Thursday, January 30, 2014

ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ

ഞാൻ വളരെ കഷ്ട്ടപ്പെട്ട് ഒരുദിവസം  കായലോരത്തെ അവളുടെ വീട് കണ്ടെത്തി. റോടിൽ നിന്നും കുറച്ചു ദൂരെയായിരുന്നു ആ ചെറിയ വീട് . അവൾ ഷൈല - എനിക്കൊപ്പം അവാർഡ്‌ ലഭിച്ച എഴുത്തുകാരി.
ചായക്കപ്പുമായി ഞങ്ങൾ കായലോരത്തേക്ക് നടന്നു. എഴുത്ത്  ഒരു ഹരമാണ് എന്നവൾ പറഞ്ഞു.
"എഴുതുമ്പോൾ ഒരു സുഖം ഉണ്ട്. വേറെ ചില ലോകത്തേക്ക് അനായാസം കടന്നെത്താം."
അവൾ എഴുതുന്ന വിഷയങ്ങളാണ് എന്നെ അതിശയിപ്പിച്ചത്. അസാധാരണമായ ചിലത്.  'ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ ' എന്ന കഥ അത്തരത്തിൽ ഒന്നായിരുന്നു.
"എനിക്കറിയില്ല ...എന്റെ ആ കഥയിലെ നായികയെ പോലെ ഒരുപക്ഷെ ഞാനും ആത്മഹത്യ ചെയ്യുമാരിക്കും." കായലിലേക്ക് ചാഞ്ഞുനിന്ന തെങ്ങിൽ ചാരിനിന്ന് ഷൈല പറഞ്ഞു. അവളുടെ കയ്യിൽ ഇരുന്ന ചായക്കപ്പ്  തിളച്ചുപൊങ്ങുന്നു.
ഞാൻ ഒരു ചെറിയ ഞെട്ടൽ വിദഗ്ദമായി വിഴുങ്ങി  അവളെ നോക്കി. അവൾക്ക്  ഇരുനിറം . തിങ്ങെ മുടി. നല്ല മാറിടം. പക്ഷെ കണ്ണുകളിൽ കാലഘട്ടത്തെ നിഷേധിക്കുന്ന ഭാവം !
"പക്ഷെ ഷൈല കഥയേയും ജീവിതത്തേയും കൂട്ടികുഴക്കരുത്. ജീവിക്കുവാനും  എത്രയോ സൂത്രവാക്യങ്ങൾ ഉണ്ട് ?"
അവൾ ചിരിച്ചു.
"നിങ്ങൾക്ക് അറിയുമോ എന്റെ അച്ഛൻ വർഷങ്ങൾ മുൻപ് കയറാപ്പീസിൽ തൂങ്ങി മരിച്ചതാണ്. പോലീസ് വരുവാൻ വൈകിയതിനാൽ  ഒരു ദിവസം മുഴുവൻ അച്ഛൻ അവിടെ ജനത്തിന് കാഴ്ച്ചവസ്തുവായി  തൂങ്ങിക്കിടന്നു... ചേച്ചി ഈ കായലിൽ ചാടി .... പിന്നെ  എന്റെ ചേട്ടൻ വീടിനടുത്ത മരത്തിൽ. അതിന്റെ കാരണം എത്ര മിനക്കെട്ടിട്ടും ചികഞ്ഞു കണ്ടുപിടിക്കുവാൻ ആയില്ല."
ചെറുകഥാമത്സരത്തിൽ  അവൾക്ക് ഒന്നാം സ്ഥാനവും എനിക്ക് രണ്ടാം സ്ഥാനവും ആയിരുന്നു.
ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്ന പ്രശസ്ത സാഹിത്യകാരൻ പറഞ്ഞു- "ഒന്നാം സമ്മാനത്തിന് അർഹമായ 'ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ' എന്ന കഥയിൽ   കഥാകൃത്ത് ഉപയോഗിച്ച ചില രൂപകങ്ങൾ എന്നെ ഭയപ്പെടുത്തുന്നു . അവ വായനക്കാരനെ കരിനാഗങ്ങൾ പോലെ ആഞ്ഞ്  ദംശിക്കുന്നു. ആത്മഹത്യ ഇത്രയും സത്യസന്ധമായി ആരും എഴുതികണ്ടിട്ടില്ല ! ഇത് എഴുതിയത് ഒരു  പെണ്‍കുട്ടി ആണ് എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തീച്ചൂളയിൽ വെന്ത് ഉരുകിയവർക്ക് മാത്രമേ ഇങ്ങനെ എഴുതുവാൻ കഴിയു....."
മറ്റൊരു പ്രാസംഗികൻ പറഞ്ഞത് ആ കഥ ജീവിത യാഥാർത്ഥ്യങ്ങളെ നിരാകരിക്കുന്നു എന്നാണ്. ജീവിതത്തെ ഇത്ര ലാഘവത്തോടെ വേണ്ട എന്ന് വെക്കുവാൻ ആർക്കും കഴിയില്ല എന്നാണ്. അപ്പോൾ എന്റെ തൊട്ടടുത്ത്‌ ഇരുന്ന ഷൈലയുടെ ചുണ്ടിൽ ഒരു മന്ദഹാസം ഒളിമിന്നുന്നത് ഞാൻ കണ്ടു.
കായൽ ഒരു മരുപ്പറമ്പ് പോലെ അനക്കമറ്റുകിടക്കുന്നു. എങ്കിലും അത് ഉറങ്ങിക്കിടക്കുന്ന ഒരു വികൃതിക്കുട്ടിയാണ് എന്ന് തോന്നി.
ഷൈലയുടെ നീണ്ട വിരലുകൾ ഞാൻ കണ്ടു. അവ അന്തരീക്ഷത്തിൽ എന്തോ താളം പിടിക്കുന്നു. അവൾക്ക് ചുറ്റും ഒരു വലിയ അദൃശ്യഘടികാരം സ്പന്ദിക്കുന്നുണ്ട് എന്ന് തോന്നി.
ഞാൻ യാത്ര പറഞ്ഞു മടങ്ങി.
അന്നുമുതൽ  പത്രത്തിലെ മരണ വാർത്തകൾ വരുന്ന പേജുകളെ ഞാൻ നോക്കാതെയായി.
-------------------------------------------------------



Tuesday, December 31, 2013

ബംഗാളിപ്പണിക്കാർ

അടുത്ത പറമ്പിൽ വലിയൊരു കെട്ടിടത്തിന്റെ പണി ആരംഭിച്ചു . പരിസരം മുഴുവൻ ഇനി പൊടിയിൽ മൂടും. ഇനിമുതൽ  പണിക്കാരുടെ ആരവം കുറച്ചുനാൾ നിലക്കാതെ ഉയരും!

കുറച്ചു ദിവസങ്ങള് മുമ്പ് രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞുവന്ന് ഉറങ്ങാൻ കിടന്ന ഒരു പകൽ .
തൊട്ടടുത്ത പറമ്പിൽ കെട്ടിടം പണിയുടെ തട്ടും മുട്ടും ഉയരുന്നത് കേട്ട് ഉണർന്നു . പണിക്കാരും യന്ത്രങ്ങളും  ഉയർത്തുന്ന ബഹളങ്ങൾ പിന്നെ കിടന്നുറങ്ങുവാൻ സമ്മതിച്ചില്ല . ബാൽക്കണിയിൽ ചെന്നുനിന്ന് അവിടെ പണി നടക്കുന്നത് നോക്കിക്കണ്ടു . ഒരുപാട് ജോലിക്കാർ ഉണ്ട് .  മിക്കവരും മലയാളികൾ അല്ല . മുഷിഞ്ഞ വസ്ത്രങ്ങളും അതിലേറെ വാടിയ മുഖങ്ങളുമായി ദൈവത്തിന്റെ നാട്ടിൽ   പണിക്കെത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ !
അതിലൊരു യുവാവിനെയും യുവതിയെയും കഴിഞ്ഞ ദിവസങ്ങളിലും ശ്രദ്ധിച്ചിരുന്നു . വെളുത്ത് മെലിഞ്ഞ യുവതി സാമാന്യം  സുന്ദരിയാണ്. മുഖം മുഴുവൻ പുരണ്ട പൊടിയടയാളങ്ങൾക്ക് അവളുടെ മുഖകാന്തിയെ ഒളിപ്പിക്കുവാൻ ഒട്ടും കഴിയുന്നില്ല . യുവാവ്  ആത്മവിശ്വാസം കുറവുള്ള ഒരു മുഖമാണ് അണിഞ്ഞിട്ടുള്ളത്.  അവർ ദമ്പതികൾ ആയിരിക്കും . യുവതി അസ്വസ്ഥയാണ് . കല്ലുകൾ ചുമക്കുമ്പൊഴും സിമന്റ് കുഴച്ച ചാന്തുചട്ടി കൈമാറുമ്പോഴും അവൾ എന്തിനോ വേദനിക്കുന്നുണ്ട്‌ . ചെറിയ ഇടവേളകളിൽ ആ യുവാവ് വന്ന് എന്തോ പറഞ്ഞ് സമാധാനിപ്പിക്കുവാൻ ശ്രമിക്കും . സൂപ്പർവൈസർ തിലകനെ ഞാനറിയും. അയാൾ അവരെ പലവട്ടം വഴക്ക് പറയുന്നുമുണ്ട് .
തിലകൻ ഇടയ്ക്കിടെ  എല്ലാ ഉത്തരേന്ത്യൻ പണിക്കാരെയും നല്ല മലയാളത്തിൽ ചീത്ത വിളിക്കും. അവർ അതുകേട്ട് ചിരിച്ചുകൊണ്ട് ജോലി തുടരും.
അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു -"സാറിന് ഇന്നും ജോലിക്കു പോണ്ടെ ?"
വേണ്ട എന്ന് തലയാട്ടിയപ്പോൾ അയാൾ തുടർന്നു -" കണ്ണുതെറ്റിയാൽ  ഒരെണ്ണവും പണി ചെയ്യില്ല സാറേ . പണി നടക്കണം എങ്കിൽ നിർത്താതെ ചീത്ത പറഞ്ഞു കൊണ്ടിരിക്കണം .."
"ഇവർ എവിടുത്തുകാരാണ് ? തിലകൻ പറയുന്നത് അവർക്ക് മനസ്സിലാകുമോ ?"
"ബംഗാളികൾ ആണ് മിക്കവരും . അവർക്ക് നമ്മുടെ ഭാഷ കേട്ടാൽ മനസ്സിലാകും സാറേ " എന്ന് പറഞ്ഞിട്ട് ഒന്ന് നടുനൂർത്ത ഒരുത്തനെ തിലകൻ മുട്ടൻ തെറി വിളിച്ചുകൊണ്ട് പിന്നാലെ ചെന്നു .
ഉച്ചയൂണുകഴിക്കുമ്പോൾ  പുറത്ത് വലിയ ബഹളം കേട്ടു . ബാൽക്കണിയിൽ ചെന്ന് നോക്കുമ്പോൾ ആ ബംഗാളി യുവാവിനെ ചിലർ മർദ്ദിക്കുന്നത് കണ്ടു. കൂട്ടത്തിൽ തിലകനെ കണ്ടില്ല . ഞാൻ ചുറ്റും നോക്കി . ആ യുവതിയെയും കണ്ടില്ല .

ഉച്ചകഴിഞ്ഞ് കുറച്ചു നേരം നന്നായി ഉറങ്ങാറുള്ളതാണ് . അതും കഴിയുന്നില്ല . ആ യുവതിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മനസ്സുമുഴുവൻ . ഇടയ്ക്കിടെ പുറത്തേക്കു നോക്കും . മർദ്ദനമേറ്റ അയാൾ ജോലി ചെയ്യുവാൻ ആവാതെ അവിടെ തളർന്നിരിക്കുന്നുണ്ടായിരുന്നു .
ദയനീയ ഭാവം പൂണ്ട് മതിലിൽ ചാരിയിരിക്കുന്ന ആ യുവാവിന്റെ മുഖം അന്ന് രാത്രി ജോലിക്ക് പോകുമ്പോഴും രാത്രി മുഴുവൻ ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സിൽ തങ്ങിക്കിടന്നു .
അടുത്തദിനം രാവിലെ പതിവ് ബഹളങ്ങൾ കേട്ട് ചെന്നു നോക്കുമ്പോൾ പണിക്കാരുടെ ഇടയിൽ ആ യുവാവും യുവതിയും ഉണ്ട് . അവൾ ഇന്നലെ കണ്ടതിലും വളരെ ക്ഷീണിച്ചിരുന്നു.

പകൽ മൂത്ത നേരത്ത് ഒരു നിലവിളി വീണ്ടും എന്നെ ഉണർത്തി . ആൾകൂട്ടം ആരെയോ ചുമന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഓടിച്ചെന്നപ്പോൾ അങ്കലാപ്പിൽ നിൽക്കുന്ന തിലകനെ കണ്ടു . ഇന്നലെ അടികൊണ്ട ആ ബംഗാളി യുവാവ് ഉയരത്തിൽ നിന്നും താഴെ വീണതാണ്  എന്ന് തിലകൻ പറഞ്ഞറിഞ്ഞു .ആ യുവതി കരഞ്ഞുകൊണ്ട് അവിടെ നിൽക്കുന്നു . 'ഭായീ..  ഭായീ..' എന്നു വിളിച്ച് അവൾ പലരോടും എന്തോ  യാചിക്കുന്നുണ്ട്.
"അപകടത്തിൽ  പെട്ട ആളുടെ ഭാര്യയാണോ അവൾ ?" ഞാൻ ചോദിച്ചു .
"ആർക്കറിയാം സാറേ .. ഇവിടെ വരുമ്പോൾ എല്ലാരും ഭാര്യേം ഭർത്താവുമൊക്കെ ആണെന്ന് പറയും . "
തിലകൻ അടുത്ത് ചെന്നപ്പോൾ അവൾ ഭീതിയോടെ അയാളെ നോക്കി തന്നിലേക്ക് ചുരുങ്ങുന്നുണ്ട് . പിന്നെ മെല്ലെ ചെന്ന് ഒരു സിമന്റ് ചട്ടിയെടുത്ത് നടന്ന് അകന്നു . എന്തോ അസ്വാഭാവികം ആയി എനിക്ക് തോന്നി. ഞാൻ തിലകനോട് വീണ്ടും അവളെ കുറിച്ച് തിരക്കി .
"എന്റെ സാറേ.. ഞാൻ എന്ത് ചെയ്യാനാ ? സൂപ്പർവൈസർ പണിയുടെ കൂടെ പിമ്പിന്റെ പണീം ചെയ്യണം എന്നതാ എന്റെ ഗതികേട് . മനസ്സ് ഉള്ളതുകൊണ്ട് ചെയ്യുന്നതല്ല . കോണ്ട്രാക്ടർക്ക് ചില പെണ്ണുങ്ങളെ കണ്ടാൽ പിന്നെ  ഭ്രാന്താണ് ...മനസ്സിലായില്ലേ ?"
എനിക്ക് എല്ലാം മനസ്സിലായി .

മലയാളികൾ സ്വന്തം നാട്ടിൽ ജോലിയെടുക്കാതെ വെളിനാട്ടിൽ ചെന്ന്  'ആടുജീവിതം' നയിക്കുന്നു . ഇവിടെ പണിക്ക് ഉത്തരേന്ത്യയിൽ നിന്നും ആൾ എത്തണം . അവരിൽ അല്പം കൊള്ളാവുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചിലർക്ക് ഇത്തരം പൂതികൾ തുടങ്ങും . ചോദിക്കുവാനും പറയുവാനും ആരുമില്ലാത്തവർ ആണല്ലോ അവർ !
മലയാളിയുടെ കപടമായ സംസ്കാരത്തെ നില നിർത്തുവാൻ അവർ ചുറ്റും ഉണ്ട് . റോഡുപണിയിൽ... ഹോട്ടലുകളിൽ .. വീട്ടുപണികളിൽ ... കൃഷിയിടങ്ങളിൽ ..എന്നുവേണ്ട കായിക അദ്ധ്വാനം ആവിശ്യമുള്ള എല്ലായിടങ്ങളിലും അവർ ഉണ്ട് .

ഇന്ന് രാവിലെ ഓഫീസിൽ നിന്നും വരുമ്പോൾ കനാലിന് അരികിൽ ഒരാൾകൂട്ടം . പോലീസിന്റെ വണ്ടിയും കിടപ്പുണ്ട് . കനാലിൽ ഒരു യുവതിയുടെ ദേഹം കിടക്കുന്നുണ്ടത്രെ !!
അത് ആ യുവതി ആയിരിക്കരുതേ എന്ന് ഞാൻ  പ്രാർത്ഥിച്ചത്  വെറുതെ ആയി .
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ വെളിയിൽ പണിക്കാരുടെ ബഹളം . യന്ത്രങ്ങളുടെ മുരളിച്ച.. ചിലപ്പോൾ ചില ഒറ്റപ്പെട്ട നിലവിളികളും ഉയരുന്നുണ്ട് .
 

----------------------------------------------------------------കണക്കൂർ

{എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും പുതുവത്സര ആശംസകൾ }


Saturday, November 30, 2013

വഴി - ഒരു ഷോർട്ട് പ്രൊഫൈൽ

--------------------------------------------------------
ഒറ്റക്കിരിക്കുന്നവർ ... അവരാണ് ഭാഗ്യവാന്മാർ
അവരെ ചോദ്യം ചെയ്യുവാൻ ആരുമുണ്ടാവില്ല.
അവരോട് ഉത്തരം പറയുവാനും  ആളില്ല.
------------------------------------------------------
വഴി.
വിണ്ടുകീറിയ വിധിയുടെ കുറ്റം സ്വയം ഏറ്റെടുത്ത് എന്നെ വിളിക്കുന്നു .
ഞാൻ ഇതാ ഇവിടെ , ഈ വിജനതയുടെ നടുവിൽ ഒരു നെടിയ ഭാഗ്യവാനായി കുടി കൊള്ളുകയാണ് . മൈൽകുറ്റിയിൽ എവിടേക്കോ ഉള്ള  ദൂരം അടയാളപ്പെടുത്തിയത് മാഞ്ഞുപോയിട്ടുണ്ട് .
വഴിയുടെ ഒരുവശത്തേക്ക് ചാഞ്ഞുകിടക്കുന്ന കുന്നിന്റെ മുകളിൽ ദൂരെ   ആകാശം കൈയെത്തിത്തൊടുന്നു... ദൂരേക്ക്‌ നീളുന്ന ഈ വഴിയരികിൽ അഹങ്കരിച്ചുനിന്ന ആ   മൈൽക്കുറ്റി ദൂരത്തിന്റെ പ്രണേതാവിനെ പോലെ തലയുയർത്തി അകലേക്ക്‌ നോക്കുന്നുണ്ട്. അതിന്മേൽ ഒരു കാക്ക വന്നിരിക്കും എന്ന  കുറേനേരം കൊണ്ടുള്ള  എന്റെ  തോന്നൽ വെറുതെയായി. അല്ലെങ്കിലും എന്റെ മിക്ക തോന്നലുകളും വിചിത്രവും സഫലം ആവാത്തവയും  തന്നെ . 
വഴി.
അത് അങ്ങനെ നീണ്ട് പോകുന്നു . പക്ഷെ അത് എന്റെ വഴിയല്ല. എന്റേതല്ലാത്ത വഴിയോട് എനിക്ക് ഒരടുപ്പവും ഇല്ല. നീലയും വെള്ളയും കള്ളികൾ ഉള്ള പാവാടയും ഉടുപ്പും  ധരിച്ച ഒരു പെണ്‍കുട്ടി ആ വഴിയിലൂടെ നടന്നുവരുന്ന കാഴ്ച ഇപ്പോൾ എന്റെ ഏകാന്തതയിലേക്ക് കടന്നെത്തുകയാണ് .
അവൾ എത്തുന്നത്‌ കാണുമ്പോൾ , ഒരുപക്ഷെ ഇതുവരെ പ്രണയിച്ച  ഏകാന്തതയെ   നഷ്ടപ്പെടുന്നതിൽ ഉള്ള വിഷമം  ഞാൻ അറിയുന്നു.
അവളുടെ കയ്യിൽ ഒരു സഞ്ചിയുണ്ട് . എന്നെ നോക്കി അവൾ മന്ദഹസിച്ചു .. 
(എന്റെ ഏകാന്തതയെ ഹനിച്ച പെണ്‍കുട്ടീ .. ഞാൻ തിരിച്ചു ചിരിക്കില്ല .)
അവൾ ആ സഞ്ചി എന്റെ പിന്നിലെ മൈൽ കുറ്റിയിൽ ചാരിവച്ചു .  അതിൽ എന്തായിരിക്കും എന്ന് വേണമെങ്കിൽ ഇനി ചിന്തിക്കാം .. അല്ലങ്കിൽ വേണ്ട . മുകളിൽ വരണ്ട ആകാശവും ചുറ്റും പാഴ്ചെടികൾ മാത്രമുള്ള നരച്ച ഭൂമിയും മാത്രം.  എനിക്ക് ചിന്തിക്കുവാൻ മറ്റൊന്നുമില്ല .. മറ്റൊന്നും വേണ്ട ..
------
Cut
------
വഴി .
അത് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ അകലേക്ക്‌ വിരൽ ചൂണ്ടുന്നു .
അവൾ ആ സഞ്ചി തുറന്ന് ഒരു ചെറിയ കുപ്പി എടുത്തു. എന്നെ നോക്കി ഒരിക്കൽക്കൂടി മന്ദഹസിച്ചു . എന്നിട്ട് പാഴ്ചെടികൾ ചവിട്ടി മെതിച്ച് കുന്നിന്റെ അങ്ങേയറ്റത്തേക്ക് മെല്ലെ  നടന്നുപോയി . അവൾ കാഴ്ചയിൽ നിന്നും എങ്ങോ മറഞ്ഞു . 
ആത്മഹത്യ ചെയ്യുവാൻ പോകുന്നവർ ഇങ്ങനെ മന്ദഹസിക്കുമോ ? അറിയില്ല.
------
Sorry
------
എനിക്ക് തിരിച്ചുകിട്ടിയ ഏകാന്തതയിൽ ഞാൻ സന്തോഷിച്ചു . അതും അതികസമയം ഉണ്ടായില്ല. വഴിയുടെ  അതിര് ഭേദിച്ച് ഒരാൾ അവിടേക്ക് വന്നെത്തി. കൃഷി ചെയ്തു തഴമ്പിച്ച കൈകാലുകൾ മൊരി പിടിച്ച് വികൃതം ആയിട്ടുണ്ട് . തൊട്ടുപിന്നാലെ ഒരു നായയും .
അയാൾ തരിശു ഭൂമിയുടെ ഏതോ തുണ്ടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു -
 "അവിടെയാണ് എന്റെ വീട് നിന്നിരുന്നത് "
ആ നായ എന്തോ ഓർമ്മ വന്നമട്ടിൽ അയാൾ വിരൽ ചൂണ്ടിയ ഇടം വരെ ഓടി .. എന്തിനോ വേണ്ടി പരതി . പിന്നെ തിരികെ വന്നു .
ആ ഭൂത്തുണ്ടിലേക്ക് കുറച്ചുസമയം നോക്കിനിന്ന്  അയാൾ  തേങ്ങി .
-----
Shit !
-----
എനിക്ക് വല്ലാത്ത ഈർഷ്യ തോന്നി .   ഞാൻ അയാളെ ആട്ടിയോടിച്ചു . ഒരു അവകാശം പോലെ നായ അയാൾക്ക് പിന്നാലെ ഓടിപ്പോയി .
വഴി ..
ഒരു എത്തും പിടിയും ഇല്ലാതെ നീണ്ട് നിവർന്നു കിടക്കുന്നു ..
വഴിയുടെ ആ സന്ധിയിലേക്ക് ഇപ്പോൾ ഒരു യുവതി കടന്നു വരുന്നുണ്ട്  .  വിളറിയ ദേഹം ഉലയുന്നു.   സെറസ് കൃഷി ദേവതയുടെ കണ്ണുകൾ  ആണവൾക്ക് .. അവളുടെ കയ്യിൽ വിതക്കാതെ സൂക്ഷിച്ച അല്പം വിത്തുകൾ . അതെ.   യവന പുരാണത്തിൽ നിന്നും ഇറങ്ങിവന്നവൾ ! ഉഴുതും വിതച്ചും കൊയ്തും നിലനിന്ന  സംസ്കാരത്തിന്റെ കാറ്റുവീശുവാൻ വന്നവൾ.
എനിക്ക് വയ്യ ! എന്റെ മുടിഞ്ഞ ഈ ഏകാന്തതയിൽ ഇവളെന്തിന് വന്നു ? തരിശ് പൂകിയ ഭൂമി വിരിച്ച പരവതാനിയിൽ ഇനി എന്തു ചെയ്യുവാൻ !
എന്റെ മകൾ ... അച്ഛൻ .. ഭാര്യ ... സമൂഹം ... നാട് ...
ഞാൻ മുഖം തിരിച്ചു.
വഴി.
അത് എന്നെയും കൊണ്ട് ഏതോ പാതാളത്തിലേക്ക്‌  നീണ്ടു പോകുന്നു ..

--------
Close
--------
കുടിയിറക്കപ്പെടുന്നവർക്ക് ...  വഴിയാധാരം ആയിപ്പോയവർക്ക് സമർപ്പണം .

---------------------കണക്കൂർ



Thursday, October 31, 2013

മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)


മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)
---------------------------------------------
ആശച്ചേച്ചിയെ വർഷങ്ങൾക്ക് ശേഷം അമ്പലത്തിന്റെ തെക്കേനടയുടെ വെളിയിൽ വച്ച് അടുത്ത്  കണ്ടു . ചിലപ്പോൾ ഇടയിലൊക്കെ നാട്ടിൽ വരുമ്പോൾ കണ്ടുകാണും . ശ്രദ്ധിച്ചിരിക്കില്ല ..  അവർ ഒത്തിരി മാറിയിട്ടുണ്ട് . മച്ചുമ്പുറത്തെ ഭഗവതിയിൽ നിന്നും ഉണങ്ങി  ഒരു വീട്ടമ്മയുടെ ആകാരത്തിലേക്ക് അവർ ചുരുങ്ങി .
" നീ  മദ്രാസീന്നും എന്നെത്തി ? "
" രണ്ടു ദെവസമായി " ഞാൻ പറഞ്ഞു .
അവർ ഇലക്കീറിൽ നിന്നും ചന്ദനം നുള്ളിയെടുത്ത് എന്റെ നെറ്റിയിൽ പതിച്ചു .അപ്പോൾ  അവരുടെ ഉള്ളങ്കൈ ഞാൻ മണത്തു .
" ചെക്കൻ വണ്ണം വച്ചു . പാണ്ടിനാട്ടിലെ  ചോറും സാമ്പാറും തോനെ കഴിക്കുന്നൊണ്ട് .. ല്ലേ ? "
ഞാൻ ചിരിച്ചു .
വെട്ടുവഴിയിലൂടെ നടക്കുമ്പോൾ  അവർ എന്തൊക്കെയോ  ചോദിച്ചു . പറഞ്ഞു . ഞാൻ മുക്കിയും മൂളിയും ഉത്തരം  നൽകി . എന്റെ മനസ്സ് പഴയ മച്ചുമ്പുറത്ത്   മേയുകയായിരുന്നു.
അവരുടെ വീട്ടിലേക്കുള്ള വഴി പിരിയുന്നിടത്ത് വച്ച് ആശച്ചേച്ചി ചോദിച്ചു -  " വീട്ടിൽ കേറീട്ടു പോന്നോ ? "
തറവാട്ടുവീടിന്  കാര്യമായ മാറ്റങ്ങൾ തോന്നിയില്ല . സുന്ദരിയമ്മ മാസങ്ങൾ മുമ്പ്  മരിച്ചുപോയി .
മുറ്റത്ത് ഒരു കുട്ടി കളിച്ചുകൊണ്ട് നിൽക്കുന്നു . അവരെ കണ്ടതും കുട്ടി ഓടിയടുത്തു .
" നീയിരിക്ക് . ചായ എടുക്കാം ."
അവർ അകത്തേക്ക് പോയി . ഞാൻ നടുമുറിയുടെ വാതിൽ വരെ ചെന്ന്  മച്ചുമ്പുറത്തേക്ക് നയിക്കുന്ന   ആ കോണിപ്പടികൾക്ക് വേണ്ടി പരതി . അത് കാണുന്നില്ല . പൊളിച്ചു കളഞ്ഞുവോ ? അതോ കാലത്തിനൊത്ത് മുന്നേറാനാവാതെ  പൊളിഞ്ഞു വീണതാകുമോ ?
പണ്ട് ആ കോണിപ്പടികൾ വഴിയാണ് ആ മച്ചുമ്പുറത്തെ മങ്ങിയ വെട്ടത്തിലേക്ക്   കയറിച്ചെന്നത് . ആശച്ചേച്ചിയാണ് ആ രഹസ്യം ഒരിക്കൽ പകർന്നുതന്നത് . ഒരു വേനലവധിയിൽ .
അവർ മുഴുനീളൻ പാവാടയിൽ നിന്നും ഹാഫ് സാരിയിലേക്ക് ചുവടുമാറിയത് ഏതാണ്ട് ആ കാലത്തായിരിക്കണം .
"മച്ചുമ്പുറത്ത് ഭഗവതിയോ ? " ഞാൻ അന്തം വിട്ടു .
" ചെമ്പരത്തി  പൂക്കടെ നെറം .. തറമുട്ടെ  മുടി .. പിന്നെ വലിയ മൊലകൾ . കഴുത്തിലൊക്കെ നെറയെ സ്വർണ്ണമാലകൾ...  പിന്നെ ...." അല്പം ഓർത്തുനിന്നിട്ട്  ആശച്ചേച്ചി തുടർന്നു - "കയ്യിൽ ഒരു ശൂലോം .."
ആ ശൂലം വേണ്ടായിരുന്നു എന്ന് തോന്നി .
ഒരു ഉച്ചനേരം അവിടെച്ചെന്നു . സുന്ദരിയമ്മ പറമ്പിന്റെ അങ്ങേക്കോണിൽ  ഓലക്കീറുകളുടെ ഇടയിൽ അലിഞ്ഞുനിൽക്കുന്നു .  വീടിന്റെ മുകളിൽ മച്ചിൽ നിന്ന് കിഴക്കോട്ട് ഉള്ള ഒരു തുറപ്പുണ്ട്. അതായിരിക്കും ഭഗവതിയുടെ വഴി !  അവിടെ രണ്ട് കാവൽ പ്രാവുകൾ ഇരുന്ന് കുറുകുന്നു .   വീട്ടിൽ  ആളനക്കം ഇല്ല .
രണ്ടുവട്ടം ഉറക്കെ വിളിച്ചു .
വളകിലുക്കം പോലെ എന്തോ കേട്ടു .
തുറന്ന വാതിലിൽ കൂടി നടന്ന്  നടുമുറിയുടെ പിന്നിലെ കോണിപ്പടിയുടെ ചുവട്ടിൽ എത്തി .
മച്ചുമ്പുറത്ത് എന്തോ  അനക്കം .
പലകപ്പടികൾ കയറി . ഒന്ന് ... രണ്ട് ... മൂന്ന് ...
കരി പിടിച്ച ചുവരുകൾ . ചിരട്ടയും കൊതുമ്പും നിരതെറ്റി കിടക്കുന്നുണ്ട് . പുകമണത്തെ വെല്ലുന്ന  എന്തോ രൂക്ഷഗന്ധം . മരപ്പട്ടികളുടെ വിസർജ്ജം ചിതറിയ പലകവിരിയിലൂടെ മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ആരൊ നിൽക്കുന്നു . നിറചിരിയുമായി മച്ചുമ്പുറത്ത് ഭഗവതി !
" നീ കയറി വരുമെന്ന് അറിയാമായിരുന്നു ." ഭഗവതി പറഞ്ഞു .
"എനിക്ക് പേടി വരുന്നു ചേച്ചീ ..."
 "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  മച്ചുമ്പുറത്ത് ഭഗവതിയാ ..."
ഞാൻ വിക്കി . "ഇങ്ങനെയുണ്ടോ ഭഗവതി ?"
"എടാ... ഭാഗവതീന്ന് വച്ചാൽ ശരിക്കും  എന്താ ? ഭഗം എന്നാൽ എന്താ ? മലയാളം അറിയുവോ പൊട്ടാ.."
പിന്നെ ആ അവധിക്കാലത്ത് പലവട്ടം സുന്ദരിയമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് വെട്ടിച്ച് ആ കോണിപ്പടികൾ കയറിച്ചെന്നു .
ഒരു ദിവസം പെട്ടന്ന്  ആശച്ചേച്ചിയുടെ ഭാവം മാറി. വീട്ടുപടിക്കൽ വച്ച് തടഞ്ഞുകൊണ്ട്‌  പറഞ്ഞു -
"ഇനി നീയിവിടെ വരണ്ട . മച്ചുമ്പുറത്ത് ഭഗവതി പടിയിറങ്ങി ."  എന്നിട്ട്  അവർ  വെട്ടിത്തിരിഞ്ഞ് നടന്നു .
എല്ലാം തുടങ്ങിവച്ചിട്ട്  ഇപ്പോൾ ... !
വിഷമം കടിച്ചിറക്കി .  പിന്നെ കാണുവാൻ ഇട വന്നില്ല . കോളേജ് തുറന്നു . പഠിത്തം ..പിന്നെ  ദൂരദേശത്ത് പഠിത്തം .. കാമ്പസ് തിരഞ്ഞെടുപ്പ് വഴി  ചുട്ടുപൊള്ളുന്ന ചെന്നെയിൽ ജോലിയുമായി .
അതിനിടെ ആശച്ചേച്ചി വിവാഹിതയായി എന്നറിഞ്ഞു . അതൊരു പരാജയം ആയി എന്നും .
പിന്നെ എന്താണ് കഥ ? അറിയില്ല .
ചുവരിൽ നിറം കാലത്തിനോട് തോറ്റ  മങ്ങിയ ചില ചിത്രങ്ങൾ .
അവർ ചായയും കൊണ്ട് വന്നു .
കുട്ടി അല്പം മാറിയിരുന്ന് എന്നെ വീക്ഷിക്കുന്നുണ്ട് . ഇടയിൽ തന്റെ കളിയിലേക്ക് കുറച്ചുനേരം മടങ്ങും .
" എല്ലാരും പലവഴിക്ക് പോയി . അവസാനം  അമ്മേം മരിച്ചു . ഇപ്പോ ഞാനും മോനും മാത്രം ഇവിടെ ..."
ഞാൻ എന്തോ ചോദിക്കുവാൻ ആഞ്ഞു . അവർ എന്തോ   പറയുവാനും തുടങ്ങിയതാണ്‌ .
അതിനകം മച്ചുമ്പുറത്ത് ഭഗവതി ഞങ്ങൾക്കിടയിൽ ഒരു സമസ്യ തീർത്തിരുന്നു  .
ഞാൻ എഴുനേറ്റു . ഇറങ്ങും മുൻപ് കുട്ടിയുടെ മുഖത്ത് ഒന്ന് മെല്ലെ തൊട്ടു .
പുറത്ത് ഇറങ്ങി നടക്കവേ ഒരു പിൻവിളി കേട്ടതുപോലെ തിരിഞ്ഞു നോക്കി .
മച്ചുമ്പുറത്തുനിന്ന്   കിഴക്കോട്ടുള്ള  തുറപ്പിൽ നിന്നും  ഒരു കടാക്ഷം ഒഴുകി വരുന്നുണ്ട്‌ .
ആ കടാക്ഷം ചെവിയിൽ  മന്ത്രിച്ചു  :-  "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  ഞാനാ... മച്ചുമ്പുറത്ത് ഭഗവതി ..."
ചിലപ്പോൾ അത് ഒരു തോന്നൽ ആയിരിക്കാം.
 എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു .

   ------------------------------------കണക്കൂർ  31 - 10 - 2013 

Monday, September 30, 2013

ജന്തു (കഥ)


നീലത്താമര വിരിഞ്ഞത് കാണാനാണ് ഞങ്ങൾ ഇവിടെ വന്നത് . അവൾക്ക് എന്റെ കൂടെ വരുവാൻ വല്ലാത്ത ആവേശമുണ്ടായിരുന്നു . ഇരുവരും ഈറകൾ വശങ്ങളിൽ വളർന്ന വഴിയിലൂടെ നടന്നു നീങ്ങവേ പെട്ടന്ന് എന്തോ കണ്ട് ഭയന്നമാതിരി ലേഖ നിലവിളിച്ചു .
"ഒരു വലിയ ജന്തു അവിടെ പതിയിരിപ്പുണ്ട് . " അല്പം അകലെ ,  താമരക്കുളത്തിനരികിൽ വലിയ കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ പടർന്ന കുറ്റിക്കാട് അവൾ ചൂണ്ടിക്കാണിച്ചു .
എനിക്കവളെ അറിയാം . എന്തിലും അവൾ അതിഭാവുകത്വം കാണും .
"എന്റെ തോന്നലോ ? ഹേയ് അല്ല . " അവൾ തറപ്പിച്ചുപറഞ്ഞു . എനിക്ക് എത്ര ശ്രമിച്ചിട്ടും ഒന്നും കാണുവാൻ കഴിഞ്ഞില്ല . കുറച്ചുകൂടി അടുത്തേക്ക് ചെല്ലുവാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു .
"വേണ്ട ... അത് ആക്രമിച്ചാലൊ ?"
"എന്നാൽ നമുക്ക് തിരികെപ്പോകാം " ഞാൻ അവളുടെ മെല്ലിച്ച കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു പറഞ്ഞു .
" വേണ്ട .. നമുക്ക് നോക്കാം . ഞാൻ കള്ളം പറഞ്ഞതല്ല എന്ന് നിന്നെ ബോധ്യമാക്കണമല്ലോ ? "
അല്പം കഴിഞ്ഞ് അവൾ പതുക്കെ ചോദിച്ചു - " അത് ഏതു ജീവിയായിരിക്കും ? "
"എനിക്കെന്തറിയാം ?"
നോട്ടം പിൻവലിച്ചിട്ട്‌ വല്ലാതെ ചരിഞ്ഞുനിന്ന ഒരു തെങ്ങിലേക്ക് അവൾ എന്നെ ആകർഷിച്ചു - " നമുക്ക് അല്പനേരം അവിടെ ഇരിക്കാം . "
ഞങ്ങൾ ഇരുന്നപ്പോൾ തെങ്ങ് സസന്തോഷം തലയിളക്കി .
"കൊറേ നാളായി വിപിനോട് പറയുന്നു , നിന്റെ വീട്ടില് വരണം എന്ന് . ഇപ്പോഴെങ്കിലും വരാമ്പറ്റിയത് നന്നായി . നീലത്താമര കാണാല്ലോ ? കോളേജിൽ വച്ച് നീ ഇതൊക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു " അവൾ മെല്ലെ മൊഴിഞ്ഞു .
"വിപിൻ എന്താടോ നമ്മുടെ കൂടെ വരാഞ്ഞത് ? അയാൾക്ക്‌ ഈ  കാഴ്ചകൾ ഒന്നും ഇഷ്ട്ടമല്ലേ ? "
അവൾ ചിരിച്ചു . ആ ചിരിയിൽ പുശ്ചം കലർന്നിരുന്നുവോ ? അതോ വിഷാദമോ ? എനിക്ക് ഒന്നും ഉറപ്പിക്കുവാൻ കഴിയുന്നില്ല .
"നീ ഇന്നലെ തുറന്നു വച്ചില്ലേ ഒരു സ്കോച്ച്  ? ഇനി അത് തീരാതെ അവൻ എങ്ങും ഇറങ്ങില്ല ." എന്ന് അവൾ .
ഇന്നലെ തുറന്നുവച്ച കുപ്പി യഥാർഥത്തിൽ രാത്രി തന്നെ  തീർന്നിരുന്നു , ഇന്ന് രാവിലെ മറ്റൊരെണ്ണം തുറന്നതാണ് എന്ന് ലേഖ അറിഞ്ഞിരുന്നില്ല .
"അവൻ ഇപ്പോൾ ഓഫായിട്ടുണ്ടാവും ..."
പിന്നെ കുറേനേരം  ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല . ഏതൊക്കെയോ ജലപ്പക്ഷികൾ നിലവിളിക്കുന്നു . അവൾ ആ ജീവിയുടെ കാര്യം മറന്നെന്ന് തോന്നി . നീലത്താമരയും .
തിരികെ നടക്കുമ്പോൾ ഞാൻ അനാവിശ്യമായി അവളുടെ മൃദുലമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു . ആ ജന്തുവും ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു .

------------------------(കണക്കൂർ)
 സൈകതം ബുക്സ്  പ്രസിദ്ധീകരിച്ച "ദൈവത്തിന്റെ എസ് എം എസ്"  എന്ന സമാഹാരത്തിൽ നിന്ന് ... ബുക്കിലേക്കുള്ള ലിങ്ക് :-
http://books.saikatham.com/?p=982

Saturday, August 31, 2013

വിമാനത്താവളം

ഞാനിവിടെയൊരു പഴയ നടവരമ്പിൽ
എന്റെ ഹൃദയം കുഴിച്ചിട്ട്
മീതെ ഒരു കല്ല്‌
അടയാളമായി വച്ചിരുന്നു .
ആരോ അതുപിഴുതെറിഞ്ഞു ...
ഇനിയിപ്പം ഓർത്തെടുക്കണം.
 - അതിനടുക്കൽ ഒരു പൂമരം ?
 - അതിലൊരു കിളിക്കൂട്‌ ?
 - അതുവഴിയൊരു കുളിർകാറ്റ് ?
 - അതുമല്ലെങ്കിൽ ഒരു കൈത്തോട് ?
ഇല്ല ഇനിയൊരടയാളം.
ഒരിക്കൽ ഞാൻ വഴിനടന്നയിടങ്ങളിൽ
വിമാനം പറന്നിറങ്ങുന്നു !



Tuesday, July 30, 2013

തട്ടേക്കാട്‌

കഥയും കവിതയും ഇല്ല .
എന്നാൽ ഒരു പഴയ അനുഭവം പങ്കുവെക്കട്ടെ .
കുറച്ചു വർഷങ്ങൾ മുമ്പാണ് .
ചില സുഹൃത്തുക്കൾ ചേർന്ന് തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ  പോകുവാൻ പദ്ധതി ഇട്ടു .
ഞാൻ കാർവാറിൽ നിന്നും തീവണ്ടിയിൽ എറണാകുളത്തെത്തി .
സുഹൃത്തുക്കൾ പത്തനംതിട്ടയിൽ നിന്നും കാറിൽ വരുന്നു .
ഞാൻ കോതമംഗലത്ത് ചെന്നു.
അവിടെനിന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ മുന്നിൽ എത്തി .
പക്ഷെ സുഹൃത്തുക്കൾ വൈകി .
ഉച്ച കഴിഞ്ഞു .
എനിക്കുള്ള ഭക്ഷണം അവരുടെ കാറിൽ വരുന്നതേയുള്ളൂ .
ഞാൻ വഴിയിൽ  നിന്നും ഒന്നും കഴിച്ചതുമില്ല .
നന്നായി വിശന്നു .
പക്ഷി സങ്കേതത്തിന്റെ മുന്നിൽ  രണ്ടു ചെറിയ കടകൾ കണ്ടു .
ചെറിയ മാടക്കട .
ഞാൻ ഒരു കടയിൽ ചെന്നു .
അവിടെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന് തിരക്കി
അവിടെ ഒരമ്മച്ചി ഉണ്ടായിരുന്നു .
ചോക്ലേറ്റുകൾ .. സിഗരട്ട് .. ബീഡി തുടങ്ങിയവ അവിടെ  ഉണ്ട് .
പിന്നെ നാരങ്ങ വെള്ളം .. സോഡാ ... കോള .
ഊണോന്നും കിട്ടില്ല  എന്നവർ അറിയിച്ചു .
എനിക്ക് എന്തെങ്കിലും  ഉച്ചഭക്ഷണം കിട്ടിയാൽ മതി എന്ന് ഞാൻ .
കപ്പയും മീനും മതിയോ എന്ന് അവർ .
കുശാൽ ...കപ്പ പുഴുങ്ങിയതും മത്തി വറ്റിച്ചതും .
എന്തൊരു രുചി !
കൂട്ടത്തിൽ ഒരു സോഡാനാരങ്ങായും കുടിച്ചു .
കഴിച്ചിട്ട്  കാശ് എത്ര എന്ന് ചോദിച്ചു .
"അഞ്ചു രൂപ "
"ആകെ അഞ്ചു രൂപ ?" ഞാൻ അമ്പരന്നു .
"സോഡാനാരങ്ങാ - അഞ്ചു രൂപ " ... എന്ന് അവർ
"അപ്പോൾ കപ്പയും മീനും ?"
"അത് എനിക്ക് കഴിക്കുവാൻ കൊണ്ടുവന്നതാണ് .
മോൻ വിശന്നിരിക്കുവല്ലേ .. അതുകൊണ്ട് കഴിക്കുവാൻ തന്നതാണ് ." അങ്ങിനെയും ചില മനുഷ്യര്‍ ലോകത്ത് ഉണ്ട് . കാണുവാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം.
കുറച്ചു കഴിഞ്ഞ് സുഹൃത്തുക്കൾ എത്തി .
അന്ന് ഞങ്ങൾ  മാക്കാച്ചിക്കാട എന്ന അപൂർവ്വ  പക്ഷിയേയും കണ്‍നിറയെ കണ്ടു എന്നത് മറ്റൊരു ഭാഗ്യം .

-----------------------സ്നേഹപൂർവ്വം കണക്കൂർ