Tuesday, April 29, 2014

വീട്ടില്‍ എത്തിച്ചേരുന്നത് -- മിനിക്കഥ



അച്ഛന്‍ വീട്ടില്‍ എത്തിച്ചേരുന്നതിനു മുമ്പുതന്നെ ഒരു നീണ്ട ചുമ ദൂരെനിന്ന്  വീട്ടിലെത്തും.
ഇരുള്‍ വീണ വഴിയില്‍ നിന്നും വീട്ടിലേക്ക് വളയുന്ന ഇടത്തെ മയിലാഞ്ചിപ്പടര്‍പ്പ് പിന്നിട്ടിരിക്കും അപ്പോള്‍ അച്ഛന്‍. 
അത് അമ്മയ്ക്കും ചേച്ചിക്കും എനിക്കുമുള്ള അടയാളം ആണ്.
അമ്മ ശബ്ദം താഴ്ത്തിവച്ച് കണ്ടുകൊണ്ടിരുന്ന ടെലിവിഷന്‍ നിര്‍ത്തി അടുക്കളയിലേക്ക് ഓടും. ഞാനും ചേച്ചിയും ഒരൊ പുസ്തകങ്ങള്‍ കയ്യിലെടുത്ത് രണ്ടുഭാഗങ്ങളില്‍ ചെന്നിരിക്കും.

പിന്നീട് അച്ഛന്‍ പൈപ്പ് തുറന്ന്‍ കാല്‍ കഴുകുന്ന ശബ്ദം കേള്‍ക്കാം.
അമ്മ നിലവിളക്ക് കെടുത്തുവാന്‍ തയ്യാറെടുത്ത് നില്‍ക്കും.
അച്ഛന്‍ എത്തുന്നവരെ വിളക്ക് ഇരുത്തുന്ന പതിവാണ് അമ്മയുടേത്.
ഒരു ദിവസം അച്ഛന്‍ വൈകിയാല്‍ അമ്മ പറയും “കാണുന്നില്ലല്ലോ ... വെളക്ക്‌ കെടുത്തണോല്ലോ”

അത് കേള്‍ക്കുമ്പോള്‍ അച്ഛന്‍ വരാന്‍ വൈകുന്നതിലല്ല , വിളക്ക് ഇരുന്നുകത്തുന്നതിലാണ് അമ്മയ്ക്ക് സങ്കടം എന്ന് തോന്നും.

ബാഗ് മേശമേല്‍ ഇട്ട് മുണ്ടുമാറി, മുന്മുറിയിലെ കസേരയില്‍ ഇരുന്ന് അച്ഛന്‍ പത്രമെടുത്ത് കാലത്ത് വായിച്ചുനിര്‍ത്തിയതിന്‍റെ ബാക്കി വായന തുടരും. 
അമ്മ കട്ടന്‍ചായ കൊണ്ടുവരുന്നതുവരെ ആ ഇരുപ്പ് തുടരും. 
ചിലപ്പോള്‍ ഞങ്ങളുടെ പഠനകാര്യങ്ങള്‍ തിരക്കും. 
അപ്പോഴാണ്‌ ടുഷന്‍ ഫീസ്‌ , പത്രക്കാരന്‍ വന്നത് തുടങ്ങിയ ഗാര്‍ഹിക കാര്യങ്ങള്‍ അമ്മ അവതരിപ്പിക്കുന്നത്‌. 


ചേച്ചി കോളേജില്‍ പോയ കാലം മുതല്‍ അച്ഛനെ എന്തോ ഒരു ഭയം പിടികൂടിയ മട്ടാണ്. 
ചില ദിവസങ്ങളില്‍ പത്രവായനയുടെ  ഇടയില്‍ അച്ഛന്‍ ചേച്ചിയെ വിളിക്കും. 
കോളേജില്‍ എന്തെങ്കിലും വിശേഷം ഉണ്ടോ എന്ന് ചോദിക്കും. 
ചേച്ചി ആ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ തലയാട്ടും. 
അച്ഛന്‍ എത്തുന്നതിന് മുന്‍പ് ചേച്ചി ചിലപ്പോള്‍ അമ്മയോട് പരിഭവിക്കും. “എന്തിനാണ് എന്നോട് കോളേജിലെ വിശേഷങ്ങള്‍ ഇങ്ങനെ അച്ചന്‍ ഇടക്കിടെ ചോദിക്കുന്നത്?”

“പെണ്മക്കള്‍ കോളേജിലൊക്കെ പോയ്‌ക്കഴിഞ്ഞാല്‍ അച്ചനമ്മമാര്‍ക്ക് ഒരുതരം ആധിയാണ്. അതോണ്ട് ചോദിച്ചു പോകുന്നതാ ..” എന്ന് അമ്മ പറയും.


അങ്ങനെ ദേഷ്യപ്പെട്ട ചേച്ചി ഒരു ദിവസം കോളേജില്‍ നിന്നും തിരികെ വന്നില്ല. 

ഞാന്‍ തിരക്കിയപ്പോള്‍ ഞങ്ങളെ എല്ലാം ആകെ തളര്‍ത്തുന്ന ഒരു വാര്‍ത്തയാണ് കേട്ടത്. 
ചേച്ചി സീനിയര്‍ ആയി പഠിക്കുന്ന ഒരു യുവാവിനെ രജിസ്ടര്‍ വിവാഹം കഴിച്ച് അയാളുടെ കൂടെ നാട് വിട്ടുപോയി.
വിവരം കേട്ടപ്പോള്‍ മുതല്‍ അമ്മ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.

വഴിയരികിലെ മയിലാഞ്ചിപ്പടര്‍പ്പ് കടന്നുവരുന്ന അച്ഛന്‍റെ നീണ്ട ചുമ കേട്ടു. 
കാല്‍ കഴുകുന്ന ശബ്ദവും കേള്‍ക്കാം. 
പക്ഷെ നേരം എത്ര കടന്നുപോയിട്ടും അച്ഛന്‍ വീട്ടിലേക്ക് കടന്നുവന്നില്ല. 

അമ്മ അന്ന്  നിലവിളക്ക് കെടുത്തിയതുമില്ല.



(കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍)  

17 comments:

  1. കഥ ഇഷ്ടമായി മാഷെ.
    ആശംസകൾ.

    ReplyDelete
  2. ഉള്ളില്‍ തൊട്ടു ...നന്നായി.

    ReplyDelete
  3. കൊള്ളാം നല്ല കഥ

    ReplyDelete
  4. നേരം എത്ര വൈകിയിട്ടും വീട്ടിലേക്ക് കയറാതിരിക്കുന്ന അച്ഛന്മാര്‍....
    നിലവിളക്ക് കൊളുത്താന്‍ കഴിയാത്ത അമ്മമാരും...
    നന്നായിരിക്കുന്നു.

    ReplyDelete
  5. പുതു തലമുറയുടെ വീണ്ടു വിചാരമില്ലാത്ത ചെയ്തികൾ മൂലം ഉറക്കമില്ലാത്ത രാത്രികൾ അനുഭവിച്ചു തീർക്കുന്ന രക്ഷകർത്താക്കൾക്കായി ഈ കഥ സമ്മാനിക്കാം.

    ReplyDelete
  6. നന്ദി ഗിരീഷ്‌, വിജയകുമാര്‍, ജി ആര്‍ , റാംജി , വീകെ
    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

    ReplyDelete
  7. നല്ല കഥ വായിക്കാന്‍ രസമുണ്ട്

    ReplyDelete
  8. മുതിന്ന പെണ്മക്കളുള്ള
    മാതാപിതാക്കളുടേ ചില അവസ്ഥാവിശേഷങ്ങൾ ...!

    ReplyDelete
  9. ക്റാഫ്ടുണ്ട് പക്ഷെ കത കമ്മി

    ReplyDelete
  10. കഥ കമ്മി, ക്റാഫ്ട് ധാരളം

    ReplyDelete
  11. ഒന്നുകൂടെ വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി .

    ReplyDelete
  12. ഗൃഹനാഥന്‍റെ നിറസാന്നിദ്ധ്യം ആ ചുമയില്‍ വെളിവാക്കപ്പെടുന്നു......
    നല്ല കഥ
    ആശംസകള്‍

    ReplyDelete
  13. "അച്ഛന്‍ വന്നെത്തുന്നതിനു മുമ്പുതന്നെ ഒരു നീണ്ട ചുമ ദൂരെനിന്ന് വീട്ടിലെത്തും." ennayirunnenkil...

    ReplyDelete
    Replies
    1. നല്ല സജഷന്‍ . നന്ദി

      Delete
  14. ശ്രീ ജോണ്‍സന്‍/ ബിലാത്തി പട്ടണം/ വിത്സണ്‍ സതീശന്‍ / ഫൈസല്‍ / സി വി/ സുരേഷ് രാജ ... വളരെ നന്ദി ..

    ReplyDelete
  15. കഥ ഇഷ്ടമായി. പുതുമ തോന്നിയില്ല എന്ന് മാത്രം....

    ReplyDelete