Saturday, November 30, 2013

വഴി - ഒരു ഷോർട്ട് പ്രൊഫൈൽ

--------------------------------------------------------
ഒറ്റക്കിരിക്കുന്നവർ ... അവരാണ് ഭാഗ്യവാന്മാർ
അവരെ ചോദ്യം ചെയ്യുവാൻ ആരുമുണ്ടാവില്ല.
അവരോട് ഉത്തരം പറയുവാനും  ആളില്ല.
------------------------------------------------------
വഴി.
വിണ്ടുകീറിയ വിധിയുടെ കുറ്റം സ്വയം ഏറ്റെടുത്ത് എന്നെ വിളിക്കുന്നു .
ഞാൻ ഇതാ ഇവിടെ , ഈ വിജനതയുടെ നടുവിൽ ഒരു നെടിയ ഭാഗ്യവാനായി കുടി കൊള്ളുകയാണ് . മൈൽകുറ്റിയിൽ എവിടേക്കോ ഉള്ള  ദൂരം അടയാളപ്പെടുത്തിയത് മാഞ്ഞുപോയിട്ടുണ്ട് .
വഴിയുടെ ഒരുവശത്തേക്ക് ചാഞ്ഞുകിടക്കുന്ന കുന്നിന്റെ മുകളിൽ ദൂരെ   ആകാശം കൈയെത്തിത്തൊടുന്നു... ദൂരേക്ക്‌ നീളുന്ന ഈ വഴിയരികിൽ അഹങ്കരിച്ചുനിന്ന ആ   മൈൽക്കുറ്റി ദൂരത്തിന്റെ പ്രണേതാവിനെ പോലെ തലയുയർത്തി അകലേക്ക്‌ നോക്കുന്നുണ്ട്. അതിന്മേൽ ഒരു കാക്ക വന്നിരിക്കും എന്ന  കുറേനേരം കൊണ്ടുള്ള  എന്റെ  തോന്നൽ വെറുതെയായി. അല്ലെങ്കിലും എന്റെ മിക്ക തോന്നലുകളും വിചിത്രവും സഫലം ആവാത്തവയും  തന്നെ . 
വഴി.
അത് അങ്ങനെ നീണ്ട് പോകുന്നു . പക്ഷെ അത് എന്റെ വഴിയല്ല. എന്റേതല്ലാത്ത വഴിയോട് എനിക്ക് ഒരടുപ്പവും ഇല്ല. നീലയും വെള്ളയും കള്ളികൾ ഉള്ള പാവാടയും ഉടുപ്പും  ധരിച്ച ഒരു പെണ്‍കുട്ടി ആ വഴിയിലൂടെ നടന്നുവരുന്ന കാഴ്ച ഇപ്പോൾ എന്റെ ഏകാന്തതയിലേക്ക് കടന്നെത്തുകയാണ് .
അവൾ എത്തുന്നത്‌ കാണുമ്പോൾ , ഒരുപക്ഷെ ഇതുവരെ പ്രണയിച്ച  ഏകാന്തതയെ   നഷ്ടപ്പെടുന്നതിൽ ഉള്ള വിഷമം  ഞാൻ അറിയുന്നു.
അവളുടെ കയ്യിൽ ഒരു സഞ്ചിയുണ്ട് . എന്നെ നോക്കി അവൾ മന്ദഹസിച്ചു .. 
(എന്റെ ഏകാന്തതയെ ഹനിച്ച പെണ്‍കുട്ടീ .. ഞാൻ തിരിച്ചു ചിരിക്കില്ല .)
അവൾ ആ സഞ്ചി എന്റെ പിന്നിലെ മൈൽ കുറ്റിയിൽ ചാരിവച്ചു .  അതിൽ എന്തായിരിക്കും എന്ന് വേണമെങ്കിൽ ഇനി ചിന്തിക്കാം .. അല്ലങ്കിൽ വേണ്ട . മുകളിൽ വരണ്ട ആകാശവും ചുറ്റും പാഴ്ചെടികൾ മാത്രമുള്ള നരച്ച ഭൂമിയും മാത്രം.  എനിക്ക് ചിന്തിക്കുവാൻ മറ്റൊന്നുമില്ല .. മറ്റൊന്നും വേണ്ട ..
------
Cut
------
വഴി .
അത് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ അകലേക്ക്‌ വിരൽ ചൂണ്ടുന്നു .
അവൾ ആ സഞ്ചി തുറന്ന് ഒരു ചെറിയ കുപ്പി എടുത്തു. എന്നെ നോക്കി ഒരിക്കൽക്കൂടി മന്ദഹസിച്ചു . എന്നിട്ട് പാഴ്ചെടികൾ ചവിട്ടി മെതിച്ച് കുന്നിന്റെ അങ്ങേയറ്റത്തേക്ക് മെല്ലെ  നടന്നുപോയി . അവൾ കാഴ്ചയിൽ നിന്നും എങ്ങോ മറഞ്ഞു . 
ആത്മഹത്യ ചെയ്യുവാൻ പോകുന്നവർ ഇങ്ങനെ മന്ദഹസിക്കുമോ ? അറിയില്ല.
------
Sorry
------
എനിക്ക് തിരിച്ചുകിട്ടിയ ഏകാന്തതയിൽ ഞാൻ സന്തോഷിച്ചു . അതും അതികസമയം ഉണ്ടായില്ല. വഴിയുടെ  അതിര് ഭേദിച്ച് ഒരാൾ അവിടേക്ക് വന്നെത്തി. കൃഷി ചെയ്തു തഴമ്പിച്ച കൈകാലുകൾ മൊരി പിടിച്ച് വികൃതം ആയിട്ടുണ്ട് . തൊട്ടുപിന്നാലെ ഒരു നായയും .
അയാൾ തരിശു ഭൂമിയുടെ ഏതോ തുണ്ടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു -
 "അവിടെയാണ് എന്റെ വീട് നിന്നിരുന്നത് "
ആ നായ എന്തോ ഓർമ്മ വന്നമട്ടിൽ അയാൾ വിരൽ ചൂണ്ടിയ ഇടം വരെ ഓടി .. എന്തിനോ വേണ്ടി പരതി . പിന്നെ തിരികെ വന്നു .
ആ ഭൂത്തുണ്ടിലേക്ക് കുറച്ചുസമയം നോക്കിനിന്ന്  അയാൾ  തേങ്ങി .
-----
Shit !
-----
എനിക്ക് വല്ലാത്ത ഈർഷ്യ തോന്നി .   ഞാൻ അയാളെ ആട്ടിയോടിച്ചു . ഒരു അവകാശം പോലെ നായ അയാൾക്ക് പിന്നാലെ ഓടിപ്പോയി .
വഴി ..
ഒരു എത്തും പിടിയും ഇല്ലാതെ നീണ്ട് നിവർന്നു കിടക്കുന്നു ..
വഴിയുടെ ആ സന്ധിയിലേക്ക് ഇപ്പോൾ ഒരു യുവതി കടന്നു വരുന്നുണ്ട്  .  വിളറിയ ദേഹം ഉലയുന്നു.   സെറസ് കൃഷി ദേവതയുടെ കണ്ണുകൾ  ആണവൾക്ക് .. അവളുടെ കയ്യിൽ വിതക്കാതെ സൂക്ഷിച്ച അല്പം വിത്തുകൾ . അതെ.   യവന പുരാണത്തിൽ നിന്നും ഇറങ്ങിവന്നവൾ ! ഉഴുതും വിതച്ചും കൊയ്തും നിലനിന്ന  സംസ്കാരത്തിന്റെ കാറ്റുവീശുവാൻ വന്നവൾ.
എനിക്ക് വയ്യ ! എന്റെ മുടിഞ്ഞ ഈ ഏകാന്തതയിൽ ഇവളെന്തിന് വന്നു ? തരിശ് പൂകിയ ഭൂമി വിരിച്ച പരവതാനിയിൽ ഇനി എന്തു ചെയ്യുവാൻ !
എന്റെ മകൾ ... അച്ഛൻ .. ഭാര്യ ... സമൂഹം ... നാട് ...
ഞാൻ മുഖം തിരിച്ചു.
വഴി.
അത് എന്നെയും കൊണ്ട് ഏതോ പാതാളത്തിലേക്ക്‌  നീണ്ടു പോകുന്നു ..

--------
Close
--------
കുടിയിറക്കപ്പെടുന്നവർക്ക് ...  വഴിയാധാരം ആയിപ്പോയവർക്ക് സമർപ്പണം .

---------------------കണക്കൂർ



12 comments:

  1. വഴി
    എഴുത്തിന്റെ പുതുവഴി

    ReplyDelete
  2. ഒരു എത്തും പിടിയും ഇല്ലാതെ നീണ്ട് നിവർന്നു കിടക്കുന്നു, വഴി.

    ReplyDelete
  3. ee vazhiyude avasaanam yevide?
    oru yethum pudiyum kittunnilla
    sambhavam kalakki yente kanakkoor maasehe!
    Aashamsakal

    ReplyDelete
  4. ജീവിതപ്പെരുവഴിയില്‍ ഇങ്ങിനെയൊക്കെയാണ്..

    ReplyDelete
  5. എല്ലാം നഷ്ടപ്പെട്ട്‌ പെരുവഴി ആധാരമായവരുടെ
    ദയനീയമായ ചിത്രം ഉള്ളിലൊരു വിങ്ങലായി മാറുന്നു!
    ആശംസകള്‍

    ReplyDelete
  6. ഗ്രാമങ്ങൾ ഇല്ലാതാകുന്നു..
    മഹാനഗരം വികസിക്കുന്നു...
    പതിനായിരങ്ങൾ വഴിയാധാരമാകുന്നു...

    ReplyDelete
  7. ആ സമർപ്പണം ഒഴിവാക്കിയിരുന്നെങ്കിൽ ചിതറിയ ചിന്തകളുടെ മൊഴിയാട്ടമാകുമായിരുന്നു.... ചിന്തകളെ ഏകാഗ്രമാക്കുന്ന ജോലി വായനക്കാർക്ക് നൽകാമായിരുന്നു....

    ReplyDelete
  8. വഴി... നീണ്ടു നീണ്ട്... കുടിയിറക്കങ്ങളില്‍ നഗരത്തിലെ ചേരികളിലേക്കും... പിന്നെപ്പിന്നെ ...

    ReplyDelete
  9. വഴിയാധാരം ആയിപ്പോയവർക്ക് എഴുത്തിന്റെ വഴിയിലൂടെ വഴിയൊരുക്കി നാട്ടു വഴികളിലൂടെയുള്ള വഴിക്കണ്ണുമ്മായി കഥയിലെ ഒരു വഴിത്തിരിവാണല്ലൊ ..ഇവിടെ

    ReplyDelete
  10. വഴി പലർക്കും പലതെങ്കിലും, വഴികളും, വഴിയോരങ്ങളും ഒന്നുപോലെ..

    ReplyDelete
  11. എല്ലാ വഴിയും വന്നെത്തിയത് ഒരേ ഒരു വഴി....... എന്തിനും ഏതിനും ഒരു വഴിയല്ലേ ഉള്ളു.....

    ReplyDelete
  12. dEAR ::
    ajith,
    പട്ടേപ്പാടം റാംജി,
    P V Ariel,
    മുഹമ്മദ്‌ ആറങ്ങോട്ടുകര
    Cv Thankappan,
    വീകെ,
    Pradeep Kumar,
    Echmukutty
    ബിലാത്തിപട്ടണം Muralee Mukundan
    pallavi,
    sree....

    THANKS FOR your comments...

    ReplyDelete