Monday, August 10, 2026

മറിയയെ കൊല്ലുന്ന രാവില്‍...

മറിയയെ കൊല്ലാന്‍ തീരുമാനിച്ച രാവില്‍, ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം തെറ്റിച്ച് ഊക്കനൊരു മഴ പെയ്യുകയും തിടുക്കപ്പെട്ട് തോരുകയുമുണ്ടായി. ആ നേരം, അഞ്ചാം നിലയിലെത്തി, കതകുമണിയടിക്കാതെ, മറിയയുടെ ഫ്‌ളാറ്റിന്റെ വാതിലില്‍ അര്‍ജുന്‍ മുട്ടി. മറിയ ഇപ്പോള്‍ ഉറങ്ങിക്കാണുമെന്ന് അവന്‍ സിനദിലിനോട് പറഞ്ഞു.

''അതിനെന്താ.. നമുക്കുണര്‍ത്താം.'' സിനദില്‍ പുലമ്പി. അവന്റെ കീഴ്ചുണ്ടില്‍ നിന്ന് മദ്യമിറ്റി.
''അകത്താരോ സംസാരിക്കുന്നൊണ്ട്.'' അര്‍ജുന്‍ കതകില്‍ ചെവി ചേര്‍ത്തുപിടിച്ച് പറഞ്ഞു. ഈ രാത്രി അവളുടെ മുറിയില്‍ ആരുമുണ്ടാവില്ല എന്നു പറഞ്ഞത് നുണയാകുമോ? അര്‍ജുന്‍ കൂടുതല്‍ ശ്രദ്ധയോടെ കാതുകളെ ഉള്ളിലേക്ക് കടത്തിവിട്ടു. ''അത് മറിയേടെ ശബ്ദമാണ്. അവളേതോ പാട്ട് പ്രാക്ടീസ് ചെയ്യുന്നു.'' അര്‍ജുന്‍ ചിരിച്ചു.  
സിനദില്‍ കോപത്തോടെ കതകിലേക്ക് നോക്കി. ''പാതിരാത്രീലാണ് കൂത്തിച്ചീടെ പാട്ട്. പാടട്ടെ... അവടെ ഒടുക്കത്തെപ്പാട്ട്.'' എന്നുപറഞ്ഞ് അവന്‍ കാലുയര്‍ത്തി കതകില്‍ തൊഴിച്ചു.
''അയ്യോ... ശബ്ദമൊണ്ടാക്കല്ല്. അടുത്ത ഫ്‌ളാറ്റുകളീന്ന് ആരെങ്കിലും ഒണര്‍ന്നു വരും.'' അര്‍ജുന്‍ ചകിതനായി. അടുെത്താരു ഫ്‌ളാറ്റിന്റെ കതക് ലേശം തുറന്ന്, വിടവിലൂടെ ഒരാള്‍ എത്തിനോക്കി. പഴയ ഒരു സദാചാരസംഘക്കാരനാണ്. മറിയയുടെ വാതില്‍ക്കല്‍ തൂങ്ങിയാടുന്ന രണ്ടു ചെറുപ്പക്കാരെ കണ്ടയാള്‍ നിന്ദയോടെ കതക് ചേര്‍ത്തടച്ചു.
മറിയ കതകു തുറന്നു. പച്ചനിറമുള്ള നിശാവസ്ത്രമായിരുന്നു അവള്‍ അണിഞ്ഞിരുന്നത്. പഠിച്ചുകൊണ്ടിരുന്ന പാട്ടിന്റെ രണ്ടുവരികള്‍ അവള്‍ ചുമ്മാതെ മൂളി.
''രണ്ടാളുമൊണ്ടല്ലോ? നനഞ്ഞാ?'' അവള്‍ ചോദിച്ചു. അര്‍ജുന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു- ''സിനന്റെ കാറ് ഉള്ളില് പാര്‍ക്ക് ചെയ്യാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല. ഗേറ്റിന് വെളീലിട്ടു.''
''കാലുകള് നെലത്ത് ഒറയ്ക്കുന്നില്ല സിനന്‍. എന്നിട്ടാണ്ടാ പാതിരാത്രീല് നീയ് ഡ്രൈവു ചെയ്തത്.'' അവള്‍ അവന്റെ ബാക്ക്പാക്ക് പിടിച്ചു വാങ്ങിയിട്ട് അവനെ ദിവാന്‍കോട്ടിലേക്ക് നയിച്ചു.
നല്ല പൂസിലും ആ ദിവാന്‍ അവനോര്‍മ്മ വന്നു. അതില്‍ കിടന്നാണ് അവനും മറിയയും ആദ്യസംഭോഗം ചെയ്തത്. ആ ഉച്ചനേരം അവന്‍ മറക്കില്ല. അവന്‍ അവളുടെ ഛായാചിത്രം വരച്ച ദിവസമായിരുന്നു അത്. അനക്കമറ്റ് മുന്നില്‍ അവളിരുന്ന നേരമത്രയും അവന്റുള്ളില്‍ പ്രണയക്കൊടുങ്കാറ്റാരുന്നു. ചിത്രം പൂര്‍ത്തിയായപ്പോള്‍ അവളവനെ ചുംബിച്ചു. അവര്‍ ഒട്ടിച്ചേര്‍ന്ന് കിടക്കയില്‍ വീണു. വസ്ത്രങ്ങളില്‍ നിന്ന് മോചിതരായി. സംഭോഗമൂര്‍ച്ചയില്‍ അവന്‍ ഉറക്കെ വിളിച്ചലറിയതും ഓര്‍മ്മയുണ്ട്. വീണ്ടും വീണ്ടും അവളുടെ ഫ്‌ളാറ്റില്‍ അവന്‍ പോയിവന്നു. ആരുമൊന്നും അറിയുന്നില്ല എന്നവര്‍ കരുതി. എന്നാല്‍ ഒരു ദിവസം ആ കെട്ടിടസമുച്ചയത്തിലെ സദാചാരസംഘം മുറി പുറത്തുനിന്ന് പൂട്ടി. ദിവസം മുഴുവന്‍ അവര്‍ അവനെ പുറത്തുവിട്ടില്ല. ഒടുക്കം കതകുതുറന്നപ്പോള്‍ സദാചാരക്കമ്മറ്റിക്കാരെ മറിയ തെറിയഭിഷേകം ചെയ്തു. അവരുടെ മെരട്ടൊന്നും അവള്‍ കാര്യമാക്കിയില്ല. എന്നാല്‍ സിനദില്‍ ആകെച്ചൂളി. കൂക്കുവിളികളുടെ ഇടയിലൂടെ തല കുനിച്ചുപിടിച്ചാണ് അന്നവന്‍ സ്ഥലം വിട്ടത്.
പക്ഷേ വീണ്ടും അഞ്ചാം നിലയില്‍ ചെല്ലാതിരിക്കാന്‍ അവനായില്ല. വീണ്ടും വീണ്ടും അവന്‍ ചെന്നു. ആകെ മുങ്ങിയാല്‍ കുളിരുപോകും. പോരാത്തതിന് സാമാന്യത്തിലേറിയ പ്രണയവും. പിന്നെപ്പിന്നെ മറിയ അവനെ സ്വീകരിക്കുന്നത് തണുപ്പന്‍ മട്ടിലായി. അവള്‍ അവനോട് പണം ആവശ്യപ്പെടാനും തുടങ്ങി.
അര്‍ജുനാണ് സിനദിലിനോട് പറഞ്ഞത്, മറിയ മാംസം വില്‍ക്കുന്ന കച്ചവടകേന്ദ്രം തുടങ്ങിയ കാര്യം. സിനദില്‍ നടുങ്ങി. അന്നവന്‍ ഓടിപ്പാഞ്ഞ് ചെന്നപ്പോള്‍ അവിടെ മറ്റൊരാള്‍ ഇരിപ്പുണ്ട്.
''ഇത് നെന്റെ കസ്റ്റമറോ അതോ പുതിയ കാമുകനോ?'' -സിനദില്‍ ഉറഞ്ഞുതുള്ളി.
''ഒക്കെത്തിനും നിയ്യാണ് കാരണം സിനന്‍. തൊടക്കമിട്ടത് നീയാണ്ടാ... അത് കഴിഞ്ഞു. ഇനി പഴയ അധികാരോം പറഞ്ഞോണ്ട് വരല്ല്. നെനക്കു മൂക്കുമ്പോ വല്ലപ്പൊഴും വന്നോ. അതൊരൗദാര്യമായി കണ്ടാമതി.''
''അപ്പോ... അപ്പൊ ഞാന്‍ നിന്നെ പ്രേമിച്ചതോ..?'' സിനദിലിന്റെ ശബ്ദമിടറി.
''അതെന്റെ കുറ്റമല്ല.'' അവളുടെ മുഖത്ത് പരിഹാസം!
വളരെച്ചെറിയ കാലം കൊണ്ട് മറിയ താരമായി. തരംഗമായി. അവളുടെ വളര്‍േച്ചടെ ഏതോ ഘട്ടത്തില്‍ അര്‍ജുന്‍ പോലും അവളുടെ ആരാധകനും കസ്റ്റമറുമായി. അതു മനസ്സിലായപ്പോഴാണ് സിനദില്‍ അര്‍ജുന്റെ മുന്നില്‍ ദുഖഭാരത്തോടെ വീണത്. സിനദിലിന് പ്രതികാരം ചെയ്യണമത്രെ! കൂട്ടുകാരന്റെ മുന്നില്‍ അര്‍ജുന്‍ വഴങ്ങി. എന്തു സഹായമാണ് വേണ്ടത് എന്നു ചോദിച്ചപ്പോള്‍ ''ശുദ്ധ പ്രേമത്തെ പൊറങ്കാലിനു തട്ടിയെറില്ലേ അവള്. അവരാതിച്ചി. മുഴുവന്‍ ആണ്‍വര്‍ഗ്ഗത്തിനും വേണ്ടി അവളെ കൊല്ലണം.'' എന്ന് സിനദില്‍ കരഞ്ഞു.  

ഒരു പെണ്ണിനെ രഹസ്യമായി കൊല്ലുന്നത് രസകരമായിരിക്കുമെന്ന് അര്‍ജുന് തോന്നി. പിടിക്കപ്പെടാത്ത മട്ടില്‍ അതെങ്ങനെ വേണമെന്ന് അവര്‍ പദ്ധതിയിട്ടു. തെളിവുകള്‍ അവശേഷിപ്പിക്കാതെ ചെയ്യണം. ആയുധങ്ങള്‍ ശേഖരിച്ചു. പക്ഷേ, ഇപ്പോള്‍ സ്ഥലമെത്തിയപ്പോള്‍ സിനദില്‍ നനഞ്ഞ കിളിയെപ്പോലെ കൂനിപ്പിടിച്ചിരിക്കുന്നു. ആയുധങ്ങള്‍ വച്ച ബാഗ് മറിേയടെ കൈയിലാണ്. അവളത് തുറന്ന് കത്തിയും വാളും ചുറ്റികയും കയറുമൊക്കെ പുറത്തെടുത്തു പരിശോധിച്ചു.
''ഇതെന്തൊക്കെയാ സിനന്റെ ബാഗില് ടൂള്‍സ്? നീയെന്താണ്ടാ വര മത്യാക്കി പുതിയ വല്ല പണീം തൊടങ്ങിയാ..? സത്യത്തിലെന്താണ് നിങ്ങക്കടെ പദ്ധതി?'' അവള്‍ ചിരിച്ചുകൊണ്ട് അര്‍ജുനോട് ചോദിച്ചു.
അവന് സത്യം പറയാനാണ് തോന്നിയത്. അതുകേട്ടപ്പോള്‍ മറിയ കൂടുതല്‍ ഉറക്കെച്ചിരിച്ചു. തുറന്നു ചിരിക്കുമ്പോള്‍ അവടെ മുഖത്ത് പുതിയൊരു ഭാവം വിരിയുമെന്ന് അര്‍ജുന്‍ കണ്ടെത്തി. കുസൃതി കാട്ടിയതിന് പിടികൂടപ്പെട്ട ഒരു ചെറിയ കുട്ടിയുടെ മുഖഭാവം പോലെയെന്തോ..! സെക്‌സിനായി ആളുകള്‍ ചെല്ലുമ്പോള്‍ മറിയയുടെ മുഖത്ത് ഒരു പ്രത്യേക ചിരിയാണത്രെ! അര്‍ജുന്‍ അത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കല്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറിയ പറഞ്ഞു- അത് എനിക്ക് ആണുങ്ങളോടു തോന്നുന്ന ബാല്‍സല്യത്തീന്ന് ഒണ്ടാകുന്നതാണ്ടാ. എന്റെ മോല നൊണയുമ്പഴും എന്റെ മറ്റടത്തൂന്ന് എറങ്ങി തളന്നു കെടക്കുമ്പഴുമൊക്കെ എനിക്ക് തോന്നും. ഒക്കെ എന്റെ കുഞ്ഞുങ്ങളാന്ന്.''
അതുകേട്ടപ്പോള്‍ അവടെ മുഖത്ത് ആഞ്ഞൊരടി കൊടുക്കാനാണ് അര്‍ജുന് തോന്നീത്. ലോകം അംഗീകരിച്ച ഏറ്റവും പവിത്രമായ ഒരു റിലേഷനേക്കുറിച്ചാണ് അവടെ താന്തോന്നിത്തരം.    
ഇപ്പോളിതാ... മറ്റൊരു ചിരി. എന്താണാ ചിരിയുടെ അര്‍ത്ഥം എന്നു കണ്ടെത്താനാവാതെ അവന്‍ കുഴഞ്ഞു. ചോദിച്ചാല്‍ വല്ല താന്തോന്നിത്തരം പറയും. അര്‍ജുന്‍ കൂട്ടുകാരനെ നോക്കി. സിനദിലിന്റെ നെറ്റിയില്‍ വിയര്‍പ്പു ചാലുകളുണ്ട്. അത്ര പരിചയമില്ലാത്ത ഒരു വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വന്നുപെട്ട ഒരു ബാലനെ കണക്കാണ് ഇപ്പോളവന്റെയിരിപ്പ്.
അതിനിടെ മറിയ ചെന്ന് സിനദിലിനോട് ഒട്ടിച്ചേര്‍ന്നു- ''സത്യത്തിലെനിക്ക് ചാവാന്‍ പേടീല്ല. ജീവിച്ചിട്ടും വല്യ കാര്യമില്ല. പാപഭാരോന്നുമല്ല. ഒരുതരം മരവിപ്പ്. വെറും മാംസപിണ്ടമായപോലെ. നൂറുവട്ടം സ്വയം തീര്‍ക്കാന്‍ തോന്നീട്ടൊണ്ട്. പക്ഷെ ധൈര്യം പോരാരുന്നു. ഏതായാലും ഒരാളെ കൊല്ലാനുള്ള നിങ്ങക്കടേക്കെ ധൈര്യമൊണ്ടല്ലോ... അത് നന്നായി. പക്ഷേ ഒരു പ്രശ്‌നോണ്ട്. എേത്രക്കെ തെളിവുകള് ഇല്ലാണ്ടാക്കിയാലും എവിടെ ഒളിച്ചാലും എങ്ങനെയെങ്കിലും നിങ്ങളെ പോലീസ് പൊക്കും. പിന്നെ ഒള്ളകാലം ജയിലും ആടത്തെ ദുരിതങ്ങളും.''''പക്ഷെ നീയെന്നെ വഞ്ചിച്ചത്...'' സിനദില്‍ അവളിലേക്ക് ചാരിയിരുന്നാണ് അത് പറഞ്ഞത്. അവന് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടാരുന്നു. അവന്റെ മുതുകില്‍ അവള്‍ തലോടി. പിന്നെ താങ്ങിയെടുത്ത് വാഷ്‌ബേസിന്റെ അടുക്കല്‍ കൊണ്ടുപോയി. ഛര്‍ദ്ദി കഴിഞ്ഞ ശേഷം തളര്‍ന്ന അവനേത്താങ്ങി. ഞാന്‍ പിടിക്കട്ടെ എന്നു പറഞ്ഞ് അര്‍ജുന്‍ എത്തിയപ്പോള്‍ വേണ്ട എന്നവള്‍ വിലക്കി. സിനദിലിന്റെ കണ്ണുകള്‍ ഭിത്തിയില്‍ ഞാന്നുകിടന്ന ചിത്രത്തിലെത്തി. അവന്‍ വരച്ച മറിയയുടെ പോട്രൈറ്റ്. മുറിയിലെ റെയിന്‍ ഡ്രോപ്പ് ലൈറ്റില്‍ നിന്ന് തുളുമ്പിയെത്തുന്ന തുള്ളിവെട്ടത്തില്‍ ആ ചിത്രം കൂടുതല്‍ കമനീയമായി. ചിത്രത്തിലെ മറിയയുടെ ചുണ്ടിലുള്ള കാമം തുളുമ്പുന്ന ചിരി മാറ്റി വരയ്ക്കണമെന്ന് സിനദിലിനപ്പോള്‍ തോന്നി.  
''അങ്ങനേക്കെ പറ്റിപ്പോയെഡാ... നിന്നെ കെട്ടി ജീവിച്ചാ ചെലപ്പോള്‍ നന്നായിരുന്നേനെ. അതേ... ചെലപ്പോള്. പക്ഷേങ്കി എടയിലെവിടോ എനിക്ക് തെറ്റി. ഈ ലോകത്ത് ആര്‍ക്കെങ്കിലുമൊക്കെ തെറ്റേണല്ലോ... എങ്കിലല്ലേ ലോകം മുന്നോട്ട് പോകൂ സിനന്‍. എല്ലാരും എല്ലാം ശരിയാക്കിയാല്‍ പിന്നൊന്നും ബാക്കി ഒണ്ടാവില്ലല്ലൊ. അല്ലെടാ..?''
സിനദിലിന് അവള്‍ പറഞ്ഞത് മനസ്സിലായില്ല. അര്‍ജുനും. അവര്‍ പരസ്പരം നോക്കി. വെളിയില്‍ വീണ്ടും മഴ. ഒരു ചൂണ്ടുവിരല്‍ ജാലകത്തിലൂടെ ഉള്ളിലേക്ക് തള്ളിക്കേറ്റി മഴയെന്തോ വരച്ചിടുന്നുണ്ട്.  
''ഡാ... നെന്റെ ബാഗില് ഒരുപാട് ടൂള്‍സൊണ്ടല്ലോ... എങ്ങനാണ്ടാ നീയെന്നെ കൊല്ലുന്നത്?''''അത്... അത്...'' അവന് വാക്കുകള്‍ കിട്ടിയില്ല.
''ഒരു പെണ്ണിനെ കൊല്ലാനാണോ സിനന്‍, നിനക്കിത്ര ബത്തപ്പാട്. ഇന്നീ ലോകത്ത് അതെത്ര ഈസിയാണ്. നീയൊരു ചിത്രം വരച്ച് നെറം ചെയ്യുന്നത്ര പാടുണ്ടോ അയിന്. പെണ്ണിനേ കൊല്ലാന്‍ ഒരു ചുറ്റികയോ കയറോ വേണോ? വെറും വാക്കുകള്‍ മാത്രം പോരേ..? നോക്കുകൊണ്ടുപോലും പെണ്ണുങ്ങളെ കൊല്ലുന്നതല്ലേ ലോകം? എന്റെ മരണത്തെ നീ ചുമ്മാ വരച്ചാ മതീഡാ... ഞാന്‍ തീരും.'' അവള്‍ വീണ്ടും ചിരിച്ചു. അവനോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അവന്റെ കനം തൂങ്ങിയ കണ്ണുകളില്‍ അല്പനേരം നോക്കിയിരുന്നിട്ട് അവള്‍ തുടര്‍ന്നു- ''നിങ്ങക്ക് അപകടമില്ലാതെ കാര്യം നടത്താന്‍ ഒരൈഡിയ ഞാന്‍ പറയാം. ഞാനൊരു ചാവുകുറിപ്പെഴുതി പോലീസിനയയ്ക്കാം. അതുകഴിഞ്ഞാലുടന്‍ കയര്‍ എന്റെ കഴുത്തില്‍ ചുറ്റി നീയെന്നെ കൊല്ലണം. എന്നിട്ട് ഈ ഫാനില് തൂക്കണം. അല്ലെങ്കി ബാല്‍ക്കണീന്ന് പുറത്തേക്കിടണം. ചാകാന്നേരം പേടി കൊണ്ട് ഞാന്‍ കുതറിയേക്കും. അപ്പോ നിങ്ങ ബലം പിടിച്ച് ചെയ്യണം. എന്നിട്ട് ഇവിടെ തെളിവൊന്നും അവശേഷിപ്പിക്കാണ്ട് ഓടിപ്പൊക്കോളണം. രണ്ടാളും ഓക്കെയല്ലേ..?''
മറുപടിക്ക് കാത്തുനില്‍ക്കാതെ അവള്‍ സെല്‍ഫോണെടുത്ത് സി ഐയ്ക്ക് സന്ദേശം എഴുതി.  
''ദാ... അയയ്ക്കുന്നു. ആളെന്റെ പുതിയ ചങ്കാണ്. ഇതുകണ്ടാ പെട്ടെന്നിങ്ങെത്തും. അതോണ്ട് നിങ്ങ വേഗം തയാറായിക്കോ...''
സിനദിലും അര്‍ജുനും ചാടിയെഴുന്നേറ്റു. അര്‍ജുന്‍ ഊണുമേശയിലിരുന്ന ജഗ്ഗെടുത്ത് രണ്ടിറക്ക് വെള്ളം കുടിച്ചു. മറിയയുടെ ഫോണ്‍ ശബ്ദിച്ചു. അവളത് കട്ട് ചെയ്തു.
''ദേ... സര്‍ക്കിളേമ്മാന് ഒറക്കമില്ല. ആള് കൊറച്ചുസമയം കൊണ്ട് ഇങ്ങുവരും. അയിനുമുമ്പെല്ലാം തീര്‍ക്കണം. വേഗം... വേഗം. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഒരു പാട്ട് പഠിച്ചതാണ്ടാ... അതൊന്നു മുഴുവനായി പാടി നോക്കുന്നതിനു മുമ്പ് ചാകേണ്ടി വരുന്നതില്‍ മാത്രാണ് വെഷമം. സാരമില്ല. ചെറിയ ജീവിതമാകുമ്പോ അങ്ങനെ പലയിഷ്ടങ്ങളും ഉപേക്ഷിക്കേണ്ടി വരും, അല്ലേണ്ടാ സിനനേ..? നീയൊക്കെ എത്ര ഇഷ്ടങ്ങളാ ഉപേക്ഷിച്ചത്...''
മറുപടി പറയാതെ സിനദില്‍ തിടുക്കപ്പെട്ട് ബാഗെടുത്തു. ആയുധങ്ങള്‍ ചിലമ്പി. വാടാ... എന്ന് അര്‍ജുനെ വിളിച്ചു. 
പുറത്തെത്തി ലിഫ്റ്റിന് കാത്തുനില്‍ക്കാതെ അവര്‍ പടിക്കെട്ടുകളിലൂടെ താഴേക്ക് തുഴഞ്ഞു. അവരങ്ങനെ തുഴഞ്ഞിറങ്ങുമ്പോള്‍, കോണിപ്പടിയുടെ മുക്കിലും ലിഫ്റ്റ് ലോബിയുടെ അങ്ങേത്തലയ്ക്കലും കാലാകാലങ്ങളില്‍ തോറ്റ സദാചാരപ്പടയാളികളുടെ പ്രേതങ്ങള്‍ കൂനിക്കൂടി നില്‍പ്പുണ്ടായിരുന്നു.

Published in Neptune web Magazine -July 2026

Wednesday, February 25, 2026

ബൗദി നോവലിന്റെ പണിപ്പുര

 അഭിമുഖം  വാഗ്ദേവത മാസിക - പൂനെ (Feb 2026)

ബൗദി നോവലിന്റെ പണിപ്പുര - ജ്യോതിലക്ഷ്മി നമ്പ്യാര്‍

(കണക്കൂരിന്റെ നോവലായ ബൗദി, വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ യൗവ്വനകാലത്തെ ചില ദിവസങ്ങളും അദ്ദേഹത്തിന്റെ ജേഷ്ഠപത്‌നി കാദംബരിയുമായുള്ള അടുപ്പവും കര്‍ണ്ണാടകത്തിലെ കാര്‍വാര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നതാണ്. പല പ്രത്യേകതകളുമുള്ള ഈ നോവലിന്റെ രചനയെ കുറിച്ച് കണക്കൂരുമായി ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍ വാഗ്‌ദേവതയ്ക്കു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.)



ജ്യോതിലക്ഷ്മി- അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിനു വെളിയില്‍ നിന്നുണ്ടായ സാഹിത്യ സൃഷ്ടികളില്‍ ഏറെ മികച്ച ഒന്നാണ് താങ്കളുടെ ബൗദി എന്ന നോവല്‍. ഒരു നോവല്‍ എന്ന രൂപത്തിലേക്ക് ബൗദി എന്ന ആശയം കടന്നുവന്നതെങ്ങനെയാണ്?

കണക്കൂര്‍- ബൗദി എന്ന നോവല്‍ കര്‍ണ്ണാടകത്തിന്റെ വടക്കുപടിഞ്ഞാറേയറ്റത്തുള്ള കാര്‍വാറില്‍ സംഭവിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടുകാലം അവിടെ ജീവിച്ചതാണ് ഞാന്‍. ഇന്ത്യ കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനും നോബല്‍ പുരസ്‌കാര ജേതാവുമായ രവീന്ദ്രനാഥടാഗോര്‍ അദ്ദേഹത്തിന്റെ യൗവനകാലത്ത് ഏതാനും മാസങ്ങള്‍ കാര്‍വാറില്‍ കഴിഞ്ഞിട്ടുണ്ട് എന്ന അറിവാണ് സത്യത്തില്‍ എന്നെ ആ ആശയത്തിലേക്ക് നയിച്ചത്. നോവല്‍ എന്ന വാക്കിന്റെയര്‍ത്ഥം പുതിയത് എന്നാണല്ലോ. പുതിയ ആവിഷ്‌കാരമാണ് നോവലില്‍ വരേണ്ടത്. എന്നാല്‍ ടാഗോറിനെ കുറിച്ച് ഇനി എഴുതാനും പറയാനും അറിയാനും ഒന്നുമില്ല എന്നതാണ് പൊതുധാരണ. പക്ഷേ, അദ്ദേഹത്തിന്റെ കാര്‍വാറിലെ ജീവിതം അധികമാരും പറയാത്തതാണ്. ചരിത്രരേഖകളും അധികമില്ല. ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ബൗദി എന്ന നോവല്‍ കെട്ടിയുയര്‍ത്തിയത്. സ്ഥലപരിചയവും കുറേ സഹായിച്ചു. കോവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠിക്കാനും എഴുതാനും സമയവും കിട്ടി.

ജ്യോതിലക്ഷ്മി- രവീന്ദ്രനാഥടാഗോറിന്റെ ജേഷ്ഠപത്‌നിയായ കാദംബരിയുമായി യുവാവായ രവിക്കുണ്ടായിരുന്ന ബന്ധത്തെ വളരെ സൂക്ഷ്മതയോടെയാണ് നോവലില്‍ കൈകാര്യം ചെയ്തത്. അത്തരത്തില്‍ എഴുതുവാന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നോ?

കണക്കൂര്‍- തീര്‍ച്ചയായും. ആ ബന്ധത്തെ പലതരത്തില്‍ പല എഴുത്തുകാര്‍ സമീപിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ, പ്രണയവും ധര്‍മസങ്കടങ്ങളും ആത്മത്യാഗവുമെല്ലാം ചേര്‍ന്ന ഒരു തലമാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തില്‍ സ്വരൂപിച്ചെടുക്കുന്നത് ശ്രമകരമായ പണിയായിരുന്നു. പ്രത്യേകിച്ചും, ലോകം മുഴുവന്‍ അറിയപ്പെട്ട അതിപ്രശസ്തി നേടിയ ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ യൗവ്വനകാലമാണെങ്കില്‍ക്കൂടി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. അവരുടെ ബന്ധത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കൃത്യമായ മീറ്ററില്‍ നിര്‍ത്താന്‍ നോവലില്‍ ഉടനീളം ശ്രദ്ധിച്ചിട്ടുണ്ട്.

ജ്യോതിലക്ഷ്മി- നോവലിലെ മൂന്നു ശ്രദ്ധേയരായ സ്ത്രീകഥാപാത്രങ്ങളില്‍ ഒരാളായ ജ്ഞാനദനന്ദിനിദേവി വളരെ ബോള്‍ഡും തികഞ്ഞ ആത്മവിശ്വാസം ഉള്ളവളുമാണ്. അതേസമയം കാദംബരിയുടെ മുമ്പില്‍ നന്ദിനിദേവി ചെറുതാകുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്. ഈ കഥാപാത്രത്തിനെ അത്തരത്തില്‍ ഉപയോഗിക്കാന്‍ എഴുത്തുകാരന് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നോ? ജ്ഞാനദനന്ദിനിദേവിയെ പ്രതിപാദിക്കുമ്പോള്‍ ഇന്നത്തെ സ്ത്രീസമൂഹത്തെ താങ്കള്‍ ണക്കിലെടുത്തിരുന്നുവോ?

കണക്കൂര്‍- ബ്രിട്ടീഷ് ഇന്ത്യയിലെ, ഇന്ത്യക്കാരനായ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സത്യേന്ദ്രനാഥ ടാഗോറിന്റെ പത്‌നി ജ്ഞാനദനന്ദിനിദേവി ഒരു ചരിത്രവനിതയാണ്. ഇന്നു സ്ത്രീകള്‍ സാരി ഉടുക്കുന്ന രീതിയുടെ ഉപജ്ഞാതാവ് എന്നു തുടങ്ങി പല കാര്യങ്ങളിലും അവരുടെ പേര് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത്തരം ഒരു വനിതാരത്‌നത്തെ നോവലില്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളൊക്കെ വേണമല്ലൊ..? അതേസമയം കഥയില്‍ ടാഗോറിന്റെ ബൗദിയായ കാദംബരിയുടെ സ്ഥാനത്തെ കൃത്യമായി നില നിര്‍ത്തുകയും വേണം. അത് ഏറെക്കുറെ സാധിച്ചു എന്നാണ് നോവല്‍ വായിച്ച പലരും അഭിപ്രായപ്പെട്ടത്. പലപ്പോഴും അവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രംഗങ്ങളും നോവലില്‍ കാണാം. ഇന്നത്തെ സ്ത്രീസമൂഹം വളരെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഒരു വ്യക്തി എന്ന നിലയില്‍ അവള്‍ തുല്യത നേടിക്കഴിഞ്ഞു. ആ നവോത്ഥാന പ്രക്രിയയുടെ തുടക്കങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയും.

ജ്യോതിലക്ഷ്മി- നോവലിലെ ഏറ്റവും മിഴിവുള്ള, ചാരുതയാര്‍ന്ന കഥാപാത്രമാണ് സാബത്ത് എന്ന വീട്ടുവേലക്കാരി. എഴുത്തുകാരന്റെ സ്വന്തം സൃഷ്ടി. പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീ അഷ്ടമൂര്‍ത്തി പറഞ്ഞതുപോലെ നോവലിനെ ഏറെ വ്യത്യസ്തമാക്കുന്നതും ചാരുത വര്‍ദ്ധിപ്പിക്കുന്നതും സാബത്ത് എന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ ഇടപെടല്‍ നോവലില്‍ ആദ്യാവസാനം ശക്തമായി നില്‍ക്കുന്നുണ്ട്. ടാഗോറിന്റെ കഥയ്ക്ക് സമാന്തരമായി സാബത്തിന്റെ ജീവിതവും സംഘര്‍ഷങ്ങളും മുന്നോട്ടു പോകുന്നുണ്ട്. എങ്ങനെയാണ് സാബത്ത് എന്ന പെണ്ണിനെ എഴുത്തില്‍ കൂടെക്കൂട്ടിയത്? ആ സൃഷ്ടി തികച്ചും ആകസ്മികമായിരുന്നോ?

കണക്കൂര്‍- നോവലിലെ ഏറെ ജൈവികമായ ഒരു തലമാണ് സാബത്തിന്റേത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിന് പഠനമെഴുതിയ നിരൂപകയും ഗുരുസ്ഥാനീയയുമായ ഡോക്ടര്‍ മിനി പ്രസാദ് 'സാബത്ത്' എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് എടുത്തു പറയുന്നുണ്ട്. രാസത്വരഗം (കാറ്റലിസ്റ്റ്) പോലെയാണ് ഈ കഥാപാത്രം നോവലില്‍ വര്‍ക്ക് ചെയ്യുന്നത്. കഥയെ അതിന്റെ സ്വാഭാവികമായ ഒഴുക്കിലൂടെ കൊണ്ടുപോകാന്‍ ഈ കഥാപാത്രം ഏറെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഇസ്ലാം പശ്ചാത്തലം പാത്രശക്തി വര്‍ദ്ധിപ്പിച്ചു. എഴുതുന്ന സമയത്ത് വലിയ കാര്യമൊന്നും തോന്നിയില്ല എങ്കിലും ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സാബത്താണ് നോവലിനെ ശരിക്കും ചലിപ്പിച്ചത് എന്ന് മനസ്സിലാകുന്നു. നാട്ടിലുള്ള സുഹൃത്ത് സുനിത ബഷീര്‍ ഈ കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ എഴുതിയിട്ടുണ്ട്. നോവല്‍ എങ്ങനെ ഫ്രെയിം ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ തികച്ചും യാദൃച്ഛികമായി മനസ്സില്‍ വന്നതാണ് അവള്‍. എഴുത്ത് പുരോഗമിച്ചപ്പോള്‍ സാബത്തിന് കൂടുതല്‍ മിഴിവ് വരികയും നോവലില്‍ അഭേദ്യമായ ഒരു സ്ഥാനം ആ കഥാപാത്രം സ്വയം കണ്ടെത്തുകയും ചെയ്തു. എന്റെ സുഹൃത്ത് ശ്രീ സുരേഷ്‌നായര്‍ പറഞ്ഞത്, നോവലിലൂടെ കടന്നുപോകുമ്പോള്‍ മറ്റെല്ലാ കഥാപാത്രങ്ങളെല്ലാം സാങ്കല്പികവും സാബത്ത് മാത്രം ശരിക്കും ജീവിച്ചിരുന്ന ഒരു പെണ്ണുമാണെന്ന് തോന്നും എന്നാണ്. സാബത്തനിന്റെയും അസ്‌റഫിന്റെയും പിന്‍തലമുറക്കാര്‍ ഇന്നും കാര്‍വാറില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ജ്യോതിലക്ഷ്മി- ബംഗാളിയിലെഴുതിയ കാവ്യശകലങ്ങള്‍ പുസ്തകത്തില്‍ പലയിടങ്ങളിലുമുണ്ട്. അദ്ദേഹം ആ വരികളെഴുതിയ കാലത്തെ തിട്ടപ്പെടുത്തി വേണമെല്ലോ അവ കണ്ടെത്താന്‍. അതെങ്ങനെയാണ് സാധ്യമായത്?

കണക്കൂര്‍- നോവലിലെ ടാഗോറിന് 22 - 23 വയസ്സാണുള്ളത്. അതുകൊണ്ട് ടാഗോറിന്റെ കവിതാശകലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആ സമയക്രമവും പാലിക്കണമായിരുന്നു. ഇതിന് ബംഗാളിയും മലയാളവും അറിയുന്ന ഗിരിധരന്‍ പോലെ ചിലരുടെ സഹായം സ്വീകരിച്ചിരുന്നു. കവിതകള്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ചത് സിവില്‍ എഞ്ചിനീയറും കവിയുമായിരുന്ന യു എസ് നാരായണനാണ്. അകാലത്തില്‍ നമ്മേ വിട്ടുപോയ അദ്ദേഹത്തെ സ്മരിക്കുന്നു. ബംഗാളി ഭാഷ മാത്രമല്ല, നോവലിന്റെ പശ്ചാത്തലം, കാലം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നു. 1883-84 ആണ് കാലം എന്ന് ഓര്‍ക്കണം. ഇതിലെ ഏറ്റവും രസകരവും അത്ഭുതവുമുള്ള സംഗതി, നോവല്‍ സംഭവിക്കുന്ന ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവ് ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കാര്‍വാറിലുണ്ട് എന്നതാണ്. അത് ഇന്നും ഉത്തര കന്നഡ ജില്ലയുടെ ജില്ലാമജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക ഭവനമാണ്.  

ജ്യോതിലക്ഷ്മി- നോവലിന് സുകുമാര്‍ അഴിക്കോട് തത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം കിട്ടി. രണ്ടാം പതിപ്പിറങ്ങി. കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പക്ഷേ, ഈ നോവല്‍ അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങളെന്താണ് എന്ന് വിശദമാക്കുമോ?

കണക്കൂര്‍- നോവലിന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ ഒരുപക്ഷേ, ബൗദി എന്ന നോവലിന് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടുണ്ടാവില്ല. അതിന്റെ കാരണം പലതുണ്ട്. ഒരു മറുനാടന്‍ മലയാളിയുടെ നോവല്‍, അത് എത്ര നല്ലതാണെങ്കിലും ശ്രദ്ധിക്കപ്പെടണമെന്നില്ല. പ്രധാനകാരണം, എഴുത്തുകാര്‍ സ്വയം നടത്തേണ്ട പരസ്യപ്രചരണങ്ങള്‍ക്ക് നമ്മള്‍ നില്‍ക്കുന്നില്ല എന്നതാണ്. പരമാവധി നമുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം എന്നുമാത്രം. ഇന്ന് ഒരു പുസ്തകം എഴുതിയാല്‍ മാത്രം പോര. അത് മാര്‍ക്കറ്റ് ചെയ്യേണ്ട ഉത്തരവാദിത്വവും എഴുത്തുകാരന്റേതാണ്. അതു ചെയ്യാത്തതിനാല്‍ കേരളത്തിലുണ്ടാകുന്ന നല്ല പുസ്തകങ്ങള്‍ പോലും താഴേക്ക് പോകുന്നുണ്ട്. പരസ്യപ്രചരണവും സ്ഥിരമായുള്ള ഹൈപ്പ് സൃഷ്ടിക്കലുമൊക്കെ പ്രധാനകാര്യമായി മാറി. വിചിത്രമായ പല പ്രചരണതന്ത്രങ്ങള്‍ ഉപയോഗിച്ച് വളരെ ആവറേജായ പുസ്തകങ്ങളൊക്കെ വലിയ വില്പനകള്‍ നടത്തുന്നുണ്ട്. പക്ഷേ, ഈ പരസ്യതന്ത്രങ്ങളില്‍ വീണ് അത്തരം പുസ്തകങ്ങള്‍ വാങ്ങുന്ന വായനക്കാര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ട്. നല്ല പുസ്തകങ്ങള്‍ വിപണിയില്‍ വീണുപോകുമ്പോള്‍ പ്രസാധകനും എഴുത്തുകാരനും മാത്രമല്ല, വായനക്കാരനും നഷ്ടമുണ്ടാകുന്നു. ഇതൊക്കെ കേരളത്തിലുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ കേരളത്തിന് വെളിയിലുള്ള എഴുത്തുകാരനായ എനിക്ക് അത്ര വിഷമിക്കാനൊന്നുമില്ല. കൊട്ടിഘോഷിക്കപ്പെടുന്നില്ല എങ്കിലും ആനുകാലികങ്ങളിലൊക്കെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പിന്നെ, എന്നേപ്പോലെ ഒരു പാര്‍െട്ടെം എഴുത്തുകാരന് വലിയ സ്വപ്‌നങ്ങളുടെയൊന്നും അവശ്യം വരുന്നില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടാനും സന്തോഷിക്കാനുമാണല്ലോ മറുനാട്ടില്‍ ജീവിക്കുന്ന നമ്മളെല്ലാം പരിശീലിക്കുന്നത്.  

ജ്യോതിലക്ഷ്മി- നോവലിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ഇടപെടലുകളും കഥാസന്ദര്‍ഭങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് ഒരു ചലച്ചിത്രത്തിന് വഴിയൊരുക്കാവുന്നതാണ് എന്ന് ഞങ്ങള്‍ക്കു പലര്‍ക്കും തോന്നിയിട്ടുണ്ട്. എന്താണ് അതിനേക്കുറിച്ച് അഭിപ്രായം.

കണക്കൂര്‍- മലയാളത്തില്‍ പല നോവലുകളും ചലച്ചിത്രങ്ങളായിട്ടുണ്ട്. മാത്രമല്ല, രവീന്ദ്രനാഥടാഗോര്‍- കാദംബരി ബന്ധം നിരവധി ചലച്ചിത്രങ്ങളില്‍ വിഷയമായിട്ടുണ്ട്. പക്ഷേ, ബൗദി എന്ന നോവലിനെ കുറിച്ച് അത്തരം ഒരു കാര്യം പറയാനാകില്ല. ചലച്ചിത്രങ്ങളുടെ ലോകം തികച്ചും വേറിട്ടതും എനിക്ക് ഏറെക്കുറെ അപരിചിതവുമാണ്. ചലച്ചിത്ര മേളകളില്‍ പോകുന്നതും നല്ല സിനിമകള്‍ കാണുന്നതുമാണ് എനിക്കുള്ള ബന്ധം. എങ്കിലും പറയട്ടെ, എന്റെ ഒരു ബാലസാഹിത്യപുസ്തകം ചലച്ചിത്രമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അല്ലാതെ, ബൗദിയുടെ ചലച്ചിത്രരൂപത്തെ കുറിച്ചോ സാധ്യതയെക്കുറിച്ചോ എനിക്കു വലിയ പിടിയില്ല.

ജ്യോതിലക്ഷ്മി- പല കാരണങ്ങള്‍ കൊണ്ടും വേറിട്ട ഒരു വായനാനുഭവം നല്‍കുന്ന നോവലാണ് ബൗദി. മുംബൈ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും നോവലിനെ കുറിച്ചുള്ള നല്ല ചര്‍ച്ചകളുണ്ടായി. ഏതാനും മാസങ്ങള്‍ മുമ്പ് കല്യാണ്‍ സമാജത്തിലും നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും നോവല്‍ മലയാളിയുടെ വായനാലോകത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. എല്ലാ ഭാവുകങ്ങളും നേരുന്നു.