Tuesday, September 18, 2012

തോവാളപ്പൂക്കള്‍


തോവാളപ്പൂക്കള്‍ 
നമ്പി മലയിലേക്കുള്ള യാത്രാവഴിയില്‍ തോവാളയില്‍ ഒന്ന് നിന്നു. തോവാളപ്പൂക്കള്‍ പ്രസിദ്ധമാണല്ലോ ? വഴിയില്‍ ഒരു വയസ്സ് ചെന്ന അമ്മച്ചിയോട്‌ പൂന്തോട്ടം എവിടെ എന്ന് തിരക്കി. "ഒന്നുമേയില്ല ... വയലൊക്കെ നാടായി.. വീടായി ... ഇവിടെ ചന്ത മാത്രം ..."  
സുഹൃത്ത്‌ ഗിരീഷിന്റെ കാര്‍ റോഡരികില്‍ ഒതുക്കി  പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചന്തയിലേക്ക് നടന്നു .
ശരിയാണ്. തോവാളയില്‍ കൃഷി കുറവാണ്. മുല്ലയും പിച്ചിയും കനകാംബരവും  മാത്രം ചെറിയ തോതില്‍ കൃഷി ചെയ്യുന്നു . ഈ മേഖലയിലെ വരണ്ട കാലാവസ്ഥ പൂകൃഷിക്ക്  അനുയോജ്യം  .മറ്റു പൂക്കള്‍ എല്ലാം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നതാണ്. 
തോവാള  പൂച്ചന്ത
 നേരം പുലര്‍ന്നു വരുന്നതേയുള്ളൂ    .  പക്ഷെ പൂച്ചന്തയില്‍ വലിയ തിരക്ക്.  
പൂക്കച്ചവടക്കാരന്‍ വിശ്വനാഥനോട്   ചില വിവരങ്ങള്‍ തിരക്കി  കന്യാകുമാരി ജില്ലയിലാണ് തോവാള . എങ്കിലും തിരുനല്‍വേലി ജില്ലയിലെ നങ്ക്നേരി , രാധാപുരം താലൂക്കുകളില്‍ നിന്നാണ് നല്ല ഭാഗം പൂക്കള്‍ വരുന്നത് . കൂടാതെ മധുരയില്‍ നിന്നു തുടങ്ങി തമിഴ്നാടിന്റെ പല ഭാഗത്തുനിന്നും പൂക്കള്‍ ഈ ചെറിയ ചന്തയില്‍ എത്തുന്നു . രാവിലെ അഞ്ചു മണി മുതല്‍ മാര്‍ക്കറ്റു തുടങ്ങും. അത് പകല്‍ പത്തു പതിനൊന്നുമണി വരെ പോകും. ഇവിടെ നിന്നും പൂക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപെടുന്നു. ഗള്‍ഫ്‌ മേഖലയിലേക്കും ഇവിടെ നിന്നും പൂക്കള്‍ പോകുന്നുണ്ട്. കേരളത്തിലേക്ക് വരുന്ന പൂക്കളില്‍ നല്ല ഭാഗവും തോവാളയില്‍ നിന്നാണ് . 
ഒരാളോട് വില തിരക്കി. അരളി ഒരു കൂടക്ക് മുപ്പതു രൂപ . റോസാപ്പൂ കിലോക്ക് നൂറ്റിയമ്പത് ... പിച്ചി പാക്കറ്റിന് ഇരുപത്തിയഞ്ച്  ! കനകാംബരം.. മുല്ല ..ചെണ്ടുമുല്ല .. താമരപ്പൂ .... ചെമ്മന്തി  (ജമന്തി ? ) അങ്ങനെ എത്രയോ തരം പൂക്കള്‍ .. കൂടാതെ താമര ഇലകള്‍ വില്‍പ്പനക്ക് ഉണ്ട്. മാല കെട്ടാനുള്ള നാരും.

വിശ്വനാഥന്‍

താമരപ്പൂക്കള്‍  വില്‍പ്പനക്ക് 
  ഒരുവശത്ത് മാല കെട്ടുന്നവര്‍ ഇരിക്കുന്നു. എത്ര വേഗമാണ് അവള്‍ ഭംഗിയുള്ള മാല തീര്‍ക്കുന്നത് ! 
ഇവിടെയും ഇടനിലക്കാര്‍ ഉണ്ട് എന്ന് തോന്നി. അപ്പോള്‍ ചൂഷണവും കാണും .  പല മുഖങ്ങളിലും ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ തീര്‍ത്ത വടുക്കള്‍ കാണാം. അകലെ നഗരത്തില്‍ പൂക്കടയില്‍   വിപ്പനക്ക് ഈ പൂക്കള്‍ എത്തുമ്പോള്‍ ഏതെല്ലാം വഴികളാണ്  അവ താണ്ടുന്നത്  ! പവിത്രമായ വിഗ്രഹങ്ങളിലും വലിപ്പം നടിക്കുന്ന രാഷ്ട്രീയക്കാരനിലും എന്നുവേണ്ട ശവമഞ്ചങ്ങളില്‍ വരെ അവ ഒടുക്കം എത്തിച്ചേരുന്നു .    
പൂക്കൂമ്പാരങ്ങള്‍ക്കിടയില്‍   
തമിഴ്നാട് സര്‍ക്കാര്‍ ഒരു ശീതീകരണ ശാല ഈ മേഖലയിലെ പൂക്കച്ചവടത്തെ   പോഷിപ്പിക്കുവാന്‍ വാഗ്ദാനം നല്‍കി. പക്ഷ വൈദ്യുതി ക്ഷാമം രൂക്ഷം . ഇവിടെനിന്നും അധിക ദൂരത്തല്ല അടുത്തുതന്നെ പ്രവര്‍ത്തനം തുടങ്ങുവാന്‍ പോകുന്ന കൂടംകുളം  ആണവനിലയം.  നിലയം ഇവിടെ  വന്നതില്‍ പിന്നെ ഈ മേഖല കാര്യമായി പുരോഗമിച്ചു. ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു.   ഇനി  വൈദ്യുതി ക്ഷാമം കൂടി തീരുന്ന ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു നാട്ടുകാര്‍ . 
( ക്യാമറ -  Nikon Coolpix L10)
-----------------------------------സ്നേഹപൂര്‍വ്വം കണക്കൂര്‍  

Wednesday, September 5, 2012

വിളംബരം (മിനിക്കഥ)


അമ്പലക്കുളങ്ങര അമ്മൂട്ടി, ഒരുച്ചയ്ക്ക് മുന്‍പുള്ള സമയം, കവലയുടെ ഒത്തനടുവില്‍ നിവര്‍ന്നുനിന്ന്  ആവുന്നത്ര ഉറക്കെ പറഞ്ഞു:-
"ഇനിമൊതല്  ഞാന്‍  കെട്ടിയോളുമാര് ഉള്ള ഒരുത്തനും കതവ് തൊറന്നു തരില്ല. അല്ലാത്തവര്‍ മാത്രം വന്നോളിന്‍ ...    ഇനി മൊതല്   ന്റെ കതകില്  കെട്ടുകഴിഞ്ഞ  ആരെങ്കിലും മുട്ടിയെന്നാല് ന്റെ സൊപാവം മാറും..എല്ലാരും ശരിക്ക്  കേട്ടോളിന്‍ ..... "
 
ഇലക്ട്രിക് പോസ്റ്റില്‍ എവിടെനിന്നോ കൊത്തിക്കൊണ്ടുവന്ന  മീന്തലയുമായി ഇരുന്ന ഒരു പഴഞ്ചന്‍  കാക്ക അത് കേട്ട് വായ  പൊളിച്ചു . നാണൂന്റെ കടേലെ വക്കുപൊട്ടിയ  കുപ്പിഭരണികള്‍  അതുകേട്ടു കുലുങ്ങി.  ബേക്കറീല്  ഇരുന്നുപഴകിയ   മധുര കൂട്ടുകളില്‍ അരിച്ചിരുന്ന   ഈച്ചകളും അതുകേട്ടു. വറീതിന്റെ   മുറുക്കാന്‍ കടയില്‍ ഉറക്കം തൂങ്ങിയിരുന്ന ബീഡി  പാക്കറ്റുകള്‍  അത് കേട്ട് ഞെട്ടി.  വിറ്റു പോകാതെ കിടന്ന ചൈനീസ്   അചേതന വസ്തുവകകള്‍ ...നിരത്തുവക്കില്‍ ഒഴിഞ്ഞു കിടന്ന മദ്യക്കുപ്പികള്‍ ...എന്നുവേണ്ട ..കടയായ കടകളില്‍ വാങ്ങുവാന്‍ വരുന്നവരെ കാത്തുകിടന്ന്  മടുത്ത  സര്‍വ്വ സാമാനങ്ങളും ആ  വിളംബരം  കേട്ടു. 

നാളെ മുതല്‍ നാട്ടിലെ പിഴച്ചവരും മുതുക്കരും മുഴച്ചവരുമായ  കെട്ടിയോന്മാര്‍   എന്തുചെയ്യും ? 
വിവരം അറിഞ്ഞ സ്ഥിരം പറ്റുകാര്‍  മൂക്കത്ത് വിരല്‍ ചേര്‍ത്ത്  ''അയ്യോ'' എന്ന് പറഞ്ഞു. 
 "ന്നാലും ന്റെ അമ്മൂട്ടി.. നീ ഇത്രവേഗം പറ്റിച്ചല്ലോ " എന്ന് ചിലര്‍ ഖേദിച്ചു . 
 
രാത്രി. 
അമ്പലക്കുളങ്ങര അമ്മൂട്ടിയുടെ വാതില്‍ അടഞ്ഞുതന്നെ കിടന്നു.
പിന്നെല്ലാ രാത്രികളിലും ...
ഇപ്പോള്‍  ചെറുപ്പക്കാര്‍ക്ക്  കവിത എഴുതിയാണ് രതിമൂര്‍ച്ച വരുന്നതത്രേ ! 
 
--------------------------------------------------------a mini story from kanakkoor