Thursday, September 7, 2017

അമീബ

“കഴിഞ്ഞ ജന്മത്തെക്കുറിച്ചൊക്കെ കൃത്യായി പറേന്ന ഒരു സിദ്ധനുണ്ട് ഉടുപ്പീല്. നമുക്കൊന്നു പോയാലോ? ചുമ്മാ രസത്തിന് മതി.” രവി വാട്‍സ് ആപ്പിൽ നിന്നും തലയുയര്‍ത്തി അവളോടു പറഞ്ഞു.
“എന്തിനാ കഴിഞ്ഞ ജന്മത്തെ കുറിച്ചറിഞ്ഞിട്ട്.. അടുത്ത ജന്മത്തെ കുറിച്ചാണെങ്കില്‍ കൊള്ളാരുന്നു. ഇപ്പോഴേ തയ്യാർ എടുക്കാരുന്നു.” അടുക്കളയില്‍ കറിവച്ചുകൊണ്ടിരുന്ന ജയ ഉറക്കെച്ചിരിച്ചു.
“അടുത്ത ജന്മത്തില്‍ ആരാകണം എന്നാണ് നിന്‍റെ ആഗ്രഹം?”
ചോദ്യം കേട്ടു കൌതുകത്തോടെ അവള്‍ രവിയെ നോക്കി. എന്നിട്ടു പറഞ്ഞു-
“ഒരു അമീബ.”
അമീബ!  അവന്‍ കണ്ണു മിഴിച്ചു.
“അതെ, എനിക്ക് അമീബയായാല്‍ മതി. രവിയേട്ടന്‍ പഠിച്ചിട്ടില്ലേ അമീബയെ കുറിച്ച്? ഓ.. നിങ്ങള്‍ കമ്പ്യൂട്ടർ അല്ലെ.. ബയോളജി ആയിരുന്നില്ലല്ലോ… ദി ഗ്രേറ്റ് അമീബ.. പ്രോട്ടോസോവ ഫൈലത്തിലെ ഏകകോശ ജീവി. അതാവുമ്പോ തലച്ചോറുണ്ടാവില്ല. ചിന്തകള്‍ ഉണ്ടാവില്ല.”
“നിനക്കു വട്ടാ.. ആരെങ്കിലും ഇങ്ങനെ ചിന്തിക്കുമോ?”
ജയയ്ക്ക് ഇനിയും കൂടുതല്‍ ചിരിക്കണം എന്നുണ്ടായിരുന്നു. എന്നിട്ടും അവള്‍ നിയന്ത്രിച്ചു. സത്യത്തില്‍ ഈ ജന്മത്തില്‍ തന്നെ അവള്‍ക്കൊരു ഏകകോശജീവി ആയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.
“മൈക്രോസ്ക്കോപ്പിലൂടെ കാണുമ്പൊള്‍ എന്ത് ഭംഗിയെന്നോ അവയ്ക്ക്. ചെരുപ്പിന്‍റെ  ഷേപ്പുള്ള കുഞ്ഞു പരമീസിയത്തെ അമീബകള്‍ വളഞ്ഞുപിടിച്ചു തിന്നുന്നത് ലെന്‍സിലൂടെ  കാണാന്‍ രസമാ. പിന്നെ, രവിയേട്ടാ, മറ്റൊരു പ്രധാന കാര്യം, ഈ  അമീബയ്ക്ക് വെറുതെ രണ്ടായി പിളര്‍ന്നാല്‍ മതി, പെരുകാന്‍.. അതായത് സംഗതി  അലൈംഗികമാണ്…  ഇതൊക്കെ ശരിക്കുമുള്ള ശാസ്‌ത്രമാ രവിയേട്ടാ.” അവള്‍ അമീബയായ  ആവേശത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
“എങ്കിലും വേറെ എന്തൊക്കെ മോഹിക്കാം മനുഷ്യന്മാർക്ക്…” രവി സെല്‍ഫോണിന്‍റെ സ്‌ക്രീനിൽ തോണ്ടിക്കൊണ്ട് ഓര്‍ക്കുകയായിരുന്നു.
ഉടുപ്പീലെ ആ സിദ്ധനെ തനിയെ പോയി കണ്ടാല്‍ മതി എന്നയാള്‍ അതിനിടെ ഉള്ളുകൊണ്ടുറപ്പിച്ചു. അതിനകം പുതിയ ജന്മത്തിലെ രൂപം വെടിഞ്ഞ ജയ, മെല്ലെ പൂര്‍വ്വരൂപം പൂകുകയും അടുക്കളയില്‍ ചെന്നു കറിക്ക് കടുകു വറക്കുവാന്‍ തുടങ്ങുകയും ചെയ്‌തു.     
—————————————————–കണക്കൂര്‍ 
http://jwalanam.in/amoeba/

4 comments:

  1. ദി ഗ്രേറ്റ് അമീബ..
    പ്രോട്ടോസോവ ഫൈലത്തിലെ
    ഏകകോശ ജീവി. അതാവുമ്പോ തലച്ചോറുണ്ടാവില്ല. ചിന്തകള്‍ ഉണ്ടാവില്ല.
    അമീബയ്ക്ക് പെരുകാന്‍ വെറുതെ രണ്ടായി പിളര്‍ന്നാല്‍ മതി (സംഗതി അലൈംഗികമാണ്)”

    ReplyDelete
  2. ഹാ ഹാ ഹാ.കൊള്ളാം .രസമുണ്ടാരുന്നു.

    ReplyDelete
  3. രസിച്ചു ഈ ചെറിയ (വലിയ) വായന.

    ReplyDelete