Friday, April 4, 2025

കഥ- കോട്ടണ്‍ കഫെ

 കോട്ടണ്‍ കഫെ

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍


അയാളുടെ കണ്ണുകള്‍ മിക്കനേരവും കോട്ടന്‍ കഫെയുടെ ചുറ്റും വട്ടംചുറ്റി.   

കഴിഞ്ഞ കുറച്ചുകാലമായി ആ കഫെയുടെ മുമ്പില്‍ മാത്രം വലിയ തിരക്കുണ്ട് എന്നയാള്‍ കണ്ടെത്തി. ചെറുപ്പക്കാരാണ് കൂടുതല്‍. അവര്‍ നിര്‍ത്തില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. സാധാരണ കഫെകളില്‍ കാണാത്ത ചിട്ടയോടെയാണ് അവര്‍ പെരുമാറിയിരുന്നത്. എന്തായിരിക്കാം അവിടെ അത്ര തിരക്ക് എന്നയാള്‍ക്ക് പിടികിട്ടിയില്ല. അതിനടുക്കല്‍ ചെന്ന്, ആരുടെയും ശ്രദ്ധ ലഭിക്കാത്ത മട്ടില്‍ തൂങ്ങിനിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷെ സങ്കോചം കൊണ്ട് അതിന് കഴിഞ്ഞില്ല. കാപ്പിയും ചായയും വിവിധതരം ചെറുകടികളുമല്ലാതെ എന്താണ് അവിടെ പ്രത്യേകമായി ഉള്ളത്? അയാള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു.  

കഫെയുടെ കൗണ്ടറില്‍ ഇരിക്കുന്ന മദ്ധ്യവയസ്‌കയെ അയാള്‍ കുറച്ചുകാലമായി കാണുന്നതാണ്. എന്നാല്‍ ഒരിക്കലും അവര്‍ അയാളോട് പരിചയം നടിച്ചിട്ടില്ല. പിന്നെ ശ്രദ്ധയില്‍പ്പെട്ടത് അടുത്തകാലത്ത് അവിടെ ജോലിക്കുചേര്‍ന്ന ചെറുപ്പക്കാരനാണ്.  നല്ല ചുറുചുറുക്കുള്ള യുവാവ്. അവനാണ് കഫെയിലെ  തിരക്കിന് കാരണം എന്നയാള്‍ സംശയിച്ചു.  

രാത്രി ഒമ്പതുമണിയോടെ ടൂറിസ്റ്റുകള്‍ കുറയും. ശേഷം അവിടെയുള്ള കഫെകളും കരകൗശലസാമഗ്രികള്‍ വില്‍ക്കുന്ന കടകളുമെല്ലാം സാധരണഗതിയില്‍ അടയും. ചില ബാറുകള്‍ മാത്രമാണ് പിന്നെ പ്രവര്‍ത്തിക്കുക. എന്നാല്‍ ഒമ്പതു കഴിഞ്ഞിട്ടും കോട്ടണ്‍ കഫെയില്‍ തിരക്കുണ്ട്. അയാള്‍ക്ക് ഇരിപ്പുറച്ചില്ല. സ്വന്തം കട പൂട്ടി അയാള്‍ കോട്ടണ്‍ കഫെയുടെ മുന്നിലെത്തി. കടയിലെ ചെറുപ്പക്കാരന്‍ കര്‍ത്തവ്യനിരതനാണ്. പക്ഷെ തിരക്കിനിടയിലും അവന്‍ അയാളെ നോക്കിച്ചിരിച്ചു. ചായയൊ കാപ്പിയോ വേണ്ടത് എന്നു ചോദിച്ചു. എന്തു സൗമ്യമാണ് അവന്റെ ചിരി! അയാള്‍ക്കു സത്യത്തില്‍ വേണ്ടിയിരുന്നില്ല എങ്കിലും ഒരു ചായ തരാന്‍ പറഞ്ഞു. 

അവന്‍ ചായ എടുക്കുന്നത് അയാള്‍ നോക്കിനിന്നു. എത്ര നിര്‍മ്മലതയോടെയാണ് അവന്‍ ചായ ഉണ്ടാക്കുന്നത് എന്നയാള്‍ക്കു തോന്നി. അയാള്‍ സ്വന്തം പണിക്കാരെ കുറിച്ച് ഓര്‍ത്തു. അവരാരും ഒന്നു ചിരിക്കാറുപോലുമില്ല എന്നയാള്‍ തിരിച്ചറിഞ്ഞു. ചായ കുടിച്ചുകൊണ്ട് പണം കൊടുക്കാന്‍ ചെന്നു. കൗണ്ടറില്‍ ഇരിക്കുന്ന മദ്ധ്യവയസ്‌ക പതിവില്ലാതെ അയാളോടു ചോദിച്ചു- ''എന്താണ് നിങ്ങള്‍ക്കിന്ന് ഇവിടെനിന്ന് ചായ കുടിക്കാന്‍ തോന്നിയത്?''

പിടിക്കപ്പെട്ടവന്റെ സങ്കോചത്തില്‍ അയാള്‍ ചുരുങ്ങി. പിന്നെ രണ്ടും കല്പിച്ച് അയാള്‍ ചോദിച്ചു. ''ഇവിടെ എന്നും നല്ല തിരക്കുണ്ട്. ഞങ്ങള്‍ക്കൊന്നും ഇല്ലാത്ത തിരക്ക്. എന്താണ് കോട്ടണ്‍ കഫെയില്‍ പ്രത്യേകമായുള്ളത്?''

സ്ത്രീ അയാളോട് സൗമ്യമായി മൊഴിഞ്ഞു- ''നോക്കൂ... ഇവിടെ അടുത്തകാലത്തെങ്ങും തിരക്ക് കൂടിയിട്ടില്ല. മുമ്പും ഇങ്ങനെതന്നെയാരുന്നു. തിരക്കുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. പ്രായമേറിവരുന്നില്ലേ... താങ്കളുടെ പണിക്കാര്‍ക്കും പ്രായമേറുന്നുണ്ടാകാം. സ്വന്തം ഇടങ്ങള്‍ക്ക് പ്രായമേറുമ്പോള്‍ ദൂരെയുള്ള ഇടങ്ങളില്‍ കൂടുതല്‍ തിരക്കുണ്ടെന്ന് തോന്നും.''

അയാള്‍ മറുപടി പറയാതെ ചായ ഊതിക്കുടിച്ചു. സത്യത്തില്‍ ആ സ്ത്രീ പറഞ്ഞത് പൂര്‍ണ്ണമായും അയാള്‍ക്കു മനസ്സിലായിരുന്നില്ല. 

ചായയുടെ പണം നീട്ടിയപ്പോള്‍ അവര്‍ വിലക്കി. ''വേണ്ട. നിങ്ങള്‍ എന്റെ കസ്റ്റമറല്ലല്ലൊ. നമ്മള്‍ അടുത്തടുത്തുള്ള രണ്ടു കച്ചവടക്കാര്‍. അങ്ങനെ നോക്കുമ്പോള്‍ ബന്ധുക്കളുമാണ്.''

ബന്ധുക്കളോ? അയാള്‍ അമ്പരന്നു. പിന്നെ മെല്ലെ തിരികെ നടക്കാന്‍ തുടങ്ങി. 

''ഒരു നിമിഷം നില്‍ക്കൂ.'' സ്ത്രീ വിളിച്ചു. അവര്‍ കടയില്‍ നിന്ന് ഇറങ്ങി അയാളുടെ അടുത്തു വന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ പറഞ്ഞു- ''നിങ്ങള്‍ വേവലാതിപ്പെടേണ്ട. നിങ്ങളുടെ മനസ്സിന് പ്രായമാകാതെ നോക്കിയാല്‍ മതി.'' എന്നിട്ട് ഒരു പൊതി അയാള്‍ക്കു കൈമാറി. ''വീട്ടിലെത്തിയിട്ട് ആരും കാണാതെ രഹസ്യമായി തുറന്നു നോക്കുക. മനസ്സിന് പ്രായമാകാതിരിക്കാനുള്ള സൂത്രവിദ്യ ഇതിലുണ്ട്. അത് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് മറ്റുള്ള ഇടങ്ങളെ കുറിച്ച് ശരിയായ കാഴ്ച ലഭിക്കും.'' 

പൊതി വാങ്ങി അയാള്‍ അവരെ അത്ഭുതത്തോടെ നോക്കി.

അയാള്‍ തിരികെ നടക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. ''രഹസ്യമായി തുറക്കണേ...'' 

വീട്ടിലെത്താന്‍ അയാള്‍ക്ക് ഏറെദൂരം പോകേണ്ടതുണ്ടായിരുന്നു. പൊതിയില്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് ആ ദൂരം ഏറ്റവും വേഗത്തിലാണ് അയാള്‍ പിന്നിട്ടത്. രഹസ്യമായി തുറക്കണമെന്ന നിര്‍ദ്ദേശം അയാളുടെ ആകാംക്ഷയെ കൂടുതല്‍ ശക്തമാക്കി. വീട്ടിലെത്തിയപ്പോള്‍ അയാള്‍ ഭാര്യയോട് വീട്ടില്‍ ഒന്നിനും വേഗം പോര എന്ന് പരാതി പറഞ്ഞു. ഭക്ഷണം എടുക്കാനും ഉറങ്ങാനും പതിവില്ലാതെ തിടുക്കം കൂട്ടി. പാവം സ്ത്രീ, ആകുന്ന വേഗത്തില്‍ എല്ലാം ചെയ്തു. രാത്രി ഭാര്യ ഉറങ്ങി എന്ന് ഉറപ്പായപ്പോള്‍ അയാള്‍ എഴുന്നേറ്റ് ആ പൊതിയുമായി പുറത്തിറങ്ങി. ഇരുട്ടിലൂടെ നടന്ന് വീടിനു പിന്നിലെ ഏതോ ഒരു കോണിലെത്തി. തണുത്ത കാറ്റ് സാമാന്യം നന്നായി വീശുന്നുണ്ട്. അമ്പിളിവെട്ടമുണ്ട്. തണുത്തു വിറച്ചു നിന്നുകൊണ്ട് ആ വെട്ടത്തില്‍ അയാള്‍ പൊതിയഴിക്കാന്‍ തുടങ്ങി.

പതിവില്‍ കവിഞ്ഞ ആകാംക്ഷയോടെയാണ് അയാള്‍ അതു ചെയ്തത്. അതിനിടെ, അഴിഞ്ഞു വന്ന പൊതിയില്‍ നിന്ന് എന്തോ താഴെവീണു. അയാള്‍ നടുക്കത്തോടെ താഴേക്ക് നോക്കി. പുല്‍പ്പടല്‍പ്പുകളാണ്. അമ്പിളിവെട്ടത്തില്‍ അത് തിരഞ്ഞു കണ്ടുപിടിക്കാന്‍ അയാള്‍ക്കായില്ല. അയാള്‍ തിടുക്കപ്പെട്ട് വീട്ടിലെത്തി. ഒരു ചൂട്ട് കത്തിച്ചെടുത്ത് വീണ്ടും പറമ്പിന്റെ കോണിലെത്തി. ചൂട്ടുവെട്ടത്തില്‍ തിരയാന്‍ തുടങ്ങി. പക്ഷെ, എവിടെനിന്നാണ് പൊതിയഴിച്ചത് എന്നയാള്‍ക്ക് കണ്ടെത്താനായില്ല. രാവേറെച്ചെന്നിട്ടും അയാള്‍ക്ക് പൊതിഞ്ഞ പേപ്പറോ അതിനുള്ളില്‍ നിന്ന് നിലം പതിച്ച രഹസ്യമൊ കണ്ടെത്താനായില്ല.

അടുത്ത ദിവസം അയാള്‍ തികഞ്ഞ വൈക്ലബ്യത്തോടെയാണ് കടയില്‍ ചെന്നതും നിന്നതുമെല്ലാം. അന്നും കോട്ടണ്‍ കഫെയില്‍ വലിയ തിരക്കുണ്ട്. അയാളുടെ കടയില്‍ തീരെ തിരക്കില്ല. വൈകിട്ട് കട മൂടാറാകുംവരെ അയാള്‍ ഒരുവിധം സമയം തള്ളിനീക്കി. പണിക്കാരെ അല്പം നേരത്തെ പറഞ്ഞയച്ചിട്ട് അയാള്‍ കട മൂടി. ശേഷം കോട്ടണ്‍ കഫെയില്‍ ചെന്നു. 

മദ്ധ്യവയസ്‌ക അയാളെ കണ്ടു. ''ഓ... നിങ്ങള്‍ വീണ്ടും കട മൂടിയിട്ട് ഇവിടെവന്നോ? അപ്പോള്‍ നിങ്ങളാ പൊതി തുറന്നു നോക്കിയില്ല അല്ലേ? നിങ്ങളുടെ പക്കല്‍ നിന്ന് അതു നഷ്ടപ്പെട്ടുവോ?''

അയാള്‍ അമ്പരപ്പോടെ അവരെ നോക്കി. ''പക്ഷെ, നിങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലായി?'' അയാളുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. 

അവര്‍ ഒന്നും പറയാതെ മന്ദഹസിച്ചു. കോട്ടണ്‍ കഫെയില്‍ വല്ലാത്ത തിരക്കുണ്ട്. അയാള്‍ ആ തിരക്കില്‍ പെട്ടു. ആള്‍ക്കൂട്ടം അയാളെ തിക്കിഞരക്കി. അയാള്‍ക്ക് ശ്വാസം മുട്ടി. നല്ല തളര്‍ച്ചയോടെയാണ് അയാള്‍ വീട്ടിലേക്ക്് നടന്നത്. വളരെ വൈകിയാണ് വീടെത്തിയത്. ഭാര്യ ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു. അയാള്‍ നടന്നതൊക്കെ ഭാര്യയോട് പറഞ്ഞു. അവള്‍ എല്ലാം കേട്ടു. ''എന്റെ അശ്രദ്ധകൊണ്ട് എനിക്ക് ആ രഹസ്യം അറിയാന്‍ കഴിഞ്ഞില്ല.''

ആ  സ്ത്രീ അയാളെ കരുണയോടെ നോക്കി. എന്നിട്ട് ദേഹത്ത് ചേര്‍ത്തുപിടിച്ച് പറഞ്ഞു- ''അത് അത്ര വലിയ രഹസ്യമൊന്നും ആയിരിക്കില്ല. നിങ്ങള്‍ നമ്മുടെ കട അടയ്ക്കുന്നതിന് മുമ്പ് അവരുടെ കടയില്‍ ചെന്ന് നമ്മുടെ കടയിലേക്ക് നോക്കിയാല്‍ മതി.'' 

അയാള്‍ ഭാര്യയെ അത്ഭുതത്തോടെ നോക്കി. 

''നമ്മുടെ കടയില്‍ നല്ല തിരക്കുണ്ട്. ആ കടയുടെ വരുമാനം കൊണ്ടല്ലേ നമ്മുടെ മക്കളെ നല്ല നിലയില്‍ ആക്കിയത്. നമ്മള്‍ നല്ല നിലയില്‍ ജീവിക്കുന്നത്. അവിടെ തിരക്കുള്ളതു കൊണ്ടല്ലേ നിങ്ങള്‍ എന്നും ക്ഷീണിച്ചു വരുന്നത്. നമ്മുടെ പണിക്കാരും മിടുക്കരാണ്. അവരേപ്പോലുള്ള പണിക്കരെ കിട്ടിയതാണ് നമ്മുടെ ഭാഗ്യം.'' 

ശരിയാണ് എന്ന് അയാള്‍ തല കുലുക്കി. ''പിന്നെ അവര്‍ എന്തായിരിക്കും രഹസ്യം പൊതിഞ്ഞു നല്‍കിയത്?''  

''നിങ്ങള്‍ എത്ര പാവമാണ്.'' അവള്‍ ഭര്‍ത്താവിനെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു.  

 =======================