ഒരുതുണ്ട് ഭൂമിയില്‍
ചെറിയൊരു കൂരവച്ച-
തിനുള്ളിലെന്‍ പ്രേമം നിറനിറച്ചു.
മിഴിതുറന്നവിരാമം
ചുവരുകളൊക്കെയും
ചെറുവിളക്കാമോദ പ്രഭ ചൊരിഞ്ഞു.
കുളിര്‍തെന്നലന്നേരം
ചങ്ങാതിയായ് വന്നു..
ഇടവിട്ടെന്‍ വാതിലില്‍ മെല്ലെ മുട്ടി..
ഒരുചെറു കിളിവന്നെന്റെ
മുറ്റത്തെ മണിമാവില്‍
ചെറു കൂട് പണിതെന്റയല്‍ക്കാരനായ്..
മുറ്റത്തെ പൂച്ചെടിമേല്‍ കരിവണ്ടുകള്‍
പറ്റമായെത്തി പൂക്കാലവുമായി..
ഒരുനാളില്‍ വരുമെന്റെ
കളികൂട്ടുകാരിയാ
കൂരയില്‍ കൂറും കുളിര്‍മ്മയുമായി.
കാലത്തിന്‍ കയ്കളില്‍ നാമെല്ലാം കാത്തുനി-
ന്നാടുന്ന വേഷങ്ങള്‍ മാത്രമല്ലോ ?
കിളിയുമാ കൂടുതീര്‍ത്തിണയുടെ വരവിനായ്
കളമൃദുഗാനങ്ങള്‍ ഏറെപ്പാടി..
(അങ്ങനെ കാത്തിരിപ്പിന്റെ നാളുകള്‍ കടന്നുപോകെ... )
ഈണങ്ങള്‍ നേര്‍ത്ത് പോയ്
വസന്തവും മാഞ്ഞുപോയ്
ഇണക്കിളി പെണ്ണവള്‍ വന്നതില്ല !
ഒരുനാളില്‍ ഞാനറിഞ്ഞിനിയാരുമില്ലയീ
ചെറുവീട്ടില്‍ വന്നെനിക്കിണയാകുവാന്‍ !
എവിടെ മറഞ്ഞെന്റെ
കളിക്കൂട്ടു പെണ്ണവള്‍ ?
പരമാര്‍ത്ഥമറിയാതെ ഞാനിരിക്കെ..
നിനയാതെ വീശിയ
ചെറുകാറ്റില്‍ കിളിക്കൂട്
നിലംപൊത്തി , പിന്നാലെയെന്‍... കൂരയും..
-കണക്കൂര്‍
No comments:
Post a Comment