Saturday, June 20, 2020
Friday, June 19, 2020
വായനാദിന ഭീകരത...
തൊട്ടടുത്തുള്ള സുഹൃത്ത് എഴുതിയതു കാണാതെ, അവൻ അല്ലെങ്കിൽ അവൾ എഴുതിയ പുസ്തകം ഒന്നു തുറന്നുപോലും നോക്കാതെ, വിദേശ എഴുത്തുകാരുടെ പുസ്തകത്തെ കുറിച്ചു മാത്രം വീമ്പു പറയുന്നവരാണ് നമുക്കു ചുറ്റും ഇന്നു കൂടുതലും. (അടുത്തകാലത്ത് ഒര പ്രമുഖ സാഹിത്യപ്രതിഭ തന്റെ ആശ്രിത പ്രേക്ഷകര്ക്കായി യുജീനിയൊ മൊണ്ടാലെയുടെ കവിത വായിക്കുന്നതു കേട്ടു!!!)
വായന എന്നത് ഒരുതരം വീമ്പുപറച്ചിലാണിന്ന്.
പന്ത്രണ്ടു വർഷങ്ങൾ ഒരു ബഹുഭാഷാലൈബ്രറി നടത്തിയ അനുഭവത്തിൽ നിന്നാണിതു പറയുന്നത്. സോഷ്യൽ മീഡിയയിലെ ചില എഴുത്തുകാരോട് തുറന്നു പറയട്ടെ... സ്വന്തം രചനകൾ മാത്രം വീണ്ടും വായിച്ചും അതിൻറെ ലൈക്കുകൾ എണ്ണിയും ആത്മരതിയിൽ മുഴുകുന്ന നിങ്ങളോട് മാന്യവായനക്കാർക്കു പുച്ഛമാണ്. അവരതു പുറത്തു കാണിക്കാത്തത് നിങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല എന്ന തിരിച്ചറിവു കൊണ്ടാണ്... മാതൃദിനത്തിൽ മാത്രം അമ്മയെ കുറിച്ച് എന്തെങ്കിലും ഓർക്കുക എന്നപോലെ വായനാദിനത്തിൽ മാത്രം പുസ്തകം പൊടിതട്ടി തൊടുന്ന, എഴുത്തുകാർ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുള്ള കാലം എത്ര ഭീകരമാണ്. അതുപോലും സൗജന്യമായി കിട്ടിയ പുസ്തകം ആയിരിക്കും! എങ്കിലും ഈ ബഹളത്തിനൊന്നുമില്ലാതെ അടങ്ങിയിരുന്ന് വായിക്കുന്നവരുണ്ട്. ചിലരെ അടുത്തറിയാം. അവർ ചിലപ്പോൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കില്ല. പൗലോകൊയ്ലൊയും ജെ കെ റോളിങ്ങിനേയും ഡാൻ ബ്രൗണിനേയും ഇ എൽ ജയിംസിനേയും മാത്രമല്ല, ഇ സന്തോഷ്കുമാറിനേയും ബെന്യാമിനേയും മീരയേയും സുഭാഷ്ചന്ദ്രനേയും പി ജെ ജെ ആന്റണിയേയും കെ ജി എസ്സിനേയും പി പി രാമചന്ദ്രനേയും പോലുള്ള നമ്മുടെ അനേകം സ്വന്തം എഴുത്തുകാരെ അവർ മനസിൽ സൂക്ഷിക്കുന്നു. അതെ. അങ്ങനെയും ചിലരുണ്ട്. ഈ വായനാദിനത്തിൽ അവർക്ക് ഹൃദയം കൊണ്ട് എന്റെ അഭിവാദ്യങ്ങൾ...
Subscribe to:
Posts (Atom)