Monday, February 19, 2018

തോറ്റവന്റെ കഥ (കവിത)


രാത്രിയുടെ നടുവില്‍
ബദാം മരക്കൊമ്പില്‍ പറന്നിറങ്ങിയ
ഒരു കടവാതില്‍
തൊട്ടുനിന്ന മാവിന്‍കൊമ്പില്‍
തൂങ്ങുവാനിരുന്നയാളോട്
വെറുതേ കുശലം ചോദിച്ചു.

കഴുത്തില്‍ ചുറ്റിയ കള്ളിമുണ്ടൊന്നയച്ച്
പിന്തിരിഞ്ഞിരുന്നയാള്‍
ജീവിതകഥ മുഴുവന്‍  വിളമ്പിയേക്കുമെന്ന്
കരുതി കടവാതില്‍
തോറ്റവന്‍റെ കഥകേട്ടു
സമയം കളയേണ്ടെന്നോര്‍ത്ത്
മുഴുത്തൊരു ബദാം
ചപ്പിത്തിന്നാന്‍ തുടങ്ങി.

തൊട്ടടുത്തൊരു മാവിന്‍കൊമ്പ്
കുലുങ്ങിയുലഞ്ഞു  നിശ്ചലമായി.

ഇനിയൊരു ദുരാത്മാവു കൂടി
ബദാം മരത്തില്‍ പറന്നെത്തുമെന്ന്
മരം കടവാതിലിനോട് 
അടക്കം പറഞ്ഞു.

Sunday, December 24, 2017

ഗംഗ

Image may contain: people sitting, ocean, sky, boat, outdoor, water and nature
ഇതു ഗംഗയുടെ വിജനമായ തീരം. 
തൊട്ടുരുമി കിടക്കുന്ന രണ്ടു തോണികൾ കണ്ടു. 
അവയെ ബന്ധിച്ചിരുക്കുന്നത് തീരത്ത് ഉപേക്ഷിക്കപ്പെട്ട
ഈശ്വര പ്രതിമയിലാണ് . 
ആ ദൈവം കാറ്റിലകന്നു പോകാതെ തോണികളെ 
സംരക്ഷിക്കുന്നു. 
ചിലപ്പോൾ അങ്ങനെയാണ് .
നമ്മൾ ഉപേക്ഷിച്ചാലും ചില ദൈവങ്ങളെ കൊണ്ട്
ഉപകാരം ഉണ്ടാകും.

Friday, December 15, 2017

നാടക രചന

കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖലയിലെ പ്രവാസികള്‍ക്കായി നടത്തിയ നാടക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അണുശക്തി നഗറിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തത് നല്ല അനുഭവം ആയിരുന്നു. മുംബെയില്‍ അഞ്ചു നാടകങ്ങളാണ് മത്സരത്തിനായി അരങ്ങേറിയത്. എല്ലാം കഴിഞ്ഞ് ഓരോ നാടകത്തിന്റെയും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രവും നല്‍കി. മേക്കപ്പ് ചെയ്ത ആളെ വരെ സ്റ്റേജില്‍ വിളിച്ചു. രസാവഹമായ കാര്യം ഒരു നാടകത്തിന്റെയും രചയിതാവിനെ പരാമര്‍ശിച്ചു കൂടിയില്ല എന്നതാണ്. എന്‍റെ ചില സുഹൃത്തുക്കള്‍ അരങ്ങിന്‍റെ പിന്നില്‍ ചെന്ന് സംഘാടകരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. അപ്പോള്‍ അവരെ ബോധിപ്പിക്കുവാന്‍ വേണ്ടി എന്നവണ്ണം എന്നെ സ്റ്റേജിലേക്ക് വിളിച്ചു. പിന്നെയാണ് രചയിതാവിന് നല്‍കുവാന്‍ ഒന്നും കരുതിയിട്ടില്ലല്ലോ എന്നവര്‍ക്ക് ബോധ്യം വന്നത് . ആരോ അവിടെ ഉപേക്ഷിച്ച ഒരു ബൊക്കെ എടുത്തു നല്‍കി സംഘാടകര്‍ തടി തപ്പിയത് ചിരിക്കുവാന്‍ വക നല്‍കി എങ്കിലും നാടക രചനയില്‍ പിന്നോക്കം പോകുന്ന ഒരു അവസ്ഥയെ കുറിച്ചു ചിന്തിപ്പിക്കുന്നു. (പിന്നീട് നേരില്‍ കണ്ടപ്പോള്‍ കേളി രാമചന്ദ്രന്‍ ജി ഒരു പുസ്തകം സമ്മാനം നല്‍കി എന്ന കാര്യം മറക്കുന്നില്ല.) നാടക രചനയില്‍ പൊതുവില്‍ പഴയ മട്ടുതന്നെ നില നില്‍ക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. പുതിയ പരീക്ഷണങ്ങള്‍ തീരെ നടക്കുന്നില്ല. സംവിധായകന്‍റെ പൊടിക്കൈകള്‍ കൊണ്ടാണ് മിക്ക നാടകങ്ങളും രക്ഷ പെടുന്നത്. സ്ത്രീ സാഹിത്യം മുതല്‍ ഇപ്പോള്‍ കാണുന്ന ഭക്ഷണ സാഹിത്യം, കടലോര സാഹിത്യം തുടങ്ങിയ പുതുപുത്തന്‍ ചേരിതിരിവുകള്‍ വരെ ഉണ്ടായിട്ടും നാടക സാഹിത്യ രംഗം ബലക്ഷയം നേരിടുന്നു. സിനിമയുടെ തിരകഥകള്‍ അച്ചടിച്ച് നല്ല നിലയില്‍ വിറ്റു പോയപ്പോഴും പുസ്തകമാക്കിയ നാടകങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല. നാടക രംഗത്ത് ഉണര്‍വിന്‍റെ കാലം ആണിത് . ഈ അവസരം മുതലെടുത്ത്‌ പുതിയ എഴുത്തുകാര്‍ ഈ രംഗത്തു കടന്നുവരും എന്നും, നല്ല നാടകങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു.

Thursday, November 30, 2017

തോല്‍പ്പാവക്കൂത്ത്

ചെന്തമിഴും മലയാളവും കലര്‍ന്നതാണ് തോല്‍പ്പാവക്കൂത്തിന്റെ പിന്നണിശീലുകള്‍. കൂത്തമ്പലത്തിന്റെ വെളുത്ത തിരശീലകളില്‍ നിഴലുകള്‍ കഥകള്‍ ആടുന്നു. മുംബെയില്‍ തോല്‍പ്പാവക്കൂത്ത് അരങ്ങേറിയത് വലിയ ഒരു അനുഭവം ആയിരുന്നു. ക്ഷേത്ര മതില്‍ക്കെട്ടില്‍ നിന്നും ഈ അനുഷ്ഠാനകലയെ പുറത്തിറക്കി ജനകീയവല്‍ക്കരിച്ചത് കൂത്താചാര്യന്‍ രാമചന്ദ്രപ്പുലവര്‍ ആണ്. അദ്ദേഹവും കുടുംബാങ്ങങ്ങളും ശിഷ്യരും ചേര്‍ന്ന് നടത്തിയ തോല്പ്പാവക്കൂത്തില്‍, തിരിവിളക്കുകളുടെ പ്രഭയില്‍ തിരശീലയില്‍ നിഴലുകള്‍ രാമായണ കഥയാടി. കഴിഞ്ഞ പത്തു തലമുറകളായി അദ്ദേഹം തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നു. പഠിപ്പിക്കുന്നു. പാവക്കൂത്തില്‍ നിരവധി പുതു പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.. പല രാജ്യങ്ങളിലും കൂത്ത് അവതരിപ്പിച്ച അദ്ദേഹത്തിന് ഒരുപാടു പുരസ്കാരങ്ങളും ലഭിച്ചു. കലകളുടെ ദീപം അണയാതെ സൂക്ഷിക്കുന്ന അദ്ദേഹത്തിനൊപ്പം......

Sunday, October 22, 2017

സസ്യഭാരതി ഹംസ മടിക്കൈ

"പഞ്ചഭൂതമയമായ ദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ ശരീരത്തില്‍ കയ്പ്  കൊണ്ടു പൂരിപ്പിക്കേണ്ടതായ അംശങ്ങളുണ്ടെന്നത് ശാസ്ത്രീയമായ ഒരറിവാണ്‌. മനുഷ്യന്‍റെ നാവിന് ആയിരത്തിലധികം രസങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. കുറച്ചു കാലമായി നാം അറിയുന്ന രസങ്ങള്‍  ആറായി ചുരുങ്ങി. കയ്പ്, പുളി , എരിവ്, ഉപ്പ് , മധുരം, ചവര്‍പ്പ് എന്നിങ്ങനെ. ഇപ്പോഴത്‌ വന്നുവന്ന്‍ വെറും ഉപ്പും മധുരവുമായി മാറി. ശരീരത്തിന് ആവശ്യമായ രസങ്ങളുടെ ലഭ്യതക്കുറവാണ് രോഗമെന്ന് പറയാം. ഇതിനെ പ്രതിരോധിക്കുക എളുപ്പമല്ല. ഉപ്പിനോടോ മധുരത്തോടോ പുളിയോടോ എരിവിനോടോ ഇഷ്ടം കൂടുന്നത് രോഗലക്ഷണം ആണെന്ന് എത്രപേര്‍ക്ക് അറിയാം..? പതിയെപ്പതിയെ പ്രകൃതിയുടെ രുചിയിലേക്ക് തിരിച്ചു പോകുകയാണ് വേണ്ടത്. മറ്റു ജീവജാലങ്ങളെപ്പോലെ ജീവിച്ചാല്‍ ഈ രസങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗത്തെ ഇല്ലാതാക്കാം. കയ്പ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം പോലും കയ്പ് മാത്രം കഴിച്ച് ഇല്ലാതാക്കാനാവില്ല. കുറഞ്ഞത്‌ ആര് രസങ്ങള്‍ എങ്കിലും ശരീരത്ത് എത്തണം. "
ആയുര്‍വേദ വൈദ്യനായ സസ്യഭാരതി ഹംസ മടിക്കൈയുടെ വാക്കുകള്‍ ആണിവ. ചന്ദ്രിക വാരികയില്‍ അദ്ദേഹവുമായുള്ള സുദീര്‍ഘന്മായ അഭിമുഖം വന്നിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് കാസര്‍ഗോഡ്‌ വച്ചാണ് ഹംസ വൈദ്യരെ സുപ്രസിദ്ധ എഴുത്തുകാരന്‍ സുബൈദ പരിചയപ്പെടുത്തിയത് . സംസ്കൃതത്തില്‍ അസാമാന്യ അറിവുള്ള വൈദ്യര്‍ നല്ല ഒരു കവിയുമാണ് . ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനായി ഈ ജന്മം മുഴുവന്‍ ഉഴിഞ്ഞു വച്ച മഹാന്‍. ആയുര്‍വേദത്തിന്റെ  ആചാര്യനായ കണക്കൂര്‍ ധന്വന്തരി മൂര്‍ത്തിയുടെ കൃപാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുമ്പോഴും ഔഷധ സസ്യ സംസ്കാരത്തിന്‍റെ വളര്‍ച്ചക്കായി എനിക്കെന്തു ചെയ്യുവാന്‍ കഴിഞ്ഞു  എന്ന ചിന്ത അലട്ടുന്നു. ഉള്ളില്‍  കുറ്റബോധം നിറയുന്നു.

Tuesday, September 19, 2017

കണ്ടുമുട്ടല്‍

വല്ലപ്പോഴുമുള്ള ചില ഒറ്റപ്പെടലുകളെ
കുറിച്ചു  പറഞ്ഞാണ് നാം   
അന്നൊക്കെക്കലഹിച്ചത്.
ചിലപ്പോ ള്‍,  
ഒരുമിച്ചെറിഞ്ഞു വീഴ്ത്തിയ
മാങ്ങകളുടെ വീതത്തെക്കുറിച്ചും...
പഠിച്ചല്ല, മൂത്രം നീട്ടിയൊഴിച്ചാണ് നാം മത്സരിച്ചത്.
പരീക്ഷപ്പേപ്പറുകളി ല്‍ ഒരുപോലെ എഴുതി നിറച്ച
തെറ്റുകള്‍  ശരികളെന്നു വാദിച്ച്
പേനയുടെ മുനയൊടിച്ച്
മഷി കുടഞ്ഞാര്‍ത്താര്‍ത്ത് 
ഒടുക്കം
മാര്‍ക്കുക ള്‍ വന്നപ്പോ ള്‍  അവിടെയും  ചില്ലറപ്പിശക്
പിണങ്ങിത്തീരും മുമ്പേ 
ഉപ്പുമാങ്ങ മാറിമാറി കടിച്ചും 
ഐസൂമ്പിയും നമ്മള്‍ വീണ്ടും കൂടി.     

കാലം തോറ്റു തുന്നംപാടിയപ്പോ ള്‍  
നമ്മള്‍ രണ്ടു വഴികളില്‍ അകന്നുപോയി.
ഇപ്പോള്‍ വീണ്ടും കണ്ടുമുട്ടുമ്പോ ള്‍
സുഹൃത്തേ...
ഒന്ന് പിണങ്ങുവാന്‍ പോലും  ആകാവിധം
നമ്മള്‍ മാറിപ്പോയിരിക്കുന്നു. 

Thursday, September 7, 2017

അമീബ

“കഴിഞ്ഞ ജന്മത്തെക്കുറിച്ചൊക്കെ കൃത്യായി പറേന്ന ഒരു സിദ്ധനുണ്ട് ഉടുപ്പീല്. നമുക്കൊന്നു പോയാലോ? ചുമ്മാ രസത്തിന് മതി.” രവി വാട്‍സ് ആപ്പിൽ നിന്നും തലയുയര്‍ത്തി അവളോടു പറഞ്ഞു.
“എന്തിനാ കഴിഞ്ഞ ജന്മത്തെ കുറിച്ചറിഞ്ഞിട്ട്.. അടുത്ത ജന്മത്തെ കുറിച്ചാണെങ്കില്‍ കൊള്ളാരുന്നു. ഇപ്പോഴേ തയ്യാർ എടുക്കാരുന്നു.” അടുക്കളയില്‍ കറിവച്ചുകൊണ്ടിരുന്ന ജയ ഉറക്കെച്ചിരിച്ചു.
“അടുത്ത ജന്മത്തില്‍ ആരാകണം എന്നാണ് നിന്‍റെ ആഗ്രഹം?”
ചോദ്യം കേട്ടു കൌതുകത്തോടെ അവള്‍ രവിയെ നോക്കി. എന്നിട്ടു പറഞ്ഞു-
“ഒരു അമീബ.”
അമീബ!  അവന്‍ കണ്ണു മിഴിച്ചു.
“അതെ, എനിക്ക് അമീബയായാല്‍ മതി. രവിയേട്ടന്‍ പഠിച്ചിട്ടില്ലേ അമീബയെ കുറിച്ച്? ഓ.. നിങ്ങള്‍ കമ്പ്യൂട്ടർ അല്ലെ.. ബയോളജി ആയിരുന്നില്ലല്ലോ… ദി ഗ്രേറ്റ് അമീബ.. പ്രോട്ടോസോവ ഫൈലത്തിലെ ഏകകോശ ജീവി. അതാവുമ്പോ തലച്ചോറുണ്ടാവില്ല. ചിന്തകള്‍ ഉണ്ടാവില്ല.”
“നിനക്കു വട്ടാ.. ആരെങ്കിലും ഇങ്ങനെ ചിന്തിക്കുമോ?”
ജയയ്ക്ക് ഇനിയും കൂടുതല്‍ ചിരിക്കണം എന്നുണ്ടായിരുന്നു. എന്നിട്ടും അവള്‍ നിയന്ത്രിച്ചു. സത്യത്തില്‍ ഈ ജന്മത്തില്‍ തന്നെ അവള്‍ക്കൊരു ഏകകോശജീവി ആയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.
“മൈക്രോസ്ക്കോപ്പിലൂടെ കാണുമ്പൊള്‍ എന്ത് ഭംഗിയെന്നോ അവയ്ക്ക്. ചെരുപ്പിന്‍റെ  ഷേപ്പുള്ള കുഞ്ഞു പരമീസിയത്തെ അമീബകള്‍ വളഞ്ഞുപിടിച്ചു തിന്നുന്നത് ലെന്‍സിലൂടെ  കാണാന്‍ രസമാ. പിന്നെ, രവിയേട്ടാ, മറ്റൊരു പ്രധാന കാര്യം, ഈ  അമീബയ്ക്ക് വെറുതെ രണ്ടായി പിളര്‍ന്നാല്‍ മതി, പെരുകാന്‍.. അതായത് സംഗതി  അലൈംഗികമാണ്…  ഇതൊക്കെ ശരിക്കുമുള്ള ശാസ്‌ത്രമാ രവിയേട്ടാ.” അവള്‍ അമീബയായ  ആവേശത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
“എങ്കിലും വേറെ എന്തൊക്കെ മോഹിക്കാം മനുഷ്യന്മാർക്ക്…” രവി സെല്‍ഫോണിന്‍റെ സ്‌ക്രീനിൽ തോണ്ടിക്കൊണ്ട് ഓര്‍ക്കുകയായിരുന്നു.
ഉടുപ്പീലെ ആ സിദ്ധനെ തനിയെ പോയി കണ്ടാല്‍ മതി എന്നയാള്‍ അതിനിടെ ഉള്ളുകൊണ്ടുറപ്പിച്ചു. അതിനകം പുതിയ ജന്മത്തിലെ രൂപം വെടിഞ്ഞ ജയ, മെല്ലെ പൂര്‍വ്വരൂപം പൂകുകയും അടുക്കളയില്‍ ചെന്നു കറിക്ക് കടുകു വറക്കുവാന്‍ തുടങ്ങുകയും ചെയ്‌തു.     
—————————————————–കണക്കൂര്‍ 
http://jwalanam.in/amoeba/