Tuesday, December 25, 2012

ആദ്യരാവ്


ആദ്യരാവ്

"ഇവിടെ നെറയെ കാടാണ്.. "
ഇരുട്ടിന്റെ ചാന്ത് മുഖത്ത് വാരിതേച്ച് നവാംഗി പരിഭവിച്ചു.
"ശരി. പിന്നെ ? " കൊതിയടക്കി അവന്‍ പറഞ്ഞു.
"കാട്ടില്‍.........." - അവള്‍ നിര്‍ത്തി. 
അവളുടെ മുലകളില്‍ തല ചേര്‍ത്ത് പിടിച്ച് അവന്‍ പറഞ്ഞു- " ഈ കാട്ടിനുള്ളില്‍ പിന്നെയും കാടാണ്. അതിനുള്ളില്‍ കാട്ടുമാക്കാന്‍.... ":''
"മൃഗങ്ങള്‍ ഒണ്ടോ ? "
അവള്‍ അവന്റെ തലയില്‍ വിരല്‍ ഓടിച്ചുകൊണ്ട് ചോദിച്ചു.
അവള്‍ക്കു ഭയം.
അവന്‍ ചിരിച്ചു. 
കുറച്ചുകഴിഞ്ഞപ്പോള്‍ വെളിച്ചം കെട്ടു.
കാട്ടില്‍ വലിയ അനക്കം .
കാടിളകി.
മൃഗങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു.
അവള്‍ അലറിവിളിച്ചത് ആരും കേട്ടില്ല.
പുലര്‍ന്നപ്പോള്‍ മൃഗീയമായ മറ്റൊരു ജീവിതത്തിന് അവര്‍ ആരംഭം കുറിക്കുകയായി.
അപ്പോള്‍ ഈ സമ്മോഹനം എന്ന് പറയുന്നത് ?
കുന്തം.
പൂക്കള്‍ വാടി . നിറം മങ്ങി.
ഇവിടെ അല്ലെങ്കിലും മുഴുവന്‍ ..............കാടല്ലേ ?

Friday, November 30, 2012

വീണ്ടും ഒരു പട്ടം (മിനിക്കഥ)


       സിറ്റിയിലെ കടകള്‍ മുഴുവന്‍ പരതി. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇടയില്‍ എങ്ങും പട്ടങ്ങള്‍ വില്പ്പനക്കില്ല ! ചിലര്‍ തീര്‍ന്നു പോയി എന്ന് ക്ഷമ പറഞ്ഞു .
           ഇവന് പൊടുന്നനെ പട്ടത്തിനുള്ള ആശ എങ്ങനെ വന്നു ? അത് മനസ്സിലായില്ല . 
വീണ്ടും ചേച്ചിയുടെ മോന്‍ അതുതന്നെ ചോദിക്കുന്നു : " മാമാ .. ഒരു പട്ടോണ്ടാക്കിത്തരുവോ ?"
          എനിക്ക് അതുണ്ടാക്കുവാന്‍  അറിയില്ല എന്ന് പലവട്ടം പറഞ്ഞു . പക്ഷെ അവന്‍ ഒട്ടും സമ്മതിക്കുന്നില്ല . 
കുട്ടിക്കാലത്തിന്റെ സമയ രേഖകളില്‍ എവിടെയോ ഞാന്‍ പട്ടം പറത്തിയിട്ടുണ്ട് . പട്ടം നിര്‍മ്മിച്ചിട്ടുമുണ്ട്. പക്ഷെ വളര്‍ച്ചയുടെ ഗൌരവങ്ങളില്‍ പെട്ട് മറ്റ് പലതിനോപ്പം അതും  മറന്നുപോയി .
ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ വളരെക്കാലം കൂടി വന്നതാണ് . അവരെ വിവാഹം ചെയ്ത് അയച്ചകാലത്ത്  വന്ന ഓര്‍മ്മയുണ്ട്. പിന്നെ ഇപ്പോളാണ് ഇവിടെ വരുന്നത് . വര്‍ഷങ്ങള്‍ അതിനകം എത്ര കടന്നു പോയി ?! അവരുടെ മൂത്തമകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസ്സില്‍ എത്തി. മകന്‍ അഞ്ചാം തരത്തിലും . 
      അവന്‍ ആശയോടെ വീണ്ടും വിളിക്കുന്നു - " പ്ലീസ് മാമാ .. ഒരു പട്ടം ..."
      " നെനക്ക് പട്ടം ഒണ്ടാക്കാന്‍ അറിയാല്ലോ ? " ... ചേച്ചി തുടര്‍ന്നു- " പണ്ടുനീ എത്ര പട്ടം ഒണ്ടാക്കി കായപ്പുറത്ത്  പറത്തീരിക്കുന്നു ! ഇപ്പം നീ വല്യ ഇഞ്ചിനീയരല്ലേ ..... ഒരെണ്ണം അവന് ഒണ്ടാക്കി കൊടുക്കടാ .."
അത് ശരിയാണ് . ഞാന്‍ ചെറു കുറ്റബോധത്തോടെ ചേച്ചിയോട് പുഞ്ചിരിച്ചു . സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ  ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാള്‍ വെറും പേപ്പര്‍ ഒട്ടിച്ച് പട്ടം ഉണ്ടാക്കുവാന്‍ അറിയാതെ കുഴഞ്ഞാല്‍ ?
    " മാമനെ ശല്യപ്പെടുത്താതെ പോടാ ..." ചേച്ചിയുടെ മകള്‍ എന്റെ രക്ഷക്ക് എത്തി .
    " സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം " 
    " കൈറ്റ് മേക്കിംഗ് എന്ന് ഗൂഗിളില് ജസ്റ്റ്‌ ടൈപ്പ് ചെയ്‌താല്‍ മതി മാമാ.. ഇത്ര പാടോന്നുമില്ല .. " അവള്‍ പറഞ്ഞു .
   " അതൊന്നും വേണ്ട . മാമന് അല്ലാണ്ട്തന്നെ അറിയാം "
ഓര്‍മ്മയില്‍ പരതി . കായല്‍പ്പുറത്ത്  ഒരു സംഘം കുട്ടികളുമായി കളിച്ചുതിമിര്‍ത്ത നാളുകള്‍ . ചിലപ്പോള്‍ പത്രത്താള്‍ കീറിയൊട്ടിച്ച്  പട്ടം ഉണ്ടാക്കുമായിരുന്നു . കാറ്റിന്റെ ദിശ നോക്കി അതിനെയങ്ങ് ആകാശത്തിലേക്ക് ഇറക്കിവിടും .  വര്‍ണ്ണക്കടലാസില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി പട്ടങ്ങളോട് എന്റെ പട്ടം മത്സരിച്ചു ജയിക്കുമായിരുന്നു . ആകാശത്തില്‍ അത് ഉയര്‍ന്ന് പൊട്ടുപോലെ ചെറുതാകുമ്പോള്‍   നൂലിന്റെ ഇങ്ങേത്തലക്കല്‍ പിടിച്ച് ഭൂമിയില്‍ നിന്ന് ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു. 
     " ഒരു കണ്ടി* .. രണ്ടു കണ്ടി  .. മൂന്ന്...... '' അപ്പോള്‍  മറ്റ്കുട്ടികള്‍ നൂല്‍ച്ചുറ്റുകള്‍   അഴിയുന്നത് നോക്കി അമ്പരക്കും . 
     ചിലപ്പോള്‍ നൂലിഴ പൊട്ടി പട്ടം എന്നില്‍ നിന്നും സ്വതന്ത്രനാകും . താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കവേ ,കാറ്റിനെ  വശത്താക്കി അത് തലയിളക്കി അകലേക്ക്‌ പറന്നുപോകും . ഒരു കൊന്നത്തെങ്ങിന്റെ തുഞ്ചോലയില്‍ കുടുങ്ങിയ നിലയില്‍ ചിലപ്പോള്‍ പിന്നെയതിനെ കണ്ട് ഞാന്‍ നെടുവീര്‍പ്പിടും . 
    കടന്നുപോയ കാലം അടുക്കിയിട്ട ജീവിതാനുഭവങ്ങളുടെ അട്ടികള്‍ വകഞ്ഞു മാറ്റി ഞാന്‍ പിന്നോക്കം സഞ്ചരിച്ചു . ഈടുവെപ്പില്‍ നിന്നും ചില അറിവുകള്‍ കണ്ടെടുക്കാന്‍ . 
    ആദ്യം പേപ്പര്‍ കോണോടുകോണ്‍ വച്ച് മടക്കി , അരിക് മുറിച്ചു മാറ്റി സമചതുരം തീര്‍ത്ത് മാറ്റിവച്ചു.
പിന്നെ ചീകി മിനുക്കിയ ഈര്‍ക്കില്‍ വളച്ചു കെട്ടി വില്ലൊരുക്കി . അത് പേപ്പറിന്റെ കോണോടുകോണ്‍ ഒട്ടിച്ചിരുത്തി. വില്ലിന്റെ നടുവിലൂടെ അതിനെ കുലച്ചു നിര്‍ത്തിയ ചരടിന് ലംബമായി മറ്റൊരു ഈര്‍ക്കിലിനെ   കോണോടുകോണ്‍ പതിച്ചു . പേപ്പര്‍  നീളത്തില്‍ ഒട്ടിച്ച് വാലുകളും  പിന്നെ ചിറകുകളും ഒരുക്കി കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മോന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. യഥാസ്ഥാനങ്ങളില്‍ നൂലിഴ അയച്ചു കെട്ടി അതിനെ ഞാന്‍ സന്നദ്ധമാക്കി . അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍   ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു . 
    കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഇത്തിരിയുള്ള ആ തൊടിയുടെ ഭൂമികയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ആ പട്ടം കാറ്റിനോട്‌ സല്ലപിക്കുന്നത്‌ കണ്ടു. 
     ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി . 
     ഒട്ടും പിടി തരാതെ പണി മുടക്കിക്കിടന്ന ഒരു യന്ത്രത്തെ നാളുകളുടെ അശ്രാന്തപരിശ്രമത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം ... അഭിമാനം .. എനിക്ക് അപ്പോള്‍ തോന്നി . 
 
(*കണ്ടി - ഒരു ചുറ്റ് നൂലിന്റെ അളവ് - വണ്ടി എന്നും പറയും ) 
                

Wednesday, October 31, 2012

ഗോവയില്‍ ഒരു പുതിയ ലൈബ്രറി

              കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഒരു  ഫോണ്‍കാള്‍  വന്നു. അതാണ്‌  കണക്കൂര്‍ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതുവാന്‍ കാരണം . 

               വായനശാലകളുടെയും   ഗ്രന്ഥശാലകളുടെയും  കാലം  കഴിഞ്ഞുവോ ? കഴിഞ്ഞു പത്തുവര്‍ഷമായി ഒരു ബഹുഭാഷാ  ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു  വ്യക്തി എന്ന നിലയില്‍ തോന്നുന്ന ഒരു കാര്യം ആണ് ഇത് . പണ്ട് , നാട്ടില്‍ വായനശാലകളോട് ബന്ധപ്പെട്ട് നിലനിന്ന കൂട്ടായ്മകളില്‍  ചേര്‍ന്ന്  പല സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഓര്‍മ്മയുണ്ട് . ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ വായനശാലകളില്‍ നടന്നെത്താറുണ്ട് . പലപ്പോഴും ചിറകൊടിഞ്ഞ പക്ഷികളെ പോലെ കുറച്ച് പത്രങ്ങളും പിന്നെ ഉത്സവനോട്ടീസുകളും പരന്നുകിടക്കുന്നത് കാണാം. ലൈബ്രറികള്‍ പലപ്പോഴും തുറക്കാറില്ല എന്നറിഞ്ഞു .  ചിലപ്പോള്‍  ചില വയസ്സുചെന്നവര്‍ അവിടെ ഇടയില്‍ കയറിയിറങ്ങിയാല്‍ ആയി .  മുംബൈ മാട്ടുങ്ക സമാജത്തിന്റെ ലൈബ്രറിയില്‍ രണ്ടുവര്‍ഷം മുന്‍പ്  ചെന്നപ്പോള്‍ അത് തുറക്കാറില്ല എന്നറിഞ്ഞു. മുംബൈക്കവി   ശ്രീ സന്തോഷ്‌ പല്ലശനയും കൂട്ടരും അത് പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടു. പിന്നെ എന്തായി എന്നറിയില്ല.  
        അംഗങ്ങള്‍ കുറഞ്ഞുവരുന്നു , പുസ്തകങ്ങളുടെ വില വര്‍ദ്ധിച്ചു, നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടിവരുന്നു    എന്നതൊക്കെ കൂടാതെ   വായനക്കാര്‍ കുറയുന്നതും  ഇന്ന് വലിയ പ്രശ്നമായി തീര്‍ന്നിരിക്കുന്നു . പക്ഷെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി എന്നാണ്. ഇതിനുകാരണം എന്താണ് ? വ്യക്തിപരമായ പുസ്തക ശേഖരങ്ങള്‍ കൂടുന്നുണ്ട്  എന്നത് ശരിയാണ് . ഇന്ന് ഓണ്‍ലയിന്‍ സ്റ്റോറുകള്‍ ധാരാളം ഉണ്ട് . ഒറ്റ ക്ലിക്കില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ കുരിയറില്‍ കൂടെ നമ്മുടെ  വീട്ടില്‍ എത്തുന്നു . വായിച്ചില്ലെങ്കിലും കുറെ പുസ്തകങ്ങള്‍ മുന്മുറിയില്‍ ഷെല്‍ഫില്‍ അടുക്കി നിരത്തുന്നത് നവലോകജാടയുടെ ഒരു രീതിയായി മാറുന്നു . ഷെല്‍ഫില്‍ ഇരിക്കുന്ന അഴിക്കോട് മാഷിന്റെ തത്ത്വമസി എങ്ങനെയുണ്ട്  എന്ന് ചോദിച്ചപ്പോള്‍  "അത്  വായിക്കാന്‍ അല്ല , വെറുതെ ഭംഗിക്ക് വച്ചതാണ് " എന്ന്  ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മ്മയുണ്ട് . ഇ - മാധ്യമങ്ങളില്‍  കൂടിയുള്ള  വായന ഏറിവന്നതും ഗ്രന്ഥശാലകളിലെ തിരക്ക് കുറയുവാന്‍ മറ്റൊരു കാരണം ആകാം. ഇന്ന്  വളരെ അധികം പുസ്തകങ്ങള്‍ ഒരു ചിപ്പില്‍ ഒതുക്കാവുന്ന  ഈ -ബുക്ക്‌ റീഡറുകള്‍ മാര്‍കറ്റില്‍ ഉണ്ടല്ലോ ? 
 
 
                  പക്ഷെ, കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഫോണ്‍കാള്‍  എന്നെ ശരിക്കും അതിശയിപ്പിച്ചു . അവര്‍ അവിടെ പുതിയ ഒരു ഗ്രന്ഥശാല തുടങ്ങുന്നു !  ഈ 24 നു അതിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചതാണ് . വിജയദശമി .. നല്ല ദിവസം . എത്താമെന്ന് സസന്തോഷം പറഞ്ഞു . ഒരുവര്‍ഷം മുന്‍പ് അവര്‍ ഒരുക്കിയ ഒരു വേദിയില്‍ സംസാരിക്കവേ ലൈബ്രറി തുടങ്ങുന്ന കാര്യം പരാമര്‍ശിച്ചതാണ് .  ഇതാ ഇപ്പോള്‍  അത്  സത്യമായി തീര്‍ന്നു !  മുംബൈയിലും കാര്‍വാറിലുമായി പ്രവാസജീവിതം നയിക്കുന്ന ശ്രീ  ഓമനകുട്ടന്‍ നെടുമുടിയും കൂടെവന്നു. അവിടെ ചെന്നപ്പോള്‍ കണ്ടതോ ?മുന്നൂറോളം മലയാള പുസ്തകങ്ങള്‍  മനോഹരമായ ചില്ലുകൂട്ടില്‍ നിരത്തിയ കാഴ്ച.  ഒരു ലക്ഷത്തോളം രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ അത്രയും ഗോവയില്‍ താമസിക്കുന്ന  മലയാളിയായ  ശ്രീമാന്‍ തോമസ്‌ കോരുത് എന്ന ഒരു മഹത് വ്യക്തിയുടെ സംഭാവന യാണ് എന്നറിഞ്ഞു . ആ നല്ല മനസ്സിന്  ഹൃദയം നിറഞ്ഞ നന്ദി . പല ലൈബ്രറികളിലും പുസ്തകങ്ങള്‍ മാറാലയില്‍ ഒതുങ്ങുമ്പോള്‍ ഇവിടെ നവ ജീവനുമായി ഒരു പുതുലൈബ്രറി ഒരുങ്ങുന്നു . ആ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ കഴിഞ്ഞതില്‍  വളരെ സന്തോഷം തോന്നി .ആ ചടങ്ങില്‍  ഓമനകുട്ടന്‍  ഒരു കവിത മനോഹരമായി ചൊല്ലി. . ഈ പ്രസ്ഥാനത്തിന് ഒരു മലയാളിയെ എങ്കിലും വായനയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെ . കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ . കൂടാതെ ആ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയും  .

Friday, October 5, 2012

വഴി തെറ്റി വരുന്നവര്‍ക്ക് മാത്രം


'ഒരുനാള്‍  തിരികെ വരും' എന്നുപറഞ്ഞായിരുന്നത്രേ  അയാള്‍ പോയത് !?   ചെറുവഴിയിലൂടെ മലയിറങ്ങി  അയാള്‍ നടന്നകലുന്നത് കാര്‍ത്തു നോക്കിനിന്നു കാണും . ഇനി അയാള്‍ തിരികെവരില്ല എന്നവള്‍ക്ക്  അന്ന് തോന്നിയിട്ടുണ്ടാവും. 
അങ്ങനെ എത്രപേര്‍ ! 
പാറയുടെ മുകളിലെ പരപ്പില്‍ കയറിനിന്നാല്‍ ദൂരെ ക്ഷേത്രം കാണാം . 
പാവനമായ സന്നിധി . ദൂരെനാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരുന്നയിടം. പലരും വന്‍മല കയറും. മുകളിലെ ഗുഹയില്‍ പണ്ടൊരു മഹാമുനി തപസ്സിരുന്നു പോലും. 
തിരികെ മലയിറങ്ങുന്നവര്‍ക്ക്  ചിലപ്പോള്‍ വഴി തെറ്റാം  . ചിലര്‍ കറങ്ങിത്തിരിഞ്ഞ് കാര്‍ത്തുവിന്റെ കുടിക്ക് മുന്നിലെത്തും . 
അപ്പോള്‍ നേരം  ഒരുപാട് വൈകിയിരിക്കുമല്ലോ ?
അവള്‍ അവര്‍ക്ക് അടിവാരത്തേക്കുള്ള    വഴി പറഞ്ഞുകൊടുക്കും . 
ചിലര്‍ ഒറ്റക്കായിരിക്കും . അവര്‍ ഇരുട്ടിനെ പകച്ചുനോക്കുമ്പോള്‍ കാര്‍ത്തു പറയും. 
"ഇവ്ടെ കെടന്നിട്ട്‌ നാളെ പൊലരുമ്പോ  പോകാം ... " 
കാര്‍ത്തു അയാള്‍ക്ക്‌ മുളയരിക്കഞ്ഞി കൊടുക്കും . ചിലപ്പോള്‍ ചക്കപ്പുഴുക്ക് ... ചിലനാള്‍ അമ്പഴങ്ങാച്ചമ്മന്തി കാണും . ആഗതന്‍ സന്തോഷത്തോടെ അവ ഭക്ഷിക്കും . 
കാടിന്റെ മണമുള്ള ആ ഒറ്റമുറിക്കുടിലില്‍  അയാള്‍ ആ രാത്രി കൂടും. 
മടങ്ങുമ്പോള്‍  ചിലപ്പോള്‍ ഒരുതുക അവള്‍ക്ക് നന്ദിയോടെ നല്‍കിയെന്നും വരും .   
ഇതിപ്പോള്‍ വഴി തെറ്റാതെ ഒരാള്‍ ! കാര്‍ത്തുവിന്റെ വീട് തേടിവന്ന ഒരാള്‍ ! 

"മിക്കപ്പോഴും  ആ രാത്രി  മനസ്സില്‍ തെളിയുന്നു .  ശ്രമിച്ചിട്ടും  മറക്കാന്‍ കഴിയുന്നില്ല നിന്നെയും ഈ കുടിയേയും ."  അയാള്‍  ആവേശത്തോടെ തുടര്‍ന്നു- " പട്ടണം തീരെ  മടുത്തു.  ഇനിയുള്ള കാലം  ഇവിടെ നിന്റെകൂടെ കൂടണം എന്ന് തീരുമാനിച്ചു. "
അവള്‍ അയാളെ തുറിച്ചു നോക്കി .   
കാറ്റ് വല്ലാതെ കാടിളക്കി  മൂളുന്നു . കാട് എന്തോ വിളിച്ചു പറയുന്നുണ്ട് . 
"വേണ്ട ..തിര്യെ  പൊയ്ക്കോളൂ " - അവള്‍ മെല്ലെ തുടര്‍ന്നു :  "ഇവ്ടെ  താമസ്സിക്കാന്‍ പറ്റില്ല ...... അത് ശരിയാവില്ല .."
കാര്‍ത്തു അയാള്‍ക്ക്‌ മുന്നില്‍ വാതില്‍ അടച്ചു . അയാള്‍ പരാജിതനെ പോലെ തന്റെ    വിഴുപ്പുനിറഞ്ഞ ബാഗും ചുമന്ന്  കാടിറങ്ങി. 

 വഴിതെറ്റി വരുന്നവരെ കാത്ത്... അവര്‍ക്ക് മാത്രമായി  പിന്നെയും അവള്‍ ഇരുന്നു . 

-----------------------------------------------------------------a kanakkoor story-------

Tuesday, September 18, 2012

തോവാളപ്പൂക്കള്‍


തോവാളപ്പൂക്കള്‍ 
നമ്പി മലയിലേക്കുള്ള യാത്രാവഴിയില്‍ തോവാളയില്‍ ഒന്ന് നിന്നു. തോവാളപ്പൂക്കള്‍ പ്രസിദ്ധമാണല്ലോ ? വഴിയില്‍ ഒരു വയസ്സ് ചെന്ന അമ്മച്ചിയോട്‌ പൂന്തോട്ടം എവിടെ എന്ന് തിരക്കി. "ഒന്നുമേയില്ല ... വയലൊക്കെ നാടായി.. വീടായി ... ഇവിടെ ചന്ത മാത്രം ..."  
സുഹൃത്ത്‌ ഗിരീഷിന്റെ കാര്‍ റോഡരികില്‍ ഒതുക്കി  പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചന്തയിലേക്ക് നടന്നു .
ശരിയാണ്. തോവാളയില്‍ കൃഷി കുറവാണ്. മുല്ലയും പിച്ചിയും കനകാംബരവും  മാത്രം ചെറിയ തോതില്‍ കൃഷി ചെയ്യുന്നു . ഈ മേഖലയിലെ വരണ്ട കാലാവസ്ഥ പൂകൃഷിക്ക്  അനുയോജ്യം  .മറ്റു പൂക്കള്‍ എല്ലാം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നതാണ്. 
തോവാള  പൂച്ചന്ത
 നേരം പുലര്‍ന്നു വരുന്നതേയുള്ളൂ    .  പക്ഷെ പൂച്ചന്തയില്‍ വലിയ തിരക്ക്.  
പൂക്കച്ചവടക്കാരന്‍ വിശ്വനാഥനോട്   ചില വിവരങ്ങള്‍ തിരക്കി  കന്യാകുമാരി ജില്ലയിലാണ് തോവാള . എങ്കിലും തിരുനല്‍വേലി ജില്ലയിലെ നങ്ക്നേരി , രാധാപുരം താലൂക്കുകളില്‍ നിന്നാണ് നല്ല ഭാഗം പൂക്കള്‍ വരുന്നത് . കൂടാതെ മധുരയില്‍ നിന്നു തുടങ്ങി തമിഴ്നാടിന്റെ പല ഭാഗത്തുനിന്നും പൂക്കള്‍ ഈ ചെറിയ ചന്തയില്‍ എത്തുന്നു . രാവിലെ അഞ്ചു മണി മുതല്‍ മാര്‍ക്കറ്റു തുടങ്ങും. അത് പകല്‍ പത്തു പതിനൊന്നുമണി വരെ പോകും. ഇവിടെ നിന്നും പൂക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപെടുന്നു. ഗള്‍ഫ്‌ മേഖലയിലേക്കും ഇവിടെ നിന്നും പൂക്കള്‍ പോകുന്നുണ്ട്. കേരളത്തിലേക്ക് വരുന്ന പൂക്കളില്‍ നല്ല ഭാഗവും തോവാളയില്‍ നിന്നാണ് . 
ഒരാളോട് വില തിരക്കി. അരളി ഒരു കൂടക്ക് മുപ്പതു രൂപ . റോസാപ്പൂ കിലോക്ക് നൂറ്റിയമ്പത് ... പിച്ചി പാക്കറ്റിന് ഇരുപത്തിയഞ്ച്  ! കനകാംബരം.. മുല്ല ..ചെണ്ടുമുല്ല .. താമരപ്പൂ .... ചെമ്മന്തി  (ജമന്തി ? ) അങ്ങനെ എത്രയോ തരം പൂക്കള്‍ .. കൂടാതെ താമര ഇലകള്‍ വില്‍പ്പനക്ക് ഉണ്ട്. മാല കെട്ടാനുള്ള നാരും.

വിശ്വനാഥന്‍

താമരപ്പൂക്കള്‍  വില്‍പ്പനക്ക് 
  ഒരുവശത്ത് മാല കെട്ടുന്നവര്‍ ഇരിക്കുന്നു. എത്ര വേഗമാണ് അവള്‍ ഭംഗിയുള്ള മാല തീര്‍ക്കുന്നത് ! 
ഇവിടെയും ഇടനിലക്കാര്‍ ഉണ്ട് എന്ന് തോന്നി. അപ്പോള്‍ ചൂഷണവും കാണും .  പല മുഖങ്ങളിലും ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ തീര്‍ത്ത വടുക്കള്‍ കാണാം. അകലെ നഗരത്തില്‍ പൂക്കടയില്‍   വിപ്പനക്ക് ഈ പൂക്കള്‍ എത്തുമ്പോള്‍ ഏതെല്ലാം വഴികളാണ്  അവ താണ്ടുന്നത്  ! പവിത്രമായ വിഗ്രഹങ്ങളിലും വലിപ്പം നടിക്കുന്ന രാഷ്ട്രീയക്കാരനിലും എന്നുവേണ്ട ശവമഞ്ചങ്ങളില്‍ വരെ അവ ഒടുക്കം എത്തിച്ചേരുന്നു .    
പൂക്കൂമ്പാരങ്ങള്‍ക്കിടയില്‍   
തമിഴ്നാട് സര്‍ക്കാര്‍ ഒരു ശീതീകരണ ശാല ഈ മേഖലയിലെ പൂക്കച്ചവടത്തെ   പോഷിപ്പിക്കുവാന്‍ വാഗ്ദാനം നല്‍കി. പക്ഷ വൈദ്യുതി ക്ഷാമം രൂക്ഷം . ഇവിടെനിന്നും അധിക ദൂരത്തല്ല അടുത്തുതന്നെ പ്രവര്‍ത്തനം തുടങ്ങുവാന്‍ പോകുന്ന കൂടംകുളം  ആണവനിലയം.  നിലയം ഇവിടെ  വന്നതില്‍ പിന്നെ ഈ മേഖല കാര്യമായി പുരോഗമിച്ചു. ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു.   ഇനി  വൈദ്യുതി ക്ഷാമം കൂടി തീരുന്ന ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു നാട്ടുകാര്‍ . 
( ക്യാമറ -  Nikon Coolpix L10)
-----------------------------------സ്നേഹപൂര്‍വ്വം കണക്കൂര്‍  

Wednesday, September 5, 2012

വിളംബരം (മിനിക്കഥ)


അമ്പലക്കുളങ്ങര അമ്മൂട്ടി, ഒരുച്ചയ്ക്ക് മുന്‍പുള്ള സമയം, കവലയുടെ ഒത്തനടുവില്‍ നിവര്‍ന്നുനിന്ന്  ആവുന്നത്ര ഉറക്കെ പറഞ്ഞു:-
"ഇനിമൊതല്  ഞാന്‍  കെട്ടിയോളുമാര് ഉള്ള ഒരുത്തനും കതവ് തൊറന്നു തരില്ല. അല്ലാത്തവര്‍ മാത്രം വന്നോളിന്‍ ...    ഇനി മൊതല്   ന്റെ കതകില്  കെട്ടുകഴിഞ്ഞ  ആരെങ്കിലും മുട്ടിയെന്നാല് ന്റെ സൊപാവം മാറും..എല്ലാരും ശരിക്ക്  കേട്ടോളിന്‍ ..... "
 
ഇലക്ട്രിക് പോസ്റ്റില്‍ എവിടെനിന്നോ കൊത്തിക്കൊണ്ടുവന്ന  മീന്തലയുമായി ഇരുന്ന ഒരു പഴഞ്ചന്‍  കാക്ക അത് കേട്ട് വായ  പൊളിച്ചു . നാണൂന്റെ കടേലെ വക്കുപൊട്ടിയ  കുപ്പിഭരണികള്‍  അതുകേട്ടു കുലുങ്ങി.  ബേക്കറീല്  ഇരുന്നുപഴകിയ   മധുര കൂട്ടുകളില്‍ അരിച്ചിരുന്ന   ഈച്ചകളും അതുകേട്ടു. വറീതിന്റെ   മുറുക്കാന്‍ കടയില്‍ ഉറക്കം തൂങ്ങിയിരുന്ന ബീഡി  പാക്കറ്റുകള്‍  അത് കേട്ട് ഞെട്ടി.  വിറ്റു പോകാതെ കിടന്ന ചൈനീസ്   അചേതന വസ്തുവകകള്‍ ...നിരത്തുവക്കില്‍ ഒഴിഞ്ഞു കിടന്ന മദ്യക്കുപ്പികള്‍ ...എന്നുവേണ്ട ..കടയായ കടകളില്‍ വാങ്ങുവാന്‍ വരുന്നവരെ കാത്തുകിടന്ന്  മടുത്ത  സര്‍വ്വ സാമാനങ്ങളും ആ  വിളംബരം  കേട്ടു. 

നാളെ മുതല്‍ നാട്ടിലെ പിഴച്ചവരും മുതുക്കരും മുഴച്ചവരുമായ  കെട്ടിയോന്മാര്‍   എന്തുചെയ്യും ? 
വിവരം അറിഞ്ഞ സ്ഥിരം പറ്റുകാര്‍  മൂക്കത്ത് വിരല്‍ ചേര്‍ത്ത്  ''അയ്യോ'' എന്ന് പറഞ്ഞു. 
 "ന്നാലും ന്റെ അമ്മൂട്ടി.. നീ ഇത്രവേഗം പറ്റിച്ചല്ലോ " എന്ന് ചിലര്‍ ഖേദിച്ചു . 
 
രാത്രി. 
അമ്പലക്കുളങ്ങര അമ്മൂട്ടിയുടെ വാതില്‍ അടഞ്ഞുതന്നെ കിടന്നു.
പിന്നെല്ലാ രാത്രികളിലും ...
ഇപ്പോള്‍  ചെറുപ്പക്കാര്‍ക്ക്  കവിത എഴുതിയാണ് രതിമൂര്‍ച്ച വരുന്നതത്രേ ! 
 
--------------------------------------------------------a mini story from kanakkoor

Thursday, August 30, 2012

വയറ്റില്‍ ഒരു എലി (മിനിക്കഥ)


ഒരു പാവം വീട്ടമ്മയെ തെരുവിലിട്ട് ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ ബലാല്‍സംഗം ചെയ്തു. വേട്ടയുടെ ഒടുവില്‍ ഇര ഒരു ഞരക്കത്തോടെ തോറ്റ്  അവസാനിച്ചിരുന്നു .
ഇതൊന്നും അറിയാതെ തകരപ്പുരയുടെ ചുവരിലെ വിടവിലൂടെ , അപ്പുറത്ത്  ഭ്രാന്തമായ ആവേശം പൂണ്ട് ഒഴുകുന്ന തെരുവിലേക്ക് ഉറ്റുനോക്കി ഇരിക്കുകയായിരുന്നു  മനസ്സ് കലങ്ങിമറിഞ്ഞ  ആങ്ങളയും പെങ്ങളും. 
ഏതു നിമിഷവും ആ തെരുവ് വിട്ട് തങ്ങളുടെ അമ്മ കടന്നുവരും എന്ന് കരുതി ഒരു ഇരുപ്പ് ! 
ആങ്ങള പതിനാലു വയസ്സുള്ള ഒരു കുട്ടി. 
പാകമില്ലാത്ത വലിയ ഒരു നിക്കര്‍ . എണ്ണ കാണാത്ത മുടി പലവഴി തെറ്റിക്കിടക്കുന്നു .
പെങ്ങള്‍ പതിനാറു വയസ്സ്. അവളുടെ ഒട്ടും വളര്‍ച്ച പിടിക്കാത്ത മുലകള്‍  വസ്ത്രങ്ങളാല്‍ മറഞ്ഞിട്ടില്ല ! 
ചിലമ്പിച്ച സ്വരത്തില്‍ അവന്‍ അവളോട്‌ പറഞ്ഞു :- "ചേച്ചി .... എന്റെ വയറിനുള്ളി ഒരെലി ഇന്നും കേറിപ്പോയി ..."
അവള്‍ അവന്റെ വയറ്റില്‍ ഉറ്റുനോക്കി അല്‍പനേരം ഇരുന്നു . പിന്നെ തെരുവിലേക്ക് ആശയോടെ നോക്കി . "നീ കര്യാതെ.. അമ്മ ഇപ്പ വരും "
കുറച്ചു കഴിഞ്ഞു. അവന്‍ പിന്നെയും കരഞ്ഞു.
"അയ്യോ ... എലി വയറ്റീന്നു മാന്തുന്നു ... ഡോട്ടരെ വിളീര് "
പാവം ചേച്ചി. പുറത്തുനിന്നും പൂട്ടിയിരുന്ന കതവ് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു .     അവന്‍ പിന്നെയും കരഞ്ഞു കൊണ്ടിരുന്നു . 
"നീ പേടിക്കണ്ട . എലിയെ ഞാന്‍ വയറു മുറിച്ച് വെളിയില്‍ എടുക്കാം ..."  അവള്‍ പറഞ്ഞത് കേട്ട് അവന്‍ തല കുലുക്കി . 
അടുക്കളയിലെ കത്തിക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. രക്തം വല്ലാതെ ഒഴുകുന്നതിനാല്‍ വയറിനുള്ളില്‍ പതുങ്ങിയിരുന്ന എലിയെ പിടിക്കുവാന്‍ ആ പെങ്ങള്‍ക്ക് കഴിഞ്ഞില്ല . 
വേദന കടിച്ചു പിടിച്ച് കിടന്ന ആങ്ങള  ഉറങ്ങിപ്പോയി. 
പിന്നെപ്പോഴോ ഒരു താക്കോല്‍ പഴുതിലൂടെ അവള്‍ പുറത്തിറങ്ങി . 
തെരുവിലൂടെ നടന്നുനടന്ന് അങ്ങനെ ...
ഭ്രാന്തമായ ആവേശത്തോടെ ഒഴുകുന്ന തെരുവിലൂടെ അങ്ങനെ ...
നടന്നു നടന്ന്...
ഇടയില്‍ എപ്പോഴെന്നറിയില്ല , ഒരെലി അവളുടെ ഉദരത്തിലും കടന്നുപറ്റി .


-a story from കണക്കൂര്‍ 
    

Saturday, August 4, 2012

ചവിട്ടിയരക്കപ്പെട്ട ഒരു പൂമൊട്ടിന്


 ഒരു ചെറു നിലവിളിയെങ്കിലും കൊണ്ട്  
ചെറുക്കുവാന്‍ കഴിഞ്ഞതില്ല .....  കുഞ്ഞല്ലേയവള്‍  !
കരുതില്‍    ആയിരം ജന്മങ്ങള്‍ , പ്രപഞ്ചം തന്നെ 
നാളെ  ചെറുവയറില്‍  ഗര്‍ഭമുള്‍ക്കൊള്ളേണ്ടവള്‍ .
അധികമറിയുന്നൊരാള്‍   വന്നടുത്തോമനിച്ച്  
  ചതിയിലാനയിക്കുമ്പോള്‍    തിരിച്ചറിഞ്ഞില്ലയവള്‍   !
ചതഞ്ഞരയുമ്പോള്‍ ജ്വലിച്ചാര്‍ത്ത  കാമാഗ്നിയില്‍ 
പതറിവീണയാ ബാല്യത്തിന്‍ നിസ്സഹായത.
അരികിലോമനിച്ചടുത്തിരുത്തേണ്ട  കരങ്ങള്‍
ഉരിഞ്ഞെടുത്തുടുപ്പ്  ഹരമേറിയേറിവന്നു....
സുര പെരുകിയ ദേഹി.. ലഹരിയേറ്റും   മരുന്ന്
 ഞരമ്പില്‍ സമൂഹത്തിന്‍ ജനിതക തെറ്റുമാകാം  
മനസ്സിലുണര്‍ന്നുയര്‍ന്ന  വന്‍മൃഗതൃഷ്ണയാലീ
 മനുരൂപം വെടിഞ്ഞവനേ.......   മകളല്ലേയവള്‍ ?
കനവുമുറിച്ചുണര്‍ത്തിയ    ഭൂതമുഖം മുന്നില്‍ !
 അനല്പശക്തികണ്ടകന്നു പോയതാവാം ബോധം .
ധരണിയിലടന്നമര്‍ന്ന  ചെറുപൂമൊട്ടേ  
കരയാന്‍ നിന്നിലിനിയില്ലയൊരിറ്റു  കണ്ണുനീരും !
മരണരഥമേറി പറന്നകന്ന നിന്നില്‍
ചൊരിഞ്ഞ കാമത്തിന്‍ രസമെന്തറിഞ്ഞയാള്‍ ?

Tuesday, July 17, 2012

എന്റെ കാടനുഭവങ്ങള്‍


"കാടില്ലാത്ത ജില്ല ? " ക്വിസ് മാസ്ടറുടെ ചോദ്യം.
 "ആലപ്പുഴ"
ആലപ്പുഴക്കാരന്‍ ആയ എനിക്ക് ഇതുകേള്‍ക്കുമ്പോള്‍  കൌതുകം തോന്നും. 
ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന കാടുകള്‍ വെറും കാവുകള്‍ മാത്രം ആയിരുന്നു എന്ന് പതിയെയാണ് മനസ്സിലായത്‌.. . . 
മുതുകുളത്തിന് അടുത്തുള്ള പാണൂര്‍കാവ് (പാണ്ഡവര്‍ കാവ്) സാമാന്യം വലിയ ഒരു കാവായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അവിടെ പോകുന്നത്   നല്ല ഓര്‍മയുണ്ട്. അതുപോലെ വണ്ടാനത്ത് നാഷണല്‍ ഹൈവേയുടെ  കിഴക്കുവശത്ത്‌ ഒരു വലിയ കാടുണ്ട്‌ . ഈയടുത് വിനയന്‍ സാര്‍  അദ്ദേഹത്തിന്റെ 'രക്തരക്ഷസ്' ചിത്രം ഈ  കാട്ടില്‍ ചിത്രീകരിച്ചു എന്ന് കേട്ടു.    എന്റെ വീടിനടുത്ത് ഇടശ്ശേരിമഠം വക സര്‍പ്പക്കാവില്‍  ഇലഞ്ഞിയും ചേരും കാഞ്ഞരവുമൊക്കെ  ചൂരല്‍ വള്ളികളാല്‍  ചുറ്റപ്പെട്ട്  ചെറിയ ഒരു കാട് തീര്‍ത്തിരുന്നു. അവിടെ നിന്നാണ് ചുണ്ണാമ്പുവള്ളി മുറിച്ചെടുത്ത്‌ ഞങ്ങള്‍ കുട്ടിക്കാലത്ത് ഊഞ്ഞാല്‍ കെട്ടിയത് .ഇതൊക്കെ വെറും കുട്ടിക്കാടുകള്‍ ആണെന്നും ശരിക്കും ഉള്ള കാടുകള്‍ വലിയ ഒരു സംഭവം ആണെന്നും  മനസ്സ് പതുക്കെ ഉറപ്പിച്ചു. 
കോന്നിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് വലിയ കാട് കണ്ടത്.    അത്  'തേക്ക്‌ പ്ലാന്റെഷന്‍ ' ആയിരുന്നു എന്ന് ആദ്യം മനസ്സിലായില്ല . വലിയ തേക്കുമരങ്ങള്‍ . ഇടയില്‍ വന്യമായ വിജനത. കാട്  മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന് അതിനിടെ നിറയെ മൃഗങ്ങള്‍ ഉള്ള ഒരു ഭൂമികയാണ് എന്ന് ഇടക്കെപ്പോഴോ ഒരു ധാരണ എന്നില്‍ ഉണ്ടായി.  നോട്ടുബുക്കില്‍ ചിത്രങ്ങള്‍ കോറിയിട്ടത്‌ അങ്ങിനെയാണ്. കുറെ മരങ്ങള്‍ . താഴെ മുയലുകളും മാനുകളും നിറഞ്ഞ ഇടം. മരത്തില്‍ പുലി. കുറച്ചുമാറി സിംഹവും ആനയും. ഇങ്ങനെ മൃഗങ്ങളുടെ ഒരു നിറസാന്നിധ്യം ആയിരുന്നു എനിക്ക് പിന്നെയും കുറച്ചുകാലം കാട്.  പിന്നെപ്പോഴോ തുടങ്ങിയ ശബരിമല യാത്രകള്‍ ആണ് കാടിനെ എന്നെ അടുത്തുകാട്ടിയത്. പക്ഷെ വനപാതയിലെ തിരക്കില്‍ അത് ശരിക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നതാണ് സത്യം.  

ആദ്യമായി കേരളം കടന്നത്‌ കല്പാക്കത്ത് ജോലിക്ക് ചേരുവാന്‍ ആയിരുന്നു. പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ അല്‍പ്പം കാട് കണ്ടു. തമിഴ്നാട് വാസക്കാലത്ത് പല ടൂറുകളും നടത്തി. പലതരം  കാടുകള്‍ . എങ്കിലും അവ ശുഷ്ക്കം ആയിരുന്നു.

പിന്നെ ജീവിതം കര്‍ണാടകയിലേക്ക് മാറി.  ആയിരത്തി അറുനൂറുകിലോമീറ്റര്‍ നീളം  വരുന്ന  പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ  നല്ല ഒരു ഭാഗം കൊങ്കണ്‍ മേഖല ഉള്‍ക്കൊള്ളുന്നു. ഇന്ത്യയിലെ രണ്ടാമത്തെ  വലിയ വെള്ളച്ചാട്ടമായ 'ജോഗ് ഫാള്‍സ് '  ഇവിടെ ഷിമോഗ ജില്ലയിലാണ്.   
ആദ്യമായി ട്രെക്കിങ്ങിനു പോയത് ഉടുപ്പി യൂത്ത് ഹോസ്റ്റെല്‍ സംഘടിപ്പിച്ച 'അകുമ്പേ' (Akumpe) ട്രെക്ക് ആണ്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്. നാല് ദിവസം കാട് അറിഞ്ഞുള്ള യാത്ര. കാറ്റില്‍ ടെന്റുകെട്ടി താമസം.    കാട് എന്തെന്ന സത്യം അന്നാണ് അറിഞ്ഞത്. വന്മരങ്ങള്‍ വെട്ടിമാറ്റിയ കുറ്റികള്‍ ആയിരുന്നു പല ഇടത്തിലും അവശേഷിച്ചത്.  കുരങ്ങ് അല്ലാത്ത മൃഗങ്ങളെ കണ്ടത് അത്യപൂര്‍വ്വം. തലങ്ങും വിലങ്ങും ജീപ്പ് പാതകള്‍ കണ്ടു.  വനപാലകര്‍ക്കൊപ്പം വനംകൊള്ളക്കാര്‍ക്കും ഉപയോഗിക്കുവാന്‍ ഉള്ള സൗകര്യം  ഒരുക്കുന്ന വഴികള്‍ ആണ് ഇവ  ! വര്‍ഷങ്ങള്‍ക്കു ശേഷം നീലഗിരി ട്രെക്കിങ്ങില്‍ ആ അഭിപ്രായം മാറി.   നീലഗിരി വനയാത്രയില്‍ രാത്രിയിലും പകലുമായി പല കാട്ടുമൃഗങ്ങളെ യും കണ്ടു. ബന്തിപൂര്‍ വഴിയുള്ള കാര്‍ യാത്രയില്‍ അനേകം പുള്ളിമാനുകളെയും ചില ആനകളെയും കാണാന്‍ കഴിഞ്ഞു.  ഒരുവട്ടം എന്റെ കൊച്ചു കാറില്‍ കാട്ടാനയുടെ മുന്നില്‍ പെട്ടുപോയതും ഓര്‍മ്മയുണ്ട്  . 

ഉത്തരകന്നടയിലെ വനങ്ങള്‍ സസ്യനിബിഡംആണ്. എനിക്ക്  പേരറിയാത്ത പല മരങ്ങളെയും ഇവിടെ  കണ്ടു.  മലയണ്ണാന്‍ ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത് . പലപ്പോഴും  നമ്മള്‍ ഇരിക്കുന്നിടത്തിനടുക്കല്‍ വരെ അവ   ചില്ലകള്‍ മാറിമാറി വന്നെത്തും . എന്നാല്‍ നമ്മുടെ ചെറിയ ചലനങ്ങള്‍ അവയെ ദൂരേക്ക്‌ തുരത്തും. വനയാത്രയില്‍ ക്യാമറ പലര്‍ക്കും ഒരു ആവേശം ആണ് . തങ്ങള്‍ കണ്ട കാഴ്ച്ചകള്‍ നാലുപേരെ കാണിച്ചാലേ അവര്‍ക്ക് സമാധാനം കിട്ടൂ. എന്റെ സുഹൃത്തും പക്ഷി നിരീക്ഷകനും ആയ രാജീവാണ് വിലപ്പെട്ട ആ ഉപദേശം തന്നത്. 'ഫോട്ടോഗ്രാഫിക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ മറ്റു പല വിശിഷ്ട്ട കാഴ്ച്ചകള്‍ നമുക്ക് നഷ്ട്ടപെടും.'  ഒരിക്കല്‍  ഏകനായി   നടത്തിയ വനയാത്രയില്‍ ഒരു പാറയുടെ അങ്ങേപ്പുറത്ത്‌ ചില വിചിത്രശബ്ദങ്ങള്‍ കേട്ടു.  വളരെ പതുക്കെ പാറയില്‍ കയറി മറുവശത്തേക്ക് കണ്ണ് പായിച്ചു. 
അപ്പോള്‍ കണ്ടത്  ഒരു അപൂര്‍വ്വ കാഴ്ച ! രണ്ടു മുള്ളന്‍പന്നികള്‍ ഇണ ചേരുന്നു. എന്റെ കയ്യില്‍ 300 mm എസ് എല്‍ ആര്‍ ക്യാമറയുണ്ട്. ഫോട്ടോഗ്രാഫിക്ക് ശ്രമിച്ചാല്‍ എന്റെ ചലനം അറിഞ്ഞ് അവ ഓടിമറയും. അതിനാല്‍ അതിനു ശ്രമിക്കാതെ അടങ്ങിയിരുന്നു. നമ്മുടെ മനസ്സ് തന്നെ ഒരു നല്ല ക്യാമറ ആണല്ലോ ?

 കാടിന്റെ വന്യതയാണ്‌ നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നത് . പക്ഷികളുടെ ഒരു മായികലോകം . പൊടുന്നനെ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു വലിയ കാഹളം മുഴങ്ങി എന്ന് വരാം. ഒരു ആണ്‍ മയില്‍  അതിന്റെ  സാന്നിദ്ധ്യം വിളിച്ചറിയിച്ചതാവും .  ഉത്തരകന്നടത്തിലെ കാടുകളില്‍ വേഴാമ്പലുകളുടെ എണ്ണം ഇപ്പോള്‍  കൂടിയിട്ടുണ്ട്. വന്‍ വൃക്ഷങ്ങളുടെ പോതുകളില്‍ ആണ് അവ മുട്ട വിരിയിക്കുന്നത് . വേഴാമ്പലുകളുടെ കൂട് തേടിയുള്ള യാത്രകള്‍ എല്ലായ്പ്പോഴും നിരാശയാണ് നല്‍കിയത് . അവ ഒരിക്കലും നേരെ ഇണ അടയിരിക്കുന്ന ഇടത്തേക്ക് പറന്നു ചെല്ലില്ല. ചുറ്റുമുള്ള പല മരങ്ങളിലും ചാടിച്ചാടി  നമ്മെ വട്ടം ചുറ്റിക്കും. കാട്ടില്‍ എന്നെ എന്നും ആകര്‍ഷിക്കുന്ന ഒരു കിളിയാണ് റാക്കറ്റ്  വാലന്‍  നാരായണക്കിളി . ഒരു നല്ല മിമിക്രി കലാകാരന്‍ ആണ് ഈ പക്ഷി. 
വെളുത്ത നീളന്‍വാലന്‍ പ്രാണിപിടിയന്‍ കിളി വളരെ സുന്ദരന്‍  ആണ് . തവിട്ടു നിറത്തിലും ഇവനെ കാണാം. അവന്റെ നെടുനീളന്‍ വാല്‍ ചില്ലകള്‍ക്കിടയിലൂടെ  ഒഴുകി പോകുന്നത് മനോഹര കാഴ്ച്ചയാണ് . കാട്ടുകോഴികള്‍ കാഴ്ചയില്‍  നാട്ടുകോഴിയെക്കാള്‍ ഭംഗി ഉള്ളവയാണ്. എന്നാല്‍  ആണ്‍മയിലുകള്‍ മിക്കതും ശുഷ്ക്കമായ വാലുകളോടെ കാണപ്പെട്ടു. ഉത്തരേന്ത്യയില്‍ അവ കാക്കകളെ പോലെ മനുഷ്യന്റെ  ഏറെ അടുത്ത് എത്തും. എന്നാല്‍ ഇവിടുള്ള മയിലുകള്‍ വലിയ നാണക്കാരാണ് . പാമ്പുകള്‍ ആണ് കാട്ടില്‍ പെട്ടെന്ന്  ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സാന്നിദ്ധ്യം . കാര്‍വാറിനു അടുത്ത് പലയിടത്തും രാജ വെമ്പാലയെ  കണ്ടത്തായി വാര്‍ത്തകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു ട്രെഞ്ചിലാണ് ഞാന്‍ ഈ മരണത്തിന്റെ രാജാവിനെ നേര്‍ക്കുനേര്‍  കണ്ടത്. 

കാര്‍വാറിലേക്കുള്ള തീവണ്ടി നിലയത്തിലേക്കുള്ള രാത്രിയാത്രകളില്‍ ധാരാളം  വന്യമൃഗങ്ങളെ  കാണാം. വാഹനത്തിന്റെ  വെളിച്ചത്തില്‍ അവയുടെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങും. മിക്കപ്പോഴും പുള്ളിപ്പുലികള്‍ . ചിലര്‍ കരിമ്പുലിയെ കണ്ടിട്ടുണ്ട് . ഒരു പകല്‍ യാത്രയില്‍ റോഡരികില്‍ ഒരു കലിങ്കില്‍ കയറി അനങ്ങാതെ ഇരിക്കുന്ന പുള്ളിപ്പുലിയെ കണ്ടു.  ഡ്രൈവര്‍ കുറച്ചു സമയം  ബസ്സ്‌ നിര്‍ത്തിയിട്ടു . അവന്‍ 'ഇതൊന്നും വലിയ കാര്യം അല്ല' എന്ന മട്ടില്‍ അനങ്ങാതെ കിടന്നു. ആ കാഴ്ച ഇന്നും മനസ്സില്‍ ഉണ്ട്. 
കാട് ഒരു വിശ്വാസം ആണ്. മനുഷ്യന്റെ മനസ്സിലും ഒരു കാട് ഉണ്ട്. കാടിന്റെ വലുപ്പമല്ല,  അതിന്റെ  ആഴമാണ് പ്രധാനം . അത് മറ്റെന്തിലും ഉപരിയായി നമ്മില്‍ ഉന്മേഷം നിറയ്ക്കും . ചിലപ്പോള്‍ ഏകനായി കാളി നദിയുടെ തീരത്ത്  കാട്ടില്‍ അലയുമ്പോള്‍ കാട് എന്തോ മന്ത്രിക്കുന്നത് കേള്‍ക്കാം . അത്  പണ്ടെങ്ങോ  കടന്നുപോയ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ   സ്മരണ അയവിറക്കുന്നുണ്ടാവും . വനത്തെയും  വനദേവകളെയും പൂജിച്ച ഒരു കാലം. കാട് തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ മാനിനും മയിലിനും ഒപ്പം മനുജനും ഉറങ്ങിയ കാലം ഉണ്ടായിരുന്നല്ലോ ? 


 ഈയിടെ ഒരു സുഹൃത്ത്‌ ചില പാഴ്മരങ്ങള്‍ ചൂണ്ടിക്കാട്ടി പറയുകയുണ്ടായി :-
"ഇവയൊക്കെ പറിച്ചുകളഞ്ഞിട്ട്  നമുക്ക് ആവിശ്യമുള്ള ഫലവൃക്ഷങ്ങളും  ഈട്ടിയും തേക്കും ഒക്കെ നട്ടിരുന്നെങ്കില്‍ എത്ര നന്നായി ?!"
ഇത് നമ്മുടെ പൊതുസ്വഭാവം ആണ്  - നമുക്ക് (മനുഷ്യന്) ഗുണപരമായത് മാത്രം നില നിര്‍ത്തുക എന്നത് .  പ്രകൃതിയില്‍ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനം ഉണ്ട്  എന്ന കാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. ഒരു ചെറിയ പുല്‍ച്ചെടിക്കും  കാണും ഈ ലോകത്തില്‍ അതിന്റേതായ സ്ഥാനം . അത് നിഷേധിക്കുവാന്‍ നമുക്ക് എന്തവകാശം ? എങ്കിലും മനുഷ്യന്റെ വികാസത്തിന് ഒത്ത് വനസ്ഥലികള്‍ ചുരുങ്ങിവരുന്നു.
 കുറച്ചുകഴിയുമ്പോള്‍ എനിക്ക് ചിലപ്പോള്‍  പറയുവാന്‍ ആകും - ആലപ്പുഴയിലെ മരക്കൂട്ടങ്ങളും ഗരിമയുള്ള വനങ്ങള്‍ ആണ് എന്ന്.    അവയെങ്കിലും  അവശേഷിച്ചാല്‍ മാത്രം  .  


----------------#-------------  

Monday, June 18, 2012

അവസാനത്തെ തുരുത്ത്

      റോഡരികില്‍   പുല്‍പ്പരപ്പില്‍   ഇറക്കി വണ്ടി  പാര്‍ക്ക് ചെയ്തു .
                      അവിടെ ഉറക്കം തൂങ്ങിനില്‍ക്കുന്ന , പാതി  ദ്രവിച്ച  ആ മാവിന്റെ താഴെ  പഴയ   മാടക്കടയുടെ  അവശിഷ്ട്ടങ്ങള്‍  എന്നില്‍  പഞ്ചാരമിട്ടായിയുടെ ഓര്‍മ്മകള്‍  ഉണര്‍ത്തി .
ഇവിടെ നിന്നാണ്  സോമരാജന്‍  എന്ന സുഹൃത്ത്‌  പണ്ടൊരിക്കല്‍ '  ഫല്‍ഗോവ  ' എന്ന ഒരു  രുചിസാഗരം  വാങ്ങിത്തന്നത് . മുഖര്‍ജി  എന്ന കടക്കാരന്‍ വഴുവഴുപ്പുള്ള  ഒരുകഷണം  ഫല്‍ഗോവ  വൃത്തിയോടെ  മുറിച്ച് ഒരു ഇലക്കീറില്‍ വച്ചുതരുവായിരുന്നു . അയാളുടെ പേരുപോലെ ആ മുഖവും എനിക്ക് പുതുമയായിരുന്നു . കാണുമ്പോളെല്ലാം    അയാള്‍ തര്‍ജ്ജിമ ചെയ്ത ചില സോവിയറ്റ് യൂണിയന്‍ പുസ്തകങ്ങളില്‍  മുഴുകി ഇരിക്കുകയായിരിക്കും. 
                നീലനിറം  പച്ചയുമായി  ഇഴുകിചെരുന്നത് എവിടെയാണ് ? ഈ ചോദ്യം എന്നോട് തന്നെ ചോദിച്ച്  ഞാന്‍ കുഴങ്ങി. ദൂരെ  പച്ചപ്പുകളില്‍ ഒളിപ്പിച്ച തീവണ്ടിപ്പാതയിലൂടെ    ഒരു ചരക്കുവണ്ടി  താങ്ങാവുന്നതില്‍ ഏറെ ഭാരവുമായി കടന്നു പോയി. എനിക്ക് പോകേണ്ട ഒറ്റയടിപ്പാതയിലൂടെ  ഞാനും ഒറ്റ ബോഗിയുള്ള വണ്ടിയെ പോലെ നടന്നു നീങ്ങുകയാണ്. 
               ഇടയ്ക്കു മൊബൈല്‍ ഫോണ്‍ എടുത്തുനോക്കുന്നത് ഒരു പുതിയ ശീലം ആയിട്ടുണ്ട് . അതിശയം !   റയിഞ്ച് ഉണ്ട്.  കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍  മൊബയിലിന്റെ കാണാവലകള്‍ എത്തിനോക്കിയിട്ടില്ലാത്ത ഒരു സ്ഥലം ആയിരുന്നു ഇത്. 
              'ഇത്'  എന്നാല്‍ സോമരാജന്‍ എന്ന സുഹൃത്തിന്റെ നാട് . വയലുകളും പോളക്കുങ്ങളും തോടുകളും  വരമ്പുകളും  ഇടയിട്ട നീല നിറം പച്ചയുമായി ഇഴുകിച്ചേര്‍ന്ന ഒരു തുരുത്ത്.
ഈവഴി വരുമ്പോള്‍ എപ്പോഴും   ചേമ്പിലക്കാടുകളിലേക്ക്  ഒരു കുളക്കോഴി ഊളയിട്ടു മറയും. അവള്‍ക്കു മാത്രം ഇക്കണ്ട കാലമായി ഒരു മാറ്റവും ഇല്ല. തന്റെ നാരുപോലുള്ള കാലുകള്‍ ചലിപ്പിച്ചുകൊണ്ട്‌  അവള്‍ ഓടി മറയുന്നത് ചെമ്പിലക്കാടുകളിലെ  ഏതോ രഹസ്യത്തിലെക്കാണ് .
          പച്ചവിരിപ്പില്‍  പൊട്ടുകള്‍ പോലെ അനേകം ദേശാടന പക്ഷികള്‍ . അവ ദൂരെ ഏതോ ദേശത്തുനിന്നും  മൈലുകള്‍ താണ്ടി എല്ലാവര്‍ഷവും ഈ തുരുത്തില്‍ എത്തുമെന്ന്  ഒരിക്കല്‍ സോമരാജന്‍  പറഞ്ഞതാണ് . തലമുറകള്‍ ആയി അവര്‍ ആ പതിവ് തുടരുന്നു. 
അവയുടെ തലച്ചോറില്‍  ഒളിപ്പിച്ച ഏതു കാന്തമാണ്  വഴി തെറ്റാതെ അവയെ ഈ തുരുത്തില്‍ എത്തിക്കുന്നത് !? ആര്‍ക്കറിയാം !  ആ വഴി നടക്കുമ്പോള്‍ ചിലപ്പോളൊക്കെ ഒരു നീര്‍ക്കോലി വരമ്പില്‍ നിന്ന് കൈതമറയത്തേക്ക്   പാഞ്ഞുപോയി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് .  
                തുരുത്തില്‍ ഒരു ആശ്രമം പോലെ തോന്നിപ്പിക്കാറുള്ള സോമരാജന്റെ വീട്.  അവിടെ  അവന്റെ ഭാര്യ ദേവികയും 'മാളു' എന്ന മോളും.    രണ്ടു മുറിയും ഒരു അടുക്കളയും  മാത്രമേ ഉള്ളു എങ്കിലും  വളരെ വിശാലത തോന്നിച്ചു ആ വീടിന്.  ടൌണില്‍ എന്റെ  വീട്ടില്‍ എത്ര മുറി ഉണ്ടെങ്കില്‍ എന്ത് ...ഒന്നിനും  സൗകര്യം ഇല്ല.  നിരന്നു കിടക്കുന്ന വീട്ടുസാമാനങ്ങല്‍ക്കിടയിലൂടെ നുഴഞ്ഞു നടക്കേണ്ട ഗതി. എന്നിട്ടും വാങ്ങികൂട്ടുന്നു പിന്നെയും. ഇതൊരുപക്ഷെ പട്ടണത്തിന്റെ വിധിയാകാം. 
                    വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ സോമരാജന്റെ വീട്ടില്‍ ആദ്യം വന്നത്. ശരിക്കും പറഞ്ഞാല്‍ പ്രീ- ഡിഗ്രി കാലത്ത്. ഇന്ന് പ്രീ-ഡിഗ്രി ഇല്ലല്ലോ ? പ്ലസ് ടൂ  സ്കൂളിന്റെ ഭാഗമായതിനാല്‍ പ്ലസ് ടൂ ക്കാരന് സ്കൂള്‍ കുട്ടിയുടെ സ്വാതന്ത്ര്യമേ കാണു. പഴയ പ്രീ ഡിഗ്രി കാരന്  കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയിരുന്നു. പട്ടണത്തില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത് പിന്നെ ഒരുപാട് ദൂരം നടന്നാണ് സോമരാജന്റെ  വീട്ടില്‍ എത്തിയത്. പിന്നീട്  റോഡു വിപ്ലവം  വന്നു. നടക്കേണ്ട ദൂരം ഒരുപാട് കുറഞ്ഞു. വഴി മുഖര്‍ജിയുടെ കട നിന്ന ഇടം വരെ എത്തി. ഒരു ചെറിയ പാലം വഴി മുടക്കിയില്ലെങ്കില്‍ ഇരുചക്ര വാഹനത്തില്‍ വീട്ടുപടി വരെ എത്താം. ആദ്യകാലത്ത് ഇവിടെ എത്തുവാന്‍ ഒരുപാട് ഒറ്റത്തടിപ്പാലങ്ങള്‍  കയറണമായിരുന്നു. സോമരാജന്‍ അവയിലൂടെ കൈ വീശി ഒരു സര്‍ക്കസ് കാരനെ പോലെ നടന്നുപോയപ്പോള്‍ ഞാന്‍ അറച്ച് മടിച്ച് ഓരോ പാലവും താണ്ടി.  ആദ്യം ഈ പാളങ്ങള്‍  കടക്കുന്നതും തോട്ടുവെള്ളത്തില്‍ മുഖം കഴുകുന്നതും എല്ലാം എന്നെ ബുദ്ധിമുട്ടിച്ചു എങ്കിലും ഞാന്‍ പിന്നെ എപ്പോഴോ സോമരാജന്റെ വീടിനെയും നാടിനെയും സ്നേഹിച്ചു തുടങ്ങിയിരുന്നു.     
              കോളേജുജീവിതം കഴിഞ്ഞും അവന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലാറുണ്ടായിരുന്നു.  ഒരു നല്ല   ജോലി നേടാനൊന്നും   അവന്‍ കാത്തിരുന്നില്ല. പട്ടണത്തില്‍ അത്ര വലുതല്ലാത്ത ഒരു മരമില്ലില്‍ സോമരാജന്‍ അവന്റെ വഴി കണ്ടു. വീട്ടില്‍ ചെല്ലുമ്പോള്‍ എല്ലാം അവന്റെ അമ്മയുടെ പരാതിയും അതായിരുന്നു. ആ പാവം സ്ത്രീ മകനെ പട്ടണത്തിലെ  കോളേജില്‍  വിട്ടത് സര്‍ക്കാരിന്റെ നാല് ചക്രം വാങ്ങുന്ന ഒരു ജോലി കിട്ടുമെന്ന് കരുതിയായിരുന്നു. പക്ഷെ മകന്‍ തല തിരിഞ്ഞു പോയി എന്നായിരുന്നു അമ്മയുടെ പരാതി. ആ അമ്മയുടെ കാലം കഴിഞ്ഞപ്പോള്‍ സോമന്‍ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചു. പക്ഷെ ഈ വെള്ളക്കുഴിയില്‍ വരുവാന്‍ നല്ല പെണ്ണുങ്ങള്‍ തയ്യാര്‍ ആവില്ല എന്ന് അവന്‍ വെറുതെ ഭയന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ അവന്റെ മകള്‍ മാളു പിച്ചവച്ച്  നടക്കുകയായിരുന്നു. കണ്ണുകളില്‍ നക്ഷത്രം മിന്നുന്ന ഒരു ഓമനക്കുട്ടി. 
             ദൂരെ പല ഇടങ്ങളിലും വന്‍കെട്ടിടങ്ങള്‍ ഉയരുന്നത് കാണാം. അവ ആകാശത്തേക്ക് കുത്തിക്കയറുന്നു.   കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക് മീതെ മഞ്ഞ പെയിന്റടിച്ച ക്രെയിനുകളുടെ  തലപ്പൊക്കം  .  അവ പച്ചപ്പിന്റെ ശാലീനതയ്ക്ക് കളങ്കം തീര്‍ക്കുന്നത് ഞാന്‍ വേദനയോടെ അറിഞ്ഞു. 

                വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ സോമരാജന്റെ ഭാര്യ ദേവിക കുഞ്ഞിനു ഭക്ഷണം നല്‍കുകയായിരുന്നു. മാളു അല്പം വളര്‍ന്നു. അപരിചിതനെ കണ്ടതും അവള്‍ അമ്മയെ വിട്ട് അകത്തേക്ക് ഓടി. 

            ദേവിക അഥിതിയെ സ്വീകരിച്ചിരുത്തി. 

             അല്പം നീണ്ട ഇടവേളയ്ക്കു ശേഷം വരുന്ന അഥിതി എങ്കിലും ഇന്നലെ കണ്ടു പിരിഞ്ഞ ഒരാളോട് എന്നവണ്ണം  വളരെ ഊഷ്മളമായ  ഒരു സ്വീകരണം അന്ന് എന്ന് ഇവിടെ ലഭിക്കുക.

അവിടെ വൈദുതി  പണി മുടക്കി കിടക്കുകയായിരുന്നു. ഞാന്‍ കയറിയപ്പോള്‍ കരണ്ടുവന്നു. "കണ്ടോ ഐശര്യം ഉണ്ട് .." അവള്‍ മൊഴിഞ്ഞു. 

            സോമരാജന്‍ അവിടെ ഇല്ലായിരുന്നു. കാത്തിരുപ്പിന്റെ കുറച്ചു സമയം കൊണ്ട്‌  മാളുമോളുടെ  അപരിചിതത്വം പടിയിറങ്ങി. അവള്‍ അടുക്കല്‍ ഇരുന്ന് കൊഞ്ചിക്കുഴഞ്ഞു.   പട്ടണത്തില്‍ നിന്നും ഞാന്‍ പൊതിഞ്ഞു കൊണ്ടുവന്ന പല നിറങ്ങള്‍ ഉള്ള മധുരപലഹാരങ്ങള്‍ അവള്‍ സന്തോഷത്തോടെ കഴിക്കുവാന്‍ തുടങ്ങി.
     "ലഡുവോക്കെ അവക്ക് വലിയ ഇഷ്ട്ടവാ .. ഇവിടെ ഈ കാട്ടുമുക്കില് ഇത് വല്ലതും കിട്ടുവോ ? " ദേവിക അത് പറഞ്ഞപ്പോള്‍ വഴിവക്കിലെ പെട്ടിക്കടയിലെ പഞ്ചാര മിട്ടായിയുടെയും ഫല്‍ഗോവയുടെയും   രുചി ഇവര്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് എന്റെ മനസ്സ് ഖേദിച്ചു. 
     "ഇവിടെ ഇപ്പം മൊബൈല്‍ ഫോണിനു  റയിഞ്ച് ഉണ്ട് ... "  
     "ഉവ്വ് . ഇവിടെ സോമേട്ടനും മൊബൈല്‍ വാങ്ങി. " ദേവിക അഭിമാനം നിറഞ്ഞ സ്വരത്തില്‍ മറുപടി പറഞ്ഞു. അപ്പോളാണ്  മേശപ്പുറത്ത്  ചാര്‍ജര്‍  കിടക്കുന്നത് ശ്രദ്ധിച്ചത്. 
     "ഓ.. അവന്‍ എനിക്ക് നമ്പര്‍  തന്നില്ല "
ദേവിക നമ്പര്‍ പറഞ്ഞത് ലോഡ് ചെയ്തു.
           ഒരുവട്ടം പട്ടണത്തില്‍  ദേവികയുമായി  എത്തിയപ്പോള്‍  അവന്‍ മതില്‍ക്കെട്ടില്‍  ശ്വാസം മുട്ടിക്കഴിയുന്ന  എന്റെ വീട്ടിലും എത്തിയിരുന്നു. പട്ടണത്തിന്റെ പളുപളുപ്പ്   നോക്കിക്കണ്ട്‌ അതിശയം  കുമിഞ്ഞ കണ്ണുകള്‍ ആയിരുന്നു  ദേവികയുടെ  മുഖത്ത്.  മൈക്രോ വേവ്  ഓവന്‍ , വാഷിംഗ്  മിഷീന്‍ തുടങ്ങിയ  വിലപിടിപ്പുള്ള  ഉപകരണങ്ങളില്‍  അവള്‍ കൊതിയോടെ നോക്കുന്നത് എനിക്ക് മനസ്സിലായി.
             "ചേട്ടന്‍ എന്തെ പെണ്ണ് കെട്ടാത്തത് ? ഇവിടെ വരുന്ന പെണ്ണിന് എന്താ ഒരു സുഖം ! വെറുതെ ഇരുന്നാല്‍ മതി. പണിയെല്ലാം ഈ മെഷിനുകള്  ചെയ്തൊളുമല്ലോ ? " അവള്‍ മനസ്സ് തുറന്നു പറഞ്ഞു . 
അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു - ' സഹോദരി ..നിനക്ക് അറിയില്ല . ദിനങ്ങള്‍ക്കുള്ളില്‍ ഇവ നിങ്ങളെ ശ്വാസം മുട്ടിക്കും .' 
സോമരാജന്റെ  ഫോണിലേക്ക് വിളിച്ചു . അത്  ഓഫായിരുന്നു. പക്ഷെ അധികം വൈകാതെ അവന്‍ എത്തി. അവന്റെ മൊബൈല്‍ ഫോണില്‍ "ബാറ്റെറി ലോ" ആയിരുന്നു.
    "ഓ ... രണ്ടു ദിവസമായി ഇവിടെ കരണ്ടില്ലായിരുന്നു . കരണ്ടില്ലെങ്കില്‍ ഈ സാധനം  ചത്തുപോകും അല്ലെ ? " അവന്‍ ഉപയോഗ ശൂന്യമായ ഒന്നിനെ എന്നവണ്ണം അത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു . 
     " നീ പിന്നേം തടിച്ചു " അവന്‍ എന്റെ മുഖത്ത് ഉറ്റുനോക്കി പറഞ്ഞു.
     " നീ പട്ടണത്തിലെങ്ങും  വരാറില്ലേ ? " ചുക്ക് പൊടിച്ചു ചേര്‍ത്ത ചായ ഒരിറക്ക്  കഴിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. 
            അവന്‍ എന്നെ നോക്കി മൃദുവായി ഒന്ന് ചിരിച്ചു . എന്നിട്ട് ഒരു മറുചോദ്യം. - "ദേവി ഒന്നും പറഞ്ഞില്ലേ ? "
ഞാന്‍ ഇല്ല എന്ന് തല കുലുക്കി .
   "ഞങ്ങള്‍ ഈ തുരുത്ത് ഒഴിയുകയാണ് . സ്റ്റാര്‍ ലാന്‍ഡ് ഗ്രൂപ്പ്  കമ്പനി ഇത് മുഴുവന്‍  വിലക്കെടുത്തു. നല്ല വില   പറഞ്ഞു. അവര്‍  തന്നെ  ഞങ്ങള്‍ക്ക്   പട്ടണത്തില്‍  സ്ഥലം അറേഞ്ച് ചെയ്തു തരും. ഈ തുരുത്തിലെ അഞ്ചു കുടുംബങ്ങള്‍ക്കും അടുത്തടുത്ത്‌ വീട്  വെക്കാന്‍ പ്ലാന്‍ ഉണ്ട്. "
                   ഓ ദൈവമേ ..
                      തുരുത്ത് ഉണങ്ങി മറയുന്നത്  ഞാന്‍ മനസ്സില്‍  കണ്ടു. നീലനിറം  പച്ചയില്‍ നിന്നും വേര്‍പെടുന്നതും പച്ച  നരച്ചു മങ്ങി പൂഴിയുടെ നിറത്തിന്  വഴി മാറുന്നതും ഞാന്‍ കണ്ടു. നോക്കിനില്‍ക്കെ അവിടെ വമ്പന്‍ ഫ്ലാറ്റ്  സമുച്ചയങ്ങള്‍ ഉയര്‍ന്നു പൊങ്ങി. പരസ്യത്താളില്‍ സ്റ്റാര്‍ ലാന്‍ഡ് കമ്പനിയുടെ അമ്പാസിടര്‍മാര്‍ വീമ്പു പറയുന്നതും കണ്ടു. എനിക്ക് സോമാരാജനോട് ഇനി ഒന്നും പറയുവാനില്ല. അവന്‍ ഉടന്‍  യാഥാര്‍ത്ഥ്യം  ആകുവാന്‍ പോകുന്ന ആ പറിച്ചുനടലിന്റെ ഓര്‍മയുടെ  അഭിമാനത്തില്‍ കുളിച്ചു നില്‍ക്കുകയാവും. 
              ദേവികയ്ക്ക്  ഇനി പട്ടണം സമാധാനത്തോടെ നോക്കിക്കാണാം . കമ്പോളങ്ങളില്‍ രാത്രി വരെ ചുറ്റിത്തിരിയാം. കുട്ടിയെ വര്‍ണ്ണപ്പട്ടില്‍  പൊതിഞ്ഞ് ഇംഗ്ലീഷ് സ്കൂളില്‍ ആക്കാം. അവള്‍ അച്ഛനെ പപ്പാന്നും അമ്മയെ മമ്മീന്നും മറ്റുള്ളവരെ അങ്കിളെന്നും    ആന്റീന്നും  വിളിക്കുന്നത്‌ കേട്ട് സന്തോഷാശ്രു പൊഴിക്കാം. ഈ ചേറും ചേമ്പും കാണാതെ , വെള്ളക്കെട്ടും ആനപ്പുല്ലും ഇല്ലാത്ത ഒരു കരയില്‍ മോട്ടോര്‍ വാഹനങ്ങളുടെ അനസൂതം പൊഴിയുന്ന സംഗീതം നുകര്‍ന്ന് സുഖമായി കഴിയാം. 
              തിരികെ നടക്കുമ്പോള്‍ ആ കുളക്കോഴി വഴിയരികില്‍ നില്‍ക്കുന്നത്   കണ്ടു . അവള്‍  ചേമ്പിലക്കാടിന്റെ    അരികു പറ്റി നില കൊള്ളുകയായിരുന്നു .  കാലുകള്‍ നീട്ടിവച്ച്  ചെമ്പിലക്കാടിന്റെ   രഹസ്യത്തിലേക്ക് ഓടുവാന്‍ അവള്‍ മറന്നതുപോലെ. അല്ലെങ്കിലും പ്രീയപ്പെട്ട കുളക്കോഴിപ്പെണ്ണേ .. ഇനി എത്ര നാള്‍ ? അവശേഷിക്കുന്ന        ചേമ്പിലക്കാടുകളും വെട്ടിത്തെളിക്കപ്പെടുവാന്‍  കരാറായി. അവര്‍ എത്തുവാന്‍ സമയമായി. ചെണ്ട കൊട്ടിയും കുഴല് വിളിച്ചും അവര്‍ വരും. നിര്‍മാണയന്ത്രങ്ങളുടെ  വന്‍പട. ഒരു ചെറിയ തുരുത്തുപോലും അവശേഷിപ്പിക്കാതെ  ഈ കേരളം മുഴുവന്‍ വമ്പന്‍ ഫ്ലാറ്റുകള്‍ പടുത്തുയര്‍ത്താന്‍ . 
          
             ഇനി എവിടെ പറന്നിറങ്ങും എന്ന് ദേശാടന പക്ഷികള്‍ക്ക്  അറിയില്ല. എവിടെ ഇഴഞ്ഞെത്തുമെന്നു നീര്‍ക്കോലികള്‍ക്കും .   
           എനിക്കും ഇല്ലയിനി ഇടക്കുവല്ലപ്പോഴും നടന്നെത്തുവാന്‍ ഒരു തുരുത്ത് . 
----------------------------------------------------------------------------------


                                                             -  കണക്കൂര്‍ 
                                (കഥ - ആള്‍മാറാട്ടം എന്ന പുസ്തകത്തില്‍ നിന്ന് )