Tuesday, December 31, 2013

ബംഗാളിപ്പണിക്കാർ

അടുത്ത പറമ്പിൽ വലിയൊരു കെട്ടിടത്തിന്റെ പണി ആരംഭിച്ചു . പരിസരം മുഴുവൻ ഇനി പൊടിയിൽ മൂടും. ഇനിമുതൽ  പണിക്കാരുടെ ആരവം കുറച്ചുനാൾ നിലക്കാതെ ഉയരും!

കുറച്ചു ദിവസങ്ങള് മുമ്പ് രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞുവന്ന് ഉറങ്ങാൻ കിടന്ന ഒരു പകൽ .
തൊട്ടടുത്ത പറമ്പിൽ കെട്ടിടം പണിയുടെ തട്ടും മുട്ടും ഉയരുന്നത് കേട്ട് ഉണർന്നു . പണിക്കാരും യന്ത്രങ്ങളും  ഉയർത്തുന്ന ബഹളങ്ങൾ പിന്നെ കിടന്നുറങ്ങുവാൻ സമ്മതിച്ചില്ല . ബാൽക്കണിയിൽ ചെന്നുനിന്ന് അവിടെ പണി നടക്കുന്നത് നോക്കിക്കണ്ടു . ഒരുപാട് ജോലിക്കാർ ഉണ്ട് .  മിക്കവരും മലയാളികൾ അല്ല . മുഷിഞ്ഞ വസ്ത്രങ്ങളും അതിലേറെ വാടിയ മുഖങ്ങളുമായി ദൈവത്തിന്റെ നാട്ടിൽ   പണിക്കെത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ !
അതിലൊരു യുവാവിനെയും യുവതിയെയും കഴിഞ്ഞ ദിവസങ്ങളിലും ശ്രദ്ധിച്ചിരുന്നു . വെളുത്ത് മെലിഞ്ഞ യുവതി സാമാന്യം  സുന്ദരിയാണ്. മുഖം മുഴുവൻ പുരണ്ട പൊടിയടയാളങ്ങൾക്ക് അവളുടെ മുഖകാന്തിയെ ഒളിപ്പിക്കുവാൻ ഒട്ടും കഴിയുന്നില്ല . യുവാവ്  ആത്മവിശ്വാസം കുറവുള്ള ഒരു മുഖമാണ് അണിഞ്ഞിട്ടുള്ളത്.  അവർ ദമ്പതികൾ ആയിരിക്കും . യുവതി അസ്വസ്ഥയാണ് . കല്ലുകൾ ചുമക്കുമ്പൊഴും സിമന്റ് കുഴച്ച ചാന്തുചട്ടി കൈമാറുമ്പോഴും അവൾ എന്തിനോ വേദനിക്കുന്നുണ്ട്‌ . ചെറിയ ഇടവേളകളിൽ ആ യുവാവ് വന്ന് എന്തോ പറഞ്ഞ് സമാധാനിപ്പിക്കുവാൻ ശ്രമിക്കും . സൂപ്പർവൈസർ തിലകനെ ഞാനറിയും. അയാൾ അവരെ പലവട്ടം വഴക്ക് പറയുന്നുമുണ്ട് .
തിലകൻ ഇടയ്ക്കിടെ  എല്ലാ ഉത്തരേന്ത്യൻ പണിക്കാരെയും നല്ല മലയാളത്തിൽ ചീത്ത വിളിക്കും. അവർ അതുകേട്ട് ചിരിച്ചുകൊണ്ട് ജോലി തുടരും.
അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു -"സാറിന് ഇന്നും ജോലിക്കു പോണ്ടെ ?"
വേണ്ട എന്ന് തലയാട്ടിയപ്പോൾ അയാൾ തുടർന്നു -" കണ്ണുതെറ്റിയാൽ  ഒരെണ്ണവും പണി ചെയ്യില്ല സാറേ . പണി നടക്കണം എങ്കിൽ നിർത്താതെ ചീത്ത പറഞ്ഞു കൊണ്ടിരിക്കണം .."
"ഇവർ എവിടുത്തുകാരാണ് ? തിലകൻ പറയുന്നത് അവർക്ക് മനസ്സിലാകുമോ ?"
"ബംഗാളികൾ ആണ് മിക്കവരും . അവർക്ക് നമ്മുടെ ഭാഷ കേട്ടാൽ മനസ്സിലാകും സാറേ " എന്ന് പറഞ്ഞിട്ട് ഒന്ന് നടുനൂർത്ത ഒരുത്തനെ തിലകൻ മുട്ടൻ തെറി വിളിച്ചുകൊണ്ട് പിന്നാലെ ചെന്നു .
ഉച്ചയൂണുകഴിക്കുമ്പോൾ  പുറത്ത് വലിയ ബഹളം കേട്ടു . ബാൽക്കണിയിൽ ചെന്ന് നോക്കുമ്പോൾ ആ ബംഗാളി യുവാവിനെ ചിലർ മർദ്ദിക്കുന്നത് കണ്ടു. കൂട്ടത്തിൽ തിലകനെ കണ്ടില്ല . ഞാൻ ചുറ്റും നോക്കി . ആ യുവതിയെയും കണ്ടില്ല .

ഉച്ചകഴിഞ്ഞ് കുറച്ചു നേരം നന്നായി ഉറങ്ങാറുള്ളതാണ് . അതും കഴിയുന്നില്ല . ആ യുവതിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മനസ്സുമുഴുവൻ . ഇടയ്ക്കിടെ പുറത്തേക്കു നോക്കും . മർദ്ദനമേറ്റ അയാൾ ജോലി ചെയ്യുവാൻ ആവാതെ അവിടെ തളർന്നിരിക്കുന്നുണ്ടായിരുന്നു .
ദയനീയ ഭാവം പൂണ്ട് മതിലിൽ ചാരിയിരിക്കുന്ന ആ യുവാവിന്റെ മുഖം അന്ന് രാത്രി ജോലിക്ക് പോകുമ്പോഴും രാത്രി മുഴുവൻ ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സിൽ തങ്ങിക്കിടന്നു .
അടുത്തദിനം രാവിലെ പതിവ് ബഹളങ്ങൾ കേട്ട് ചെന്നു നോക്കുമ്പോൾ പണിക്കാരുടെ ഇടയിൽ ആ യുവാവും യുവതിയും ഉണ്ട് . അവൾ ഇന്നലെ കണ്ടതിലും വളരെ ക്ഷീണിച്ചിരുന്നു.

പകൽ മൂത്ത നേരത്ത് ഒരു നിലവിളി വീണ്ടും എന്നെ ഉണർത്തി . ആൾകൂട്ടം ആരെയോ ചുമന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഓടിച്ചെന്നപ്പോൾ അങ്കലാപ്പിൽ നിൽക്കുന്ന തിലകനെ കണ്ടു . ഇന്നലെ അടികൊണ്ട ആ ബംഗാളി യുവാവ് ഉയരത്തിൽ നിന്നും താഴെ വീണതാണ്  എന്ന് തിലകൻ പറഞ്ഞറിഞ്ഞു .ആ യുവതി കരഞ്ഞുകൊണ്ട് അവിടെ നിൽക്കുന്നു . 'ഭായീ..  ഭായീ..' എന്നു വിളിച്ച് അവൾ പലരോടും എന്തോ  യാചിക്കുന്നുണ്ട്.
"അപകടത്തിൽ  പെട്ട ആളുടെ ഭാര്യയാണോ അവൾ ?" ഞാൻ ചോദിച്ചു .
"ആർക്കറിയാം സാറേ .. ഇവിടെ വരുമ്പോൾ എല്ലാരും ഭാര്യേം ഭർത്താവുമൊക്കെ ആണെന്ന് പറയും . "
തിലകൻ അടുത്ത് ചെന്നപ്പോൾ അവൾ ഭീതിയോടെ അയാളെ നോക്കി തന്നിലേക്ക് ചുരുങ്ങുന്നുണ്ട് . പിന്നെ മെല്ലെ ചെന്ന് ഒരു സിമന്റ് ചട്ടിയെടുത്ത് നടന്ന് അകന്നു . എന്തോ അസ്വാഭാവികം ആയി എനിക്ക് തോന്നി. ഞാൻ തിലകനോട് വീണ്ടും അവളെ കുറിച്ച് തിരക്കി .
"എന്റെ സാറേ.. ഞാൻ എന്ത് ചെയ്യാനാ ? സൂപ്പർവൈസർ പണിയുടെ കൂടെ പിമ്പിന്റെ പണീം ചെയ്യണം എന്നതാ എന്റെ ഗതികേട് . മനസ്സ് ഉള്ളതുകൊണ്ട് ചെയ്യുന്നതല്ല . കോണ്ട്രാക്ടർക്ക് ചില പെണ്ണുങ്ങളെ കണ്ടാൽ പിന്നെ  ഭ്രാന്താണ് ...മനസ്സിലായില്ലേ ?"
എനിക്ക് എല്ലാം മനസ്സിലായി .

മലയാളികൾ സ്വന്തം നാട്ടിൽ ജോലിയെടുക്കാതെ വെളിനാട്ടിൽ ചെന്ന്  'ആടുജീവിതം' നയിക്കുന്നു . ഇവിടെ പണിക്ക് ഉത്തരേന്ത്യയിൽ നിന്നും ആൾ എത്തണം . അവരിൽ അല്പം കൊള്ളാവുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചിലർക്ക് ഇത്തരം പൂതികൾ തുടങ്ങും . ചോദിക്കുവാനും പറയുവാനും ആരുമില്ലാത്തവർ ആണല്ലോ അവർ !
മലയാളിയുടെ കപടമായ സംസ്കാരത്തെ നില നിർത്തുവാൻ അവർ ചുറ്റും ഉണ്ട് . റോഡുപണിയിൽ... ഹോട്ടലുകളിൽ .. വീട്ടുപണികളിൽ ... കൃഷിയിടങ്ങളിൽ ..എന്നുവേണ്ട കായിക അദ്ധ്വാനം ആവിശ്യമുള്ള എല്ലായിടങ്ങളിലും അവർ ഉണ്ട് .

ഇന്ന് രാവിലെ ഓഫീസിൽ നിന്നും വരുമ്പോൾ കനാലിന് അരികിൽ ഒരാൾകൂട്ടം . പോലീസിന്റെ വണ്ടിയും കിടപ്പുണ്ട് . കനാലിൽ ഒരു യുവതിയുടെ ദേഹം കിടക്കുന്നുണ്ടത്രെ !!
അത് ആ യുവതി ആയിരിക്കരുതേ എന്ന് ഞാൻ  പ്രാർത്ഥിച്ചത്  വെറുതെ ആയി .
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ വെളിയിൽ പണിക്കാരുടെ ബഹളം . യന്ത്രങ്ങളുടെ മുരളിച്ച.. ചിലപ്പോൾ ചില ഒറ്റപ്പെട്ട നിലവിളികളും ഉയരുന്നുണ്ട് .
 

----------------------------------------------------------------കണക്കൂർ

{എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും പുതുവത്സര ആശംസകൾ }