Saturday, June 25, 2016

നുങ്കമ്പാക്കം ദോശ (മിനിക്കഥ)


ഗംഗ എനിക്ക്  ഒരു വ്യക്തിയുടെ  പേരോ , ഒരു സ്ഥലമോ , ഒരാത്മീയ സ്ഥാനമോ അല്ലെങ്കില്‍  ഇതല്ലാം കൂടിയോ  ആയിരുന്നു.  എന്നില്‍ അപ്പാടെ  ഒഴുകിയിരുന്ന ഗംഗ ഒരു വലിയ അനുഭവം ആയിരുന്നു, അത്ഭുതമായിരുന്നു, പ്രത്യക്ഷജ്ഞാനമായിരുന്നു.

മണിയന്‍ എന്ന കൂട്ടുകാരന്‍ ആണ് എന്നെ ഗംഗയിലേക്ക്  നയിച്ചത്. അവന്‍ ശരിക്കും  ഉത്സാഹി   ആയിരുന്നു. ഞങ്ങള്‍ കഷ്ടപ്പാടിന്‍റെ കീര്‍ത്തനങ്ങള്‍ ഒന്നിച്ചിരുന്നു പാടുമ്പോള്‍  നുങ്കമ്പാക്കത്തെ  കോളനിയില്‍ അവന്‍ മാത്രം എന്തുകൊണ്ട്  സസന്തോഷം ആര്‍ത്തിരമ്പി നടക്കുന്നു  എന്ന് മറ്റുള്ളവര്‍ക്കൊപ്പം  ഞാനും  അതിശയിച്ചു.  എന്നോടു മാത്രം ഒരിക്കല്‍ അവന്‍ ആ രഹസ്യം പറഞ്ഞു:- ഗംഗയുടെ രഹസ്യം.

വള്ളുവര്‍ക്കോട്ടം ഹൈറോഡിലൂടെ നീണ്ടുവലിഞ്ഞു നടന്നാല്‍  കൂവം നദിക്കരയില്‍ എത്താം. അതേവഴിയില്‍   ബാങ്കിന്‍റെ  വശത്ത്  ഒളിച്ചുനില്‍ക്കുന്ന കടയാണ് മണിയന്‍റെ താവളം.   വണ്ടിക്കൂലി ലാഭിക്കുവാന്‍ അതുവഴി  തിരികെ  വലിഞ്ഞു നടക്കുമ്പോള്‍  അവന്‍ എന്നെ  റാഞ്ചിപ്പിടിക്കും.

"ഗംഗയുടെ ദോശയാണ്  എന്‍റെ അമൃത്... ആരോഗ്യം...  "  അവന്‍ ആണയിടാറുണ്ട്.  പുകഴ്ത്തി മടുക്കാതെ  ചിരിക്കാറുണ്ട്.

എന്‍റെ ഒരു അവധിദിവസം  അവന്‍  എന്നെ  ഗംഗയിലേക്ക്  നയിച്ചു. എനിക്ക് ചെറിയ പനി  ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. ഞാന്‍ മൂക്ക് പിഴിഞ്ഞ് ചുമയടക്കി അവനൊപ്പം  നടന്നു.  നടവഴിയില്‍  അവന്‍ നല്ല തമിഴില്‍ ആരോടൊ  ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു.  നിര്‍ത്താതെ  ബെല്ലടിച്ചിട്ടും വഴി  ഒഴിഞ്ഞുമാറി നടക്കാത്തതിന്  ഒരു വയസ്സന്‍ ഞങ്ങളെ  മുഴുത്ത തെറി വിളിച്ചു.

"അങ്ങനെ ഒത്തിരി  ആളുകളൊന്നും അവിടെ വരാറില്ല. വന്നവര്‍ പിന്നെ  മറ്റെങ്ങും പോകാറുമില്ല. "  ഫോണ്‍  നിര്‍ത്തിയിട്ട്  മണിയന്‍ എന്നോടായി പറഞ്ഞു.

മറ്റെങ്ങും കണ്ടിട്ടില്ലാത്ത പൂച്ചെടികള്‍ നില്‍ക്കുന്ന മുറ്റം. തേയ്ക്കാത്ത ചുവരുകള്‍. മുന്‍കതകില്‍  ചിത്രപ്പണികള്‍.  ഒളിച്ചിരിക്കുന്ന റേഡിയോയില്‍ എഫ് എം ചിലയ്ക്കുന്നു. എന്നെ  അവിടെ വിട്ടിട്ട്  അവന്‍ പോകുവാനുള്ള തിടുക്കത്തില്‍ ആണ്. ഞാന്‍ അവന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച്‌ വലിച്ചു.
"അയ്യേ .. ദോശ കഴിക്കാന്‍  നീയെന്തിന് പേടിക്കുന്നു ? " അവന്‍ എന്നെ കുതറിയെറിഞ്ഞു.

"എടാ.. ഇത് വെറും ദോശയല്ല. കൈപ്പുണ്യം  കൊണ്ട് നീ  അനുഗ്രഹിക്കപ്പെടും. പക്ഷെ എനിക്കിപ്പോള്‍  പോയേ പറ്റൂ. "
"എനിക്ക് തമിഴ് ശരിയാവില്ല. " ഞാന്‍ വിതുമ്പി.
"ഓ.. അതുപറയാന്‍  മറന്നു. ഇവിടെ  തമിഴ് മിണ്ടല്ല്..." എന്ന് ചെവിയില്‍ ഓതിയിട്ട്   മണിയന്‍ കടന്നുകളഞ്ഞു.

ഞാന്‍ പരുങ്ങലോടെ ഇരുന്നു. എന്‍റെ ചുറ്റും നൃത്തം ചെയ്യുന്നു  കൂവം നദിയുടെ സന്തതികള്‍. ആരോ എന്‍റെ നെറ്റിയില്‍ തൊട്ടു.

"അയ്യേ.. പനീണ്ടേല്‍ ദോശീന്‍റെ ശരിസുഖമറിയില്ല. വാ തൊറക്ക്.  പനീടെ മരുന്നാണ്. "

അതായിരുന്നു ആദ്യത്തെ അത്ഭുതം. മിനുട്ടുകള്‍ക്കകം പനി  എന്നെ വിട്ടുപോയി. നല്ലൊരു  തുടക്കം ആയിരുന്നു അത്. പിന്നീട്  മണിയന്‍റെ അകമ്പടി ഇല്ലാതെ ഞാന്‍ ഗംഗയില്‍ പോയിത്തുടങ്ങി.

ഒരുദിനം, ദോശയുടെ രുചിസാഗരം നീന്തുന്നതിനിടയില്‍   മണിയന്‍ വിട്ടുപോകുമെന്ന  മൊഴി ഞാന്‍  കാര്യമാക്കിയില്ല. അതിനടുത്ത ദിവസമാണ് ക്രസന്‍റ് പാര്‍ക്കിലെ   മരത്തില്‍ അവന്‍ തൂങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്.

"ഇങ്ങനെ പോയാല്‍ ഞാനും തൂങ്ങും. "  അത് പറഞ്ഞപ്പോള്‍  ഒരു പൊട്ടിച്ചിരിയായിരുന്നു മുഴങ്ങിയത്.

ഒരു ദിവസം ദോശ കരിഞ്ഞ മണം ഗംഗയില്‍ പരന്നു. അന്ന് വൈകിട്ട് ഞാന്‍ നുങ്കമ്പാക്കത്തോട് വിട ചൊല്ലി. എനിക്ക് ജീവിക്കണമായിരുന്നു.  അത് എന്‍റെ പ്രത്യക്ഷജ്ഞാനമായിരുന്നു.
-----------------------------------------------------------------------കണക്കൂര്‍ 25/06/2016

3 comments:

  1. കൊള്ളാം ഒന്നിന് വന്നവന്‍ രണ്ടും കഴിഞ്ഞു മടങ്ങി എന്ന് പറഞ്ഞപോലെ ഉണ്ട് സുരേഷ് കൊള്ളാം ഈ കഥ

    ReplyDelete