Tuesday, July 17, 2012

എന്റെ കാടനുഭവങ്ങള്‍


"കാടില്ലാത്ത ജില്ല ? " ക്വിസ് മാസ്ടറുടെ ചോദ്യം.
 "ആലപ്പുഴ"
ആലപ്പുഴക്കാരന്‍ ആയ എനിക്ക് ഇതുകേള്‍ക്കുമ്പോള്‍  കൌതുകം തോന്നും. 
ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന കാടുകള്‍ വെറും കാവുകള്‍ മാത്രം ആയിരുന്നു എന്ന് പതിയെയാണ് മനസ്സിലായത്‌.. . . 
മുതുകുളത്തിന് അടുത്തുള്ള പാണൂര്‍കാവ് (പാണ്ഡവര്‍ കാവ്) സാമാന്യം വലിയ ഒരു കാവായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അവിടെ പോകുന്നത്   നല്ല ഓര്‍മയുണ്ട്. അതുപോലെ വണ്ടാനത്ത് നാഷണല്‍ ഹൈവേയുടെ  കിഴക്കുവശത്ത്‌ ഒരു വലിയ കാടുണ്ട്‌ . ഈയടുത് വിനയന്‍ സാര്‍  അദ്ദേഹത്തിന്റെ 'രക്തരക്ഷസ്' ചിത്രം ഈ  കാട്ടില്‍ ചിത്രീകരിച്ചു എന്ന് കേട്ടു.    എന്റെ വീടിനടുത്ത് ഇടശ്ശേരിമഠം വക സര്‍പ്പക്കാവില്‍  ഇലഞ്ഞിയും ചേരും കാഞ്ഞരവുമൊക്കെ  ചൂരല്‍ വള്ളികളാല്‍  ചുറ്റപ്പെട്ട്  ചെറിയ ഒരു കാട് തീര്‍ത്തിരുന്നു. അവിടെ നിന്നാണ് ചുണ്ണാമ്പുവള്ളി മുറിച്ചെടുത്ത്‌ ഞങ്ങള്‍ കുട്ടിക്കാലത്ത് ഊഞ്ഞാല്‍ കെട്ടിയത് .ഇതൊക്കെ വെറും കുട്ടിക്കാടുകള്‍ ആണെന്നും ശരിക്കും ഉള്ള കാടുകള്‍ വലിയ ഒരു സംഭവം ആണെന്നും  മനസ്സ് പതുക്കെ ഉറപ്പിച്ചു. 
കോന്നിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് വലിയ കാട് കണ്ടത്.    അത്  'തേക്ക്‌ പ്ലാന്റെഷന്‍ ' ആയിരുന്നു എന്ന് ആദ്യം മനസ്സിലായില്ല . വലിയ തേക്കുമരങ്ങള്‍ . ഇടയില്‍ വന്യമായ വിജനത. കാട്  മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന് അതിനിടെ നിറയെ മൃഗങ്ങള്‍ ഉള്ള ഒരു ഭൂമികയാണ് എന്ന് ഇടക്കെപ്പോഴോ ഒരു ധാരണ എന്നില്‍ ഉണ്ടായി.  നോട്ടുബുക്കില്‍ ചിത്രങ്ങള്‍ കോറിയിട്ടത്‌ അങ്ങിനെയാണ്. കുറെ മരങ്ങള്‍ . താഴെ മുയലുകളും മാനുകളും നിറഞ്ഞ ഇടം. മരത്തില്‍ പുലി. കുറച്ചുമാറി സിംഹവും ആനയും. ഇങ്ങനെ മൃഗങ്ങളുടെ ഒരു നിറസാന്നിധ്യം ആയിരുന്നു എനിക്ക് പിന്നെയും കുറച്ചുകാലം കാട്.  പിന്നെപ്പോഴോ തുടങ്ങിയ ശബരിമല യാത്രകള്‍ ആണ് കാടിനെ എന്നെ അടുത്തുകാട്ടിയത്. പക്ഷെ വനപാതയിലെ തിരക്കില്‍ അത് ശരിക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നതാണ് സത്യം.  

ആദ്യമായി കേരളം കടന്നത്‌ കല്പാക്കത്ത് ജോലിക്ക് ചേരുവാന്‍ ആയിരുന്നു. പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ അല്‍പ്പം കാട് കണ്ടു. തമിഴ്നാട് വാസക്കാലത്ത് പല ടൂറുകളും നടത്തി. പലതരം  കാടുകള്‍ . എങ്കിലും അവ ശുഷ്ക്കം ആയിരുന്നു.

പിന്നെ ജീവിതം കര്‍ണാടകയിലേക്ക് മാറി.  ആയിരത്തി അറുനൂറുകിലോമീറ്റര്‍ നീളം  വരുന്ന  പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ  നല്ല ഒരു ഭാഗം കൊങ്കണ്‍ മേഖല ഉള്‍ക്കൊള്ളുന്നു. ഇന്ത്യയിലെ രണ്ടാമത്തെ  വലിയ വെള്ളച്ചാട്ടമായ 'ജോഗ് ഫാള്‍സ് '  ഇവിടെ ഷിമോഗ ജില്ലയിലാണ്.   
ആദ്യമായി ട്രെക്കിങ്ങിനു പോയത് ഉടുപ്പി യൂത്ത് ഹോസ്റ്റെല്‍ സംഘടിപ്പിച്ച 'അകുമ്പേ' (Akumpe) ട്രെക്ക് ആണ്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്. നാല് ദിവസം കാട് അറിഞ്ഞുള്ള യാത്ര. കാറ്റില്‍ ടെന്റുകെട്ടി താമസം.    കാട് എന്തെന്ന സത്യം അന്നാണ് അറിഞ്ഞത്. വന്മരങ്ങള്‍ വെട്ടിമാറ്റിയ കുറ്റികള്‍ ആയിരുന്നു പല ഇടത്തിലും അവശേഷിച്ചത്.  കുരങ്ങ് അല്ലാത്ത മൃഗങ്ങളെ കണ്ടത് അത്യപൂര്‍വ്വം. തലങ്ങും വിലങ്ങും ജീപ്പ് പാതകള്‍ കണ്ടു.  വനപാലകര്‍ക്കൊപ്പം വനംകൊള്ളക്കാര്‍ക്കും ഉപയോഗിക്കുവാന്‍ ഉള്ള സൗകര്യം  ഒരുക്കുന്ന വഴികള്‍ ആണ് ഇവ  ! വര്‍ഷങ്ങള്‍ക്കു ശേഷം നീലഗിരി ട്രെക്കിങ്ങില്‍ ആ അഭിപ്രായം മാറി.   നീലഗിരി വനയാത്രയില്‍ രാത്രിയിലും പകലുമായി പല കാട്ടുമൃഗങ്ങളെ യും കണ്ടു. ബന്തിപൂര്‍ വഴിയുള്ള കാര്‍ യാത്രയില്‍ അനേകം പുള്ളിമാനുകളെയും ചില ആനകളെയും കാണാന്‍ കഴിഞ്ഞു.  ഒരുവട്ടം എന്റെ കൊച്ചു കാറില്‍ കാട്ടാനയുടെ മുന്നില്‍ പെട്ടുപോയതും ഓര്‍മ്മയുണ്ട്  . 

ഉത്തരകന്നടയിലെ വനങ്ങള്‍ സസ്യനിബിഡംആണ്. എനിക്ക്  പേരറിയാത്ത പല മരങ്ങളെയും ഇവിടെ  കണ്ടു.  മലയണ്ണാന്‍ ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത് . പലപ്പോഴും  നമ്മള്‍ ഇരിക്കുന്നിടത്തിനടുക്കല്‍ വരെ അവ   ചില്ലകള്‍ മാറിമാറി വന്നെത്തും . എന്നാല്‍ നമ്മുടെ ചെറിയ ചലനങ്ങള്‍ അവയെ ദൂരേക്ക്‌ തുരത്തും. വനയാത്രയില്‍ ക്യാമറ പലര്‍ക്കും ഒരു ആവേശം ആണ് . തങ്ങള്‍ കണ്ട കാഴ്ച്ചകള്‍ നാലുപേരെ കാണിച്ചാലേ അവര്‍ക്ക് സമാധാനം കിട്ടൂ. എന്റെ സുഹൃത്തും പക്ഷി നിരീക്ഷകനും ആയ രാജീവാണ് വിലപ്പെട്ട ആ ഉപദേശം തന്നത്. 'ഫോട്ടോഗ്രാഫിക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ മറ്റു പല വിശിഷ്ട്ട കാഴ്ച്ചകള്‍ നമുക്ക് നഷ്ട്ടപെടും.'  ഒരിക്കല്‍  ഏകനായി   നടത്തിയ വനയാത്രയില്‍ ഒരു പാറയുടെ അങ്ങേപ്പുറത്ത്‌ ചില വിചിത്രശബ്ദങ്ങള്‍ കേട്ടു.  വളരെ പതുക്കെ പാറയില്‍ കയറി മറുവശത്തേക്ക് കണ്ണ് പായിച്ചു. 
അപ്പോള്‍ കണ്ടത്  ഒരു അപൂര്‍വ്വ കാഴ്ച ! രണ്ടു മുള്ളന്‍പന്നികള്‍ ഇണ ചേരുന്നു. എന്റെ കയ്യില്‍ 300 mm എസ് എല്‍ ആര്‍ ക്യാമറയുണ്ട്. ഫോട്ടോഗ്രാഫിക്ക് ശ്രമിച്ചാല്‍ എന്റെ ചലനം അറിഞ്ഞ് അവ ഓടിമറയും. അതിനാല്‍ അതിനു ശ്രമിക്കാതെ അടങ്ങിയിരുന്നു. നമ്മുടെ മനസ്സ് തന്നെ ഒരു നല്ല ക്യാമറ ആണല്ലോ ?

 കാടിന്റെ വന്യതയാണ്‌ നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നത് . പക്ഷികളുടെ ഒരു മായികലോകം . പൊടുന്നനെ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു വലിയ കാഹളം മുഴങ്ങി എന്ന് വരാം. ഒരു ആണ്‍ മയില്‍  അതിന്റെ  സാന്നിദ്ധ്യം വിളിച്ചറിയിച്ചതാവും .  ഉത്തരകന്നടത്തിലെ കാടുകളില്‍ വേഴാമ്പലുകളുടെ എണ്ണം ഇപ്പോള്‍  കൂടിയിട്ടുണ്ട്. വന്‍ വൃക്ഷങ്ങളുടെ പോതുകളില്‍ ആണ് അവ മുട്ട വിരിയിക്കുന്നത് . വേഴാമ്പലുകളുടെ കൂട് തേടിയുള്ള യാത്രകള്‍ എല്ലായ്പ്പോഴും നിരാശയാണ് നല്‍കിയത് . അവ ഒരിക്കലും നേരെ ഇണ അടയിരിക്കുന്ന ഇടത്തേക്ക് പറന്നു ചെല്ലില്ല. ചുറ്റുമുള്ള പല മരങ്ങളിലും ചാടിച്ചാടി  നമ്മെ വട്ടം ചുറ്റിക്കും. കാട്ടില്‍ എന്നെ എന്നും ആകര്‍ഷിക്കുന്ന ഒരു കിളിയാണ് റാക്കറ്റ്  വാലന്‍  നാരായണക്കിളി . ഒരു നല്ല മിമിക്രി കലാകാരന്‍ ആണ് ഈ പക്ഷി. 
വെളുത്ത നീളന്‍വാലന്‍ പ്രാണിപിടിയന്‍ കിളി വളരെ സുന്ദരന്‍  ആണ് . തവിട്ടു നിറത്തിലും ഇവനെ കാണാം. അവന്റെ നെടുനീളന്‍ വാല്‍ ചില്ലകള്‍ക്കിടയിലൂടെ  ഒഴുകി പോകുന്നത് മനോഹര കാഴ്ച്ചയാണ് . കാട്ടുകോഴികള്‍ കാഴ്ചയില്‍  നാട്ടുകോഴിയെക്കാള്‍ ഭംഗി ഉള്ളവയാണ്. എന്നാല്‍  ആണ്‍മയിലുകള്‍ മിക്കതും ശുഷ്ക്കമായ വാലുകളോടെ കാണപ്പെട്ടു. ഉത്തരേന്ത്യയില്‍ അവ കാക്കകളെ പോലെ മനുഷ്യന്റെ  ഏറെ അടുത്ത് എത്തും. എന്നാല്‍ ഇവിടുള്ള മയിലുകള്‍ വലിയ നാണക്കാരാണ് . പാമ്പുകള്‍ ആണ് കാട്ടില്‍ പെട്ടെന്ന്  ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സാന്നിദ്ധ്യം . കാര്‍വാറിനു അടുത്ത് പലയിടത്തും രാജ വെമ്പാലയെ  കണ്ടത്തായി വാര്‍ത്തകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു ട്രെഞ്ചിലാണ് ഞാന്‍ ഈ മരണത്തിന്റെ രാജാവിനെ നേര്‍ക്കുനേര്‍  കണ്ടത്. 

കാര്‍വാറിലേക്കുള്ള തീവണ്ടി നിലയത്തിലേക്കുള്ള രാത്രിയാത്രകളില്‍ ധാരാളം  വന്യമൃഗങ്ങളെ  കാണാം. വാഹനത്തിന്റെ  വെളിച്ചത്തില്‍ അവയുടെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങും. മിക്കപ്പോഴും പുള്ളിപ്പുലികള്‍ . ചിലര്‍ കരിമ്പുലിയെ കണ്ടിട്ടുണ്ട് . ഒരു പകല്‍ യാത്രയില്‍ റോഡരികില്‍ ഒരു കലിങ്കില്‍ കയറി അനങ്ങാതെ ഇരിക്കുന്ന പുള്ളിപ്പുലിയെ കണ്ടു.  ഡ്രൈവര്‍ കുറച്ചു സമയം  ബസ്സ്‌ നിര്‍ത്തിയിട്ടു . അവന്‍ 'ഇതൊന്നും വലിയ കാര്യം അല്ല' എന്ന മട്ടില്‍ അനങ്ങാതെ കിടന്നു. ആ കാഴ്ച ഇന്നും മനസ്സില്‍ ഉണ്ട്. 
കാട് ഒരു വിശ്വാസം ആണ്. മനുഷ്യന്റെ മനസ്സിലും ഒരു കാട് ഉണ്ട്. കാടിന്റെ വലുപ്പമല്ല,  അതിന്റെ  ആഴമാണ് പ്രധാനം . അത് മറ്റെന്തിലും ഉപരിയായി നമ്മില്‍ ഉന്മേഷം നിറയ്ക്കും . ചിലപ്പോള്‍ ഏകനായി കാളി നദിയുടെ തീരത്ത്  കാട്ടില്‍ അലയുമ്പോള്‍ കാട് എന്തോ മന്ത്രിക്കുന്നത് കേള്‍ക്കാം . അത്  പണ്ടെങ്ങോ  കടന്നുപോയ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ   സ്മരണ അയവിറക്കുന്നുണ്ടാവും . വനത്തെയും  വനദേവകളെയും പൂജിച്ച ഒരു കാലം. കാട് തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ മാനിനും മയിലിനും ഒപ്പം മനുജനും ഉറങ്ങിയ കാലം ഉണ്ടായിരുന്നല്ലോ ? 


 ഈയിടെ ഒരു സുഹൃത്ത്‌ ചില പാഴ്മരങ്ങള്‍ ചൂണ്ടിക്കാട്ടി പറയുകയുണ്ടായി :-
"ഇവയൊക്കെ പറിച്ചുകളഞ്ഞിട്ട്  നമുക്ക് ആവിശ്യമുള്ള ഫലവൃക്ഷങ്ങളും  ഈട്ടിയും തേക്കും ഒക്കെ നട്ടിരുന്നെങ്കില്‍ എത്ര നന്നായി ?!"
ഇത് നമ്മുടെ പൊതുസ്വഭാവം ആണ്  - നമുക്ക് (മനുഷ്യന്) ഗുണപരമായത് മാത്രം നില നിര്‍ത്തുക എന്നത് .  പ്രകൃതിയില്‍ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനം ഉണ്ട്  എന്ന കാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. ഒരു ചെറിയ പുല്‍ച്ചെടിക്കും  കാണും ഈ ലോകത്തില്‍ അതിന്റേതായ സ്ഥാനം . അത് നിഷേധിക്കുവാന്‍ നമുക്ക് എന്തവകാശം ? എങ്കിലും മനുഷ്യന്റെ വികാസത്തിന് ഒത്ത് വനസ്ഥലികള്‍ ചുരുങ്ങിവരുന്നു.
 കുറച്ചുകഴിയുമ്പോള്‍ എനിക്ക് ചിലപ്പോള്‍  പറയുവാന്‍ ആകും - ആലപ്പുഴയിലെ മരക്കൂട്ടങ്ങളും ഗരിമയുള്ള വനങ്ങള്‍ ആണ് എന്ന്.    അവയെങ്കിലും  അവശേഷിച്ചാല്‍ മാത്രം  .  


----------------#-------------  

14 comments:

  1. എന്റെ ചില കാടനുഭവങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസം ഡ്രാഫ്റ്റില്‍ കിടന്നു. ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നു. സുഹൃത്തുക്കള്‍ വായിക്കുമല്ലോ ?

    ReplyDelete
  2. സത്യത്തില്‍ ഈ പാഴ്മരങ്ങള്‍ എന്ന് പറയുന്നതും നമുക്ക് വേണം..
    ഒരു മരം നിലനിര്‍ത്താന്‍ മുന്‍ തലമുറ എത്രമാത്രം ശ്രദ്ധിച്ചിരുന്നു
    അന്ന് മനുഷ്യന് സ്വന്തം കാര്യം മാത്രം

    നല്ല പോസ്റ്റ്

    ReplyDelete
  3. ഒരു ചെറിയ പുല്‍ച്ചെടിക്കും കാണും ഈ ലോകത്തില്‍ അതിന്റേതായ സ്ഥാനം . അത് നിഷേധിക്കുവാന്‍ നമുക്ക് എന്തവകാശം ?ശരിയാണ് നമുക്കെന്തവകാശമാണുള്ളത്‌ ഇതൊക്കെ നിഷേധിക്കാന്‍????

    ReplyDelete
  4. ഹൃദ്യമായ ഓര്‍ കാട്ടുവിശേഷം, ശാന്തമായ കാട്ടിലെത്തിപ്പെട്ട ഒരനുഭവം. നല്ല വായന സമ്മാനിച്ചതിന് നന്ദി സര്‍

    ReplyDelete
  5. കാടനുഭവങ്ങള്‍ വായിച്ചപ്പോള്‍ കാവിലൂടെയും കാട്ടിലൂടെയും ഒക്കെ കയറിയിറങ്ങിയ അനുഭവം. കല്‍ക്കപ്പാക്കത്ത് എന്തായിരുന്നു പരിപാടി?
    അവശേഷിക്കുന്ന കാടുകളും ഇനിയും എത്ര നാള്‍ നിലനില്‍ക്കും എന്ന ആശങ്കയാണ് ഒരു വശത്ത്.

    ReplyDelete
    Replies
    1. കല്പ്പാക്കത്ത്‌ ആണവ നിലയത്തില്‍ ജോലി ചെയ്തു. പിന്നെ ട്രാന്‍സ്ഫര്‍ ആയി പതിനഞ്ചു വര്‍ഷമായി ഇവിടെ കര്‍ണാടകയില്‍ .

      Delete
  6. നമ്മുക്ക് വേണ്ടീ മാത്രമായി പൊകുന്നു
    നമ്മുടെ പ്രകൃതിയോടുള്ള സമീപനം ..
    എപ്പൊഴും മാഷ് വരികളില്‍
    നിറക്കുന്ന ഒന്നുണ്ട് , മാഷിന്റെ മനസ്സിന്റെ
    നന്മയും , നൈര്‍മല്യവും .. ഇക്കാലത്ത്
    ആരിലും കാണാതെ പൊകുന്നത് ..
    നമ്മുടെ മനസ്സിനപ്പുറം ഏത് ക്യാമറ ആണല്ലെ ..
    എനിക്കും നമ്മുക്കും ഒരു പാഠമുണ്ടതില്‍
    ഞാനുമത് ഹൃത്തിലേറ്റുന്നു .. മരിച്ച് പൊകുന്ന
    കാടിന് , അതിലൂടെ തഴക്കുന്ന ആവാസവ്യവസ്ഥികള്‍ക്ക്
    ഏറ്റം ദോഷകാലമഅയ ഇന്നിലും ഇത്തരം മനസ്സുകള്‍
    പ്രശംസ അര്‍ഹിക്കുന്നു .. ഇഷ്ടായീ ഒരുപാട് ..
    ഇനിയും പ്രതീഷിക്കുന്നു .. വിപുലമായീ ..

    ReplyDelete
  7. ഞാനും പോയിട്ടുണ്ട് കാട്ടില്‍ ട്രെക്കിംങ്ങിനു ...!
    നല്ല ഒരു അനുഭവം തന്നാണ് കാട്ടിലൂടെ ഉള്ള സഞ്ചാരം ...
    അടുത്തുകൂടെ മാനുകളും,മയിലുകളും ഒക്കെ കൂട്ടമായി ഓടുന്നതും , പക്ഷികളുടെ പ്രത്യേകതരം ശബ്ദങ്ങളും , ആനകള്‍ കൂട്ടത്തോടെ നീരാടിയത് ദൂരെ നിന്ന് കണ്ടതും , ഞങ്ങള്‍ ദാഹിച്ചു തളര്‍ന്നു അരുവിലെ വെള്ളം കുടിച്ചതും ഒക്കെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ആണ് ..
    >>നമ്മുടെ മനസ്സ് തന്നെ ഒരു നല്ല ക്യാമറ ആണല്ലോ ?<<
    അതെ ശരിയാണ് നമ്മുടെ മനസ്സ് നല്ല ഒരു ക്യാമറയാണ് കാരണം എനിക്കും ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല ...അതിലും ഭംഗിയായി മനസ്സില്‍ തെളിഞ്ഞു കിടപ്പുണ്ട് ആ ദൃശ്യങ്ങള്‍

    ReplyDelete
  8. ഈ പോസ്റ്റിനു വിശദമായി തന്നെ അഭിപ്രായം പറഞ്ഞ aboothi:അബൂതി , അജീഷ്.പി.ഡി , Arif സൈന്‍ , പട്ടേപ്പാടം റാംജി , റിനി ശബരി , kochumol(കുങ്കുമം) എന്നിവര്‍ക്ക് നന്ദി. കഥയും കവിതയും അല്ലാത്തതിനാലും അല്പം നീണ്ടുപോയതിനാലും ബ്ലോഗില്‍ വിപുലമായ വായന നടന്നില്ല എന്ന കാര്യം കൂടി എവിടെ കൂട്ടിച്ചേര്‍ക്കട്ടെ .

    ReplyDelete
  9. പുതിയ വായനക്കാരനാണ്.നന്നായിട്ടുണ്ട്.

    ReplyDelete
  10. നമ്മള്‍ ഒരു വീട് വെക്കാന്‍ എത്ര കിളികളുടെ കൂടാണ് നശിപ്പിക്കാരുള്ളത്?
    കാടിന്റെ സൌന്ദര്യം ആണ് പ്രകൃതിയുടെ സൌന്ദര്യം .
    കാട് കാണാന്‍ ഉളള നമ്മുടെ യാത്രയില്‍ പോലും നാം കാടിനെ നശിപ്പിക്കാറുണ്ട് .
    ലോകത്തില്‍ പിറവിയെടുക്കുന്ന എല്ലാറ്റിനും ഇവിടെ ജീവിക്കാന്‍ കഴിയട്ടെ
    കാടിന്റെ കുളിര് അനുഭവപ്പെടുന്നു സാറേ ഈ പോസ്റ്റില്‍..
    വീണ്ടും വീണ്ടും വായിച്ചു.
    നന്ദി ഈ പങ്കു വെക്കലിന്

    ReplyDelete
  11. കാടിന്റെ വന്യസൌന്ദര്യം അങ്ങനെ തന്നെ പകര്‍ത്തിയത് നല്ലൊരു വായനാനുഭവം ആണ് സമ്മാനിച്ചത്.. ഞാനും ഈ കാടില്ലാത്ത ജില്ലകാരന്‍ ആയത് കൊണ്ട് കാടിനോട് എന്നും പ്രണയം തന്നെ ആയിരുന്നു... ഈ പങ്കുവേയ്ക്കലിനു ആയിരം നന്ദി.. ആശംസകളോടെ,

    ReplyDelete
  12. കാട് എനിക്കെന്നും ഇഷ്ടമാണ്. ആദ്യമായി ഒരു കാടിനടുത്ത ബന്ധു വീട്ടില്‍ പോയത് എന്നും ഓര്‍ക്കും. മഴ പെയ്തപ്പോള്‍ വെളളം നിറഞ്ഞതും, അതിലെ മീനിനെ പിടിച്ചതും, കുറേ അറിയാത്ത പഴങ്ങള്‍ പറച്ചു തിന്നതുമെല്ലാം... ഇപ്പോളവിടെയതൊക്കെയുണ്ടോയെന്തോ....

    ReplyDelete
  13. ഇവിടെ കണ്ടത്തില്‍ വളരെ സന്തോഷം
    രമേഷ്സുകുമാരന്‍
    അഷ്‌റഫ്‌ സല്‍വ
    SHANAVAS JI
    സുനി

    @ SUNI- റിയല്‍ എസ്റ്റേറ്റ്‌ ബൂം... ഒന്നും നാട്ടില്‍ മിച്ചം കാണില്ല .. നമുക്ക് വെറുതെ സ്വപ്നം കാണാം ..

    ReplyDelete