Friday, November 4, 2016

Paradise Island
















Murmurings of Kali River were not odd...
Calls of water birds were not bizarre
Humming noise of the Island was not old...
But the shade of Nature was fresh here.

..........................with love
..... Kanakkoor

Saturday, October 22, 2016

ദേശീയ കാവ്യോത്സവം 2016 തിരുവനന്തപുരം

 With: Mamata Arsikara Kannada Writer
 With Kumar Anupam, Mithilesh srivasthava (Marati) 
 In Stage
 With K Jayakumar IAS , Sebastian, Majeed Bhavanam  
 With Charu Nivedita
   

Friday, September 9, 2016

കടല്‍ത്തീരത്ത് രണ്ടു പെണ്ണുങ്ങള്‍ (മിനിക്കഥ)

കടല്‍ത്തീരത്ത് രണ്ടു പെണ്ണുങ്ങള്‍  (മിനിക്കഥ)

"നിന്‍റെ പേരെന്താണ് ?"
"അതങ്ങനെ  ഞാന്‍ ആരോടും പറയാറില്ല. നിന്‍റെയോ ?"
"ഓ .. അതുമത്ര   നല്ലതൊന്നും അല്ല."  കടല്‍പ്പാലത്തിന്‍റെ  തുരുമ്പിച്ച അവശിഷ്ടങ്ങളില്‍ വന്നിരുന്ന  കാക്കകളെ   നോക്കിക്കൊണ്ടാണ്  അവള്‍  പറഞ്ഞത്. 
"നിന്‍റെ ഭര്‍ത്താവ്  എന്നും മദ്യപിച്ചുവന്ന്  നിന്നെ  തെറി വിളിക്കുവോ ?"
"ഉം. എന്നേം കുട്ടികളേം  അടിക്കുവേം  ചെയ്യും. നിന്‍റെയോ ?"
അവള്‍  ചെറുചിരിയോടെ  തല ഇളക്കി . കിഴക്ക്  തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ വിളക്കുമരം  പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. 
"എനിക്ക്  രണ്ടു മക്കളാണ് . ഒരാള്‍ തീരെ ചെറുതാണ് .  മൂത്തയാള്‍ ഇത്രേമായി.  നിനക്കും രണ്ടുമക്കളാണോ ?"
"അതെ. " തുടര്‍ന്ന്   അവള്‍  അവരുടെ  പ്രായം  പറഞ്ഞു. തുരുമ്പിച്ച തൂണില്‍ നിന്ന് പറന്നുയര്‍ന്ന  കാക്കകള്‍  ഒരു മീന്‍പരുന്തിനെ ആക്രമിച്ച്  ഓടിക്കുവാന്‍ തുനിയുന്നത്  അവര്‍  നോക്കി നിന്നു.
"നിന്‍റെ ഭര്‍ത്താവും   ഇപ്പോള്‍ വേറൊരുത്തിയെ കൊണ്ടുവന്നുകാണും അല്ലെ ?"
അവള്‍ തല കുനിച്ച്  പൊടിമണലില്‍  ഓടിനടക്കുന്ന ഞണ്ടുകളെ നോക്കി.
"തീണ്ടാരിക്കുപോലും ഞാന്‍ തുണി അഴിച്ചു കൊടുക്കാറുണ്ട് . എന്നിട്ടും. "
ഒരു തിര അവരുടെ കാലില്‍ നക്കി മടങ്ങി. 
"നീ മരിച്ചാല്‍ കുട്ടികളുടെ  കാര്യം  ?"
"നീയും  അതിനെ കുറിച്ചു ചിന്തിച്ചില്ലേ ?" 
"എന്നാപ്പിന്നെ  തീരുമാനം  മാറ്റിയാലോ ?"
"എന്നാല്‍  നിന്‍റെ പേരുപറ "
"ആദ്യം നീ പറ.."
പിന്നില്‍ തിരകള്‍ ഓരോന്നായി  അവരെ പേരെടുത്തു വിളിച്ചു.  ഉറക്കെയുറക്കെ.. 
--------------------------------------------------------------------കണക്കൂര്‍  

Saturday, August 6, 2016

പുഷ്പാഞ്ജലി (കവിത)

പുഷ്പാഞ്ജലി
===========
തോക്കുകള്‍  കൊണ്ട്
അവര്‍ ഉന്നം പിടിക്കുമ്പോള്‍
എനിക്ക് ചിരി വന്നു.
ഇനി  അവരില്‍  ഒരാളുടെ വിരല്‍
ഒന്നനങ്ങിയാല്‍ മതി
ഒരു പുഷ്പം എന്‍റെ നെഞ്ചിലേക്ക് പാറിവരും.
ഇപ്പോള്‍  എനിക്ക്  പ്രണയം
തോന്നുകയാണ്-
ജീവിതത്തോടല്ല,
പോയ കാലങ്ങളില്‍  ഞാന്‍
കാണാതെപോയ സ്വപ്നങ്ങളോട്‌,
കണ്ടെടുക്കാനാവാതെ പോയ
സൌഹൃദങ്ങളോട് ,
എന്നെ ഞാന്‍ അറിയാതെ പ്രണയിച്ച
കാമുകിമാരോട്.
അതാ..
ഏതോ വിരല്‍ കാഞ്ചിയില്‍
വീണു പിടയുന്നുണ്ട്..
നിന്‍റെ സമയമായി എന്ന
ആശംസയോടെ  പുഷ്പാഞ്ജലി.

------------------------------കണക്കൂര്‍  07/8/2016
  

Sunday, July 17, 2016

ആഴി (POEM)

കടല്‍ കാണാന്‍ പോയ
കുട്ടികള്‍
എടുത്തുകൊണ്ടുവന്ന
ഒരു ശംഖ്
മേശമേല്‍ കിടപ്പുണ്ടായിരുന്നു.
രാവുകള്‍ തോറും അതില്‍
കടല്‍ ഇരമ്പിയിരുന്നു.
ശംഖ് എറിഞ്ഞുടച്ചിട്ടും
ഇരമ്പല്‍ ബാക്കി നിന്നു.
ചിതറിയ ഖണ്ഡങ്ങളുടെ
മുറിപ്പാടുകളില്‍
കുത്തിനോവിക്കുവാനുള്ള
അഭിലാഷത്തിന്‍റെ
തീവ്രത തിരയിളക്കുന്നു.
തറയില്‍ നിരന്ന തരികളില്‍
ഉപ്പുകല്ലുകളുടെ
മൂര്‍ച്ചയുള്ള നോട്ടം.
ഉടഞ്ഞ ഓരോ തുണ്ടും
കടല്‍ഭൂതങ്ങളുടെ
നഖങ്ങളായി
ഭയപ്പെടുത്തുന്നു.
ഖണ്ഡങ്ങള്‍ ചേര്‍ത്തുവെച്ചാല്‍
എനിക്ക് ഗുപ്തമായി മാറിയ
ആഴിയെ വീണ്ടെടുക്കാം.
--------------------------കണക്കൂര്‍ 18/7/2016

Saturday, June 25, 2016

നുങ്കമ്പാക്കം ദോശ (മിനിക്കഥ)


ഗംഗ എനിക്ക്  ഒരു വ്യക്തിയുടെ  പേരോ , ഒരു സ്ഥലമോ , ഒരാത്മീയ സ്ഥാനമോ അല്ലെങ്കില്‍  ഇതല്ലാം കൂടിയോ  ആയിരുന്നു.  എന്നില്‍ അപ്പാടെ  ഒഴുകിയിരുന്ന ഗംഗ ഒരു വലിയ അനുഭവം ആയിരുന്നു, അത്ഭുതമായിരുന്നു, പ്രത്യക്ഷജ്ഞാനമായിരുന്നു.

മണിയന്‍ എന്ന കൂട്ടുകാരന്‍ ആണ് എന്നെ ഗംഗയിലേക്ക്  നയിച്ചത്. അവന്‍ ശരിക്കും  ഉത്സാഹി   ആയിരുന്നു. ഞങ്ങള്‍ കഷ്ടപ്പാടിന്‍റെ കീര്‍ത്തനങ്ങള്‍ ഒന്നിച്ചിരുന്നു പാടുമ്പോള്‍  നുങ്കമ്പാക്കത്തെ  കോളനിയില്‍ അവന്‍ മാത്രം എന്തുകൊണ്ട്  സസന്തോഷം ആര്‍ത്തിരമ്പി നടക്കുന്നു  എന്ന് മറ്റുള്ളവര്‍ക്കൊപ്പം  ഞാനും  അതിശയിച്ചു.  എന്നോടു മാത്രം ഒരിക്കല്‍ അവന്‍ ആ രഹസ്യം പറഞ്ഞു:- ഗംഗയുടെ രഹസ്യം.

വള്ളുവര്‍ക്കോട്ടം ഹൈറോഡിലൂടെ നീണ്ടുവലിഞ്ഞു നടന്നാല്‍  കൂവം നദിക്കരയില്‍ എത്താം. അതേവഴിയില്‍   ബാങ്കിന്‍റെ  വശത്ത്  ഒളിച്ചുനില്‍ക്കുന്ന കടയാണ് മണിയന്‍റെ താവളം.   വണ്ടിക്കൂലി ലാഭിക്കുവാന്‍ അതുവഴി  തിരികെ  വലിഞ്ഞു നടക്കുമ്പോള്‍  അവന്‍ എന്നെ  റാഞ്ചിപ്പിടിക്കും.

"ഗംഗയുടെ ദോശയാണ്  എന്‍റെ അമൃത്... ആരോഗ്യം...  "  അവന്‍ ആണയിടാറുണ്ട്.  പുകഴ്ത്തി മടുക്കാതെ  ചിരിക്കാറുണ്ട്.

എന്‍റെ ഒരു അവധിദിവസം  അവന്‍  എന്നെ  ഗംഗയിലേക്ക്  നയിച്ചു. എനിക്ക് ചെറിയ പനി  ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. ഞാന്‍ മൂക്ക് പിഴിഞ്ഞ് ചുമയടക്കി അവനൊപ്പം  നടന്നു.  നടവഴിയില്‍  അവന്‍ നല്ല തമിഴില്‍ ആരോടൊ  ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു.  നിര്‍ത്താതെ  ബെല്ലടിച്ചിട്ടും വഴി  ഒഴിഞ്ഞുമാറി നടക്കാത്തതിന്  ഒരു വയസ്സന്‍ ഞങ്ങളെ  മുഴുത്ത തെറി വിളിച്ചു.

"അങ്ങനെ ഒത്തിരി  ആളുകളൊന്നും അവിടെ വരാറില്ല. വന്നവര്‍ പിന്നെ  മറ്റെങ്ങും പോകാറുമില്ല. "  ഫോണ്‍  നിര്‍ത്തിയിട്ട്  മണിയന്‍ എന്നോടായി പറഞ്ഞു.

മറ്റെങ്ങും കണ്ടിട്ടില്ലാത്ത പൂച്ചെടികള്‍ നില്‍ക്കുന്ന മുറ്റം. തേയ്ക്കാത്ത ചുവരുകള്‍. മുന്‍കതകില്‍  ചിത്രപ്പണികള്‍.  ഒളിച്ചിരിക്കുന്ന റേഡിയോയില്‍ എഫ് എം ചിലയ്ക്കുന്നു. എന്നെ  അവിടെ വിട്ടിട്ട്  അവന്‍ പോകുവാനുള്ള തിടുക്കത്തില്‍ ആണ്. ഞാന്‍ അവന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച്‌ വലിച്ചു.
"അയ്യേ .. ദോശ കഴിക്കാന്‍  നീയെന്തിന് പേടിക്കുന്നു ? " അവന്‍ എന്നെ കുതറിയെറിഞ്ഞു.

"എടാ.. ഇത് വെറും ദോശയല്ല. കൈപ്പുണ്യം  കൊണ്ട് നീ  അനുഗ്രഹിക്കപ്പെടും. പക്ഷെ എനിക്കിപ്പോള്‍  പോയേ പറ്റൂ. "
"എനിക്ക് തമിഴ് ശരിയാവില്ല. " ഞാന്‍ വിതുമ്പി.
"ഓ.. അതുപറയാന്‍  മറന്നു. ഇവിടെ  തമിഴ് മിണ്ടല്ല്..." എന്ന് ചെവിയില്‍ ഓതിയിട്ട്   മണിയന്‍ കടന്നുകളഞ്ഞു.

ഞാന്‍ പരുങ്ങലോടെ ഇരുന്നു. എന്‍റെ ചുറ്റും നൃത്തം ചെയ്യുന്നു  കൂവം നദിയുടെ സന്തതികള്‍. ആരോ എന്‍റെ നെറ്റിയില്‍ തൊട്ടു.

"അയ്യേ.. പനീണ്ടേല്‍ ദോശീന്‍റെ ശരിസുഖമറിയില്ല. വാ തൊറക്ക്.  പനീടെ മരുന്നാണ്. "

അതായിരുന്നു ആദ്യത്തെ അത്ഭുതം. മിനുട്ടുകള്‍ക്കകം പനി  എന്നെ വിട്ടുപോയി. നല്ലൊരു  തുടക്കം ആയിരുന്നു അത്. പിന്നീട്  മണിയന്‍റെ അകമ്പടി ഇല്ലാതെ ഞാന്‍ ഗംഗയില്‍ പോയിത്തുടങ്ങി.

ഒരുദിനം, ദോശയുടെ രുചിസാഗരം നീന്തുന്നതിനിടയില്‍   മണിയന്‍ വിട്ടുപോകുമെന്ന  മൊഴി ഞാന്‍  കാര്യമാക്കിയില്ല. അതിനടുത്ത ദിവസമാണ് ക്രസന്‍റ് പാര്‍ക്കിലെ   മരത്തില്‍ അവന്‍ തൂങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്.

"ഇങ്ങനെ പോയാല്‍ ഞാനും തൂങ്ങും. "  അത് പറഞ്ഞപ്പോള്‍  ഒരു പൊട്ടിച്ചിരിയായിരുന്നു മുഴങ്ങിയത്.

ഒരു ദിവസം ദോശ കരിഞ്ഞ മണം ഗംഗയില്‍ പരന്നു. അന്ന് വൈകിട്ട് ഞാന്‍ നുങ്കമ്പാക്കത്തോട് വിട ചൊല്ലി. എനിക്ക് ജീവിക്കണമായിരുന്നു.  അത് എന്‍റെ പ്രത്യക്ഷജ്ഞാനമായിരുന്നു.
-----------------------------------------------------------------------കണക്കൂര്‍ 25/06/2016

Sunday, June 19, 2016

വയനാദിനം



ഇന്നലെ ഗോവയിലെ പോണ്ട സമാജത്തിന്‍റെ വായനാദിനം പരിപാടിയില്‍ പങ്കെടുത്തു. 
പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും ചെയ്തു. നല്ല ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. വായനയെ ഇതയധികം സ്നേഹിക്കുന്നവര്‍ മറുനാട്ടിലും ഉണ്ട്. സന്തോഷം. രവീന്ദ്രന്‍ സാറിനും നിഷാദ് അലിക്കും മറ്റു സമാജം അംഗങ്ങള്‍ക്കും നന്ദി. 
വായനയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. 
രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് ഗോവ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റില്‍ വച്ച് ഒരു അനുഭവം ഉണ്ടായി. മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരനെ ദിവസവും കാണുമായിരുന്നു. ഞങ്ങള്‍ ചെറിയ പരിചയത്തില്‍ ആയി. ഫെസ്റ്റ് അവസാനിക്കുന്ന ദിവസം എന്‍റെ ഒരു പുസ്തകം ഞാന്‍ അദ്ദേഹത്തിന് നല്‍കി. "ഞാന്‍ വായിച്ചിട്ട് അഭിപ്രായം പറയാം" അദ്ദേഹം പറഞ്ഞു.
"അത് വേണ്ട സാര്‍. അഭിപ്രായം പറയണ്ട." എന്ന് ഞാന്‍.
അദ്ദേഹത്തിന് അത്ഭുതം ആയി എന്നുതോന്നി.
"എന്തെ അങ്ങനെ..? "
"വലിയ ആളുകള്‍ ആരും അങ്ങനെ വായിച്ചു അഭിപ്രായം പറയുവാന്‍ മിനക്കെടില്ല എന്ന് എനിക്കറിയാം. മിക്കപ്പോഴും വായിക്കില്ല. വായിച്ചാലും നല്ലത്, മോശം എന്നൊന്നും പറയില്ല"
"അത് ശരിയല്ലല്ലോ.. നിങ്ങടെ ധാരണ ഞാന്‍ തിരുത്താം. കണക്കൂരിന്‍റെ ഫോണ്‍ നമ്പര്‍ അതിലെഴുത്. ഞാന്‍ വായിച്ചിട്ട് വിളിക്കാം. " 
   ഞാന്‍ മടിയോടെ എങ്കിലും നമ്പര്‍ എഴുതി. മെയില്‍ ഐഡി പുസ്തകത്തില്‍ ഉണ്ട്. ഇന്നുവരെ അദ്ദേഹം വിളിച്ചിട്ടില്ല.                                                                                   


Saturday, June 18, 2016

മഴക്കവിതകള്‍

മഴക്കവിതകള്‍
=============
ഉളുമ്പന്‍ ഇടവമഴ
മണിക്കൂറുകളോളം
പറഞ്ഞതുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു...
അതേയീണം
ഒരേഭാവം..
എന്നിട്ടും മുഷിയുന്നില്ല.
അതുപോലെയാണീ
മഴക്കവിതകളും.


----------------------------കണക്കൂര്‍

Friday, January 22, 2016

മാതൃകാഗ്രാമം


കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കേരളം മുഴുവന്‍ ഒരൊറ്റ നഗരം ആയി മാറിയിട്ടുണ്ട്. 

സുഹൃത്തുക്കളേ .. കുറച്ചു ദിനങ്ങള്‍ മുമ്പ് ഞാന്‍ വഴി നടന്ന ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ ക്ഷണിക്കട്ടെ. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാര്‍ എന്ന ഒരു കൊച്ചു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയുണ്ടായി. നീണ്ട ഒരു നടവഴിയും അതിന്‍റെ ഇരുവശത്തുമുള്ള വീടുകളും ഒരറ്റത്തെ അതി മനോഹരമായ ക്ഷേത്രവും ചേര്‍ന്നതാണ് പാര്‍. ഒരു ചെറിയ കരിയില പോലും പറന്നു വീഴാന്‍ മടിക്കുന്ന മുറ്റങ്ങള്‍. വീടുകളുടെ പൂമുഖങ്ങള്‍ ചാണകം മെഴുകിയതാണ്. മിക്ക വീടിന്‍റെ മുന്‍പിലും തുളസിത്തറയുണ്ട്. ഒരു വ്യക്തി തന്‍റെ വീടിനോട് ചേര്‍ന്ന് നടത്തുന്ന പോസ്റ്റ്‌ ഓഫീസ് അത്ഭുതമായി തോന്നി . ഗ്രാമത്തിന്‍റെ മുഴുവന്‍ അത്യാവശ്യങ്ങള്‍ നിറവേറ്റുവാന്‍ ആകെ മൂന്ന് കടകള്‍ ക്ഷേത്രത്തിന്‍റെ മുന്നില്‍. അമ്പലത്തിന്‍റെ മുന്നില്‍ ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്. മലകളുടെ മുകളില്‍ നിന്ന് കുഴലുകള്‍ കൊണ്ടുവരുന്ന പരിശുദ്ധമായ വെള്ളം..
വൃത്തി, ശാന്തത, നിര്‍മ്മലത. ഒക്കെ ചേര്‍ന്ന ഒരു മാതൃകാഗ്രാമം.


 പാര്‍ ഗ്രാമ പാത

 ഒരു വീടിനു മുന്‍പില്‍ കണ്ട രണ്ട് കുരുന്നുകള്‍

പാര്‍ ക്ഷേത്രമുറ്റത്ത്