Thursday, December 15, 2011

മുല്ലപ്പെരിയാര്‍ - പുതിയ ഡാം മണ്ടത്തരം

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുകയാണല്ലോ ? ഇതിന്റെ അടുത്ത നില എന്തായിരിക്കും ? ഒരിക്കലും വിധി തീരാത്ത കേസുകെട്ടുകളും തൂക്കി കുറെ വക്കീലന്മാര്‍ കിഴക്കും പടിഞ്ഞാറും നടക്കും എന്നല്ലാതെ ! 999 വര്‍ഷത്തേക്കുള്ള വിചിത്രമായ ഒരു കരാര്‍ നമ്മെ നോക്കി പല്ലിളിക്കും എന്നത് മിച്ചം.

ഇത് നാളത്തെ കാര്യം. ഇന്നത്തെ സ്ഥിതി എന്താണ് എന്ന് നോക്കാം. ഇന്ന് കേരളം മുഴുവനും പുതിയ അണക്കെട്ടിനായി മുറവിളി കൂട്ടുന്നു. പത്രങ്ങളും മറ്റു മാധ്യമങ്ങളും അതുതന്നെ വിളിച്ചോതുന്നു. എന്റെ വീടിന്റെ മുന്നിലുള്ള കൊച്ചു യൂപ്പീ സ്കൂളിലെ കുട്ടികള്‍ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു; പുതിയ ഡാം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട്. ശരിക്കും കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം എന്നതുതന്നെയാണ് തമിഴ് നാടിന്റെ ആഗ്രഹം. നമ്മുടെ ജനതയെ വിഡ്ഢിവേഷം കെട്ടിച്ചു ഇതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ !!! അവര്‍ക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആണ് നോട്ടം. ഒരു ഡാമിന് ആയുസ്സ് 50 മുതല്‍ 60 വര്‍ഷങ്ങള്‍ കണക്കാക്കിയാല്‍ ഇനി കരാറില്‍ അവശേഷിക്കുന്ന കാലം മുഴുവനും നമ്മള്‍ എത്ര ഡാം പണിയണം തമിഴ്നാടിനു വെള്ളം നല്‍കാന്‍ ! ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാ അണക്കെട്ടുകള്‍ക്കും ഭീഷണി ആണ് എന്നും നാം ഓര്‍ക്കണം. അതുമല്ല, ഓരോ അണക്കെട്ടും ജലത്താല്‍ മൂടുന്നത് എത്ര വനഭൂമി ആണ് ? ഇതിനൊന്നും തമിഴ്നാട് സര്‍ക്കാര്‍ ഒരുപൈസ നഷ്ട്ടപരിഹാരം തരില്ല. പണ്ടു ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച വിചിത്ര കരാറിന്റെ ഫലം നോക്കണേ ?
ഡോ. എ ലത എഴുതിയ ഒരു ലേഖനം വായിച്ചു. പുതിയ അണക്കെട്ടല്ല , പുതിയ ജല വിനിയോഗ ബില്‍ ആണ് വേണ്ടത് എന്ന് നല്ലപോലെ വ്യക്തമാക്കുന്ന ഒരു ലേഖനം. തമിഴ്‌നാട് , കേരളം എന്ന് വേര്‍തിരിച്ചു കാണാതെ പ്രശ്നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടുവാന്‍ കഴിയുന്നത്‌ കേന്ദ്ര സര്‍ക്കാരിനാണ് . അവര്‍ വിചിത്രമായ മൌനം വെടിയണം. സീറ്റ് എണ്ണി ആരുടേയും പക്ഷം പിടിക്കരുത്. പടിപടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ കുറച്ചുകൊണ്ടുവരികയും അതിനൊപ്പം തമിഴ്നാട്ടില്‍ വൈഗ തടത്തില്‍ കൂടുതല്‍ ജലം സംഭരിക്കുവാന്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൈക്കൊള്ളുകയും ചെയ്യണം. ഒരുഭാഗത്ത്‌ കൃഷിയും മറുഭാഗത്ത്‌ ജനങ്ങളുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. കേരളത്തിലെ നദികളുടെ സ്വാഭാവികമായ നീരൊഴുക്ക് തിരികെ കൊണ്ടുവരണം.

സുഹൃത്തുക്കളെ..
ഈ വിഷയത്തില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഓര്‍ക്കുക. പുതിയ ഡാം അല്ല പുതിയ കരാര്‍ ആണ് നമുക്ക് വേണ്ടത്. മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തിന്റെതാണ്. അതിന്റെ സുരക്ഷയും നിയന്ത്രണവും എല്ലാം കേരളത്തിന്റെ കയ്യില്‍ തന്നെ വേണം. തമിഴ്നാടിന് കൃഷിക്കാവിശ്യമായ ജലം മാത്രം നല്‍കുക. (വൈദ്യുതി പോലും നല്‍കേണ്ട ആവശ്യം ഇല്ല ) നമ്മുടെ ഭരണാധികാരികള്‍ അതിനാണ് ശ്രമിക്കേണ്ടത്.

9 comments:

 1. മാത്രുഭുമിയിലെ ലേഖനം വായിച്ചു. ശരിയായ രീതിയിലുള്ള വിചിന്തനം ആവശ്യമാണ്‌ ഈ വിഷയത്തില്‍. പരിസ്ഥിതി കൂടി കണക്കിലെടുതുകൊണ്ടായിരിക്കണം പുതിയ ഡാമിനെ കുറിച്ച് ചിന്തിക്കേണ്ടത്. ആതിന്റെ ചുവടു പിടിച്ചു കൊണ്ടുള്ള ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍!

  ReplyDelete
 2. അതു തമിഴ് നാടിനു നന്നായി അറിയാം..അതു കൊണ്ടാണ് 780 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക മാത്രമാണ് കേരളത്തിന്റെ ലക്ഷ്യം എന്ന് തമിഴ് നാട് പ്രസ്താവന ഇറക്കിയത്...

  ReplyDelete
 3. ലേഖനം വായിച്ചിരുന്നു. പുതിയ ഡാം എന്ന ആശയത്തോട് എപ്പോഴും ഒരകലം പാലിച്ചിരുന്നു ഞാനെന്നതുകൊണ്ട് ആ ലേഖനം വളരെ താല്പര്യപൂർവം വായിച്ചു.
  ഈ പോസ്റ്റിനു നന്ദി.

  ReplyDelete
 4. വളരെ ശരിയാണ്.
  പഴയ കണ്ടീഷനുകളോടെ പുതിയ ഡാം എന്നത് ശരിയായ ആവശ്യമല്ല എന്നു പലപ്പോഴും തോന്നിയിരുന്നു.

  ReplyDelete
 5. താങ്കളുടെ അഭിപ്രായത്തോട് ( ഡോ. എ. ലതയോടും) പൂര്‍ണ്ണമായും യോജിക്കുക്കുന്നു. അധികാരം നമുക്കുതന്നെയാണ് വേണ്ടത്......

  ReplyDelete
 6. താങ്കളുടെ ഈ അഭിപ്രായത്തോട് പൂര്‍ണമായും യോചിക്കുന്നു അധികാരം നമ്മുടെ ആവശ്യമാണ് ,ഈ പോസ്റ്റിനു നന്ദി .............

  ReplyDelete
 7. യഥാർത്ഥത്തിൽ ഈ പ്രശ്നം രൂക്ഷമാകാനുള്ള പ്രധാന കാരണം. ഈ അണക്കെട്ട് തമിഴ്നാടിന്റെ വകയാണെന്ന് വരുത്തിത്തീർക്കുകയും, അവർ ഇതിന്റെമേൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുതുടങ്ങിയപ്പോഴാണ്. അങ്ങനെ അതിരുകടന്ന് പറയുമ്പോഴെങ്കിലും സ്വതവേ സഹതാപമനസ്ഥിതിക്കാരായ കേരളീയർ, അപകടത്തെപ്പറ്റി മിണ്ടില്ലെന്നും സുരക്ഷാസംവിധാനങ്ങൾക്ക് തൽക്കാലം ഒരുങ്ങുകയില്ലെന്നും, തികച്ചും ശാഠ്യത്തോടെ അവർ കരുതുന്നു. വീണ്ടും കുറേക്കൂടിയുള്ള കടന്നുകയറ്റത്തിന്റെ തെളിവാണ്, ഒരു ജില്ലതന്നെ തമിഴ്നാടിനോടു ചേർക്കണമെന്ന അഭിപ്രായം വന്നത്. (ഈ അഭിപ്രായം അവിടത്തെ സർക്കാർതലത്തിൽ ഉന്നയിച്ചിട്ടില്ല.) ഇതുവരെയുള്ള എല്ലാ സംഭവങ്ങളും എല്ലാ വിമർശനങ്ങളും നിരത്തിനോക്കുമ്പോൾ, ‘ജലവിനിയോഗം’ എന്നുമാത്രമല്ല, ഒരു പുതിയ കരാറും കൊണ്ടുവരാനോ അംഗീകരിക്കാനോ അവർ തയ്യാറാവുകയില്ല. ആയതുകൊണ്ട്മാത്രം ‘കേന്ദ്രസർക്കാരി‘ന്റെ നിലനില്പിനെ ബാധിക്കുമെന്നുപേടിച്ച് മന്ത്രിമാരും അതിനു ശ്രമിക്കില്ല. അത് അത്ര എളുപ്പമാകാത്തവിധം അവിടത്തെ ജനങ്ങളെയാകെ പലവിധം അവിശ്വസിപ്പിച്ച്, കേരളീയരോട് അല്പം അമർഷം ഉണ്ടാക്കിച്ചുകഴിഞ്ഞു. ഇനി നമ്മുടെ സുരക്ഷ നാം ഉറപ്പിക്കണമെങ്കിൽ, നാമടങ്ങുന്ന നമ്മുടെ ഭരണാധികാരികൾ ഉറപ്പായിനിന്ന് ‘ജലനിരപ്പ് താഴ്ത്തുക’യും നിലനിൽക്കുന്ന ഡാം ‘പൂർവ്വാധികം ശക്തിമത്തായി ചോർച്ചകൾമാറ്റിയും ചുറ്റുമതിൽപൂശിയും’ ചെയ്തുതന്നെ ആകണം. അതിനുള്ള തന്റേടം തമിഴ്ജനതയെപ്പോലെ എന്തുകൊണ്ട് നമ്മുടെ മന്ത്രിമാർക്ക്, എംപിമാർക്ക്, എം എൽ എകൾക്ക് ഉണ്ടാകുന്നില്ല? അതുണ്ടാകാതിരിക്കാൻ പലവഴിക്കും കോടികൾ ഒഴുക്കുകയും കേന്ദ്രമന്ത്രിമാരെ സ്വാധീനിച്ച് പിന്തിരിപ്പിക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം എന്താണ്? അവിടെയാണ് പലരുടേയും ലേഖനങ്ങളുടെ പ്രസക്തി. നമ്മളെപ്പോലെ സാധാരണജനത്തിന് പെട്ടെന്നുതോന്നുന്ന ഒരു പോംവഴി, ഉദ്യോഗസ്ഥതലത്തിൽ എന്തുകൊണ്ട് വരുന്നില്ല എന്നും, അതവർക്കു വരുത്താൻ എന്താണ് ചെയ്യേണ്ടതെന്നും ഇനി നമുക്ക് എഴുതാം. എങ്കിലേ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുകയുള്ളൂ, അതിനായി ശബ്ദമുയർത്തുകയുള്ളൂ.......... ശ്രീ.കണക്കൂർ, താങ്കൾ ഒരു നല്ല പോയിന്റുതന്നെയാണ് പറഞ്ഞുവച്ചത്. ഈ പ്രായോഗികവശം, ആപൽശങ്കയോടെ ജീവിച്ചുനീങ്ങുന്ന ജനത്തിനെ എങ്ങനെ ‘ഇനി’ ബോദ്ധ്യപ്പെടുത്തും? ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കാം, അല്ലേ? ശുഭാശംസകൾ......

  ReplyDelete
 8. =മിനി,
  =പഥികന്‍
  =Echmukutty
  =സേതുലക്ഷ്മി
  =മനോജ്‌
  =വിനയന്‍ idea
  അഭിപ്രായത്തിനു നന്ദി. താല്‍പ്പര കക്ഷികളുടെ നീക്കം ജനം തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ ദുഖിക്കേണ്ടി വരും .

  ReplyDelete
 9. Dear വി.എ || V.A , thanks for your replay.
  തമിഴ്നാടിന്റെ ആഗ്രഹം വ്യക്തമാണ്. കേരളത്തിന്റെ ചെലവില്‍ ഡാമും പഴയ കരാറും. അവര്‍ സ്വയം ഡാം ബാലപ്പെടുത്തില്ല. ആ പണത്തിന്റെ ഒരംശം ചിലടുത്തു എറിഞ്ഞാല്‍ മതി കാര്യം കാണാന്‍.
  കരാര്‍ അസാധുവാക്കാന്‍ ഉള്ള വഴികള്‍ നമ്മള്‍ ആലോചിക്കണം. ഇത് തമിഴന്‍ എന്നോ മലയാളിയെന്നോ വേര്‍തിരിച്ചുകാണരുത്. ഇന്ത്യ ഫെഡരല്‍ ഭരണ സംവിധാനം ഉള്ള രാജ്യം ആണല്ലോ ? കേന്ദ്രം സത്യസന്ധമായി ഇടപെടണം . ജനങ്ങള്‍ക്ക്‌ കാര്യം മനസ്സിലാകുവാന്‍ ജനനേതാക്കള്‍ കാര്യം പറയണം. നമ്മള്‍ M P മാര്‍ക്കും വോട്ട് കൊടുക്കുന്നുണ്ട് എന്നോര്‍ക്കണം. കൂട്ടത്തില്‍ നമ്മള്‍ വി.എ || V.A പറയുന്നപോലെ പോസ്റ്റും കവിതയും ഒക്കെ എഴുതാം അല്ലെ ? ജനങ്ങളും നേതാക്കളും കണ്ണ് തുറക്കട്ടെ

  ReplyDelete