രണ്ടു മിനിക്കഥകള്‍
1. അവള് മിണ്ടാത്തതിനു കാരണം
ഒരു തിര കടലിലേക്ക്
മടങ്ങുവാന്‍ മടിച്ച് അവള്‍ക്കൊപ്പം പോന്നു. വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അതിന്റെ
അലകള്‍ അവളില്‍ ഉണ്ടായിരുന്നു. വീടെത്തിയിട്ടും അതവളെ വിട്ടുപോയില്ല.
“എന്താണ്
നിനക്കിത്ര ഇളക്കം ?” എന്ന് അമ്മ അവളോട് ചോദിച്ചു. അവള് ഒന്നും മിണ്ടിയില്ല.
എന്തെങ്കിലും മിണ്ടുവാന്‍ തുനിഞ്ഞാല്‍ ഉടന്‍ അവളുടെ വായില്‍ നിന്നും ഒരു തിര ആര്‍ത്തിരമ്പി
ഇറങ്ങുവാന്‍ തുടങ്ങും. പാവം.
2. പോക്കറിന്റെ വാച്ച്
കണ്ണിലേക്ക് ഭൂതകണ്ണാടി
തിരുകിക്കയറ്റി പട്ടണത്തിലെ എല്ലാ പണിക്കാരും പലവട്ടം ശ്രമിച്ചുനോക്കി. പോക്കറിന്റെ
വാച്ച് എന്നിട്ടും തിരിഞ്ഞുതന്നെ കറങ്ങി.
അവസാനം പോക്കര് തന്നെ അത് കണ്ടുപിടിച്ചു. വാച്ച് അല്ല, ഈ ദുനിയാവാണ് തിരിഞ്ഞുകറങ്ങുന്നത് എന്ന്!