Friday, November 1, 2019

പുരോഗമനവാദിയും ചോളസ്വാമിയും


ദൊഢഗണപതിക്കോവിലിനു മുൻഭാഗത്തെ നടവഴിയിൽ, ചെട്ടിയാർ സ്റ്റോഴ്സിനു തൊട്ടു മുന്നിലായി കമലമ്മയുടെ പൂക്കടയുണ്ട്. ആ നിരയിൽ നിരവധി പൂക്കടകൾ ഉണ്ടെങ്കിലും കമലമ്മയുടെ കടയിലായിരിക്കും എല്ലാസമയത്തും തിരക്ക്. അവരുടെ മകൾ കുറച്ചു കാലമായി ഞങ്ങളുടെ തോട്ടത്തിലാണ് പണിയെടുക്കുന്നത്. കവിത. തീപ്പെട്ടിക്കൊള്ളി പോലെ ഒരു പെണ്ണ്.  ഭർത്താവ് ശ്രീമുരുകൻ ഡ്രൈവറാണ്.

അമ്മ തനിച്ചാണ് താമസം. ഞങ്ങളുടെ കൂടെ കഴിയുന്നത് അമ്മയ്ക്ക് ഇപ്പം ഇഷ്ടമില്ലാതെയായി.  കവിത  ഒരിക്കല്‍ അറിയിച്ചു.  

ശ്രീമുരുകനുമായ് പ്രണയിച്ച് കൂടെപ്പോയതാണ് അവൾ. ജാതിയും കുലവും മാറിയുള്ള പ്രണയം കമലമ്മയ്ക്ക് തീരെ സ്വീകാര്യമായിരുന്നില്ല.  തോട്ടപ്പണി  കഴിഞ്ഞു ഷവലിൽ നിന്ന് ചേറു കൊട്ടിക്കളഞ്ഞുകൊണ്ട് അവൾ ആരോപിച്ചു.- “ഇല്ലാത്തതൊക്കെ പറഞ്ഞ് അമ്മ എന്നെയും മുരുകണ്ണനേയും  ഇറക്കിവിട്ടു. ഞങ്ങള്‍ വേറെ വീട്ടിലേക്കു മാറി. ആ ചോളസ്സാമിയുമായി ചില വൃത്തികെട്ട ഇടപാടൊക്കെ അമ്മയ്ക്കുണ്ട്. ഞങ്ങടെ കൂടെ കഴിഞ്ഞാൽ അതൊന്നും നടക്കില്ലല്ലൊ...”
ഭയങ്കര ആരോപണമാണത്. കാരണം ചോളസ്സാമി എന്നു ചിലർ രഹസ്യമായും പരിഹസിച്ചും വിളിക്കുന്ന കന്ദസ്വാമി അറിയപ്പെടുന്ന വ്യക്തിത്വമാണ്. പൂജയും ജ്യോത്സ്യവും പൊതുസേവനവുമൊക്കെയുള്ള അദ്ദേഹം ഭാവിയിൽ ഗമണ്ടൻ ആൾദൈവം ആകുവാനുള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ ചില പുരോഗമന വാദികള്‍ അയാളെ നോട്ടമിട്ടിരിക്കുന്നു. അത്തരം ഒരാളുമായി കമലമ്മയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് മകൾ തന്നെ ആരോപിക്കുന്ന നിലയ്ക്ക് ഇതിലൊക്കെ സത്യം ഇല്ലാതെ വരില്ല.
പക്ഷെ അമ്മയുടെ കടയിൽ വലിയ കച്ചവടമാണല്ലോ..” എന്നു കഴിഞ്ഞൊരു ദിവസം ഞാൻ പറഞ്ഞപ്പോൾ കവിതയുടെ കരിങ്കണ്ണിലെ പ്രകാശം കുറഞ്ഞത് കണ്ടു.

തോട്ടത്തിലെ പണിക്കാരിൽ ഏറ്റവും ഉത്സാഹിച്ചു പണിയെടുക്കുന്നത് അവളാണ്. പോരെങ്കിൽ ഏറ്റവും ചെറുപ്പം. ആള്‍ തീപ്പെട്ടിക്കൊള്ളിയാണെങ്കിലും ഭംഗിയുള്ള ആ കണ്ണുകൾക്ക് എന്തോ ഒരു കാന്തശക്തിയാണ്. അതുകൊണ്ടൊക്കെയാകാം അടുത്ത കാലത്ത് അവളോട് തരം കിട്ടുമ്പോഴൊക്കെ സംസാരിക്കുവാൻ തോന്നുന്നത്. വെറുതെയല്ല ശ്രീമുരുകൻ അവളുടെ പിന്നാലെ കൂടിയത് എന്നൊക്കെ ഞാൻ ചിന്തിക്കും. വൈകുന്നേരങ്ങളിൽ മറ്റു പണിക്കാരികൾ തിരക്കിട്ട് മടങ്ങിയാലും പണിയായുധങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുവാൻ കുറച്ചുനേരം കൂടി കവിത തോട്ടത്തിൽ കാണും. എന്തൊക്കെയോ കവിതയ്ക്ക് പറയാനുമുണ്ട് എന്ന്‍ അവളുടെ മറ്റും ഭാവങ്ങളും കാണുമ്പോള്‍ എനിക്കു തോന്നാറുണ്ട്.

മുരുകണ്ണന്‍റെ സ്വഭാവം ഒത്തിരി മാറി, അയാളെന്നെ ഉപദ്രവിക്കും എന്നൊക്കെ അവൾ പറഞ്ഞപ്പോൾ ഞാനുള്ളുകൊണ്ട് സന്തോഷിച്ചു. കന്ദസ്വാമിയും കമലമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും അവളിൽ നിന്നു വീണു കിട്ടണമെന്നു ഞാൻ ആഗ്രഹിച്ചു. കാരണം കന്ദസ്വാമിയെ ഒന്നു പെടുത്തുവാന്‍ പുരോഗമനക്കാര്‍ക്ക് അത് ചിലപ്പോള്‍ ഉപകരിക്കും.

ചോളസ്സാമി എല്ലാരോടും ഉപദേശിക്കും, അമ്മേടെ കൈയില്‍ നിന്നും പൂ  വാങ്ങണമെന്ന്. ചോളം വിറ്റുനടന്ന അയാളെങ്ങനെ വലിയ ആളായി എന്നൊക്കെ ഞങ്ങള്‍ക്കറിയാം. സാറിനറിയോ...” - അവള്‍ ആ കറുത്ത ചുണ്ടുകള്‍ എന്‍റെ ചെവിയുടെ തൊട്ടരികില്‍ കൊണ്ടുവന്ന് ശബ്ദം താഴ്ത്തി പറഞ്ഞു- “അയാള്‍ എന്നേം പിടിക്കുവാന്‍ വന്നിട്ടുണ്ട് സാറേ.. സമ്മതിക്കാഞ്ഞപ്പോള്‍ ഭസ്മം എറിഞ്ഞെന്നെ ശപിച്ചതാണ്. ഒരുകാലത്തും പെറാതെ പോട്ടെ എന്ന്. അതുകൊണ്ട് എനിക്കൊന്നും ശരിയാവുന്നില്ല.

അതുകേട്ടു അടക്കിയ ശബ്ദത്തില്‍ ഞാന്‍ ചിരിച്ചു. എന്‍റെ കണ്ണുകള്‍ വെറുതെ ചുറ്റും പരതുന്നുണ്ടായിരുന്നു. അവള്‍ക്കു പിന്നാലെ മോട്ടോര്‍ പുരയില്‍ എത്തിയപ്പോള്‍ ഈ സ്വാമിമാര്‍ മിക്കവരും ഇത്തരക്കാരാണ് എന്നോ മറ്റോ ഞാന്‍ പറഞ്ഞു.

മുരുകന്‍ നിന്നെ എന്നും ഉപദ്രവിക്കുമോ?” എന്നു ഞാന്‍ ചോദിക്കുന്നതിനിടയില്‍    കവിത എങ്ങനെയാണ് എന്‍റെ കരവലയത്തില്‍ വന്നത്! ഞാനും കന്ദസ്വാമിയായത്‌! ഈ പുരോഗമന വാദികളുടെ ആശയങ്ങളില്‍ പലപ്പോഴും ചില വിടവുകള്‍ ഉണ്ടാകും എന്നോര്‍ത്ത് ഞാന്‍ സ്വയം സമാധാനിക്കുകയാണ് ഇപ്പോള്‍.


കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍

(പ്രവാസിശബ്ദം പൂനെ - പ്രസിദ്ധീകരിച്ചത് )