Saturday, April 7, 2012

രുചിസാഗരം

മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ വേലികടന്നു വരുന്ന വിവിധ ഗന്ധങ്ങള്‍ ശശാങ്കയെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കരിമീന്‍ പൊള്ളിച്ചതിന്‍റെയും കക്കായിറച്ചി വറുത്തതിന്‍റെയും മണം വേലി കടന്ന് അവളുടെ മൂക്കില്‍ അരിച്ചെത്തി. അമ്മയെ ഭയന്ന് അതിരിന് അപ്പുറത്തേക്ക് നോക്കുവാന്‍ കഴിയില്ല എങ്കിലും ഗന്ധങ്ങള്‍ അവളുമായി സംവദിച്ചു.

ആ ഗന്ധങ്ങളിലൂടെ അവള്‍ ഷാപ്പിനെ അറിഞ്ഞു. ഷാപ്പില്‍ കറിയൊരുക്കുന്ന രാമണ്ണനെ അറിഞ്ഞു. കുടിക്കുവാന്‍ വരുന്നവരെ അറിഞ്ഞു. കള്ള് തലയ്ക്കു പിടിച്ച് പിച്ചും പേയും പറയുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെയും ശശാങ്ക അറിഞ്ഞു. ആ അറിവില്‍ ചിലപ്പോള്‍ അവള്‍ മുനിഞ്ഞു കുന്തിച്ച്‌ തന്നത്താന്‍ നഷ്ടപ്പെടും.


"ഈ പെണ്ണെന്തു നോക്കിയിരിക്കാണ് ദൈവേ... "

പെണ്ണ് നിനവില്‍ മുഴുകിയാല്‍ കുഞ്ഞി നിലവിളിക്കും. കുഞ്ഞിക്ക് പേടിയാണ്. പണ്ട് ഇതുപോലെ കള്ള് മണത്ത നാളിന്‍റെ ശാപമായാണ് കുഞ്ഞി ശശാങ്കയെ ഗര്‍ഭം ധരിച്ചത്. ശശാങ്ക തിരണ്ടപ്പോള്‍ കുഞ്ഞിക്ക് കൂടുതല്‍ പേടിയായി. അതിരുവേലി കൂടുതല്‍ കുത്തി മറച്ചിട്ടും കള്ളും കറികളും എല്ലാ പ്രാവൃതിയും കടന്ന് കുഞ്ഞിയുടെ വീടകം എത്തി.

എങ്കിലും മകളുടെ രക്ഷക്കായി കുഞ്ഞി ആവുന്നതെല്ലാം ചെയ്തു. തള്ളകോഴിയെ പോലെ പരുന്തിന്‍ പറ്റങ്ങളില്‍ നിന്നും കുഞ്ഞിനെ കാത്തു പിടിച്ചു.
" ദൈവേ .. പെണ്ണിന് പ്രായമായി വരുന്നല്ലോ ..." എന്ന് ഓരോ നിമിഷങ്ങളിലും അവര്‍ ആവര്‍ത്തിച്ചു ചിന്തിച്ചു.


ഒരിക്കല്‍ ഉപ്പിട്ട് കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്ക അറിഞ്ഞു രുചി ഇല്ലാത്ത ജീവിതം ആണ് ഇത് എന്ന്. ഒരു വേലിക്കപ്പുറം രുചിയുടെ മഹാസാഗരം ! ശശാങ്ക ഒരു പൂത്തുമ്പിയായി അങ്ങോട്ട്‌ പറക്കുവാന്‍ കൊതിച്ചു. അവള്‍ തപസ്സ് തുടങ്ങി. കള്ള് മോന്തിയ ഒരുവന്‍ വേലി പകര്‍ത്തുവന്ന് രുചികളുടെ ലോകത്തേക്ക് അവളെ അവാഹിച്ചെടുക്കും വരെ ആ തപസ്സ് തുടര്‍ന്നു.

ശശാങ്ക അമ്മയുടെ നേരെ പൊട്ടിത്തെറിച്ചു.
"ഒള്ള കാലം മുഴുവനും ഈ ഉപ്പും മൊളകും മാത്രം തിന്ന് കഴിവേറണോ പിന്നെ ഞാന്‍ ? "

ഒരു നിയോഗം പോലെ മുട്ടുകാലില്‍ തല ചേര്‍ത്തുവച്ച് കുന്തിച്ചിരുന്ന് കുഞ്ഞി ആവോളം കരഞ്ഞു.

പാകത്തിന് വിളഞ്ഞ ദേഹം മസാല പുരട്ടി ശശാങ്ക കാമാഗ്നിയില്‍ വേവിച്ചെടുത്തു. ഏതാനും നാള്‍ക്കുള്ളില്‍ അവള്‍ സ്വയം രുചിയേറിയ ഒരു വിഭവം ആയി മാറി. മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ പേര് ഏറെ ഉയര്‍ത്തിയ ഒരു ഉഗ്രന്‍ വിഭവം !

(first posted in Whiteline world)

Wednesday, February 29, 2012

ചിന്നപ്പന്‍റെ കഥ

ചിന്നപ്പന്‍റെ കഥയോടൊപ്പം ഉദയന്‍റെ കഥയും പറയണം.
അല്ലെങ്കില്‍ കഥയ്ക്ക്‌ പൂര്‍ണ്ണത ലഭിക്കില്ല.

ഉദയന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു. പഠിക്കുവാന്‍ അത്ര മിടുക്കന്‍ ആയിരുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് 'പി എസ് സി' പരീക്ഷ ജയിച്ച് ഒരു സര്‍ക്കാര്‍ പണി നേടിയെടുത്തു.

എന്നാല്‍ ചിന്നപ്പന് പഠിക്കുവാന്‍ ദൈവം ബുദ്ധി കൊടുത്തു. പക്ഷെ പഠിച്ചു വലിയ ഒരാളാവണം എന്നൊന്നും അയാള്‍ക്ക്‌ ഇല്ലായിരുന്നു. നാലും കൂട്ടി മുറുക്കിത്തുപ്പി , ആല്‍ച്ചുവട്ടിലും കയ്യാലപ്പുറത്തും നിരങ്ങി സമയം തള്ളി . ജോലി വിവാഹം തുടങ്ങിയ കാര്യങ്ങളോട് അയാള്‍ക്ക്‌ പുശ്ചമായിരുന്നു .
ഉദയന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോകവേ , കയ്യാലയുടെ മുകളില്‍ ഇരുന്ന് ചിന്നപ്പന്‍ പറയും: " ഓ ... ജോലി ശമ്പളം ഇതൊന്നും വലിയ കാര്യമല്ലടോ ...."
എന്നിട്ടയാള്‍ ആ പറഞ്ഞതിന് താംബൂലം നീട്ടിത്തുപ്പി അടിവരയിടും.

കാലം കടന്നുപോയി . എല്ലാവരെയും പോലെ ചിന്നപ്പനും വയസ്സായി.
ഇതിനകം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം അയാള്‍ക്ക്‌ നഷ്ടമായി.
ഉറക്കം കടത്തിണ്ണയില്‍ ആയി.
ഒരു ചായ കുടിക്കുവാന്‍ കൂടി ആരോടെങ്കിലും കൈ നീട്ടേണ്ട അവസ്ഥ .

ഒരുദിവസം ചിന്നപ്പന്‍ വഴിയരികില്‍ കിടന്നു മരിച്ചു . സ്വന്തക്കാര്‍ ആരും അവിടെ ഇല്ലാഞ്ഞതിനാല്‍ ഉദയനും മക്കളും പിന്നെ മറ്റുചില നാട്ടുകാരും ചേര്‍ന്ന് ചിന്നപ്പന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങി.
ചിതയിലേക്ക് എടുക്കുവാന്‍ തുടങ്ങും മുന്‍പ് ഉദയന്‍ പരേതന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി . അപ്പോഴും ആ മുഖം പറയുന്നുണ്ടായിരുന്നു - "ഓ.... ഇതൊന്നും വലിയ കാര്യമല്ലടോ .. "

Tuesday, January 24, 2012

പേരൊള്ള ഒരാള്‍

പോലീസേമാന്മാര് എത്ര തല്ലിയിട്ടും എനിക്ക് കൊക്കിപ്പറയാന്‍ ഒരു പേരില്ലാരുന്ന്.

എമാന്മാര്‍ക്ക് ദേഷ്യം കൂടിക്കൂടി വന്ന്. പിന്നേം പിന്നേം തല്ലീന്ന്.

ഇന്നാള് നിങ്ങള് ചോദിച്ചപ്പം ഞാന്‍ പറഞ്ഞില്ലേ എനിക്ക് പേരില്ല എന്ന് ?

ആരാണ് നിങ്ങക്കൊക്കെ പേരിട്ടത് ? അവരൊന്നും എനിക്ക് പേരിട്ടില്ല. ഞാനുമിട്ടില്ല .

അല്ലേത്തന്നെ ഒരു പേരിലെന്തിരിക്കുന്നു ?
നിര്‍ഗുണന് സുശീലന്‍ എന്ന് പേര് . ദുര്‍മുഖനു കോമളന്‍.

കോങ്കണ്ണിക്ക് മീനാക്ഷി. ഒന്നിനും കൊള്ളാത്തവളെ വൈശാലീന്നും.
എമാന്മാര്‍ക്കും പേരുണ്ട്. വിളിക്കാന്‍ പറ്റുവോ ? ഇടിച്ചു കൂമ്പു കലക്കും .

നമ്മടെ അപ്പുപ്പന്റെ അപ്പുപ്പന്റെ പേരുപോലും നമക്ക് അറിയില്ല.

അല്ലെങ്കിലും ആദി പൂര്‍വികര്‍ക്ക് പേരുണ്ടായിരുന്നോ ?

ഇല്ല.
ഇനി ഞാന്‍ ചത്തിട്ട്, ശവക്കുഴീലിട്ട് , പുറത്ത് എഴുതിവെക്കാനാണോ ?

എങ്കില്‍ 'പേരില്ലാത്തവന്‍' എന്ന് എഴുതിവെക്ക് .

യേത് ..


ഇനി ഒരു ദുഃഖവാര്‍ത്ത:
എന്റെ കാമുകി പ്രണയലേഖനത്തില്‍ പേരുവെക്കാന്‍ ആവാതെ കുഴങ്ങി.

അവള്‍ക്കു 'പ്രിയനേ' എന്നോ 'കരളേ' എന്നൊക്കെ എഴുതാമായിരുന്ന് .

എന്നിട്ടും അവള്‍ പേരൊള്ള ഒരാളെ തെരക്കി പോയീന്ന്....!

-------------------------------------------------------------------------

(first published in white line world)

Friday, December 30, 2011

പോയവര്‍ഷം പറയുന്ന രഹസ്യം

ഓരോ വര്‍ഷവും കൊഴിയുന്ന വേളയില്‍

പടിയിറങ്ങുന്ന വര്‍ഷം പുതുവര്‍ഷത്തിന്റെ ചെവിയില്‍

ഒരു രഹസ്യം ഓതുന്ന കാര്യം നിങ്ങള്‍ക്കറിയുമോ ?

നിരക്കെ പരക്കുന്ന ആശംസാ വചനങ്ങളുടെയിടയില്‍

കരഘോഷങ്ങളുടെ ഇടയില്‍

ആര്‍പ്പുവിളികള്‍ക്കിടയില്‍

നമ്മള്‍ അത് കേള്‍ക്കില്ല.

എന്തായിരിക്കും ആ രഹസ്യം ?
പുതിയ സൂര്യനുള്ള ഉദയത്തിന്റെ മന്ത്രമാകുമോ !
ചിലപ്പോള്‍ ഇനി ഉയിര്‍കൊള്ളുവനുള്ള

സംഭവങ്ങളുടെ ലഘുലേഖകള്‍ കൈമാറുന്നതാവുമോ ?

പുതുവത്സരത്തില്‍ പിറക്കുവാന്‍ പോകുന്ന

ഒരു മഹാന്റെ ജന്മരഹസ്യം ഓതുന്നതാവുമോ ?

പിന്നെയും നമുക്ക് സംശയിക്കുവാന്‍ ഏറെയുണ്ട്.

ഈ സമസ്യ ചുരുള്‍ നിവര്‍ത്തുവാന്‍ തുനിഞ്ഞിരുന്ന്‍

പോകെപ്പോകെ ഒരുവര്‍ഷം കടന്നിരിക്കും.

പക്ഷെ ഈ പുതുവത്സര ദിനത്തില്‍

പതഞ്ഞു പൊങ്ങുന്ന ബഹളങ്ങളില്‍ ചേരാതെ

ഒരു പാവം തെണ്ടി പുറംതിരിഞ്ഞിരിക്കവേ,

അയാളുടെ ചെവികള്‍ ഈ രഹസ്യം പിടിച്ചെടുത്തു.

പടിയിറങ്ങവെ കൊഴിയുന്ന വര്‍ഷം

പുതുവത്സരത്തോട്‌ മെല്ലെ പറയുന്നത്

"എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍

നില കൊള്ളുവാന്‍ കൊതിയുണ്ട് " എന്നാണത്രേ !

എന്ത് ചെയ്യാം ! പണ്ടുമുതലേ വര്‍ഷത്തിനു

പന്ത്രണ്ടു മാസങ്ങള്‍ അല്ലെങ്കില്‍

മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങള്‍ മാത്രമല്ലേ ?!


Saturday, December 24, 2011

CHRISTMAS CAROL

.............................................................
Red coat with white cuff and collar, a man with white beard...
Then black leather belt and bag. Saint Nicholas... Christmas Father... Dear PAPPA…
In his chariot with eight reindeers… reached in a chilled Christmas Eve. But by mistake, it was a slum at outskirt of city.
The kids of slum covered him with cheers… They dragged the entire gift packs from PAPPA. Someone guided the reindeers to slaughter house. A man with the smell of slum embraced PAPPA. . His beard gained the color of mud... Red silk dress became black.
Saint Nicholas smiled gently. He walked over the street. Then one colorful carol team of city crossed him. Nobody from that team identified PAPPA.

“Angles we have heard on high,
Singing sweetly through the night,
And mountains in reply
Echoing their brave delight…

With smile, he watched the carol team. They went away with cheers. Then he saw, a drunken old man singing a Christmas song from the street side. A poor cobbler! PAPPA sat in his side. Then he shrunk to himself there in the chill.

Thursday, December 15, 2011

മുല്ലപ്പെരിയാര്‍ - പുതിയ ഡാം മണ്ടത്തരം

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുകയാണല്ലോ ? ഇതിന്റെ അടുത്ത നില എന്തായിരിക്കും ? ഒരിക്കലും വിധി തീരാത്ത കേസുകെട്ടുകളും തൂക്കി കുറെ വക്കീലന്മാര്‍ കിഴക്കും പടിഞ്ഞാറും നടക്കും എന്നല്ലാതെ ! 999 വര്‍ഷത്തേക്കുള്ള വിചിത്രമായ ഒരു കരാര്‍ നമ്മെ നോക്കി പല്ലിളിക്കും എന്നത് മിച്ചം.

ഇത് നാളത്തെ കാര്യം. ഇന്നത്തെ സ്ഥിതി എന്താണ് എന്ന് നോക്കാം. ഇന്ന് കേരളം മുഴുവനും പുതിയ അണക്കെട്ടിനായി മുറവിളി കൂട്ടുന്നു. പത്രങ്ങളും മറ്റു മാധ്യമങ്ങളും അതുതന്നെ വിളിച്ചോതുന്നു. എന്റെ വീടിന്റെ മുന്നിലുള്ള കൊച്ചു യൂപ്പീ സ്കൂളിലെ കുട്ടികള്‍ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു; പുതിയ ഡാം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട്. ശരിക്കും കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം എന്നതുതന്നെയാണ് തമിഴ് നാടിന്റെ ആഗ്രഹം. നമ്മുടെ ജനതയെ വിഡ്ഢിവേഷം കെട്ടിച്ചു ഇതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ !!! അവര്‍ക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആണ് നോട്ടം. ഒരു ഡാമിന് ആയുസ്സ് 50 മുതല്‍ 60 വര്‍ഷങ്ങള്‍ കണക്കാക്കിയാല്‍ ഇനി കരാറില്‍ അവശേഷിക്കുന്ന കാലം മുഴുവനും നമ്മള്‍ എത്ര ഡാം പണിയണം തമിഴ്നാടിനു വെള്ളം നല്‍കാന്‍ ! ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാ അണക്കെട്ടുകള്‍ക്കും ഭീഷണി ആണ് എന്നും നാം ഓര്‍ക്കണം. അതുമല്ല, ഓരോ അണക്കെട്ടും ജലത്താല്‍ മൂടുന്നത് എത്ര വനഭൂമി ആണ് ? ഇതിനൊന്നും തമിഴ്നാട് സര്‍ക്കാര്‍ ഒരുപൈസ നഷ്ട്ടപരിഹാരം തരില്ല. പണ്ടു ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച വിചിത്ര കരാറിന്റെ ഫലം നോക്കണേ ?
ഡോ. എ ലത എഴുതിയ ഒരു ലേഖനം വായിച്ചു. പുതിയ അണക്കെട്ടല്ല , പുതിയ ജല വിനിയോഗ ബില്‍ ആണ് വേണ്ടത് എന്ന് നല്ലപോലെ വ്യക്തമാക്കുന്ന ഒരു ലേഖനം. തമിഴ്‌നാട് , കേരളം എന്ന് വേര്‍തിരിച്ചു കാണാതെ പ്രശ്നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടുവാന്‍ കഴിയുന്നത്‌ കേന്ദ്ര സര്‍ക്കാരിനാണ് . അവര്‍ വിചിത്രമായ മൌനം വെടിയണം. സീറ്റ് എണ്ണി ആരുടേയും പക്ഷം പിടിക്കരുത്. പടിപടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ കുറച്ചുകൊണ്ടുവരികയും അതിനൊപ്പം തമിഴ്നാട്ടില്‍ വൈഗ തടത്തില്‍ കൂടുതല്‍ ജലം സംഭരിക്കുവാന്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൈക്കൊള്ളുകയും ചെയ്യണം. ഒരുഭാഗത്ത്‌ കൃഷിയും മറുഭാഗത്ത്‌ ജനങ്ങളുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. കേരളത്തിലെ നദികളുടെ സ്വാഭാവികമായ നീരൊഴുക്ക് തിരികെ കൊണ്ടുവരണം.

സുഹൃത്തുക്കളെ..
ഈ വിഷയത്തില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഓര്‍ക്കുക. പുതിയ ഡാം അല്ല പുതിയ കരാര്‍ ആണ് നമുക്ക് വേണ്ടത്. മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തിന്റെതാണ്. അതിന്റെ സുരക്ഷയും നിയന്ത്രണവും എല്ലാം കേരളത്തിന്റെ കയ്യില്‍ തന്നെ വേണം. തമിഴ്നാടിന് കൃഷിക്കാവിശ്യമായ ജലം മാത്രം നല്‍കുക. (വൈദ്യുതി പോലും നല്‍കേണ്ട ആവശ്യം ഇല്ല ) നമ്മുടെ ഭരണാധികാരികള്‍ അതിനാണ് ശ്രമിക്കേണ്ടത്.

Monday, November 28, 2011

അസ്മ (മിനിക്കഥ)

"ശരി. ഇനി കഥ പറഞ്ഞു തുടങ്ങാം. ഒരിടത്തൊരിടത്ത് ടോട്ടോയിപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ടോറ്റൊയച്ചന്‍ എന്ന ഒരു..."

"നിര്‍ത്തെടാ .. വേല മനസ്സിലിരിക്കട്ടെ.. ഇത് കൊറേ കേട്ടതാ. വളരെ പഴമയുള്ളതും കേട്ടുമടുത്തതുമായ പ്രമേയം. പുതിയത് എന്തെങ്കിലും ഉണ്ടേല്‍ പറയ് . കേട്ടാല്‍ അസ്ഥിക്ക് പിടിക്കണം. "

" എങ്കില്‍ ശരി. ഇത് കേട്ടുനോക്കു . ഇത് ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അസ്മ എന്നാണ് അവടെ പേര്. ഒരു പതിനാറു വയസ്സ് പ്രായം. "

" പറ.. പറ .. കൊള്ളാം.. കേള്‍ക്കെട്ടെ.."

"നമ്മള്‍ എല്ലാവരും ഈ കഥയില്‍ ഉണ്ട്. നീ നായകന്‍. ഞാന്‍ വില്ലന്‍. ഇവന്‍ ....."

"നായകന്‍ വേണ്ട. വില്ലന്‍ മാത്രം മതി.. നമ്മള്‍ എല്ലാവരും വില്ലന്മാര്‍."

"ശരി. ഓരോരുത്തരും അസ്മയെ കടിച്ചു കീറി കടിച്ചു കീറി..... "

"കീറി ? "

"അങ്ങനെ കഥ കഴിഞ്ഞു "

(എല്ലാരും അല്പം ആലോചിച്ചിട്ട് )
"പക്ഷെ ഇതും കേട്ട് മടുത്തു. ഇനിയും കട്ടിയുള്ള എന്തെങ്കിലും ? "