Saturday, June 25, 2016

നുങ്കമ്പാക്കം ദോശ (മിനിക്കഥ)


ഗംഗ എനിക്ക്  ഒരു വ്യക്തിയുടെ  പേരോ , ഒരു സ്ഥലമോ , ഒരാത്മീയ സ്ഥാനമോ അല്ലെങ്കില്‍  ഇതല്ലാം കൂടിയോ  ആയിരുന്നു.  എന്നില്‍ അപ്പാടെ  ഒഴുകിയിരുന്ന ഗംഗ ഒരു വലിയ അനുഭവം ആയിരുന്നു, അത്ഭുതമായിരുന്നു, പ്രത്യക്ഷജ്ഞാനമായിരുന്നു.

മണിയന്‍ എന്ന കൂട്ടുകാരന്‍ ആണ് എന്നെ ഗംഗയിലേക്ക്  നയിച്ചത്. അവന്‍ ശരിക്കും  ഉത്സാഹി   ആയിരുന്നു. ഞങ്ങള്‍ കഷ്ടപ്പാടിന്‍റെ കീര്‍ത്തനങ്ങള്‍ ഒന്നിച്ചിരുന്നു പാടുമ്പോള്‍  നുങ്കമ്പാക്കത്തെ  കോളനിയില്‍ അവന്‍ മാത്രം എന്തുകൊണ്ട്  സസന്തോഷം ആര്‍ത്തിരമ്പി നടക്കുന്നു  എന്ന് മറ്റുള്ളവര്‍ക്കൊപ്പം  ഞാനും  അതിശയിച്ചു.  എന്നോടു മാത്രം ഒരിക്കല്‍ അവന്‍ ആ രഹസ്യം പറഞ്ഞു:- ഗംഗയുടെ രഹസ്യം.

വള്ളുവര്‍ക്കോട്ടം ഹൈറോഡിലൂടെ നീണ്ടുവലിഞ്ഞു നടന്നാല്‍  കൂവം നദിക്കരയില്‍ എത്താം. അതേവഴിയില്‍   ബാങ്കിന്‍റെ  വശത്ത്  ഒളിച്ചുനില്‍ക്കുന്ന കടയാണ് മണിയന്‍റെ താവളം.   വണ്ടിക്കൂലി ലാഭിക്കുവാന്‍ അതുവഴി  തിരികെ  വലിഞ്ഞു നടക്കുമ്പോള്‍  അവന്‍ എന്നെ  റാഞ്ചിപ്പിടിക്കും.

"ഗംഗയുടെ ദോശയാണ്  എന്‍റെ അമൃത്... ആരോഗ്യം...  "  അവന്‍ ആണയിടാറുണ്ട്.  പുകഴ്ത്തി മടുക്കാതെ  ചിരിക്കാറുണ്ട്.

എന്‍റെ ഒരു അവധിദിവസം  അവന്‍  എന്നെ  ഗംഗയിലേക്ക്  നയിച്ചു. എനിക്ക് ചെറിയ പനി  ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. ഞാന്‍ മൂക്ക് പിഴിഞ്ഞ് ചുമയടക്കി അവനൊപ്പം  നടന്നു.  നടവഴിയില്‍  അവന്‍ നല്ല തമിഴില്‍ ആരോടൊ  ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു.  നിര്‍ത്താതെ  ബെല്ലടിച്ചിട്ടും വഴി  ഒഴിഞ്ഞുമാറി നടക്കാത്തതിന്  ഒരു വയസ്സന്‍ ഞങ്ങളെ  മുഴുത്ത തെറി വിളിച്ചു.

"അങ്ങനെ ഒത്തിരി  ആളുകളൊന്നും അവിടെ വരാറില്ല. വന്നവര്‍ പിന്നെ  മറ്റെങ്ങും പോകാറുമില്ല. "  ഫോണ്‍  നിര്‍ത്തിയിട്ട്  മണിയന്‍ എന്നോടായി പറഞ്ഞു.

മറ്റെങ്ങും കണ്ടിട്ടില്ലാത്ത പൂച്ചെടികള്‍ നില്‍ക്കുന്ന മുറ്റം. തേയ്ക്കാത്ത ചുവരുകള്‍. മുന്‍കതകില്‍  ചിത്രപ്പണികള്‍.  ഒളിച്ചിരിക്കുന്ന റേഡിയോയില്‍ എഫ് എം ചിലയ്ക്കുന്നു. എന്നെ  അവിടെ വിട്ടിട്ട്  അവന്‍ പോകുവാനുള്ള തിടുക്കത്തില്‍ ആണ്. ഞാന്‍ അവന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച്‌ വലിച്ചു.
"അയ്യേ .. ദോശ കഴിക്കാന്‍  നീയെന്തിന് പേടിക്കുന്നു ? " അവന്‍ എന്നെ കുതറിയെറിഞ്ഞു.

"എടാ.. ഇത് വെറും ദോശയല്ല. കൈപ്പുണ്യം  കൊണ്ട് നീ  അനുഗ്രഹിക്കപ്പെടും. പക്ഷെ എനിക്കിപ്പോള്‍  പോയേ പറ്റൂ. "
"എനിക്ക് തമിഴ് ശരിയാവില്ല. " ഞാന്‍ വിതുമ്പി.
"ഓ.. അതുപറയാന്‍  മറന്നു. ഇവിടെ  തമിഴ് മിണ്ടല്ല്..." എന്ന് ചെവിയില്‍ ഓതിയിട്ട്   മണിയന്‍ കടന്നുകളഞ്ഞു.

ഞാന്‍ പരുങ്ങലോടെ ഇരുന്നു. എന്‍റെ ചുറ്റും നൃത്തം ചെയ്യുന്നു  കൂവം നദിയുടെ സന്തതികള്‍. ആരോ എന്‍റെ നെറ്റിയില്‍ തൊട്ടു.

"അയ്യേ.. പനീണ്ടേല്‍ ദോശീന്‍റെ ശരിസുഖമറിയില്ല. വാ തൊറക്ക്.  പനീടെ മരുന്നാണ്. "

അതായിരുന്നു ആദ്യത്തെ അത്ഭുതം. മിനുട്ടുകള്‍ക്കകം പനി  എന്നെ വിട്ടുപോയി. നല്ലൊരു  തുടക്കം ആയിരുന്നു അത്. പിന്നീട്  മണിയന്‍റെ അകമ്പടി ഇല്ലാതെ ഞാന്‍ ഗംഗയില്‍ പോയിത്തുടങ്ങി.

ഒരുദിനം, ദോശയുടെ രുചിസാഗരം നീന്തുന്നതിനിടയില്‍   മണിയന്‍ വിട്ടുപോകുമെന്ന  മൊഴി ഞാന്‍  കാര്യമാക്കിയില്ല. അതിനടുത്ത ദിവസമാണ് ക്രസന്‍റ് പാര്‍ക്കിലെ   മരത്തില്‍ അവന്‍ തൂങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്.

"ഇങ്ങനെ പോയാല്‍ ഞാനും തൂങ്ങും. "  അത് പറഞ്ഞപ്പോള്‍  ഒരു പൊട്ടിച്ചിരിയായിരുന്നു മുഴങ്ങിയത്.

ഒരു ദിവസം ദോശ കരിഞ്ഞ മണം ഗംഗയില്‍ പരന്നു. അന്ന് വൈകിട്ട് ഞാന്‍ നുങ്കമ്പാക്കത്തോട് വിട ചൊല്ലി. എനിക്ക് ജീവിക്കണമായിരുന്നു.  അത് എന്‍റെ പ്രത്യക്ഷജ്ഞാനമായിരുന്നു.
-----------------------------------------------------------------------കണക്കൂര്‍ 25/06/2016

Sunday, June 19, 2016

വയനാദിനം



ഇന്നലെ ഗോവയിലെ പോണ്ട സമാജത്തിന്‍റെ വായനാദിനം പരിപാടിയില്‍ പങ്കെടുത്തു. 
പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും ചെയ്തു. നല്ല ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. വായനയെ ഇതയധികം സ്നേഹിക്കുന്നവര്‍ മറുനാട്ടിലും ഉണ്ട്. സന്തോഷം. രവീന്ദ്രന്‍ സാറിനും നിഷാദ് അലിക്കും മറ്റു സമാജം അംഗങ്ങള്‍ക്കും നന്ദി. 
വായനയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. 
രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് ഗോവ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റില്‍ വച്ച് ഒരു അനുഭവം ഉണ്ടായി. മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരനെ ദിവസവും കാണുമായിരുന്നു. ഞങ്ങള്‍ ചെറിയ പരിചയത്തില്‍ ആയി. ഫെസ്റ്റ് അവസാനിക്കുന്ന ദിവസം എന്‍റെ ഒരു പുസ്തകം ഞാന്‍ അദ്ദേഹത്തിന് നല്‍കി. "ഞാന്‍ വായിച്ചിട്ട് അഭിപ്രായം പറയാം" അദ്ദേഹം പറഞ്ഞു.
"അത് വേണ്ട സാര്‍. അഭിപ്രായം പറയണ്ട." എന്ന് ഞാന്‍.
അദ്ദേഹത്തിന് അത്ഭുതം ആയി എന്നുതോന്നി.
"എന്തെ അങ്ങനെ..? "
"വലിയ ആളുകള്‍ ആരും അങ്ങനെ വായിച്ചു അഭിപ്രായം പറയുവാന്‍ മിനക്കെടില്ല എന്ന് എനിക്കറിയാം. മിക്കപ്പോഴും വായിക്കില്ല. വായിച്ചാലും നല്ലത്, മോശം എന്നൊന്നും പറയില്ല"
"അത് ശരിയല്ലല്ലോ.. നിങ്ങടെ ധാരണ ഞാന്‍ തിരുത്താം. കണക്കൂരിന്‍റെ ഫോണ്‍ നമ്പര്‍ അതിലെഴുത്. ഞാന്‍ വായിച്ചിട്ട് വിളിക്കാം. " 
   ഞാന്‍ മടിയോടെ എങ്കിലും നമ്പര്‍ എഴുതി. മെയില്‍ ഐഡി പുസ്തകത്തില്‍ ഉണ്ട്. ഇന്നുവരെ അദ്ദേഹം വിളിച്ചിട്ടില്ല.                                                                                   


Saturday, June 18, 2016

മഴക്കവിതകള്‍

മഴക്കവിതകള്‍
=============
ഉളുമ്പന്‍ ഇടവമഴ
മണിക്കൂറുകളോളം
പറഞ്ഞതുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു...
അതേയീണം
ഒരേഭാവം..
എന്നിട്ടും മുഷിയുന്നില്ല.
അതുപോലെയാണീ
മഴക്കവിതകളും.


----------------------------കണക്കൂര്‍

Friday, January 22, 2016

മാതൃകാഗ്രാമം


കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കേരളം മുഴുവന്‍ ഒരൊറ്റ നഗരം ആയി മാറിയിട്ടുണ്ട്. 

സുഹൃത്തുക്കളേ .. കുറച്ചു ദിനങ്ങള്‍ മുമ്പ് ഞാന്‍ വഴി നടന്ന ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ ക്ഷണിക്കട്ടെ. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാര്‍ എന്ന ഒരു കൊച്ചു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയുണ്ടായി. നീണ്ട ഒരു നടവഴിയും അതിന്‍റെ ഇരുവശത്തുമുള്ള വീടുകളും ഒരറ്റത്തെ അതി മനോഹരമായ ക്ഷേത്രവും ചേര്‍ന്നതാണ് പാര്‍. ഒരു ചെറിയ കരിയില പോലും പറന്നു വീഴാന്‍ മടിക്കുന്ന മുറ്റങ്ങള്‍. വീടുകളുടെ പൂമുഖങ്ങള്‍ ചാണകം മെഴുകിയതാണ്. മിക്ക വീടിന്‍റെ മുന്‍പിലും തുളസിത്തറയുണ്ട്. ഒരു വ്യക്തി തന്‍റെ വീടിനോട് ചേര്‍ന്ന് നടത്തുന്ന പോസ്റ്റ്‌ ഓഫീസ് അത്ഭുതമായി തോന്നി . ഗ്രാമത്തിന്‍റെ മുഴുവന്‍ അത്യാവശ്യങ്ങള്‍ നിറവേറ്റുവാന്‍ ആകെ മൂന്ന് കടകള്‍ ക്ഷേത്രത്തിന്‍റെ മുന്നില്‍. അമ്പലത്തിന്‍റെ മുന്നില്‍ ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്. മലകളുടെ മുകളില്‍ നിന്ന് കുഴലുകള്‍ കൊണ്ടുവരുന്ന പരിശുദ്ധമായ വെള്ളം..
വൃത്തി, ശാന്തത, നിര്‍മ്മലത. ഒക്കെ ചേര്‍ന്ന ഒരു മാതൃകാഗ്രാമം.


 പാര്‍ ഗ്രാമ പാത

 ഒരു വീടിനു മുന്‍പില്‍ കണ്ട രണ്ട് കുരുന്നുകള്‍

പാര്‍ ക്ഷേത്രമുറ്റത്ത് 

Friday, December 25, 2015

കാറ്റിനെ കുറിച്ച് ഒരു കുറിപ്പ്

ഉച്ച കഴിഞ്ഞ സമയം.
ഞാന്‍  വീട്ടില്‍ തനിയെ.
ഒരു ചെറു ഉറക്കമാവാം  എന്ന് കരുതി.
വാതിലില്‍  മെല്ലെ മുട്ടു കേട്ടു.
ഈ സമയത്ത്  ആരാവും !
തുറന്നു നോക്കിയപ്പോള്‍  ആരേയും  കണ്ടില്ല.
ചേര്‍ത്ത് അടച്ച്  മടങ്ങുമ്പോള്‍ വീണ്ടും മുട്ട്.
മൃദുവും ലളിതവുമായ ശബ്ദം.
തുറക്കാതെ കുറച്ചു നേരം  ശ്രദ്ധിച്ചു.
ഇത്ര മൃദുവായി തട്ടി വിളിക്കുവാന്‍  കാറ്റിനല്ലാതെ ആര്‍ക്കു കഴിയും ?
തുറന്ന വാതില്‍ വഴി അനുവാദം ഇല്ലാതെ തന്നെ  കാറ്റ് അകത്തു കയറി.
മുറിയില്‍ ചിരപരിചിതനെ പോലെ ചുറ്റിത്തിരിഞ്ഞു. എന്തുകൊണ്ടോ എനിക്കത് ഇഷ്ടമായില്ല.
എനിക്ക് വേണ്ടപ്പോളെല്ലാം വീശിത്തരുന്ന  വൈദ്യുത പങ്കകള്‍ മുറിക്കുള്ളില്‍  ഉണ്ട് എന്നാവാം കാരണം.
ഞാന്‍ കാറ്റിനോട്  പുറത്തു പോകുവാന്‍ പറഞ്ഞു.
കാറ്റ് മുഖം താഴ്ത്തി പുറത്തേക്കു വീശി.
അപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.
ഞാന്‍ കതകു തുറന്നു.
പുറത്തെങ്ങും  കാറ്റില്ല.
ഇടവഴികളില്‍...
ഉദ്യാനങ്ങളില്‍ ...
കാട്ടിറമ്പുകളില്‍..
കടലോരങ്ങളില്‍...
എങ്ങും കാറ്റിനെ മാത്രം കണ്ടില്ല.
-------------------------------------------------------------കണക്കൂര്‍ 

Friday, September 18, 2015

തലപ്പന്ത്

തിരുവോണദിനത്തില്‍ വൈകുന്നേരം സുഹൃത്ത്‌ കൃഷ്ണകുമാര്‍ ഒരു ആശയം പറഞ്ഞു. വൈകിട്ട് കുടുംബമായി , കുട്ടികളുമായി പാര്‍ക്കില്‍ കൂടിച്ചേരാം എന്ന്. നല്ല ആശയം എന്ന് തോന്നി . ടെലിവിഷത്തിന്‍റെ മുന്നില്‍ നിന്ന് കുറച്ചുനേരം അവരെ മാറ്റി നിര്‍ത്താമല്ലോ ? പ്രവാസ ജീവികളുടെ തിരുവോണം അല്ലെ ? കുട്ടികളെ കൊണ്ട് പഴയ നാടന്‍ കളികള്‍ കളിപ്പിക്കാം എന്ന് കരുതി. തലപ്പന്തായാലോ ? മോന്‍ ഓടിപ്പോയി പന്തുമായി മടങ്ങി വന്നു. അപ്പോഴാണ്‌ ഒരു സത്യം മനസ്സിലായത്. തലപ്പന്ത് കളി മറന്നുപോയി. തലമ , ഒറ്റ , ഇരട്ട .... തുടത്താളം, കാലിന്‍കീഴ് ...ബാക്കി മറന്നുപോയല്ലോ !!! നിയമങ്ങള്‍ ശരിയായി ഓര്‍മ്മയില്ല. ഓലകൊണ്ട് പന്ത് ഉണ്ടാക്കുവാന്‍ ഓര്‍മ്മയുണ്ടോ ? പണ്ട് കണക്കൂര്‍ അമ്പലത്തിന്‍റെ മൈതാനത് എന്തെല്ലാം കളികള്‍ നടക്കുമായിരുന്നു ? ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനു സമയം തീരെയില്ല . കിളിമാശ് , പകിടകളി എല്ലാം മറന്നു. കുട്ടികള്‍ നിരാശരായി വെറുതെ പന്ത് എറിഞ്ഞു കളി നടത്തി.
--------------------------------------------കണക്കൂര്‍