Thursday, January 30, 2014

ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ

ഞാൻ വളരെ കഷ്ട്ടപ്പെട്ട് ഒരുദിവസം  കായലോരത്തെ അവളുടെ വീട് കണ്ടെത്തി. റോടിൽ നിന്നും കുറച്ചു ദൂരെയായിരുന്നു ആ ചെറിയ വീട് . അവൾ ഷൈല - എനിക്കൊപ്പം അവാർഡ്‌ ലഭിച്ച എഴുത്തുകാരി.
ചായക്കപ്പുമായി ഞങ്ങൾ കായലോരത്തേക്ക് നടന്നു. എഴുത്ത്  ഒരു ഹരമാണ് എന്നവൾ പറഞ്ഞു.
"എഴുതുമ്പോൾ ഒരു സുഖം ഉണ്ട്. വേറെ ചില ലോകത്തേക്ക് അനായാസം കടന്നെത്താം."
അവൾ എഴുതുന്ന വിഷയങ്ങളാണ് എന്നെ അതിശയിപ്പിച്ചത്. അസാധാരണമായ ചിലത്.  'ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ ' എന്ന കഥ അത്തരത്തിൽ ഒന്നായിരുന്നു.
"എനിക്കറിയില്ല ...എന്റെ ആ കഥയിലെ നായികയെ പോലെ ഒരുപക്ഷെ ഞാനും ആത്മഹത്യ ചെയ്യുമാരിക്കും." കായലിലേക്ക് ചാഞ്ഞുനിന്ന തെങ്ങിൽ ചാരിനിന്ന് ഷൈല പറഞ്ഞു. അവളുടെ കയ്യിൽ ഇരുന്ന ചായക്കപ്പ്  തിളച്ചുപൊങ്ങുന്നു.
ഞാൻ ഒരു ചെറിയ ഞെട്ടൽ വിദഗ്ദമായി വിഴുങ്ങി  അവളെ നോക്കി. അവൾക്ക്  ഇരുനിറം . തിങ്ങെ മുടി. നല്ല മാറിടം. പക്ഷെ കണ്ണുകളിൽ കാലഘട്ടത്തെ നിഷേധിക്കുന്ന ഭാവം !
"പക്ഷെ ഷൈല കഥയേയും ജീവിതത്തേയും കൂട്ടികുഴക്കരുത്. ജീവിക്കുവാനും  എത്രയോ സൂത്രവാക്യങ്ങൾ ഉണ്ട് ?"
അവൾ ചിരിച്ചു.
"നിങ്ങൾക്ക് അറിയുമോ എന്റെ അച്ഛൻ വർഷങ്ങൾ മുൻപ് കയറാപ്പീസിൽ തൂങ്ങി മരിച്ചതാണ്. പോലീസ് വരുവാൻ വൈകിയതിനാൽ  ഒരു ദിവസം മുഴുവൻ അച്ഛൻ അവിടെ ജനത്തിന് കാഴ്ച്ചവസ്തുവായി  തൂങ്ങിക്കിടന്നു... ചേച്ചി ഈ കായലിൽ ചാടി .... പിന്നെ  എന്റെ ചേട്ടൻ വീടിനടുത്ത മരത്തിൽ. അതിന്റെ കാരണം എത്ര മിനക്കെട്ടിട്ടും ചികഞ്ഞു കണ്ടുപിടിക്കുവാൻ ആയില്ല."
ചെറുകഥാമത്സരത്തിൽ  അവൾക്ക് ഒന്നാം സ്ഥാനവും എനിക്ക് രണ്ടാം സ്ഥാനവും ആയിരുന്നു.
ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്ന പ്രശസ്ത സാഹിത്യകാരൻ പറഞ്ഞു- "ഒന്നാം സമ്മാനത്തിന് അർഹമായ 'ആത്മഹത്യയുടെ സൂത്രവാക്യങ്ങൾ' എന്ന കഥയിൽ   കഥാകൃത്ത് ഉപയോഗിച്ച ചില രൂപകങ്ങൾ എന്നെ ഭയപ്പെടുത്തുന്നു . അവ വായനക്കാരനെ കരിനാഗങ്ങൾ പോലെ ആഞ്ഞ്  ദംശിക്കുന്നു. ആത്മഹത്യ ഇത്രയും സത്യസന്ധമായി ആരും എഴുതികണ്ടിട്ടില്ല ! ഇത് എഴുതിയത് ഒരു  പെണ്‍കുട്ടി ആണ് എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തീച്ചൂളയിൽ വെന്ത് ഉരുകിയവർക്ക് മാത്രമേ ഇങ്ങനെ എഴുതുവാൻ കഴിയു....."
മറ്റൊരു പ്രാസംഗികൻ പറഞ്ഞത് ആ കഥ ജീവിത യാഥാർത്ഥ്യങ്ങളെ നിരാകരിക്കുന്നു എന്നാണ്. ജീവിതത്തെ ഇത്ര ലാഘവത്തോടെ വേണ്ട എന്ന് വെക്കുവാൻ ആർക്കും കഴിയില്ല എന്നാണ്. അപ്പോൾ എന്റെ തൊട്ടടുത്ത്‌ ഇരുന്ന ഷൈലയുടെ ചുണ്ടിൽ ഒരു മന്ദഹാസം ഒളിമിന്നുന്നത് ഞാൻ കണ്ടു.
കായൽ ഒരു മരുപ്പറമ്പ് പോലെ അനക്കമറ്റുകിടക്കുന്നു. എങ്കിലും അത് ഉറങ്ങിക്കിടക്കുന്ന ഒരു വികൃതിക്കുട്ടിയാണ് എന്ന് തോന്നി.
ഷൈലയുടെ നീണ്ട വിരലുകൾ ഞാൻ കണ്ടു. അവ അന്തരീക്ഷത്തിൽ എന്തോ താളം പിടിക്കുന്നു. അവൾക്ക് ചുറ്റും ഒരു വലിയ അദൃശ്യഘടികാരം സ്പന്ദിക്കുന്നുണ്ട് എന്ന് തോന്നി.
ഞാൻ യാത്ര പറഞ്ഞു മടങ്ങി.
അന്നുമുതൽ  പത്രത്തിലെ മരണ വാർത്തകൾ വരുന്ന പേജുകളെ ഞാൻ നോക്കാതെയായി.
-------------------------------------------------------