Sunday, March 20, 2011

ഹോളി ആഘോഷം

മഞ്ചാടിക്കുരു പെറുക്കി നടന്ന ഒരു ബാല്യം എനിക്ക് ഉണ്ടായിരുന്നു. എന്റെ ബാല്യം നഷ്ടപ്പെട്ട സമയം , ലോകവും ഏറെ മാറിക്കഴിഞ്ഞു.
പരന്ന കല്ലുകള്‍ അടുക്കി വച്ച് ഓലപ്പന്ത് എറിഞ്ഞു ഞങ്ങള്‍ ഒഴിവു കാലം ആസ്വദിച്ചു .

കശുവണ്ടിയുടെ കണക്കു പറഞ്ഞുള്ള ഒരു കളിയായിരുന്നു ഏറ്റവും ചെലവേറിയത്‌ എന്നും ഓര്‍ക്കുന്നു. പിന്നെ വീറും വാശിയും ഏറിയ കിളിമാശു കളി (കിളിത്തട്ടെന്നും പറയും) പൊടുന്നനെ എല്ലാം മാറി . മൂന്നു കമ്പുകള്‍ കുത്തി നിര്‍ത്തി ക്രിക്കറ്റ്‌ കളി എന്റെ നാട്ടിലും എത്തി. കുട്ടികള്‍ സുനില്‍ ഗവസ്കരുറെ ചിത്രങ്ങള്‍ ശേഖരിക്കുവാന്‍ തുടങ്ങി. അതിനകം എന്റെ കുട്ടിത്തം നഷ്ട്ടപ്പെട്ടിരുന്നു.

പിന്നെ വന്ന കുട്ടികള്‍ പഴഞ്ചന്‍ കളികള്‍ ഉപേക്ഷിച്ചു. ഇന്ന് എന്റെ ബജറ്റില്‍ അവരുടെ കളിക്കൊപ്പുകള്‍ക്ക് നല്ല തുക കണ്ടുവെക്കേണ്ട വരുന്നു. ഓലമടലുകള്‍ ബാറ്റുകളാക്കി കൊടുത്താല്‍ അവര്‍ അത് നമ്മുടെ മുഖത്തെറിയും തീര്‍ച്ച .

ചൈന നിര്‍മിത കളിക്കോപ്പുകള്‍ നമ്മള്‍ വിലക്കുറവു കണ്ടു വാങ്ങി കൂട്ടുന്നു . രണ്ടു ദിനത്തിനകം ഒടിഞ്ഞു പോയ ഒരു കളിപ്പാട്ടവും ആയി അവര്‍ എത്തും- പുതിയത് വേണം എന്നാ അവിശ്യവുമായി. പഴയ പമ്പരം വേഷം മാറി ബേബ്ലേഡ് എന്ന പേരില്‍ കുട്ടികളെ വട്ടം ചുറ്റിക്കുന്നു. സിനിമയിലെ പൊട്ടിത്തെറി അവരെ ഏറെ ആകര്‍ഷിക്കുന്നു.

പ്രകൃതിദത്തമായ ഓലയും വെള്ളക്കയും ( മച്ചിങ്ങ) പെറുക്കി വണ്ടി ഉണ്ടാക്കിയ കാലം പോയി. ഇന്നത്തെ തലമുറ നഗരങ്ങളില്‍ കുടിയേറുന്നു. അല്ലെങ്കില്‍ നഗരം തലമുറയെ വിഴുങ്ങുന്നു എന്നും പറയാം. പ്ലാസ്റ്റിക്‌ കവറില്‍ ജലം നിറച്ചു അക്രമം പഠിക്കുന്നു പുതിയ കുട്ടികള്‍ . ചിലവേറിയ നിറങ്ങള്‍ . പിച്കാരി എന്ന പമ്പ്‌. പുറത്തിറങ്ങിയാല്‍ നിറങ്ങള്‍ വാരിപ്പൂശുന്ന കാടത്തം .

പണ്ടു വിയര്‍പ്പു നനച്ച എന്റെ വസ്ത്രങ്ങളില്‍ ചെളിവെള്ളം കോരിയിട്ട്‌ അവര്‍ പകര്‍ന്നു തന്ന നനവ്‌ എന്നെ പൊള്ളിക്കുന്നു.