Monday, November 28, 2011

അസ്മ (മിനിക്കഥ)

"ശരി. ഇനി കഥ പറഞ്ഞു തുടങ്ങാം. ഒരിടത്തൊരിടത്ത് ടോട്ടോയിപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ടോറ്റൊയച്ചന്‍ എന്ന ഒരു..."

"നിര്‍ത്തെടാ .. വേല മനസ്സിലിരിക്കട്ടെ.. ഇത് കൊറേ കേട്ടതാ. വളരെ പഴമയുള്ളതും കേട്ടുമടുത്തതുമായ പ്രമേയം. പുതിയത് എന്തെങ്കിലും ഉണ്ടേല്‍ പറയ് . കേട്ടാല്‍ അസ്ഥിക്ക് പിടിക്കണം. "

" എങ്കില്‍ ശരി. ഇത് കേട്ടുനോക്കു . ഇത് ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അസ്മ എന്നാണ് അവടെ പേര്. ഒരു പതിനാറു വയസ്സ് പ്രായം. "

" പറ.. പറ .. കൊള്ളാം.. കേള്‍ക്കെട്ടെ.."

"നമ്മള്‍ എല്ലാവരും ഈ കഥയില്‍ ഉണ്ട്. നീ നായകന്‍. ഞാന്‍ വില്ലന്‍. ഇവന്‍ ....."

"നായകന്‍ വേണ്ട. വില്ലന്‍ മാത്രം മതി.. നമ്മള്‍ എല്ലാവരും വില്ലന്മാര്‍."

"ശരി. ഓരോരുത്തരും അസ്മയെ കടിച്ചു കീറി കടിച്ചു കീറി..... "

"കീറി ? "

"അങ്ങനെ കഥ കഴിഞ്ഞു "

(എല്ലാരും അല്പം ആലോചിച്ചിട്ട് )
"പക്ഷെ ഇതും കേട്ട് മടുത്തു. ഇനിയും കട്ടിയുള്ള എന്തെങ്കിലും ? "

Saturday, November 5, 2011

കുരുക്കുകള്‍ (മിനികഥ)

ആദ്യം അവള്‍ക്ക് ശ്വാസം മുട്ടി. നിലവിളിക്കുവാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
പിന്നെ മനസ്സിലായി.. താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന്.
വായില്‍ തുണി തിരികപ്പെട്ടതിനാല്‍ ശബ്ദം വെളിയില്‍ വന്നതില്ല. അരണ്ട വെട്ടത്തില്‍ അവള്‍ കട്ടിലില്‍ കിടന്നു പിടച്ചു.
അടുത്തുകിടന്ന അയാള്‍ എവിടെ എന്ന് അവള്‍ അമ്പരപ്പോടെ നോക്കി.
മറ്റേതോ മുറിയില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് മോഷ്ടാക്കളില്‍ ഒരാള്‍ ആ ബെഡ് റൂമില്‍ തിരികെയെത്തി.

പുതപ്പിന് കീഴെ താന്‍ നഗ്നയാണ്‌ എന്ന കാര്യം അവള്‍ മറന്നിരുന്നു. ഫാമിലി കോട്ടിന്റെ ഇടതുവശത്ത് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ വായില്‍ തുണി തിരുകിയിട്ടിരുന്ന അയാളെ അവള്‍ തല ചരിച്ചു നോക്കി. അയാളും തന്റെ കരങ്ങളിലേയും കാലുകളിലേയും കുരുക്കുകളില്‍ നിന്നും മോചിതനാകാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. തളര്‍ന്നുറങ്ങിക്കിടന്ന ഇരുവരെയും മോഷ്ടാക്കള്‍ വളരെ വിരുതമായി, അഭേദ്യമായി ബന്ധിച്ചിരുന്നു.

ഒരു മോഷ്ടാവ് അവളുടെ തല ഭാഗത്ത്‌ കുനിഞ്ഞുനിന്ന് കമ്മലുകള്‍ ഊരിയെടുത്തു.
അല്‍പ്പം പുറത്തേക്കിറങ്ങിവന്ന തുണി അയാള്‍ അവളുടെ വായിലേക്കുതന്നെ തിരികെ തള്ളി.
കര്‍ത്താവേ.. എന്നെ ഒന്ന് മിണ്ടാന്‍ അനുവദിച്ചെങ്കില്‍ .. " അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

കള്ളന്മാര്‍ പണി മതിയാക്കി കടക്കുവാന്‍ ഉള്ള പുറപ്പാടാണ്.
നേരം വെളുക്കാറായോ ? അവള്‍ തലചരിച്ച് അയാളെ വീണ്ടും നോക്കി.
കുരുക്കുകള്‍ നീറുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു. പൊടുന്നനെ മൊബൈല്‍ ഫോണ്‍ അലാറം മുഴക്കി. അത് അയാള്‍ക്ക്‌ ചാടി പുറത്തുപോകുവാന്‍ ഉള്ള അടയാളം ആയിരുന്നു !

ഇരുവരും കണ്ണുകള്‍ പൂട്ടി കിടന്നു.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ വരവും കാത്ത്.


-----------------------------------------------------കണക്കൂര്‍