Monday, October 19, 2026

നാകമോഹന്‍ പക്ഷിയും ചില കാടോര്‍മകളും.

ഫേസ്ബുക്കില്‍ 2026 ജൂണില്‍ അഭിജിത്ത് പേരാമ്പ്രയുടെ ഒരു പോസ്റ്റു കണ്ടു. നാകമോഹന്‍ എന്ന പക്ഷിയെ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റായിരുന്നു അത്. നീണ്ട വാലുള്ള ഈ പക്ഷി വെള്ളത്തിലേക്കു താഴ്ന്നുവന്ന് കുളിക്കുന്ന മനോഹരമായ ഒരു വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. ഒരുപാട് ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നു ആ ചിത്രങ്ങള്‍. ഈ പക്ഷി കുട്ടിക്കാലത്ത് കുറച്ചു വര്‍ഷങ്ങളില്‍ പ്രഹേളികപോലെ ചുറ്റിപ്പറ്റിയിരുന്നു. അപ്പര്‍ പ്രൈമറി ക്ലാസ്സിന്റെ അവധിക്കാലത്ത് ഹരിപ്പാടിനടുത്തുള്ള കരുവാറ്റയില്‍ അമ്മയുടെ കുടുംബവീട്ടിലായിരുന്നു സംഭവം. വീടിനു പിന്നിലെ വിശാലമായ പുരയിടത്തിലാണ് വെളുത്ത കടലാസു റിബണ്‍ വായുവില്‍ പറക്കുന്നപോലെ നീണ്ട വാലുള്ള ഈ കിളിയെ കണ്ടത്. ചെറിയ ശരീരം. ശരീരത്തിനേക്കാള്‍ പലമടങ്ങു നീളമുള്ള വാല്‍. കിളി പറക്കുമ്പോള്‍ വാല്‍ വായുവില്‍ ഒഴുകുകയാണ്. അതുപോലൊരു കിളിയെ മുമ്പ് കണ്ടിട്ടില്ലാത്തതിനാല്‍ അത്ഭുതത്തോടെ അതിനെ പിന്തുടര്‍ന്നു. ആരോ പിന്തുടരുന്നത് മനസ്സിലായപോലെ കിളി തൊടിയുടെ അതിരുപിന്നിട്ട് മരങ്ങാട്ടുകാരുടെ പറമ്പിലേക്ക് പറന്നുമാറി. അവിടെനിന്ന് വീണ്ടും ദൂരേയ്ക്ക് പറന്നു പറന്ന് മറഞ്ഞു. കണ്ടത് സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാനാകാതെ കുഴഞ്ഞു. അമ്മാവന്റെ മകള്‍ ജയയോടു കാര്യം പറഞ്ഞു. അവള്‍ അങ്ങനെ ഒരു കിളിയെ കണ്ടിട്ടില്ല. എന്റെ വിവരണങ്ങള്‍ കേട്ടപ്പോള്‍ അങ്ങനെയൊരു കിളിയില്ല എന്നവള്‍ വാദിച്ചു. ''അല്ലേലും സുരേഷണ്ണന്‍ ഇങ്ങനെ ഇല്ലാത്തതൊക്കെ കാണും.'' എന്നു വിധിയുമെഴുതി. 

പക്ഷേ, നീണ്ട വാലുള്ള ആ കിളി ഏറെക്കാലം എന്നെ വിട്ടുപോയില്ല. വീണ്ടും തുടര്‍വര്‍ഷങ്ങളില്‍ അവധിക്കാലത്ത് ഞാന്‍ ആ കിളിയെ തേടിനടന്നിട്ടുണ്ട്. പിന്നീട് കല്‍പ്പാക്കത്ത് ജോലി ചെയ്യുന്ന നാളുകളില്‍ ലൈബ്രറിയില്‍ നിന്നുലഭിച്ച ഒരു പുസ്തകത്തില്‍ കണ്ട ഒരു ചിത്രം കണ്ണിലുടക്കി. സംഗതി അവന്‍ തന്നെ. ഇന്ത്യന്‍ പാരഡൈസ് ഫ്‌ളൈ കാച്ചര്‍. മലയാളത്തില്‍് നാകമോഹന്‍. വെള്ള നിറത്തിലും തവിട്ടുകലര്‍ന്ന ചുവപ്പു നിറത്തിലും (റൂഫസ് എന്നാണ് ഈ നിറത്തിന്റെ പേര്) ഈ പക്ഷികളെ കാണാറുണ്ടത്രെ. പറക്കുന്ന ഷഡ്പദങ്ങളെ വായുവില്‍ വച്ചുതന്നെ പിടിച്ച് ഇവ ഭക്ഷിക്കും. തലയില്‍ കറുപ്പുനിറത്തില്‍ ഭംഗിയുള്ള ഒരു കിരീടവുമുണ്ട്. ഇതില്‍ ചില പക്ഷികള്‍ക്ക് ദേശാടന സ്വഭാവം ഉണ്ട്. ആണ്‍പക്ഷികള്‍ക്കാണ് നീണ്ട വാലുകളുള്ളത്. പക്ഷേ ആ പക്ഷിയെ നേരില്‍ കാണാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ഉത്തരകര്‍ണാടകത്തിലെ കാര്‍വാറിലെ ഔദ്യോഗിക ജീവിതകാലത്താണ് നീണ്ട വാല്‍ പറത്തിക്കൊണ്ട് സ്വര്‍ഗ്ഗത്തിലെ പ്രാണിപിടിയന്‍ പക്ഷി എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വെളുത്ത നിറമായിരുന്നു അതിന്. ഒപ്പം വാലില്ലാത്ത പെണ്‍പക്ഷിയും കൂടെയുണ്ട്. നാട്ടിലെ അപേക്ഷിച്ച് കാര്‍വാറിലെ കിളികള്‍ക്ക് മനുഷ്യരോട് വിരോധം പൊതുവേ കുറവാണെന്ന് തോന്നിയിട്ടുണ്ട്. കുറേനേരം ആ കിളികളെ പിന്തുടര്‍ന്നു. ആയിടെയാണ് ഒരു എസ് എല്‍ ആര്‍ ഫിലിം ക്യാമറ വാങ്ങിയത്. നിക്കോണിന്റെ ഒരു ബേസിക്ക് മോഡല്‍. അന്ന് ഡിജിറ്റല്‍ ക്യാമറകള്‍ അത്ര വിപുലമായിരുന്നില്ല. കാര്‍വാറിലെ കാട്ടുവഴിയിലൂടെയുള്ള ഒരു യാത്രയില്‍ റൂഫസ് നിറമുള്ള പാരഡൈസ് ഫ്‌ളൈ കാച്ചര്‍ അതിന്റെ കപ്പുപോലുള്ള കൂട്ടിലിരിക്കുന്നത് കണ്ണില്‍ പെട്ടു. അതിന്റെ ചിത്രം പകര്‍ത്തി. ആ ചിത്രം പ്രമുഖ മാസികയായ ബെറ്റര്‍ ഫോട്ടോഗ്രാഫിയിലേക്ക് അയച്ചു. അടുത്ത ലക്കത്തില്‍ എന്റെ പേരില്‍ അത് അച്ചടിച്ചുവന്നത് വലിയ സന്തോഷമായിരുന്നു നല്‍കിയത്. ആ പുസ്തകം ഇന്നും നിധിപോലെ വച്ചിട്ടുണ്ട്. പിന്നീട് മകന്‍ അഡ്വാന്‍സ് ടെക്‌നോജളിയുള്ള നിരവധി ക്യാമറകള്‍ മേടിച്ചു നല്‍കിയെങ്കിലും ആ പഴഞ്ചന്‍ നിക്കോണ്‍ എഫ് എം ക്യാമറ ഇന്നും ഏറെയിഷ്ടം. 

പ്രോഫസര്‍ കെ കെ നീലകണ്ഠന്‍ എഴുതിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തിലൂടെയുള്ള സഞ്ചാരം പക്ഷികളേ കുറിച്ചു മാത്രമല്ല, പ്രകൃതിയെ കുറിച്ചും നല്ല അവബോധമുണ്ടാക്കി. സത്യത്തില്‍ ആ പുസ്തകം ആരെയും പ്രകൃതിയോട് ഒരുപാട് ചേര്‍ത്തടുപ്പിക്കും. സഹപ്രവര്‍ത്തകരായ കെ വി രാജീവിനെ പോലുള്ള ചില സുഹൃത്തുക്കള്‍ പക്ഷികളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ എനിക്ക് വഴികാട്ടിയായി. രാജീവു വഴി ഞാന്‍ സത്യന്‍ മേപ്പയ്യൂര്‍ തുടങ്ങിയ നിരവധി പ്രമുഖരായ പക്ഷിനിരീക്ഷകരെ പരിചയപ്പെട്ടു. കാര്‍വാറിലെ ജീവിതം ആരെയും പ്രകൃതിയുമായി ഇണക്കും. വലിയ വേഴാമ്പലുകള്‍ മുതല്‍ ചെറിയ ചിന്നകുട്ടുറുവന്‍ വരെയുള്ള എത്രയോ കിളികളാണ് നിത്യവും കണ്ണില്‍ പെടുന്നത്. കൂടാതെ, ഞങ്ങള്‍ ജോലി ചെയ്യുന്ന അണുവൈദ്യതി കോര്‍പ്പറേഷന്‍ അവധി ദിവസങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി നിരവധി പരിപാടികള്‍ നടത്താറുള്ളത് പ്രകൃതിസ്‌നേഹികള്‍ക്ക് വലിയ അനുഗ്രഹമാണ്. മാത്രമല്ല, നിലയത്തിനു ചുറ്റുമുള്ള വിശാലമായ എക്‌സ്‌ക്ലൂസീവ് സോണ്‍ എന്ന നിയന്ത്രിത മേഖലയില്‍ മനുഷ്യരുടേയും വേട്ടക്കാരുടേയും ശല്യമില്ലാത്തതിനാല്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സൈ്വരവിഹാരം നടത്താന്‍ കഴിയുന്നു. പുള്ളിപ്പൊന്‍മാന്‍, ഓമനപ്രാവ്, തീക്കാക്ക തുടങ്ങിയ അപൂര്‍വ്വ പക്ഷികളെ ഞാന്‍ കാര്‍വാറില്‍ ധാരാളം കണ്ടിട്ടുണ്ട്. കാര്‍വാര്‍ ജീവിതകാലത്ത് കാളിനദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കാളിനദിയുടെ ഓരങ്ങളില്‍ അനേകതരം ജലപ്പക്ഷികളെ കാണാം. പക്ഷികളുടെ പിറകേ പോയി മണിക്കൂറുകള്‍ നടന്ന ഓര്‍മകള്‍ എനിക്കുണ്ട്. പിന്നീട് മൂത്തമകന്‍ ഫോറസ്ട്രി ബിരുദം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ഉള്ളുകൊണ്ട് ഏറെ സന്തോഷിച്ചു. കാലക്രമേണ ജോലിത്തിരക്കുകള്‍ കൊണ്ട് പക്ഷിപരിചയം കുറഞ്ഞെങ്കിലും മുംബൈ നഗരത്തില്‍ ഞങ്ങളുടെ കോളനിയില്‍ അപൂര്‍വ്വമായി കണ്ണില്‍ പെടുന്ന കോഴിവേഴാമ്പലുകളും (ഗ്രേ ഹോണ്‍ബില്‍) മറ്റുചില പക്ഷികളും പഴയ ഓര്‍മകള്‍ ഉണര്‍ത്താറുണ്ട്. മുംബൈയിലെ ചതുപ്പുകളില്‍ ദേശാടനം ചെയ്ത് പറന്നിറങ്ങുന്ന പിങ്കുനിറമുള്ള പതിനായിരക്കണക്കിന് ഫ്‌ളെമിംഗോകളുടെ കാഴ്ചകാണാന്‍ വര്‍ഷാവര്‍ഷം കൂട്ടുകാരുമായി പോകാറുണ്ട്. വലിയ തിരക്കുള്ള നഗരമാണെങ്കിലും ധാരാളം മരങ്ങളും ഏകദേശം 1400 ഹെക്ടറുകള്‍ക്കടുത്ത് അര്‍ബന്‍ കാടുകളുമുള്ള മുംബൈ നഗരത്തിന് നല്ല പക്ഷിസമ്പത്തുണ്ട്. ഇതുപോലെ ഏതു ഗ്രാമങ്ങളിലും നഗരങ്ങളിലും പക്ഷികളും ശലഭങ്ങളും ഉണ്ട്. അവയെ കാണാന്‍ നമുക്ക് കണ്ണുകളുണ്ടാകണം എന്നുമാത്രം. ശരിക്കും പക്ഷികളെ നിരീക്ഷിക്കുന്നത് വെറും കൗതുകം പകരുന്ന വിനോദം മാത്രമല്ല, അതിലുപരി അതിലൂടെ നാം ജീവല്‍പ്രകൃതിയുമായി ഐക്യപ്പെടുക കൂടിയാണ്.

[നാകമോഹന്‍ - ചിത്രങ്ങള്‍ കെ ഹരീഷ് & സത്യന്‍ മേപ്പയ്യൂര്‍]

(Published in Mathrubhumi Mahanagaram Page Mumbai- October 04, 2026) 


No comments:

Post a Comment