Saturday, July 15, 2017

നഗരത്തിലെ മഴ


നഗരത്തിലെ മഴയെ
വെറുതെ തെറ്റിധരിച്ചു.
അഴുക്കുചാലുകളിലെ നിറം
റോടരികിലേക്ക് പരന്നപ്പോൾ
ആദ്യം അറച്ചു..
എന്നാൽ
പരന്നൊഴുകുന്ന മഴവെള്ളം ചവുട്ടി
റോടരികിലൂടെ നടന്നപ്പോൾ
കാലുകളാണ് ആദ്യം തിരിച്ചറിഞ്ഞത്.
പണ്ട്
വരമ്പുവക്കത്ത് ചവുട്ടിത്തെറിപ്പിച്ചത്
ഇതേ വെള്ളമായിരുന്നല്ലോ...
അതേ കുളിര്‍.
അതേ താളം.
ചന്ദ്രഗിരിപ്പുഴയും വളപട്ടണം പുഴയും
ചാലിയാറും മീനച്ചിലാറും
പമ്പയും അച്ചന്‍കോവിലാറും
കല്ലടയാറും കരമനയാറും
ചെമ്പൂരിലെ റോടിലൂടെ
പരന്നൊഴുകുന്നു...


photo- from google

Tuesday, July 4, 2017

കാളിയും എന്‍റെ ജീവിതവും (നദിയോര്‍മ്മകള്‍)

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കഴിഞ്ഞത് ഉത്തരകന്നഡയില്‍ ആയിരുന്നു . കർണ്ണാടകത്തിന്‍റെ  വടക്കേയറ്റത്തെ ജില്ല. കൊങ്കിണിയും  കന്നഡയും മറാട്ടിയും ഹിന്ദിയും സംസാരിക്കുന്ന ജനത. നിരവധി പ്രത്യേകതകൾ ഉള്ള ദേശമാണത്. ഗ്രാമീണമായ പല ആഘോഷങ്ങളും ആവേശത്തോടെ കൊണ്ടാടുന്ന ജനത. വാട്ടേഹുളി എന്നുവിളിക്കുന്ന ഒരുതരം പുളിയിട്ടുവച്ച മീൻകറികശുമാങ്ങയിൽ നിന്നു വാറ്റുന്ന ഉറാക്ക് എന്ന തദ്ദേശീയ മദ്യം തുടങ്ങിയവ അവർക്ക് ഏറെപ്രിയം.
ഇപ്പോള്‍ ജീവിതം മുംബൈ എന്ന  മഹാനഗരത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നു. ഔദ്യോഗിക സ്ഥാനചലനം.
രണ്ടു പതിറ്റാണ്ടുകള്‍  ജീവിച്ച ആ ഇടത്തിനോട് കൂടുതല്‍ അടുപ്പിച്ചത് കാളിനദിയാണോ അവിടുത്തെ വനസ്ഥലികളാണോ പ്രിയ സൗഹൃദങ്ങളാണോ എന്ന് കണ്ടെത്തുക പ്രയാസമാണ്.

എങ്കിലും കാളിനദി എനിക്കുള്ളിൽ  അക്കാലമൊക്കെ ഒഴുകുന്നുണ്ടായിരുന്നു. സന്തോഷങ്ങളിലും സങ്കടങ്ങളിലും  പങ്കുകൊണ്ട്, അനവധി ചെറു ചുഴികളുമായി  ഒളിഞ്ഞും തെളിഞ്ഞും നദി എന്നിലൂടെ ഒഴുകിക്കൊണ്ടിരുന്നു. 
ഇടറുന്ന തൊണ്ടയുള്ള ആരോ ഒരാൾ ചൊല്ലുന്ന ഒരു ഗദ്യകവിതയായി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.
മുടിയഴിച്ചുലച്ചിട്ട് മുല ചുരത്തുവാനിരുന്ന കാളി... വർഷകാലത്ത് അവൾ കാമരൂപിണിയായി പൊട്ടിത്തരിക്കുന്നു. കുത്തിമറിയുന്നു. തീരം കടന്നുവന്ന്  ഗ്രാമാന്തരങ്ങളെ ചുംബിക്കുന്നു. കലങ്ങി മറിഞ്ഞ് കര കവിഞ്ഞ് കടലിലേക്ക് ആർത്തു സഞ്ചരിക്കുമ്പോൾ മഴ നനഞ്ഞു നിന്ന എന്നെ അവൾ കണ്ടില്ല എന്നു നടിക്കും. കാളിയല്ല നീ... കള്ളി. 

1997-ല്‍ അവിടെയെത്തിയ കാലം നദിക്കരയില്‍ ആദ്യം പോയത് ഒരു സഹപ്രവര്‍ത്തകന്‍റെ മൃതദേഹം കാണുവാനായിരുന്നു. എന്തിനാണ് അവന്‍ നദിയില്‍ ചാടി മരിച്ചത് എന്ന് കൃത്യമായും ഇന്നും എനിക്കറിയില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ കൈകള്‍ വിരിച്ചു ജലത്തില്‍ കമിഴ്ന്നു കിടക്കുന്നു അവന്‍. പിന്നെയും മരണങ്ങള്‍ കാളിയില്‍ ഉണ്ടായി.  മനുഷ്യർ അറിഞ്ഞുകൊണ്ടും അറിയാതെയും വെള്ളത്തിൽ മുങ്ങി മരിച്ചു .  ചീഞ്ഞും അലിഞ്ഞും അല്ലാതെയും ശരീരങ്ങള്‍ നദിയില്‍ നിന്നും വീണ്ടെടുത്തു. എങ്കിലും കാളി  യാതൊരു ഭാവ ഭേദങ്ങളും കൂടാതെ പടിഞ്ഞാറോട്ടൊഴുകി.
ഒരിക്കൽ ഞങ്ങൾ ചിലർ ചേർന്ന് നദിയുടെ ഉത്ഭവസ്ഥാനം  തേടിപ്പോയി . ഡിഗ്ഗി എന്ന ചെറിയൊരു ഗ്രാമത്തിനോടു ചേർന്ന  വനത്തിൽ ഒരു പാറയുടെ  അടിയിൽ നിന്നും ജലം ഊറി  വരുന്നു. ചുറ്റും കാട്ടുപോത്തുകൾ വിഹരിക്കുന്ന ഇടം. കരിമ്പച്ച വനം. ഗ്രാമവാസികൾ  പറഞ്ഞു- ഇതാണത്രേ കാളിയുടെ  തുടക്കം. ശരിയായിരിക്കും. എല്ലാത്തിനും ഒരു ഉത്ഭവസ്ഥാനം വേണമല്ലോ? ഒരു കുഞ്ഞുറവ കല്ലിലൂടെയും മണ്ണിലൂടെയും ഒഴുകി, മറ്റനേകം ചെറു നീര്‍ച്ചോലകളുമായി ചേര്‍ന്ന് ക്രമേണ വളര്‍ന്നു വളര്‍ന്ന് നദിയായി രൂപ പരിണാമം ചെയ്യുന്നത് നമുക്ക് മനസ്സിലാകില്ല.  നൂറ്റി എൺപത്തിനാല്   കിലോമീറ്റർ  നീളം ഉള്ള ഈ നദി വലിയൊരു ജനവിഭാഗത്തിന് കുടിവെള്ളം നൽകുന്നു. ജലത്തിൽ നിന്ന് വൈദ്യുതി ഊറ്റിയെടുക്കുന്ന നിരവധി അണക്കെട്ടുകൾ ഈ നദിയിലുണ്ട്. പലവട്ടം ഞങ്ങള്‍ വലിയ തോണിയില്‍ നദിയിലൂടെ കാര്‍വാര്‍ വരെ യാത്ര നടത്തിയിട്ടുണ്ട്. ടാര്‍ ചെയ്ത പാതകളും  വാഹനങ്ങളും വരും മുമ്പ് എങ്ങനെയാണ് ജനം യാത്രകള്‍ ചെയ്തിരുന്നത് എന്നതിനെ സ്വയം സാക്ഷ്യങ്ങള്‍.    
നദിയിലെ മീനു നല്ല സ്വാദ്. കദ്രയിലെ പാലത്തില്‍ നിന്ന് ചൂണ്ട വീശിയെറിയുന്നവര്‍ സ്ഥിരം കാഴ്ചയാണ്. വലിയ മീനുകള്‍ അതില്‍ കുടുങ്ങും. ഏറെ വര്‍ഷങ്ങള്‍ മുമ്പ് ഗിരീഷ്‌കുമാര്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് മീന്‍ വേട്ട നടത്തിയത് ഓര്‍മയുണ്ട്. മഴക്കാലം കഴിഞ്ഞതേയുള്ളായിരുന്നു. ജുവാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന അന്നാട്ടുകാരന്‍  സേവിയര്‍ കൂടെ വന്നു. ഒരു മന്ത്ര പ്രയോഗം. കുട്ട കണക്കിനു മീനാണ് അന്ന് ഞങ്ങള്‍ പിടിച്ചത്. പിന്നീട് പലപ്പോഴും  അന്തിമയക്കത്തില്‍ നേരം പോക്കിനിരിക്കുമ്പോള്‍  കുത്തിമറിയുന്ന മീനുകളുടെ ഊറ്റം കാണാം. പക്ഷെ അവയെ പിടിക്കുവാനുള്ള സൂത്രം എന്‍റെ കയ്യിലില്ല. . ഗിരീഷ്‌ അതിനിടെ സ്ഥലം മാറിപ്പോയി. ജുവാര്‍ ഗള്‍ഫിലേക്ക് കുടിയേറുകയും ചെയ്തു.    
കദ്ര എന്ന ഗ്രാമം എത്തുമ്പോൾ നദി വീതി വർദ്ധിച്ച് വലിയ ജലപ്പരപ്പായി ഓളങ്ങളിൽ രമിക്കുന്നതു കാണാം. അലക്കും കുളിയുമായി ഗ്രാമീണർ കടവുകളിൽ ഉണ്ടാകും. ചെളി കെട്ടികിടക്കുന്ന നദിയോരങ്ങളിലൂടെ കിളികളുടെ സംഘഗാനം ശ്രവിച്ചുകൊണ്ട് എത്രയോവട്ടം അലഞ്ഞിട്ടുണ്ട്.. എൻറെ കാലടിയൊച്ചകൾ നദിക്കറിയാം. അതു കേൾക്കുമ്പോഴൊക്കെ നദി പ്രതികരിക്കും. ചിലപ്പോൾ കുതിച്ചു പൊന്തുന്ന ഒരു മീൻ. മറ്റുചിലപ്പോൾ മല മുഴക്കുന്ന ഒരു വേഴാമ്പൽ...

നദിക്ക് ധാരാളം അവകാശികൾ ഉണ്ട്. ചൂളൻ എരണ്ടകൾ ആയിരക്കണക്കിനാണ് നീന്തിത്തുടിക്കുന്നത്. മുണ്ടികളും മുങ്ങാങ്കോഴികളും എപ്പോഴുമുണ്ടാകും. എത്രയോ എണ്ണം ചെറിയ നീർക്കാക്കകൾ കണ്ടൽക്കൊമ്പുകളിൽ ചിറകുകൾ ഉണക്കുവാൻ ഇരിക്കുന്നു... ഇനിയുമുണ്ട് നിരവധി താരങ്ങൾ- നീർക്കാടകൾ... താമരക്കോഴികൾ... എന്നാൽ ഞാനേറെ കൌതുകത്തോടെ നോക്കി നിൽക്കാറുള്ളത് ചെറിയ മീൻകൊത്തികളേയാണ്. കണക്കൂരിലെ കുളങ്ങളുടെ ചുറ്റുമുള്ള മരങ്ങളിൽ മിക്കവാറും ഉണ്ടാകും കഴുത്തുമുതൽ വയർ വരെ നീളുന്ന വെള്ളപ്പാണ്ടുള്ള നീല മീൻകൊത്തികൾ. എന്നാൽ കാളിയുടെ തീരത്ത് പുള്ളിമീൻകൊത്തി തുടങ്ങി പല ഇനങ്ങളെ കാണാം. മരക്കൊമ്പിൽ നിന്നും ശരം തൊടുത്തു വിട്ടതുപോലെ അവ നദിയിലേക്കു തുളച്ചു കയറും. കൊക്കിൽ പിടയ്ക്കുന്ന മീനുമായി തിരികെ മരക്കൊമ്പിലേക്ക്.
ഷൂസുകളിൽ ചെളി പുരണ്ടിട്ടും പിന്തിരിയാതെതണുവ് തങ്ങിനിൽക്കുന്ന ചേറിലുടെ നടന്നു പോകുമ്പോൾ അല്പം മാറി നദി കുലുങ്ങിച്ചിരിക്കുന്നത് കേൾക്കാറുണ്ട്. സുഹൃത്ത്‌ രാജശേഖരന് നദിയില്‍ ഒരു ദ്വീപുണ്ട്. ഇപ്പോള്‍ മറിയും എന്ന് തോന്നിപ്പിക്കുന്ന ചെറിയ വഞ്ചിയില്‍ ആ ദ്വീപില്‍ എത്താം. അവിടെ ചെല്ലുമ്പോള്‍ കാണാം,  നിറയെ മയിലുകള്‍. രാജശേഖരന്‍റെ കൃഷിയിടങ്ങളില്‍ അവ ആരേയും ഭയക്കാതെ സസുഖം കഴിയുന്നു.  നിലാവില്‍ നദി അതിസുന്ദരിയാവും. ടാഗോറിന്‍റെയും കാര്‍വാറിന്‍റെയും ചരിത്രം ചേര്‍ത്ത് ഒരു  പ്രസിദ്ധീകരണത്തില്‍  ഞാന്‍ മുന്‍പെന്നോ   എഴുതിയിട്ടുണ്ട്. നിലാവെട്ടത്തില്‍ ഈ നദിയിലൂടെ നടത്തിയ വഞ്ചിയാത്രാവേളയിലാണത്രെ ഗീതാഞ്ജലി വിരിഞ്ഞത്.
ഒരിക്കല്‍ക്കൂടി എനിക്ക് അവിടേക്ക് പോകണം. നദിയിലൂടെ ഒരിക്കല്‍ക്കൂടി യാത്ര ചെയ്യണം. നദി മൂളിപ്പാട്ട് പാടുന്നത് കേള്‍ക്കണം. എനിക്ക് അവിടെനിന്നും കോരിയെടുത്ത വെള്ളമൊഴിച്ച് അല്‍പം ഉറാക്ക് നുണയുകയും വേണം. 

വാഗ്ദേവത മാസിക (ജൂലയ് ലക്കം)