Friday, December 25, 2015

കാറ്റിനെ കുറിച്ച് ഒരു കുറിപ്പ്

ഉച്ച കഴിഞ്ഞ സമയം.
ഞാന്‍  വീട്ടില്‍ തനിയെ.
ഒരു ചെറു ഉറക്കമാവാം  എന്ന് കരുതി.
വാതിലില്‍  മെല്ലെ മുട്ടു കേട്ടു.
ഈ സമയത്ത്  ആരാവും !
തുറന്നു നോക്കിയപ്പോള്‍  ആരേയും  കണ്ടില്ല.
ചേര്‍ത്ത് അടച്ച്  മടങ്ങുമ്പോള്‍ വീണ്ടും മുട്ട്.
മൃദുവും ലളിതവുമായ ശബ്ദം.
തുറക്കാതെ കുറച്ചു നേരം  ശ്രദ്ധിച്ചു.
ഇത്ര മൃദുവായി തട്ടി വിളിക്കുവാന്‍  കാറ്റിനല്ലാതെ ആര്‍ക്കു കഴിയും ?
തുറന്ന വാതില്‍ വഴി അനുവാദം ഇല്ലാതെ തന്നെ  കാറ്റ് അകത്തു കയറി.
മുറിയില്‍ ചിരപരിചിതനെ പോലെ ചുറ്റിത്തിരിഞ്ഞു. എന്തുകൊണ്ടോ എനിക്കത് ഇഷ്ടമായില്ല.
എനിക്ക് വേണ്ടപ്പോളെല്ലാം വീശിത്തരുന്ന  വൈദ്യുത പങ്കകള്‍ മുറിക്കുള്ളില്‍  ഉണ്ട് എന്നാവാം കാരണം.
ഞാന്‍ കാറ്റിനോട്  പുറത്തു പോകുവാന്‍ പറഞ്ഞു.
കാറ്റ് മുഖം താഴ്ത്തി പുറത്തേക്കു വീശി.
അപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.
ഞാന്‍ കതകു തുറന്നു.
പുറത്തെങ്ങും  കാറ്റില്ല.
ഇടവഴികളില്‍...
ഉദ്യാനങ്ങളില്‍ ...
കാട്ടിറമ്പുകളില്‍..
കടലോരങ്ങളില്‍...
എങ്ങും കാറ്റിനെ മാത്രം കണ്ടില്ല.
-------------------------------------------------------------കണക്കൂര്‍ 

Friday, September 18, 2015

തലപ്പന്ത്

തിരുവോണദിനത്തില്‍ വൈകുന്നേരം സുഹൃത്ത്‌ കൃഷ്ണകുമാര്‍ ഒരു ആശയം പറഞ്ഞു. വൈകിട്ട് കുടുംബമായി , കുട്ടികളുമായി പാര്‍ക്കില്‍ കൂടിച്ചേരാം എന്ന്. നല്ല ആശയം എന്ന് തോന്നി . ടെലിവിഷത്തിന്‍റെ മുന്നില്‍ നിന്ന് കുറച്ചുനേരം അവരെ മാറ്റി നിര്‍ത്താമല്ലോ ? പ്രവാസ ജീവികളുടെ തിരുവോണം അല്ലെ ? കുട്ടികളെ കൊണ്ട് പഴയ നാടന്‍ കളികള്‍ കളിപ്പിക്കാം എന്ന് കരുതി. തലപ്പന്തായാലോ ? മോന്‍ ഓടിപ്പോയി പന്തുമായി മടങ്ങി വന്നു. അപ്പോഴാണ്‌ ഒരു സത്യം മനസ്സിലായത്. തലപ്പന്ത് കളി മറന്നുപോയി. തലമ , ഒറ്റ , ഇരട്ട .... തുടത്താളം, കാലിന്‍കീഴ് ...ബാക്കി മറന്നുപോയല്ലോ !!! നിയമങ്ങള്‍ ശരിയായി ഓര്‍മ്മയില്ല. ഓലകൊണ്ട് പന്ത് ഉണ്ടാക്കുവാന്‍ ഓര്‍മ്മയുണ്ടോ ? പണ്ട് കണക്കൂര്‍ അമ്പലത്തിന്‍റെ മൈതാനത് എന്തെല്ലാം കളികള്‍ നടക്കുമായിരുന്നു ? ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനു സമയം തീരെയില്ല . കിളിമാശ് , പകിടകളി എല്ലാം മറന്നു. കുട്ടികള്‍ നിരാശരായി വെറുതെ പന്ത് എറിഞ്ഞു കളി നടത്തി.
--------------------------------------------കണക്കൂര്‍

Thursday, August 13, 2015

മഴവില്‍ ചമ്മന്തി

ഡെലിഗേറ്റ് പാസ്സും കഴുത്തില്‍ തൂക്കി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗോവ അന്താരാഷ്‌ട്ര ചലചിത്രമേളയില്‍ അലയുന്നു. മിക്ക ചലച്ചിത്ര പ്രേമികളെ പോലെ, മേളയെ കുറിച്ച് ആവേശം കൊള്ളുന്നുമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഭാര്യ ലത ചോദിക്കും “എന്തായിത് ? വെറുതെ ചെന്ന് സിനിമ കാണുകയല്ലേ ? അല്ലാതെ അവിടെ  സിനിമ ഉണ്ടാക്കുകയോന്നും അല്ലല്ലോ ?” ചലച്ചിത്ര മേള എന്നു പറഞ്ഞാല്‍ വെറും സിനിമ കാണല്‍ മാത്രമല്ലടീ... എന്നൊക്കെ മറുപടി പറയുമ്പോഴും കാണിയുടെ ഇരുപ്പിടത്തില്‍ നിന്നല്ലാതെ മേളകളില്‍ മറ്റെന്തെല്ലാം ചെയ്യുവാന്‍ കഴിയും എന്നത് ഗൗരവമുള്ള ഒരു ചോദ്യം തന്നെയാണ്. തീയേറ്റര്‍കള്‍ക്ക്  വെളിയില്‍ ഉരുത്തിരിഞ്ഞു വരുന്ന കൂട്ടായ്മകളും സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും ഉള്ള ഇടങ്ങളുമൊക്കെ ഗുണങ്ങളായി നിരത്താം എങ്കിലും സിനിമയ്ക്ക് വെളിയിലേക്ക് നീളുന്ന ചില അനുഭവങ്ങള്‍ എനിക്ക് കഴിഞ്ഞ ഗോവ ചലച്ചിത്രമേള പകര്‍ന്നു  തന്നിരുന്നു. അതിലൊന്ന് ഈ സ്മരണികയിലൂടെ എന്‍റെ  പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കട്ടെ. മേള തുടങ്ങി രണ്ടാം ദിവസമാണ് എത്തിച്ചേര്‍ന്നത്‌. അന്നുതന്നെ പ്രിയ സുഹൃത്ത് ശിവശങ്കരന്‍ ഒരു  കാര്യം സൂചിപ്പിച്ചു. "ഉച്ചയൂണിനു വേറെങ്ങും   പോണ്ടാട്ടോ . ഞങ്ങള്‍ കുറച്ചാള് ഇവിടെ ഉച്ചയ്ക്ക് കൂടാറുണ്ട്. ഗഡി അങ്ങോട്ട്‌ വന്നോളൂട്ടോ..” 
ഉച്ചയോടെ “ Finding Mister Right “ എന്ന ചൈനീസ് ചിത്രം കണ്ടിട്ടു സിദ്ധാര്‍ഥന്‍   സാറിനൊപ്പം നല്ല വിശപ്പുമായി ഞാന്‍ ശിവശങ്കരനെ കണ്ടുപിടിച്ചു. വഴിയില്‍ ഒതുക്കിയിട്ട വാനിന്‍റെ  പിന്നില്‍ നിറയെ പാത്രങ്ങള്‍. റയില്‍വേ മുതലാളിമാര്‍ ആയ മജീദ്‌ ഭവനം , സദാശിവന്‍ നാട്ടില്‍ നിന്നെത്തിയ ഫിലിം ഡയരക്ടര്‍ രഘുനാഥ്... പിന്നെയും ചിലര്‍. ഇനി ഫെസ്റിവല്‍ ദിനങ്ങളില്‍ എല്ലാം ഇങ്ങോട്ട് വന്നാല്‍ മതി എന്ന് അറിയിപ്പും. കുത്തരിച്ചോറും സാമ്പാറും തോരനും മീന്‍ വറുത്തതും  ഒക്കെയുണ്ട് , ചമ്മന്തിയും.  "ചമ്മന്തി എങ്ങനെയുണ്ട് " മജീദ്‌ ചോദിച്ചു.  
"കൊള്ളാം.." എരിവും പുളിയും പാകത്തില്‍ ചേര്‍ത്ത  ഇലച്ചമ്മന്തി രുചിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു- ഇത് എന്ത് ചമ്മന്തിയാണ് ?"
"മഴവില്‍ച്ചമ്മന്തി " 
സ്നേഹത്തിന്‍റെയും സാഹോദര്യതിന്‍റെയും സപ്തവര്‍ണ്ണങ്ങള്‍  ഉള്ള  ആ രസ്യന്‍ ചമ്മന്തിക്ക് അതിലും യോജിച്ച ഒരു പേര് ഇടുവാനില്ല. ഫെസ്റിവലില്‍ ഓരോ ചിത്രവും തുടങ്ങുന്നതിനു മുമ്പ് വാനില്‍ പറക്കുന്ന ബഹുവര്‍ണ്ണ പരവതാനിയില്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പുതച്ച് മയൂരങ്ങള്‍ നൃത്തം ചെയ്യുന്ന  സിഗ്നേച്ചര്‍ സംഗീതം ഉണ്ടാവും . കാലത്ത് ഉണര്‍ന്ന്    ഇത്രയും വിഭവങ്ങള്‍ തയാര്‍ ചെയ്തു വരുന്ന ശിവശങ്കരനും സ്നേഹത്തിന്‍റെ രുചിക്കൂട്ടുമായി എത്തുന്ന മജീദും മറ്റ്   അനവധി ഗോവ മലയാളി സുഹൃത്തുക്കളും തീര്‍ക്കുന്നത് അതിലും മനോഹരമായ വിസ്മയം തന്നെ.
  ( കേരള  സമാജം  കോര്‍ത്താലിം - ഗോവ  യുടെ 2015 ലേ സ്മരണികയില്‍  എഴുതിയത്) 

Sunday, May 31, 2015

അണ്ടിപ്പരിപ്പ് - കഥ

ഇത് ഒരു ഓര്‍മ്മക്കുറിപ്പാണ്. കൊച്ചു മമ്മദ്  എന്ന  സുഹൃത്തിനെ കുറെ വര്‍ഷങ്ങള്‍ ശേഷം കണ്ട കഥ.
കൊച്ചു മമ്മദ് ഇപ്പോള്‍ വലിയ മമ്മദ് ആയിട്ടുണ്ട് . ആദ്യ കാഴ്ച്ചയില്‍  തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍  മമ്മൂട്ടിയെ പോലെ ചുള്ളന്‍ ആണയാള്‍ . ക്രീം തേയ്ച് ചീകി ഒതുക്കിയ മുടി. വടിച്ച്‌ മിനുക്കിയ മുഖം.  നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍.
കുട്ടിക്കാലത്ത്  കൊച്ചുമമ്മദ് ഇങ്ങനെയല്ലായിരുന്നു. എണ്ണ തൊടാതെ പറക്കുന്ന മുടിയുമായി  മൂക്കള ഒലിപ്പിച്ച് തൊടികളായ തൊടികളെല്ലാം  അണ്ടി പെറുക്കി നടക്കും.  മാവുകളില്‍ കല്ലെറിയും. കിളികളെ ഏറിയും.  ഏഴാം  ക്ലാസ്സില്‍  വരെ, കുറെ കൊല്ലങ്ങള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.  അവന്‍  സ്കൂളിലൊന്നും  സ്ഥിരമായി   വന്നിരുന്നില്ല.  അവന്‍റെ ആ സ്വാതന്ത്ര്യം  കണ്ട് ഞാന്‍ കുട്ടിക്കാലത്ത്  അസൂയപ്പെട്ടിരുന്നു. എനിക്കാണെങ്കില്‍ ഒരു ദിവസം പോലും  സ്കൂളില്‍ പോകാതിരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പിന്നെ അവനെ കാണുന്നത്  വല്ലപ്പോഴുമായി. ജീവിത പ്രയാണത്തില്‍ എവിടെയോ വച്ച് അവന്‍ മുഴുവനായി മാഞ്ഞുപോയി.    
വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രവാസം ശീലമാക്കിയ ഞാന്‍  ഒരിക്കല്‍ അവനുമുന്നില്‍ ചെന്നുപെട്ടു. വലിയ ഒരു കച്ചവട സ്ഥാപനത്തിന്‍റെ  ഉടമയാണ് ഇപ്പോള്‍ അവന്‍. ഒരു വിലപേശലിന്‍റെ  ഇടയിലാണ് അവന്‍ എന്നേ തിരിച്ചറിയുന്നത്‌. പഴയ സ്കൂള്‍ കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ മിന്നിമറഞ്ഞു. കട ഒരു  ജീവനക്കാരനെ ഏല്‍പ്പിച്ച്    മമ്മദ് എന്നെ അവന്‍റെ പുതിയ വീട്ടിലേക്ക്  നിര്‍ബന്ധിച്ച്  കൊണ്ടുപോയി. ബീവിയെ പരിചയപ്പെടുത്തി. നല്ല വൃത്തിയുള്ള വലിയ  വീട്..അവിടെയിരുന്ന്  പഴയ സ്കൂള്‍ ജീവിതത്തിലെ ഞാന്‍ മറന്ന ചില ഏടുകള്‍ അവന്‍ ഓര്‍മ്മിപ്പിച്ചു.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരുകിലോ മുന്തിയ ഇനം അണ്ടിപ്പരിപ്പ് കവറില്‍ ഇട്ടുതന്നു. ഞാന്‍ വാങ്ങുവാന്‍ മടിച്ചു. അപ്പോള്‍ നിര്‍ബന്ധിച്ചുകൊണ്ട്  അവന്‍ പറഞ്ഞു- " ഇത് ഒരു കടം വീട്ടലാണ്. നെനക്ക് ഓര്‍മ്മ കാണില്ല. ഒരു ദിവസം നീ പറമ്പില്‍ നിന്ന് കൊറേ കശുവണ്ടി പറിച്ച് ഒരു കൂടില്‍ വച്ചിരുന്നു. അത് ഞാന്‍  മോട്ടിച്ചെടുത്തു. അന്നത്തെ എന്‍റെ അവസ്ഥ കൊണ്ട് പറ്റിയതാണ്. നീ അത് കാണാതെ കൊറേ വെഷമിച്ചിരുന്നു..   എന്നിട്ടും നീ എന്നെ സംശയിച്ചില്ല. പിന്നെയാണ് നീ അത് എനിക്ക് തരുവാന്‍ പെറുക്കി വച്ചതാണ് എന്ന് പറയുന്നത്. എനിക്ക് വലിയ  വെഷമം ആയി. അന്നത്തെ പേടി കാരണം സത്യം  തൊറന്നു പറയാന്‍ കഴിഞ്ഞില്ല. പിന്നെ നമ്മളൊക്കെ പല വഴിയില്‍ പിരിഞ്ഞു  പോയല്ലോ ?  ഇപ്പോഴാണ്  അത് വീട്ടാന്‍  കഴീന്നത്‌ .." മമ്മദ് ചിരിച്ചു.
അങ്ങനെ ഒരു സംഭവം എനിക്ക് തീരെ ഓര്‍മ്മയില്ല. കുട്ടിക്കാലത്ത് അതുപോലെ എന്തെല്ലാം ജീവിതത്തില്‍ നടന്നിരിക്കുന്നു. ചിലര്‍ ചിലത് ഓര്‍ത്തിരിക്കും. കുചേലന്‍ തന്ന അവില്‍പ്പൊതി പോലെ ആ അണ്ടിപ്പരിപ്പ് പാക്കറ്റ് എന്‍റെ കയ്യില്‍ ഇരുന്ന് പിടച്ചു.  ഈ ലോകം ആരുന്നു അവന്‍റെ സ്കൂള്‍. അവിടെ നിന്നും അവന്‍ ഒത്തിരി പഠിച്ചുകാണും. ഞാന്‍ സ്കൂളില്‍നിന്നും കോളേജില്‍നിന്നും പഠിച്ചതില്‍ വളരെ ഏറെ .

Tuesday, March 31, 2015

ഒരു ഗുണപാഠ കഥ

ഇത് ഒരു ഗുണപാഠ കഥയൊന്നും അല്ല. അങ്ങനെ ഞാന്‍ വെറുതെ എഴുതിയത് ആണ്. സംഭവം  കൊതുകുകളുമായി ബന്ധപ്പെട്ടാണുതാനും.
ഒരു ചെറുപ്പക്കാരന്‍  മുറിയില്‍ കൊതുകുവലയിട്ട് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് സുഖമായി  കിടന്നുറങ്ങുകയായിരുന്നു .  ആ നേരം  മൂന്ന് കൊതുകുകള്‍  ആ മുറിയിലെത്തി.  അതില്‍  ഒരു കൊതുക്  കൊതുകുവലയില്‍ ഇരുന്ന്‍  ഉള്ളിലേക്ക് നോക്കി . ഒരു ചെറുപ്പക്കാരന്‍ അങ്ങനെ സുഖമായി ഉറങ്ങുന്നത് കണ്ട് അതിന് കലിയിളകി. അയാളുടെ മൂക്കിനു തുമ്പില്‍ പറന്നിരുന്ന്  ചോര കുത്തിയെടുക്കാന്‍ അതാഗ്രഹിച്ചു.  പക്ഷെ ആള്‍ വലയുടെ ഉള്ളിലാണല്ലോ ?  ആ കൊതുക്  നിരാശയോടെ പറന്നുയര്‍ന്ന് മച്ചിലിരുന്ന ഒരു പല്ലിയുടെ  മുന്നില്‍ ചെന്ന് പെട്ടു. 
രണ്ടാമത്തെ   പെണ്‍കൊതുക്   ചെറുപ്പക്കാരന്‍റെ  ശരീരം കണ്ട്  കൊതിച്ച് വശം കെട്ടു. അയാളുടെ നെഞ്ചില്‍  പറന്നിരുന്ന്   ചോര കുടിക്കുവാന്‍ അവള്‍ ആശിച്ചു.  പക്ഷെ വല ! നിരാശയോടെ അലക്ഷ്യമായി   പറന്നുയര്‍ന്ന അവള്‍ ഒരു ചിലന്തിവലയില്‍ ചെന്ന് കുടുങ്ങി. 
പിന്നെ ഉള്ളത് ഒരു വയസായ  കൊതുക്; ചെറുപ്പക്കാരുടെ വിഡ്ഢിത്തം കണ്ട് ചിരിച്ച അത് വലയുടെ ചുറ്റും മൂളിപ്പാട്ടും പാടി  പറന്നു. മനുഷ്യന്‍ വിരിച്ച  ഏതു വലയിലും ഒരു ചെറിയ വിടവ് എങ്കിലും കാണും എന്ന് അതിന് അറിയാമായിരുന്നു.  വയസ്സിക്കൊതുക് ആ വിടവ് കണ്ടെത്തി ഉള്ളില്‍ കടന്നു. ചെറുപ്പക്കാരന്‍റെ കൈത്തണ്ടയില്‍  ആവേശത്തോടെ ചെന്നിരുന്ന് സൂചി മാംസത്തില്‍ താഴ്ത്തി.. ചൊറിച്ചില്‍ വന്ന അയാള്‍ 'ടപ്പേ...' എന്ന് ഒറ്റയടി.    
അതാണ് പറഞ്ഞത് , ഇതില്‍ വലിയ ഗുണപാഠം ഒന്നും ഇല്ല എന്ന്.  
-----------------------------കണക്കൂര്‍ 

Saturday, January 31, 2015

പുസ്തകശാലയ്ക്ക് തീ കൊടുക്കുന്നവര്‍

 “നിനക്ക് പേടീണ്ടോ ?” വഴിയില്‍ വച്ച് അയാള്‍ ചോദിച്ചു.

“ചെറ്യായി..” മറ്റേയാള്‍ കള്ളം പറഞ്ഞില്ല.

“ഒരു കുഴപ്പോം ഉണ്ടാവില്ല. അല്പം പെട്രോള്‍ തൂവണം.. പിന്നെ തീപ്പെട്ടീന്നു  ഒരു കൊള്ളി. ഒറ്റക്കൊള്ളി. അതുമതി. എല്ലാം തീരും.”

“അവര്‍  പിന്നേം എഴുതില്ലേ ? പിന്നേം പുസ്തകശാലകള്‍ പണീല്ലേ. അറിവുള്ളവര്‍ പലരും അവന്‍റെ ഒപ്പമാണ് ” എന്ന്  മറ്റേയാള്‍.

അയാള്‍ ഒന്ന് സംശയിച്ചു നിന്നു. പിന്നെ പറഞ്ഞു- “അവനോട് എഴുതരുത് എന്ന് വിലക്കിയതാണ്. നമ്മടെ ദൈവത്തേ തൊട്ടാ കളി ? എഴുതിയതൊക്കെ പിന്‍വലിക്കാന്‍ സമയം കൊടുത്തു. മാപ്പ് പറയിക്കുവാന്‍ വിരട്ടിനോക്കി. ഒന്നും അവന്‍ അനുസരിച്ചില്ല. അവന്‍റെ പുസ്തകം വില്‍ക്കുന്ന ഇടങ്ങള്‍ നമ്മള്‍ തീയിടും. പുസ്തകങ്ങള്‍ എല്ലാം കത്തിയമരട്ടെ. അക്ഷരങ്ങള്‍ കോറിയിട്ട പാപങ്ങള്‍ അഗ്നിയാല്‍ ശുദ്ധിയാവട്ടെ . ഇത് മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പാകട്ടെ...”  

ഒരു കൊള്ളി. രണ്ട്.. മൂന്ന്... തീ കത്തുന്നില്ല.

“നാശം. കൊള്ളികള്‍ തീര്‍ന്നല്ലോ ?” അയാള്‍ കിതച്ചു.

“ഇനി എന്ത് ചെയ്യും ?”

“സാരമില്ല. നമുക്ക് അരണി കടഞ്ഞ് തീയുണ്ടാക്കാം.”

അപ്പോഴും  പുസ്തക ശാലകള്‍  പൂത്തുലഞ്ഞു നിന്നു.

“നമുക്ക് എവിടെയെങ്കിലും പിഴച്ചോ ?” അയാള്‍ ചോദിച്ചു.

മറ്റേയാള്‍ മറുപടി പറയാതെ ഒരു പുസ്തകം തുറന്ന് വായിക്കുകയായിരുന്നു.


“അതിലെങ്ങാനും അരണി കടയുന്നത് എങ്ങനെ എന്ന് എഴുതിയിട്ടുണ്ടോ ?” അയാള്‍ ചോദിക്കുന്നു. 
--------------------------------------------------------കണക്കൂര്‍