Friday, June 24, 2011

SPEED - mini story

അവര്‍ പോകുവാന്‍ ഒരുങ്ങുകയായിരുന്നു. പെട്ടെന്ന് അവള്‍ തിരിഞ്ഞു നിന്ന് അവനോടു മൊഴിഞ്ഞു:-

"പകലും നക്ഷത്രങ്ങള്‍..."

"എവിടെ ? " അവന്‍ നാലുപാടും നോക്കി.

" എന്റെ കണ്ണുകളില്‍.. " അവള്‍ കൊഞ്ചിച്ചിരിച്ചു.

പക്ഷെ അവന്‍ കണ്ടു കണ്ണുകളില്‍ ശൂന്യത !!


അവള്‍ പിന്നില്‍ ഇരിക്കുന്നു എന്ന ചിന്ത ബൈക്കിന്റെ വേഗത കൂട്ടി.

ഒട്ടിയിരുന്ന്‍ അവള്‍ മന്ത്രിച്ചു - "വേഗം.. ഇനീം വേഗം.."

അവന്‍ പിന്നെയും വേഗത വര്‍ദ്ധിപ്പിച്ചു. തെരുവ് അതെ വേഗത്തില്‍ പിന്നിലേക്ക്‌ തെറിച്ചു പൊയ്ക്കൊണ്ടിരുന്നു. "വേഗം.. ഇനീം വേഗം.. " അവള്‍ വീണ്ടും പുലമ്പുന്നു.

അവന്റെ മനസ്സില്‍ ഭീതിയുടെ തിരിനാളം !

അതിവേഗത്തില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു വലിയ ട്രക്കിന്റെ പിന്നിലെത്തിയിരുന്നു അവര്‍.

അവള്‍ കൊതിയോടെ ട്രക്കിന്റെ ചക്രങ്ങളിലേക്ക് ... അതിന്റെ ആവേഗത്തിലേക്ക്‌ നോക്കി.


അനന്തരം വേഗതയുടെ മാമൂല്‍നിയമങ്ങള്‍ ഭേദിച്ച് അവര്‍ യാത്ര തുടര്‍ന്നു.

Sunday, June 5, 2011

പനി.. പനി ..

രണ്ടു വര്‍ഷം മുന്‍പ് ബസ്സിലും ട്രെയിനിലും ഒക്കെ ജനങ്ങള്‍ മാസ്ക് വെച്ച് യാത്ര ചെയ്ത നാളുകള്‍ ഓര്‍മയുണ്ടോ ?

പലതരം പനികള്‍ നാടു വാഴും കാലം. കൊതുക് , പന്നി, പക്ഷി, പശു തുടങ്ങി ഓരോ ജീവികളുടെയും പേരില്‍ പനികള്‍. യാത്രക്കാര്‍ എല്ലാവരും പരസ്പരം സംശയത്തോടെ നോക്കും . ആര്‍ക്കാ പനി എന്ന് അറിയില്ലല്ലോ ?

അങ്ങനെ ഒരു H1 N1 പനിക്കാലത്ത് അത്യവശമായി നാട്ടില്‍ പോകേണ്ടി വന്നു എനിക്ക് . ട്രെയിനില്‍ പലതരം മുഖംമൂടികള്‍. ഞാനും മുഖം പാതി മറച്ച് യാത്ര തുടങ്ങി. പക്ഷെ ശീലം ഇല്ലാത്തതു കാരണം മുഖംമൂടി ഉറച്ച് ഇരിക്കില്ല . അത് എപ്പോഴും സ്ഥാനം തെറ്റും.

ആലപ്പുഴയില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ചെറിയ ക്ഷീണം തോന്നി. എന്തോ പനി ആണ് എന്ന് സംശയം. പക്ഷെ ആരോടും പറഞ്ഞില്ല. രാത്രി നല്ല തലവേദന തോന്നി. തുളസിയില ഞെരടി മണപ്പിച്ച് ചില പൊടിക്കൈ നോക്കി. പിറ്റേന്ന് അമ്പലപ്പുഴയില്‍ ചേച്ചിയുടെ വീട്ടില്‍ ഒരു ചടങ്ങിനു പോയി. അപ്പോഴും തലവേദന തുടങ്ങി പല വേദനകള്‍ എനിക്ക് ഉണ്ടായിരുന്നു. ചേച്ചിയോട് രഹസ്യമായി തലവേദനയുടെ കാര്യം പറഞ്ഞു.

ചേച്ചി "ഇവിടെ അടുത്ത് ഒരു ഹോമിയോ ഡോക്ടര്‍ ഉണ്ട് . അദ്ദേഹം വളരെ ഫേമസ് ആണ് . അദ്ദേഹത്തെ കണ്ടാല്‍ മതി " എന്ന് പറഞ്ഞു. ഡോക്ടര്‍ പി രാധാകൃഷ്ണന്‍. (ദര്‍ശ്ശനം പ്രസ്ഥാനം - ഇദ്ദേഹത്തിന്റെ പിതാവ് പങ്കജാക്ഷക്കുറുപ്പ് അയല്‍കൂട്ടം പ്രസ്ഥാനത്തിന്റെ പിതാവ് )

ചുറ്റും മരങ്ങള്‍ തിങ്ങി വളര്‍ന്നു നിറഞ്ഞ പ്രകൃതിയില്‍ മുഴുകി നില്‍ക്കുന്ന ആശ്രമം പോലെ ഒരു വീട്. മരങ്കൊത്തി , മഞ്ഞക്കിളി , പഞ്ചവര്‍ണ്ണക്കിളി തുടങ്ങി അനവധി പക്ഷികള്‍ ചുറ്റുവട്ടത്ത് മരച്ചില്ലകളില്‍ കണ്ടു. നല്ല ഒരു ലോകം. വായിക്കുവാന്‍ നല്ല ചില പുസ്ടകങ്ങള്‍ പൂമുഖത്ത് ലഭ്യം. കൂട്ടത്തില്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന ദര്‍ശ്ശനം മാസികയുടെ പഴയ കോപ്പികള്‍ .

എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. ഞാന്‍ കാര്‍വാറില്‍ നിന്ന് യാത്ര ചെയ്തത് മുതല്‍ കഥകള്‍ പറഞ്ഞു. എല്ലാം കേട്ടിട്ട് അദ്ദേഹം മരുന്നെടുക്കുവാന്‍ എഴുനേറ്റു. പെട്ടന്ന് തിരിഞ്ഞ് ദര്‍ശ്ശനം മാസികയുടെ പഴയ ഒരു പതിപ്പെടുത്തു തുറന്നു പരതി ഒരു പേജ് എനിക്ക് നല്‍കി . " ഇത് വായിക്കൂ . അപ്പോഴേക്കും ഞാന്‍ മരുന്ന് എടുക്കാം " അദ്ദേഹം പറഞ്ഞു ഞാന്‍ ആകാംഷയോടെ അത് വായിച്ചു.

"പനികള്‍ പലതരം . ഇന്ന് പനികളുടെ ഒരു വലിയ സംഘം തന്നെ നാട്ടില്‍ ഉണ്ട്. അതില്‍ ഏറ്റവും അപകടം പിടിച്ചത് 'പേടിപ്പനി' തന്നെ! .." എന്നാ മട്ടില്‍ ഒരു ലേഖനം . തുടര്‍ന്ന് പേടിപ്പനിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് വിവരണം. മറ്റ് പനികള്‍ മരുന്ന് കൊണ്ടു മാറ്റാന്‍ കഴിയും. പക്ഷെ പേടിപ്പനിക്ക് മരുന്നില്ലല്ലോ എന്ന് ചുരുക്കം.

അദ്ദേഹം തിരികെ വന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ അസുഖം ആ ചിരിയില്‍ ഭേദമായി .