Wednesday, December 31, 2014

ഉറച്ച ചില തീരുമാനങ്ങള്‍ (മിനിക്കഥ )

"കേതന്‍   ഒറ്റയ്ക്കല്ലേ  വന്നത് ..  എന്‍റെകൂടെ  വരൂ. റയില്‍വേ  സ്റ്റേഷനില്‍  ഡ്രോപ്പ്  ചെയ്യാം " സുഹൃത്തിന്‍റെ  വിവാഹപ്പാര്‍ട്ടി  കഴിഞ്ഞിറങ്ങവെ,  സോം  കേതനെ  വിളിച്ചു.  കേതന്‍ ഒഴിഞ്ഞുമാറി എങ്കിലും സോം നിര്‍ബന്ധിച്ചു. 

പാര്‍ക്കിങ്ങില്‍  എത്തിയപ്പോള്‍  "നീ  മദ്യപിച്ചിട്ടില്ലല്ലോ "  എന്നു പറഞ്ഞ് അയാള്‍  കേതനുനേരേ  ചാവി  നീട്ടി.  കേതന്‍  തല കുനിച്ചു. 
"ഓ... നിനക്ക്  വണ്ടി ഓടിക്കാന്‍  അറിയില്ലേ ?" സോം അതിശയത്തോടെ  ചാവി  നീട്ടിയ കൈ  പിന്‍ വലിച്ചു . 

ചുവപ്പ് നിറമുള്ള  പുതിയ മോഡല്‍  കാറാണ്. എല്ലാ ആധുനിക സൗകര്യങ്ങളും  ഉള്ളത്. അത് അതിവേഗത്തില്‍ അവരുമായി  പാഞ്ഞു. 
"എനിക്ക്  ഡ്രൈവിംഗ്  ഹരമാണ്. എത്ര നേരം വേണമെങ്കിലും  ഓടിക്കും. മടുക്കില്ല. " സോം  ഡ്രൈവിംഗ്  മഹത്വങ്ങള്‍  വിളമ്പിക്കൊണ്ടിരുന്നു. വണ്ടിയുടെ പാച്ചില്‍  കണ്ടപ്പോള്‍  അത് ശരിയെന്ന്  കേതനും തോന്നി. 

താന്‍ എന്താ വണ്ടി ഓടിക്കുവാന്‍  പഠിക്കാത്തത്  എന്നത്  സോം ചോദിക്കരുതേ  എന്ന് കേതന്‍  പ്രാര്‍ഥിച്ചു.  പക്ഷെ  കാര്യമുണ്ടായില്ല.
" അത്... അത്... " കേതന്‍  വിക്കി . 
ഭാഗ്യം. സോം തന്നെ  വിഷയം മാറ്റി. അയാള്‍  മറ്റ് ചില വിഷയങ്ങളില്‍ വാചാലനായി. 

മുറിവേറ്റ  ഹൃദയം  കൈക്കൊള്ളുന്ന  തീരുമാനങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടാവുമല്ലോ ? അതല്ലേ  പുതുപുത്തന്‍ കാറും  മുന്തിയ ബ്രാണ്ടും  അയാളെ പ്രലോഭിപ്പിക്കാത്തത്. 
കേതന്‍ നിരത്തിലൂടെ  ചീറിപ്പായുന്ന  വാഹനങ്ങളെ  നെടുവീര്‍പ്പോടെ  നോക്കി.  ചില ഓര്‍മ്മകളില്‍  അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 

9 comments:

  1. ചില തീരുമാനങ്ങള്‍ കാലപ്പഴക്കത്താല്‍, അല്ലെങ്കില്‍ സാഹചര്യവ്യതിയാനത്താല്‍ മാറ്റുന്നവരുമുണ്ട്.

    കഥ കൊള്ളാം കേട്ടോ.

    ReplyDelete
  2. പുതുവല്‍സരാശംസകള്‍. മിനിക്കഥ കൊള്ളാം

    ReplyDelete
  3. ചുറ്റുവട്ടങ്ങള്‍ ചിലപ്പോള്‍ മറവിയെ കൂട്ടുപിടിച്ച് കുഴക്കാറുണ്ട് തീരുമാനങ്ങളെ.
    ഇഷ്ടം.

    ReplyDelete
  4. കാറും ബ്രാൻഡുമൊന്ന് ഉറച്ച തീരുമാനങ്ങളുടെ അത്ര വരുമോ...

    ReplyDelete
  5. മുറിവേറ്റുകഴിയുന്ന മനസ്സിന്‍റെ തീരുമാനത്തിന് തിക്തവും,ദുഃഖവും നിറഞ്ഞ ഓര്‍മ്മ മങ്ങലേല്‍പ്പിക്കാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  6. കഥ നന്നായി. അത്ര ആഴമുള്ളതല്ലെങ്കിലും ഇത്തരം മുറിവേല്‍ക്കാത്തവര്‍
    ചുരുക്കം. അതൊഴിവാക്കാന്‍ പലരും പാഞ്ഞു നടക്കുന്നുണ്ട് ,പരാശ്രയത്തിന്റെ കയ്പ് നുണഞ്ഞിട്ട് . ഇവിടെ നായകന്‍റെ കണ്ണ് നനയ്ക്കണോ ..?

    ReplyDelete
  7. വായിച്ചു - ആശംസകൾ

    ReplyDelete
  8. Thanks a lot... for all dear friends...

    ReplyDelete