Friday, October 31, 2014

അവന്‍ വരുന്നു(ചെറുകഥ)

ഒരു വെള്ളിയാഴ്ച ഉച്ചസമയം ഷാപ്പിനു മുന്നില്‍ വച്ച് എന്നെ അല്പം മാറ്റി നിര്‍ത്തി സുനിമോന്‍ ഒരു രഹസ്യം പറഞ്ഞു-  “ഞാന്‍ കൊറച്ചുമുമ്പ്  യേശൂനെ കണ്ട്.” കള്ള് തലയ്ക്കുപിടിച്ചാല്‍ നീ ഇങ്ങനെ പലതും കാണും എന്ന് പറഞ്ഞപ്പോള്‍ “ഇല്ല...ഇതുവരെ തരി കഴിച്ചിട്ടില്ല” എന്ന് അവന്‍ ആണയിട്ടു. കുരിശുപള്ളീടെ വളവില്‍ വച്ച് അല്പം തല കുനിച്ചു പിടിച്ചു യേശു നടന്നു വരുന്നത് അവന്‍ കണ്ടുവത്രെ. “യേശു നേരെ കെഴക്കോട്ടു നടന്നു പോവാരുന്നു. വഴീല് വേറെ ആരെയും കണ്ടില്ല. ഞാന്‍ പേടിച്ചുപോയി.”  എനിക്ക് ചിരി വന്നു. “യേശപ്പനെയാണോ നീ കണ്ടത് ? ഹൌസ് ബോട്ട് ഏജണ്ടായ  യേശപ്പനെ കണ്ടാല്‍ യേശുവിനെ പോലെ തോന്നും. സാം എന്നാ ശരിപ്പേര്. കെട്ടും മട്ടും കൊണ്ട് നാട്ടുകാര്‍ യേശപ്പന്‍ എന്ന് വിളിക്കുന്നതാ.” സുനിമോന്‍ കുഴപ്പത്തിലായി.

യേശപ്പന്‍ മിക്ക സമയത്തും കനാലിന്‍റെ കരയില്‍ കാണും. ഞാന്‍ കാണിച്ചു തരാം എന്നുപറഞ്ഞ് അവനെയും കൂട്ടി കനാല്‍ക്കരയിലേക്ക് നടന്നു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായം കാണും അയാള്‍ക്ക്‌. നല്ല ഉയരവും നിറവും അല്പം ചെമ്പിച്ച മുടിയും. അയാളുടെ അപ്പന്‍ ഏതോ ഒരു സായിപ്പാണ്‌ എന്ന് കേട്ടിരുന്നു. കുറച്ചുനാള്‍ മുന്‍പ് വരെ പട്ടണത്തിലെ പള്ളികളിലെ പ്രദക്ഷിണങ്ങളില്‍  യേശപ്പന് സ്ഥിരമായി വേഷം ഉണ്ടാകുമായിരുന്നു. പിന്നെ അയാള്‍ ആ വേഷംകെട്ടല്‍ അങ്ങ് നിര്‍ത്തി. ഒന്ന് രണ്ടു ടെലി-സീരിയലിലും ഒരു സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു അയാള്‍. കുറച്ചുനാള്‍ ലോട്ടറിക്കച്ചവടം നടത്തി. അങ്ങനെ പല വേഷങ്ങളും പയറ്റിയ അയാള്‍ എന്‍റെ അറിവില്‍ അവിവാഹിതന്‍ ആണ്.കനാല്‍ക്കരയില്‍ വിനോദ സഞ്ചാരികളുമായി വന്ന ടാക്സികളുടെ  ബഹളം. അതിനിടയില്‍ ഞങ്ങള്‍ യേശപ്പനായി പരതി നടന്നു. ഹൗസ്ബോട്ടുകള്‍ തോളുരുമി നിരന്നു കിടക്കുന്നു. കനാല്‍ക്കരയിലെ വാകമരത്തില്‍ ചിറകൊതുക്കി ഇരുന്ന വെയില്‍ കായുന്ന കാക്കകള്‍ എന്തിനോ കലഹിക്കുന്നുണ്ട്. അവയുടെ ശബ്ദത്തെ വകഞ്ഞുമാറ്റി ഓണം ബമ്പര്‍ ലോട്ടറിയുടെ പരസ്യവുമായി ഒരു മുച്ചാടുവണ്ടി അവിടെ വന്നു. കാലുകള്‍ പോളിയോ ബാധിച്ച അയാളെ എനിക്കറിയാം. ഞാന്‍ അയാളോട് യേശപ്പനെ കുറിച്ച് തിരക്കി. ‘ഇന്ന് കണ്ടില്ല’ എന്ന് അയാള്‍ മറുപടി തന്നു.  ഇനി എവിടെ തിരക്കാനാണ് ? ഞങ്ങള്‍ മടങ്ങുവാന്‍ തീരുമാനിച്ചു. തീരെ ഇറക്കം കുറഞ്ഞ നിക്കര്‍  മാത്രം ധരിച്ച് നടന്നുവന്ന ഒരു വിദേശയുവതിയെ സുനിമോന്‍ കണ്ണുപറിക്കാതെ നോക്കി നിന്നു. പിന്നെ  ഒരു ലൈന്‍ ബോട്ട് പ്രാഞ്ചി പ്രാഞ്ചി പോകുന്നത് നോക്കി നിന്നതിന്‍ശേഷം ഞങ്ങള്‍ തിരികെ നടന്നു.“ന്നാലും യേശൂനെ അങ്ങനെ ഭൂമീല് ചുമ്മാ കാണാന്‍ പറ്റുമോ സുനിമോനെ ?” ഞാന്‍ ചോദിച്ചു.“പറ്റില്ല എന്ന് തീര്‍ത്തു പറയാന്‍ പറ്റ്വോ  ?” അവന്‍ തിരികെ ചോദിച്ചു. അത് ശരിയാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.നടന്ന്‍ ബേക്കറി ജങ്ങ്ഷന്‍ എത്തിയപ്പോള്‍ “അവന്‍ വരുന്നു “ എന്ന് എഴുതിയ വലിയ ബാനറില്‍ യേശുവിന്‍റെ ചിത്രം മുനിസിപ്പല്‍ മൈതാനത് കണ്ടു. ഇന്ന് വൈകിട്ട് പ്രഘോഷണവും ശുശ്രൂഷയും ഉണ്ടത്രേ. ഷാപ്പുകവല കഴിഞ്ഞപ്പോള്‍ സുനിമോന്‍ ബൈ പറഞ്ഞുപോയി. കുരിശുപള്ളിയുടെ വളവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുവേണം എനിക്ക് പോകുവാന്‍. ഒരുവശത്ത് കറുകയും ചെല്ലികളും കാടുപിടിച്ച് വളര്‍ന്നു നില്‍ക്കുന്നു. മറുവശത്ത് സെമിത്തേരിയുടെ മതില്‍.വഴിയുടെ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ അങ്ങേത്തലക്കല്‍ ആളനക്കം. അത് യേശപ്പന്‍ ആയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍  നൂറുമീറ്റര്‍ ദൂരമുണ്ട് എങ്കിലും ആ മുഖത്തെ ഭാവം എനിക്ക് വ്യക്തമായി കാണാം. അടുത്ത് വരുമ്പോള്‍ തലയുടെ ചുറ്റുമുള്ള മുള്‍ക്കിരീടം കൂടുതല്‍ വ്യക്തമായി. തോളില്‍ ഭാരമുള്ളതുപോലെ മുന്നോക്കം അല്പം കുനിഞ്ഞാണ് നടത്തം. എന്നെ കടന്ന് പിന്നോക്കം പോകുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. തിരുമുറിവുകളില്‍ നിന്നും വീണ ചോര കലര്‍ന്ന് ആ വഴിയാകെ  ചുവന്നിട്ടുണ്ട് ...

  

(കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍)