Tuesday, April 30, 2013

ചുവരെഴുത്ത്


                മരപ്പലക അടിച്ചുതീർത്ത   കള്ളുഷാപ്പില്‍ കണ്ട വിചിത്രമായ ഒരു  ചുവരെഴുത്ത്   വല്ലാതെ മനസ്സിൽ കൊണ്ടു . അത് ഉള്ളിലൊരു  പുളച്ചിലായി . മിനുസമായ പലകയിൽ കുറച്ചിടത്ത്  വെള്ളനിറം പൂശിയിട്ട് അതിൽ  കറുത്ത ചായത്തിൽ തീർത്ത ചുവരെഴുത്ത് !
              നാഷണല്‍ ഹൈവേയിൽ നിന്നും  പടിഞ്ഞാറോട്ട്  നീളുന്ന ചെറിയ റോഡുവക്കിലുള്ള  പ്രഭാകരേട്ടന്റെ ഷാപ്പില്‍ ഇരുന്നാൽ   കടലിന്റെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു  . ഉപ്പുമണം കലര്‍ന്ന കാറ്റും ചിലപ്പോള്‍ ആ വഴി വന്നുപോകും . പണ്ടൊക്കെ മിക്ക ഞായറാഴ്ചകളിലും  അവിടെ ചേക്കേറി മണ്‍കുടത്തില്‍  പകര്‍ന്ന്‍ നല്‍കുന്ന മധുരക്കള്ള് കുടിച്ചു വയര്‍ നിറച്ച്‌  പിന്നെ അത് പിന്നാമ്പുറത്തെ  കൈത്തോട്ടിലേക്ക് മുള്ളിക്കളയുമായിരുന്നു . കുടമ്പുളിയിട്ട മീങ്കറിയും കപ്പയും ചെറുപ്പത്തിന്  നല്ല ചേര്‍ച്ചയുണ്ടായിരുന്നു  .  ബഞ്ചില്‍ താളമടിച്ചു പാടുന്ന സിനിമാ ഗാനങ്ങള്‍ക്ക് ഈണക്കൂടുതൽ  തോന്നിയിരുന്നു .   
             പിന്നെ ആ യാത്ര വല്ലപ്പോഴുമായി .  അവിടെ അനേകം കുടിയന്മാര്‍ കാലാകാലമായി  ഇരുന്നു തേഞ്ഞ ബെഞ്ചുകളെ  പോലെ  ഷാപ്പും പ്രഭാകരേട്ടനും   പഴയതായി . നാട്ടില്‍ പുതിയ ബാറുകളും ബിയര്‍ പാര്‍ലര്‍കളും  മുളച്ചു .  നാട്ടിലെങ്ങും നല്ല തെങ്ങിന്‍ കള്ള്  കിട്ടാതെയായി.   വട്ടു കലക്കിയതും തലവേദന പകരുന്ന   പാലക്കാടനും കള്ളുകുടിയുടെ  രസം കൊന്നു . കൂട്ടത്തില്‍ വിഷക്കള്ളിന്റെ ഞെട്ടിപ്പിക്കുന്ന  പത്രവാര്‍ത്തകള്‍ ! 
              ഒരു ദിവസം സുഹൃത്ത്‌ പറഞ്ഞു - "പ്രഭാകരേട്ടന്റെ  ഷാപ്പില്‍ നല്ല തെങ്ങിൻകള്ള്  കിട്ടാനൊണ്ട് . " അത് കേട്ടപ്പോള്‍ മധുരക്കള്ളിന്റെ പഴയരുചി നാക്കില്‍ എത്തി . ഷാപ്പില്‍   പഴയ പോലെ  തിരക്കില്ല . വക്ക്  ലേശം പൊട്ടിയ മങ്കുടത്തില്‍ നുരയുന്ന കള്ള്  മുന്നില്‍ വച്ചുകൊണ്ട്  ചോദ്യചിഹ്നത്തെ പോലെ നിലകൊണ്ട    പ്രഭാകരേട്ടന്‌  പ്രായത്തിന്റെ ക്ഷീണം . അയലക്കറിയില്‍ ഒരു അക്ഷരത്തെറ്റുപോലെ ചൂഴ്ന്ന് കിടക്കുന്ന കുടംപുളിയുടെ കഷണം . 
പുറകിലെ ചുവരില്‍ അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയത്  അപ്പോഴാണ്‌ കണ്ണിൽ പതിഞ്ഞത്  .  
              ' തുലഞ്ഞുപോട്ടെ... ' എന്ന  ഒരു വെറുംവാക്ക് മാത്രം ആയിരുന്നു അത് . എങ്കിലും    ഓരോവട്ടവും വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിമ്മിട്ടം  അനുഭവപ്പെട്ടു . ഇതൊന്നും അറിയാതെ കള്ള് പകർന്നു കഴിക്കുന്ന സുഹൃത്തിനോട്‌ ഞാൻ മെല്ലെ അത്  സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു -   
"അതിലെന്താ ഇത്രവലിയ  കാര്യം ? അത് എതോ പിരാന്താൻ കള്ള് തലയ്ക്കുപിടിച്ചപ്പോൾ വരച്ചതാവും . "
             എനിക്ക് അത് ബോധിച്ചില്ല . ഞാൻ പ്രഭാകരേട്ടനെ നോക്കി . അയാൾ റോഡിലേക്ക് തുറക്കുന്ന വാതിലിനരികിൽ ഒരാളുമായി എന്തിനോ തർക്കിച്ചു നിൽക്കുകയാണ് . 
                റോഡിന് എതിർവശത്തുള്ള തരിശുപാടങ്ങളിൽ വെറുതെ പരതുന്ന കൊറ്റികൾ . ആരോ കുറ്റിയിൽ കെട്ടിയിട്ട ഒരു ചെമ്പൻപശു അക്കരപ്പച്ചകളെ നോക്കി കൊതിയിറക്കുന്നു.  ഉഴാതെ, വിതയ്ക്കാതെ വിണ്ടുകിടന്ന പാടത്തിന് ഒത്തിരി വയസ്സ് ചെന്ന ഒരു മൂപ്പന്റെ മുഖം .
തിരികെ നടക്കവെ സുഹൃത്ത്‌ ചോദിച്ചു- " കള്ള്  കൊള്ളാരുന്നു...  അല്ലെ ?"
എനിക്ക് മറുപടി ഇല്ലായിരുന്നു .  വയൽ നികത്തിയ ഇടത്ത് പണിത പുത്തൻപുരയുടെ വെള്ളയടിച്ച മതിൽക്കെട്ടിൽ ഞാൻ ചെങ്കല്ല് കൊണ്ട് കോറിയിട്ടു-
 ' തുലഞ്ഞുപോട്ടെ... '
---------------------------------------a mini story by kanakkoor---------

Monday, March 25, 2013

മൂന്ന് ചില്ലുകഥകൾ

1.  മനസ്സ് ഒളിപ്പിക്കുന്ന ഇടം
ചിലർ  കണ്ണിലാണ് മനസ്സ് ഒളിപ്പിച്ചുവെക്കാറുള്ളത് എന്ന് പുത്തനങ്ങാടീല്  കബീർസ്റ്റുഡിയോ  നടത്തുന്ന അമ്മദ് അവളോട്‌ പറഞ്ഞു . മറ്റുചിലർ  ചിരിയിലെന്നും .
ക്യാമറയിൽ ഉറ്റുനോക്കി  നിൽക്കുകയായിരുന്നു അവൾ. ത്‌ലാമാസത്തിലെ  ഇടിക്കുമുന്നേ വരുന്ന കൊള്ളിയാൻ പോലെ കണ്ണിലേക്ക്  ഏതുനിമിഷവും കുത്തിക്കയറി വരാവുന്ന ഫ്ലാഷിനെ നേരിടുവാനുള്ള തയ്യാറിലായിരുന്നു നിന്നത് .
എന്നിട്ടും കണ്ണ് അടഞ്ഞുപോയി എന്ന് അവൾക്ക് തോന്നി .
എവിടെയാണ് തന്റെ മനസ്സ് ഇനി ഒളിപ്പിക്കുന്നത് !
കോണിയിറങ്ങി വരുമ്പോഴും അതായിരുന്നു അവളുടെ ചിന്ത .
അന്നുമുതൽ  അവൾ മുഖം മറച്ച് നടക്കുവാൻ തുടങ്ങി .

2. മൂന്നാർ

മഞ്ഞിന്റെ കരങ്ങൾ പുതപ്പിനടിയിലേക്ക്‌ നീണ്ടുചെന്ന്  അവളെ സ്പർശിച്ചു . അവൾ കണ്ണ് തുറന്ന് മഞ്ഞിനോട് പരിഭവിച്ചു .
അയാൾ  ഉണർന്നിട്ടില്ല .
ജാലകത്തിനരികിൽ ചെന്ന് അവൾ കുന്നിൻചരിവിലെ  തേയിലത്തോട്ടങ്ങളെ വെറുതെ നോക്കി . കതവ്  തുറന്നപ്പോൾ ഒരുപറ്റം മഞ്ഞിൻകിടാക്കൾ ആ മുറിയിലേക്ക് ഇരച്ചു കയറുവാൻ ശ്രമിച്ചു . അവൾ അവറ്റകളെ തള്ളിമാറ്റിക്കൊണ്ട് അവിടെ നിന്നും ദിനപ്പത്രം കുനിഞ്ഞെടുത്തിട്ട്  കതകടച്ചു .
പത്രത്തിന്റെ ഒന്നാംപേജിൽ പീഡനകേസിലെ പ്രതികളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു .
അവൾ അയാളുടെ മുഖം മെല്ലെ വെട്ടിയെടുത്ത് പത്രത്താളിൽ പതിച്ചു .

3. ഭാര്യക്ക്‌ ശിക്ഷ
പതിവില്ലാത്ത തിരക്കായിരുന്നു അന്ന് . വരി നീണ്ടുവന്ന് റോഡിൽ മുട്ടി . എങ്കിലും ആരും വഴക്കിട്ടില്ല . പരിഭവം പറഞ്ഞില്ല .
അതുകഴിഞ്ഞ് വീടെത്തിയപ്പോൾ അയാൾ  മുഷിഞ്ഞിരുന്നു . ഗ്ലാസ്സുമെടുത്തുകൊണ്ട്  ചായ്പ്പിലിരുന്ന്  ഭാര്യയെ വിളിച്ച് ഒരുമൊന്ത വെള്ളം ചോദിച്ചു .
മക്കൾക്ക്‌ വിളമ്പിക്കൊടുത്തിട്ട് വരാമെന്ന് പറഞ്ഞതിനാണത്രെ -: "ഞാനെന്താ വെള്ളത്തിന്‌ ക്യൂ നിക്കണൊ ശവമേ ..." എന്നലറിക്കൊണ്ട്  അയാൾ  ഭാര്യയെ തൊഴിച്ചത് .



എല്ലാ കഥാസ്നേഹികൾക്കും  ഈസ്റ്റെർ ആശംസകൾ 
സ്നേഹപൂർവ്വം കണക്കൂർ

Wednesday, February 27, 2013

മരിച്ചവര്‍ തിരികെ വരുന്നത്...


"അമ്പിയമ്മേ.... അമ്പിയമ്മേ.... എനിക്കൊരു കത പറഞ്ഞുതാ ...." മീനാക്ഷി കൊഞ്ചി . 
അമ്പിയമ്മ മുറുക്കാന്‍ ചെല്ലത്തില്‍ പൊയ്ലക്കഷണം  പരതുകയായിരുന്നു .  ഉമ്മറത്ത്‌ മണലില്‍ അരിക്കുന്ന  അമ്പലപ്രാവുകളെ വിട്ട് മീനാക്ഷി തിരിഞ്ഞതാണ് . 
അവര്‍  തലയാട്ടി .  
നടവഴിയരികില്‍ വെയില്‍ കോരിക്കുളിച്ചുനിന്ന മന്ദാരവും മൈലാഞ്ചിയും തലയിളക്കി . 
അടക്കയുടെ തോട് അവള്‍ കുഞ്ഞിക്കയ്യില്‍ എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു . പ്രാവുകള്‍ 'പട പട ' എന്ന് ശബ്ദമുണ്ടാക്കി പറന്നുപോയി. 
അമ്പിയമ്മ മീനാക്ഷിയെ അടുത്തിരുത്തി . " ഇന്ന്   ഏതു കഥ വേണം മീനുമോക്ക് ? "
"അമ്പലപ്രാവുകടെ കത മതി. "
അവര്‍ പറന്നുപോകുന്ന പ്രാവുകളെ നോക്കി. അവ തെങ്ങുകള്‍ക്ക്  വലംവച്ച്  വൈക്കോല്‍ കൂനയുടെ ചുവട്ടില്‍ തിരികെ  പറന്നിറങ്ങി . 
ഇണപ്രാവുകള്‍ ! അമ്പിയമ്മ   നെന്മണി കൊത്തിപ്പെറുക്കുന്ന ആ  പറവകളിലേക്ക്  കണ്ണയച്ചു .
അവര്‍   ഒരു കയ്യ് കൊണ്ട് കൊച്ചുമകളെ   ചേര്‍ത്ത് പിടിച്ചു .  എന്നിട്ട്  പറഞ്ഞു തുടങ്ങി :-
" മക്കളോട്  ഒത്തിരി സ്നേഹം ഉള്ളവര്‍ മരിച്ചാല്‍ അവര്‍ അമ്പലപ്രാവുകള്‍ ആയി തിരികെ ഭൂമിയില്‍ ജനിക്കുന്നു ..സ്നേഹം ഇല്ലാതെ തന്നിഷ്ടത്തിനു  ജീവിച്ചാല്‍ പിന്നീട് അവര്‍ കാക്കയായി പുനര്‍ജ്ജനിക്കും . "  
"കാക്കയായാല്‍  എന്താ കൊഴപ്പം ? " മീനാക്ഷി ചോദിച്ചു . മീനാക്ഷിക്ക്  പോടനേയും  കരീലക്കിളിയെയും പോലെ കാക്കകളേയും  ഇഷ്ടമാണ് .  അവള്‍ക്ക് ചുറ്റുമുള്ള  എല്ലാത്തിനേം ഇഷ്ടമാണ്  . 
അമ്പിയമ്മ തുടര്‍ന്നു :- " കാക്കകള്‍ പിന്നീട് സ്വന്തം മാത്രമല്ല ... കുയിലിന്റെ കുഞ്ഞിനേയും വളര്‍ത്തണം . അത് അവര്‍ക്കുള്ള ശിക്ഷയാണ് . അവ ചീത്ത സാധനങ്ങള്‍ കൊത്തിത്തിന്നില്ലേ .. ചുള്ളിക്കമ്പുകള്‍ കൊണ്ടു വെയിലും മഴേം കൊള്ളുന്ന വീടല്ലേ അവ വെക്കുന്നത് ....  അമ്പലപ്രാവുകളോ ? അവ സ്വന്തം കുഞ്ഞിന് പാലൂട്ടി വളര്‍ത്തും.   "
പ്രാവ് കുഞ്ഞിനു പാല്‍ നല്‍കുമോ ? അത് മീനുമോള്‍ക്ക് ഒരു പുതിയ അറിവായിരുന്നു .
" അമ്പല പ്രാവുകള്‍ എന്നും ഭഗവാനെ തൊഴുത്‌ ചുറ്റമ്പലത്തിന്റെ മച്ചുമ്പുറത്ത്    കഴിയുന്നു . ഇടയ്ക്ക് അവ ഇതുപോലെ പറന്നിറങ്ങും . തങ്ങള്‍ക്കു ഇഷ്ട്ടപെട്ടവരെ കാണാന്‍ ..."
അമ്പിയമ്മ വൈക്കോല്‍ കൂനയുടെ കീഴ്വട്ടത്തില്‍ പരതി  നടക്കുന്ന പ്രാവുകളെ നോക്കി . അതില്‍ ഒരു പ്രാവ് അവരെ നോക്കുന്നുണ്ട് .
നടവഴിയിലൂടെ പടിക്കെട്ടുകളോളം മെല്ലെ നടന്നുവന്ന അതിന്റെ കഴുത്തില്‍  നീലിമ തിളങ്ങുന്നു .
അമ്പിയമ്മ അതിനെ നോക്കി പറഞ്ഞു- " എടാ നീലാണ്ടാ.. ഇന്റെ മോളൂട്ടി സുഖമായി കഴീന്നുണ്ട് ..."
" അമ്പിയമ്മ ആരോടാ  വര്‍ത്താനം ചെയ്യണത് ? പ്രാവിനോടാ ? "
" ഉം. അത് മീനുമോളെ കാണാന്‍  വന്നതാ ... പാവം പ്രാവ് .. അല്ലെ ? "
അവള്‍ കൌതുകത്തോടെ ആ പ്രാവിനെ നോക്കി . പിന്നെ ഒരുപിടി അരി എടുക്കുവാന്‍ അകത്തേക്ക് ഓടി .
" നീലാണ്ടാ.. ഇപ്പം ഭാര്യേം കുട്ടികളും ഒക്കെ ആയി സുഖമല്ലേ ... പിന്നെ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത്  ? "
" ഞാന്‍ ന്റെ മോളെ വിളിവാന്‍ വന്നതാ ... " പ്രാവ് പറഞ്ഞുവോ ? അതോ അവര്‍ക്ക് തോന്നിയതോ !
 അമ്പിയമ്മ എഴുനേറ്റ് കൈ ആട്ടി . " പൊയ്ക്കോ .. നീ അവളെ അധികം സ്നേഹിക്കണ്ട.. "
ആ പ്രാവ് പറന്നു പൊങ്ങി . പുറകെ മറ്റു പ്രാവുകളും . അമ്പിയമ്മ മുറുക്കാന്‍ ചെല്ലവുമായി അകത്തേക്ക് നീങ്ങി .
ഒരു പിടി  അരിയുമായി വന്ന മീനാക്ഷി   അവിടെ ഒരു  പ്രാവിനേയും    കണ്ടില്ല  !
തൈത്തെങ്ങിന്റെ  കൈയില്‍ ഒരു കാക്ക ഇരിക്കുന്നുണ്ട്  . അവള്‍ കുഞ്ഞുകയ്യാല്‍  വിതറിയ അരിമണികള്‍ താഴേക്കു പറന്നിറങ്ങിയ കാക്ക സ്നേഹത്തോടെ കൊത്തിത്തിന്നു . ശേഷം  നാളെ വരാം എന്നുപറഞ്ഞിട്ട്  ആ കറുപ്പ് പറന്നുപോയി.
 കുഞ്ഞുമീനാക്ഷി സന്തോഷത്തോടെ കൈ വീശി . 

-------------------------------------kanakkoor ..............

Sunday, January 27, 2013

ബീച്ച് തെരുവിലെ ചിത്രകാരന്‍

         ബീച്ച്  തെരുവില്‍ ഇരുന്ന് വഴിപോക്കരെ മാറിമാറി നിരീക്ഷിക്കുകയായിരുന്നു ജോസഫ്‌ .  ഉച്ചനേരം  വരെ 'മുഖം' വരപ്പിച്ചെടുക്കാന്‍ രണ്ടുപേര്‍  മാത്രമാണ് അയാള്‍ക്ക്‌ മുന്നില്‍ എത്തിയത് . അതും രണ്ടു വെറും 'മുഞ്ഞി'കള്‍ .    ആത്മാവ് നഷ്ടപ്പെട്ട്   ശരീരവുമായി അലയുന്ന ഒരു മനുഷ്യന്‍ ആയിരുന്നു ആദ്യം വന്നിരുന്നത് . വരച്ചു കൊണ്ടിരിക്കെ പലവട്ടം രൂപാന്തരം വരുന്ന ഒരു മുഖമായിരുന്നു അത്. വളരെ കഷ്ടപ്പെട്ട് ജോസഫ്‌ ആ മുഖം കാന്‍വാസില്‍ ഉറപ്പിച്ചെടുത്തു . എങ്കിലും പണത്തിനു കണക്കുപറയാതെ അയാള്‍ കൂലി നല്‍കി . പിന്നീട്  വന്നത് മരവിച്ച മുഖമുള്ള ഒരു സ്ത്രീ ആയിരുന്നു . അവര്‍ ചിരിക്കുകയാണോ കരയുകയാണോ എന്ന് കണ്ടെത്തുക എളുപ്പമല്ല . എന്നിട്ടും ചിരിക്കുന്ന ഒരു മുഖം തീര്‍ത്തു കൊടുത്തപ്പോള്‍ അവര്‍ കൂലിക്ക് വഴക്കിട്ടു . 
                             കിട്ടിയ ഏതാനും ചെറിയ നോട്ടുകളില്‍  ചൗക്കിദാറിനുള്ള  പങ്കു കഴിഞ്ഞാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കുവാന്‍ കഷ്ടിച്ച്  തികയും. പിന്നെ ചുണ്ടില്‍  സിഗരറ്റ് കത്തിച്ചു പിടിപ്പിക്കാന്‍ വഴിയില്ല .
                              ഈയിടെയായി  സൌന്ദര്യമുള്ള മുഖങ്ങള്‍ തെരുവില്‍ വളരെ കുറവാണ് . ഒരു ഭംഗിയുള്ള മുഖം കടലാസില്‍ കോറിയിട്ടിട്ട്  നാളുകള്‍ ആയി. സുന്ദരനൊ സുന്ദരിയോ മുന്നില്‍ അനങ്ങാതെ ഇരിക്കുമ്പോള്‍ വരയ്ക്കുവാന്‍ ഒരു സുഖം ഉണ്ട് എന്ന് ജോസഫ്‌ ചിന്തിച്ചു. 
കറുകറുത്ത പെന്‍സിലുകള്‍ക്കും ബോര്‍ഡിനും ഇടയില്‍ ജോസഫ്‌ ഇരുന്ന്  ഉറക്കം തൂങ്ങി. പിന്നെ അയാള്‍ ഭക്ഷണം വെട്ടിക്കുറച്ച് ഒരു കവര്‍ സിഗരറ്റ്  വാങ്ങി .  
                         ബീച്ച്  തെരുവിലൂടെ ജനം ഇടതടവില്ലാതെ  നടന്നു പോകുന്നു .  ജോസഫ്‌ പരസ്യത്തിനായി തൂക്കിയ രണ്ടുമൂന്ന്  മുഖചിത്രങ്ങളില്‍ ഒന്ന് പാളി നോക്കിയിട്ട് ചിലര്‍  കടന്നുപോയി . പൊടുന്നനെ സുന്ദരിയായ ഒരു യുവതി കടന്നുപോകുന്നത്   അയാള്‍ ശ്രദ്ധിച്ചു . അവര്‍ അയാളെ വെറുതെ നോക്കിയപ്പോള്‍ "പടം വരക്കട്ടെ ? " എന്ന് ജോസഫ്‌ അല്പം ഉറക്കെ ചോദിച്ചു. 
അവള്‍ അവിടെ നിന്നിട്ട് അയാളെ  തറപ്പിച്ചു നോക്കി . അയാള്‍ വീണ്ടും ആശയോടെ ചോദ്യം ആവര്‍ത്തിച്ചു .
" പക്ഷെ നിങ്ങള്‍ക്ക്   കൂലി വേണ്ടെ ? അതിന്  എന്റെ പേഴ്സില്‍ പണമില്ല .... " അവള്‍ നിരാശയോടെ പറഞ്ഞു . 
ജോസഫ്‌ അവളെ നോക്കി . വിടര്‍ന്ന മുഖം . അല്പം ചുരുണ്ട മുടിയിഴകള്‍ . ഭംഗിയുള്ള ചുണ്ടുകള്‍  . പ്രകാശിക്കുന്ന കണ്ണുകളും . താന്‍ ഇത്രനാള്‍ കാത്തിരുന്ന ഒരു മുഖം ആണത് എന്നയാള്‍ക്ക് തോന്നി .  പക്ഷെ അവളുടെ കയ്യില്‍ പണമില്ല . 
ഒരു നിമിഷം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു - " സാരമില്ല . നിങ്ങള്‍ അല്പനേരം ഇരുന്നു തരിക. ഞാന്‍ നിങ്ങളോട്  പണം വാങ്ങുന്നില്ല ..." 
അവള്‍ അല്പം മടിച്ചിട്ട് അവിടെ കിടന്ന തടികൊണ്ടുള്ള പീഠത്തില്‍ ഇരുന്നു . അവളുടെ മുഖത്ത് ഒരു കാന്ത ശക്തി ഉണ്ടെന്ന് അയാള്‍ക്ക്‌ തോന്നി .
ജോസഫ്‌ ആ സുന്ദരിയുടെ പേര് ചോദിച്ചു .  അയാള്‍ ആ സുന്ദര മുഖം ഒപ്പിയെടുത്ത്  കടലാസില്‍ പതിച്ചു . പണം  വാങ്ങാതെ പണിയെടുക്കരുത്  എന്ന് അയാള്‍ മറന്നു പോയിരുന്നു !
അയാള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട് , പൂര്‍ത്തിയായ ആ മനോഹര ചിത്രവുമായി അവള്‍ നടന്നകന്നു . എന്തോ നഷ്ട്ടപെട്ട ഒരു വേദനയോടെ ജോസഫ്‌ അവള്‍ മറഞ്ഞ തെരുവിലേക്ക് നോക്കി നിന്നു .   പിന്നെ അയാള്‍ക്ക് വരയ്ക്കുവാന്‍ കഴിയുന്നില്ല . മനസ്സ് ഉറക്കുന്നില്ല .  കയ്യ് വഴങ്ങുന്നില്ല ... . ഒരു തെരുവ്തെണ്ടിയെ പോലെ അയാള്‍ അലഞ്ഞു . 
എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും . 
a mini story by- കണക്കൂര്‍ 

Tuesday, December 25, 2012

ആദ്യരാവ്


ആദ്യരാവ്

"ഇവിടെ നെറയെ കാടാണ്.. "
ഇരുട്ടിന്റെ ചാന്ത് മുഖത്ത് വാരിതേച്ച് നവാംഗി പരിഭവിച്ചു.
"ശരി. പിന്നെ ? " കൊതിയടക്കി അവന്‍ പറഞ്ഞു.
"കാട്ടില്‍.........." - അവള്‍ നിര്‍ത്തി. 
അവളുടെ മുലകളില്‍ തല ചേര്‍ത്ത് പിടിച്ച് അവന്‍ പറഞ്ഞു- " ഈ കാട്ടിനുള്ളില്‍ പിന്നെയും കാടാണ്. അതിനുള്ളില്‍ കാട്ടുമാക്കാന്‍.... ":''
"മൃഗങ്ങള്‍ ഒണ്ടോ ? "
അവള്‍ അവന്റെ തലയില്‍ വിരല്‍ ഓടിച്ചുകൊണ്ട് ചോദിച്ചു.
അവള്‍ക്കു ഭയം.
അവന്‍ ചിരിച്ചു. 
കുറച്ചുകഴിഞ്ഞപ്പോള്‍ വെളിച്ചം കെട്ടു.
കാട്ടില്‍ വലിയ അനക്കം .
കാടിളകി.
മൃഗങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു.
അവള്‍ അലറിവിളിച്ചത് ആരും കേട്ടില്ല.
പുലര്‍ന്നപ്പോള്‍ മൃഗീയമായ മറ്റൊരു ജീവിതത്തിന് അവര്‍ ആരംഭം കുറിക്കുകയായി.
അപ്പോള്‍ ഈ സമ്മോഹനം എന്ന് പറയുന്നത് ?
കുന്തം.
പൂക്കള്‍ വാടി . നിറം മങ്ങി.
ഇവിടെ അല്ലെങ്കിലും മുഴുവന്‍ ..............കാടല്ലേ ?

Friday, November 30, 2012

വീണ്ടും ഒരു പട്ടം (മിനിക്കഥ)


       സിറ്റിയിലെ കടകള്‍ മുഴുവന്‍ പരതി. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇടയില്‍ എങ്ങും പട്ടങ്ങള്‍ വില്പ്പനക്കില്ല ! ചിലര്‍ തീര്‍ന്നു പോയി എന്ന് ക്ഷമ പറഞ്ഞു .
           ഇവന് പൊടുന്നനെ പട്ടത്തിനുള്ള ആശ എങ്ങനെ വന്നു ? അത് മനസ്സിലായില്ല . 
വീണ്ടും ചേച്ചിയുടെ മോന്‍ അതുതന്നെ ചോദിക്കുന്നു : " മാമാ .. ഒരു പട്ടോണ്ടാക്കിത്തരുവോ ?"
          എനിക്ക് അതുണ്ടാക്കുവാന്‍  അറിയില്ല എന്ന് പലവട്ടം പറഞ്ഞു . പക്ഷെ അവന്‍ ഒട്ടും സമ്മതിക്കുന്നില്ല . 
കുട്ടിക്കാലത്തിന്റെ സമയ രേഖകളില്‍ എവിടെയോ ഞാന്‍ പട്ടം പറത്തിയിട്ടുണ്ട് . പട്ടം നിര്‍മ്മിച്ചിട്ടുമുണ്ട്. പക്ഷെ വളര്‍ച്ചയുടെ ഗൌരവങ്ങളില്‍ പെട്ട് മറ്റ് പലതിനോപ്പം അതും  മറന്നുപോയി .
ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ വളരെക്കാലം കൂടി വന്നതാണ് . അവരെ വിവാഹം ചെയ്ത് അയച്ചകാലത്ത്  വന്ന ഓര്‍മ്മയുണ്ട്. പിന്നെ ഇപ്പോളാണ് ഇവിടെ വരുന്നത് . വര്‍ഷങ്ങള്‍ അതിനകം എത്ര കടന്നു പോയി ?! അവരുടെ മൂത്തമകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസ്സില്‍ എത്തി. മകന്‍ അഞ്ചാം തരത്തിലും . 
      അവന്‍ ആശയോടെ വീണ്ടും വിളിക്കുന്നു - " പ്ലീസ് മാമാ .. ഒരു പട്ടം ..."
      " നെനക്ക് പട്ടം ഒണ്ടാക്കാന്‍ അറിയാല്ലോ ? " ... ചേച്ചി തുടര്‍ന്നു- " പണ്ടുനീ എത്ര പട്ടം ഒണ്ടാക്കി കായപ്പുറത്ത്  പറത്തീരിക്കുന്നു ! ഇപ്പം നീ വല്യ ഇഞ്ചിനീയരല്ലേ ..... ഒരെണ്ണം അവന് ഒണ്ടാക്കി കൊടുക്കടാ .."
അത് ശരിയാണ് . ഞാന്‍ ചെറു കുറ്റബോധത്തോടെ ചേച്ചിയോട് പുഞ്ചിരിച്ചു . സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ  ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാള്‍ വെറും പേപ്പര്‍ ഒട്ടിച്ച് പട്ടം ഉണ്ടാക്കുവാന്‍ അറിയാതെ കുഴഞ്ഞാല്‍ ?
    " മാമനെ ശല്യപ്പെടുത്താതെ പോടാ ..." ചേച്ചിയുടെ മകള്‍ എന്റെ രക്ഷക്ക് എത്തി .
    " സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം " 
    " കൈറ്റ് മേക്കിംഗ് എന്ന് ഗൂഗിളില് ജസ്റ്റ്‌ ടൈപ്പ് ചെയ്‌താല്‍ മതി മാമാ.. ഇത്ര പാടോന്നുമില്ല .. " അവള്‍ പറഞ്ഞു .
   " അതൊന്നും വേണ്ട . മാമന് അല്ലാണ്ട്തന്നെ അറിയാം "
ഓര്‍മ്മയില്‍ പരതി . കായല്‍പ്പുറത്ത്  ഒരു സംഘം കുട്ടികളുമായി കളിച്ചുതിമിര്‍ത്ത നാളുകള്‍ . ചിലപ്പോള്‍ പത്രത്താള്‍ കീറിയൊട്ടിച്ച്  പട്ടം ഉണ്ടാക്കുമായിരുന്നു . കാറ്റിന്റെ ദിശ നോക്കി അതിനെയങ്ങ് ആകാശത്തിലേക്ക് ഇറക്കിവിടും .  വര്‍ണ്ണക്കടലാസില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി പട്ടങ്ങളോട് എന്റെ പട്ടം മത്സരിച്ചു ജയിക്കുമായിരുന്നു . ആകാശത്തില്‍ അത് ഉയര്‍ന്ന് പൊട്ടുപോലെ ചെറുതാകുമ്പോള്‍   നൂലിന്റെ ഇങ്ങേത്തലക്കല്‍ പിടിച്ച് ഭൂമിയില്‍ നിന്ന് ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു. 
     " ഒരു കണ്ടി* .. രണ്ടു കണ്ടി  .. മൂന്ന്...... '' അപ്പോള്‍  മറ്റ്കുട്ടികള്‍ നൂല്‍ച്ചുറ്റുകള്‍   അഴിയുന്നത് നോക്കി അമ്പരക്കും . 
     ചിലപ്പോള്‍ നൂലിഴ പൊട്ടി പട്ടം എന്നില്‍ നിന്നും സ്വതന്ത്രനാകും . താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കവേ ,കാറ്റിനെ  വശത്താക്കി അത് തലയിളക്കി അകലേക്ക്‌ പറന്നുപോകും . ഒരു കൊന്നത്തെങ്ങിന്റെ തുഞ്ചോലയില്‍ കുടുങ്ങിയ നിലയില്‍ ചിലപ്പോള്‍ പിന്നെയതിനെ കണ്ട് ഞാന്‍ നെടുവീര്‍പ്പിടും . 
    കടന്നുപോയ കാലം അടുക്കിയിട്ട ജീവിതാനുഭവങ്ങളുടെ അട്ടികള്‍ വകഞ്ഞു മാറ്റി ഞാന്‍ പിന്നോക്കം സഞ്ചരിച്ചു . ഈടുവെപ്പില്‍ നിന്നും ചില അറിവുകള്‍ കണ്ടെടുക്കാന്‍ . 
    ആദ്യം പേപ്പര്‍ കോണോടുകോണ്‍ വച്ച് മടക്കി , അരിക് മുറിച്ചു മാറ്റി സമചതുരം തീര്‍ത്ത് മാറ്റിവച്ചു.
പിന്നെ ചീകി മിനുക്കിയ ഈര്‍ക്കില്‍ വളച്ചു കെട്ടി വില്ലൊരുക്കി . അത് പേപ്പറിന്റെ കോണോടുകോണ്‍ ഒട്ടിച്ചിരുത്തി. വില്ലിന്റെ നടുവിലൂടെ അതിനെ കുലച്ചു നിര്‍ത്തിയ ചരടിന് ലംബമായി മറ്റൊരു ഈര്‍ക്കിലിനെ   കോണോടുകോണ്‍ പതിച്ചു . പേപ്പര്‍  നീളത്തില്‍ ഒട്ടിച്ച് വാലുകളും  പിന്നെ ചിറകുകളും ഒരുക്കി കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മോന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. യഥാസ്ഥാനങ്ങളില്‍ നൂലിഴ അയച്ചു കെട്ടി അതിനെ ഞാന്‍ സന്നദ്ധമാക്കി . അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍   ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു . 
    കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഇത്തിരിയുള്ള ആ തൊടിയുടെ ഭൂമികയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ആ പട്ടം കാറ്റിനോട്‌ സല്ലപിക്കുന്നത്‌ കണ്ടു. 
     ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി . 
     ഒട്ടും പിടി തരാതെ പണി മുടക്കിക്കിടന്ന ഒരു യന്ത്രത്തെ നാളുകളുടെ അശ്രാന്തപരിശ്രമത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം ... അഭിമാനം .. എനിക്ക് അപ്പോള്‍ തോന്നി . 
 
(*കണ്ടി - ഒരു ചുറ്റ് നൂലിന്റെ അളവ് - വണ്ടി എന്നും പറയും ) 
                

Wednesday, October 31, 2012

ഗോവയില്‍ ഒരു പുതിയ ലൈബ്രറി

              കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഒരു  ഫോണ്‍കാള്‍  വന്നു. അതാണ്‌  കണക്കൂര്‍ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതുവാന്‍ കാരണം . 

               വായനശാലകളുടെയും   ഗ്രന്ഥശാലകളുടെയും  കാലം  കഴിഞ്ഞുവോ ? കഴിഞ്ഞു പത്തുവര്‍ഷമായി ഒരു ബഹുഭാഷാ  ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു  വ്യക്തി എന്ന നിലയില്‍ തോന്നുന്ന ഒരു കാര്യം ആണ് ഇത് . പണ്ട് , നാട്ടില്‍ വായനശാലകളോട് ബന്ധപ്പെട്ട് നിലനിന്ന കൂട്ടായ്മകളില്‍  ചേര്‍ന്ന്  പല സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഓര്‍മ്മയുണ്ട് . ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ വായനശാലകളില്‍ നടന്നെത്താറുണ്ട് . പലപ്പോഴും ചിറകൊടിഞ്ഞ പക്ഷികളെ പോലെ കുറച്ച് പത്രങ്ങളും പിന്നെ ഉത്സവനോട്ടീസുകളും പരന്നുകിടക്കുന്നത് കാണാം. ലൈബ്രറികള്‍ പലപ്പോഴും തുറക്കാറില്ല എന്നറിഞ്ഞു .  ചിലപ്പോള്‍  ചില വയസ്സുചെന്നവര്‍ അവിടെ ഇടയില്‍ കയറിയിറങ്ങിയാല്‍ ആയി .  മുംബൈ മാട്ടുങ്ക സമാജത്തിന്റെ ലൈബ്രറിയില്‍ രണ്ടുവര്‍ഷം മുന്‍പ്  ചെന്നപ്പോള്‍ അത് തുറക്കാറില്ല എന്നറിഞ്ഞു. മുംബൈക്കവി   ശ്രീ സന്തോഷ്‌ പല്ലശനയും കൂട്ടരും അത് പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടു. പിന്നെ എന്തായി എന്നറിയില്ല.  
        അംഗങ്ങള്‍ കുറഞ്ഞുവരുന്നു , പുസ്തകങ്ങളുടെ വില വര്‍ദ്ധിച്ചു, നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടിവരുന്നു    എന്നതൊക്കെ കൂടാതെ   വായനക്കാര്‍ കുറയുന്നതും  ഇന്ന് വലിയ പ്രശ്നമായി തീര്‍ന്നിരിക്കുന്നു . പക്ഷെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി എന്നാണ്. ഇതിനുകാരണം എന്താണ് ? വ്യക്തിപരമായ പുസ്തക ശേഖരങ്ങള്‍ കൂടുന്നുണ്ട്  എന്നത് ശരിയാണ് . ഇന്ന് ഓണ്‍ലയിന്‍ സ്റ്റോറുകള്‍ ധാരാളം ഉണ്ട് . ഒറ്റ ക്ലിക്കില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ കുരിയറില്‍ കൂടെ നമ്മുടെ  വീട്ടില്‍ എത്തുന്നു . വായിച്ചില്ലെങ്കിലും കുറെ പുസ്തകങ്ങള്‍ മുന്മുറിയില്‍ ഷെല്‍ഫില്‍ അടുക്കി നിരത്തുന്നത് നവലോകജാടയുടെ ഒരു രീതിയായി മാറുന്നു . ഷെല്‍ഫില്‍ ഇരിക്കുന്ന അഴിക്കോട് മാഷിന്റെ തത്ത്വമസി എങ്ങനെയുണ്ട്  എന്ന് ചോദിച്ചപ്പോള്‍  "അത്  വായിക്കാന്‍ അല്ല , വെറുതെ ഭംഗിക്ക് വച്ചതാണ് " എന്ന്  ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മ്മയുണ്ട് . ഇ - മാധ്യമങ്ങളില്‍  കൂടിയുള്ള  വായന ഏറിവന്നതും ഗ്രന്ഥശാലകളിലെ തിരക്ക് കുറയുവാന്‍ മറ്റൊരു കാരണം ആകാം. ഇന്ന്  വളരെ അധികം പുസ്തകങ്ങള്‍ ഒരു ചിപ്പില്‍ ഒതുക്കാവുന്ന  ഈ -ബുക്ക്‌ റീഡറുകള്‍ മാര്‍കറ്റില്‍ ഉണ്ടല്ലോ ? 
 
 
                  പക്ഷെ, കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഫോണ്‍കാള്‍  എന്നെ ശരിക്കും അതിശയിപ്പിച്ചു . അവര്‍ അവിടെ പുതിയ ഒരു ഗ്രന്ഥശാല തുടങ്ങുന്നു !  ഈ 24 നു അതിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചതാണ് . വിജയദശമി .. നല്ല ദിവസം . എത്താമെന്ന് സസന്തോഷം പറഞ്ഞു . ഒരുവര്‍ഷം മുന്‍പ് അവര്‍ ഒരുക്കിയ ഒരു വേദിയില്‍ സംസാരിക്കവേ ലൈബ്രറി തുടങ്ങുന്ന കാര്യം പരാമര്‍ശിച്ചതാണ് .  ഇതാ ഇപ്പോള്‍  അത്  സത്യമായി തീര്‍ന്നു !  മുംബൈയിലും കാര്‍വാറിലുമായി പ്രവാസജീവിതം നയിക്കുന്ന ശ്രീ  ഓമനകുട്ടന്‍ നെടുമുടിയും കൂടെവന്നു. അവിടെ ചെന്നപ്പോള്‍ കണ്ടതോ ?മുന്നൂറോളം മലയാള പുസ്തകങ്ങള്‍  മനോഹരമായ ചില്ലുകൂട്ടില്‍ നിരത്തിയ കാഴ്ച.  ഒരു ലക്ഷത്തോളം രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ അത്രയും ഗോവയില്‍ താമസിക്കുന്ന  മലയാളിയായ  ശ്രീമാന്‍ തോമസ്‌ കോരുത് എന്ന ഒരു മഹത് വ്യക്തിയുടെ സംഭാവന യാണ് എന്നറിഞ്ഞു . ആ നല്ല മനസ്സിന്  ഹൃദയം നിറഞ്ഞ നന്ദി . പല ലൈബ്രറികളിലും പുസ്തകങ്ങള്‍ മാറാലയില്‍ ഒതുങ്ങുമ്പോള്‍ ഇവിടെ നവ ജീവനുമായി ഒരു പുതുലൈബ്രറി ഒരുങ്ങുന്നു . ആ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ കഴിഞ്ഞതില്‍  വളരെ സന്തോഷം തോന്നി .ആ ചടങ്ങില്‍  ഓമനകുട്ടന്‍  ഒരു കവിത മനോഹരമായി ചൊല്ലി. . ഈ പ്രസ്ഥാനത്തിന് ഒരു മലയാളിയെ എങ്കിലും വായനയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെ . കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ . കൂടാതെ ആ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയും  .