Saturday, June 10, 2017

മഴ പിറുപിറുക്കുന്നത്

മഴ അങ്ങനൊന്നും പെയ്യത്തില്ല. മാനത്തു കറുത്തുരുണ്ടു നില്‍ക്കും. കാലാവസ്ഥ പറയുന്നവരെ പറ്റിച്ച് വെറുതെ നാണം കെടുത്തും. എന്നിട്ട് നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത നേരം ഒരൊറ്റ പെയ്താണ്. തൊടിയില്‍ ഉണക്കുവാന്‍ വച്ചത് നനയും. അലക്കി വിരിച്ചത് നനയും. കുറ്റിയില്‍ കെട്ടിയ പശുവും കിടാവും നനയും. മക്കള്‍ കുടയെടുക്കാതെ സ്കൂളില്‍ പോയല്ലോ എന്നോര്‍ത്ത് അമ്മമാര്‍ വിഷമിക്കും. സൂചന കൊടുത്തിട്ടും ഗൌനിക്കാതെ കുടയില്ലാതെ ഓഫീസില്‍ പോയ കണവനെ ഓര്‍ത്തു പെണ്ണുങ്ങളും വിഷമിക്കും. എങ്കിലും‍, പെയ്തു കൊണ്ടിരിക്കുമ്പോള്‍ മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത് "നിന്നെ ഞാന്‍ നനച്ചല്ലോ..." എന്ന വിഷമവര്‍ത്തമാനം ആണെപ്പോഴും.

Wednesday, May 24, 2017

സ്മൈലികള്‍ കൊണ്ടുള്ള ഗുണങ്ങള്‍

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇപ്പോള്‍ കാല്‍ നൂറ്റാണ്ടുകള്‍ ആയിരിക്കും. എങ്കിലും അനവസരങ്ങളില്‍ നിറം മാറുന്ന ഒരു ബഹുവര്‍ണ്ണ ചിത്രം പോലെ അവള്‍ ഉള്ളിലെന്നും ഉണ്ട്. അവസാനം കണ്ടത് ആര്‍ട്ട് ഗാലറിയില്‍ വച്ചായിരുന്നു എന്നും ഓര്‍മ്മയുണ്ട്. നവ മാധ്യമങ്ങളുടെ കാലത്തെ സൗഹൃദങ്ങളെപ്പോലെ ആയിരുന്നില്ല ഞങ്ങള്‍ കാത്തു സൂക്ഷിച്ച സൗഹൃദം. അതിനു ഊഷ്മളതയും ഭാസുരതയും ഏറെയുണ്ടായിരുന്നു. എങ്കിലും വീണ്ടും നവ മാധ്യമത്തിലൂടെ പരസ്പരം തൊട്ടു നിന്നപ്പോള്‍ എന്തോ ഒരു ആശങ്ക. സുഖാന്വേഷണങ്ങള്‍ക്ക് യാന്ത്രികമായ മറുപടി.
“ഇപ്പോള്‍ ഞാന്‍ പഴയപോലെ സുന്ദരിയല്ല. നിനക്കെന്നെ ഇഷ്ടമാവില്ല.” അവള്‍ കുറിക്കുന്നു. ശരീരത്തിന്റെ അഴകില്‍ എനിക്ക് മുന്‍പും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ മറുപടി എഴുതി.
“നീ എഴുതുന്നതു ചിലതൊക്കെ ഞാന്‍ വായിക്കാറുണ്ട്. നീ എന്നെ കുറിച്ചൊന്നും എഴുതാത്തത് എന്തെ ?” അവള്‍ ചോദിച്ചു. സത്യത്തില്‍ അവളെക്കുറിച്ച് എഴുതുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരുന്നു ഇത്രകാലം എഴുതിയതൊക്കെ,. അത് ഞാന്‍ അവളോട്‌ പറഞ്ഞില്ല. പകരം കുറെ സ്മൈലികള്‍ ഇട്ടുകൊടുത്തു. സ്മൈലികള്‍ കൊണ്ടുള്ള ഗുണം അതാണ്‌. നമുക്കുവേണ്ടി ആ ചിഹ്നങ്ങള്‍ കള്ളം പറയും..
-കണക്കൂര്‍ 25-മേയ് 2017

Sunday, March 19, 2017

ആ കാലം വരും - മിനിക്കഥ;

മിനിക്കഥ
ആ കാലം വരും
- - - - - - - - - - - - - -
ഗ്രാമത്തെ വരിഞ്ഞുമുറുക്കി ശ്വാസം  മുട്ടിക്കുകയാണ്  നഗരം. പൊരുതിത്തളർന്ന പെണ്ണിനെപ്പോലെ ഗ്രാമം കണ്ണുകൾ ഇറുക്കെപ്പൂട്ടി. വിജയ ഭാവത്തിൽ നഗരം ഗ്രാമത്തെ കുറച്ചു നേരത്തേക്ക് സ്വതന്ത്രമാക്കി. വരണ്ട ജലാശയങ്ങളും തരിശു വീണ വയലേലകളും ഒതുക്കിപ്പിടിച്ച് ഗ്രാമം നെടുവീർപ്പിട്ടു.
"വലിയ റോഡുകൾ. അംബരചുംബികളായ കെട്ടിടങ്ങൾ... പ്രത്യേകമായി രൂപകല്പന ചെയ്ത ഉദ്യാനങ്ങൾ .  എനിക്കു വഴങ്ങുന്നത് തന്നെ നിനക്ക് നല്ലത്..  അല്ലെങ്കിൽ വരണ്ടുണങ്ങി ആർക്കും വേണ്ടാത്ത ഇടമായി നീ മാറും. "    നഗരം അട്ടഹസിച്ചു.
ഗ്രാമം മെല്ലെ മുഖമുയർത്തി നോക്കി. പിന്നെ പറഞ്ഞു: -
" ശരിയാണ്. ഇതൊരു തിരിച്ചടിയാണ്.  പണ്ട് ഇവിടെയെല്ലാം വനമേഖല ആയിരുന്നു. ഞാൻ ഭീഷണിപ്പെടുത്തിയും നയം പറഞ്ഞും വനം മുഴുവനും കവർന്നു ഗ്രാമവത്കരിച്ചു. അന്നെനിക്ക് അറിയില്ലായിരുന്നു ഈ വിധി എനിക്കും  വരുമെന്ന് . അഹങ്കരിക്കേണ്ട നഗരമേ... ഒരു നാൾ നിന്നെ മരുഭൂമി വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുന്ന കാലം വരും.. കാത്തിരുന്നോ..."
ഗ്രാമം വീണ്ടും കണ്ണുകൾ പൂട്ടി ശ്വാസം അടക്കി വിധി കാത്തു കിടന്നു.

- കണക്കൂർ
 19-03-2017