Saturday, November 5, 2011
കുരുക്കുകള്‍ (മിനികഥ)
Friday, October 28, 2011
ഉമ്പുറുപ്പാപ്പന്റെ തിരോധാനം
Sunday, October 9, 2011
മീന്‍ (ചെറുകഥ)
Thursday, September 29, 2011
പിഴച്ച ഓപ്പറേഷന്‍ (കുഞ്ഞുകഥ)
സദാനന്ദന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കി കണ്ണ് മിഴിച്ചു.
'അപ്പോള്‍ ലേഡിഡോക്ടര്‍ പറഞ്ഞത് ശരിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണ് .'
ഇതെങ്ങനെ സംഭവിച്ചു ? അയാള്‍ കുഴങ്ങി. സദാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് ഓപ്പറേഷന്‍ ചെയ്തതാണ്. അതിന് സര്‍ക്കാര്‍ വക സമ്മാനങ്ങള്‍ കിട്ടി. പിന്നെ ഓഫീസില്‍ നിന്ന് അതിന്റെ ഇന്‍ക്രിമെന്റ് വാങ്ങി. എന്നിട്ടിപ്പോള്‍ ! ഓപ്പറേഷന്‍ ചെയ്ത മമ്മത് ഡോക്ടര്‍ക്ക് തെറ്റിയോ ?
സദാനന്ദന്‍ റിപ്പോര്‍ട്ടും കൊണ്ട് മമ്മത് ഡോക്ടറിന്റെ അടുക്കല്‍ ചെന്നു. ഡോക്ടര്‍ റിപ്പോര്‍ട്ട് നോക്കി. ഏതായാലും തന്നെ ഒന്ന് പരിശോധിക്കാം എന്നായി ഡോക്ടര്‍. പരിശോധന കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു- " എന്റെ ഓപ്പറേഷന്‍ പിഴച്ചിട്ടില്ല .. സദാനന്ദന്‍ വീട്ടില്‍ ചെന്നു ഭാര്യയോട് ചോദിക്ക്.. "
അയാള്‍ വിഷമത്തോടെ വീടെത്തി. അയാള്‍ ഭാര്യയോട് ഡോക്ടര്‍ പറഞ്ഞ കാര്യം പറഞ്ഞു. അവള്‍ അയാളുടെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു- " ഉം ... എനിക്കറിയാം . അയാള്‍ ഒരു കള്ളനാ.. " അയാള്‍ക്ക് ആശ്വാസമായി .
അയാള്‍ ഏറ്റുചൊല്ലി- " അതെ പൊന്നെ. എനിക്കും തോന്നി. മമ്മത് ഡോക്ടര്‍ ഒരു കള്ളനാ.. "
ഭാര്യ മെല്ലെ ചിരിച്ചു.
Monday, September 5, 2011
പട്ടം പറത്തല്‍
കാറ്റിന്റെ തോളിലേറി എന്റെ പട്ടം
ആകാശം പൂകുന്നനേരം,
അതോടൊപ്പം മുകളിലെത്തുന്നത്
എന്റെ കണ്ണുകള്‍ മാത്രമല്ല...
നൂലിഴകളിലൂടെ പടര്‍ന്നു കയറുന്നു..
എന്റെ ദേഹിയും.
മേലാപ്പില്‍ നിന്ന് ഞാന്‍ കാണുന്നു
നിന്നെ,
നിന്റെ പാതകളില്‍ പതിയിരിക്കുന്ന
ഒരു പറ്റത്തെ..
നിനക്ക് തെറ്റുന്ന വഴികളെ …
വഴികള്‍ ചേര്‍ത്തോരുക്കുന്ന വലകളെ.
പിന്നെ,
ഭൂമിയില്‍ നിലകൊണ്ട് നൂലിഴ പിടിച്ച്
എന്നെ നിയന്ത്രിക്കുവാന്‍ വെമ്പുന്ന
എന്നെയും !!
പട്ടം പറത്തി അതിലേറി വരൂ...
നമുക്ക് ദര്‍ശിക്കാം ഭൂമിയുടെ പരമാര്‍ത്ഥം .
കുന്നിടങ്ങള്‍ ഒളിപ്പിച്ച
ദുര്‍ബ്ബലതകള്‍ വെളിപ്പെടും.
ആകാശത്തിന്റെ മൌനമുദ്രയുടെ ഹേതുവും ,
വെള്ളരേഖകള്‍ കോറിയിട്ട രൂപങ്ങളിലെ
യാഥാര്‍ത്ഥ്യവും അറിഞ്ഞിടാം
പക്ഷെ
ചിലപ്പോള്‍ നൂല് പൊട്ടും
കാറ്റില്‍ ആടിയുലഞ്ഞ് തെന്നിയിറങ്ങി
കൂര്‍ത്ത ചില്ലകളിലോ
മുള്ളുകളിലോ ചെന്നുപതിക്കും.
ഉയര്‍ന്നു പൊന്തിയതിന്റെ 'ശിക്ഷ'.
Wednesday, August 10, 2011
വാക്കുകള്‍ക്കായി കാത്തിരിക്കുമ്പോള്‍
വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..
വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,
പിന്നെയും അനേകം വാതായനങ്ങളിലൂടെ
വെറുപ്പിക്കുന്ന ചിത്രങ്ങളും
വെറി പിടിപ്പിക്കുന്ന ചിന്തകളുമായി
വേദനകളും പരിദേവനങ്ങളുമായി
വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.
എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..
മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും
നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.
എന്നെങ്കിലും വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്
കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,
ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ
തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ
മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?
പക്ഷെ,
നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍
വാക്കുകള്‍ തോറ്റോടുകയാണല്ലോ !
ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?