Sunday, July 17, 2016

ആഴി (POEM)

കടല്‍ കാണാന്‍ പോയ
കുട്ടികള്‍
എടുത്തുകൊണ്ടുവന്ന
ഒരു ശംഖ്
മേശമേല്‍ കിടപ്പുണ്ടായിരുന്നു.
രാവുകള്‍ തോറും അതില്‍
കടല്‍ ഇരമ്പിയിരുന്നു.
ശംഖ് എറിഞ്ഞുടച്ചിട്ടും
ഇരമ്പല്‍ ബാക്കി നിന്നു.
ചിതറിയ ഖണ്ഡങ്ങളുടെ
മുറിപ്പാടുകളില്‍
കുത്തിനോവിക്കുവാനുള്ള
അഭിലാഷത്തിന്‍റെ
തീവ്രത തിരയിളക്കുന്നു.
തറയില്‍ നിരന്ന തരികളില്‍
ഉപ്പുകല്ലുകളുടെ
മൂര്‍ച്ചയുള്ള നോട്ടം.
ഉടഞ്ഞ ഓരോ തുണ്ടും
കടല്‍ഭൂതങ്ങളുടെ
നഖങ്ങളായി
ഭയപ്പെടുത്തുന്നു.
ഖണ്ഡങ്ങള്‍ ചേര്‍ത്തുവെച്ചാല്‍
എനിക്ക് ഗുപ്തമായി മാറിയ
ആഴിയെ വീണ്ടെടുക്കാം.
--------------------------കണക്കൂര്‍ 18/7/2016

3 comments:

  1. ചിതറിയ ഖണ്ഡങ്ങളുടെ
    മുറിപ്പാടുകളില്‍ കുത്തിനോവിക്കുവാനുള്ള
    അഭിലാഷത്തിന്‍റെ തീവ്രത തിരയിളക്കുന്നു...

    ReplyDelete
  2. കടല്‍പോലെ വിശാലമായ ചിന്തകള്‍

    ReplyDelete