Monday, July 25, 2011

മഴയ്ക്കായി അല്‍പ്പനേരം ..

"കറുകറ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നുള്ളും മൂര്‍ത്തേ..."
മഴ !
എന്റെ ജാലകത്തിന്റെ അപ്പുറത്ത് ചിന്നിയും പിന്നിയും ചിലച്ചും പിറുപിറുത്തും കുറേ നേരമായി. ഇനിയും മതിയാവാതെ വീണ്ടും വീണ്ടും പെയ്ത് വാശി കൂട്ടുന്ന ഒരു കുട്ടിയെ പോലെ.
എത്ര കവികള്‍ പാടി.. എത്ര കഥകള്‍.. സിനിമകള്‍ ...നനഞ്ഞു കുതിര്‍ന്ന എത്ര മഴച്ചിത്രങ്ങള്‍ !
"രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും ..... നീണ്ടു മുടിയിട്ടുലച്ചു മുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെ പോലെ....." സുഗതകുമാരി ടീച്ചറിന്റെ വരികള്‍ ഓര്‍ക്കുന്നുവോ ?

മഴ നനഞ്ഞോടിയ ബാല്യം മറന്നുവോ ? അന്ന് ചേച്ചിയുടെ കുടക്കീഴില്‍ അനുവദിച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത് നടന്നപ്പോള്‍ ഇടത്തേ തോളില്‍ മഴ വാശിയോടെ വെള്ളം കോരിയൊഴിച്ചു. മഴച്ചാറ്റലില്‍ കുടയില്ലാതെ വന്ന സുഹൃത്തിനെ കുടയിലേക്ക്‌ ക്ഷണിച്ചതും അതിനു പകരം അവന്‍ നാരങ്ങാ മിട്ടായി വാങ്ങി തന്നതും മറന്നുവോ ?

മാനത്ത് എവിടെ നിന്നോ പിറന്ന് ഭൂമി തേടിയെത്തുന്ന മഴത്തുള്ളികളെ.. എന്താണ് നിങ്ങളുടെ നിയോഗം ? ആകാശത്തിന്റെ ഏതു കോണിലാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ! അവിടെ മഴവില്ലുണ്ട്‌ അല്ലെ ? ആ ഏഴ് നിറങ്ങള്‍ തഴുകിയല്ലേ നിങ്ങള്‍ വരുന്നത്.. ? നിങ്ങള്‍ കൊണ്ടുവരുന്ന തണുപ്പ് ഞങ്ങളുടെ ഹൃദയത്തിന്റെ ചൂടാറ്റുന്നു. ആ തണുപ്പില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചുറങ്ങും. ആ സംഗീതം എനിക്ക് താരാട്ടാണ്. മൂടി പുതച്ചുള്ള ആ കിടപ്പില്‍ വീണ്ടും ഒത്തിരി കിനാമഴകള്‍ !

ചിലപ്പോള്‍ അമ്മയ്ക്ക് അയയില്‍ ഉണക്കാനിട്ട തുണികളെ കുറിച്ചോര്‍ത്തു പേടിയായിരുന്നു. എപ്പഴാണ് പെയ്ത്ത് എന്നറിയില്ലല്ലോ ? അന്നേരം ഒരു ഓട്ടമുണ്ട്‌. "അയ്യോ .. തുണിയെല്ലാം നനയും.. " എന്ന് നിലവിളിയോടെ. ഇന്നത്തെ പെണ്ണുങ്ങള്‍ക്ക്‌ - ആ പേടി- അതില്ല. കറങ്ങുന്ന യന്ത്രത്തിന്റെ അകത്ത് ഉണക്കുമ്പോള്‍ ആ പേടി വേണ്ടല്ലോ ?

മഴയത്ത് ചിറകൊതുക്കി ഇരിക്കുന്ന കിളികളെ നോക്കിയിട്ടുണ്ടോ ? അവയ്ക്ക് ഒരു പരിഭവവും ഇല്ല. രണ്ടില നല്‍കിയ ചെറിയ മറയില്‍ ഇണക്കിളികള്‍ തൊട്ടുരുമി ഇരിക്കുന്നു. അപ്പോള്‍ വീശിയ ചെറു കാറ്റില്‍ മരം പെയ്യും. ഓരോ ഇലയും പെയ്ത്ത് വെള്ളം നനഞ്ഞ സുന്ദരിയെ പോലെ നാണിക്കും. ഒരു തുള്ളി ജലത്തോടൊപ്പം അടര്‍ന്നു വീഴുന്ന ഒരു പഴുത്തില ഭൂമിയില്‍ പതിക്കുമ്പോള്‍ മഴത്തുള്ളീ .. നീ മിഴിനീരാകുമോ ?

ഓരോ തുള്ളികളും ഒരു നീര്‍ച്ചാല്‍ ആയി മാറുന്നു. പിന്നെ കുഞ്ഞു തോടുകള്‍ .. അരുവികള്‍ .. പിന്നെ പോയിപ്പോയി പുഴയായി ... കടലായി.. അതെ .. മഹാസാഗരം നിന്റെ സൃഷ്ടിയാണ്. ആ യാത്രയില്‍ നിനക്ക് അഹങ്കരിക്കുവാന്‍ ഏറെയുണ്ട്. എങ്കിലും എത്ര ലാളിത്യമാണ് മഴേ നിനക്ക്. കുത്തിയൊലിച്ചു പോകുമ്പോഴും നീ ഞങ്ങളെ കാണുമ്പോള്‍ ഒന്ന് നില്‍ക്കും. കുശലം പറയുവാന്‍. ഒരിക്കല്‍ പേമാരിയായി പെയ്ത്‌ പിന്നെ നാല്പതാം നമ്പര്‍ നൂല്‍ മഴയായി നീ മാറുന്നുവല്ലോ ? ചിലപ്പോള്‍ കാറ്റിനെ കൂട്ട് പിടിച്ച് നിന്റെ ഒരു വേല.. അതും ഞങ്ങള്‍ക്കറിയാം. പെണ്ണുങ്ങളുടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളില്‍ നീ ഞങ്ങള്‍ക്ക് കുസൃതി തോന്നിപ്പിക്കും. കള്ളന്‍ .. എങ്കിലും ഉണങ്ങുവാന്‍ സമ്മതിക്കാതെ നീ പിന്നെയും പിന്നെയും പെയ്തിറങ്ങുന്നു അല്ലെ ? ചേമ്പിലയില്‍ ഉരുണ്ടു മറിഞ്ഞ നിന്നെ വീഴാതെ , തുളുമ്പാതെ ഞാന്‍ ഒരിക്കല്‍ കട്ടുകൊണ്ടു പോയി.. ഒരു മണി മുത്തായി നീ അവിടെ നൃത്തം ചെയ്തു. അപ്പോള്‍ കളികൂട്ടുകാരി കൈ തട്ടി വീഴ്ത്തിയ കുറുമ്പില്‍ ഞാന്‍ കരഞ്ഞത് മഴേ നീ ഓര്‍ക്കുന്നുണ്ടോ .. അപ്പോള്‍ നീ എന്നോട് സ്വകാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ ?

"എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി.." മലയാളികള്‍ ഏറെ കേട്ട ആല്‍ബത്തിലെ വരികള്‍ നമുക്കെത്ര ഇഷ്ടം.

മഴ ബാല്യത്തില്‍ ഭ്രാന്തു പിടിപ്പിക്കുന്ന വികാരമായി മാറും. കുട്ടികളെ എത്ര അടക്കി പിടിച്ചാലും അവര്‍ മഴയുടെ മാസ്മരിക ഭാവത്തിലേക്കു കുതിച്ചോടും. മഴയില്‍ അവര്‍ ആനന്ദിക്കുന്നത് പോലെ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ആകില്ല. മഴ അവരെ നനയിപ്പിക്കുവല്ല.. തന്റെ മൃദുലകരങ്ങള്‍ കൊണ്ടു തലോടി കൊടുക്കുകയാണ് . അതിനിടയില്‍ മഴ നമ്മള്‍ കേള്‍ക്കാതെ അവരുടെ ചെവിയില്‍ എന്തോ പറയുന്നുണ്ടാവാം. അതല്ലേ കുട്ടികള്‍ തുള്ളിച്ചാടി പൊട്ടിച്ചിരിക്കുന്നത് ?

മഴ ഉണ്ടാകുന്നത് എങ്ങനെ ? ജലം ആവിയായി പോയി മലമടക്കുകളിലെ കാടുകളില്‍ തടഞ്ഞു ഘനീഭവിച്ചു തുള്ളിയായി പെയ്യുമെന്ന് യൂ പീ സ്കൂളിലെ സാര്‍ പണ്ടു കള്ളം പറഞ്ഞു. പിന്നീട് കൂട്ടുകാരി പറഞ്ഞുതന്നു -'മാലാഖമാരാന് മഴ കൊണ്ടുവരുന്നത് ' എന്ന സത്യം. അവര്‍ സ്വര്‍ഗത്തില്‍ നിന്നും കട്ടെടുത്ത് ഭൂമിയില്‍ തൂകുമത്രേ. അവരുടെ മോഹമാണത്രേ മഴയുടെ കാന്തി.
ജലത്തിന്റെ ഊക്കില്‍ ഒലിച്ചിറങ്ങുന്ന മോഹങ്ങള്‍.. എന്നിട്ട് നനഞ്ഞ ചിറകിളക്കി മാലാഖമാര്‍ പറന്നകന്നു പോകും!!
സത്യം. ഞാന്‍ കണ്ടിട്ടൊണ്ട്. മൃദുലമായ ചിറകടിച്ചു അവര്‍ പറന്നു പോകുന്നത്.

ഒരിക്കല്‍, ചോര്‍ന്നൊലിക്കുന്ന ഒരു മുറിയില്‍ നനഞ്ഞു പോയത് എന്റെ ദുഃഖം ആയിരുന്നു. മച്ചു പാളികളുടെ ഇടയിലൂടെ ഊര്‍ന്ന് എന്നെ തേടിയെത്തിയ മഴതുള്ളി. ഓടുകളുടെ വിടവില്‍ ഓലക്കണ തിരുകിനോക്കി എങ്കിലും ഒടുക്കം ഞാന്‍ ചോര്‍ച്ചയോടു തോറ്റു. എന്റെ അവശേഷിപ്പുകള്‍ കുതിര്‍ന്നു. അനങ്ങുവാന്‍ കഴിയാതെ ഇരുന്ന ഞാന്‍ തരിച്ചെത്തിയ നനവില്‍ ഒന്നറിഞ്ഞു. എന്റെ വിഷാദവും അലിഞ്ഞിറങ്ങുന്നത് . അതിനു ഞാന്‍ നിന്നോട് നന്ദി രേഖപ്പെടുത്തുന്നു.

തൂവാനം എന്നെ തേടി എത്തുന്നു. എന്തെ പുറത്തേക്കു വരാത്തേ എന്നാണ് ചോദ്യം.
ഉം. വരാം.. എനിക്കൊന്നു നനയണം.
മഴത്തുള്ളിക്കിലുക്കത്തില്‍ സ്വയം മറന്നു നില്‍ക്കണം.

എങ്കിലും ചിലപ്പോള്‍ എനിക്ക് പിണക്കമാണ്. പെയ്യുവാന്‍ കൂട്ടാക്കാതെ മാനത്ത് എവിടെയോ മേഘകൂട്ടില്‍ ഒളിച്ചിരിക്കില്ലേ നീ... എന്റെ ചൂടും വിയര്‍പ്പും വിമ്മിഷ്ടവും പിന്നെ, ചൂടില്‍ കുരുക്കുന്ന എന്റെ പിരിമുറുക്കങ്ങളും. കുത്തി നോവിക്കുന്ന വെയിലിന്റെ മുനകള്‍ ഏറ്റ എന്റെ മനസ്സില്‍ നിന്റെ ദാഹം നിറയുന്ന വേളയില്‍, അത് കണ്ടില്ല എന്ന് നടിച്ച് പെയ്തിറങ്ങുവാന്‍ മടിച്ച് സൂര്യനോട് കിന്നരിച്ച് നീ ആകാശപ്പറവയായി മേവുമ്പോള്‍, മൌനം മുറിഞ്ഞു നീ വീഴുന്നത് നോക്കി ഞാന്‍ പിണങ്ങി ഇരിക്കും..

ഇപ്പോള്‍ ഞാന്‍ ആ വരികള്‍ ഓര്‍ക്കുന്നു.. "ഓരോ മഴപെയ്തു തോരുമ്പോഴും എന്റെ ഓര്‍മയില്‍ വേദനയാം ഒരു നൊമ്പരം.. ഒരു മഴ പെയ്തെങ്കില്‍..ഒരു മഴ പെയ്തെങ്കില്‍.. " അനില്‍ പനച്ചൂരാന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികള്‍..

1 comment:

  1. വായിച്ചു.
    മഴ നനഞ്ഞാകെ കുളിര്‍ന്ന പോലെ...
    പെയ്യും മരച്ചോട്ടില്‍ നില്‍ക്കും പോലെ...
    ഇലത്തുമ്പില്‍ നിന്നിറ്റു വീഴ്കയാണങ്ങനെ
    തോര്‍ന്ന മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍..
    അക്കരെ നിന്ന് വിളിക്കയാണപ്പോഴും
    അത്രമേലിഷ്ടമോടൊരു മഴ പിന്നെയും..
    നന്മകള്‍.

    ReplyDelete