Monday, June 30, 2014

സ്വപ്നസാക്ഷാത്കാരം (ചെറുകഥ)


അങ്ങേയറ്റത്തെ നിരാശയോടെയാണ് ഞാന്‍ ലാല്‍ബാഗിലെത്തിയത്. 
മൈനകളും പ്രാവുകളും പരതിനടക്കുന്നതും നോക്കി മിനുസമുള്ള സിമന്റുബഞ്ചില്‍ ഇരുന്നു.
എത്രയോ പേര്‍ ഇരുന്നുമിനുസപ്പെട്ടതാണ് ഈ ഇരുപ്പിടങ്ങള്‍ ! അതില്‍ എത്രയോ പേര്‍ നിരാശര്‍ ആയിരിക്കും.

ആഗ്രഹങ്ങളാണ് എല്ലാ വിഷമങ്ങള്‍ക്കും കാരണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ചുരുട്ടിപ്പിടിച്ച മലയാളം പത്രവുമേന്തി അയാള്‍ അടുക്കല്‍ വന്നിരുന്നത്.
അപരന്‍ ചിരിച്ചു. പോതിയഴിച്ച് ഒരുകൈ നിറയെ കടല നീട്ടി. എന്‍റെ പേരും തൊഴിലും വെറുതെ എന്നമട്ടില്‍ തിരക്കി.  
“നല്ല നഗരം ആണിത്. ജീവിക്കാന്‍ പറ്റിയ ഇടം. അല്ലെ ?  ഇനിയുള്ള കാലം  ഇവിടെ കൂടാം എന്ന് കരുതുന്നു.” - അയാള്‍ പറഞ്ഞു.
 
വേണ്ട എന്ന് പറഞ്ഞിട്ടും വീണ്ടും കടല നീട്ടി എന്നെ പ്രലോഭിപ്പിച്ചു.

“എനിക്ക് ഈ നഗരത്തില്‍ എവിടെയെങ്കിലും കോട്ട പോലുള്ള ഒരു വീട് കെട്ടണം. ചുറ്റും പുല്‍മേടുകള്‍ ഉണ്ടായിരിക്കും. കാര്യങ്ങള്‍ ഒക്കെ നോക്കിനടത്താന്‍ നല്ല ഒരു വേലക്കാരി വേണം.. പിന്നെ ...” അയാള്‍ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

കുറേ ആയപ്പോള്‍ എന്‍റെ കൌതുകം നശിച്ചുതുടങ്ങി. കുള്ളന്‍ മരങ്ങളുടെ പാര്‍ക്കിലെ സിമന്റുബഞ്ചില്‍ നിന്നും ഞാന്‍ മെല്ലെ എഴുനേറ്റു. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ ഞാന്‍ അയാളെ കാണുന്നത് അള്‍സൂരില്‍ വച്ചാണ്. കൂടെ മെലിഞ്ഞ ഒരു സ്ത്രീയുണ്ട്. അവരുടെ പ്രായം ഊഹിച്ചെടുക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ പരിചയപ്പെടുത്തി:- “ഇത് എന്‍റെ പുതിയ സെക്രെട്ടറിയാണ്..ഞങ്ങള്‍ സിറ്റിയൊക്കെ കാണുവാന്‍ ഇറങ്ങി.. ഇവിടെ അടുത്ത് മാളുകള്‍ വല്ലതും ഉണ്ടോ? എന്തെങ്കിലും കാര്യമായിട്ട് വാങ്ങിച്ചുകൂട്ടാന്‍ പറ്റിയ ഇടം?”
അവര്‍ ചിരിച്ചുല്ലസിച്ച്‌ കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നുപോയി.

അയാളെ ഞാന്‍ പിന്നെയും പല ഇടങ്ങളില്‍ വച്ച് കണ്ടു. മലയാള സമാജങ്ങളുടെ മീറ്റിങ്ങുകളില്‍, മാമ്പഴ മേളയില്‍ അങ്ങനെയങ്ങനെ ...
അപ്പോഴൊക്കെ അയാള്‍ പുതിയ ആഗ്രഹങ്ങള്‍ നിരത്തും. ഒരു ജോഡി കുതിരകളെ വാങ്ങണം, അല്ലെങ്കില്‍ കാറുകളുടെ ഒരു മ്യൂസിയം തുടങ്ങണം എന്നപോലുള്ള വിചിത്രമായവ തന്നെ മിക്കതും.  ഇതില്‍ ഏതെങ്കിലും ഇന്നുവരെ നടന്നുവോ എന്നൊന്നും ഞാന്‍ ചോദിക്കുവാന്‍ മിനക്കെട്ടില്ല.

അയാള്‍ എന്‍റെമുന്നില്‍  നിരാശയോടെ നില്‍ക്കരുതല്ലോ! സ്വപ്നസാക്ഷാത്കാരം എന്നതല്ല, സ്വപ്നം കാണുവാന്‍ കഴിയുന്നില്ല എന്നതാണ് എന്‍റെ ഇപ്പോഴത്തെ  വിഷയം.


-കണക്കൂര്‍ 

16 comments:

  1. സ്വപ്നങ്ങളില്ലാതിരിക്കുക വല്ലാത്തൊരവസ്ഥയാകും

    ReplyDelete
  2. സ്വപ്‌നസാക്ഷാത്കാരത്തിനുവേണ്ടിയല്ലേ മനുഷ്യനിന്ന് സ്വപ്‌നങ്ങളില്ലാത്ത തിരക്കില്‍ മുഴുകുന്നത്? നല്ല കഥ...

    ReplyDelete
  3. good readability, transparency ......

    ReplyDelete
  4. സ്വപ്നങ്ങളെ തലോലിച്ചല്ലേ നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്.

    ReplyDelete
  5. നിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍........
    നന്നായിരിക്കുന്നു സ്വപ്നസാക്ഷാത്കാരം.
    ആശംസകള്‍

    ReplyDelete
  6. ശീലങ്ങള്‍ നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ സ്വപ്നങ്ങളെ തന്നെ കൂട്ട് തേടേണ്ടിയിരിക്കുന്നു...
    നന്നായി

    ReplyDelete
  7. സ്വപ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ...അത് സാധ്യമോ ???

    ReplyDelete
  8. സ്വപ്നങ്ങളാണ് ഒരര്‍ഥത്തില്‍ ജീവിതം മനോഹരമാക്കുന്നത്. ആശംസകള്‍.

    ReplyDelete
  9. സ്വപ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം .....അല്ലെ?

    ReplyDelete
  10. നല്ല കഥ കണക്കൂർ സാർ..

    ReplyDelete
  11. എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നന്ദി.

    ReplyDelete
  12. സ്വപ്നങ്ങൾ പോലും നഷ്ടമാവുന്ന ഒരു കാലത്ത്
    മുഖമില്ലാത്ത നഗരത്തിലൂടെ
    സ്വപ്നംകണ്ട് നടക്കാനാവുന്നത് വലിയ ഭാഗ്യമാണ്

    ReplyDelete
  13. സ്വപ്നങ്ങള്‍ മാത്രമായാലും കാര്യമില്ല.

    ReplyDelete
  14. ഒരുപിടി നല്ല സ്വപ്നങ്ങളെ നേരുന്നു...

    ReplyDelete
  15. സ്വപ്‌നങ്ങൾ ഇല്ലതാതതവരുണ്ടോ? നല്ല സ്വപ്‌നങ്ങൾ കാണാനും അതൊക്കെ സത്യമാകാനും ഇടവരട്ടെ. ആശംസകൾ

    ReplyDelete