Monday, May 24, 2021

പൊതി

എന്തുകൊണ്ടെന്നറിയില്ല, പൊതിക്കെട്ട് അഴിക്കാനിരുന്നപ്പോള്‍ കൈകള്‍ വിറച്ചു. റബ്ബര്‍ബാന്റുകള്‍ മാറ്റി ന്യൂസ്‌പ്പേപ്പര്‍ തുറന്നു. അത്ര പഴയ പേപ്പറായിരുന്നില്ല അത്. ചിതകളുടെ ചിത്രം നിറഞ്ഞ ഒരു മുന്‍പേജ്.. ചില പീഡന വാര്‍ത്തകളില്‍ എണ്ണമയം പുരണ്ടിരുന്നു. ഇന്ത്യയുടെ ഭൂപടം പോലെ പരന്ന എണ്ണക്കറുപ്പ്.

ഇനി ഇല വിടര്‍ത്തണം. വാടിയ വാഴയിലയുടെ മണം പരന്നു. ഇലയുടെ മടക്കുകള്‍ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകളുടെ വിറയലേറി. തൈരൊഴിച്ച കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും കാണുമെന്നറിയാം. കൂടെ ഉപ്പേരിയുണ്ടാകുമോ? നാടന്‍ചീരയുടെ അവിയലുണ്ടാകുമൊ?

എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഒരു പൊതി തുറക്കുന്നത്? ഇല വിടര്‍ത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് എന്തോ ഉരുണ്ടിറങ്ങി താഴെവീണു. അശ്രദ്ധയെ സ്വയം പഴിച്ചുകൊണ്ട് തിരയുമ്പോള്‍ നിലത്തൊരു മാംസപിണ്ഡം. അത് സ്പന്ദിക്കുന്നു... നല്ലോര്‍മ്മകളുടെ കുപ്പായമിടുവിച്ച് ഞാന്‍ ചുമന്ന ഗൃഹാതുരതയുടെ വികൃതരൂപമോ അത്? പകച്ചുനിന്നപ്പോള്‍ അത് എന്നെനോക്കി പല്ലിളിക്കുന്നു...

==================================

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ 😞