Friday, December 15, 2017

നാടക രചന

കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖലയിലെ പ്രവാസികള്‍ക്കായി നടത്തിയ നാടക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അണുശക്തി നഗറിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തത് നല്ല അനുഭവം ആയിരുന്നു. മുംബെയില്‍ അഞ്ചു നാടകങ്ങളാണ് മത്സരത്തിനായി അരങ്ങേറിയത്. എല്ലാം കഴിഞ്ഞ് ഓരോ നാടകത്തിന്റെയും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രവും നല്‍കി. മേക്കപ്പ് ചെയ്ത ആളെ വരെ സ്റ്റേജില്‍ വിളിച്ചു. രസാവഹമായ കാര്യം ഒരു നാടകത്തിന്റെയും രചയിതാവിനെ പരാമര്‍ശിച്ചു കൂടിയില്ല എന്നതാണ്. എന്‍റെ ചില സുഹൃത്തുക്കള്‍ അരങ്ങിന്‍റെ പിന്നില്‍ ചെന്ന് സംഘാടകരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. അപ്പോള്‍ അവരെ ബോധിപ്പിക്കുവാന്‍ വേണ്ടി എന്നവണ്ണം എന്നെ സ്റ്റേജിലേക്ക് വിളിച്ചു. പിന്നെയാണ് രചയിതാവിന് നല്‍കുവാന്‍ ഒന്നും കരുതിയിട്ടില്ലല്ലോ എന്നവര്‍ക്ക് ബോധ്യം വന്നത് . ആരോ അവിടെ ഉപേക്ഷിച്ച ഒരു ബൊക്കെ എടുത്തു നല്‍കി സംഘാടകര്‍ തടി തപ്പിയത് ചിരിക്കുവാന്‍ വക നല്‍കി എങ്കിലും നാടക രചനയില്‍ പിന്നോക്കം പോകുന്ന ഒരു അവസ്ഥയെ കുറിച്ചു ചിന്തിപ്പിക്കുന്നു. (പിന്നീട് നേരില്‍ കണ്ടപ്പോള്‍ കേളി രാമചന്ദ്രന്‍ ജി ഒരു പുസ്തകം സമ്മാനം നല്‍കി എന്ന കാര്യം മറക്കുന്നില്ല.) നാടക രചനയില്‍ പൊതുവില്‍ പഴയ മട്ടുതന്നെ നില നില്‍ക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. പുതിയ പരീക്ഷണങ്ങള്‍ തീരെ നടക്കുന്നില്ല. സംവിധായകന്‍റെ പൊടിക്കൈകള്‍ കൊണ്ടാണ് മിക്ക നാടകങ്ങളും രക്ഷ പെടുന്നത്. സ്ത്രീ സാഹിത്യം മുതല്‍ ഇപ്പോള്‍ കാണുന്ന ഭക്ഷണ സാഹിത്യം, കടലോര സാഹിത്യം തുടങ്ങിയ പുതുപുത്തന്‍ ചേരിതിരിവുകള്‍ വരെ ഉണ്ടായിട്ടും നാടക സാഹിത്യ രംഗം ബലക്ഷയം നേരിടുന്നു. സിനിമയുടെ തിരകഥകള്‍ അച്ചടിച്ച് നല്ല നിലയില്‍ വിറ്റു പോയപ്പോഴും പുസ്തകമാക്കിയ നാടകങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല. നാടക രംഗത്ത് ഉണര്‍വിന്‍റെ കാലം ആണിത് . ഈ അവസരം മുതലെടുത്ത്‌ പുതിയ എഴുത്തുകാര്‍ ഈ രംഗത്തു കടന്നുവരും എന്നും, നല്ല നാടകങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു.

2 comments:

  1. ഒരു നാടകം കണ്ട കാലം തന്നെ മറന്നു.

    ReplyDelete
  2. സിനിമയുടെ തിരകഥകള്‍
    അച്ചടിച്ച് നല്ല നിലയില്‍ വിറ്റു
    പോയപ്പോഴും പുസ്തകമാക്കിയ
    നാടകങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല.
    നാടക രംഗത്ത് ഉണര്‍വിന്‍റെ കാലം ആണിത് . ഈ അവസരം മുതലെടുത്ത്‌ പുതിയ എഴുത്തുകാര്‍ ഈ രംഗത്തു കടന്നുവരും എന്നും, നല്ല നാടകങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു.

    ReplyDelete