"അമ്പിയമ്മേ.... അമ്പിയമ്മേ.... എനിക്കൊരു കത പറഞ്ഞുതാ ...." മീനാക്ഷി കൊഞ്ചി .
അമ്പിയമ്മ മുറുക്കാന്‍ ചെല്ലത്തില്‍ പൊയ്ലക്കഷണം പരതുകയായിരുന്നു . ഉമ്മറത്ത് മണലില്‍ അരിക്കുന്ന അമ്പലപ്രാവുകളെ വിട്ട് മീനാക്ഷി തിരിഞ്ഞതാണ് .
അവര്‍ തലയാട്ടി .
നടവഴിയരികില്‍ വെയില്‍ കോരിക്കുളിച്ചുനിന്ന മന്ദാരവും മൈലാഞ്ചിയും തലയിളക്കി .
അടക്കയുടെ തോട് അവള്‍ കുഞ്ഞിക്കയ്യില്‍ എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു . പ്രാവുകള്‍ 'പട പട ' എന്ന് ശബ്ദമുണ്ടാക്കി പറന്നുപോയി.
അമ്പിയമ്മ മീനാക്ഷിയെ അടുത്തിരുത്തി . " ഇന്ന് ഏതു കഥ വേണം മീനുമോക്ക് ? "
"അമ്പലപ്രാവുകടെ കത മതി. "
അവര്‍ പറന്നുപോകുന്ന പ്രാവുകളെ നോക്കി. അവ തെങ്ങുകള്‍ക്ക് വലംവച്ച് വൈക്കോല്‍ കൂനയുടെ ചുവട്ടില്‍ തിരികെ പറന്നിറങ്ങി .
ഇണപ്രാവുകള്‍ ! അമ്പിയമ്മ നെന്മണി കൊത്തിപ്പെറുക്കുന്ന ആ പറവകളിലേക്ക് കണ്ണയച്ചു .
അവര്‍ ഒരു കയ്യ് കൊണ്ട് കൊച്ചുമകളെ ചേര്‍ത്ത് പിടിച്ചു . എന്നിട്ട് പറഞ്ഞു തുടങ്ങി :-
" മക്കളോട് ഒത്തിരി സ്നേഹം ഉള്ളവര്‍ മരിച്ചാല്‍ അവര്‍ അമ്പലപ്രാവുകള്‍ ആയി തിരികെ ഭൂമിയില്‍ ജനിക്കുന്നു ..സ്നേഹം ഇല്ലാതെ തന്നിഷ്ടത്തിനു ജീവിച്ചാല്‍ പിന്നീട് അവര്‍ കാക്കയായി പുനര്‍ജ്ജനിക്കും . "
"കാക്കയായാല്‍ എന്താ കൊഴപ്പം ? " മീനാക്ഷി ചോദിച്ചു . മീനാക്ഷിക്ക് പോടനേയും കരീലക്കിളിയെയും പോലെ കാക്കകളേയും ഇഷ്ടമാണ് . അവള്‍ക്ക് ചുറ്റുമുള്ള എല്ലാത്തിനേം ഇഷ്ടമാണ് .
അമ്പിയമ്മ തുടര്‍ന്നു :- " കാക്കകള്‍ പിന്നീട് സ്വന്തം മാത്രമല്ല ... കുയിലിന്റെ കുഞ്ഞിനേയും വളര്‍ത്തണം . അത് അവര്‍ക്കുള്ള ശിക്ഷയാണ് . അവ ചീത്ത സാധനങ്ങള്‍ കൊത്തിത്തിന്നില്ലേ .. ചുള്ളിക്കമ്പുകള്‍ കൊണ്ടു വെയിലും മഴേം കൊള്ളുന്ന വീടല്ലേ അവ വെക്കുന്നത് .... അമ്പലപ്രാവുകളോ ? അവ സ്വന്തം കുഞ്ഞിന് പാലൂട്ടി വളര്‍ത്തും. "
പ്രാവ് കുഞ്ഞിനു പാല്‍ നല്‍കുമോ ? അത് മീനുമോള്‍ക്ക് ഒരു പുതിയ അറിവായിരുന്നു .
" അമ്പല പ്രാവുകള്‍ എന്നും ഭഗവാനെ തൊഴുത് ചുറ്റമ്പലത്തിന്റെ മച്ചുമ്പുറത്ത് കഴിയുന്നു . ഇടയ്ക്ക് അവ ഇതുപോലെ പറന്നിറങ്ങും . തങ്ങള്‍ക്കു ഇഷ്ട്ടപെട്ടവരെ കാണാന്‍ ..."
അമ്പിയമ്മ വൈക്കോല്‍ കൂനയുടെ കീഴ്വട്ടത്തില്‍ പരതി നടക്കുന്ന പ്രാവുകളെ നോക്കി . അതില്‍ ഒരു പ്രാവ് അവരെ നോക്കുന്നുണ്ട് .
നടവഴിയിലൂടെ പടിക്കെട്ടുകളോളം മെല്ലെ നടന്നുവന്ന അതിന്റെ കഴുത്തില്‍ നീലിമ തിളങ്ങുന്നു .
അമ്പിയമ്മ അതിനെ നോക്കി പറഞ്ഞു- " എടാ നീലാണ്ടാ.. ഇന്റെ മോളൂട്ടി സുഖമായി കഴീന്നുണ്ട് ..."
" അമ്പിയമ്മ ആരോടാ വര്‍ത്താനം ചെയ്യണത് ? പ്രാവിനോടാ ? "
" ഉം. അത് മീനുമോളെ കാണാന്‍ വന്നതാ ... പാവം പ്രാവ് .. അല്ലെ ? "
അവള്‍ കൌതുകത്തോടെ ആ പ്രാവിനെ നോക്കി . പിന്നെ ഒരുപിടി അരി എടുക്കുവാന്‍ അകത്തേക്ക് ഓടി .
" നീലാണ്ടാ.. ഇപ്പം ഭാര്യേം കുട്ടികളും ഒക്കെ ആയി സുഖമല്ലേ ... പിന്നെ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത് ? "
" ഞാന്‍ ന്റെ മോളെ വിളിവാന്‍ വന്നതാ ... " പ്രാവ് പറഞ്ഞുവോ ? അതോ അവര്‍ക്ക് തോന്നിയതോ !
അമ്പിയമ്മ എഴുനേറ്റ് കൈ ആട്ടി . " പൊയ്ക്കോ .. നീ അവളെ അധികം സ്നേഹിക്കണ്ട.. "
ആ പ്രാവ് പറന്നു പൊങ്ങി . പുറകെ മറ്റു പ്രാവുകളും . അമ്പിയമ്മ മുറുക്കാന്‍ ചെല്ലവുമായി അകത്തേക്ക് നീങ്ങി .
ഒരു പിടി അരിയുമായി വന്ന മീനാക്ഷി അവിടെ ഒരു പ്രാവിനേയും കണ്ടില്ല !
തൈത്തെങ്ങിന്റെ കൈയില്‍ ഒരു കാക്ക ഇരിക്കുന്നുണ്ട് . അവള്‍ കുഞ്ഞുകയ്യാല്‍ വിതറിയ അരിമണികള്‍ താഴേക്കു പറന്നിറങ്ങിയ കാക്ക സ്നേഹത്തോടെ കൊത്തിത്തിന്നു . ശേഷം നാളെ വരാം എന്നുപറഞ്ഞിട്ട് ആ കറുപ്പ് പറന്നുപോയി.
കുഞ്ഞുമീനാക്ഷി സന്തോഷത്തോടെ കൈ വീശി .
-------------------------------------kanakkoor ..............