Wednesday, September 5, 2012
വിളംബരം (മിനിക്കഥ)
Thursday, August 30, 2012
വയറ്റില്‍ ഒരു എലി (മിനിക്കഥ)
Saturday, August 4, 2012
ചവിട്ടിയരക്കപ്പെട്ട ഒരു പൂമൊട്ടിന്
Tuesday, July 17, 2012
എന്റെ കാടനുഭവങ്ങള്‍
"കാടില്ലാത്ത ജില്ല ? " ക്വിസ് മാസ്ടറുടെ ചോദ്യം.
കാടിന്റെ വന്യതയാണ് നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നത് . പക്ഷികളുടെ ഒരു മായികലോകം . പൊടുന്നനെ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു വലിയ കാഹളം മുഴങ്ങി എന്ന് വരാം. ഒരു ആണ്‍ മയില്‍ അതിന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ചതാവും . ഉത്തരകന്നടത്തിലെ കാടുകളില്‍ വേഴാമ്പലുകളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. വന്‍ വൃക്ഷങ്ങളുടെ പോതുകളില്‍ ആണ് അവ മുട്ട വിരിയിക്കുന്നത് . വേഴാമ്പലുകളുടെ കൂട് തേടിയുള്ള യാത്രകള്‍ എല്ലായ്പ്പോഴും നിരാശയാണ് നല്‍കിയത് . അവ ഒരിക്കലും നേരെ ഇണ അടയിരിക്കുന്ന ഇടത്തേക്ക് പറന്നു ചെല്ലില്ല. ചുറ്റുമുള്ള പല മരങ്ങളിലും ചാടിച്ചാടി നമ്മെ വട്ടം ചുറ്റിക്കും. കാട്ടില്‍ എന്നെ എന്നും ആകര്‍ഷിക്കുന്ന ഒരു കിളിയാണ് റാക്കറ്റ് വാലന്‍ നാരായണക്കിളി . ഒരു നല്ല മിമിക്രി കലാകാരന്‍ ആണ് ഈ പക്ഷി.
ഈയിടെ ഒരു സുഹൃത്ത് ചില പാഴ്മരങ്ങള്‍ ചൂണ്ടിക്കാട്ടി പറയുകയുണ്ടായി :-
"ഇവയൊക്കെ പറിച്ചുകളഞ്ഞിട്ട് നമുക്ക് ആവിശ്യമുള്ള ഫലവൃക്ഷങ്ങളും ഈട്ടിയും തേക്കും ഒക്കെ നട്ടിരുന്നെങ്കില്‍ എത്ര നന്നായി ?!"
ഇത് നമ്മുടെ പൊതുസ്വഭാവം ആണ് - നമുക്ക് (മനുഷ്യന്) ഗുണപരമായത് മാത്രം നില നിര്‍ത്തുക എന്നത് . പ്രകൃതിയില്‍ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനം ഉണ്ട് എന്ന കാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. ഒരു ചെറിയ പുല്‍ച്ചെടിക്കും കാണും ഈ ലോകത്തില്‍ അതിന്റേതായ സ്ഥാനം . അത് നിഷേധിക്കുവാന്‍ നമുക്ക് എന്തവകാശം ? എങ്കിലും മനുഷ്യന്റെ വികാസത്തിന് ഒത്ത് വനസ്ഥലികള്‍ ചുരുങ്ങിവരുന്നു.
കുറച്ചുകഴിയുമ്പോള്‍ എനിക്ക് ചിലപ്പോള്‍ പറയുവാന്‍ ആകും - ആലപ്പുഴയിലെ മരക്കൂട്ടങ്ങളും ഗരിമയുള്ള വനങ്ങള്‍ ആണ് എന്ന്. അവയെങ്കിലും അവശേഷിച്ചാല്‍ മാത്രം .
Monday, June 18, 2012
അവസാനത്തെ തുരുത്ത്
ഈവഴി വരുമ്പോള്‍ എപ്പോഴും ചേമ്പിലക്കാടുകളിലേക്ക് ഒരു കുളക്കോഴി ഊളയിട്ടു മറയും. അവള്‍ക്കു മാത്രം ഇക്കണ്ട കാലമായി ഒരു മാറ്റവും ഇല്ല. തന്റെ നാരുപോലുള്ള കാലുകള്‍ ചലിപ്പിച്ചുകൊണ്ട് അവള്‍ ഓടി മറയുന്നത് ചെമ്പിലക്കാടുകളിലെ ഏതോ രഹസ്യത്തിലെക്കാണ് .
പച്ചവിരിപ്പില്‍ പൊട്ടുകള്‍ പോലെ അനേകം ദേശാടന പക്ഷികള്‍ . അവ ദൂരെ ഏതോ ദേശത്തുനിന്നും മൈലുകള്‍ താണ്ടി എല്ലാവര്‍ഷവും ഈ തുരുത്തില്‍ എത്തുമെന്ന് ഒരിക്കല്‍ സോമരാജന്‍ പറഞ്ഞതാണ് . തലമുറകള്‍ ആയി അവര്‍ ആ പതിവ് തുടരുന്നു.
അവയുടെ തലച്ചോറില്‍ ഒളിപ്പിച്ച ഏതു കാന്തമാണ് വഴി തെറ്റാതെ അവയെ ഈ തുരുത്തില്‍ എത്തിക്കുന്നത് !? ആര്‍ക്കറിയാം ! ആ വഴി നടക്കുമ്പോള്‍ ചിലപ്പോളൊക്കെ ഒരു നീര്‍ക്കോലി വരമ്പില്‍ നിന്ന് കൈതമറയത്തേക്ക് പാഞ്ഞുപോയി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് .
തുരുത്തില്‍ ഒരു ആശ്രമം പോലെ തോന്നിപ്പിക്കാറുള്ള സോമരാജന്റെ വീട്. അവിടെ അവന്റെ ഭാര്യ ദേവികയും 'മാളു' എന്ന മോളും. രണ്ടു മുറിയും ഒരു അടുക്കളയും മാത്രമേ ഉള്ളു എങ്കിലും വളരെ വിശാലത തോന്നിച്ചു ആ വീടിന്. ടൌണില്‍ എന്റെ വീട്ടില്‍ എത്ര മുറി ഉണ്ടെങ്കില്‍ എന്ത് ...ഒന്നിനും സൗകര്യം ഇല്ല. നിരന്നു കിടക്കുന്ന വീട്ടുസാമാനങ്ങല്‍ക്കിടയിലൂടെ നുഴഞ്ഞു നടക്കേണ്ട ഗതി. എന്നിട്ടും വാങ്ങികൂട്ടുന്നു പിന്നെയും. ഇതൊരുപക്ഷെ പട്ടണത്തിന്റെ വിധിയാകാം.
ഒരുവട്ടം പട്ടണത്തില്‍ ദേവികയുമായി എത്തിയപ്പോള്‍ അവന്‍ മതില്‍ക്കെട്ടില്‍ ശ്വാസം മുട്ടിക്കഴിയുന്ന എന്റെ വീട്ടിലും എത്തിയിരുന്നു. പട്ടണത്തിന്റെ പളുപളുപ്പ് നോക്കിക്കണ്ട് അതിശയം കുമിഞ്ഞ കണ്ണുകള്‍ ആയിരുന്നു ദേവികയുടെ മുഖത്ത്. മൈക്രോ വേവ് ഓവന്‍ , വാഷിംഗ് മിഷീന്‍ തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളില്‍ അവള്‍ കൊതിയോടെ നോക്കുന്നത് എനിക്ക് മനസ്സിലായി.
ഇനി എവിടെ പറന്നിറങ്ങും എന്ന് ദേശാടന പക്ഷികള്‍ക്ക് അറിയില്ല. എവിടെ ഇഴഞ്ഞെത്തുമെന്നു നീര്‍ക്കോലികള്‍ക്കും .
- കണക്കൂര്‍
Wednesday, May 16, 2012
സത്യഗ്രഹം
ഒരുദിവസം എങ്ങിനയോ പരിപാലകരുടെ കണ്ണുതെറ്റി ഒരു പുള്ളിപ്പുലി മാനുകളുടെ കൂട്ടിലെത്തി.
മാനുകള്‍ കൂട്ടത്തോടെ പുലിയെ എതിരേറ്റു.
പുലിക്ക് അത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഇത്രകാലം കേട്ടറിഞ്ഞതിന് കടക വിരുദ്ധമായാണല്ലോ കാര്യങ്ങള്‍ നടക്കുന്നത് !
മൃഗ പരിപാലകര്‍ കണ്ടെടുത്ത് ചികില്സാലയത്തിലേക്ക് മാറുംവരെ അത് തുടര്‍ന്നു . ഇനിയവന്‍ പഴയത് പോലെ കൂട്ടില്‍ എറിഞ്ഞുകിട്ടിയ മാംസ തുണ്ടുകള്‍ ഭക്ഷിച്ച് ശിഷ്ടകാലം കഴിക്കും .
ചിലപ്പോള്‍ ഭാവിയില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തി അടയുവാനും മതി.
Saturday, April 7, 2012
രുചിസാഗരം
മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ വേലികടന്നു വരുന്ന വിവിധ ഗന്ധങ്ങള്‍ ശശാങ്കയെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കരിമീന്‍ പൊള്ളിച്ചതിന്‍റെയും കക്കായിറച്ചി വറുത്തതിന്‍റെയും മണം വേലി കടന്ന് അവളുടെ മൂക്കില്‍ അരിച്ചെത്തി. അമ്മയെ ഭയന്ന് അതിരിന് അപ്പുറത്തേക്ക് നോക്കുവാന്‍ കഴിയില്ല എങ്കിലും ഗന്ധങ്ങള്‍ അവളുമായി സംവദിച്ചു.
ആ ഗന്ധങ്ങളിലൂടെ അവള്‍ ഷാപ്പിനെ അറിഞ്ഞു. ഷാപ്പില്‍ കറിയൊരുക്കുന്ന രാമണ്ണനെ അറിഞ്ഞു. കുടിക്കുവാന്‍ വരുന്നവരെ അറിഞ്ഞു. കള്ള് തലയ്ക്കു പിടിച്ച് പിച്ചും പേയും പറയുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെയും ശശാങ്ക അറിഞ്ഞു. ആ അറിവില്‍ ചിലപ്പോള്‍ അവള്‍ മുനിഞ്ഞു കുന്തിച്ച് തന്നത്താന്‍ നഷ്ടപ്പെടും.
"ഈ പെണ്ണെന്തു നോക്കിയിരിക്കാണ് ദൈവേ... "
പെണ്ണ് നിനവില്‍ മുഴുകിയാല്‍ കുഞ്ഞി നിലവിളിക്കും. കുഞ്ഞിക്ക് പേടിയാണ്. പണ്ട് ഇതുപോലെ കള്ള് മണത്ത നാളിന്‍റെ ശാപമായാണ് കുഞ്ഞി ശശാങ്കയെ ഗര്‍ഭം ധരിച്ചത്. ശശാങ്ക തിരണ്ടപ്പോള്‍ കുഞ്ഞിക്ക് കൂടുതല്‍ പേടിയായി. അതിരുവേലി കൂടുതല്‍ കുത്തി മറച്ചിട്ടും കള്ളും കറികളും എല്ലാ പ്രാവൃതിയും കടന്ന് കുഞ്ഞിയുടെ വീടകം എത്തി.
എങ്കിലും മകളുടെ രക്ഷക്കായി കുഞ്ഞി ആവുന്നതെല്ലാം ചെയ്തു. തള്ളകോഴിയെ പോലെ പരുന്തിന്‍ പറ്റങ്ങളില്‍ നിന്നും കുഞ്ഞിനെ കാത്തു പിടിച്ചു.
" ദൈവേ .. പെണ്ണിന് പ്രായമായി വരുന്നല്ലോ ..." എന്ന് ഓരോ നിമിഷങ്ങളിലും അവര്‍ ആവര്‍ത്തിച്ചു ചിന്തിച്ചു.
ഒരിക്കല്‍ ഉപ്പിട്ട് കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്ക അറിഞ്ഞു രുചി ഇല്ലാത്ത ജീവിതം ആണ് ഇത് എന്ന്. ഒരു വേലിക്കപ്പുറം രുചിയുടെ മഹാസാഗരം ! ശശാങ്ക ഒരു പൂത്തുമ്പിയായി അങ്ങോട്ട് പറക്കുവാന്‍ കൊതിച്ചു. അവള്‍ തപസ്സ് തുടങ്ങി. കള്ള് മോന്തിയ ഒരുവന്‍ വേലി പകര്‍ത്തുവന്ന് രുചികളുടെ ലോകത്തേക്ക് അവളെ അവാഹിച്ചെടുക്കും വരെ ആ തപസ്സ് തുടര്‍ന്നു.
ശശാങ്ക അമ്മയുടെ നേരെ പൊട്ടിത്തെറിച്ചു.
"ഒള്ള കാലം മുഴുവനും ഈ ഉപ്പും മൊളകും മാത്രം തിന്ന് കഴിവേറണോ പിന്നെ ഞാന്‍ ? "
ഒരു നിയോഗം പോലെ മുട്ടുകാലില്‍ തല ചേര്‍ത്തുവച്ച് കുന്തിച്ചിരുന്ന് കുഞ്ഞി ആവോളം കരഞ്ഞു.
പാകത്തിന് വിളഞ്ഞ ദേഹം മസാല പുരട്ടി ശശാങ്ക കാമാഗ്നിയില്‍ വേവിച്ചെടുത്തു. ഏതാനും നാള്‍ക്കുള്ളില്‍ അവള്‍ സ്വയം രുചിയേറിയ ഒരു വിഭവം ആയി മാറി. മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ പേര് ഏറെ ഉയര്‍ത്തിയ ഒരു ഉഗ്രന്‍ വിഭവം !
(first posted in Whiteline world)