Tuesday, December 24, 2019

കൃസ്തുമസ്


കൃസ്തുമസ് എനിക്കൊരു കട്ട്ലറ്റ് ഓര്‍മ്മയാണ്. എട്ടില്‍ (അല്ലെങ്കില്‍ ചിലപ്പോള്‍ ഒമ്പതില്‍) മുഹമ്മ മദര്‍ തരേസയില്‍ പഠിക്കുന്ന കാലം. ജയ്മോന്‍ എന്ന കൂട്ടുകാരന്‍ കായിപ്പുറത്തെ അവന്‍റെ വീട്ടിലേക്ക് കൃസ്തുമസിനു ക്ഷണിച്ചു. അവിടെ നിന്നാല്‍ വേമ്പനാട്ടു കായല്‍ കാണാമായിരുന്നു. അവന്‍റെ അമ്മച്ചിയാണ് അതുവരെ കഴിച്ചിട്ടില്ലാത്ത തരത്തിലുള്ള ആ പലഹാരം തന്നത്. കറുത്തു മൊരിഞ്ഞ പലഹാരത്തില്‍ മെല്ലെ കടിച്ചു നോക്കി... ഹോ.. എന്തൊരു രുചി... അന്നുവരെ മണ്ണഞ്ചേരിയിലും കണക്കൂരുമുള്ള കടകളിലൊന്നും അത്തരം പലഹാരം കണ്ടിരുന്നില്ല. ഓരോ കൃസ്തുമസിനും ഞാന്‍ ആ കട്ലറ്റുകളെ ഓര്‍ക്കും. ഇന്ന് കട്ട്ലെറ്റ് മുറുക്കാന്‍കടകളില്‍ പോലും കിട്ടും. പക്ഷെ പിന്നെയൊരിക്കലും അത്ര രുചിയുള്ള കട്ട്ലറ്റുകള്‍ കഴിക്കാനായില്ല... ഇന്നും ഓര്‍മ്മയില്‍ നാവില്‍ വേമ്പനാട്ടു കായല്‍ ഓളമുണര്‍ത്തുന്നു.. 
എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും കൃസ്തുമസ് ആശംസകള്‍...

Tuesday, December 3, 2019

ശ്യൂന്യ സ്ഥലം


ഭൂമാറില്‍ യന്ത്രക്കൈയാല്‍ തുരന്ന്

ഭൂഹൃദയം തൊടുവോളം കുഴിച്ച്

പച്ചമണ്ണടര്‍ക്കൂനകള്‍ തീര്‍ത്തു

വിറ്റൊഴിച്ചു നാം പൊരുളും പശിമയും.


ഹരിതമേനികൊണ്ടിക്കണ്ട കാലം

വെയിലുകോരിക്കുടിച്ചു ഭൂമിയില്‍

സകലജീവിക്കുമന്നംസമര്‍പ്പിച്ച

തരുവെ വേരോടെ  മാന്തിപ്പറിച്ചും

പുഴ വരണ്ടുരല്‍ ചുരണ്ടിത്തീര്‍ത്തും

മലിനപാതയിലിരുണ്ടും ചുരുണ്ടും

ഗുണിതമാക്കിയ ധനമൂല്യമുള്‍ക്കൊണ്ട്

വിജയമെന്നാര്‍ത്തട്ടഘോഷിക്കുന്നു... 

ഇടനെഞ്ചില്‍ നോവുകൊണ്ടാഴത്തിലങ്ങു

ഹൃദയം  തൊടുവോളം  കുഴിച്ചെത്തുമ്പോള്‍

അവിടുണ്ട്  സ്പന്ദിക്കാതെ  ചോര

കിനിയുന്ന കനത്ത ശ്യൂന്യത..!


എവിടെപ്പോയി  ഹൃദയം...

തിരയുമ്പോള്‍  മുഴങ്ങിക്കേട്ടൊരുത്തരം.

കിടപ്പുണ്ടാഗോളച്ചന്തയില്‍  ലേലത്തില്‍

വിലയേറുന്നതും  കാത്ത്.