Friday, October 28, 2011

ഉമ്പുറുപ്പാപ്പന്റെ തിരോധാനം

തൂവെള്ള മണല്‍ക്കൂമ്പാരങ്ങല്‍ക്കിടയിലാണ് അമ്പലക്കുളം. അമ്പലക്കുളത്തിന് ചുറ്റും തഴച്ചു നില്‍ക്കുന്ന കാട്ടുചെത്തിച്ചെടികളില്‍ പാറിക്കളിക്കുന്ന മണിത്തുമ്പികള്‍ . അവയുടെ കിന്നാരം പറച്ചില്‍. ആ സ്വച്ഛതയ്ക്കിടയില്‍ ആണ് ഒരുദിവസം ഒരു ജോഡി പാദരക്ഷകള്‍ ഇടിത്തീ പോലെ കണ്ടെത്തിയത്.
ബ്ലെയിട് പോലെ തേഞ്ഞ, വിരലുകളുടെ മുദ്രകള്‍ തെളിഞ്ഞ ആ ചെരിപ്പുകള്‍ നോക്കി കുഞ്ഞുണ്ണി ഉറപ്പിച്ചു പറഞ്ഞു " അത് ഉമ്പുറുപ്പാപ്പന്റെ ചെരിപ്പാണ് ... ഒറപ്പ് "

പിന്നെയും ആളുകള്‍ എത്തി .
"പാപ്പനെ ഇപ്പോള്‍ കവലക്ക്‌ കണ്ടതാണല്ലോ ? "
എല്ലാവരും ആ പറഞ്ഞ ആളെ നോക്കി.
"എങ്കില്‍ നമുക്ക് ഒന്നന്വേഷിക്കാം .." ആരൊക്കെയോ കവലയിലേക്ക് ഓടി. ചിലര്‍ പട്ടണക്കാടന്റെ ഷാപ്പിലും കൊയ്ത്തുപുരയിലും ചന്തയുടെ പിറകിലെ ചീട്ടുകളിസ്ഥലത്തും തിരഞ്ഞു . അര മണിക്കൂറിനകം പലവഴിക്ക് പോയവര്‍ തിരികെയെത്തി. ആരും ഉമ്പുറുപ്പാപ്പനെ എങ്ങും കണ്ടതില്ല.

ഉമ്പുറുപ്പാപ്പന്‍ കുളത്തില്‍ വീണതാണ് എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും ആരും കുളത്തില്‍ ഇറങ്ങുവാനോ തിരയുവാനോ തയാറായില്ല.
പോലീസിനെ അറിയിക്ക്....
ഫയര്‍ ഫോഴ്സിനെ വിളിക്ക് ... എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു. ആരോ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് വരുവാന്‍ കുറച്ചു സമയം എടുക്കും. ആ നേരം കൊണ്ട് നമുക്ക് ഉമ്പുറുപ്പാപ്പന്‍ ആരാണ് എന്ന് നമുക്ക് നോക്കാം.

പഴയ ഒരു ജന്മികുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് ഉമ്പുറുപ്പാപ്പന്‍. അവിവാഹിതന്‍. കള്ളുകുടിയായിരുന്നു ഇഷ്ടവിനോദം. എങ്ങിനെയൊക്കെയോ വസ്തുവകകള്‍ മിക്കതും നഷ്ടപ്പെട്ടു. മിച്ചം വന്ന ഒരു തെങ്ങുപുരയിടത്തില്‍ ചെറിയ കുടില്‍ കെട്ടി ജീവിക്കുന്നു. ആര്‍ക്കും വലിയ ശല്യം ഇല്ല. വല്ലപ്പോഴും കള്ള് മൂക്കുമ്പോള്‍ പുറത്തു വരുന്ന തെറിപ്പാട്ടുകള്‍ ഷാപ്പിലോ കുടിലിന്റെ നാല് ചുവരിലോ ഒതുങ്ങി നില്‍ക്കും. എന്നും അമ്പലക്കുളത്തില്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതാണ് പാപ്പന്റെ ദിവസം തുടങ്ങുന്നത്.
ആ ആളെയാണ് ഈ കുളത്തില്‍ കാണാതായി എന്ന് സംശയിക്കുന്നത്. എത്രയോ വര്‍ഷമായി പാപ്പന്‍ ഈ കുളത്തില്‍ കുളിക്കുന്നു. മഴയത്തും മഞ്ഞത്തും മാറ്റമില്ലാതെ. എന്നിട്ടിപ്പോള്‍ !

ണിം..ണിം ...ണിം. ..ണിം ..
ഫയര്‍ എഞ്ചിന്റെ മണിയടി ദൂരെ കേട്ടു. വണ്ടി കുളത്തിനടുക്കല്‍ വരെ എത്തില്ല. തൂവെള്ള മണ്ണാണ്.. പൊടിമണ്ണ് . വണ്ടി പുതയും. അത് അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടു. ഞങ്ങള്‍ കുളക്കര വിട്ട് വണ്ടി കാണുവാന്‍ ഓടി. എന്റെ ഓര്‍മയില്‍ ആദ്യമായാണ് ഞങ്ങളുടെ നാട്ടില്‍ ഫയര്‍ എഞ്ചിന്‍ എത്തുന്നത്‌ . ചുവപ്പ് പെയിന്റടിച്ച ആ വണ്ടി ഒരു ഭീമാകാരനായ ജീവിയെ പോലെ അവിടെ നിലകൊള്ളുന്നു. കാക്കിയിട്ട ഭടന്മാര്‍ ഇറങ്ങി നടന്ന് കുളക്കരയില്‍ എത്തി.
" ആള് വീഴുന്നത് ആരെങ്കിലും കണ്ടോ ? "
അവരുടെ നേതാവ് ചോദിച്ചു.
"ഇല്ല " ഞങ്ങള്‍ ഒന്നടങ്കം മറുപടി പറഞ്ഞു.
" ഈ ചെരുപ്പ് അയാളുടെതാണോ ? "
ഞങ്ങള്‍ക്ക് സംശയം ആയി.
"ഉവ്വ് " കുഞ്ഞുണ്ണി മാത്രം പറഞ്ഞു.
സബ് ഓഫീസര്‍ അയാളെ സൂക്ഷിച്ചു നോക്കി.
"നീന്താന്‍ അറിയാവുന്നവര്‍ ആരോക്കെയുണ്ട് ? "
ഞങ്ങളില്‍ മിക്കവര്‍ക്കും നീന്തല്‍ വശമുണ്ട്.
"ശരി. നിങ്ങള്‍ ഇറങ്ങി തെരയുക. ഞങ്ങളും സഹായിക്കാം " ഒരു ഫയര്‍മാന്‍ നീന്തല്‍ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നുമായി എത്തി.
ഞങ്ങള്‍ കൂട്ടമായി വെള്ളത്തില്‍ ചാടി.
" വടക്കെമൂലയ്ക്ക് ഒരു ഗര്‍ത്തോണ്ട് ... അവിടാണെ പിന്നെ നോക്കേണ്ട .... കിട്ടൂല്ല. " പൂജാരി വലിയശ്ശന്‍ നീണ്ടു നരച്ച താടി തടവിക്കൊണ്ടു പറഞ്ഞു.

കണ്ണീര്‍ പോലെയുള്ള ജലത്തില്‍ ചേറ് കലങ്ങി നിറഞ്ഞുപൊന്തി.
" വെള്ളം വറ്റിക്കുന്നതാവും നല്ലത് " ആരോ അഭിപ്രായപ്പെട്ടു.
കുറെ തിരഞ്ഞു. ഫലം ഉണ്ടായില്ല എന്ന് പറയരുത് .
രായപ്പന്റെ ഏതാനും നാള്‍ മുമ്പ് കാണാതെ പോയ സൈക്കിള്‍--
അമ്പലത്തില്‍ നിന്നും നഷ്ട്ടപ്പെട്ട ഓട്ടുരുളി--
തുടങ്ങിയ പലതും ചേറില്‍ നിന്നും കണ്ടെടുത്തു. പിന്നെ, കാലാകാലങ്ങളായി നാട്ടുകാര്‍ കുളിച്ചിറക്കിയ അഴുക്കിന്റെയും അലക്കിയ വിഴുപ്പിന്റെയും ചില ബാക്കികളും .
പക്ഷെ പാപ്പന്റെ അംശം പോലും കണ്ടില്ല. ഇപ്പോള്‍ ഉമ്പുറുപ്പാപ്പന്റെ ദേഹം ആരെങ്കിലും പൊക്കിയെടുക്കും എന്ന് കരുതി മൊബൈല്‍ ക്യാമറകള്‍ തയ്യാര്‍ ചെയ്ത് വെച്ചവര്‍ നിരാശരായി.
പിന്നെ പാപ്പന്‍ എവിടെ പോയി ? 'പോലീസില്‍ അറിയിക്ക് ' എന്ന് പറഞ്ഞിട്ട് ഫയര്‍ വണ്ടി തലയെടുപ്പോടെ തിരികെപ്പോയി.
ദിവസങ്ങള്‍ കഴിഞ്ഞു . പാപ്പന്റെ ഒരു വിവരവും ഇല്ല. പരാതിക്കാര്‍ ആരും കാണിക്ക വെക്കാന്‍ ഇല്ലാത്തതിനാല്‍ അധികാരികള്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല. ഞങ്ങള്‍ വീണ്ടും സംശയത്തോടെ അമ്പലക്കുളത്തിനെ നോക്കി. പഞ്ചായത്ത് അത് വറ്റിച്ചു. തൊഴിലുറപ്പ് പദ്ധതിക്കാര്‍ ചെളി കോരി.
മെല്ലെ ഉറവകള്‍ കനിഞ്ഞ ജലം നിറഞ്ഞു.
കുളം വൃത്തിയായി.
മണിത്തുമ്പികള്‍ വീണ്ടും പുല്‍ക്കൊടിനാമ്പുകളില്‍ മാറിമാറിപ്പറന്നിരുന്ന് കിന്നാരം പറയുവാന്‍ തുടങ്ങി.
പാപ്പന്റെ വിവരം മാത്രം ഇല്ല.
ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......

Sunday, October 9, 2011

മീന്‍ (ചെറുകഥ)

മഴ കഴിയുമ്പോള്‍ പാറമടകളില്‍ ജലം കവിഞ്ഞ് കുളിര് നിറയ്ക്കും.
അതില്‍ ഇറങ്ങി തിമിര്‍ക്കുന്നത് പിന്നീട് എന്റെ പതിവാണ്.
മരണക്കുഴി എന്ന പേരുള്ളതുകൊണ്ടു മാത്രമല്ല, ഇപ്പോള്‍ കുളിമുറി പോതുശീലമായതിനാല്‍ ആ വഴി മറ്റാരും സാധാരണ വരാറില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ തെളിനീരില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിവില്ലാത്ത ഒരു അനക്കം . ഇതില്‍ മീനുണ്ടോ ? ഈ പറക്കുഴിയില്‍ !

ഒരു കുഞ്ഞ് മീനായിരുന്നു അത് . തിളക്കമുള്ള ചെറിയ ചിറകുകള്‍. കറുത്ത കുഞ്ഞിക്കണ്ണുകള്‍. അത് എങ്ങിനെ അവിടെ എത്തി എന്നറിയില്ല. ആ വെള്ളക്കെട്ടിലെ ഏകാന്തതയില്‍ മടുത്ത മട്ടില്‍ അത് എന്റെ നഗ്നമായ തുടകളില്‍ മുട്ടിയുരുമി. എന്തോ എന്നറിയില്ല.. എനിക്ക് അതിനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയിരുന്നു. പാറക്കുഴിയിലെ തണുത്ത വെള്ളത്തില്‍ നിന്നും കൈ കൊണ്ടു കോരി ഞാന്‍ അതിനെ പിടിയിലാക്കി . ഉള്ളം കൈയ്യിലെ ഇത്തിരി വെള്ളത്തിന്റെ തടവില്‍ നിന്നും ചാടി രക്ഷ പെടുവാന്‍ ശ്രമിക്കാതെ അത് എന്നെ സ്നേഹപൂര്‍വ്വം നോക്കി. ഒരു കൊറ്റിയെങ്കിലും തന്നെ തേടി പറന്നെത്തുമെന്ന് ഏറെ നാള്‍ അത് വ്യാമോഹിച്ചിരിക്കും. ആ ക്ഷീണം ആ കുഞ്ഞിക്കണ്ണുകളില്‍ തെളിഞ്ഞു കാണാം.

വീടെത്തുമ്പോള്‍ പതിവിലും വൈകി. വീടിന്റെ ഓരോ കോണുകളിലും അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ തെറിച്ചു കിടന്നു. എത്ര കാലമായി അതൊക്കെ അങ്ങിനെ പൊടിയില്‍ മൂടി, ഓര്‍ക്കുവാന്‍ ഇഷ്ട്ടപെടാത്ത ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഉള്ള നിയോഗവും പേറി കിടക്കുന്നു ? !

ഒരു ചെറിയ പാത്രം തിരഞ്ഞു കണ്ടുപിടിച്ചു . പിന്നീട് തോന്നി, അതിനു വലിപ്പം കുറവെന്ന് . അല്പം കൂടി വലിയ ഒരു പാത്രത്തിലേക്ക് പ്ലാസ്റ്റിക് കവറില്‍ നിന്ന് ആ കുഞ്ഞുമീനെ മാറ്റി. പാത്രത്തില്‍ കിട്ടിയ ആ സ്വാതന്ത്ര്യത്തില്‍ അത് നീന്തി തുടിച്ചു. ഏറെ നേരം ഞാന്‍ അത് കൌതുകത്തോടെ നോക്കിയിരുന്നു.
പാവം. വിശക്കുന്നുണ്ടാവും. അതിനു തീറ്റ നല്കേണം. എന്റെ വീട്ടില്‍ അത് സുഭിക്ഷതയോടെ വളരണം. അങ്ങനെ ചിന്തിച്ചിരിക്കെ, പടിക്കരികില്‍ വളകിലുക്കം കേട്ടു. ഓ... ഇന്ന് ഏതു ദിവസമാണ് ? അവള്‍ വരുമെന്ന് പറഞ്ഞ ദിവസം. അത് ഞാന്‍ മറന്നു. വളരെ പെട്ടന്ന് ഒരുങ്ങണം. അവള്‍ വാടകയ്ക് നല്‍കുന്നതാണ് സ്നേഹവും ദേഹവും. എങ്കിലും അത് ആര്‍ഭാടത്തോടെ അനുഭവിക്കണം. മുടക്കുന്ന പണം എങ്കിലേ മുതലാകൂ.
അവള്‍ വശ്യമായ ചിരിയോടെ അകത്തു കടന്നു. ഇതിനകം ഓടിപ്പോയി ഒരു നല്ല ഉടുപ്പ് അനിയുവാനും അല്പം തിളങ്ങുന്ന സുഗന്ധപ്പൊടി മുഖത്ത് തെക്കുവാനും മാത്രമേ കഴിഞ്ഞൊള്ളൂ.
അവളും ഭാര്യയെ കുറിച്ച് തിരക്കുന്നു. ഇതാണ് കഷ്ടം . എന്തിനാണ് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഇവരെല്ലാം ചോദിക്കുന്നത്. 'അവള്‍ പോയി' എന്ന് പറയുമ്പോള്‍ 'ഇനി വരില്ലേ ?' എന്നാവും അടുത്ത ചോദ്യം. 'ഇല്ല' എന്ന് പറഞ്ഞാല്‍ "ഇറങ്ങിപ്പോയോ അതോ മരിച്ചു പോയോ ?" എന്നാകാം പിന്നെ. മൌനം മറുപടി ആയപ്പോള്‍ അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. കാര്യം കഴിഞ്ഞ് അവള്‍ പണം വാങ്ങി ഇറങ്ങുമ്പോള്‍ പുറത്ത്‌ സ്കൂട്ടറിന്റെ ചിതറിയ ശബ്ദ കോലാഹലം . ആരോ പടി കടന്നു വരുന്നു . അത് അയാള്‍ ആയിരുന്നു .
"ആരാണ് പോയത് ? " വന്ന പാടെ അയാള്‍ ചോദ്യം ചെയ്യുന്നു . അയാളുടെ കയ്യിലെ ബാഗില്‍ മദ്യവും ഭക്ഷണപ്പൊതികളും കാണും . ഞാന്‍ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു .
"ഡാ ...നീ " അയാള്‍ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്തു ഊക്കോടെ വെച്ചു.
ബ്രാണ്ടിക്കുപ്പി ഏറെ വൈകിയാണ് കാലിയായത്. ഏതോ വിഷയത്തെ ചൊല്ലി അയാളുമായി പതിവില്‍ കൂടുതല്‍ തര്‍ക്കിച്ചു. പോരിന്റെ അന്ത്യത്തില്‍ അയാള്‍ എഴുനേറ്റിറങ്ങി കഷ്ട്ടപ്പെട്ട് സ്കൂട്ടര്‍ ഓടിച്ച് ഇരുട്ടിലേക്ക് മടങ്ങി. ഉറക്കത്തില്‍ തീ തുപ്പുന്ന ഭൂതക്കളരിയില്‍ ഭയന്ന് തളര്‍ന്ന് അടുത്ത പുലരിയിലേക്ക് ഉണര്‍ന്നു. പുലരിയുടെ മൃദുലതയിലേക്ക്...
അപ്പോള്‍മാത്രം പാത്രത്തിലെ മീനിന്റെ കാര്യം ഓര്‍മ്മവന്നു....പാവം മീന്‍ !
പാത്രത്തിലെ വെള്ളത്തില്‍ പൊങ്ങി മലര്‍ന്ന ആ ശരീരത്തെ പുറത്തേക്ക് എറിയുന്നതും കാത്ത് ഒരു കാക്ക വഴക്കയ്യില്‍ ഇരിക്കുന്നുണ്ടായിരുന്നു.