Sunday, October 9, 2011

മീന്‍ (ചെറുകഥ)

മഴ കഴിയുമ്പോള്‍ പാറമടകളില്‍ ജലം കവിഞ്ഞ് കുളിര് നിറയ്ക്കും.
അതില്‍ ഇറങ്ങി തിമിര്‍ക്കുന്നത് പിന്നീട് എന്റെ പതിവാണ്.
മരണക്കുഴി എന്ന പേരുള്ളതുകൊണ്ടു മാത്രമല്ല, ഇപ്പോള്‍ കുളിമുറി പോതുശീലമായതിനാല്‍ ആ വഴി മറ്റാരും സാധാരണ വരാറില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ തെളിനീരില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിവില്ലാത്ത ഒരു അനക്കം . ഇതില്‍ മീനുണ്ടോ ? ഈ പറക്കുഴിയില്‍ !

ഒരു കുഞ്ഞ് മീനായിരുന്നു അത് . തിളക്കമുള്ള ചെറിയ ചിറകുകള്‍. കറുത്ത കുഞ്ഞിക്കണ്ണുകള്‍. അത് എങ്ങിനെ അവിടെ എത്തി എന്നറിയില്ല. ആ വെള്ളക്കെട്ടിലെ ഏകാന്തതയില്‍ മടുത്ത മട്ടില്‍ അത് എന്റെ നഗ്നമായ തുടകളില്‍ മുട്ടിയുരുമി. എന്തോ എന്നറിയില്ല.. എനിക്ക് അതിനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയിരുന്നു. പാറക്കുഴിയിലെ തണുത്ത വെള്ളത്തില്‍ നിന്നും കൈ കൊണ്ടു കോരി ഞാന്‍ അതിനെ പിടിയിലാക്കി . ഉള്ളം കൈയ്യിലെ ഇത്തിരി വെള്ളത്തിന്റെ തടവില്‍ നിന്നും ചാടി രക്ഷ പെടുവാന്‍ ശ്രമിക്കാതെ അത് എന്നെ സ്നേഹപൂര്‍വ്വം നോക്കി. ഒരു കൊറ്റിയെങ്കിലും തന്നെ തേടി പറന്നെത്തുമെന്ന് ഏറെ നാള്‍ അത് വ്യാമോഹിച്ചിരിക്കും. ആ ക്ഷീണം ആ കുഞ്ഞിക്കണ്ണുകളില്‍ തെളിഞ്ഞു കാണാം.

വീടെത്തുമ്പോള്‍ പതിവിലും വൈകി. വീടിന്റെ ഓരോ കോണുകളിലും അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ തെറിച്ചു കിടന്നു. എത്ര കാലമായി അതൊക്കെ അങ്ങിനെ പൊടിയില്‍ മൂടി, ഓര്‍ക്കുവാന്‍ ഇഷ്ട്ടപെടാത്ത ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഉള്ള നിയോഗവും പേറി കിടക്കുന്നു ? !

ഒരു ചെറിയ പാത്രം തിരഞ്ഞു കണ്ടുപിടിച്ചു . പിന്നീട് തോന്നി, അതിനു വലിപ്പം കുറവെന്ന് . അല്പം കൂടി വലിയ ഒരു പാത്രത്തിലേക്ക് പ്ലാസ്റ്റിക് കവറില്‍ നിന്ന് ആ കുഞ്ഞുമീനെ മാറ്റി. പാത്രത്തില്‍ കിട്ടിയ ആ സ്വാതന്ത്ര്യത്തില്‍ അത് നീന്തി തുടിച്ചു. ഏറെ നേരം ഞാന്‍ അത് കൌതുകത്തോടെ നോക്കിയിരുന്നു.
പാവം. വിശക്കുന്നുണ്ടാവും. അതിനു തീറ്റ നല്കേണം. എന്റെ വീട്ടില്‍ അത് സുഭിക്ഷതയോടെ വളരണം. അങ്ങനെ ചിന്തിച്ചിരിക്കെ, പടിക്കരികില്‍ വളകിലുക്കം കേട്ടു. ഓ... ഇന്ന് ഏതു ദിവസമാണ് ? അവള്‍ വരുമെന്ന് പറഞ്ഞ ദിവസം. അത് ഞാന്‍ മറന്നു. വളരെ പെട്ടന്ന് ഒരുങ്ങണം. അവള്‍ വാടകയ്ക് നല്‍കുന്നതാണ് സ്നേഹവും ദേഹവും. എങ്കിലും അത് ആര്‍ഭാടത്തോടെ അനുഭവിക്കണം. മുടക്കുന്ന പണം എങ്കിലേ മുതലാകൂ.
അവള്‍ വശ്യമായ ചിരിയോടെ അകത്തു കടന്നു. ഇതിനകം ഓടിപ്പോയി ഒരു നല്ല ഉടുപ്പ് അനിയുവാനും അല്പം തിളങ്ങുന്ന സുഗന്ധപ്പൊടി മുഖത്ത് തെക്കുവാനും മാത്രമേ കഴിഞ്ഞൊള്ളൂ.
അവളും ഭാര്യയെ കുറിച്ച് തിരക്കുന്നു. ഇതാണ് കഷ്ടം . എന്തിനാണ് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഇവരെല്ലാം ചോദിക്കുന്നത്. 'അവള്‍ പോയി' എന്ന് പറയുമ്പോള്‍ 'ഇനി വരില്ലേ ?' എന്നാവും അടുത്ത ചോദ്യം. 'ഇല്ല' എന്ന് പറഞ്ഞാല്‍ "ഇറങ്ങിപ്പോയോ അതോ മരിച്ചു പോയോ ?" എന്നാകാം പിന്നെ. മൌനം മറുപടി ആയപ്പോള്‍ അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. കാര്യം കഴിഞ്ഞ് അവള്‍ പണം വാങ്ങി ഇറങ്ങുമ്പോള്‍ പുറത്ത്‌ സ്കൂട്ടറിന്റെ ചിതറിയ ശബ്ദ കോലാഹലം . ആരോ പടി കടന്നു വരുന്നു . അത് അയാള്‍ ആയിരുന്നു .
"ആരാണ് പോയത് ? " വന്ന പാടെ അയാള്‍ ചോദ്യം ചെയ്യുന്നു . അയാളുടെ കയ്യിലെ ബാഗില്‍ മദ്യവും ഭക്ഷണപ്പൊതികളും കാണും . ഞാന്‍ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു .
"ഡാ ...നീ " അയാള്‍ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്തു ഊക്കോടെ വെച്ചു.
ബ്രാണ്ടിക്കുപ്പി ഏറെ വൈകിയാണ് കാലിയായത്. ഏതോ വിഷയത്തെ ചൊല്ലി അയാളുമായി പതിവില്‍ കൂടുതല്‍ തര്‍ക്കിച്ചു. പോരിന്റെ അന്ത്യത്തില്‍ അയാള്‍ എഴുനേറ്റിറങ്ങി കഷ്ട്ടപ്പെട്ട് സ്കൂട്ടര്‍ ഓടിച്ച് ഇരുട്ടിലേക്ക് മടങ്ങി. ഉറക്കത്തില്‍ തീ തുപ്പുന്ന ഭൂതക്കളരിയില്‍ ഭയന്ന് തളര്‍ന്ന് അടുത്ത പുലരിയിലേക്ക് ഉണര്‍ന്നു. പുലരിയുടെ മൃദുലതയിലേക്ക്...
അപ്പോള്‍മാത്രം പാത്രത്തിലെ മീനിന്റെ കാര്യം ഓര്‍മ്മവന്നു....പാവം മീന്‍ !
പാത്രത്തിലെ വെള്ളത്തില്‍ പൊങ്ങി മലര്‍ന്ന ആ ശരീരത്തെ പുറത്തേക്ക് എറിയുന്നതും കാത്ത് ഒരു കാക്ക വഴക്കയ്യില്‍ ഇരിക്കുന്നുണ്ടായിരുന്നു.


21 comments:

  1. പാവം മീന്‍....

    ReplyDelete
  2. "Oru kottiyenkilum thanne thedi paranethumennu aa meen vyamohichirikum",
    Konnalle athinem......?

    ReplyDelete
  3. പാവം മീന്‍ ..അതിനു സുഭിക്ഷമായ മരണം..

    ReplyDelete
  4. കഥയെഴുത്തിന്റെ ക്രാഫ്റ്റ് കൈയ്യിലുണ്ടെന്ന് വ്യക്തമാക്കുന്ന രചന.മഴ 'കഴിയുമ്പോള്‍ പാറമടകളില്‍ ജലം കവിഞ്ഞ് കുളിര് നിറയ്ക്കും '- നല്ല തുടക്കം.ഈ താളവും ഒഴുക്കും കഥാവസനം വരെ നിലനിര്‍ത്തുന്നു.അവസരോചിതമായി ഉപയോഗിക്കുന്ന മുര്‍ച്ചയുള്ള ബിംബകല്‍പ്പനകള്‍ കഥക്ക് ചാരുത പകരുന്നു....

    നല്ല എഴുത്ത്... തുടരുക.

    ReplyDelete
  5. വായിച്ചു.
    സന്തോഷം.

    ReplyDelete
  6. ആ വെള്ളത്തിൽ ഓടിക്കളിച്ചിരുന്ന മീനിനെ വെറുതേ എടുത്തു്...പാവം.

    ReplyDelete
  7. ഞാന്‍ രക്ഷിക്കാംഎന്നു അല്ലെങ്കില്‍ ഞാന്‍ പോറ്റാം എന്ന് പറഞ്ഞു കൂടെ കൂട്ടി തന്റെ ആനന്ദം സുഖം ഇതില്‍ മാത്രം വിഹരിക്കുന്ന ഒരു നീച ജന്മത്തെ വരക്കുന്നതില്‍ താങ്കള്‍ വിജയിച്ചു

    ReplyDelete
  8. തിരക്കിനിടയിൽ മറഞ്ഞുപോകും ജീവിതം വരച്ചുകാട്ടി .ആശംസകൾ.....

    ReplyDelete
  9. മീനിനെ കവറിൽനിന്നും പാത്രത്തിലാക്കിയപ്പോൾ, എന്തെല്ലാമോ ഒക്കെ പ്രതീക്ഷിച്ചു. അവസാനഭാഗവും സുന്ദരമാക്കി. ഇടയ്ക്ക് ‘അവളെ വരുത്തി’ ഒരു സംഭ്രമരംഗം കൊടുക്കാമായിരുന്നു എന്നു തോന്നി. എഴുതാനുള്ള നല്ലശൈലീപാടവത്തിന് അനുമോദനങ്ങൾ. ‘പട്ടം പറത്തൽ’ എന്ന ഗദ്യകവിതയിലെ, ‘മുകളിലെത്താൻ വെമ്പുന്നവർക്ക് ഒരു പാഠ‘മെന്ന നിലയിൽ വളരെ നന്നായി എഴുതിയിരിക്കുന്നു. വിജയിക്കട്ടെ....

    ReplyDelete
  10. @അജിത്‌, ഓര്‍മ്മകള്‍ , ഷാനവാസ് .. ഈ സന്ദര്‍ശനത്തിനു വളരെ നന്ദി.
    @ പ്രദീപ്കുമാര്‍.. പ്രോത്സാഹനത്തിനു നന്ദി.
    @ മനോജ്‌, ശ്രീ , കൊമ്പന്‍, എഴുത്തുകാരി.. നന്ദി.
    @ സങ്കല്പങ്ങള്‍, ബാബു ബാബുരാജ് ... നന്ദി
    എല്ലാവരും വീണ്ടും ഈ വഴി വരുക.

    ReplyDelete
  11. വിജയ്‌ ആനന്ദ്‌ എന്ന ബാബു ബാബുരാജ്‌.. വളരെ നന്നായി എഴുത്തിനെ അപഗ്രഥിച്ചതിനു നന്ദി. അവള്‍ വരും എന്ന് പറഞ്ഞത് ചുരുങ്ങിപ്പോയി. കാച്ചികുറുക്കിയതിലെ പാകപ്പിഴ.

    ReplyDelete
  12. രണ്ടു കുഞ്ഞു കഥകള്‍ വായിച്ചു. എഴുത്തില്‍ ഒരു സ്പാര്‍ക്ക് കാണുന്നു. നല്ല ശൈലി.

    ReplyDelete
  13. >>>>പ്ലാസ്റ്റിക് കവറില്‍ നിന്ന് ആ കുഞ്ഞുമീനെ മാറ്റി. പാത്രത്തില്‍ കിട്ടിയ ആ സ്വാതന്ത്ര്യത്തില്‍ അത് നീന്തി തുടിച്ചു. ഏറെ നേരം ഞാന്‍ അത് കൌതുകത്തോടെ നോക്കിയിരുന്നു<<<< അതെന്ടെ കുട്ടികാലം ഓര്മ പെടുത്തി ...മീനിനെ മുണ്ട് കൊണ്ട് പിടിച്ചു വീട്ടില്‍ കൊണ്ട് വന്നു പാത്രത്തില്‍ ആക്കി തീറ്റി കൊടുക്കാതെ കൊന്നിട്ടുണ്ട് ..അറിയില്ല അന്ന് മീന്‍ ആഹാരം കഴിക്കുമെന്ന്

    ReplyDelete
  14. ഒരുപാട് അര്‍ത്ഥം തരുന്ന നല്ലൊരു കഥ.
    പുതിയ പോസ്റ്റിടുംമ്പോള്‍ ഒരു മെയില്‍ തരുക.
    അടുത്ത കഥയും വായിച്ചു.

    ReplyDelete
  15. പാവം മീന്‍ ...

    MEENINTE RODANAM CHEVIYIL KELKAM IPPOL

    ReplyDelete
  16. ഒത്തിരിയിഷ്ട്ടായി മാഷേ..!
    ആകര്‍ഷണീയമായ എഴുത്ത്.
    ശൈലിയിലെ മികവ് പറയാതെ വയ്യ.
    ഇനിയും വരാം
    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
  17. @ സുകന്യ
    @ കൊച്ചുമോള്‍
    @ കുസുമം
    @ മൊഹിയുധീന്‍
    @ പ്രഭന്‍
    വന്നതിനും എന്റെ പാവം മീനെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

    ReplyDelete
  18. എന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പുറകെ പോവുന്ന പതിവുണ്ട് . അങ്ങിനെ ഇവിടെ എത്തി . വായിച്ചു തുടങ്ങിയപ്പോള്‍ എത്താന്‍ വൈകിയോ എന്ന് തോന്നി. സ്വന്തം സുഖ തൃഷ്ണകള്‍ക്കു മുന്നില്‍ വീണുടയുന്ന മറ്റൊരു ജീവന്‍ . ഒരു ചെറു മീനിലുടെയാണെങ്കിലും നന്നായി വരച്ചു ആ ചിത്രം . ആശംസകള്‍
    അപ്പോള്‍മാത്രം പത്രത്തിലെ മീനിന്റെ കാര്യം ഓര്‍മ്മവന്നു....പാവം മീന്‍ !
    ഈ വരി റീ എഡിറ്റ്‌ ചെയ്തു പത്രത്തിലെ എന്നത് പാത്രത്തിലെ എന്നാക്കുക . അതല്ലേ ശരി....
    മറ്റു വിഭവങ്ങള്‍ വായിക്കാന്‍ വീണ്ടും വരാം

    ReplyDelete
  19. പ്രിയ വേണുഗോപാല്‍ ജി
    കണക്കൂരില്‍ എത്തിയതിനു നന്ദി.
    താങ്കള്‍ ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തുന്നു.

    ReplyDelete
  20. കണക്കൂരിൽ എത്തിയപ്പോഴറിയുന്നു. കണക്ക് തെറ്റിയില്ലെന്ന്. ചാതുര്യത്തിന്റെ ചാരുതക്ക് മുൻപിൽ നമിക്കുന്നു ശിരസ്സ്. ആശംസകൾ

    ReplyDelete