Wednesday, August 1, 2018

ഗൃഹസന്ദര്‍ശനവും മുംബൈ മലയാളിയും

പണ്ട്, എന്നുപറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, സുഹൃത്തുക്കളുടെ വീടുകളൊക്കെ സന്ദര്‍ശിക്കുന്നതു മറുനാടന്‍ മലയാളികള്‍ക്കിടയില്‍ സാധാരണമായിരുന്നു. കുറച്ചുനാള്‍ അടുത്ത സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ അത്  പരാതിയും പരിഭവവും ആയിവരും. അതിനാല്‍ ആഴ്ച്ചയറുതിയില്‍ ഏതെങ്കിലും സുഹൃത്തിന്‍റെ വീട്ടില്‍ കടന്നുചെല്ലും. അവിടെ വറുത്തതോ പൊരിച്ചതോ ഉണ്ടെങ്കില്‍ അതും കൊറിച്ച് നാട്ടുവിശേഷങ്ങള്‍ പരസ്പരം കൈമാറുന്നത് ഒരു പൊതുശീലമായിരുന്നു. അല്പം രാഷ്ട്രീയം, ചിലപ്പോള്‍ കുറച്ചു സാംസ്കാരികവും. ആ സമയം കുട്ടികള്‍ ഏതെങ്കിലും ഉള്‍മുറിയില്‍ കടന്നുകൂടി ചെറിയ കളികളില്‍ ഏര്‍പ്പെടും. വീട്ടമ്മ തന്‍റെ പുതിയ പാചകപരീക്ഷണം കൂട്ടുകാരിയെ തുറന്നു കാണിക്കും. അവിടെനിന്നും എത്ര വേഗമാണ്  മലയാളികളായ വീട്ടച്ഛന്‍മാര്‍ സ്വന്തം ഭവനത്തില്‍ ഒതുങ്ങുവാന്‍ പഠിച്ചത്! വീട്ടുകാരികള്‍ കിട്ടുന്ന മുഴുവന്‍ സമയവും സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുവാന്‍ പഠിച്ചു. ആ സമയത്ത് അവിടെ കയറിച്ചെല്ലുന്ന അതിഥികളെ അവര്‍ ശത്രുഗണത്തില്‍ പെടുത്തിയാലും അത്ഭുതപ്പെടാനില്ല. ഒരു നിമിഷമെങ്കിലും ടെലിവിഷന്‍ സ്ക്രീനില്‍ നിന്നും കണ്ണു മാറ്റിയാല്‍ നഷ്ടപ്പെടുന്ന കാഴ്ചയോര്‍ത്ത് അവര്‍ അതിഥികളെ ശപിച്ചു എന്നും വരും. ഗസ്റ്റ് എന്നാല്‍ പെസ്റ്റ് ആണെന്നാരോ ഈ വിഷയത്തില്‍ എഴുതിയത് വായിച്ചതും ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നു.  
മേല്‍പ്പറഞ്ഞ സാഹചര്യത്തിനിടയിലാണ് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ഇപ്പോള്‍ ആഹ്വാനം ചെയ്തു നടത്തുന്ന  ഗൃഹസന്ദര്‍ശന പരിപാടി പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത്.  മുംബൈ നഗരത്തിലെ മലയാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മാതൃഭാഷ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുവാനുള്ള ഒരു വലിയ ശ്രമം ആണിത്. ഒരുപക്ഷെ കുടിയേറിയ ജനതയുടെ ചരിത്രത്തില്‍ അവരുടെ മാതൃഭാഷ പഠിപ്പിക്കുവാനുള്ള ഇത്തരം ഒരു പദ്ധതി ലോകത്തുതന്നെ ആദ്യമായിരിക്കും. എന്നാല്‍ ഒരു വീട്ടില്‍ കയറിച്ചെന്ന്-  'നിങ്ങളുടെ കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കണം' എന്നു പറയുന്നത് അത്ര നിസ്സാരകാര്യമല്ല. അത്തരം ഒരു നിര്‍ദ്ദേശത്തെ വീട്ടുകാര്‍ എങ്ങനെ സ്വീകരിക്കും എന്ന് പ്രവചിക്കുക അസാധ്യം. കാരണം ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് നല്ല ബോധമുള്ളവര്‍ പോലും തന്‍റെ കുട്ടികളുടെ കാര്യം വരുമ്പോള്‍ മാതൃഭാഷയോട് മുഖം തിരിച്ചു നില്‍ക്കും. 'എന്‍റെ കുട്ടിയ്ക്ക് സ്കൂളിലേക്കുള്ളതു തന്നെ കുറേ പഠിക്കുവാനുണ്ട്. പിന്നെ സംഗീതം, കരാട്ടെ, അബാക്കസ് അങ്ങനെ ഒരുപാട്. ഇനി മലയാളം കൂടി പഠിക്കുവാന്‍ നേരമില്ല' എന്ന പല്ലവി നമ്മള്‍ ഇതിനകം കുറേ കേട്ടുകഴിഞ്ഞു. ഇനി മറ്റൊരാള്‍ പറയുന്നത് ഇങ്ങനെയാകും- 'അവര്‍ക്ക് അത്യാവശ്യത്തിനുള്ള മലയാളമൊക്കെ പറയാന്‍ അറിയാം. അത് ഞങ്ങള്‍ വീട്ടില്‍ പഠിപ്പിച്ചു. ഇനി കണിക്കൊന്നേം സര്‍ട്ടിഫിക്കറ്റും ഒന്നും അവര്‍ക്ക് വേണ്ട.' വേറൊരു അഭിമാനിയായ പിതാവ് ഇങ്ങനെയും പറഞ്ഞെന്നു വരും:  'എന്‍റെ കുട്ടി മുതിര്‍ന്നു കഴിഞ്ഞാല്‍ ഇന്ത്യയില്‍തന്നെ ജീവിയ്ക്കാന്‍ പോകുന്നില്ല. അവന് യൂറോപ്പാണ് ഇഷ്ടം. പിന്നെ ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്താ കാര്യം ?' അതുകൊണ്ട് ഭവന സന്ദര്‍ശനത്തിന് ചെല്ലുന്നവര്‍ക്ക് വലിയ സ്വീകരണം കിട്ടുമെന്ന് ഉറപ്പൊന്നും പറയുവാന്‍ കഴിയില്ല. എങ്കിലും ഇതൊരു വലിയ നീക്കമാണ്. കാരണം മാത്യഭാഷ എന്നത് കേവലം ആശയ വിനിമയത്തിനുള്ള  ഒരു ഉപാധി മാത്രമല്ല മറിച്ച് അത് ഒരു വലിയ വികാരമാണ്  എന്ന കാര്യം ലോകത്തിന്‍റെ ഏതു കോണിലുമുള്ള മലയാളിയെ ബോധ്യപ്പെടുത്തണം. അത് ഈ കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യം തന്നെയാണ്. 
എന്തിനാണ് നമ്മള്‍ മാതൃഭാഷയെ കാത്തുസൂക്ഷിക്കണം എന്നു മുറവിളി കൂട്ടുന്നത് ? ആശയ വിനിമയത്തിന് ഒരു ഭാഷ ഉണ്ടായാല്‍ പോരേ ? അത് എല്ലാവര്‍ക്കും അറിയാവുന്ന, മനസിലാകുന്ന ഇംഗ്ളീഷോ ഹിന്ദിയോ ആയാല്‍ അതല്ലേ നല്ലത് ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ മലയാളികള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. മറുനാട്ടില്‍, പ്രത്യേകിച്ച് പഴയ ബോംബെയില്‍ മലയാളികള്‍ക്ക് കിട്ടിയ സ്വീകരണം മറ്റൊരു ഭാഷക്കാര്‍ക്കും ലഭിച്ചിട്ടില്ല. ഇന്ത്യയിലും വെളിയിലും സംസ്കാര സമ്പന്നരാണ് എന്ന വിശ്വാസത്തില്‍ മലയാളികള്‍ക്ക് വലിയൊരു സ്ഥാനമാണ് അതാതു നാട്ടുകാര്‍ നല്‍കിയത്. നിര്‍മ്മാണ മേഖല, വിദ്യാഭ്യാസരംഗം, ആതുരസേവനരംഗം എന്നുതുടങ്ങി നിരവധി മേഖലകളില്‍ ബുദ്ധിയും വിവേകവും ഉള്ളവര്‍ എന്ന പേരില്‍ ഒരുകാലത്ത് കേരളത്തില്‍ നിന്നും എത്തിപ്പെട്ടവര്‍ക്ക് വന്‍ സ്വീകരണംലഭിച്ചു. അത് നമ്മുടെ നാടിന്‍റെ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം താങ്ങി നിര്‍ത്തി എന്നത് ഒരു മലയാളിയും മറക്കരുത്.  അത് നമ്മുടെ അസ്തിത്വത്തിന്‍റെ വിലയാണ്. അതാണ് ഭാഷ മറക്കുമ്പോള്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. മാതൃഭാഷ മാതാവിന്‍റെ ഭാഷ എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തമം മാതാവിനെ പോലെ സ്നേഹിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതല്ലേ ? അത് മാതൃനാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധമാണ് നില നിര്‍ത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടാക്കുവാന്‍ ഗൃഹസന്ദര്‍ശനത്തിന് ചെല്ലുന്ന ഓരോ പ്രവര്‍ത്തകനും കഴിയണം. 
മാതൃഭാഷ പഠിക്കുന്നത് വ്യക്തിത്വത്തിന്‍റെ വികസനവുമായി ചേര്‍ത്തുകാണണം എന്ന് ഓരോ മലയാളിയേയും മനസിലാക്കണം. അത് പകരം വെക്കുവാന്‍ ആകാത്ത ഒന്നാണ്. മുംബൈ മലയാളികളുടെ കുട്ടികളില്‍ നല്ലൊരു ശതമാനവും മലയാളം മിഷന്‍റെ പഠന പദ്ധതിയില്‍ എത്തിയിട്ടില്ല എന്ന് അനുമാനിച്ചുവേണം ഈ പദ്ധതിയെ കാണുവാന്‍. കാരണം മുബൈ മലയാളികളുടെ ശരിയായ കണക്കെടുപ്പ് ഇതുവരെ നടന്നിട്ടുണ്ടോ എന്നതുതന്നെ സംശയമാണ്. സമാജങ്ങളില്‍ അംഗത്വമെടുത്തവര്‍ ഒരുപക്ഷെ ആകെയുള്ള കുടിയേറ്റ മലയാളികളുടെ പകുതി പോലും കാണില്ല. ആദ്യകാലം കുടിയേറിയ മലയാളികളുടെ അടുത്തതും അതിന്‍റെ അടുത്തതുമായ തലമുറയാണ് ഇന്ന് മംബൈയില്‍ ഉള്ളത്. അതില്‍ത്തന്നെ മറ്റു ഭാഷക്കാരുമായുള്ള വിവാഹ ബന്ധവും ആഴത്തിലുള്ള സമ്പര്‍ക്കവും കൊണ്ട് മലയാളിത്വം ഏറെക്കുറെ ശിഥിലമായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ശതമാനവും കലര്‍പ്പുള്ള സമൂഹമായി മാറി. അവരുടെ കുട്ടികള്‍ അത്ര എളുപ്പത്തില്‍ മലയാളഭാഷ പഠിക്കുവാന്‍  മുന്നോട്ടുവരില്ല. അവിടെയാണ് കേരളത്തില്‍ അന്യഭാഷാ തൊഴിലാളികള്‍ പോലും വലിയ താല്‍പര്യത്തോടെ മലയാള ഭാഷ പഠിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടത്. ആസാം പെണ്‍കുട്ടിയായ ഹിമാദ്രി മാജിയുടെ കഥ മിക്ക പത്രങ്ങളിലും വന്നതാണ്. ഏതൊരു മലയാളിയേക്കാള്‍ നല്ല മലയാളം അവള്‍ പറയുന്നു. പന്മന രാമചന്ദ്രന്‍ ഫൗണ്ടേഷന്‍റെ 2016 ലെ നല്ലഭാഷ പുരസ്കാരം ഹിമാദ്രിക്കാണ് ലഭിച്ചത്. ഇന്ന് കേരളത്തിലുള്ള അന്യഭാഷക്കാര്‍ അനായാസേന മലയാളം പറയുന്നു. അപ്പോള്‍ മലയാളഭാഷ പഠിക്കുവാന്‍ അത്ര കാഠിന്യമുള്ളതല്ല. അത് ഉള്‍ക്കൊള്ളുവാന്‍ ഒരു മനസ്സുണ്ടായാല്‍ മതി. അത് ലളിതമായി ബോധ്യപ്പെടുത്തുക എന്നതായിരിക്കണം ഭവന സന്ദര്‍ശനത്തിന് ചെല്ലുന്ന ഭാഷാസ്നേഹികളായ പ്രവര്‍ത്തകരുടെ ദൗത്യം.  
ഗൃഹസന്ദര്‍ശനം ചെയ്യുന്നത് കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തുവാനൊ ബോധ്യപ്പെടുത്തുവാനൊ വേണ്ടി മാത്രം ആകരുത്.  അതിനുപരി 'നിങ്ങള്‍ക്കൊപ്പം ഞങ്ങളും ഉണ്ട് ഈ ചുറ്റുവട്ടത്ത്' എന്ന വലിയ ഒരു സന്ദേശം കൈമാറുവാന്‍ കൂടി ആയിരിക്കണം ആ സന്ദര്‍ശനങ്ങള്‍. "സുഹൃത്തേ, ഈ വലിയ നഗരത്തില്‍ നിങ്ങളെ അറിയുന്നവര്‍ വേറേയും ഉണ്ട്. നിങ്ങളുടെ സുഖദു:ഖങ്ങളില്‍ പങ്കു കൊള്ളുവാന്‍, നിങ്ങളേകുറിച്ച് സന്തോഷിക്കുവാന്‍, വേവലാതിപ്പെടാന്‍ ഞങ്ങളും കൂടെയുണ്ടാകും. നിങ്ങളുടെ കുട്ടികള്‍ ഈ മഹാനഗരത്തിലെ വലിയ തിരക്കിലൂടെ നടക്കുമ്പോള്‍   ശ്രദ്ധാവലയത്തിലാണ്..." ഇത്തരത്തില്‍ ചില നിശബ്ദ സന്ദേശങ്ങള്‍  പറയാതെ പറയുന്നുണ്ട്. അതുകൊണ്ട് ഇത് ഭാഷയില്‍ മാത്രം ഊന്നിയ ഒരു മുന്നേറ്റം ആയികാണരുത്. ഭാഷയുടെ ചിറകിലേറിയുള്ള മാനവികതയുടെ മുന്നേറ്റമായി കാണുക തന്നെ വേണം.
(മലയാള മനോരമ മെട്രോ - മുംബൈ )

1 comment:

  1. ഗൃഹസന്ദര്‍ശനം ചെയ്യുന്നത് കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തുവാനൊ ബോധ്യപ്പെടുത്തുവാനൊ വേണ്ടി മാത്രം ആകരുത്. അതിനുപരി 'നിങ്ങള്‍ക്കൊപ്പം ഞങ്ങളും ഉണ്ട് ഈ ചുറ്റുവട്ടത്ത്' എന്ന വലിയ ഒരു സന്ദേശം കൈമാറുവാന്‍ കൂടി ആയിരിക്കണം ആ സന്ദര്‍ശനങ്ങള്‍. "സുഹൃത്തേ, ഈ വലിയ നഗരത്തില്‍ നിങ്ങളെ അറിയുന്നവര്‍ വേറേയും ഉണ്ട്. നിങ്ങളുടെ സുഖദു:ഖങ്ങളില്‍ പങ്കു കൊള്ളുവാന്‍, നിങ്ങളേകുറിച്ച് സന്തോഷിക്കുവാന്‍, വേവലാതിപ്പെടാന്‍ ഞങ്ങളും കൂടെയുണ്ടാകും. നിങ്ങളുടെ കുട്ടികള്‍ ഈ മഹാനഗരത്തിലെ വലിയ തിരക്കിലൂടെ നടക്കുമ്പോള്‍ ശ്രദ്ധാവലയത്തിലാണ്..." ഇത്തരത്തില്‍ ചില നിശബ്ദ സന്ദേശങ്ങള്‍ പറയാതെ പറയുന്നുണ്ട്.

    ReplyDelete