Monday, March 31, 2014

തോറ്റവര്‍ക്കായുള്ള യുദ്ധങ്ങള്‍ .......


ചുവരിൽ  മുഖം ചേർത്ത് ആ സുഷിരത്തിലൂടെ  അവനും കൂട്ടുകാരിയും    ലോകത്തെ നോക്കിക്കാണുകയായിരുന്നു. ലോകം അട്ടികളും അടരുകളുമായി ആ ചെറിയ സുഷിരത്തിൽ ഒതുങ്ങി. അവരുടെ    സൗകര്യം പോലെ  വേണ്ടതെല്ലാം അവിടെനിന്നും നോക്കിക്കണ്ടു.
അങ്ങനെയിരിക്കെയാണ് അയാളുടെ വരവ് സംഭവിച്ചത്. ഒരു നേരം കെട്ട നേരത്ത്  തോളിൾ ഒരു ബാഗും തൂക്കി ഒരാൾ അവിടേക്ക്  കടന്നുവന്നു.
"ആരാണ് എന്താണ് എന്ന് അറിയാതെ എങ്ങനെ ഒരാളെ വീട്ടിൽ കയറ്റി താമസിപ്പിക്കും ?"  അവന്‍റെ   കൂട്ടുകാരി അവനെ  കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി , ശബ്ദം കുറച്ച്  ചോദിച്ചപ്പോൾ അവൻ  ഒന്ന് പതറി.
"അബു പറഞ്ഞ ആളായത് കൊണ്ട് ..." അവൻ  വിക്കി.
അവൾ കടുപ്പിച്ച് ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് മടങ്ങി.  അവിടെ ഒരു വട്ടക്കസേരയിൽ  ആഗതൻ  ഒതുങ്ങി ഇരിപ്പുണ്ട്. അടുത്ത് ഒരു ബാഗും. അവനെ  നോക്കി ആഗതൻ ആശയോടെ ചിരിക്കുന്നുമുണ്ട് .
"ഇവിടെ സൗകര്യങ്ങൾ അല്പം കുറവാണ് " എന്ന്  അവൻ സത്യം വെളിപ്പെടുത്തി..
"എനിക്ക് നിലത്ത് അല്പം ഇടം മതി "

പ്രിയ സുഹൃത്തുക്കളെ , കഥകൾ കേട്ടിട്ട് നിങ്ങൾ സന്തോഷിക്കുകയും ചിലപ്പോൾ സങ്കടപ്പെടുകയും ചെയ്തേക്കാം . ചില കഥകൾ ഒരു വികാരവും നൽകാതെ വെറുതെ കേട്ടിരുന്ന് നേരം കൊല്ലുവാൻ മാത്രം ഉതകും .അതൊക്കെ നിങ്ങളുടെ കാര്യം. പക്ഷെ കഥ പറയുമ്പോൾ എനിക്ക് മനസ്സിൽ  നിന്ന് ഒരു കുരുക്ക് അഴിച്ചുകളയുന്ന സുഖമാണ് . ചില കഥകള്‍ പറഞ്ഞൊഴിച്ചില്ല എങ്കിൽ ആ കുരുക്ക് അഴിയാതെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും . ഇപ്പോൾ പറഞ്ഞു തുടങ്ങിയത് അതുപോലെ ഒന്നാണ് .

ഒരേയൊരു കിടപ്പുമുറിയിൽ  ഒരു ചെറിയ മടക്കുകട്ടിൽ ആണ് ആകെ ഉള്ളത്. അതിൽ അവർ  രണ്ടാൾ  ഒട്ടിച്ചേർന്നു  കിടക്കും. പുറത്തെ മുറിയിൽ, കട്ടിൽ പോയിട്ട്  കിടക്കുവാനുള്ള അല്പം ഇടം പോലും ഇല്ലായിരുന്നു. പഴയ പത്രങ്ങൾ അട്ടിയാക്കി  കെട്ടിവച്ചിരുന്നത്   കുറച്ച് ഒതുക്കി.  ഒരു വലിയ സ്റ്റാന്റ് അല്പം തള്ളിമാറ്റി അവൻ  കുറച്ച് ഇടമുണ്ടാക്കി . അവിടെ ഒരു പായ കഷ്ടിച്ചു വിരിക്കുവാൻ കഴിഞ്ഞു.
വീട്ടിലെ താമസക്കാർ കാഴ്ചകൾ നോക്കിക്കാണുന്ന ഒരു സുഷിരം അവിടെ, മുന്മുറിയിലെ ചുവരിലാണ് ഉള്ളത് . മറ്റൊരാൾ ആ മുറിയിൽ ഉള്ളതിനാൽ ആ സുഷിരത്തിലൂടെ നോക്കുവാൻ അന്ന് അവർ  മടിച്ചു.
"അയാൾ വല്ലതും കഴിച്ചതാവുമോ ?" അവൾ അവന്റെ  കാതിൽ  ചോദിച്ചു.  വീട്ടിൽ ഒന്നും ഇരിപ്പുണ്ടാവില്ല എന്ന് അവനറിയാം. എന്നിട്ടും അവൻ ചോദിച്ചു . അയാൾ വിശപ്പ്‌ നിറഞ്ഞ സ്വരത്തിൽ "ഒന്നും വേണ്ട..." എന്ന് പറഞ്ഞു.
പുറത്ത്  രാത്രി നന്നായി ഒരുങ്ങിയിട്ടുണ്ട്.
"എന്താണ് നിങ്ങള്‍  ചെയ്യുന്നത് ?"
ആഗതൻ  എന്തോ കുറച്ചുനേരം ആലോചിച്ചു . എന്നിട്ട് ഒരു മറുചോദ്യം എറിഞ്ഞു : "അബു ഒന്നും പറഞ്ഞില്ലേ ?"
അബു വല്ലതും പറഞ്ഞിരുന്നോ  എന്ന് അവൻ ഓർത്തുനോക്കി . ഇല്ല .. ഓർമ്മ വരുന്നില്ല.
"ഞാൻ ഒരു പടയാളിയാണ്. തോറ്റവർക്കായി യുദ്ധം ചെയ്യുന്നയാൾ "എന്ന്  അയാൾതന്നെ വെളിപ്പെടുത്തി.
" !! "
അവൻ വിളക്കണച്ച് ഉറങ്ങിക്കൊള്ളുവാൻ ആഗതനോട്  പറഞ്ഞു .
പിന്നെ അവർ അകത്തെ മുറിയിൽ ഉറങ്ങുവാൻ കിടന്നു.
അവരുടെ രാത്രികൾ  മിക്കപ്പോഴും മലമടക്കിലെ കുഞ്ഞരുവി പോലെ തുടങ്ങി കുത്തിയൊലിക്കുന്ന പുഴയായി പിന്നെ ചെറുതിരകൾ അനങ്ങുന്ന കടലായി മാറുന്നതാണ് . പക്ഷെ പതിവില്ലാതെ അവർ കുറച്ചുനേരം മിണ്ടാതെ കിടന്നു.
ലോകം എത്ര മാറി വരുന്നു! അവൻ അവിടെ കിടന്നുകൊണ്ട് ചിന്തിച്ചു. ഒരു പടയാളിയായി മാറേണ്ട അത്യാവിശ്യത്തെ കുറിച്ച് അവൻ ഓർക്കുകയായിരുന്നു.  അധിനിവേശങ്ങളെ ചെറുക്കുന്ന ഒരു പോരാളി ആയിരിക്കണം. ജയിക്കണം എന്ന് എത്ര വാശി കാണിച്ചാലും യുദ്ധങ്ങളിൽ ഒരുകൂട്ടർ  തോറ്റെ മതിയാവൂ .
പിന്നെയും സമയം പോകവേ അവൾ  മെല്ലെ എഴുനേറ്റു. പതുക്കെ കതവ് തുറന്ന് അപ്പുറത്തേക്ക് പോയി. ഉറക്കം വന്നപ്പോൾ അവൻ തന്‍റെ  മുഖത്ത് ആഞ്ഞു നുള്ളി  അവൾ തിരികെ വരുംവരെ ഉണർന്നിരിക്കുവാൻ ശ്രമിച്ചു.
കുറച്ചേറെ സമയം കഴിഞ്ഞപ്പോൾ അവൾ തിരികെയെത്തി . അവൻ അപ്പോൾ  പാതിയുറക്കത്തിൽ ആയിരുന്നു.

സുഹൃത്തുക്കളെ ,   കഥയുടെ ആദ്യം, ചുവരിലുള്ള ഒരു സുഷിരത്തെ കുറിച്ച് പറഞ്ഞില്ലേ ? അവൾ ആ സുഷിരത്തിൽ കണ്ണുകൾ ചേർത്ത് നോക്കുവാൻ പോയതാകണം. ചുറ്റുമുള്ള ലോകത്ത് നടക്കുന്നത് അറിയുക എന്നത്  വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് അവർ നമ്മെപ്പോലെ വിശവസിക്കുന്നു. ചിലപ്പോൾ അവർ  മാറിമാറി അതിലൂടെ നോക്കും .  കാഴ്ചകളെ നിർദ്ധാരണം ചെയ്തെടുക്കുവാൻ ആ ദ്വാരത്തിന് വലിയ കഴിവുണ്ട് . അവൾ തിരികെ വന്ന് അടുത്ത് കിടന്നു . വെടിമരുന്നിന്‍റെ  ഗന്ധമായിരുന്നു അവളുടെ നിശ്വാസത്തിന് എന്ന് അവന് തോന്നി. ലോകത്ത് എമ്പാടും നടക്കുന്ന യുദ്ധങ്ങളിൽ ചിലത് അവൾ നോക്കിക്കണ്ടിരിക്കും. 
"അയാൾ എന്തിനാവും വന്നത് ?'' അവൾ പതുക്കെ ചോദിച്ചു .
"തോറ്റവർക്കായി യുദ്ധം ചെയ്യാൻ."
"എനിക്ക് ഇഷ്ടമായില്ല അയാളെ "
"അബുവിനെ ഓർത്താണ് ഞാൻ..."
"ആരാണ് അബു ? "
അപ്പുറത്തെ മുറിയിൽ നിന്നും അയാളുടെ ശ്വാസംവലിയുടെ സ്വരം മരക്കതവുകടന്ന്  അകത്തെത്തി. ക്രമമായ് ഉയർന്നു താഴുന്ന ആ ശബ്ദത്തിന് ഒരു നിലവിളിയുടെ ഈണം തോന്നി .  കുറച്ചുകഴിഞ്ഞപ്പോൾ ആ ശബ്ദം നിലച്ചു . അപ്പുറത്തെ മുറിയിൽ നിന്നും എന്തൊക്കെയോ അനക്കങ്ങൾ. പിന്നെ പൂർണ്ണനിശബ്ദത!
അവൻ മെല്ലെ എഴുനേറ്റ് കതകിന്‍റെ  കൊളുത്തെടുത്തു. അവിടെ അയാൾ ഇല്ല. അയാളുടെ ബാഗും !
"അയാൾ പോയോ ?" അവൾ പിന്നിൽ നിന്നും ചോദിച്ചു.
"ഇവിടെ കാണുന്നില്ല. യുദ്ധങ്ങളില്‍  ജയിക്കുന്നവർക്കായി അയാൾ ഒരുപക്ഷെ കാത്തുകിടക്കില്ലായിരിക്കാം. ഏതായാലും  ഞാൻ ഒന്ന് നോക്കിയിട്ടുവരാം "
അവൾ ഒന്നും പറഞ്ഞില്ല. പകരം മുൻവാതിലിൽ നിന്ന് കാണാവുന്ന   വഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. അവിടെ മുഴുവൻ ഇരുട്ട് ഉറഞ്ഞുകിടന്നിരുന്നു.
പുറത്ത് നല്ല തണുപ്പുണ്ട് . അവൻ മുഖത്തിന് ചുറ്റും ഒരു തുണി ചുറ്റിക്കെട്ടി. അയാളെ വഴിയിൽ കണ്ടുമുട്ടും എന്ന് പ്രതീക്ഷയില്ല എങ്കിലും  നീണ്ടുപോകുന്ന വഴിയിലൂടെ വേഗത്തിൽ  നടന്നു. പാലത്തിന്‍റെ  മുകളിൽ എത്തിയപ്പോൾ അതുപോലെ ഒരാൾ പുഴയരികിലൂടെ നടന്നുപോകുന്നത്‌ അവൻ കണ്ടു . അത്പോലെ ഒരു ബാഗ് അയാളുടെ തോളിൽ ഞാന്നു കിടക്കുന്നുണ്ട്.
അവനെ കണ്ടതും അയാൾ നടത്തം വേഗത്തിൽ ആക്കി. അവൻ പിന്നാലെ ചെന്നപ്പോൾ അയാൾ ഓടുവാൻ തുടങ്ങി. ഇരുട്ടിൽ ഒരാളെ പിന്തുടരുവാൻ അത്ര എളുപ്പമല്ല.
അധികദൂരം അങ്ങനെ പോകേണ്ടിവന്നില്ല . ഒരു കല്ലിൽ തട്ടി അയാൾ മറിഞ്ഞുവീണു. എഴുനേല്‍ക്കുവാൻ കഴിയാതെ അയാൾ അവിടെ കിടന്നു. ഇരുട്ടിൽ അത് ആര്  എന്ന് ഉറപ്പു വരുത്തുവാൻ കഴിഞ്ഞില്ല . എങ്കിലും അതയാള്‍ തന്നെ എന്ന് അവന് ഉറപ്പായിരുന്നു. വലിയ ഒരു കല്ലെടുത്ത്‌ അയാളുടെ തലയിൽ പലവട്ടം ആഞ്ഞടിച്ചു. കല്ല്‌ ഒരു നല്ല ആയുധമാണ്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ആയുധം. ഒന്ന് നിലവിളിക്കുക പോലും ചെയ്യാതെ ആ  പടയാളി  ഒടുങ്ങി! ആ ദേഹത്തെ പുഴയിലേക്ക് മറിച്ചിട്ട്    ചോരപ്പാടുകൾ കഴുകി അവൻ  തിരികെ നടന്നു. മടങ്ങും മുമ്പ് ആ ബാഗ് പുഴയിലേക്ക് വലിച്ചെറിയുവാൻ മറന്നില്ല.
തിരികെ നടക്കുമ്പോൾ അവൻ അബുവിനെ നന്ദിയോടെ  ഓർത്തു .
വീട്ടുവാതിൽക്കൽ ഇരുട്ടിൽ അവൾ കാത്തു നിൽക്കുകയായിരുന്നു.
"അയാളെ കണ്ടോ ? "
അവൻ ഒന്നും പറഞ്ഞില്ല . ചിലപ്പോൾ അവൾക്ക് പറയാതെ എല്ലാം മനസ്സിലായിരിക്കാം. അവൾ മുറിയുടെ മൂലയിൽ പോയിരുന്ന് കരയുന്നുണ്ടാവും. ചുവരിലുള്ള സുഷിരത്തിലൂടെ ലോകത്തെ വീണ്ടും  നോക്കിക്കാണുവാൻ തുടങ്ങിയിരിക്കും .
അവളുടെ കരച്ചിൽ അവൻ വ്യക്തമായി കേട്ടു. സഹികെട്ടപ്പോൾ അവൻ അങ്ങോട്ട്‌ ചെന്നു. ക്രൂരമായ ഒരു മന്ദഹാസത്തോടെ  ചുവരിലെ സുഷിരത്തിൽ മുഖം ചേർത്തു. ഇപ്പോൾ ലോകത്തിന്‍റെ  നെറുകയിൽ കയറി നില്ക്കുന്ന അബുവിനെ അവന്  അതിലൂടെ  കാണാം. അബു അവനെ  നോക്കി ചിരിക്കുന്നു . അബുവിന്‍റെ  തലയുടെ ചുറ്റും ദിവ്യമായ ഒരു പ്രകാശ വലയം. അവൻ ആ ദ്വാരം കല്ലുകൾ ഇടിച്ചു കയറ്റി അടച്ചു. 
പ്രിയ സുഹൃത്തുക്കളെ , അവൻ  പിന്നെയും മടക്കു കട്ടിലിൽ ഉറങ്ങുവാൻ കിടന്നു.  എങ്കിലും കഥ അവസാനിക്കുന്നില്ല. 


............................................കണക്കൂര്‍ .