Saturday, July 30, 2011

നാളുകള്‍ കടന്നുപോകെ..

ഒരുതുണ്ട് ഭൂമിയില്‍
ചെറിയൊരു കൂരവച്ച-
തിനുള്ളിലെന്‍ പ്രേമം നിറനിറച്ചു.

മിഴിതുറന്നവിരാമം
ചുവരുകളൊക്കെയും
ചെറുവിളക്കാമോദ പ്രഭ ചൊരിഞ്ഞു.

കുളിര്‍തെന്നലന്നേരം
ചങ്ങാതിയായ് വന്നു..
ഇടവിട്ടെന്‍ വാതിലില്‍ മെല്ലെ മുട്ടി..

ഒരുചെറു കിളിവന്നെന്റെ
മുറ്റത്തെ മണിമാവില്‍
ചെറു കൂട് പണിതെന്റയല്‍ക്കാരനായ്..

മുറ്റത്തെ പൂച്ചെടിമേല്‍ കരിവണ്ടുകള്‍
പറ്റമായെത്തി പൂക്കാലവുമായി..

ഒരുനാളില്‍ വരുമെന്റെ
കളികൂട്ടുകാരിയാ
കൂരയില്‍ കൂറും കുളിര്‍മ്മയുമായി.

കാലത്തിന്‍ കയ്കളില്‍ നാമെല്ലാം കാത്തുനി-
ന്നാടുന്ന വേഷങ്ങള്‍ മാത്രമല്ലോ ?
കിളിയുമാ കൂടുതീര്‍ത്തിണയുടെ വരവിനായ്
കളമൃദുഗാനങ്ങള്‍ ഏറെപ്പാടി..

(അങ്ങനെ കാത്തിരിപ്പിന്റെ നാളുകള്‍ കടന്നുപോകെ... )

ഈണങ്ങള്‍ നേര്‍ത്ത് പോയ്
വസന്തവും മാഞ്ഞുപോയ്
ഇണക്കിളി പെണ്ണവള്‍ വന്നതില്ല !

ഒരുനാളില്‍ ഞാനറിഞ്ഞിനിയാരുമില്ലയീ
ചെറുവീട്ടില്‍ വന്നെനിക്കിണയാകുവാന്‍ !

എവിടെ മറഞ്ഞെന്റെ
കളിക്കൂട്ടു പെണ്ണവള്‍ ?
പരമാര്‍ത്ഥമറിയാതെ ഞാനിരിക്കെ..

നിനയാതെ വീശിയ
ചെറുകാറ്റില്‍ കിളിക്കൂട്
നിലംപൊത്തി , പിന്നാലെയെന്‍... കൂരയും..

-കണക്കൂര്‍

Monday, July 25, 2011

മഴയ്ക്കായി അല്‍പ്പനേരം ..

"കറുകറ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നുള്ളും മൂര്‍ത്തേ..."
മഴ !
എന്റെ ജാലകത്തിന്റെ അപ്പുറത്ത് ചിന്നിയും പിന്നിയും ചിലച്ചും പിറുപിറുത്തും കുറേ നേരമായി. ഇനിയും മതിയാവാതെ വീണ്ടും വീണ്ടും പെയ്ത് വാശി കൂട്ടുന്ന ഒരു കുട്ടിയെ പോലെ.
എത്ര കവികള്‍ പാടി.. എത്ര കഥകള്‍.. സിനിമകള്‍ ...നനഞ്ഞു കുതിര്‍ന്ന എത്ര മഴച്ചിത്രങ്ങള്‍ !
"രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും ..... നീണ്ടു മുടിയിട്ടുലച്ചു മുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെ പോലെ....." സുഗതകുമാരി ടീച്ചറിന്റെ വരികള്‍ ഓര്‍ക്കുന്നുവോ ?

മഴ നനഞ്ഞോടിയ ബാല്യം മറന്നുവോ ? അന്ന് ചേച്ചിയുടെ കുടക്കീഴില്‍ അനുവദിച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത് നടന്നപ്പോള്‍ ഇടത്തേ തോളില്‍ മഴ വാശിയോടെ വെള്ളം കോരിയൊഴിച്ചു. മഴച്ചാറ്റലില്‍ കുടയില്ലാതെ വന്ന സുഹൃത്തിനെ കുടയിലേക്ക്‌ ക്ഷണിച്ചതും അതിനു പകരം അവന്‍ നാരങ്ങാ മിട്ടായി വാങ്ങി തന്നതും മറന്നുവോ ?

മാനത്ത് എവിടെ നിന്നോ പിറന്ന് ഭൂമി തേടിയെത്തുന്ന മഴത്തുള്ളികളെ.. എന്താണ് നിങ്ങളുടെ നിയോഗം ? ആകാശത്തിന്റെ ഏതു കോണിലാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ! അവിടെ മഴവില്ലുണ്ട്‌ അല്ലെ ? ആ ഏഴ് നിറങ്ങള്‍ തഴുകിയല്ലേ നിങ്ങള്‍ വരുന്നത്.. ? നിങ്ങള്‍ കൊണ്ടുവരുന്ന തണുപ്പ് ഞങ്ങളുടെ ഹൃദയത്തിന്റെ ചൂടാറ്റുന്നു. ആ തണുപ്പില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചുറങ്ങും. ആ സംഗീതം എനിക്ക് താരാട്ടാണ്. മൂടി പുതച്ചുള്ള ആ കിടപ്പില്‍ വീണ്ടും ഒത്തിരി കിനാമഴകള്‍ !

ചിലപ്പോള്‍ അമ്മയ്ക്ക് അയയില്‍ ഉണക്കാനിട്ട തുണികളെ കുറിച്ചോര്‍ത്തു പേടിയായിരുന്നു. എപ്പഴാണ് പെയ്ത്ത് എന്നറിയില്ലല്ലോ ? അന്നേരം ഒരു ഓട്ടമുണ്ട്‌. "അയ്യോ .. തുണിയെല്ലാം നനയും.. " എന്ന് നിലവിളിയോടെ. ഇന്നത്തെ പെണ്ണുങ്ങള്‍ക്ക്‌ - ആ പേടി- അതില്ല. കറങ്ങുന്ന യന്ത്രത്തിന്റെ അകത്ത് ഉണക്കുമ്പോള്‍ ആ പേടി വേണ്ടല്ലോ ?

മഴയത്ത് ചിറകൊതുക്കി ഇരിക്കുന്ന കിളികളെ നോക്കിയിട്ടുണ്ടോ ? അവയ്ക്ക് ഒരു പരിഭവവും ഇല്ല. രണ്ടില നല്‍കിയ ചെറിയ മറയില്‍ ഇണക്കിളികള്‍ തൊട്ടുരുമി ഇരിക്കുന്നു. അപ്പോള്‍ വീശിയ ചെറു കാറ്റില്‍ മരം പെയ്യും. ഓരോ ഇലയും പെയ്ത്ത് വെള്ളം നനഞ്ഞ സുന്ദരിയെ പോലെ നാണിക്കും. ഒരു തുള്ളി ജലത്തോടൊപ്പം അടര്‍ന്നു വീഴുന്ന ഒരു പഴുത്തില ഭൂമിയില്‍ പതിക്കുമ്പോള്‍ മഴത്തുള്ളീ .. നീ മിഴിനീരാകുമോ ?

ഓരോ തുള്ളികളും ഒരു നീര്‍ച്ചാല്‍ ആയി മാറുന്നു. പിന്നെ കുഞ്ഞു തോടുകള്‍ .. അരുവികള്‍ .. പിന്നെ പോയിപ്പോയി പുഴയായി ... കടലായി.. അതെ .. മഹാസാഗരം നിന്റെ സൃഷ്ടിയാണ്. ആ യാത്രയില്‍ നിനക്ക് അഹങ്കരിക്കുവാന്‍ ഏറെയുണ്ട്. എങ്കിലും എത്ര ലാളിത്യമാണ് മഴേ നിനക്ക്. കുത്തിയൊലിച്ചു പോകുമ്പോഴും നീ ഞങ്ങളെ കാണുമ്പോള്‍ ഒന്ന് നില്‍ക്കും. കുശലം പറയുവാന്‍. ഒരിക്കല്‍ പേമാരിയായി പെയ്ത്‌ പിന്നെ നാല്പതാം നമ്പര്‍ നൂല്‍ മഴയായി നീ മാറുന്നുവല്ലോ ? ചിലപ്പോള്‍ കാറ്റിനെ കൂട്ട് പിടിച്ച് നിന്റെ ഒരു വേല.. അതും ഞങ്ങള്‍ക്കറിയാം. പെണ്ണുങ്ങളുടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളില്‍ നീ ഞങ്ങള്‍ക്ക് കുസൃതി തോന്നിപ്പിക്കും. കള്ളന്‍ .. എങ്കിലും ഉണങ്ങുവാന്‍ സമ്മതിക്കാതെ നീ പിന്നെയും പിന്നെയും പെയ്തിറങ്ങുന്നു അല്ലെ ? ചേമ്പിലയില്‍ ഉരുണ്ടു മറിഞ്ഞ നിന്നെ വീഴാതെ , തുളുമ്പാതെ ഞാന്‍ ഒരിക്കല്‍ കട്ടുകൊണ്ടു പോയി.. ഒരു മണി മുത്തായി നീ അവിടെ നൃത്തം ചെയ്തു. അപ്പോള്‍ കളികൂട്ടുകാരി കൈ തട്ടി വീഴ്ത്തിയ കുറുമ്പില്‍ ഞാന്‍ കരഞ്ഞത് മഴേ നീ ഓര്‍ക്കുന്നുണ്ടോ .. അപ്പോള്‍ നീ എന്നോട് സ്വകാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ ?

"എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി.." മലയാളികള്‍ ഏറെ കേട്ട ആല്‍ബത്തിലെ വരികള്‍ നമുക്കെത്ര ഇഷ്ടം.

മഴ ബാല്യത്തില്‍ ഭ്രാന്തു പിടിപ്പിക്കുന്ന വികാരമായി മാറും. കുട്ടികളെ എത്ര അടക്കി പിടിച്ചാലും അവര്‍ മഴയുടെ മാസ്മരിക ഭാവത്തിലേക്കു കുതിച്ചോടും. മഴയില്‍ അവര്‍ ആനന്ദിക്കുന്നത് പോലെ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ആകില്ല. മഴ അവരെ നനയിപ്പിക്കുവല്ല.. തന്റെ മൃദുലകരങ്ങള്‍ കൊണ്ടു തലോടി കൊടുക്കുകയാണ് . അതിനിടയില്‍ മഴ നമ്മള്‍ കേള്‍ക്കാതെ അവരുടെ ചെവിയില്‍ എന്തോ പറയുന്നുണ്ടാവാം. അതല്ലേ കുട്ടികള്‍ തുള്ളിച്ചാടി പൊട്ടിച്ചിരിക്കുന്നത് ?

മഴ ഉണ്ടാകുന്നത് എങ്ങനെ ? ജലം ആവിയായി പോയി മലമടക്കുകളിലെ കാടുകളില്‍ തടഞ്ഞു ഘനീഭവിച്ചു തുള്ളിയായി പെയ്യുമെന്ന് യൂ പീ സ്കൂളിലെ സാര്‍ പണ്ടു കള്ളം പറഞ്ഞു. പിന്നീട് കൂട്ടുകാരി പറഞ്ഞുതന്നു -'മാലാഖമാരാന് മഴ കൊണ്ടുവരുന്നത് ' എന്ന സത്യം. അവര്‍ സ്വര്‍ഗത്തില്‍ നിന്നും കട്ടെടുത്ത് ഭൂമിയില്‍ തൂകുമത്രേ. അവരുടെ മോഹമാണത്രേ മഴയുടെ കാന്തി.
ജലത്തിന്റെ ഊക്കില്‍ ഒലിച്ചിറങ്ങുന്ന മോഹങ്ങള്‍.. എന്നിട്ട് നനഞ്ഞ ചിറകിളക്കി മാലാഖമാര്‍ പറന്നകന്നു പോകും!!
സത്യം. ഞാന്‍ കണ്ടിട്ടൊണ്ട്. മൃദുലമായ ചിറകടിച്ചു അവര്‍ പറന്നു പോകുന്നത്.

ഒരിക്കല്‍, ചോര്‍ന്നൊലിക്കുന്ന ഒരു മുറിയില്‍ നനഞ്ഞു പോയത് എന്റെ ദുഃഖം ആയിരുന്നു. മച്ചു പാളികളുടെ ഇടയിലൂടെ ഊര്‍ന്ന് എന്നെ തേടിയെത്തിയ മഴതുള്ളി. ഓടുകളുടെ വിടവില്‍ ഓലക്കണ തിരുകിനോക്കി എങ്കിലും ഒടുക്കം ഞാന്‍ ചോര്‍ച്ചയോടു തോറ്റു. എന്റെ അവശേഷിപ്പുകള്‍ കുതിര്‍ന്നു. അനങ്ങുവാന്‍ കഴിയാതെ ഇരുന്ന ഞാന്‍ തരിച്ചെത്തിയ നനവില്‍ ഒന്നറിഞ്ഞു. എന്റെ വിഷാദവും അലിഞ്ഞിറങ്ങുന്നത് . അതിനു ഞാന്‍ നിന്നോട് നന്ദി രേഖപ്പെടുത്തുന്നു.

തൂവാനം എന്നെ തേടി എത്തുന്നു. എന്തെ പുറത്തേക്കു വരാത്തേ എന്നാണ് ചോദ്യം.
ഉം. വരാം.. എനിക്കൊന്നു നനയണം.
മഴത്തുള്ളിക്കിലുക്കത്തില്‍ സ്വയം മറന്നു നില്‍ക്കണം.

എങ്കിലും ചിലപ്പോള്‍ എനിക്ക് പിണക്കമാണ്. പെയ്യുവാന്‍ കൂട്ടാക്കാതെ മാനത്ത് എവിടെയോ മേഘകൂട്ടില്‍ ഒളിച്ചിരിക്കില്ലേ നീ... എന്റെ ചൂടും വിയര്‍പ്പും വിമ്മിഷ്ടവും പിന്നെ, ചൂടില്‍ കുരുക്കുന്ന എന്റെ പിരിമുറുക്കങ്ങളും. കുത്തി നോവിക്കുന്ന വെയിലിന്റെ മുനകള്‍ ഏറ്റ എന്റെ മനസ്സില്‍ നിന്റെ ദാഹം നിറയുന്ന വേളയില്‍, അത് കണ്ടില്ല എന്ന് നടിച്ച് പെയ്തിറങ്ങുവാന്‍ മടിച്ച് സൂര്യനോട് കിന്നരിച്ച് നീ ആകാശപ്പറവയായി മേവുമ്പോള്‍, മൌനം മുറിഞ്ഞു നീ വീഴുന്നത് നോക്കി ഞാന്‍ പിണങ്ങി ഇരിക്കും..

ഇപ്പോള്‍ ഞാന്‍ ആ വരികള്‍ ഓര്‍ക്കുന്നു.. "ഓരോ മഴപെയ്തു തോരുമ്പോഴും എന്റെ ഓര്‍മയില്‍ വേദനയാം ഒരു നൊമ്പരം.. ഒരു മഴ പെയ്തെങ്കില്‍..ഒരു മഴ പെയ്തെങ്കില്‍.. " അനില്‍ പനച്ചൂരാന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികള്‍..

Saturday, July 2, 2011

പരിഭവം ഇല്ലാതെ (mini story)

നിറഞ്ഞ ചെളിക്കെട്ടില്‍ കുടുങ്ങിയ വരണ്ട ആത്മാവും പേറി കാളിനദി പരിഭവം ഇല്ലാതെ അങ്ങനെ ഒഴുകുന്നു.

ഒരുനാള്‍ ഉച്ചചൂടില്‍ അടച്ചുറപ്പുകള്‍ക്കുള്ളില്‍ ഇരിക്കുവാന്‍ ആവാതെ പുറത്തേക്ക് ഇറങ്ങിനടന്നു. എത്തിയത് കാളിനദിയുടെ തീരത്തായിരുന്നു. അപ്പോള്‍ ഇടവച്ചൂടില്‍ അഴിച്ചിട്ട മുടിയുമായി കിഴക്കുനോക്കി ഇരിക്കുന്നു കാളി..

മനസിലെ കാളി രുദ്രയായിരുന്നു . കാലില്‍ ആകാശച്ചിലമ്പുകള്‍ ! കണ്ണില് തീ. പക്ഷെ ഇപ്പോള്‍ അവള്‍ വിഷാദ വിവശ ! അവള്‍ എന്നെ അനുകമ്പയോടെ നോക്കി.

"കഥ കേള്‍ക്കാന്‍ ഇഷ്ടമാണോ ? " അവള്‍ ചോദിച്ചു .

ആര്‍ക്കാണ് കഥ കേള്‍ക്കാന്‍ ഇഷ്ടം അല്ലാത്തത് ? കാളി ഒരു കഥ പറഞ്ഞു.

- നദിക്കരയില്‍ എക്കലടിഞ്ഞുയര്‍ന്ന തുണ്ട് ഭൂമിയില്‍ പുല്ലു മേഞ്ഞ ഒരു കൂരയില്‍ ഒരു ബാലന്‍ തനിച്ചു താമസിച്ചിരുന്നു. അവന്‍ എവിടെ നിന്ന് വന്നു എന്നൊന്നും ഗ്രാമത്തില്‍ ആര്‍ക്കും അറിയില്ല.

അവനു സ്വന്തമായി ഒരു പേര് പോലും ഇല്ലായിരുന്നു.

എവിടെ നിന്നോ ഒരു ദിനം അവന്‍ അവിടെ വന്നണഞ്ഞു. പുല്ലു മേഞ്ഞു ഒരു കൂര തീര്‍ത്തു . നദിയില്‍ നിന്നും മീന്‍ പിടിച്ച് ചന്തയില്‍ വിറ്റ് അവന്‍ അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തി. നല്ല മീനുകളെ അവന്‍ ചൂണ്ടയില്‍ പിടിച്ചു. നല്ല മീന്‍ കിട്ടിയപ്പോള്‍ നാട്ടുകാര്‍ അവനെ സ്നേഹിച്ചു.

ഗ്രാമത്തിലെ ഒരു മൂപ്പനും മൂപ്പത്തിക്കും മാത്രം ഇതൊന്നും ഇഷ്ടപ്പെട്ടില്ല. അതുവരെ ഗ്രാമത്തിനു മുഴുവന്‍ മീന്‍ നല്കിയിരുന്നത് മൂപ്പന്‍ ആയിരുന്നല്ലോ ? പഴകിയതും ഗുണം കുറഞ്ഞതുമായ മത്സ്യം ആയിരുന്നു മൂപ്പന്‍ വിറ്റത്. ജനം മൂപ്പന്റെ അടുക്കല്‍ ചെല്ലാതായി. ബാലന്‍ ഇത് തുടര്‍ന്നാല്‍ തങ്ങള്‍ കഷ്ടത്തിലാകും എന്ന് മൂപ്പന്‍ ഭയന്നു.

"എല്ലാവര്‍ക്കും അവന്‍ പിടിക്കുന്ന മീന്‍ മതി. ഇങ്ങനെ പോയാല്‍ നമ്മള് എന്തു ചെയ്യും ? " മൂപ്പന്‍ ചോദിച്ചു.

" ഇവിടെ എല്ലാവര്‍ക്കും അവന്റെ കാര്യമേ പറയാനുള്ളൂ. ആ തെണ്ടിച്ചെറുക്കനെ എന്തെങ്കിലും ഉടന്‍ ചെയ്യണം." - മൂപ്പത്തി

" നമ്മളിനി എന്ത് ചെയ്യും ? " മൂപ്പന്‍

"വഴിയുണ്ട് ... നമുക്ക് നദിയില് നഞ്ച് കലക്കാം " മൂപ്പത്തി പദ്ധതി പറഞ്ഞു.

അവര്‍ മലയിടുക്കില്‍ ചെന്ന് വിഷച്ചെടിയുടെ ഇലയും പൂവും കായും പറിച്ച് ഇടിച്ചു പിഴിഞ്ഞ് ആ രാത്രി തന്നെ നദിയുടെ നെറുകയില്‍ കലക്കി. കുറച്ചു വിഷം ആരും കാണാതെ ബാലന്റെ കൂരയിലും കൊണ്ടിട്ടു .

നദിയിലെ മീനുകള്‍ എല്ലാം ചത്ത്‌ പൊന്തി. അത് ജലപ്പരപ്പില്‍ ഭയാനക കാഴ്ചയായി.
ഓടിക്കൂടിയ നാട്ടുകാരോട് മൂപ്പന്‍ പറഞ്ഞു. " ഈ തെണ്ടിച്ചെറുക്കന്‍ ആണ് ഇതിനെല്ലാം കാരണം. അവനാണ് നദിയില്‍ നഞ്ചു കലക്കിയത്. "

ജനം ആര്‍ത്തലച്ചു ബാലന്റെ കൂരയില്‍ എത്തി. അവന് ഒന്നും പറയുവാന്‍ ഇല്ലായിരുന്നു. നാട്ടുക്കൂട്ടം അവനെ മര്‍ദ്ദിച്ചു. അവശനായ അവന്റെ വായില്‍ ബാകിയിരുന്ന വിഷം കുത്തിത്തിരുകി. ചേതനയറ്റ ആ ശരീരം നദിയില്‍ ഉപേക്ഷിച്ചു. മൂപ്പനും മൂപ്പത്തിയും മാറിനിന്ന് ചിരിച്ചു.

നദി കഥ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ അവളുടെ കണ്ണുകളില്‍ ആയിരുന്നു നദി.

" നോക്കൂ ...ജലം നദിയുടെ ദേഹമാണ് . അതിലെ ആത്മാവാണ് ഒഴുക്ക്. ഓളങ്ങളിലൂടെ നദി സംവദിക്കുന്നു. മഴയായി അണയുകയും ആവിയായി മറയുകയും ചെയ്യുന്നു . നൂറ്റാണ്ടുകളായി ഒഴുകിപ്പരന്ന് ജീവന് ഹേതുവാകുന്നു. "

അവളുടെ കണ്ണുനീരിന്റെ നിറം നദിയില്‍ കലര്‍ന്നു.

"എല്ലാ അഴുക്കും തള്ളിവിടുന്ന കുപ്പതോട്ടിയാണ് ഞാന്‍. എനിക്ക് പരിഭവം ഇല്ല എങ്കിലും ...." പൂര്‍ത്തിയാകാത്ത ആ വാചകം എന്നിലേക്കെറിഞ്ഞ് പാറിപ്പറന്ന മുടിയുമായി അവള്‍ കാടിനഭിമുഖമായി നിന്ന് സൂര്യനെ തൊഴുതു. പിന്നെ ഓളങ്ങളായി മറഞ്ഞു !!

ഞാന്‍ ഒരു കുമ്പിള്‍ ജലം കൈകളാല്‍ കോരിയെടുത്തു. അതില്‍ മെല്ലെ മുഖം അമര്‍ത്തി . എനിക്ക് മനസ്സിലായി. ഞാന്‍ വേണം കാവലാളായി. അല്ലെങ്കില്‍ അവസാനത്തെ തുള്ളി ജലവും മലിനമായിക്കഴിഞ്ഞു മാത്രം നാമറിയും...ഇനി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല എന്ന് !!


-a mini story by kanakkoor...