Thursday, October 31, 2013

മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)


മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)
---------------------------------------------
ആശച്ചേച്ചിയെ വർഷങ്ങൾക്ക് ശേഷം അമ്പലത്തിന്റെ തെക്കേനടയുടെ വെളിയിൽ വച്ച് അടുത്ത്  കണ്ടു . ചിലപ്പോൾ ഇടയിലൊക്കെ നാട്ടിൽ വരുമ്പോൾ കണ്ടുകാണും . ശ്രദ്ധിച്ചിരിക്കില്ല ..  അവർ ഒത്തിരി മാറിയിട്ടുണ്ട് . മച്ചുമ്പുറത്തെ ഭഗവതിയിൽ നിന്നും ഉണങ്ങി  ഒരു വീട്ടമ്മയുടെ ആകാരത്തിലേക്ക് അവർ ചുരുങ്ങി .
" നീ  മദ്രാസീന്നും എന്നെത്തി ? "
" രണ്ടു ദെവസമായി " ഞാൻ പറഞ്ഞു .
അവർ ഇലക്കീറിൽ നിന്നും ചന്ദനം നുള്ളിയെടുത്ത് എന്റെ നെറ്റിയിൽ പതിച്ചു .അപ്പോൾ  അവരുടെ ഉള്ളങ്കൈ ഞാൻ മണത്തു .
" ചെക്കൻ വണ്ണം വച്ചു . പാണ്ടിനാട്ടിലെ  ചോറും സാമ്പാറും തോനെ കഴിക്കുന്നൊണ്ട് .. ല്ലേ ? "
ഞാൻ ചിരിച്ചു .
വെട്ടുവഴിയിലൂടെ നടക്കുമ്പോൾ  അവർ എന്തൊക്കെയോ  ചോദിച്ചു . പറഞ്ഞു . ഞാൻ മുക്കിയും മൂളിയും ഉത്തരം  നൽകി . എന്റെ മനസ്സ് പഴയ മച്ചുമ്പുറത്ത്   മേയുകയായിരുന്നു.
അവരുടെ വീട്ടിലേക്കുള്ള വഴി പിരിയുന്നിടത്ത് വച്ച് ആശച്ചേച്ചി ചോദിച്ചു -  " വീട്ടിൽ കേറീട്ടു പോന്നോ ? "
തറവാട്ടുവീടിന്  കാര്യമായ മാറ്റങ്ങൾ തോന്നിയില്ല . സുന്ദരിയമ്മ മാസങ്ങൾ മുമ്പ്  മരിച്ചുപോയി .
മുറ്റത്ത് ഒരു കുട്ടി കളിച്ചുകൊണ്ട് നിൽക്കുന്നു . അവരെ കണ്ടതും കുട്ടി ഓടിയടുത്തു .
" നീയിരിക്ക് . ചായ എടുക്കാം ."
അവർ അകത്തേക്ക് പോയി . ഞാൻ നടുമുറിയുടെ വാതിൽ വരെ ചെന്ന്  മച്ചുമ്പുറത്തേക്ക് നയിക്കുന്ന   ആ കോണിപ്പടികൾക്ക് വേണ്ടി പരതി . അത് കാണുന്നില്ല . പൊളിച്ചു കളഞ്ഞുവോ ? അതോ കാലത്തിനൊത്ത് മുന്നേറാനാവാതെ  പൊളിഞ്ഞു വീണതാകുമോ ?
പണ്ട് ആ കോണിപ്പടികൾ വഴിയാണ് ആ മച്ചുമ്പുറത്തെ മങ്ങിയ വെട്ടത്തിലേക്ക്   കയറിച്ചെന്നത് . ആശച്ചേച്ചിയാണ് ആ രഹസ്യം ഒരിക്കൽ പകർന്നുതന്നത് . ഒരു വേനലവധിയിൽ .
അവർ മുഴുനീളൻ പാവാടയിൽ നിന്നും ഹാഫ് സാരിയിലേക്ക് ചുവടുമാറിയത് ഏതാണ്ട് ആ കാലത്തായിരിക്കണം .
"മച്ചുമ്പുറത്ത് ഭഗവതിയോ ? " ഞാൻ അന്തം വിട്ടു .
" ചെമ്പരത്തി  പൂക്കടെ നെറം .. തറമുട്ടെ  മുടി .. പിന്നെ വലിയ മൊലകൾ . കഴുത്തിലൊക്കെ നെറയെ സ്വർണ്ണമാലകൾ...  പിന്നെ ...." അല്പം ഓർത്തുനിന്നിട്ട്  ആശച്ചേച്ചി തുടർന്നു - "കയ്യിൽ ഒരു ശൂലോം .."
ആ ശൂലം വേണ്ടായിരുന്നു എന്ന് തോന്നി .
ഒരു ഉച്ചനേരം അവിടെച്ചെന്നു . സുന്ദരിയമ്മ പറമ്പിന്റെ അങ്ങേക്കോണിൽ  ഓലക്കീറുകളുടെ ഇടയിൽ അലിഞ്ഞുനിൽക്കുന്നു .  വീടിന്റെ മുകളിൽ മച്ചിൽ നിന്ന് കിഴക്കോട്ട് ഉള്ള ഒരു തുറപ്പുണ്ട്. അതായിരിക്കും ഭഗവതിയുടെ വഴി !  അവിടെ രണ്ട് കാവൽ പ്രാവുകൾ ഇരുന്ന് കുറുകുന്നു .   വീട്ടിൽ  ആളനക്കം ഇല്ല .
രണ്ടുവട്ടം ഉറക്കെ വിളിച്ചു .
വളകിലുക്കം പോലെ എന്തോ കേട്ടു .
തുറന്ന വാതിലിൽ കൂടി നടന്ന്  നടുമുറിയുടെ പിന്നിലെ കോണിപ്പടിയുടെ ചുവട്ടിൽ എത്തി .
മച്ചുമ്പുറത്ത് എന്തോ  അനക്കം .
പലകപ്പടികൾ കയറി . ഒന്ന് ... രണ്ട് ... മൂന്ന് ...
കരി പിടിച്ച ചുവരുകൾ . ചിരട്ടയും കൊതുമ്പും നിരതെറ്റി കിടക്കുന്നുണ്ട് . പുകമണത്തെ വെല്ലുന്ന  എന്തോ രൂക്ഷഗന്ധം . മരപ്പട്ടികളുടെ വിസർജ്ജം ചിതറിയ പലകവിരിയിലൂടെ മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ആരൊ നിൽക്കുന്നു . നിറചിരിയുമായി മച്ചുമ്പുറത്ത് ഭഗവതി !
" നീ കയറി വരുമെന്ന് അറിയാമായിരുന്നു ." ഭഗവതി പറഞ്ഞു .
"എനിക്ക് പേടി വരുന്നു ചേച്ചീ ..."
 "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  മച്ചുമ്പുറത്ത് ഭഗവതിയാ ..."
ഞാൻ വിക്കി . "ഇങ്ങനെയുണ്ടോ ഭഗവതി ?"
"എടാ... ഭാഗവതീന്ന് വച്ചാൽ ശരിക്കും  എന്താ ? ഭഗം എന്നാൽ എന്താ ? മലയാളം അറിയുവോ പൊട്ടാ.."
പിന്നെ ആ അവധിക്കാലത്ത് പലവട്ടം സുന്ദരിയമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് വെട്ടിച്ച് ആ കോണിപ്പടികൾ കയറിച്ചെന്നു .
ഒരു ദിവസം പെട്ടന്ന്  ആശച്ചേച്ചിയുടെ ഭാവം മാറി. വീട്ടുപടിക്കൽ വച്ച് തടഞ്ഞുകൊണ്ട്‌  പറഞ്ഞു -
"ഇനി നീയിവിടെ വരണ്ട . മച്ചുമ്പുറത്ത് ഭഗവതി പടിയിറങ്ങി ."  എന്നിട്ട്  അവർ  വെട്ടിത്തിരിഞ്ഞ് നടന്നു .
എല്ലാം തുടങ്ങിവച്ചിട്ട്  ഇപ്പോൾ ... !
വിഷമം കടിച്ചിറക്കി .  പിന്നെ കാണുവാൻ ഇട വന്നില്ല . കോളേജ് തുറന്നു . പഠിത്തം ..പിന്നെ  ദൂരദേശത്ത് പഠിത്തം .. കാമ്പസ് തിരഞ്ഞെടുപ്പ് വഴി  ചുട്ടുപൊള്ളുന്ന ചെന്നെയിൽ ജോലിയുമായി .
അതിനിടെ ആശച്ചേച്ചി വിവാഹിതയായി എന്നറിഞ്ഞു . അതൊരു പരാജയം ആയി എന്നും .
പിന്നെ എന്താണ് കഥ ? അറിയില്ല .
ചുവരിൽ നിറം കാലത്തിനോട് തോറ്റ  മങ്ങിയ ചില ചിത്രങ്ങൾ .
അവർ ചായയും കൊണ്ട് വന്നു .
കുട്ടി അല്പം മാറിയിരുന്ന് എന്നെ വീക്ഷിക്കുന്നുണ്ട് . ഇടയിൽ തന്റെ കളിയിലേക്ക് കുറച്ചുനേരം മടങ്ങും .
" എല്ലാരും പലവഴിക്ക് പോയി . അവസാനം  അമ്മേം മരിച്ചു . ഇപ്പോ ഞാനും മോനും മാത്രം ഇവിടെ ..."
ഞാൻ എന്തോ ചോദിക്കുവാൻ ആഞ്ഞു . അവർ എന്തോ   പറയുവാനും തുടങ്ങിയതാണ്‌ .
അതിനകം മച്ചുമ്പുറത്ത് ഭഗവതി ഞങ്ങൾക്കിടയിൽ ഒരു സമസ്യ തീർത്തിരുന്നു  .
ഞാൻ എഴുനേറ്റു . ഇറങ്ങും മുൻപ് കുട്ടിയുടെ മുഖത്ത് ഒന്ന് മെല്ലെ തൊട്ടു .
പുറത്ത് ഇറങ്ങി നടക്കവേ ഒരു പിൻവിളി കേട്ടതുപോലെ തിരിഞ്ഞു നോക്കി .
മച്ചുമ്പുറത്തുനിന്ന്   കിഴക്കോട്ടുള്ള  തുറപ്പിൽ നിന്നും  ഒരു കടാക്ഷം ഒഴുകി വരുന്നുണ്ട്‌ .
ആ കടാക്ഷം ചെവിയിൽ  മന്ത്രിച്ചു  :-  "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  ഞാനാ... മച്ചുമ്പുറത്ത് ഭഗവതി ..."
ചിലപ്പോൾ അത് ഒരു തോന്നൽ ആയിരിക്കാം.
 എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു .

   ------------------------------------കണക്കൂർ  31 - 10 - 2013