അതു ചെയ്യാത്തതിനാല്‍ കേരളത്തിലുണ്ടാകുന്ന നല്ല പുസ്തകങ്ങള്‍ പോലും താഴേക്ക് പോകുന്നുണ്ട്. പരസ്യപ്രചരണവും സ്ഥിരമായുള്ള ഹൈപ്പ് സൃഷ്ടിക്കലുമൊക്കെ പ്രധാനകാര്യമായി മാറി. വിചിത്രമായ പല പ്രചരണതന്ത്രങ്ങള്‍ ഉപയോഗിച്ച് വളരെ ആവറേജായ പുസ്തകങ്ങളൊക്കെ വലിയ വില്പനകള്‍ നടത്തുന്നുണ്ട്. പക്ഷേ, ഈ പരസ്യതന്ത്രങ്ങളില്‍ വീണ് അത്തരം പുസ്തകങ്ങള്‍ വാങ്ങുന്ന വായനക്കാര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ട്. നല്ല പുസ്തകങ്ങള്‍ വിപണിയില്‍ വീണുപോകുമ്പോള്‍ പ്രസാധകനും എഴുത്തുകാരനും മാത്രമല്ല, വായനക്കാരനും നഷ്ടമുണ്ടാകുന്നു. ഇതൊക്കെ കേരളത്തിലുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ കേരളത്തിന് വെളിയിലുള്ള എഴുത്തുകാരനായ എനിക്ക് അത്ര വിഷമിക്കാനൊന്നുമില്ല. കൊട്ടിഘോഷിക്കപ്പെടുന്നില്ല എങ്കിലും ആനുകാലികങ്ങളിലൊക്കെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പിന്നെ, എന്നേപ്പോലെ ഒരു പാര്‍െട്ടെം എഴുത്തുകാരന് വലിയ സ്വപ്‌നങ്ങളുടെയൊന്നും അവശ്യം വരുന്നില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടാനും സന്തോഷിക്കാനുമാണല്ലോ മറുനാട്ടില്‍ ജീവിക്കുന്ന നമ്മളെല്ലാം പരിശീലിക്കുന്നത്.  

ജ്യോതിലക്ഷ്മി- നോവലിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ഇടപെടലുകളും കഥാസന്ദര്‍ഭങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് ഒരു ചലച്ചിത്രത്തിന് വഴിയൊരുക്കാവുന്നതാണ് എന്ന് ഞങ്ങള്‍ക്കു പലര്‍ക്കും തോന്നിയിട്ടുണ്ട്. എന്താണ് അതിനേക്കുറിച്ച് അഭിപ്രായം.

കണക്കൂര്‍- മലയാളത്തില്‍ പല നോവലുകളും ചലച്ചിത്രങ്ങളായിട്ടുണ്ട്. മാത്രമല്ല, രവീന്ദ്രനാഥടാഗോര്‍- കാദംബരി ബന്ധം നിരവധി ചലച്ചിത്രങ്ങളില്‍ വിഷയമായിട്ടുണ്ട്. പക്ഷേ, ബൗദി എന്ന നോവലിനെ കുറിച്ച് അത്തരം ഒരു കാര്യം പറയാനാകില്ല. ചലച്ചിത്രങ്ങളുടെ ലോകം തികച്ചും വേറിട്ടതും എനിക്ക് ഏറെക്കുറെ അപരിചിതവുമാണ്. ചലച്ചിത്ര മേളകളില്‍ പോകുന്നതും നല്ല സിനിമകള്‍ കാണുന്നതുമാണ് എനിക്കുള്ള ബന്ധം. എങ്കിലും പറയട്ടെ, എന്റെ ഒരു ബാലസാഹിത്യപുസ്തകം ചലച്ചിത്രമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അല്ലാതെ, ബൗദിയുടെ ചലച്ചിത്രരൂപത്തെ കുറിച്ചോ സാധ്യതയെക്കുറിച്ചോ എനിക്കു വലിയ പിടിയില്ല.

ജ്യോതിലക്ഷ്മി- പല കാരണങ്ങള്‍ കൊണ്ടും വേറിട്ട ഒരു വായനാനുഭവം നല്‍കുന്ന നോവലാണ് ബൗദി. മുംബൈ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും നോവലിനെ കുറിച്ചുള്ള നല്ല ചര്‍ച്ചകളുണ്ടായി. ഏതാനും മാസങ്ങള്‍ മുമ്പ് കല്യാണ്‍ സമാജത്തിലും നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും നോവല്‍ മലയാളിയുടെ വായനാലോകത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. എല്ലാ ഭാവുകങ്ങളും നേരുന്നു.

Friday, April 4, 2025

കഥ- കോട്ടണ്‍ കഫെ

 കോട്ടണ്‍ കഫെ

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍


അയാളുടെ കണ്ണുകള്‍ മിക്കനേരവും കോട്ടന്‍ കഫെയുടെ ചുറ്റും വട്ടംചുറ്റി.   

കഴിഞ്ഞ കുറച്ചുകാലമായി ആ കഫെയുടെ മുമ്പില്‍ മാത്രം വലിയ തിരക്കുണ്ട് എന്നയാള്‍ കണ്ടെത്തി. ചെറുപ്പക്കാരാണ് കൂടുതല്‍. അവര്‍ നിര്‍ത്തില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. സാധാരണ കഫെകളില്‍ കാണാത്ത ചിട്ടയോടെയാണ് അവര്‍ പെരുമാറിയിരുന്നത്. എന്തായിരിക്കാം അവിടെ അത്ര തിരക്ക് എന്നയാള്‍ക്ക് പിടികിട്ടിയില്ല. അതിനടുക്കല്‍ ചെന്ന്, ആരുടെയും ശ്രദ്ധ ലഭിക്കാത്ത മട്ടില്‍ തൂങ്ങിനിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷെ സങ്കോചം കൊണ്ട് അതിന് കഴിഞ്ഞില്ല. കാപ്പിയും ചായയും വിവിധതരം ചെറുകടികളുമല്ലാതെ എന്താണ് അവിടെ പ്രത്യേകമായി ഉള്ളത്? അയാള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു.  

കഫെയുടെ കൗണ്ടറില്‍ ഇരിക്കുന്ന മദ്ധ്യവയസ്‌കയെ അയാള്‍ കുറച്ചുകാലമായി കാണുന്നതാണ്. എന്നാല്‍ ഒരിക്കലും അവര്‍ അയാളോട് പരിചയം നടിച്ചിട്ടില്ല. പിന്നെ ശ്രദ്ധയില്‍പ്പെട്ടത് അടുത്തകാലത്ത് അവിടെ ജോലിക്കുചേര്‍ന്ന ചെറുപ്പക്കാരനാണ്.  നല്ല ചുറുചുറുക്കുള്ള യുവാവ്. അവനാണ് കഫെയിലെ  തിരക്കിന് കാരണം എന്നയാള്‍ സംശയിച്ചു.  

രാത്രി ഒമ്പതുമണിയോടെ ടൂറിസ്റ്റുകള്‍ കുറയും. ശേഷം അവിടെയുള്ള കഫെകളും കരകൗശലസാമഗ്രികള്‍ വില്‍ക്കുന്ന കടകളുമെല്ലാം സാധരണഗതിയില്‍ അടയും. ചില ബാറുകള്‍ മാത്രമാണ് പിന്നെ പ്രവര്‍ത്തിക്കുക. എന്നാല്‍ ഒമ്പതു കഴിഞ്ഞിട്ടും കോട്ടണ്‍ കഫെയില്‍ തിരക്കുണ്ട്. അയാള്‍ക്ക് ഇരിപ്പുറച്ചില്ല. സ്വന്തം കട പൂട്ടി അയാള്‍ കോട്ടണ്‍ കഫെയുടെ മുന്നിലെത്തി. കടയിലെ ചെറുപ്പക്കാരന്‍ കര്‍ത്തവ്യനിരതനാണ്. പക്ഷെ തിരക്കിനിടയിലും അവന്‍ അയാളെ നോക്കിച്ചിരിച്ചു. ചായയൊ കാപ്പിയോ വേണ്ടത് എന്നു ചോദിച്ചു. എന്തു സൗമ്യമാണ് അവന്റെ ചിരി! അയാള്‍ക്കു സത്യത്തില്‍ വേണ്ടിയിരുന്നില്ല എങ്കിലും ഒരു ചായ തരാന്‍ പറഞ്ഞു. 

അവന്‍ ചായ എടുക്കുന്നത് അയാള്‍ നോക്കിനിന്നു. എത്ര നിര്‍മ്മലതയോടെയാണ് അവന്‍ ചായ ഉണ്ടാക്കുന്നത് എന്നയാള്‍ക്കു തോന്നി. അയാള്‍ സ്വന്തം പണിക്കാരെ കുറിച്ച് ഓര്‍ത്തു. അവരാരും ഒന്നു ചിരിക്കാറുപോലുമില്ല എന്നയാള്‍ തിരിച്ചറിഞ്ഞു. ചായ കുടിച്ചുകൊണ്ട് പണം കൊടുക്കാന്‍ ചെന്നു. കൗണ്ടറില്‍ ഇരിക്കുന്ന മദ്ധ്യവയസ്‌ക പതിവില്ലാതെ അയാളോടു ചോദിച്ചു- ''എന്താണ് നിങ്ങള്‍ക്കിന്ന് ഇവിടെനിന്ന് ചായ കുടിക്കാന്‍ തോന്നിയത്?''

പിടിക്കപ്പെട്ടവന്റെ സങ്കോചത്തില്‍ അയാള്‍ ചുരുങ്ങി. പിന്നെ രണ്ടും കല്പിച്ച് അയാള്‍ ചോദിച്ചു. ''ഇവിടെ എന്നും നല്ല തിരക്കുണ്ട്. ഞങ്ങള്‍ക്കൊന്നും ഇല്ലാത്ത തിരക്ക്. എന്താണ് കോട്ടണ്‍ കഫെയില്‍ പ്രത്യേകമായുള്ളത്?''

സ്ത്രീ അയാളോട് സൗമ്യമായി മൊഴിഞ്ഞു- ''നോക്കൂ... ഇവിടെ അടുത്തകാലത്തെങ്ങും തിരക്ക് കൂടിയിട്ടില്ല. മുമ്പും ഇങ്ങനെതന്നെയാരുന്നു. തിരക്കുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. പ്രായമേറിവരുന്നില്ലേ... താങ്കളുടെ പണിക്കാര്‍ക്കും പ്രായമേറുന്നുണ്ടാകാം. സ്വന്തം ഇടങ്ങള്‍ക്ക് പ്രായമേറുമ്പോള്‍ ദൂരെയുള്ള ഇടങ്ങളില്‍ കൂടുതല്‍ തിരക്കുണ്ടെന്ന് തോന്നും.''

അയാള്‍ മറുപടി പറയാതെ ചായ ഊതിക്കുടിച്ചു. സത്യത്തില്‍ ആ സ്ത്രീ പറഞ്ഞത് പൂര്‍ണ്ണമായും അയാള്‍ക്കു മനസ്സിലായിരുന്നില്ല. 

ചായയുടെ പണം നീട്ടിയപ്പോള്‍ അവര്‍ വിലക്കി. ''വേണ്ട. നിങ്ങള്‍ എന്റെ കസ്റ്റമറല്ലല്ലൊ. നമ്മള്‍ അടുത്തടുത്തുള്ള രണ്ടു കച്ചവടക്കാര്‍. അങ്ങനെ നോക്കുമ്പോള്‍ ബന്ധുക്കളുമാണ്.''

ബന്ധുക്കളോ? അയാള്‍ അമ്പരന്നു. പിന്നെ മെല്ലെ തിരികെ നടക്കാന്‍ തുടങ്ങി. 

''ഒരു നിമിഷം നില്‍ക്കൂ.'' സ്ത്രീ വിളിച്ചു. അവര്‍ കടയില്‍ നിന്ന് ഇറങ്ങി അയാളുടെ അടുത്തു വന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ പറഞ്ഞു- ''നിങ്ങള്‍ വേവലാതിപ്പെടേണ്ട. നിങ്ങളുടെ മനസ്സിന് പ്രായമാകാതെ നോക്കിയാല്‍ മതി.'' എന്നിട്ട് ഒരു പൊതി അയാള്‍ക്കു കൈമാറി. ''വീട്ടിലെത്തിയിട്ട് ആരും കാണാതെ രഹസ്യമായി തുറന്നു നോക്കുക. മനസ്സിന് പ്രായമാകാതിരിക്കാനുള്ള സൂത്രവിദ്യ ഇതിലുണ്ട്. അത് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് മറ്റുള്ള ഇടങ്ങളെ കുറിച്ച് ശരിയായ കാഴ്ച ലഭിക്കും.'' 

പൊതി വാങ്ങി അയാള്‍ അവരെ അത്ഭുതത്തോടെ നോക്കി.

അയാള്‍ തിരികെ നടക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. ''രഹസ്യമായി തുറക്കണേ...'' 

വീട്ടിലെത്താന്‍ അയാള്‍ക്ക് ഏറെദൂരം പോകേണ്ടതുണ്ടായിരുന്നു. പൊതിയില്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് ആ ദൂരം ഏറ്റവും വേഗത്തിലാണ് അയാള്‍ പിന്നിട്ടത്. രഹസ്യമായി തുറക്കണമെന്ന നിര്‍ദ്ദേശം അയാളുടെ ആകാംക്ഷയെ കൂടുതല്‍ ശക്തമാക്കി. വീട്ടിലെത്തിയപ്പോള്‍ അയാള്‍ ഭാര്യയോട് വീട്ടില്‍ ഒന്നിനും വേഗം പോര എന്ന് പരാതി പറഞ്ഞു. ഭക്ഷണം എടുക്കാനും ഉറങ്ങാനും പതിവില്ലാതെ തിടുക്കം കൂട്ടി. പാവം സ്ത്രീ, ആകുന്ന വേഗത്തില്‍ എല്ലാം ചെയ്തു. രാത്രി ഭാര്യ ഉറങ്ങി എന്ന് ഉറപ്പായപ്പോള്‍ അയാള്‍ എഴുന്നേറ്റ് ആ പൊതിയുമായി പുറത്തിറങ്ങി. ഇരുട്ടിലൂടെ നടന്ന് വീടിനു പിന്നിലെ ഏതോ ഒരു കോണിലെത്തി. തണുത്ത കാറ്റ് സാമാന്യം നന്നായി വീശുന്നുണ്ട്. അമ്പിളിവെട്ടമുണ്ട്. തണുത്തു വിറച്ചു നിന്നുകൊണ്ട് ആ വെട്ടത്തില്‍ അയാള്‍ പൊതിയഴിക്കാന്‍ തുടങ്ങി.

പതിവില്‍ കവിഞ്ഞ ആകാംക്ഷയോടെയാണ് അയാള്‍ അതു ചെയ്തത്. അതിനിടെ, അഴിഞ്ഞു വന്ന പൊതിയില്‍ നിന്ന് എന്തോ താഴെവീണു. അയാള്‍ നടുക്കത്തോടെ താഴേക്ക് നോക്കി. പുല്‍പ്പടല്‍പ്പുകളാണ്. അമ്പിളിവെട്ടത്തില്‍ അത് തിരഞ്ഞു കണ്ടുപിടിക്കാന്‍ അയാള്‍ക്കായില്ല. അയാള്‍ തിടുക്കപ്പെട്ട് വീട്ടിലെത്തി. ഒരു ചൂട്ട് കത്തിച്ചെടുത്ത് വീണ്ടും പറമ്പിന്റെ കോണിലെത്തി. ചൂട്ടുവെട്ടത്തില്‍ തിരയാന്‍ തുടങ്ങി. പക്ഷെ, എവിടെനിന്നാണ് പൊതിയഴിച്ചത് എന്നയാള്‍ക്ക് കണ്ടെത്താനായില്ല. രാവേറെച്ചെന്നിട്ടും അയാള്‍ക്ക് പൊതിഞ്ഞ പേപ്പറോ അതിനുള്ളില്‍ നിന്ന് നിലം പതിച്ച രഹസ്യമൊ കണ്ടെത്താനായില്ല.

അടുത്ത ദിവസം അയാള്‍ തികഞ്ഞ വൈക്ലബ്യത്തോടെയാണ് കടയില്‍ ചെന്നതും നിന്നതുമെല്ലാം. അന്നും കോട്ടണ്‍ കഫെയില്‍ വലിയ തിരക്കുണ്ട്. അയാളുടെ കടയില്‍ തീരെ തിരക്കില്ല. വൈകിട്ട് കട മൂടാറാകുംവരെ അയാള്‍ ഒരുവിധം സമയം തള്ളിനീക്കി. പണിക്കാരെ അല്പം നേരത്തെ പറഞ്ഞയച്ചിട്ട് അയാള്‍ കട മൂടി. ശേഷം കോട്ടണ്‍ കഫെയില്‍ ചെന്നു. 

മദ്ധ്യവയസ്‌ക അയാളെ കണ്ടു. ''ഓ... നിങ്ങള്‍ വീണ്ടും കട മൂടിയിട്ട് ഇവിടെവന്നോ? അപ്പോള്‍ നിങ്ങളാ പൊതി തുറന്നു നോക്കിയില്ല അല്ലേ? നിങ്ങളുടെ പക്കല്‍ നിന്ന് അതു നഷ്ടപ്പെട്ടുവോ?''

അയാള്‍ അമ്പരപ്പോടെ അവരെ നോക്കി. ''പക്ഷെ, നിങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലായി?'' അയാളുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. 

അവര്‍ ഒന്നും പറയാതെ മന്ദഹസിച്ചു. കോട്ടണ്‍ കഫെയില്‍ വല്ലാത്ത തിരക്കുണ്ട്. അയാള്‍ ആ തിരക്കില്‍ പെട്ടു. ആള്‍ക്കൂട്ടം അയാളെ തിക്കിഞരക്കി. അയാള്‍ക്ക് ശ്വാസം മുട്ടി. നല്ല തളര്‍ച്ചയോടെയാണ് അയാള്‍ വീട്ടിലേക്ക്് നടന്നത്. വളരെ വൈകിയാണ് വീടെത്തിയത്. ഭാര്യ ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു. അയാള്‍ നടന്നതൊക്കെ ഭാര്യയോട് പറഞ്ഞു. അവള്‍ എല്ലാം കേട്ടു. ''എന്റെ അശ്രദ്ധകൊണ്ട് എനിക്ക് ആ രഹസ്യം അറിയാന്‍ കഴിഞ്ഞില്ല.''

ആ  സ്ത്രീ അയാളെ കരുണയോടെ നോക്കി. എന്നിട്ട് ദേഹത്ത് ചേര്‍ത്തുപിടിച്ച് പറഞ്ഞു- ''അത് അത്ര വലിയ രഹസ്യമൊന്നും ആയിരിക്കില്ല. നിങ്ങള്‍ നമ്മുടെ കട അടയ്ക്കുന്നതിന് മുമ്പ് അവരുടെ കടയില്‍ ചെന്ന് നമ്മുടെ കടയിലേക്ക് നോക്കിയാല്‍ മതി.'' 

അയാള്‍ ഭാര്യയെ അത്ഭുതത്തോടെ നോക്കി. 

''നമ്മുടെ കടയില്‍ നല്ല തിരക്കുണ്ട്. ആ കടയുടെ വരുമാനം കൊണ്ടല്ലേ നമ്മുടെ മക്കളെ നല്ല നിലയില്‍ ആക്കിയത്. നമ്മള്‍ നല്ല നിലയില്‍ ജീവിക്കുന്നത്. അവിടെ തിരക്കുള്ളതു കൊണ്ടല്ലേ നിങ്ങള്‍ എന്നും ക്ഷീണിച്ചു വരുന്നത്. നമ്മുടെ പണിക്കാരും മിടുക്കരാണ്. അവരേപ്പോലുള്ള പണിക്കരെ കിട്ടിയതാണ് നമ്മുടെ ഭാഗ്യം.'' 

ശരിയാണ് എന്ന് അയാള്‍ തല കുലുക്കി. ''പിന്നെ അവര്‍ എന്തായിരിക്കും രഹസ്യം പൊതിഞ്ഞു നല്‍കിയത്?''  

''നിങ്ങള്‍ എത്ര പാവമാണ്.'' അവള്‍ ഭര്‍ത്താവിനെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു.  

 =======================

Wednesday, July 24, 2024

ചെറുകഥ : ഗേറ്റ്‌വേ ഓഫ് ഇന്ത്യ

വൈകിട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ കാണാമെന്ന് ഷുക്കൂര്‍ അറിയിച്ചപ്പോള്‍ അമ്പരന്നു. അയാളെന്തിനാണ് കൂടിക്കാഴ്ചയ്ക്കായി ഇത്ര തിരക്കേറിയ സ്ഥലം നിര്‍ദ്ദേശിച്ചത്?

കടല്‍ത്തീരത്തുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് കമാനത്തിനു ചുറ്റും തിരക്കൊഴിയാറില്ല. സന്ദര്‍ശകരും ഫോട്ടോഗ്രാഫര്‍മാരും കച്ചവടക്കാരും ബോട്ടുസവാരി തരപ്പെടുത്തുന്ന ഏജന്റുമാരുമൊക്കെച്ചേര്‍ന്ന് ആകെക്കുഴഞ്ഞ അന്തരീക്ഷം. അവയുടെ ഇടയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കമാനത്തിന്റെ ചന്തം ഒന്നു വേറെതന്നെയാണ്. പക്ഷെ തിരക്കില്‍ അയാളെ എങ്ങനെ കണ്ടെത്താനാകും? എന്തെങ്കിലും സമാധാനമായി സംസാരിക്കാന്‍ അവിടെവച്ച് കഴിയുമോ എന്നു സംശയം.

അച്ഛനാണ് ഷുക്കൂറിന്റെ കാര്യം ഫോണില്‍ പറഞ്ഞത്. അച്ഛന്റെ സുഹൃത്ത് സുലേമാന്‍ സേഠിന്റെ ഇളയമകന്‍. കുറച്ചുനാള്‍ മുമ്പ് ഷുക്കൂര്‍ നാടുവിട്ടു. ഏതാനും ദിവസങ്ങള്‍ സേഠിന്റെ സ്വന്തക്കാരും കൂട്ടുകാരും തിരച്ചില്‍ നടത്തി. കാര്യമില്ലാണ്ടായപ്പോള്‍ സേഠ് പോലീസില്‍ പരാതി നല്‍കി. അവര്‍ ഷുക്കൂര്‍ മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഹോട്ടലില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നു അയാള്‍. നാട്ടില്‍ വച്ചു പുതിയ സിം കാര്‍ഡ് എടുത്ത് നമ്പര്‍ കുടുംബത്ത് ആര്‍ക്കും കൊടുക്കാതെ മുങ്ങിയ ഷുക്കൂര്‍ അതില്‍നിന്ന് ഏതോ സുഹൃത്തിനെ വിളിച്ചു. അങ്ങനെയാണ് അയാളുടെ നമ്പര്‍ കിട്ടിയത്. സുലേമാന്‍ സേഠിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അച്ഛനു നമ്പര്‍ കൊടുത്ത് സഹായം തേടി. അങ്ങനെ ജോലി എന്റെ തലേലായി. അയാളെന്തിനാണ് നാടുവിട്ടതെന്ന് ഞാന്‍ അച്ഛനോടു ചോദിച്ചു.
''എല്ലിന്റെടേല്‍ ചോറു കേറുന്നതാണ്ടാ.. സുലേമാങ്കുട്ടി കൊറേ സമ്പാദിച്ചുകൂട്ടി. എന്നാല്‍ മക്കളൊന്നും ചൊവ്വല്ല.''
നാടുവിട്ടവനെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി അയയ്ക്കണം. അത്തരം ഒരു ദൗത്യം എനിക്ക് പരിചയമില്ല. ശ്രമിച്ചുനോക്കാമെന്നു തീരുമാനിച്ചു. പക്ഷെ വിളിക്കുമ്പോഴൊക്കെ നമ്പര്‍ സ്വിച്ച് ഓഫ്. ശ്രമിച്ചു മടുത്ത് ഒരു അവസാനശ്രമം നടത്തിയപ്പോള്‍ അയാളുടെ ഫോണില്‍ ബെല്ലടിച്ചു. ആള്‍ ഫോണെടുത്തു. നേരില്‍ കാണാമെന്ന് സമ്മതിച്ചു.
''ഗേറ്റുവേയിലെ തെരക്കില്‍ എങ്ങനെ ഷുക്കൂറിനെ തിരിച്ചറിയാന്‍ കഴിയും?'' ഫോണിലൂടെ ചോദിച്ചു.
''അത് കൊയ്പ്പമില്ല. അവിടെത്തി ഭായീനെ ഞാന്‍ കണ്ടുപിടിച്ചോളാം. അപ്പോ... ഓക്കെയല്ലേ ഭായീ... വൈകിട്ട് അഞ്ചുമണി.''
അഞ്ചുമണിയെന്ന് ഷുക്കൂര്‍ പറഞ്ഞെങ്കിലും നാലുമണിക്കു തന്നെ ഞാനവിടെത്തി. ഉച്ച കഴിഞ്ഞാല്‍ എലിഫെന്റ ഗുഹകളിലേക്കു ബോട്ടുകള്‍ പോകാറില്ല. എന്നാല്‍ മടങ്ങിവരുന്ന ബോട്ടുകളുടെ തിരക്കുണ്ട്. ഓളങ്ങളുടെ താളംതുള്ളലില്‍ ബുദ്ധിമുട്ടിയാണ് ബോട്ടുകള്‍ ചേര്‍ത്തടുപ്പിക്കുന്നത്. ചൂടിനെ വകവെക്കാതെ വിനോദസഞ്ചാരികള്‍ കമാനത്തെ വലംവെക്കുന്നു. ചിത്രം പകര്‍ത്തുന്നു. അവരുടെ മുഖങ്ങളില്‍ മീനവെയില്‍പ്പകര്‍ച്ച.
കടലിന്റെ തിള നോക്കി കുറേനേരം നിന്നു. ഇടയില്‍ ചുറ്റിനും കണ്ണുകള്‍ കൊണ്ട് പരതി. ഷുക്കൂര്‍ എപ്പോള്‍ വരും, എങ്ങനെ തിരിച്ചറിയും തുടങ്ങിയ അങ്കലാപ്പുകള്‍ ഉള്ളില്‍ തികട്ടി. അതിനിടെ, തിരകള്‍ പൊട്ടിച്ചിതറുന്ന ശബ്ദം ഇടവിട്ടു മുഴങ്ങി. വലിയൊരു ചെമ്പില്‍ തിളയ്ക്കുന്ന കടല്‍ കല്‍ക്കെട്ടുകളില്‍ തലതല്ലുന്നു. കല്‍ക്കെട്ടില്‍ ചാരി ഉറ്റുനോക്കിനില്‍ക്കെ ഒരാള്‍ വന്നെന്റെ തോളില്‍ തട്ടി. അയാള്‍ സൗമ്യമായി ചിരിച്ചു. ''ഭായീ.. ഞാന്‍ സുക്കൂറാണ്...''
''എന്നെ എങ്ങനെ മനസ്സിലായി?''
മറുപടിയായി അയാള്‍ ചിരിച്ചു. ഒരു ഫ്രീക്കന്‍ ചെറുപ്പക്കാരന്‍..! നിറങ്ങള്‍ തേച്ച് മുടി വികൃതമാക്കിയിട്ടുണ്ട്. എവിടെയെങ്കിലും ശാന്തമായ ഇടത്തിലേക്കു പോയിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വിസമ്മതിച്ചു. താന്‍ കണ്ട മുംബൈ നഗരത്തെ കുറിച്ച് അയാള്‍ പരസ്പര ബന്ധമില്ലാതെ കുറച്ചുനേരം സംസാരിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം അയാള്‍ കടലിലേക്ക് നോക്കിപ്പറഞ്ഞു- ''ഈ കടലു കണ്ടോ ഭായീ... ഈലെ ഒരു ലിറ്റര്‍ വെള്ളത്തിലെ ഉപ്പിന്റെ അംശമെത്ര?''
ഞാന്‍ ഷുക്കൂറിനെ അമ്പരപ്പോടെ നോക്കി. അങ്ങനെയൊരു കാര്യം എനിക്കിതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല. സ്‌കൂളില്‍ പഠിച്ചു കാണുമോ? കാണും. പക്ഷെ അതൊക്കെ പരീക്ഷകള്‍ കഴിഞ്ഞപ്പോള്‍ മറന്നുംകാണും. പരീക്ഷകള്‍ക്കു വേണ്ടി മാത്രമല്ലേ അന്നു പഠിച്ചതൊക്കെ..! ഷുക്കൂര്‍ ചോദ്യങ്ങള്‍ നിര്‍ത്തിയില്ല.
''ഈ കടലിന്റക്കരെ ഏതൊക്കെയാണ് രാജ്യങ്ങള്‍ എന്നറിയുമോ?''
''ഞാന്‍ പൊതുവില്‍ ഭൂമിശാസ്ത്രത്തില്‍ പിറകിലാണ്... ഇന്ത്യേടെ മുഴുവന്‍ അതിരുകള്‍ പോലും ശരിക്കും ഓര്‍മ്മയില്ല.''
''കഷ്ടം. ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ? എന്നാ കേട്ടോളൂ... അറബിക്കടലിന് ആറു രാജ്യങ്ങള് അതിരിടുന്നൊണ്ട്. ഇന്ത്യേം പാകിസ്ഥാനും കൂടാതെ ഇറാനും ഒമാനും യമനും പിന്നെ സൊമാലിയേം.'' അയാള്‍ ചുണ്ടുകോട്ടി ചിരിച്ചു. എന്റെ അറിവില്ലായ്മയെ പരിഹസിക്കാനായിരിക്കണം.
''ശരി. അതുപോട്ടെ. എനി അറബിക്കടലിന്റെ ഒരു കടംകഥ ചോയിക്കട്ടെ. ഏറ്റോം ഉള്ളില്‍ അറബിക്കടല്‍. അയിനുമേലെ വെള്ളിത്തകിട്. അയിനു മേലെ പൊന്നിന്തകിട്. തകിടിനു ചുറ്റും പൊന്തം പൊന്തം...''  
''എന്താത്?'' ഞാന്‍ അയാളുടെ കണ്ണുകളില്‍ പടര്‍ന്ന ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ നിറഭേദങ്ങളെ ഭയത്തോടെ നോക്കി.
ഉത്തരം അയാള്‍ ഉറക്കെപ്പറഞ്ഞു- ''തേങ്ങ.''  
''അതെയോ... എനിക്കറിയില്ലാരുന്നു. ശരി. ഷുക്കൂര്‍ ബോംബെ കണ്ടുകഴിഞ്ഞല്ലോ... നിങ്ങടെ ബാപ്പ നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതു കാത്തിരിക്കുന്നു. ഇന്നുതന്നെ നാട്ടിലേക്ക് ഒരു ടിക്കറ്റ് നോക്കട്ടെ?''
അയാള്‍ എന്നെ തുറിച്ചുനോക്കി.
''ഭായീ...'' അയാളുടെ ശബ്ദം ഏതോ തുരങ്കത്തില്‍ നിന്നു വരുന്നപോലെ തോന്നി. ''ഭായീ... നിങ്ങള്‍ ബാപ്പേനേം ബീട്ടുകാരേം കുറിച്ച് പറയുന്നു. എന്നാല്‍ ഞാന്‍ കടലിനേക്കുറിച്ച് ചിന്തിക്കുന്നു.''
അയാള്‍ കല്‍ക്കെട്ടില്‍ കയറിനിന്നു. പിന്നെ ആയമെടുത്ത് വെള്ളത്തിലേക്കു ചാടി. നടുങ്ങിനില്‍ക്കാനല്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ മുങ്ങിയും പൊങ്ങിയും നീന്തിയപ്പോള്‍ ചിലര്‍ സെല്‍ഫോണ്‍ ക്യാമറകള്‍ ഉയര്‍ത്തിപ്പിടിച്ചു. 'ഹേയ്... ക്യാ കര്‍രേ...'' ചിലര്‍ വിളിച്ചുകൂവി. കടല്‍വെള്ളം കുത്തിമറിയുന്നുണ്ട്. ഷുക്കൂര്‍ ഒരു പൊത്തന്‍കല്ലുപോലെ മുങ്ങി. അയാള്‍ പൊങ്ങിവരുന്നതു കാത്ത് അല്പനേരം നിന്ന ആളുകള്‍ ആ കാഴ്ച ഉപേക്ഷിച്ച്  ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ കല്‍ത്തൂണുകളിലേക്ക് കണ്ണുകള്‍ മടക്കി. നടന്നതൊന്നും വിശ്വസിക്കാതെ കുറച്ചുനേരം കടലിലേക്ക് ഉറ്റുനോക്കി ഞാന്‍ അനക്കമറ്റു നിന്നു.
എന്റെ ഫോണ്‍ ശബ്ദിച്ചു. അച്ഛന്റെ വിളിയാണ്. ഷുക്കൂറിനെ കണ്ടോ എന്നാണ് ചോദ്യം. തിരക്കിനിടെ സംസാരം അവ്യക്തമായി.
അവിടെനിന്നു മാറി ഞാന്‍ അച്ഛനെ തിരികെ വിളിച്ചു- ''കാണാന്‍ കഴിഞ്ഞില്ല. വീണ്ടുമയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.'' പിന്നെ ഞാന്‍ നഗരത്തിന്റെ തിരക്കിലേക്ക് മുഖമൊളിപ്പിച്ചു.  
   ===================
കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍

Thursday, June 20, 2024

എന്റെ എഴുത്തിനെ കുറിച്ച് എല്ലാം.


 കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍

കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍. നാടക രചയിതാവ്.

പിതാവ് -  രാമചന്ദ്രപ്പണിക്കര്‍ (late)

മാതാവ്- രാധമ്മ

ആലപ്പുഴ സ്വദേശി. 1994 മുതല്‍ പ്രവാസ ജീവിതം. മുംബൈയില്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷനില്‍ വ്യാവസായിക സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്യുന്നു. 20 വര്‍ഷക്കാലം കര്‍ണ്ണാടകത്തിലെ കാര്‍വാറിലായിരുന്നു. മാനേജുമെന്റില്‍ മാസ്റ്റര്‍ ബിരുദം. മുംബൈയിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വ്യാവസായിക സുരക്ഷയില്‍ ഉന്നതവിദ്യാഭ്യാസം.

നിരവധി മറുനാടന്‍ മലയാളി സംഘടനകളുമായി ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. ചില കഥകളുടെ ശബ്ദരേഖകള്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

ചെറുകഥാസമാഹാരങ്ങളും ബാലസാഹിത്യങ്ങളും നോവലുകളുമായി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആന്തോജളികളുടെ ഭാഗമായിട്ടുണ്ട്.

A. എഴുത്തുലോകത്തെ കുറിച്ച്:

1970-ല്‍ ആലപ്പുഴയിലെ  ഹരിപ്പാടിനടുത്ത് കരുവാറ്റയിലാണ് ജനിച്ചത്. കണക്കൂരിലെ തമ്പകച്ചുവട് സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ചെറിയ സാഹിത്യ രചനകള്‍ തുടങ്ങി. പക്ഷെ അതൊക്കെ തീരെ ഗൗരവമില്ലാത്ത രചനകളായിരുന്നു. മുഹമ്മ മദര്‍ തരേസ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഒരു സിസ്റ്ററാണ് പാഠപുസ്തകങ്ങള്‍ക്കു വെളിയില്‍ വായനയുടെ ഒരു ലോകമുണ്ടെന്ന് ആദ്യം പറഞ്ഞത്. അവിടെ മലയാള അദ്ധ്യാപകനായെത്തിയ വാസുദേവന്‍ സാര്‍ എഴുത്തിലേക്ക് നയിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സാഹിത്യ രചനകള്‍ തുടങ്ങി. കാര്‍മല്‍ പോളീടെക്‌നിക്കില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലത്ത് മനോരാജ്യം നടത്തിയ മിനിക്കഥ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് കുങ്കുമം വാരികയില്‍ അക്കാലത്ത് ചില കഥകള്‍ വന്നു എങ്കിലും എന്തുകൊണ്ടോ എഴുത്തു ലോകത്തുനിന്ന് വിട്ടുപോന്നു. കാരണമെന്തെന്ന് അറിയില്ല. പക്ഷെ വായന തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ഹിമാലയന്‍ യാത്രയില്‍ ആകസ്മികമായി ചില എഴുത്തുകാരെ പരിചയപ്പെട്ടു. പി പി രാമചന്ദ്രന്‍, അനിത തമ്പി, അന്‍വര്‍ അലി, പി ബി ഹൃഷികേശന്‍, ടി കെ മുരളീധരന്‍, ഇ പി അനില്‍ തുടങ്ങി നിരവധിപേര്‍ ആ യാത്രയിലുണ്ടായിരുന്നു. ആ യാത്ര ഒരു ചെറിയ പുസ്തകമായി. പക്ഷെ അന്നും ഫിക്ഷന്‍ എഴുതണം  എന്നൊന്നും തീരുമാനമെടുത്തില്ല. പിന്നീട് 2010-ല്‍ ഒരു വര്‍ഷക്കാലം ഉപരിപഠനാര്‍ത്ഥം മുംബൈയിലെത്തി. അക്കാലത്താണ് മാട്ടുങ്കയില്‍ നടക്കുന്ന സാഹിത്യ വേദിയില്‍ എത്തുന്നത്. മാനസി, ഡോ. വേണുഗോപാലന്‍, സ്വാമി സംവിദാനന്ദ്, പി ബി ഹൃഷികേശന്‍ തുടങ്ങി നിരവധിപേര്‍ അന്ന് വേദിയിലുണ്ട്. വേദിയില്‍ അവതരിപ്പിക്കാനാണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പെഴുതി നിര്‍ത്തിയ ഫിക്ഷന്‍ എഴുത്ത് പുനരാരംഭിച്ചത്. ചെറിയ തോതിലെങ്കിലും അത് ഇന്നും തുടരുന്നു. 

B. പുസ്തകങ്ങള്‍:

1. സര്‍പ്പാസ് (ട്രാവലോഗ്) പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട. ഒന്നാം പതിപ്പ് 2007 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പ്: അനിത തമ്പി. കവി പി പി രാമചന്ദ്രന്‍ മലപ്പുറത്ത്  വച്ചു പ്രകാശനം ചെയ്തു.  രണ്ടാം പതിപ്പ്  2009 ജൂലൈയില്‍ പുറത്തിറങ്ങി.


2. ആള്‍മാറാട്ടം കഥാസമാഹാരം (12 കഥകള്‍) - പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട  2011 നവംബറില്‍ മാനസിയുടെ മുഖക്കുറിപ്പുമായി പ്രസിദ്ധീകരിച്ചു.

3. ദൈവത്തിന്റെ എസ് എം എസ് (35 മിനിക്കഥകള്‍) - സൈകതം ബുക്‌സ് കോതമംഗലം ആഗസ്റ്റ് 2013-ല്‍ പ്രസിദ്ധീകരിച്ചു. അവതാരകന്‍- പ്രൊഫസര്‍ ജോസ് കാട്ടുര്‍. ആലപ്പുഴയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രൊ. അമ്പലപ്പുഴ ഗോപകുമാര്‍ പ്രകാശനം ചെയ്തു. 


 
4. എഗ്ഗിറ്റേറിയന്‍ (നോവല്‍) - സൈകതം ബുക്‌സ് കോതമംഗലം സെപ്തംബര്‍ 2014-ല്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പ്- സിസ്റ്റര്‍ ജെസ്മി. തിരുവനന്തപുരത്തു വച്ച് കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു.

 5. പ്രകൃതി നെഞ്ചിലേറ്റുന്ന പുഴുക്കുത്തുകള്‍ (ലേഖന സമാഹാരം)- സൈകതം ബുക്‌സ് കോതമംഗലം മെയ്  2015-ല്‍ പ്രസിദ്ധീകരിച്ചു. ഗോവയില്‍ പ്രവാസി സാഹിത്യ സംഗമത്തില്‍ മാനസി പ്രകാശനം ചെയ്തു.  

6. കുളം തോട് കായല്‍- ബാലസാഹിത്യം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട്  2016-ല്‍ പ്രസിദ്ധീകരിച്ചു. കെ പി മുരളീധരന്റെ ചിത്രീകരണം.

7. കുരങ്ങന്‍ കുന്ന് (നോവല്‍- ബാലസാഹിത്യം), പ്രസിദ്ധീകരണം: ലോഗോസ് ബുക്‌സ് 2016 മാര്‍ച്ചില്‍. മുഖക്കുറിപ്പ്- പി പി രാമചന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പ്രൊ. ജി ബാലചന്ദ്രന്‍ കവി ആര്യാട് വാസുദേവന് കോപ്പി നല്‍കി ്രപകാശനം ചെയ്തു.


 
8. മഞ്ഞനിലാവ് - കഥാസമാഹാരം (21 കഥകള്‍) പ്രസിദ്ധീകരണം- ഒരുമ പബ്ലിക്കേഷന്‍സ് 2016 മേയ്. മുഖക്കുറിപ്പ്- സാറാ തോമസ്സ് .  ഗോവയില്‍  ഡോ. ജേക്കബ് ഐസക്ക് പ്രകാശനം ചെയ്തു. 

9. ഗോമന്തകം നോവല്‍ - സൈകതം ബുക്‌സ് കോതമംഗലം ജൂണ്‍ 2016-ല്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പുകള്‍- കെ ആര്‍ മീര, ഇ ഹരികുമാര്‍. ആലപ്പുഴയില്‍ ബാബു കുഴിമറ്റം പ്രകാശനം ചെയ്തു. 2017-ല്‍ പ്രഥമ എക്‌സ്പ്രസ് നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ബന്യാമിനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. 

10. ദ്രവരാഷ്ട്രം- ചിന്ത പബ്ലിക്കേഷന്‍സ് , ഒന്നാം പതിപ്പ്- ജൂലൈ 2017-ല്‍.  മുംബൈയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം നിര്‍വ്വഹിച്ചു. രണ്ടാം പതിപ്പ്:- ഏപ്രില്‍ 2019-ല്‍ പുറത്തിറങ്ങി. 

11. മാന്ത്രീകമരം (നോവല്‍- ബാലസാഹിത്യം)- ചെമ്പരത്തി പ്രസാധനം- ജൂണ്‍ 2017 ഗോവയില്‍ മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ പ്രകാശനം ചെയ്തു. 

12. ലേഡീസ് ബാര്‍ (കഥാസമാഹാരം) ചെമ്പരത്തി പ്രസാധനം- ഒക്ടോബര്‍ 2018  മുംബൈയിലെ നെരൂളില്‍ മാനസി പ്രകാശനം ചെയ്തു.

13. ഉത്തരങ്ങള്‍ തേടുന്ന കുട്ടികള്‍ (നോവല്‍- ബാലസാഹിത്യം)- എസ് പി സി എസ് - ജാനുവരി 2019 കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ ബാലസാഹിത്യ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി.

14. കാലം ദേശം കവിത- (കവിതകള്‍, പഠനം) ആന്തോളജി സമന്വയം- മെയ് 2019- പുലിസ്റ്റര്‍ ബുക്‌സ് - ഗോവയില്‍ പ്രകാശനം ചെയ്തു.

15. നുങ്കമ്പാക്കം ദോശ (മൈക്രോ കഥകള്‍)  പേപ്പര്‍ പബ്ലിക്ക - ആഗസ്റ്റ് 2021 പ്രകാശനം ആലപ്പുഴയില്‍ പി ജെ ജെ ആന്റണി. ഏറ്റുവാങ്ങിയത് നോവലിസ്റ്റ് വിനയശ്രീ.

 16. നിഴല്‍ നഗരം (ഡി സി ബുക്‌സ് ഫോലിയൊ) ഏപ്രില്‍ 2021

17. പാണികനും കുട്ടികളും (നോവല്‍- ബാലസാഹിത്യം) ക്രിയാറ്റിഫ് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരണം- നവംബര്‍ 2021. പ്രകാശനം- തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എം എല്‍ ഏയുമായ മുരളി പെരുനെല്ലി കവി ശ്രീനിവാസന്‍ കോവത്തിന് ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്തു. 


18. ബൗദി നോവല്‍ - ലോഗോസ് ബുക്‌സ് നവംബര്‍ 2021. മുഖക്കുറിപ്പ്- അഷ്ടമൂര്‍ത്തി. കാര്‍വാറിലെ കടല്‍ത്തീരത്തു വച്ച് അഷ്ടമൂര്‍ത്തി ഡോ. മിനി പ്രസാദിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. 2022-23 ലെ സുകുമാര്‍ അഴിക്കോട് തത്ത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരത്തിന് അര്‍ഹമായി. സി പി ഐ-എം സെക്രട്ടറി എം വി ഗോവിന്ദനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 


(April  27, 2025 ന്  ബൗദി രണ്ടാം പതിപ്പ് പത്തനാപുരം ഗാന്ധി ഭവനില്‍ നടന്‍
 കൊല്ലം തുളസി പ്രകാശനം ചെയ്തു.)  


19. ചൂതാട്ടക്കാരനം രണ്ടു നാടകങ്ങളും (നാടകങ്ങള്‍)- ഡിസംബര്‍ 2021 ല്‍ ചെമ്പരത്തി പ്രസാധനം. 2022 ഫെബ്രുവരിയില്‍ മുംബൈ അണുശക്തിനഗറില്‍ മാനസി പ്രകാശനം ചെയ്തു. 

20. നിര്‍മ്മിതബുദ്ധി തുറക്കുന്ന ലോകം (നോവല്‍- ബാലസാഹിത്യം)- ഏപ്രില്‍ 2022 കറന്റ് ബുക്‌സ്, തൃശൂര്‍

21. ജറവ (കഥാസമാഹാരം) പത്തു കഥകള്‍ - മാര്‍ച്ച് 2023 സുജിലി പബ്ലിക്കേഷന്‍സ്, കൊല്ലം.

22. ഒരു വീട് വില്‍ക്കാനുണ്ട് (കഥാസമാഹാരം) എട്ടു കഥകള്‍ - മെയ് 2023 - പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട  2023 സെപ്തംബറില്‍ അണുശക്തിനഗറില്‍ വച്ച് ഡോ. ജയരാമന്‍ ഡോ. പി വി എന്‍ നായര്‍ക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. 

23. മഹാനഗരത്തിന്റെ നിറഭേദങ്ങള്‍ - (കഥകള്‍)- ആന്തോളജി സമന്വയം. 2023 ഡിസംബര്‍ 4 ന് നെരുള്‍ എന്‍ ബി കെ എസില്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തില്‍ വച്ച് ആശോകന്‍ ചരുവില്‍ അഷ്ടമൂര്‍ത്തിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. 

24. ബൗദി (കന്നഡ വിവര്‍ത്തനം- പാര്‍വതി ഐത്താള്‍) 23 ഡിസംബര്‍ 2023 ന് ബംഗളൂരില്‍ പ്രകാശനം ചെയ്തു.

25. സോമുവിന്റെ പുഴ- ബാലനോവല്‍-  ക്രിയാറ്റിഫ് പബ്ലീഷേഴ്‌സ് , പ്രസിദ്ധീകരണം- ഒക്ടോബര്‍ 2024.

26. ദൈവികം- നോവല്‍ ചിന്ത പബ്ലിക്കേഷന്‍സ് ,  പ്രസിദ്ധീകരണം- നവംബര്‍ 2024 2025 ഫെബ്രുവരി 9 ന് ഗോവയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, പി എന്‍ ശിവശങ്കരന് നല്‍കിയും ഫെബ്രുവരി 23 ന് മുംബൈയില്‍ എഴുത്തുകാരി നന്ദിനി മേനോന്‍, അനില്‍ പ്രകാശിന് നല്‍കിയും പ്രകാശനങ്ങള്‍ നടത്തി.


27. കല്‍ക്കത്തി- 10 കഥകളുടെ സമാഹാരം- പായല്‍ ബുക്‌സ്, കണ്ണൂര്‍, പ്രസിദ്ധീകരണം- നവംബര്‍ 2024. 2024 ഡിസംബര്‍ 22 ന്  ആലപ്പുഴയില്‍ വച്ച് ബൃന്ദയ്ക്ക് ആദ്യ കോപ്പി നല്‍കി ഐസക് ഈപ്പന്‍ കല്‍ക്കത്തി പ്രകാശനം ചെയ്തു.

 28. എന്റെ മുംബൈ കഥകള്‍ - സമാഹാരം by പെണ്ണില്ലം എഴുത്തിടം. നവംബര്‍ 12, 2025 ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയറില്‍ കഥാകൃത്തിന്റെ ഭാര്യ ലത സുരേഷിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. 



 C. ശബ്ദരേഖകള്‍:

1. കഥ: ഗോശാല - ബെന്ന ചേന്ദമംഗലം.

https://www.youtube.com/watch?v=E5dUkFLWQTU 

2. കഥ: അസന്തുലിതം-   പ്രവീജ വിനീത്  - വായനാലോകം

https://www.youtube.com/watch?v=MwakDXdka2c

3. കഥ: സ്‌ട്രോബറികള്‍ വില്‍ക്കുന്ന പെണ്ണ് - അവതരണം- മനോജ്,  ഒരിടത്തൊരിടത്ത് ചാനല്‍

https://www.youtube.com/watch?v=azwb-s0G3Uc&t=52s

4. കഥ: ഒരു വീട് വില്‍ക്കാനുണ്ട്.  അവതരണം- സി കെ പ്രേംകുമാര്‍,  ഒരിടത്തൊരിടത്ത് ചാനല്‍

https://youtu.be/RlY6EM5nVDo?si=EL5MkoyEloHHQDhY

5. കഥ: ഒറ്റയാള്‍ കലാപം  അവതരണം- ജയകൃഷ്ണന്‍ - റേഡിയൊ മംഗളം

6.   മരങ്കേറി- റേഡിയൊ മലബാര്‍ https://youtu.be/PPO-dOzETr4?si=jGiqxoHFzVSsbibN

D. പുരസ്‌കാരങ്ങള്‍:

1. 1988-ല്‍ മനോരാജ്യം വാരിക നടത്തിയ മിനിക്കഥ മത്സരത്തില്‍ ഒന്നാം സമ്മാനം

2. 2011- മുംബൈ മഹാകേരളീയം പുരസ്‌കാരം - കഥ: മാംസം.

                                                 

3. 2014- ബാംഗ്‌ളൂര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ചെറുകഥ പുരസ്‌കാരം- കഥ: ശലഭമഴ. 

4. സി വി ശ്രീരാമന്‍ ചെറുകഥാ പുരസ്‌കാരം- കഥ : നഗ്നം. 


 
5. യെസ്പ്രസ് നോവല്‍ അവാര്‍ഡ്- നോവല്‍: ഗോമന്തകം . 

 6.  2018- വി ടി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം- കഥ:  ജറവ. 

7. തകഴി സാഹതീയം പ്രത്യേക ജൂറി പുരസ്‌കാരം-   കഥ: ------- 

8. സുകുമാര്‍ അഴിക്കോട് തത്ത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം- നോവല്‍: ബൗദി. 


 
9. ആര്‍ട്ട്‌സ് ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് പുരസ്‌കാരം- കഥ: കൂ...യ് 

10. മുംബൈ, ലോക് കല്യാണ്‍ സമാജത്തിന്റെ അക്ഷരശ്രീ പുരസ്‌കാരം 

11. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ തകഴി ചെറുകഥാപുരസ്‌കാരം (കഥ- ഛപ്രിയിലെ കുരങ്ങുകള്‍.) 01 ജൂണ്‍ 2024 ന് എം കെ സാനുവില്‍ നിന്ന് സ്വീകരിച്ചു. 

12.  പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യ പുരസ്‌കാരം ജറവ എന്ന കഥാസമാഹാരത്തിന്- ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍  പള്ളിയറ ശ്രീധരനില്‍ നിന്ന് സ്വീകരിച്ചു.

13. വസായ് പ്രതീക്ഷ ഫൗണ്ടേഷന്റെ ചെറുകഥ അവാര്‍ഡ് 2024 വി ആര്‍ സുധീഷ് മാഷിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങി. (08-12-2024)

14. ഏപ്രില്‍ 27, 2025 ന് പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന സാക്ഷി പ്രവാസി സാഹിത്യ സമ്മേളനത്തില്‍ സാക്ഷി പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം നടന്‍ കൊല്ലം തുളസിയില്‍ നിന്ന് ഏറ്റുവാങ്ങി.



15. വയലാർ സാഹിത്യ സാംസ്കാരിക സമിതിയുടെ പ്രഥമ വയലാർ രാമവർമ്മ കവിതാപുരസ്കാരം May 10 , 2025 ന് വയലാർ ശരത്ത്ചന്ദ്ര വർമ്മയുടെ കൈകളിൽ നിന്ന് സ്വീകരിച്ചു.

16. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്ര കൽപിത കഥാമത്സരത്തിൻ്റ രണ്ടാം സ്ഥാനം Vaishakhan-ൽ   നിന്ന്  സ്വീകരിച്ചു

17. മെയ് 31 ന് ഗോവയില്‍ വച്ച് നടന്ന ചടങ്ങില്‍, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോയില്‍ നിന്ന്  വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കഥാപുരസ്‌കാരം 2025-ും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

18. ആഗസ്റ്റ് 17, 2025 ന് അമ്പലപ്പുഴയില്‍  പി കെ എം ഗ്രന്ഥശാല ഹാളില്‍വച്ച് സര്‍ഗ്ഗകൈരളിയുടെ കഥാമാല്യപുരസ്‌കാരം ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരനും പ്രഭാഷകനുമായ ബി പത്മകുമാറില്‍ നിന്ന് ഏറ്റുവാങ്ങി.  കഥ- ഒറ്റയ്‌ക്കൊരു പൂമരം.


19. നവംബര്‍ 10, 2025 - ആലപ്പുഴ- ഫാസ് പുന്നപ്രയുടെ അഖില കേരള ചെറുകഥ പുരസ്‌കാരം പി ജെ ജെ ആന്റണിയുടെ കൈയില്‍ നിന്ന് ഏറ്റുവാങ്ങി. കഥ- ഡോണ മരിയ സ്റ്റാന്‍ഡേര്‍ഡ് 4 എ.


E. സംഘാടനം:

ഗോവയിലെ പ്രവാസി സാഹിത്യ കൂട്ടായ്മയും ഫാഗ്മയും 2014 ല്‍ ആരംഭിച്ച പ്രവാസി മലയാളി സാഹിത്യ സംഗമത്തിന്റെ ആദ്യ അഞ്ചു സംഗമങ്ങളുടെ ജനറല്‍ കണ്‍വീനര്‍.

കേരളീയ കേന്ദ്ര സംഘടന കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് 2018, 2019 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനങ്ങളുടെ മുഖ്യ സംഘാടകന്‍.

2018 മുതല്‍ 2023 വരെ മുംബൈയിലെ ഭാഷ സംരക്ഷണ സമിതിയുടെ വായനോത്സവത്തിന്റെ കണ്‍വീനര്‍.

2022 ഏപ്രിലില്‍ എഴുത്തുകാരി മാനസിയുടെ എഴുത്തിന്റെ 50 വര്‍ഷങ്ങള്‍- പ്രോഗ്രാം ഡയറക്ടര്‍

2024 മാര്‍ച്ച് 23, 24- മുംബൈ ചെറുകഥാക്യാമ്പ്- ക്യാമ്പ് ഡയറക്ടര്‍

2024 ഡിസംബര്‍ 14, 15 കവിതയുടെ കാര്‍ണിവല്‍ - മുംബൈ - മുഖ്യ സംഘാടകന്‍

2025 നവംബര്‍ 1, 2 - സാഹിത്യ സഹവാസ ക്യാമ്പ് കോപ്പര്‍ഖൈര്‍ണ- ക്യാമ്പ് ഡയറക്ടര്‍

F. അഭിമുഖം

ഭാര്യ- ലത  (ഹോംമേക്കര്‍) , മലയാളം മിഷന്‍ പ്രവര്‍ത്തക

മക്കള്‍ - വിഷ്ണു (ഡല്‍ഹി), ജിഷ്ണു (വിദ്യാര്‍ത്ഥി)

സഹോദരന്‍ - ആര്‍ രാജേഷ്‌കുമാര്‍ (കുടുംബത്തോടൊപ്പം ആലപ്പുഴയിലെ കണക്കൂരില്‍)