Saturday, July 2, 2011

പരിഭവം ഇല്ലാതെ (mini story)

നിറഞ്ഞ ചെളിക്കെട്ടില്‍ കുടുങ്ങിയ വരണ്ട ആത്മാവും പേറി കാളിനദി പരിഭവം ഇല്ലാതെ അങ്ങനെ ഒഴുകുന്നു.

ഒരുനാള്‍ ഉച്ചചൂടില്‍ അടച്ചുറപ്പുകള്‍ക്കുള്ളില്‍ ഇരിക്കുവാന്‍ ആവാതെ പുറത്തേക്ക് ഇറങ്ങിനടന്നു. എത്തിയത് കാളിനദിയുടെ തീരത്തായിരുന്നു. അപ്പോള്‍ ഇടവച്ചൂടില്‍ അഴിച്ചിട്ട മുടിയുമായി കിഴക്കുനോക്കി ഇരിക്കുന്നു കാളി..

മനസിലെ കാളി രുദ്രയായിരുന്നു . കാലില്‍ ആകാശച്ചിലമ്പുകള്‍ ! കണ്ണില് തീ. പക്ഷെ ഇപ്പോള്‍ അവള്‍ വിഷാദ വിവശ ! അവള്‍ എന്നെ അനുകമ്പയോടെ നോക്കി.

"കഥ കേള്‍ക്കാന്‍ ഇഷ്ടമാണോ ? " അവള്‍ ചോദിച്ചു .

ആര്‍ക്കാണ് കഥ കേള്‍ക്കാന്‍ ഇഷ്ടം അല്ലാത്തത് ? കാളി ഒരു കഥ പറഞ്ഞു.

- നദിക്കരയില്‍ എക്കലടിഞ്ഞുയര്‍ന്ന തുണ്ട് ഭൂമിയില്‍ പുല്ലു മേഞ്ഞ ഒരു കൂരയില്‍ ഒരു ബാലന്‍ തനിച്ചു താമസിച്ചിരുന്നു. അവന്‍ എവിടെ നിന്ന് വന്നു എന്നൊന്നും ഗ്രാമത്തില്‍ ആര്‍ക്കും അറിയില്ല.

അവനു സ്വന്തമായി ഒരു പേര് പോലും ഇല്ലായിരുന്നു.

എവിടെ നിന്നോ ഒരു ദിനം അവന്‍ അവിടെ വന്നണഞ്ഞു. പുല്ലു മേഞ്ഞു ഒരു കൂര തീര്‍ത്തു . നദിയില്‍ നിന്നും മീന്‍ പിടിച്ച് ചന്തയില്‍ വിറ്റ് അവന്‍ അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തി. നല്ല മീനുകളെ അവന്‍ ചൂണ്ടയില്‍ പിടിച്ചു. നല്ല മീന്‍ കിട്ടിയപ്പോള്‍ നാട്ടുകാര്‍ അവനെ സ്നേഹിച്ചു.

ഗ്രാമത്തിലെ ഒരു മൂപ്പനും മൂപ്പത്തിക്കും മാത്രം ഇതൊന്നും ഇഷ്ടപ്പെട്ടില്ല. അതുവരെ ഗ്രാമത്തിനു മുഴുവന്‍ മീന്‍ നല്കിയിരുന്നത് മൂപ്പന്‍ ആയിരുന്നല്ലോ ? പഴകിയതും ഗുണം കുറഞ്ഞതുമായ മത്സ്യം ആയിരുന്നു മൂപ്പന്‍ വിറ്റത്. ജനം മൂപ്പന്റെ അടുക്കല്‍ ചെല്ലാതായി. ബാലന്‍ ഇത് തുടര്‍ന്നാല്‍ തങ്ങള്‍ കഷ്ടത്തിലാകും എന്ന് മൂപ്പന്‍ ഭയന്നു.

"എല്ലാവര്‍ക്കും അവന്‍ പിടിക്കുന്ന മീന്‍ മതി. ഇങ്ങനെ പോയാല്‍ നമ്മള് എന്തു ചെയ്യും ? " മൂപ്പന്‍ ചോദിച്ചു.

" ഇവിടെ എല്ലാവര്‍ക്കും അവന്റെ കാര്യമേ പറയാനുള്ളൂ. ആ തെണ്ടിച്ചെറുക്കനെ എന്തെങ്കിലും ഉടന്‍ ചെയ്യണം." - മൂപ്പത്തി

" നമ്മളിനി എന്ത് ചെയ്യും ? " മൂപ്പന്‍

"വഴിയുണ്ട് ... നമുക്ക് നദിയില് നഞ്ച് കലക്കാം " മൂപ്പത്തി പദ്ധതി പറഞ്ഞു.

അവര്‍ മലയിടുക്കില്‍ ചെന്ന് വിഷച്ചെടിയുടെ ഇലയും പൂവും കായും പറിച്ച് ഇടിച്ചു പിഴിഞ്ഞ് ആ രാത്രി തന്നെ നദിയുടെ നെറുകയില്‍ കലക്കി. കുറച്ചു വിഷം ആരും കാണാതെ ബാലന്റെ കൂരയിലും കൊണ്ടിട്ടു .

നദിയിലെ മീനുകള്‍ എല്ലാം ചത്ത്‌ പൊന്തി. അത് ജലപ്പരപ്പില്‍ ഭയാനക കാഴ്ചയായി.
ഓടിക്കൂടിയ നാട്ടുകാരോട് മൂപ്പന്‍ പറഞ്ഞു. " ഈ തെണ്ടിച്ചെറുക്കന്‍ ആണ് ഇതിനെല്ലാം കാരണം. അവനാണ് നദിയില്‍ നഞ്ചു കലക്കിയത്. "

ജനം ആര്‍ത്തലച്ചു ബാലന്റെ കൂരയില്‍ എത്തി. അവന് ഒന്നും പറയുവാന്‍ ഇല്ലായിരുന്നു. നാട്ടുക്കൂട്ടം അവനെ മര്‍ദ്ദിച്ചു. അവശനായ അവന്റെ വായില്‍ ബാകിയിരുന്ന വിഷം കുത്തിത്തിരുകി. ചേതനയറ്റ ആ ശരീരം നദിയില്‍ ഉപേക്ഷിച്ചു. മൂപ്പനും മൂപ്പത്തിയും മാറിനിന്ന് ചിരിച്ചു.

നദി കഥ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ അവളുടെ കണ്ണുകളില്‍ ആയിരുന്നു നദി.

" നോക്കൂ ...ജലം നദിയുടെ ദേഹമാണ് . അതിലെ ആത്മാവാണ് ഒഴുക്ക്. ഓളങ്ങളിലൂടെ നദി സംവദിക്കുന്നു. മഴയായി അണയുകയും ആവിയായി മറയുകയും ചെയ്യുന്നു . നൂറ്റാണ്ടുകളായി ഒഴുകിപ്പരന്ന് ജീവന് ഹേതുവാകുന്നു. "

അവളുടെ കണ്ണുനീരിന്റെ നിറം നദിയില്‍ കലര്‍ന്നു.

"എല്ലാ അഴുക്കും തള്ളിവിടുന്ന കുപ്പതോട്ടിയാണ് ഞാന്‍. എനിക്ക് പരിഭവം ഇല്ല എങ്കിലും ...." പൂര്‍ത്തിയാകാത്ത ആ വാചകം എന്നിലേക്കെറിഞ്ഞ് പാറിപ്പറന്ന മുടിയുമായി അവള്‍ കാടിനഭിമുഖമായി നിന്ന് സൂര്യനെ തൊഴുതു. പിന്നെ ഓളങ്ങളായി മറഞ്ഞു !!

ഞാന്‍ ഒരു കുമ്പിള്‍ ജലം കൈകളാല്‍ കോരിയെടുത്തു. അതില്‍ മെല്ലെ മുഖം അമര്‍ത്തി . എനിക്ക് മനസ്സിലായി. ഞാന്‍ വേണം കാവലാളായി. അല്ലെങ്കില്‍ അവസാനത്തെ തുള്ളി ജലവും മലിനമായിക്കഴിഞ്ഞു മാത്രം നാമറിയും...ഇനി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല എന്ന് !!


-a mini story by kanakkoor...

4 comments:

  1. എനിക്ക് മനസ്സിലായി

    ReplyDelete
  2. >>നോക്കൂ ...ജലം നദിയുടെ ദേഹമാണ് . അതിലെ ആത്മാവാണ് ഒഴുക്ക്. ഓളങ്ങളിലൂടെ നദി സംവദിക്കുന്നു. മഴയായി അണയുകയും ആവിയായി മറയുകയും ചെയ്യുന്നു . നൂറ്റാണ്ടുകളായി ഒഴുകിപ്പരന്ന് ജീവന് ഹേതുവാകുന്നു.<<

    പലരും തിരിച്ചറിയാതെപോകുന്നൊരു സത്യം:))

    ReplyDelete
  3. നല്ല കഥ.ജലത്തിൽ നഞ്ചുകലക്കുന്ന ഒരു കാലത്ത് വളരെ പ്രസക്തം.

    ReplyDelete
  4. നന്ദി കലാവല്ലഭന്‍, നികു , ശ്രീനാഥന്‍.... അവസാന വെള്ളവും മലിനമായി കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും , പണം കൊണ്ട് ഒരു കാര്യവും ഇല്ല എന്ന്.

    ReplyDelete